'ആണും പെണ്ണും എത്രകാലം ഒരുമിച്ചു താമസിച്ചാലും വിവാഹമായി കണക്കാക്കാനാവില്ല'

2012 ല്‍ അന്തരിച്ച കണ്ണൂരിലെ കെ ടി രാമകൃഷ്ണന്‍ നമ്പ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയുടെ പദവി അവകാശപ്പെട്ട് 69ഉം 74 വയസുമുള്ള രണ്ട് സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: വിവാഹ ബന്ധം നിലനില്‍ക്കെ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ എത്രകാലം ഒരുമിച്ച് താമസിച്ചാലും അതിനെ വിവാഹമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അനു ശിവരാമനും ജസ്റ്റിസ് സി പ്രതീപ് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2012 ല്‍ അന്തരിച്ച കണ്ണൂരിലെ കെ ടി രാമകൃഷ്ണന്‍ നമ്പ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയുടെ പദവി അവകാശപ്പെട്ട് 69ഉം 74 വയസുമുള്ള രണ്ട് സ്ത്രീകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് കോടതിയുടെ പരാമര്‍ശം.

1966ല്‍ മതാചാര പ്രകാരമാണ് വിവാഹം കഴിച്ചതെന്ന് 74 കാരിയായ യുവതി അവകാശപ്പെട്ടു. മറുവശത്ത്, ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത 69 കാരിയായ ഒരു സ്ത്രീ, 1970 ല്‍ അവരെ വിവാഹം കഴിച്ചതായി അവകാശപ്പെട്ടു. രാമകൃഷ്ണന്‍ നമ്പ്യാരുടെ മരണശേഷം കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളും കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് സ്ത്രീകളും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. 74 കാരിയുടെ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ 
69 കാരി നിയമപരമായി വിവാഹിതയായ ഭാര്യ താനാണെന്ന പ്രഖ്യാപനത്തിനായി കണ്ണൂര്‍ കുടുംബ കോടതിയെ സമീപിച്ചു. പരേതനായ രാമകൃഷ്ണന്‍ തന്നോടൊപ്പം 40 വര്‍ഷത്തിലേറെയായി താമസിച്ചിരുന്നതായും അതിനാല്‍ ഭാര്യാഭര്‍ത്താക്കന്മാരായി അവര്‍ തമ്മിലുള്ള ദീര്‍ഘകാല സഹവാസം വിവാഹത്തിന് തുല്യമാണെന്നും അവര്‍ വാദിച്ചു. 

പരേതനായ രാമകൃഷ്ണന്‍ നമ്പ്യാര്‍ ആചാരപ്രകാരമാണ് 74കാരിയെ വിവാഹം കഴിച്ചതെന്ന് കുടുംബകോടതി കണ്ടെത്തി. മരിച്ചയാളുടെ സഹോദരന്റെയും രണ്ട് ബന്ധുക്കളുടെയും മൊഴിയും കുടുംബ കോടതി രേഖപ്പെടുത്തി. വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങുകളുടെ വിശദാംശങ്ങളാണ് വിചാരണ വേളയില്‍ ഇവര്‍ സമര്‍പ്പിച്ചത്. അതിനാല്‍, 74 വയസ്സുള്ള സ്ത്രീ പരേതനായ രാമകൃഷ്ണന്‍ നമ്പ്യാരുടെ നിയമപരമായി വിവാഹിതയായ ഭാര്യയാണെന്ന് വിചാരണ കോടതി വ്യക്തമാക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com