'സര്‍ക്കാര്‍ പണം നല്‍കാതെയാണോ പത്തനാപുരത്ത് വികസനം നടന്നത്?'; കണക്ക് നിരത്തി മുഖ്യമന്ത്രി, ഗണേഷിന് വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 07:35 PM  |  

Last Updated: 06th February 2023 07:35 PM  |   A+A-   |  

ganesh_kumar-pinarayi

ഗണേഷ് കുമാര്‍, പിണറായി വിജയന്‍

 

തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തില്‍ വികസനമെത്തുന്നില്ലെന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാതി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്താനാപുരം മണ്ഡലത്തിന് സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. അതിന്റെ കണക്കുമുണ്ട്. വാര്‍ത്ത സൃഷ്ടിക്കുന്ന രീതിയിലല്ല കാര്യങ്ങള്‍ പറയേണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യോഗത്തില്‍ ഗണേഷ് കുമാര്‍ പങ്കെടുത്തില്ല. 

മുന്നണിയ്ക്കകത്ത് പ്രശ്‌നങ്ങളുണ്ടാകും. അത് ഉന്നയിക്കേണ്ട രീതിയുണ്ട്. അത് പാലിക്കണം. സര്‍ക്കാര്‍ പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നതെന്നും അദ്ദേഹം ചോദിച്ചു. പത്താനപുരം മണ്ഡലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളുടെ പട്ടികയും യോഗത്തില്‍ മുഖ്യമന്ത്രി വായിച്ചു. 

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എല്‍ഡിഎഫ് നിയമസഭകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരെ ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആയിരുന്നു വിമര്‍ശനം. എംഎല്‍എമാര്‍ക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയില്‍ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ