'സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത് '

സഹകരണ പ്രസ്ഥാനത്തേയും, ഇടതുപക്ഷത്തേയും ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്‌
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടതുപക്ഷത്തെ കേന്ദ്രസർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് സിപിഎം. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ അറസ്റ്റ്‌ ചെയ്‌ത ഇഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിച്ച പ്രസ്‌താവനയിലാണ് കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചത്. 

കോര്‍പ്പറേറ്റുകള്‍ക്ക്‌ അനുകൂലമായ സാമ്പത്തിക നയങ്ങളാണ്‌ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്‌. അതിന്‌ ബദലുയര്‍ത്തുന്നവിധം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുകയെന്നത്‌ കേന്ദ്ര സര്‍ക്കാരിന്റെ നയമാണ്‌. അതിന്റെ ഭാഗമായാണ്‌ സഹകരണ പ്രസ്ഥാനത്തേയും, അതിനെ വളര്‍ത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തേയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍.

ഇപ്പോള്‍ അറസ്റ്റ്‌ ചെയ്‌തിട്ടുള്ള അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മര്‍ദ്ദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇഡിയുടെ ഭാഗത്ത്‌ നിന്നുണ്ടായി. അത്‌ തുറന്നുകാട്ടിയ അരവിന്ദാക്ഷനെയാണ്‌ ഇപ്പോള്‍ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ അവരുടെ പരാതി പൊലീസിന്റെ മുമ്പില്‍ നില്‍ക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ അറസ്റ്റുണ്ടായത്‌ എന്നത്‌ ഇതിന്റെ പിന്നിലുള്ള താല്‍പര്യം വ്യക്തമാക്കുന്നതാണ്‌.

സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ്‌ പാര്‍ടിയും, സംസ്ഥാന സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ സഹകരണ പ്രസ്ഥാനത്തേയും, അതിനെ ശക്തിപ്പെടുത്താന്‍ നിലകൊള്ളുന്ന ഇടതുപക്ഷത്തേയും ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇത്തരം നീക്കങ്ങളെ രാഷ്‌ട്രീയമായും, നിയമപരമായും നേരിട്ട്‌ മുന്നോട്ടുപോകുമെന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com