ആഡംബര കാറില്‍ എത്തും, ആഭരണങ്ങള്‍ക്ക്  '916' പരിശുദ്ധി; ഒറ്റയടിക്ക് മൂന്ന് സ്ഥാപനങ്ങളില്‍ തട്ടിപ്പ്, കുടുക്കിയത് ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2023 08:12 AM  |  

Last Updated: 20th January 2023 08:12 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം:  ആഡംബര കാറിലെത്തി മുക്കുപണ്ടം പണയം വച്ച് സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനങ്ങളില്‍ നിന്നു പണം തട്ടുന്ന നാലംഗ സംഘത്തെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു.  കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കുറുങ്ങാട്ട് മുക്ക് ആദിശ്ശേരില്‍ ശ്യാംകുമാര്‍ (33), ആദിനാട് വടക്ക് ഒറകാറശ്ശേരില്‍ വിഷ്ണു (27), ആദിനാട് തെക്ക് മരങ്ങാട്ട് ജംക്ഷനു സമീപം പുത്തന്‍വീട്ടില്‍ ഗുരുലാല്‍ (29), കൊല്ലം പള്ളിമണ്‍ വട്ടവിള കോളനിയില്‍ കരിങ്ങോട്ട് കിഴക്കേതില്‍ നിസ (25) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം നീണ്ടകര പുത്തന്‍തുറയില്‍ 3 പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് 1,82,800 രൂപയാണ് സംഘം തട്ടിയെടുത്തത്. എഎംസി ജംക്ഷനിലെ സ്ഥാപനത്തില്‍ 2 വളകള്‍ പണയം വച്ച് 64,000 രൂപയും പുത്തന്‍തുറയിലെ ഒരിടത്ത് 2 വളകള്‍ നല്‍കി 58,800 രൂപയും സമീപത്തെ മറ്റൊരിടത്ത് വളകള്‍ നല്‍കി 60,000 രൂപയും തട്ടി.  ഇതില്‍ ഒരു സ്ഥാപന ഉടമയ്ക്ക് തോന്നിയ സംശയമാണ് ഇവരെ വലയിലാക്കാന്‍ സഹായകമായത്. 

ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള ആഡംബര കാറിലാണ് ഇവര്‍ എത്തിയതെന്ന്  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശങ്കരമംഗലത്ത് കാര്‍ പൊലീസ് തടഞ്ഞു സംഘത്തെ പിടികൂടുകയായിരുന്നു. വ്യാജമെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത മുക്കുപണ്ടങ്ങളാണ് പണയം വച്ചത്. സമാന രീതിയില്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. ഒരു മണിക്കൂറിനിടെയാണ് മൂന്നു സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയത്. ആഡംബര ജീവിതമാണ് ഇവര്‍ നയിക്കുന്നത്. പണയം വയ്ക്കുന്ന ഉരുപ്പടികളില്‍ 916 എന്ന് വ്യാജമായി രേഖപ്പെടുത്തി വിശ്വാസം ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറയുന്നു.

ഭര്‍ത്താവിനെയും 2 മക്കളെയും ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പം കൂടുകയായിരുന്നു നിസ എന്ന് പൊലീസ് പറയുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിനു കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ക്രിമിനല്‍ പൊലീസിന് പൂട്ട്'; അഞ്ചു പൊലീസുകാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ