കോന്നിയിലെ വിനോദയാത്ര: ജീവനക്കാര്‍ തിരിച്ചെത്തി; സ്‌പോണ്‍സേഡ് യാത്രയല്ലെന്ന് ട്രാവല്‍സ് മാനേജര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 11:24 AM  |  

Last Updated: 12th February 2023 11:24 AM  |   A+A-   |  

tour

വിനോദയാത്രയ്ക്ക് പോയവര്‍/ ടിവി ദൃശ്യം

 

പത്തനംതിട്ട: കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ തിരിച്ചെത്തി. യാത്ര വിവാദമായ പശ്ചാത്തലത്തില്‍ ഓഫീസ് പരിസരത്ത് പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ എടുക്കാന്‍ വരാതെ ജീവനക്കാര്‍ നേരെ വീടുകളിലേക്ക് പോകുകയായിരുന്നു. രാത്രി മൂന്നുമണിയോടെയാണ് ജീവനക്കാര്‍ ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയത്. 

അതേസമയം ജീവനക്കാരുടെ ഉല്ലാസയാത്ര സ്‌പോണ്‍സേഡ് ആണെന്ന ആരോപണം ട്രാവൽസ് മാനേജര്‍ ശ്യാം നിഷേധിച്ചു. ട്രാവല്‍സിലെ ഡ്രൈവര്‍ മുഖേനയാണ് ഓട്ടം ലഭിച്ചത്. ഓഫീസിലെ ഏതോ സ്റ്റാഫാണ് ഡ്രൈവറെ വിളിച്ചത്. അവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്. യാത്രയ്ക്ക് 35,000 രൂപ വാങ്ങിയെന്നും ശ്യാം പറഞ്ഞു. 

ശനിയും ഞായറും ട്രിപ്പ് പോകുന്നതിനാണ് ചോദിച്ചത്. ഞായറാഴ്ച വണ്ടിയില്ലെന്ന കാര്യം ഡ്രൈവറെ അറിയിച്ചു. ഇക്കാര്യം പറയാനും പറഞ്ഞു. ഡ്രൈവര്‍ സത്യത്തില്‍ താലൂക്ക് ഓഫീസില്‍ നിന്നുള്ളവരാണ് ഓട്ടം വിളിച്ചതെന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ല. താലൂക്ക് ഓഫീസിലെ വിനോദയാത്ര വിവാദമായപ്പോഴാണ് താന്‍ ഡ്രൈവറെ വിളിച്ച്  ചോദിച്ചത്. അപ്പോഴാണ് ജീവനക്കാരാണ് വണ്ടി വിളിച്ചതെന്ന് അറിയുന്നതെന്നും ശ്യാം പറഞ്ഞു.

ക്വാറിയുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ വന്നിട്ടില്ല. ക്വാറിയില്‍ 2024 വരെ ലൈസന്‍സുണ്ട്. നിലവില്‍ അടുത്തകാലത്തൊന്നും ഒരു പരിശോധനയും ഉണ്ടായിട്ടില്ല. യാതൊരു നടപടിയും താലൂക്കില്‍ നിന്നോ ജിയോളജി വകുപ്പില്‍ നിന്നോ ഉണ്ടായിട്ടില്ല. ബസ് വ്യവസായത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ല. എംഎല്‍എയുടെ ആരോപണം പെട്ടെന്നുള്ള പ്രകോപനത്തിലാകാമെന്നും ശ്യാം പറഞ്ഞു. 

കോന്നി വിനോദയാത്ര വിവാദത്തില്‍ ജില്ലാ കളക്ടര്‍ മറ്റന്നാള്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ ബുദ്ധിമുട്ടിലായ ജനത്തോട് ഖേദം പ്രകടിപ്പിച്ച മന്ത്രി കെ രാജനെ കോന്നി എംഎൽഎ ജനീഷ് കുമാർ പ്രശംസിച്ചു. എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. ഒരു ഓഫീസിലെ രഹസ്യസ്വഭാവമില്ലാത്ത രേഖകൾ പരിശോധിക്കാൻ എംഎൽഎയ്ക്ക് സാധിക്കുമെന്നും ജനീഷ് കുമാർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; ആള്‍ക്കൂട്ട മര്‍ദനത്തിന് തെളിവില്ലെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ