'മോദിജീ ശക്തന്‍';പദ്മജ ബിജെപിയില്‍

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ച് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.
ബിജെപിയില്‍ ചേര്‍ന്ന് പദ്മജ
ബിജെപിയില്‍ ചേര്‍ന്ന് പദ്മജപിടിഐ

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ജാവഡേക്കറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയശേഷമാണ് ഇരുവരും ബിജെപി ആസഥാനത്തെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്ന് പദ്മജ വേണുഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു.

കോണ്‍ഗ്രസുമായി ഏറെക്കാലമായി അകല്‍ച്ചയിലായിരുന്നെന്ന് പദ്മജ പറഞ്ഞു. വളരെയധികം സന്തോഷവും കുറച്ച് ടെന്‍ഷനുമുണ്ട്. ആദ്യമായാണ് പാര്‍ട്ടി മാറുന്നത്. കുറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലാണ്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം. ഹൈക്കമാന്‍ഡില്‍ പരാതി നല്‍കിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പലതവണ എത്തിയെങ്കിലും അതിനു അനുവാദം തന്നില്ലെന്ന് പദ്മജ പറഞ്ഞു. എല്ലാ പാര്‍ട്ടികള്‍ക്കും ശക്തമായ നേതൃത്വം വേണം. കോണ്‍ഗ്രസില്‍ അതില്ല. സോണിയ ഗാന്ധിയോട് വളരെയധികം ബഹുമാനമുണ്ട്. എന്നാല്‍ അവരെ കാണാന്‍ ഒരിക്കല്‍ പോലും അനുവാദം തന്നിട്ടില്ല. അതുകൊണ്ടാണ് ഈ തീരുമാനമെടുത്ത്. ഈ പാര്‍ട്ടിയെക്കുറിച്ച് പഠിക്കണം. മോദിജീ കരുത്തനായ നേതാവാണ്. അതുകൊണ്ടു മാത്രമാണ് ഈ പാര്‍ട്ടിയിലേക്ക് വന്നതെന്നും പദ്മജ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പദ്മജ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2004ല്‍ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തില്‍ നിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പന്‍ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരില്‍നിന്ന് 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, ബിജെപി അംഗത്വം സ്വീകരിക്കാനുള്ള പദ്മജയുടെ തീരുമാനത്തിനെതിരെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ കെ മുരളീധരന്‍ രംഗത്തെത്തി. പദ്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങള്‍ നേരിടും. വര്‍ക്ക് അറ്റ് ഹോം ചെയ്യുന്നവര്‍ക്ക് ഇത്രയൊക്കെ സ്ഥാനങ്ങള്‍ കൊടുത്താല്‍ പോരെയെന്നും പദ്മജയുടെ പരിഭവങ്ങള്‍ക്കു മറുപടിയായി കെ മുരളീധരന്‍ ചോദിച്ചു.

അച്ഛന്റെ ആത്മാവ് പദ്മജയോടു പൊറുക്കില്ല. സഹോദരിയെന്ന സ്‌നേഹമൊന്നും ഇനിയില്ല. ഞങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കമൊന്നുമില്ല. കാരണം അച്ഛന്‍ അത്രയൊന്നും സമ്പാദിച്ചിട്ടില്ല. പാര്‍ട്ടിയെ ചതിച്ചവരുമായി ബന്ധമില്ല. കരുണാകരന്‍ അന്ത്യവിശ്രമം കൊള്ളുന്നസ്ഥലത്ത് സംഘികളെ നിരങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല. പദ്മജ ചാലക്കുടിയില്‍ മത്സരിച്ചാല്‍ നോട്ടയ്ക്കായിരിക്കും കൂടുതല്‍ വോട്ടെന്നും മുരളീധരന്‍ പരഹസിച്ചു.

കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് എല്ലാക്കാലത്തും പദ്മജക്ക് നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പില്‍ ചിലരൊക്കെ കാലുവാരിയാല്‍ തോല്‍ക്കില്ല. അങ്ങനെയെങ്കില്‍ എന്നെയൊക്കെ ഒരുപാട് പേര്‍ വാരിയിട്ടുണ്ട്. നമ്മള്‍ പൂര്‍ണമായും ജനങ്ങള്‍ക്കു വിധേയരായാല്‍ കാലുവാരലൊന്നും ഏല്‍ക്കില്ല. ഞാന്‍ കോണ്‍ഗ്രസ് വിട്ടുപോയ സമയത്തുപോലും ബിജെപിയുമായി ചേര്‍ന്നിട്ടില്ല. കരുണാകരന്റെ കുടുംബത്തില്‍നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്നു പറയുന്നതു സാധാരണക്കാര്‍ക്കു വിഷമമുണ്ടാക്കും. പദ്മജയെ എടുത്തതു ബിജെപിക്കു ചില്ലികാശിനു ഗുണമുണ്ടാക്കില്ല. ബിജെപിയിലേക്കു പോകുമെന്ന് എന്നോട് ഒരു സംസാരത്തിലും പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സാക്ഷാല്‍ കരുണാകരനും കെ മുരളീധരനും പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന ആളാണ് താനെന്നായിരുന്നു പദ്മജയുടെ മറുപടി. ആ താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് വിടണമെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കപ്പുറം പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്നു മനസിലാക്കണം. പാര്‍ട്ടി ഒരു വിലയും നല്‍കിയിരുന്നില്ല. തന്നെ അപമാനിച്ചതിനെക്കാള്‍ അപ്പുറം കെ കരുണാകരനെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിച്ചത്. കരുണാകരന്‍ ജീവിതത്തില്‍ ഏറ്റവുമധികം എതിര്‍ത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാരെയാണ്. ആ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടു പോലും ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ സഹകരിക്കേണ്ടി വന്നത് മുരളീധരന്‍ കാരണമാണെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.

ബിജെപിയില്‍ ചേര്‍ന്ന് പദ്മജ
നാലു വോട്ടിനായി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com