'മറ്റേമോനേ...നിന്നെക്കൊണ്ട് ചെയ്യിക്കാന്‍ അറിയാം'; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ജനീഷ് കുമാര്‍ എംഎല്‍എ, സംഭാഷണം പുറത്ത്

കൂട്ടഅവധി സംബന്ധിച്ച വിവാദത്തില്‍ കോന്നി താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുമായുള്ള പോര് തുടരുന്നതിനിടെ, കെ യു ജനീഷ് കുമാര്‍ എംഎല്‍എ കെഎസ്ഇബി ഉദ്യോഗസ്ഥനോട് ക്ഷോഭിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്
കെയു ജനീഷ് കുമാര്‍/ഫെയ്‌സ്ബുക്ക്‌
കെയു ജനീഷ് കുമാര്‍/ഫെയ്‌സ്ബുക്ക്‌

പത്തനംതിട്ട: കൂട്ടഅവധി സംബന്ധിച്ച വിവാദത്തില്‍ കോന്നി താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുമായുള്ള പോര് തുടരുന്നതിനിടെ, കെ യു ജനീഷ് കുമാര്‍ എംഎല്‍എ കെഎസ്ഇബി ഉദ്യോഗസ്ഥനോട് ക്ഷോഭിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. കഴിഞ്ഞ നവംബറില്‍ കെഎസ്ഇബി ഉദ്യോഗസ്ഥനും എംഎല്‍എയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. സംഭാഷണത്തില്‍ എംഎല്‍എ ഉദ്യോഗസ്ഥനോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം. 

കോന്നിയിലെ സിനിമ തിയേറ്ററിന്റെ വൈദ്യുതി ആവശ്യത്തിന് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ 5.15 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് കഎസ്ഇബി നല്‍കിയിരുന്നു.തിയേറ്റര്‍ ഉടമ പണം അടയ്ക്കാതിരുന്നതിനാല്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചില്ല. ഇതിനു പകരം തിയേറ്ററിനു സമീപം ഇല്ലാത്ത കൗശല്‍ കേന്ദ്രത്തിന്റെയും വാഹന ചാര്‍ജിങ് സ്റ്റേഷന്റെയും പേരില്‍ എംഎല്‍എ ഫണ്ടില്‍നിന്നു പണം മുടക്കി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയും അതില്‍ നിന്നു തിയേറ്ററിന് കണക്ഷന്‍ കൊടുക്കാന്‍ ഉദ്യോഗസ്ഥരെ എംഎല്‍എ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് ആരോപണം. 

നിയമംവിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ 'തന്നെക്കൊണ്ട് ചെയ്യിക്കാന്‍ എനിക്ക് അറിയാമെ'ന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. പൊതുഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച ട്രാന്‍സ്‌ഫോമറില്‍ നിന്നു സ്വകാര്യ വ്യക്തിക്കു കണക്ഷന്‍ നല്‍കാന്‍ നിയമപരമായി കഴിയില്ലായിരുന്നെങ്കിലും പിന്നീട് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ പ്രത്യേക അനുമതി വാങ്ങി കണക്ഷന്‍ നല്‍കാന്‍ ധാരണയിലെത്തിയെന്നു പറയുന്നു. ഉദ്യോഗസ്ഥന്‍ വൈകാതെ പത്തനംതിട്ടയില്‍ നിന്നു കോട്ടയത്തേക്കു സ്ഥലംമാറ്റം വാങ്ങിപ്പോയി.

ഫോണ്‍ സംഭാഷണം ഇങ്ങനെ: 


ജനീഷ് കുമാര്‍ എംഎല്‍എ: അല്ല സാറേ മാസം രണ്ടായി കോന്നിയിലെ പാവങ്ങള്‍ ഇയാളുടെ ഓഫീസില്‍ കയറി ഇറങ്ങുകയാണ്. 

ഉദ്യോഗസ്ഥന്‍: എന്റെ സൈഡ് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിയമപരമായ തടസ്സം ലെറ്ററില്‍ പറഞ്ഞിട്ടുണ്ട്. സാറിന് എന്റെ ഹയര്‍ ഓഫീസേഴ്‌സിനെ കോണ്ടാക്ട് ചെയ്യാം. അല്ലെങ്കില്‍ കലക്ടറെ കോണ്ടാക്ട് ചെയ്യാം. 

എംഎല്‍എ: താന്‍ ഡിഡിസി മീറ്റിങ്ങില്‍ ഉണ്ടായിരുന്നോ? 
താന്‍ എവിടെയായിരുന്നു ?

ഉദ്യോഗസ്ഥന്‍: അത് സാറിനോട് പറയേണ്ട കാര്യമില്ല 

എംഎല്‍എ: തന്തയില്ലായ്ക കാണിക്കാമോ മറ്റേമോനേ...നീ അവിടെ നില്ല് ഞാന്‍ അങ്ങോട്ടു വരുവാ

ഉദ്യോഗസ്ഥന്‍: ഞാനിവിടെ തന്നെയുണ്ട് ഓഫീസില്‍ തന്നെയുണ്ട്. 

എംഎല്‍എ: നിയമപരമായി എന്താണ് തടസ്സം? എനിക്ക് ഇയാളുടെ പുറകേ നടക്കുകയല്ല പണി. 

ഉദ്യോഗസ്ഥന്‍: സാറ് ഹയര്‍ ഓഫീസേഴ്‌സിന് കൊടുത്തോളൂ, ഞാന്‍ സംസാരിച്ചോളാം ഇവിടെ. 

എംഎല്‍എ: ഹയര്‍ ഓഫിസേഴ്‌സിനെ കൊണ്ടല്ല, എനിക്ക് നിന്നെ കൊണ്ട് ചെയ്യിക്കാന്‍ അറിയാല്ലോ.

ഉദ്യോഗസ്ഥന്‍: ഉത്തരവില്ലാതെ ചെയ്യാന്‍ പറ്റില്ല സാറേ

എംഎല്‍എ: നിയമപരമാണ്. തനിക്ക് തോന്നുന്ന ഉത്തരവ് തരാനിരിക്കുകയാണോ ഞാന്‍

നിയമപരമായത് ചെയ്യുക. നിനക്ക് വായില്‍ തോന്നിയത് പറയരുത്. നീ ആരോടാ ഇത് പറയുന്നത്? 

ഉദ്യോഗസ്ഥന്‍: എംഎല്‍എ മിസ്റ്റര്‍ ജനീഷ് കുമാര്‍ അല്ലേ

എംഎല്‍എ: അതേ 

ഉദ്യോഗസ്ഥന്‍: ആ മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com