കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടത്തി; വിരമിക്കാന്‍ ഒരുമാസം ബാക്കിനില്‍ക്കെ ഗ്രേഡ് എസ്‌ഐ അറസ്റ്റില്‍

ആലുവയില്‍ കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച ഗ്രേഡ് എസ്ഐ അറസ്റ്റിലായി.
കേസില്‍ ഇന്ന് അറസ്റ്റിലായവര്‍
കേസില്‍ ഇന്ന് അറസ്റ്റിലായവര്‍

കൊച്ചി: ആലുവയില്‍ കഞ്ചാവ് കേസില്‍ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച ഗ്രേഡ് എസ്ഐ അറസ്റ്റിലായി. ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്ന് 28 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ചത് വാഴക്കുളം സ്വദേശിയും തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്‌ഐ സാജന്റെ മകനുമായ നവീന് വേണ്ടിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിനിടെ മകനെ വിദേശത്തേക്ക് കടക്കാന്‍ സാജന്‍ സഹായിച്ചിരുന്നു. ഇതാണ് വിരമിക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഗ്രേഡ് എസ്‌ഐ സാജന് കുരുക്കായത്.


കഴിഞ്ഞ 22 ആം തിയതി ഒഡീഷയിലെ കണ്ടമാലിലെ ഉള്‍വനത്തില്‍ നിന്നും 28 കിലോ കഞ്ചാവുമായി ആലുവ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലാകുന്നത്. മൊത്ത വില്‍പനയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസിന് സൂചന കിട്ടിയതോടെ ഇതിലെ മലയാളി ബന്ധം കണ്ടെത്താനായി ശ്രമം. 21 വയസ്സുള്ള വാഴക്കുളം സ്വദേശി നവീന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം. കഞ്ചാവ് കേസില്‍ മുമ്പും പ്രതിയായിട്ടുള്ള ഇയാള്‍ ആലുവ തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സാജന്റെ മകനാണെന്നും വിവരം കിട്ടി. ഇതിനിടെ നവീന്‍ വിദേശത്തേക്ക് കടന്ന് അബുദാബിയില്‍ എത്തി. ഇതിനുള്ള എല്ലാ കരുക്കളും നീക്കിയത് ഗ്രേഡ് എസ്‌ഐ സാജനാണെന്നും പൊലീസിന് തെളിവുകള്‍ കിട്ടിയതോടെ ഇയാളെ പിടികൂടി. അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന വിവരം നവീനെ അറിയിച്ച് തന്ത്രപൂര്‍വ്വം ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ഇന്ന് പുലര്‍ച്ചെ വിജയം കണ്ടു.

ഇതിനിടെ  കഞ്ചാവ് സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും, ഒളിത്താവളങ്ങളും, വാഹനവും സംഘടിപ്പിച്ച് നല്‍കിയ വെങ്ങോല സ്വദേശി ആന്‍സ്, വട്ടയ്ക്കാട്ടുപടി സ്വദേശി ബേസില്‍ തോമസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയവരില്‍ നിന്ന് വാഹനങ്ങളും മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ചക് ദോല്‍ പ്രധാന്‍, ശര്‍മ്മാനന്ദ് പ്രധാന്‍ എന്നിവര്‍ റിമാന്‍ഡിലാണ്. രാവിലെ കോടതിയില്‍ ഹാജരാക്കിയ സാജനും റിമാന്‍ഡിലായി. മെയ് മാസം അവസാനം പൊലീസ് സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കെ ആണ് സാജന്‍ കേസില്‍ അറസ്റ്റിലാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com