ബിനുവിനെ അംഗീകരിക്കില്ലെന്ന് ജോസ് കെ മാണി; സിപിഎം തീരുമാനിക്കുമെന്ന് റസല്‍; പാലാ നഗരസഭ ചെയര്‍മാനെച്ചൊല്ലി എല്‍ഡിഎഫില്‍ തർക്കം

ബിനു ഒഴികെ ആരെയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് അംഗീകരിക്കാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്
ജോസ് കെ മാണി, എ വി റസ്സല്‍/ ഫയല്‍
ജോസ് കെ മാണി, എ വി റസ്സല്‍/ ഫയല്‍

കോട്ടയം: പാലാ നഗരസഭയില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം. സിപിഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലാണ് തര്‍ക്കം. സിപിഎം നിശ്ചയിച്ച ബിനു പുളിക്കകണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ രംഗത്തെത്തി. 

ബിനു ഒഴികെ ആരെയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് അംഗീകരിക്കാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. മന്ത്രി വാസവന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ കേരള കോണ്‍ഗ്രസ് നിലപാട് അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് കര്‍ശന നിലപാട് എടുത്തതില്‍ സിപിഎമ്മിന് അതൃപ്തിയുണ്ട്. 

വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനിക്കുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ പറഞ്ഞു. മുന്നണി ബന്ധം കൂടി മാനിച്ചാകും അന്തിമ തീരുമാനമെന്നും റസല്‍ പറഞ്ഞു. 

നഗരസഭ രൂപീകരിച്ചശേഷം ഇതാദ്യമായാണ് പാലാ മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷം ഭരണം പിടിക്കുന്നത്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെയാണ് ഇതിന് സാധിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 26 വാര്‍ഡില്‍ മത്സരിച്ച 13 ല്‍ 11 ലും കേരള കോണ്‍ഗ്രസ് എം വിജയിച്ചിരുന്നു. 

സിപിഎം നാല്, സിപിഐ-1, എന്‍സിപി-1, കോണ്‍ഗ്രസ്-5, കേരള കോണ്‍ഗ്രസ് ജോസഫ്- 3, സ്വതന്ത്രന്‍ -1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 

മുന്നണിയിലെ ധാരണ പ്രകാരം കഴിഞ്ഞദിവസം ആന്റോ ജോസ് രാജിവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം ടിക്കറ്റില്‍ വിജയിച്ച ഏക പുരുഷ കൗണ്‍സിലറായ ബിനുവിനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാല നഗരസഭയില്‍ നടന്ന കൂട്ടത്തല്ലില്‍, കേരള കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിന് ബിനുവിനെതിരെ കേസുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com