'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

വന്‍ മരങ്ങള്‍ക്കു തണലായി പതിറ്റാണ്ടുകള്‍ നിന്ന കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ (83) ഇനി മേളം ആസ്വാദകരുടെ മനസില്‍ കൊട്ടിക്കയറും
കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍
കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍

തൃശൂര്‍: വന്‍ മരങ്ങള്‍ക്കു തണലായി പതിറ്റാണ്ടുകള്‍ നിന്ന കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ (83) ഇനി മേളം ആസ്വാദകരുടെ മനസില്‍ കൊട്ടിക്കയറും. മേള പ്രമാണിമാരുടെ വലത്തും ഇടത്തും നിന്നും അത്ഭുതം സൃഷ്ടിച്ച കേളത്ത് ആസ്വാദകര്‍ക്ക് പാണ്ടി- പഞ്ചാരി മേളങ്ങളുടെ മധുരമാണ് ഇത്രയും നാള്‍ പകര്‍ന്നത്. തൃശൂര്‍ പൂരത്തിന് മാത്രം 45 വര്‍ഷമാണ് കൊട്ടിയത്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരക്‌സ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

70 വര്‍ഷം നീണ്ട മേളം സപര്യയില്‍ പത്താം വയസ്സിലാണ് അരവിന്ദാക്ഷന്‍ മാരാര്‍ ശരിക്കും കൊട്ടിത്തുടങ്ങിയത്. കേളത്തെന്നും അരവിന്ദേട്ടനെന്നുമെല്ലാം ആരാധകര്‍ വിളിക്കുന്ന മാരാര്‍ക്ക് അമ്പരപ്പിക്കുന്ന ആരാധക വൃന്ദമുണ്ട്. പാറമേക്കാവിന് വേണ്ടി ആദ്യം 13 വര്‍ഷവും ഇടവേളയ്ക്കു ശേഷം തുടര്‍ച്ചയായി 23 വര്‍ഷവുമാണ് കൊട്ടിയത്. തിരുവമ്പാടിക്കു വേണ്ടി 9 വര്‍ഷവും അരവിന്ദാക്ഷന്‍ മാരാര്‍ കൊട്ടി. ഇതിനിടയില്‍ 18 വര്‍ഷം പൂരത്തില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്തു. അച്ഛന്‍ കൊടികെട്ടിയ കൊട്ടുകാരനായ മാക്കോത്ത് ശങ്കരന്‍കുട്ടിമാരാരാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാണ്ടി ചക്രവര്‍ത്തി എന്നറിയപ്പെടുന്ന പരിയാരത്ത് കുഞ്ഞന്‍മാരാരാണു പതിമൂന്നാം വയസ്സില്‍ അരവിന്ദാക്ഷനെ പൂരത്തിനു കൊണ്ടുപോയത്. എല്ലാംകൊണ്ടും അതൊരു ഐശ്വര്യമുള്ള തുടക്കമായിരുന്നു. കിഴക്കൂട്ട് അനിയന്‍മാരാര്‍ തുടങ്ങിയ എല്ലാ മേള രാജാക്കന്മാര്‍ക്കുമൊപ്പം അരവിന്ദാക്ഷന്‍ കൊട്ടി. പലരും അരവിന്ദാക്ഷനെ തൊട്ടടുത്തു പിടിച്ചു നിര്‍ത്തി. കാരണം ഏതു കാറ്റും താങ്ങാന്‍ കെല്‍പ്പുള്ള മരമായിരുന്നു അരവിന്ദാക്ഷന്‍. ഒരാള്‍ വിചാരിച്ചാല്‍ പോലും മേളം തകര്‍ക്കാനാകും. അതുണ്ടായിട്ടുമുണ്ട്. പ്രമാണിക്കൊന്നു പിഴച്ചാല്‍ എല്ലാം തീര്‍ന്നു. ആ സമയത്തു ആരും പറയാതെ നിയന്ത്രിക്കേണ്ടതു വലത്തു നില്‍ക്കുന്നയാളാണ്. ഏതു സമയത്തും അതിനുള്ള കരുത്ത് അരവിന്ദാക്ഷന്‍ മാരാര്‍ക്കുണ്ട്.

പാണ്ടിയുടെയും പഞ്ചാരിയുടെയും ക്ലാസിക് ശൈലിയിലാണ് അരവിന്ദാക്ഷന്‍ മാരാരുടെ കൊട്ട്. അധികം മുറുക്കാതെയുള്ള സംഗീതാത്മക ശൈലി. പതിയെ, പതിയെ പെരുക്കി വരുന്ന ശൈലി. എല്ലാ മേളത്തിലും അദ്ദേഹം അതുറപ്പാക്കുകയും ചെയ്തു. അരവിന്ദാക്ഷന്‍ നില്‍ക്കുമ്പോള്‍ കൂടെയുള്ളവര്‍ക്കു തോന്നിയതുപോലെ പോകാന്‍ ധൈര്യമില്ലായിരുന്നു. പ്രമാണി പറയുന്നതു കൊട്ടുക എന്നാണ് അരവിന്ദാക്ഷമാരാര്‍ കൂടെയുള്ളവരെ ഓര്‍മിപ്പിച്ചത്.

പ്രമാണിയാകാന്‍ വിളിച്ചിട്ടും കുട്ടിയെപ്പോലെ ചിരിച്ചുകൊണ്ടു തെന്നിമാറിയ അരവിന്ദാക്ഷന്‍ എടക്കുന്നി ഭഗവതിയുടെ ആറാട്ടിനു 45 വര്‍ഷമായി പ്രമാണം വഹിച്ചിട്ടുണ്ട്. പെരുവനത്തും ഇരിങ്ങാലക്കുടയിലും ഗുരുവായൂരിലുമെല്ലാം അപൂര്‍വമായി അദ്ദേഹം പ്രമാണിയായിട്ടുണ്ട്. ഏതു പ്രമാണിക്കും വിശ്വസിക്കാവുന്ന കരുത്താണ് അദ്ദേഹം. മുഴുവന്‍ സമയവും ചിരിച്ചുകൊണ്ടു എല്ലാ ഭാഗത്തേക്കും കണ്ണോടിക്കുന്ന അരവിന്ദാക്ഷ മാരാര്‍ മേളത്തിന്റെ ബലമാണ്. അത്തരമൊരു ബലമുണ്ടെങ്കിലെ പ്രമാണിക്കു ചാരി നില്‍ക്കാനാകൂ.

പെരുവനം കുട്ടന്‍ മാരാര്‍ ഒരു തവണ ഇലഞ്ഞിച്ചോട്ടില്‍ നിന്നു കുറച്ചു സമയം മാറിനിന്നപ്പോള്‍ മേളം നടത്തിയതു അരവിന്ദാക്ഷനാണ്. ഇലഞ്ഞിത്തറയിലെ ഏക അര്‍ധ പ്രമാണിയെന്നു വേണമെങ്കില്‍ പറയാം. പെരുവനം കുട്ടന്‍ മാരാര്‍ക്കൊപ്പം 23 വര്‍ഷം കൊട്ടിയാണ് അരവിന്ദാക്ഷന്‍ ഇലിഞ്ഞിത്തറയോടു യാത്ര പറഞ്ഞത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ്.

കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍
തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com