കടമക്കുടി കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ വായ്പ?; യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അന്വേഷണം

തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചു
മരിച്ച നിജോയും കുടുംബവും/ ടിവി ദൃശ്യം
മരിച്ച നിജോയും കുടുംബവും/ ടിവി ദൃശ്യം

കൊച്ചി: എറണാകുളം കടമക്കുടിയിലെ കൂട്ട ആത്മഹത്യ ഓണ്‍ലൈന്‍ വായ്പയെത്തുടര്‍ന്നെന്ന് സൂചന. യുവതി ഓണ്‍ലൈന്‍ വായ്പാ കെണിയില്‍ പെട്ടുവെന്നാണ് വിവരം. തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

ഇന്നലെ രാവിലെയാണ് യുവതിയെയും ഭര്‍ത്താവിനെയും കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. വിദേശത്തു പോകുന്നതുമായി ബന്ധപ്പെട്ട് യുവതിക്ക് ചില കടബാധ്യതകളുണ്ടായിരുന്നു. 

ഇതിനു പുറമേയാണ്, ഓണ്‍ലൈന്‍ ആപ്പുവഴിയുള്ള വായ്പയില്‍ കുടുങ്ങിയത്. ഓണ്‍ലൈന്‍ വായ്പ തിരിച്ചടവു മുടങ്ങി എന്നു കാണിച്ച് വായ്പ തട്ടിപ്പുകാര്‍, യുവതിയുടെ മോര്‍ഫു ചെയ്ത ചിത്രങ്ങളും ഭീഷണി സന്ദേശങ്ങളും ദമ്പതികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്തിരുന്നു. 

ഇക്കാര്യം പിന്നീട് ബന്ധുക്കള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചത് അറിഞ്ഞതാകാം കുടുംബം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പൊലീസ് ശേഖരിച്ചു വരികയാണ്. പരവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 

കടമക്കുടി സ്വദേശി നിജോയും ഭാര്യ ശില്‍പയും രണ്ടുകുട്ടികളുമാണ് മരിച്ചത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന ശില്‍പ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com