കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സതീഷ് കുമാറിനായി എസി മൊയ്തീന്‍ ഇടപെട്ടു; പൊലീസ് ഉദ്യോഗസ്ഥരും കള്ളപ്പണം വെളുപ്പിച്ചു; സാക്ഷിയുടെ വെളിപ്പെടുത്തല്‍

ഒരു റിട്ടയേഡ് എസ്പി അടക്കം രണ്ടു പൊലീസുകാരും ഇടപാടില്‍ പങ്കാളികളായിരുന്നു
എസി മൊയ്തീന്‍/ ഫെയ്‌സ്ബുക്ക്‌
എസി മൊയ്തീന്‍/ ഫെയ്‌സ്ബുക്ക്‌

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍മന്ത്രി എസി മൊയ്തീന്‍ അടക്കമുള്ള സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തി സാക്ഷി. സഹകരണ ബാങ്ക് തട്ടിപ്പിന്റെ മറവില്‍ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനായി എസി മൊയ്തീന്‍ ഇടപെട്ടെന്ന് സാക്ഷി ജിജോര്‍ വെളിപ്പെടുത്തി. തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളാണെന്നും ജിജോര്‍  ചാനലുകളോട് പറഞ്ഞു.

ഒരു റിട്ടയേഡ് എസ്പി അടക്കം രണ്ടു പൊലീസുകാരും ഇടപാടില്‍ പങ്കാളികളായിരുന്നു. സതീഷിന്റെ സാമ്പത്തിക സ്രോതസ്സില്‍ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. സതീഷ് കുമാറിന് അമ്പതിലേറെ ഏജന്റുമാരാണുള്ളത്. ഇവരുടെ പേരു വിവരങ്ങള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ട്.

ബിനാമി പേരില്‍ കോടികള്‍ വായ്പയെടുത്ത സതീഷ് കുമാറിന് വേണ്ടി മുന്‍മന്ത്രിയും എംഎല്‍യുമായ എസി മൊയ്തീന്‍ വിളിച്ചു. സമ്മര്‍ദ്ദം ചെലുത്തി. സതീഷിനെ മൊയ്തീന് പരിചയപ്പെടുത്തിയത് സിപിഎം കൗണ്‍സിലര്‍മാരാണ്. സിപിഎം നേതാവ് സി കെ ചന്ദ്രനുമായി സതീഷ് കുമാറിന് ഉറ്റബന്ധമുണ്ട്. 

സതീഷ് കുമാറിന് വിദേശത്തും ബിസിനസ് സാമ്രാജ്യമുണ്ട്. തൃശൂര്‍ കോര്‍പ്പറേഷന്‍ സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവിഡ് കാടയുമായും, വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ പി ആര്‍ അരവിന്ദാക്ഷനുമായി സതീഷ് കുമാര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ജിജോര്‍ പറയുന്നു. 

കിരണ്‍, ബിജു കരീം, സെക്രട്ടറി സുനില്‍ തുടങ്ങിയവരുമായുള്ള ബന്ധത്തിലാണ് സതീഷ് കുമാര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലേക്ക് വരുന്നത്. കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് സതീഷ് കുമാര്‍ മനസ്സിലാക്കി. നനഞ്ഞിടം കുഴിക്കുക എന്നതാണ് സതീഷ് ചെയ്തത്. കിരണിന് ലോണ്‍ കിട്ടാന്‍ ഒന്നര കോടി രൂപയുടെ എഫ്ഡി വേണമെന്ന് ബാങ്ക് അറിയിച്ചു. 

ഇതു പ്രകാരം സതീഷ് കുമാറിനെക്കൊണ്ട് പണം ഇടുവിച്ചു. ഇത് മറ്റാരും അറിയാതെ കിരണും ബിജു കരീമും കൂടി മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. വേറൊരു ആധാരം എടുക്കാന്‍. ആ ആധാരം വെച്ച് മൂന്നുകോടി ബാങ്കില്‍ നിന്നും ലോണ്‍ പാസ്സാക്കിയെടുത്തെന്നും ജിജോര്‍ വെളിപ്പെടുത്തി. കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിന് താന്‍ സാക്ഷിയാണെന്നും ജിജോര്‍ പറയുന്നു. 

ജപ്തി ഭീഷണി നേരിടുന്ന കുടുംബങ്ങളെ സമീപിച്ച്, അവരുടെ കുടിശ്ശിക തുക  ബാങ്കില്‍ അടച്ച് ആധാരം എടുക്കാന്‍ സഹായിക്കുന്നു. തുടര്‍ന്ന് ആ ആധാരം കരുവന്നൂര്‍ ബാങ്കില്‍ വെച്ച് വലിയ തുക വായ്പ എടുക്കുകയാണ് ചെയ്തിരുന്നത്. ആ പണം ഭൂവുടമയുടെ അക്കൗണ്ടില്‍ വരും. തുടര്‍ന്ന് സതീഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. അങ്ങനെയാണ് കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നും ജിജോര്‍ പറയുന്നു. 

സത്യം തുറന്നു പറഞ്ഞതിനാല്‍ തനിക്ക് വധഭീഷണിയുണ്ടെന്നും കേസിലെ നിര്‍ണായ സാക്ഷിയായ പി എ ജിജോര്‍ വെളിപ്പെടുത്തി. ജിജോറിനെ ഒഴിവാക്കേണ്ടതല്ലേ, അയാള്‍ക്ക് എല്ലാം അറിയാം എന്നു പറയുമ്പോള്‍ ഞാന്‍ പറയാം എന്ന് സതീഷ് മറുപടി പറയുന്ന വോയിസ് ക്ലിപ്പ് ഇഡി തന്നെ കേള്‍പ്പിച്ചിരുന്നു. ഒരു റെയ്‌ഡോ ഒന്നും ഇല്ലാതെ ഏതാണ്ട് പത്തു മുപ്പത്തഞ്ചു വര്‍ഷത്തോളം പലിശ ഫീല്‍ഡില്‍ തുടരണമെങ്കില്‍ സതീഷിന് അത്രത്തോളം ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരിക്കുമല്ലോയെന്നും ജിജോര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com