'അമ്മ, അച്ഛ... ഞാന്‍ പോകുന്നു'; കത്ത് എഴുതി വെച്ച ശേഷം പതിമൂന്നുകാരന്‍ വീടുവിട്ടുപോയി; അന്വേഷണം

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ 5.30 ന് കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ, കത്ത്
കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ, കത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടുപോയി. ആനക്കോട് സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. കുട്ടി കാട്ടക്കടയില്‍ നിന്നും ബാലരാമപുരത്തേക്ക് പോയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്.

ഇന്നു രാവിലെയാണ് സംഭവം. രാവിലെ കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് കത്തു ലഭിക്കുന്നത്. അമ്മ, അച്ഛന്‍ ഞാന്‍ പോകുന്നു. എന്റെ കളര്‍ സെറ്റ് എട്ട് എയിലെ ആദിത്യന് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കുട്ടി എഴുതിയ കത്ത്
കുട്ടി എഴുതിയ കത്ത്

തുടര്‍ന്ന് കാട്ടാക്കട പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ 5.30 ന് കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാട്ടാക്കടയില്‍ നിന്നും വിഴിഞ്ഞം ബസില്‍ കയറി പോയതായാണ് വിവരം ലഭിച്ചത്. 

കുട്ടി വീടുവിട്ടിറങ്ങാന്‍ മതിയായ കാരണങ്ങളൊന്നും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.കുട്ടിയെ കണ്ടെത്തിയാല്‍ വിവരം അറിയിക്കണമെന്ന് പൊലീസ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നു.

കുട്ടിയെ പിന്നീട് കണ്ടെത്തി

കത്തെഴുതി വെച്ച് വീടു വിട്ടുപോയ പതിമൂന്നുകാരനെ പിന്നീട് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് നിർണായകമായത്. കള്ളിക്കാടു നിന്നും കാട്ടാക്കടയിലേക്കുള്ള ബസിൽ കുട്ടിയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് ഇക്കാര്യം ഉറപ്പാക്കിയ ശേഷം പൊലീസെത്തി ബസിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. 

കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടിയോട് വീടു വിട്ടു പോകാൻ ഇടയായ കാരണങ്ങൾ എന്താണെന്ന് പൊലീസ് വിശദമായി ചോദിച്ച് അറിയും. കുട്ടിക്ക് കൗൺസലിങ് അടക്കം നൽകിയ ശേഷമാകും തിരികെ മാതാപിതാക്കൾക്ക് തിരികെ നൽകുകയെന്നാണ് വിവരം. വീടുവിട്ടു പോകാൻ ഇടയാക്കിയ മനോവിഷമത്തിന് കാരണം എന്താണെന്ന് അറിയില്ലെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com