'ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലായിരിക്കണം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ നല്‍കുന്ന ആദരവ്'; പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടല്‍, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലായിരിക്കണം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ നല്‍കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയൽ

കൊച്ചി: ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലായിരിക്കണം ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ നല്‍കുന്ന ആദരവ് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഫ്ലാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗ പങ്കാളി ജെബിന്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചത്.

കേസില്‍ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം ഇന്ന് അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. ഇതിനുശേഷം മൃതദേഹം വിട്ടു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ വാദത്തിനിടെ വ്യക്തമാക്കി. ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നല്‍കാത്തത് എന്ന ഹര്‍ജിക്കാരന്റെ വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയവേ മരിച്ചതിനാല്‍ ആശുപത്രിയില്‍ 1.30 ലക്ഷം രൂപ ചെലവായി. ഇതു നല്‍കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ് ജെബിന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഉച്ചക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ഇന്ന് ഹാജരാക്കാം എന്ന് അഭിഭാഷകന്‍ അറിയിച്ചു.

ഫ്ലാറ്റില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മനുവിന്റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മനുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് വിഷയം ഹൈക്കോടതിയില്‍ എത്തിച്ചത്. ഫെബ്രുവരി മൂന്നിനാണ് പങ്കാളിക്ക് പുലര്‍ച്ചെ ഫ്ലാറ്റില്‍നിന്ന് താഴെ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റത്. നാലിന് മരിച്ചു. ആറു വര്‍ഷമായി ഒന്നിച്ച് താമസിച്ചിരുന്ന പങ്കാളിയാണ് മരിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നു.

സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ 1.3 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തനിക്ക് 30,000 രൂപ മാത്രം മുടക്കാനുള്ള ശേഷിയേ ഉള്ളുവെന്നും മൃതദേഹം വിട്ടുതരാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ജെബിന്‍ കോടതിയെ സമീപിച്ചത്.

കേരള ഹൈക്കോടതി
ആദ്യം പിഎഫ് ആനുകൂല്യം നിഷേധിച്ചത് ജനനവര്‍ഷത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടി, ശിവരാമന്റെ ആത്മഹത്യാ കുറിപ്പില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരും; അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com