ഇടുക്കിയില്‍ രണ്ടിടത്ത് ഓട്ടത്തിനിടെ കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയത് രക്ഷയായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 07:25 AM  |  

Last Updated: 03rd January 2023 07:25 AM  |   A+A-   |  

car_fire

കാറിന് തീപിടിച്ചപ്പോള്‍, സ്‌ക്രീന്‍ഷോട്ട്

 

തൊടുപുഴ: ഇടുക്കി ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. ആളപായമില്ല. 

ഇന്നലെ ഉച്ചകഴിഞ്ഞു കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളം റേഞ്ച് ഓഫിസിനു സമീപം വിനോദസഞ്ചാരത്തിനെത്തിയ ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിച്ചതാണ് ഒരു സംഭവം. കോട്ടയം കഞ്ഞിക്കുഴി സ്വദേശി അനില്‍ ഡിസൂസയും കുടുംബവുമാണു കാറിലുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം രാജാക്കാട്ടുള്ള ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയാണു കാറിനു തീപിടിച്ചത്. വാഹനത്തിന്റെ മുന്‍ഭാഗത്തു നിന്നു പുക ഉയരുന്നതു കണ്ട് ഇവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. മൂന്നാറില്‍ നിന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ കെടുത്തിയെങ്കിലും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ട് ആറോടെ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ കുട്ടിക്കാനം മരിയന്‍ കോളജിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചതാണ് രണ്ടാമത്തെ സംഭവം. വാഹനത്തിനുള്ളില്‍ നിന്നു പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ വെളിയിലിറക്കിയതിനാല്‍ അപകടം ഒഴിവായി. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും കത്തിനശിച്ചു. തിരുവനന്തപുരം സ്വദേശികളായ കുടുംബമാണു വാഹനത്തിലുണ്ടായിരുന്നത്. ആലപ്പുഴ വഴി കുട്ടിക്കാനത്ത് എത്തിയ ഇവര്‍ വാഗമണ്ണിലേക്കുള്ള യാത്രയിലായിരുന്നു. ഷോട്ട് സര്‍ക്യൂട്ടാണു തീപിടിക്കാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാസേന എത്തിയാണു തീയണച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പരിക്കുകളുടെ കാര്യം മറച്ചു വെച്ചു, പരാതി ഇല്ലെന്ന് എഴുതി വാങ്ങി; യുവസംവിധായികയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ