കമാന്‍ഡോ സംഘം രാജ്ഭവനില്‍ എത്തി, ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു

ഇഡസ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്കായി ഒരുക്കിയിരിക്കുന്നത്
രാജ്ഭവനില്‍ സിആര്‍പിഎഫ് എത്തിയപ്പോള്‍
രാജ്ഭവനില്‍ സിആര്‍പിഎഫ് എത്തിയപ്പോള്‍ടെലിവിഷന്‍ ദൃശ്യം

കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു. സുരക്ഷ ഒരുക്കാനുള്ള കമാന്‍ഡോ സംഘം രാജ്ഭവനില്‍ എത്തി. ഇഡസ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

രാജ്ഭവനില്‍ സിആര്‍പിഎഫ് എത്തിയപ്പോള്‍
'ഇങ്ങനെയൊരു അധികാരിയെ മുമ്പ് കണ്ടിട്ടുണ്ടോ'; ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമെന്ന് മുഖ്യമന്ത്രി

ഇന്ന് ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര തീരുമാനം എത്തിയത്. എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ സ്വീകരിച്ച നിലപാടില്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു.

കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com