പ്രസവ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കടുത്ത വയറുവേദന, പരിശോധനയിൽ 'ഞെട്ടി', അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 07:51 AM  |  

Last Updated: 16th March 2023 07:51 AM  |   A+A-   |  

surgery

പ്രതീകാത്മക ചിത്രം

കൊല്ലം: എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയ സംഭവത്തിൽ അന്വേഷണം. ഇതേ ആശുപത്രിയിലെ കരാർ ജീവനക്കാരിയായ ചിഞ്ചു രാജിന്റെ ശസ്ത്രക്രിയയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ചിഞ്ചുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തന്നെ ശസ്‌ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ കടുത്ത വയറുവേദനയെ തുടർന്ന് എക്‌സ്‌റേ എടുത്തപ്പോൾ പിഴവ് കണ്ടെത്തിയ ഡോക്ടേറർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി വസ്‌തു നീക്കം ചെയ്‌തു. എന്നാൽ ഇത് ബന്ധുക്കളെ അറിയിച്ചിരുന്നില്ല.

വയറ്റിൽ രക്തം കട്ടപിടിച്ചു കിടക്കുകയാണെന്നാണ് ബന്ധുക്കളെ അറിയിച്ചത്. സംശയം തോന്നി ഭർത്താവ് വിപിൻ സ്കാൻ സെന്ററിനോട് ഫലം ആവശ്യപ്പെട്ടെങ്കിലും അതു ഡോക്ടർക്കു കൊടുത്തെന്ന് പറഞ്ഞ് അവർ കയ്യൊഴിഞ്ഞു. 

തുടർന്ന് ബുധനാഴ്ച മറ്റൊരു ഡോക്ടർ ചിഞ്ചുവിന് ന്യുമോണിയയുടെ തുടക്കം, വയറ്റിൽ അണുബാധ എന്നിവ ഉണ്ടെന്നു പറഞ്ഞു. തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും എക്സ്റേയും മറ്റു ചികിത്സാരേഖകളും സമയത്തു കൈമാറിയില്ല. ഒടുവിൽ വിപിന്റെ പരാതിയിൽ എഴുകോൺ പൊലീസ് ആശുപത്രിയിൽ എത്തിയതോടെയാണ് രേഖകൾ കിട്ടിയത്. 

എക്സ്റേയിൽ നൂലു പോലുള്ള വസ്തു ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടു. രക്തം തുടയ്ക്കാനുള്ള സർജിക്കൽ മോപ്പാണിതെന്നാണ് സൂചന. യുവതിയെ ഉടൻ തന്നെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. സംഭവത്തിൽ വീഴ്ചയുണ്ടായതായി മെഡിക്കൽ സൂപ്രണ്ട് പ്രതികരിച്ചു. ഉള്ളിൽ കുടുങ്ങിയ വസ്തു ശ്രദ്ധയിൽപെട്ട ഉടൻ തന്നെ നീക്കം ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സൂപ്രണ്ട് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിൽ, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണം  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ