കൈക്കൂലിപ്പണം ഒളിപ്പിച്ചത് ചാക്കിനുള്ളില്‍; കോഴിക്കോട് എംവിഐ അറസ്റ്റില്‍

ഫറോക്കിലെ വാഹനപുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി
അബ്ദുള്‍ ജലീല്‍
അബ്ദുള്‍ ജലീല്‍ടിവി ദൃശ്യം

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീല്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചാക്കില്‍ നിന്നും പതിനായിരം രൂപ കണ്ടെടുത്തു.

ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി. പരിശോധനയ്ക്ക് എത്തിയപ്പോള്‍ കടയുടമ ഉണ്ടായിരുന്നില്ലെന്ന കാരണം പറഞ്ഞ്, ലോഗിന്‍ ഐഡി അബ്ദുള്‍ ജലീല്‍ ബ്ലോക്ക് ചെയ്തിരുന്നു. ഐഡി തിരികെ നല്‍കാന്‍ പതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. അവധി ദിവസമായതിനാല്‍ പണം വീട്ടില്‍ കൊണ്ടു വന്നു നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം, കടയുടമ അബ്ദുള്‍ ജലീലിന് വീട്ടിലെത്തി കൈമാറി. പരാതിക്കാരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം വീട്ടിനകത്തെത്തി എംവിഐയെ പിടികൂടുകയായിരുന്നു.

മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ജലീല്‍ അതിനിടെ കൈക്കൂലി പണം വീട്ടിലെ അടുക്കളയില്‍ ചാക്കിനകത്ത് ഒളിപ്പിച്ചിരുന്നു. ചാക്കില്‍ നിന്നാണ് പണം കണ്ടെടുത്തത്. ജലീലിനെതിരെ മുമ്പും നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും, എന്നാല്‍ തെളിവില്ലാത്തതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും വിജിലന്‍സ് സംഘം സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com