'എന്തെങ്കിലും കൈപ്പറ്റിക്കളയാം എന്നു കരുതരുത്, ചില ശീലങ്ങള്‍ ഉപേക്ഷിച്ചേ മതിയാകൂ'; കൈക്കൂലിക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി 

രാജ്യത്ത് ആദ്യമായാണ് ഒറ്റ ക്ലിക്കില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന അവസ്ഥ ഉണ്ടാകുന്നത്
കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസം​ഗിക്കുന്നു/ ഫെയ്സ്ബുക്ക്
കെ സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസം​ഗിക്കുന്നു/ ഫെയ്സ്ബുക്ക്

കൊച്ചി: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ചുമതല ജനങ്ങളെ സേവിക്കലാണ്. അതിനായി എന്തെങ്കിലും കൈപ്പറ്റിക്കളയാം എന്നു കരുതരുത്. ചില ശീലങ്ങള്‍ ഉപേക്ഷിച്ചേ മതിയാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കെ സ്മാര്‍ട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി പൂര്‍ണമായി ഇല്ലാതാക്കലാണ് ഓരോ സ്ഥാപനത്തിന്റെയും ലക്ഷ്യം. കെ സ്മാര്‍ട്ട് വരുന്നതോടെ ജനങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങി ബുദ്ധിമുട്ടുന്ന അവസ്ഥ ഒഴിവാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രംഗത്തെ വലിയൊരു മുന്നേറ്റമാണ് കെ സ്മാര്‍ട്ട് പദ്ധതി.തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ ലഭ്യമാകും. വിവിധ ആപ്പുകളിലൂടെയും പോര്‍ട്ടലുകളിലൂടെയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. ഇതോടെ പൊതു സ്ഥാപനങ്ങള്‍ ജനസൗഹൃദപരമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

ഇതോടെ അഴിമതി കുറയും. അഴിമതി കുറഞ്ഞാല്‍ പോരാ, അഴിമതി ഇല്ലാതാകണം. അതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഴിമതി ഒരു കലയായി സ്വീകരിച്ചവര്‍ തന്നെ നമുക്കിടയിലുണ്ട്. പ്രത്യേക അവകാശം പോലെ കരുതി നടക്കുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ അവകാശം, ചെയ്ത ജോലിക്ക് ശമ്പളം വാങ്ങുക എന്നതാണ്. ഒപ്പം ജനങ്ങളെ സേവിക്കുക എന്നതുമാണ്. തെറ്റായ ശീലങ്ങള്‍ കൊണ്ടു നടക്കാന്‍ മുതിരരുത്. ചിലരെല്ലാം ഇതൊക്കെ ഞങ്ങള്‍ എത്രയോ കണ്ടതാണ് എന്ന മട്ടില്‍ ശീലം തുടരാന്‍ മിനക്കെടാറുണ്ട്. ജനങ്ങള്‍ ഒരു പ്രയാസവും അനുഭവിക്കാതെ സേവനം ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

ഓണ്‍ലൈനായി തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തുന്നു എന്നതാണ് കെ സ്മാര്‍ട്ട് പദ്ധതി. ഇത്തരമൊരു ചുവടുവെപ്പ് നവവത്സരദിനത്തില്‍ തന്നെ നടത്താന്‍ കഴിഞ്ഞത് ഏറെ സന്തോഷകരമാണ്. രാജ്യത്ത് ആദ്യമായാണ് ഒറ്റ ക്ലിക്കില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന അവസ്ഥ ഉണ്ടാകുന്നത്. 

സാങ്കേതികവിദ്യാ രംഗത്തെ വളര്‍ച്ച സമൂഹത്തിന്റെ നാനാമേഖലകളുടെ ഉന്നമനത്തിന് ഉപയോഗിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കെ ഫോണ്‍ സര്‍ക്കാര്‍ ആരംഭിച്ചത്. ഇതിനെല്ലാം പുറമേയാണ് 900 ഓളം സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയത്. 

ചിലരെല്ലാം അപേക്ഷ നല്‍കുമ്പോള്‍ വളരെയധികം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവരുണ്ട്. പരിഹരിക്കേണ്ട കാര്യങ്ങള്‍ ഒറ്റയടിക്ക് പറഞ്ഞാല്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരായ എംബി രാജേഷ്, പി രാജീവ്, ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com