ഫ്രിഡ്ജ് റിപ്പയര്‍ ചെയ്ത് നല്‍കിയില്ല, ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

കൂളിങ്ങ് സംവിധാനം തകരാറിലായ ഫ്രിഡ്ജ് റിപ്പയറിങ്ങിന് നല്‍കി 25 ദിവസം കഴിഞ്ഞിട്ടും സര്‍വീസ് ചെയ്ത് കിട്ടിയില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഉല്‍പ്പന്നം റിപ്പയര്‍ ചെയ്യാനുള്ള ഉപഭോക്താവിന്റെ അവകാശം ലംഘിച്ച ഫ്രിഡ്ജിന്റെ നിര്‍മാതാവും സര്‍വീസ് സെന്ററും ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. എറണാകുളം വാഴക്കാല സ്വദേശി എസ് ജോസഫ് ആണ് പരാതി നല്‍കിയത്.

2019 ജനുവരി മാസമാണ് സാംസങ് സര്‍വീസ് സെന്ററിനെ ഫ്രിഡ്ജിന്റെ റിപ്പയറിങ്ങിനായി സമീപിച്ചത്. കൂളിങ്ങ് സംവിധാനം തകരാറിലായ ഫ്രിഡ്ജ് റിപ്പയറിങ്ങിന് നല്‍കി 25 ദിവസം കഴിഞ്ഞിട്ടും സര്‍വീസ് ചെയ്ത് കിട്ടിയില്ല. ഇതുമൂലം കുടുംബത്തിന്റെ ദൈനംദിന പ്രവര്‍ത്തനം തന്നെ താളം തെറ്റിയെന്ന് പരാതിക്കാരന്‍ പറയുന്നു. പ്രായമായ മാതാപിതാക്കളുടെ പ്രമേഹ ചികിത്സാ മരുന്ന് സമയത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. നിരവധി തവണ സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. 9 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫ്രിഡ്ജിന് തകരാറുണ്ടായതെന്നും നിര്‍മിച്ചതിലുള്ള പ്രശ്‌നമല്ലെന്നും മറിച്ച് പരാതിക്കാരന്‍ ഉപയോഗിച്ചതിന്റെ പിഴവ് മൂലമാണ് ഇത് സംഭവിച്ചത്. വാറണ്ടി കാലയളവിന് ശേഷമാണ് റിപ്പയര്‍ ചെയ്യുന്നതിനായി സര്‍വീസ് സെന്ററില്‍ എത്തിയതെന്നും എതിര്‍കക്ഷി കോടതിയെ ബോധിപ്പിച്ചു.

പ്രതീകാത്മക ചിത്രം
പൂപ്പാറ കൂട്ടബലാത്സംഗം: മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

എന്നാല്‍ ന്യായമായ സമയത്തിനകം എതിര്‍കക്ഷി ഫ്രിഡ്ജിന്റെ സര്‍വീസ് നടത്തുന്നതില്‍ എതിര്‍ കക്ഷികള്‍ വീഴ്ച വരുത്തിയതിനാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വി.രാമ ചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി വ്യക്തമാക്കി.

വലിയ വില കൊടുത്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവ് അത് പ്രവര്‍ത്തന രഹിതമായാല്‍ സര്‍വീസ് സെന്ററിനെ സമീപിക്കുന്നു. പലപ്പോഴും കൃത്യമായ സര്‍വീസ് ഉല്‍പ്പന്നത്തിന് അവിടെ നിന്നും ലഭിക്കാറില്ല. അതിനാല്‍ മറ്റൊരു ഉല്‍പ്പന്നം തന്നെ വില കൊടുത്ത് വാങ്ങാന്‍ ഉപഭോക്താവ് നിര്‍ബന്ധനാകും. ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ മാത്രമല്ല ഇത് ഹനിക്കുന്നത്, അമിത ചെലവും പരിസ്ഥിതി മലിനീകരണവും വര്‍ദ്ധിക്കുന്നുവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

യഥാസമയം ഫ്രിഡ്ജ് റിപ്പയര്‍ ചെയ്ത് നല്‍കാത്തതുമൂലം പരാതിക്കാരന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കും സാമ്പത്തിക ക്ലേശത്തിനും 80,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം എതിര്‍കക്ഷികള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പരാതിക്കാരനു വേണ്ടി പി യു സിയാദ് ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com