'പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി'; കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്: ജി സുധാകരന്‍ 

2001ല്‍ കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ടെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍
ജി സുധാകരന്‍, ഫയല്‍ ചിത്രം
ജി സുധാകരന്‍, ഫയല്‍ ചിത്രം

ആലപ്പുഴ: 2001ല്‍ കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ടെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്ന് തനിക്ക് വോട്ട് ചെയ്യരുത് എന്ന് വോട്ടര്‍മാരോട് പറഞ്ഞു. 300 വോട്ടാണ് ആ ഭാഗത്ത് മറഞ്ഞതെന്നും ജി സുധാകരന്‍ ആരോപിച്ചു. സോഷ്യലിസ്റ്റ് നേതാവ് പി എ ഹാരിസ് അനുസ്മരണ സമ്മേളനത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയതിനെ തുടര്‍ന്ന് നേതൃത്വവുമായി അകന്നുനില്‍ക്കുന്ന സുധാകരന്‍ കായംകുളത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്. 'പാര്‍ട്ടി കേന്ദ്രമായ പത്തിയൂരില്‍. ഞാന്‍ താമസിച്ചിരുന്നത് അവിടെയാണ്. എനിക്ക് അവിടെ നിന്ന് വോട്ട് ലഭിക്കാതിരിക്കാന്‍ വേണ്ടി അവിടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. സുധാകരനോടുള്ള എതിര്‍പ്പ് കൊണ്ടല്ല. കല്ലെറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള എതിര്‍പ്പ് കാരണമാണ് വോട്ട് ചെയ്യാതിരുന്നത് എന്ന് അവര്‍ പറഞ്ഞു. വേദികുളങ്ങര എന്ന മറ്റൊരു ശക്തികേന്ദ്രത്തില്‍ പര്യടനം നടത്താന്‍ വണ്ടി പോലും വിട്ടുനല്‍കിയില്ല. കാലുവാരല്‍ കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്നവര്‍ ഇപ്പോഴും കായംകുളത്തുണ്ട്. വോട്ട മറിച്ച് കൊടുത്തത് കൊണ്ടാണ് തോറ്റത്' - സുധാകരന്‍ പറഞ്ഞു.

'ഒരാളെയും ഞാന്‍ വിശ്വസിക്കില്ല. കാലുവാരുന്നവരാണ്. എല്ലാവരും കാലുവാരി എന്നല്ല. അതില്‍ കുറച്ചു ആളുകള്‍ ഉണ്ട്. അതിപ്പോഴും ഉണ്ട്. നാളെയും ഉണ്ടാവും. രണ്ടു സ്ഥാനാര്‍ഥികള്‍ എന്റെ കാലുവാരി. വോട്ട് മറിച്ചുകൊടുത്തു.പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി'- സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com