കുടിക്കാൻ സംഭാരം, തണുത്ത വെള്ളം, ഒആർഎസ്; ചൂടിന് ആശ്വാസമേകാൻ തണ്ണീർപന്തലൊരുക്കി സർക്കാർ 

സംസ്ഥാനത്ത് തണ്ണീർപ്പന്തലുകൾ ഒരുങ്ങുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  സംസ്ഥാനത്ത് ചൂട് കനത്തതോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കച്ചവടത്തെരുവുകളിലും തണ്ണീർപ്പന്തലുകൾ ഒരുക്കാൻ നടപടി. ഇവ മേയ് വരെ നിലനിർത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, ഒആർഎസ് ലായനി എന്നിവ കരുതണം. ഏതൊക്കെ ഭാ​ഗങ്ങളിൽ തണ്ണീർപ്പന്തലുകൾ ഉണ്ടെന്നത് പ്രചാരണം നടത്തണം.

തണ്ണീർപ്പന്തൽ ഒരുക്കുന്നതിനായി ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പഞ്ചായത്തിന് രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപ, കോർപറേഷന് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കും. ശുദ്ധജല വിതരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് തദ്ദേശ വകുപ്പ് പ്ലാൻ ഫണ്ട്/ തനതു ഫണ്ട് വിനിയോഗിക്കാവുന്നതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗരേഖയിൽ ഓരോ വകുപ്പിനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന പേരിലാണു ക്യാംപെയ്ൻ. 

അഗ്‌നിരക്ഷാസേന തീപിടിത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസ മേഖലയിൽ കാടു പിടിച്ചുകിടക്കുന്ന പ്രദേശങ്ങൾ എന്നിവയുടെ ഫയർ ഓഡിറ്റ് നടത്തണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും കെഎസ്ഇബിയുടെയും നേതൃത്വത്തിൽ എല്ലാ ആശുപത്രികളിലും പ്രധാന സർക്കാർ ഓഫിസുകളിലും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. 

ജലക്ഷാമ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരം ജലവിഭവ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റികൾക്കും തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കണം. ഇതനുസരിച്ചാകണം കർമ പദ്ധതികൾ. 5000 വാട്ടർ കിയോസ്‌കുകൾ പ്രവർത്തനക്ഷമമാക്കി ഉപയോഗിക്കണം. ഇവ വൃത്തിയാക്കാനോ പുനഃക്രമീകരിക്കാനോ ഒരു കിയോസ്‌കിന് 10000 രൂപ ക്രമത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്സവ സുരക്ഷാ മാർഗരേഖ പാലിച്ചാണ് ഉത്സവങ്ങൾ നടത്തേണ്ടത്. പടക്ക നിർമാണ/സൂക്ഷിപ്പു ശാലകളിൽ സുരക്ഷ ഉറപ്പു വരുത്തണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com