നിപ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്, വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം 

വീണ്ടും നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട്: വീണ്ടും നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം നടത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ നിന്നും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുമുള്ള ഡോക്ടര്‍മാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 

ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ഭാഗത്ത് ചത്ത നിലയില്‍ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം വനം വകുപ്പിന്റെ അഭ്യര്‍ത്ഥനപ്രകാരം പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമിലേക്ക് വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി എട്ടു കോളുകളാണ് വന്നതെന്നും കോര്‍ഡിനേറ്റര്‍ അറിയിച്ചു.

അതിനിടെ, സംസ്ഥാനത്ത് പുതിയ നിപ കേസുകളിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ സ്ഥിതി നിയന്ത്രണവിധേയമാണെന്നും 1233 പേര്‍ സമ്പര്‍ക്കപട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ചികിത്സയിലുള്ള ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തിരുവനന്തപുരത്ത് നിപ രോഗമുണ്ടെന്ന് സംശയിച്ച രണ്ടാമത്തെ ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാട്ടാക്കട സ്വദേശിയായ സ്ത്രീക്ക് നിപയില്ലെന്ന് സ്രവ സാബിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായും വീണ ജോര്‍ജ് വ്യക്തമാക്കി.

36 വവ്വാലുകളുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. സാമ്പിള്‍ പരിശോധിക്കുന്ന ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിപ പരിശോധനക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബും പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബും കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇതോടെ വളരെ വേഗത്തില്‍ നിപ പരിശോധനകള്‍ നടത്താനും അതനുസരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com