അന്വേഷണത്തെ ഭയക്കുന്നത് എന്തിന്?; മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അന്വേഷണവും പരിശോധനയും തടയാനാകില്ലെന്ന് ഹൈക്കോടതി
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ

കൊച്ചി: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണത്തിന് സ്‌റ്റേ ഇല്ല. എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

രേഖകൾ പരിശോധിക്കുന്നതിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന് എന്താണ് ആശങ്കയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ആരാഞ്ഞു. ഒളിക്കാനൊന്നുമില്ലെന്നും എന്നാൽ രണ്ടു സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും കെഎസ്ഐഡിസി വാദിച്ചു. എസ്എഫ്‌ഐഒ അന്വേഷണവും പരിശോധനയും അടക്കമുള്ളവ തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അറിയിപ്പു തരാതെയാണ് എസ്എഫ്‌ഐഒ പരിശോധന നടത്തുന്നതെന്ന് കെഎസ്‌ഐഡിസി കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി മറുപടി തേടി. എക്സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 12ന് പരിഗണിക്കുമ്പോൾ കെഎസ്ഐഡിസി വാദവും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ രാവിലെ കെഎസ്‌ഐഡിസിയുടെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.

കേരള ഹൈക്കോടതി
കേരളത്തില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ട കേസ്: റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് പണം നല്‍കിയ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ രണ്ട് ദിവസം എസ്എഫ്‌ഐഒ പരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് കെഎസ്‌ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് അന്വേഷണ സംഘം പരിശോധനക്കായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com