മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിച്ചാല്‍ എന്താണ് കുഴപ്പം?; കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഹര്‍ജി അടുത്ത മാസം അഞ്ചാം തീയതിയിലേക്ക് മാറ്റി
കേരള ഹൈക്കോടതി
കേരള ഹൈക്കോടതിടിപി സൂരജ്

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പരിശോധിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം വൈകുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നിലവിലെ അന്വേഷണം മതിയെന്നും മറ്റൊരു ഏജന്‍സി വേണ്ടെന്നും സിഎംആര്‍എല്ലും സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും കോടതിയില്‍ അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മൂന്നു സംസ്ഥാനങ്ങളിലെ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കമ്പനി കാര്യമന്ത്രാലയം അന്വേഷിക്കുന്നുണ്ടെങ്കിലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു.

ഇതോടെ മറുപടിക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടിയപ്പോഴാണ് സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചത്. കൂടുതല്‍ സാവകാശം തേടിയ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അനുവദിച്ച കോടതി ഹര്‍ജി അടുത്ത മാസം അഞ്ചാം തീയതിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com