പത്താം തീയതിക്കുള്ളില്‍ റേഷന്‍ വീട്ടിലെത്തും; വിതരണത്തിന് ഓട്ടോ തൊഴിലാളികള്‍

ഗുണഭോക്താക്കള്‍ക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തികബാദ്ധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന 'ഒപ്പം' പദ്ധതിയുമായി പൊതുവിതരണ വകുപ്പ്.  പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ തിങ്കളാഴ്ച നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ്  പദ്ധതിയുടെ ലക്ഷ്യം.

എല്ലാമാസവും പത്താം തീയതിക്കുള്ളില്‍ റേഷന്‍ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ റേഷന്‍ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഗുണഭോക്താക്കള്‍ക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തികബാദ്ധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.

 ആദിവാസി ഊരുകളില്‍ റേഷന്‍സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്. പദ്ധതി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാനുവല്‍ ട്രാന്‍സാക്ഷന്‍ മുഖേന റേഷന്‍കാര്‍ഡുടമകളുടെ കൈപ്പറ്റ് രസീത് മാനുവല്‍ രജിസ്റ്റില്‍ രേഖപ്പെടുത്തിയ ശേഷമാണ് സാധനങ്ങള്‍ നല്‍കുക. ഈ വിവരങ്ങള്‍ റേഷനിംഗ് ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തും.

തൃശ്ശൂര്‍, പൂച്ചട്ടി, മാധവമന്ദിരം ആഡിറ്റോറിയത്തില്‍ നാളെ 2.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍,  പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഡോ. സജിത്ത് ബാബു ഐ. എ. എസ്,  റേഷനിംഗ് കണ്‍ട്രോളര്‍ മനോജ് കുമാര്‍ കെ, തൃശ്ശൂര്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റെജി. പി. ജോസഫ്, ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അജിത്കുമാര്‍ കെ, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിഡ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com