വ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍; പ്രതിഷേധത്തില്‍ സംഘര്‍ഷം

ബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു
ബാങ്കിന് മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം
ബാങ്കിന് മുന്നില്‍ മൃതദേഹവുമായുള്ള പ്രതിഷേധം

കോട്ടയം: വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കോട്ടയം കുടയംപടി സ്വദേശി കെസി ബിനുവിന്റെ (50) മുതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കര്‍ണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. 

രണ്ട് മണിക്കൂറോളം നേരമാണ് ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം ചെയ്തത്. ജില്ലാ പൊലീസ് മേധാവി എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. 

ബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. ബാങ്കിന് നേരെ സമരക്കാര്‍ കല്ലെറിയുകയം ചെയ്തു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉള്‍പ്പെടെ നിലത്തുവീണു. ഇത്തരത്തിലുള്ള സ്വകാര്യബാങ്കുകള്‍ക്ക് എതിരെ പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് ജെയ്ക്ക് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനായി നാഗമ്പടത്ത് എത്തി. സംഘര്‍ഷത്തെ തുടര്‍ന്നു റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

ബാങ്ക് ജീവനക്കാര്‍ ഇന്നലെയും കടയിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം വരെയുള്ള കുടിശ്ശിക അടച്ചുതീര്‍ത്തതായും, ബാങ്ക് മാനേജര്‍ മോശമായി പെരുമാറിയെന്നും ബിനുവിന്റെ സഹോദരന്‍ ആരോപിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com