നവകേരള സദസിന്റെ വേദിയില്‍ മറ്റ് പരിപാടികള്‍ക്കുള്ള അനുമതി നിഷേധം തുല്യനീതിയുടെ ലംഘനം; ട്വന്റി 20യ്ക്ക് വേദി അനുവദിച്ച് ഹൈക്കോടതി

പൂതൃക്ക പഞ്ചായത്തിലുള്ള കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഗ്രൗണ്ടില്‍ ഈ മാസം 21ന് വൈകിട്ട് 5.30നാണ് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി 20യുടെ സമ്മേളനത്തിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. പൂതൃക്ക പഞ്ചായത്തിലുള്ള കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഗ്രൗണ്ടില്‍ ഈ മാസം 21ന് വൈകിട്ട് 5.30നാണ് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. സമ്മേളനം തടസപ്പെടുത്താന്‍ ശ്രമിക്കുകയോ സംഘാടകരെ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് എറണാകുളം ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവരോട് കോടതി നിര്‍ദേശം നല്‍കി. 

'നവകേരള സദസ്' നടന്ന വേദിയില്‍ മറ്റുള്ളവര്‍ക്ക് പരിപാടികള്‍ നടത്താന്‍ അനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയുടെ ലംഘനമാകുമെന്ന് കോടതി നിരീക്ഷിച്ചു. ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി ഒരു വിധത്തിലും സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് അധികാരികള്‍ തീരുമാനിച്ചിരുന്നതായി ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മൈതാനത്തിന്റെ ഒരു ഭാഗം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന് എതിര്‍ഭാഗം വാദിച്ചു. 

സമ്മേളനം നടത്താന്‍ അനുമതി നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. കോളജ് ഗ്രൗണ്ടിന്റെ കുറച്ചു ഭാഗം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് റവന്യൂ വകുപ്പില്‍നിന്നു കൂടി അനുമതി വാങ്ങാന്‍ സംഘാടകരോടു പറഞ്ഞിരുന്നു എന്നും എന്നാല്‍ സബ് ഡിവിഷണല്‍ ഓഫീസില്‍ നല്‍കിയ നിവേദനത്തില്‍ സ്വകാര്യ ഭൂമിയിലാണ് സമ്മേളനം നടത്തുന്നത് എന്നും പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ കോടയില്‍ എതിര്‍ വാദം ഉന്നയിച്ചിരുന്നു. 

10,000 രൂപ ഈടാക്കി കോളജ് പ്രിന്‍സിപ്പല്‍ സമ്മേളനത്തിന് മൈതാനം ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് സമ്മേളനത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിന് പുത്തന്‍കുരിശ് സബ് ഡിവിഷണല്‍ ഓഫിസും അനുമതി നല്‍കി എന്ന് വാദിഭാഗം ചൂണ്ടിക്കാട്ടി. വാദം കേട്ട ശേഷം സമ്മേളനം നടത്താന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com