'തുടര്‍ഭരണം സമനില തെറ്റിച്ചു; കാത്തിരിക്കുന്നത് ദയനീയ പരാജയം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2023 10:16 PM |
Last Updated: 15th March 2023 10:16 PM | A+A A- |

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: നിയമസഭയില്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയും വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ആക്രമിക്കുകയും ചെയ്തശേഷം പ്രതിപക്ഷം മന്ത്രിമാര്‍ക്കെതിരെ വ്യക്തിയധിക്ഷേപം നടത്തുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. സഭയെ ബഹുമാനിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങളെ നയിക്കുകയും അവര്‍ക്കു മാതൃക സൃഷ്ടിക്കുകയും ചെയ്യേണ്ട പ്രതിപക്ഷ നേതാവാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത്. വിഷയദാരിദ്ര്യവും ബ്രഹ്മപുരത്തെ തീ വേഗത്തില്‍ അണച്ചതിന്റെ അസ്വസ്ഥതയുമാണു പ്രതിപക്ഷം നിലവിട്ടുപെരുമാറാന്‍ കാരണം. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണമാണ് ഇവരുടെ സമനില തെറ്റിച്ചത്. ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുന്നില്ലെന്നും മന്ത്രി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി
കുറിപ്പിന്റെ പൂര്‍ണരൂപം
കേരളനിയമസഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരം അപഹാസ്യപ്രകടനങ്ങളുമായി പ്രതിപക്ഷം അവരുടെ പദവിക്ക് കളങ്കം വരുത്തുന്ന കാഴ്ചയാണ് പൊതുജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നിയമസഭയില്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയും വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ആക്രമിക്കുകയും ചെയ്തശേഷം മന്ത്രിമാര്‍ക്കെതിരെ വ്യക്തിയധിക്ഷേപം ചൊരിയുകയാണ് അവര്‍ ചെയ്യുന്നത്. പ്രതിപക്ഷ അംഗങ്ങളെ സഭയെ ബഹുമാനിച്ചുകൊണ്ട് നയിക്കുകയും അവര്‍ക്ക് മാതൃക സൃഷ്ടിക്കുകയും ചെയ്യേണ്ടുന്ന ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നതെന്ന വിരോധാഭാസമാണ് ഇവിടെ കാണുന്നത്.
വിഷയദാരിദ്ര്യവും ബ്രഹ്മപുരത്തെ തീ വേഗത്തില്‍ അണച്ചതിന്റെ അസ്വസ്ഥതയുമാണ് പ്രതിപക്ഷം നിലവിട്ടുപെരുമാറാന്‍ കാരണം. ഇടതുപക്ഷത്തിന്റെ തുടര്‍ഭരണമാണ് ഇവരുടെ സമനില തെറ്റിച്ചത്. ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. അതിനുപകരം വെറുതെ ബഹളമുണ്ടാക്കുകയും കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും വ്യക്തിപരമായി ഭരണപക്ഷത്തെ നേതാക്കളെ അപഹസിക്കുകയും ചെയ്തുകൊണ്ട് കാലിന്നടിയില്‍ ഒലിച്ചുപോകുന്ന മണ്ണിനെ പിടിച്ചുനിര്‍ത്താനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ദയനീയപരാജയമാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് മാത്രമേ പറയാനുള്ളൂ.
ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാരായ ശ്രീ. വി ശിവന്‍കുട്ടി, ശ്രീ. വി അബ്ദുറഹിമാന്‍, ശ്രീമതി വീണാ ജോര്‍ജ്, ശ്രീ. പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ രാഷ്ട്രീയമര്യാദകള്‍ക്ക് നിലക്കാത്ത രീതിയിലുള്ള പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. മന്ത്രി എന്ന നിലയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും എനിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ല എന്നതിന്റെ തെളിവ് കൂടെയാണ്. ബഹുമാനപ്പെട്ട സ്പീക്കറെയും ഇക്കൂട്ടര്‍ നിലവാരം കുറഞ്ഞ രീതിയില്‍ ആക്ഷേപിക്കുകയാണ്. ഇവ പിന്‍വലിച്ചു ക്ഷമാപണം നടത്തുവാനുള്ള വിവേകം പ്രതിപക്ഷ നേതാവ് കാണിക്കണം. നിയമസഭയില്‍ കയ്യേറ്റം ചെയ്യപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ച ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അത്തരത്തില്‍ താന്‍ കയ്യേറ്റം ചെയ്യപ്പെട്ടിട്ടില്ല എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെ പ്രതിപക്ഷത്തിന്റെ കാപട്യം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കപ്പെടുകയാണ് ഉണ്ടായത്. ഇന്ന് നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയ സംഭവം അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സിനു നിരക്കുന്നതല്ല. പ്രതിപക്ഷ അംഗങ്ങളുടെ കയ്യേറ്റത്തില്‍ പരിക്കേറ്റ 5 വനിതകള്‍ ഉള്‍പ്പെടെ 9 വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതെല്ലാം പൊതുജനം കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട് എന്ന ബോധ്യമെങ്കിലും പ്രതിപക്ഷ നേതാവിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കുമുണ്ടാകട്ടെ.
ഈ വാര്‍ത്ത കൂടി വായിക്കൂ
മരുമകന്റെ കമ്പനിക്ക് കരാര്‍; ടോണി ചമ്മിണിക്ക് വൈക്കം വിശ്വന്റെ വക്കീല്‍ നോട്ടീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ