റ്റിജെഎസ് ജോര്‍ജ് എഴുതുന്നു: ഹവ്വയും സീതയും ബിഷപ്പുമാരും അറിയാന്‍

ക്രിസ്ത്യാനികള്‍ മദ്യം കഴിക്കില്ല എന്ന് ഒരു ദിവസം തീരുമാനിച്ചാല്‍ അടുത്ത ദിവസം മദ്യലോബിയും മദ്യവില്‍പ്പനയും മദ്യസംസ്‌കാരവും നിലംപതിക്കും
റ്റിജെഎസ് ജോര്‍ജ് എഴുതുന്നു: ഹവ്വയും സീതയും ബിഷപ്പുമാരും അറിയാന്‍

കേരളത്തില്‍ മദ്യസേവ നടത്തുന്നതില്‍ അന്‍പതു ശതമാനത്തിലധികം സത്യക്രിസ്ത്യാനികളായിരിക്കും. ഈ ആട്ടിന്‍കൂട്ടത്തെ സ്വാധീനിക്കാന്‍ ഇടയന്മാര്‍ക്കു സാധിക്കില്ലേ? ക്രിസ്ത്യാനികള്‍ മദ്യം കഴിക്കില്ല എന്ന് ഒരു ദിവസം തീരുമാനിച്ചാല്‍ അടുത്ത ദിവസം മദ്യലോബിയും മദ്യവില്‍പ്പനയും മദ്യസംസ്‌കാരവും നിലംപതിക്കും- റ്റിജെഎസ് ജോര്‍ജ് എഴുതുന്നു.

ബീഫിന്റെ കാര്യത്തില്‍ കേരളം ഒരു മാതൃകയാണ്. എന്നുവച്ചാല്‍, ജാതിമതഭേദമെന്യേ സാധാരണ ജനങ്ങള്‍ ബീഫ് കഴിക്കുന്ന സംസ്ഥാനമാണ് കേരളം. അതേ സാഹോദര്യം മദ്യത്തിന്റെ കാര്യത്തിലും കാണാം. ഉച്ചനീചത്വമില്ലാതെ, ജാതിയോ മതമോ നോക്കാതെ, പാര്‍ട്ടി രാഷ്ട്രീയം പോലും കണക്കിലെടുക്കാതെ മദ്യസംസ്‌കാരം കേരളത്തെ ഒറ്റക്കെട്ടാക്കി നിലനിര്‍ത്തുന്നു. ഇതു യാഥാര്‍ത്ഥ്യമാണ്. വി.എം. സുധീരനും എ.കെ. ആന്റണിയും ശുദ്ധഗതിക്കാരായതുകൊണ്ടാണ് മദ്യനിരോധനത്തെക്കുറിച്ച് സ്വപ്നം കാണുന്നത്. 


'പ്രൊഹിബിഷന്‍' എന്ന ആശയം ലോകത്തിലൊരിടത്തും വിജയിച്ചിട്ടില്ല എന്ന വസ്തുത ഇതിനോടകം ഒരുപാട് പറഞ്ഞുകഴിഞ്ഞതാണ്. മറിച്ച്, മാഫിയ സംസ്‌കാരം വളര്‍ത്തുകയാണ് നിരോധനം ചെയ്യുന്നത് എന്നും ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞു. ഷിക്കാഗോയിലും ബോംബെയിലും ഇതു നാം കണ്ടു. ബോംബെയില്‍ പ്രൊഹിബിഷന്‍ വീക്ക് എന്ന ഒരാഴ്ചത്തെ ആഘോഷം ആണ്ടുതോറും മൊറാര്‍ജി ദേശായി സംഘടിപ്പിച്ചിരുന്നു. അതിന് ആളും അര്‍ത്ഥവും എത്തിച്ച് വന്‍ വിജയമാക്കിയത് കള്ളമദ്യത്തില്‍ക്കൂടി കോടീശ്വരന്മാരായ മാഫിയ നേതാക്കന്മാരായിരുന്നു. ഗുജറാത്തില്‍ പണ്ടുമുതലേ നിരോധനം വേരുറപ്പിച്ചിരുന്നു. വേഗം പണമുണ്ടാക്കാന്‍ പറ്റിയ ഒരു ബിസിനസ്സായിട്ടാണ് ജന്മനാ ബിസിനസ്സുകാരായ ഗുജറാത്തികള്‍ അതിനെ സ്വാഗതം ചെയ്തത്. ഗുജറാത്തിലെ ഏതു കുഗ്രാമത്തിലും ഏതുതരം മദ്യവും സുലഭമാണ്. 


പ്രൊഹിബിഷന്‍ എന്നാല്‍ പാടില്ല എന്നാണല്ലോ അര്‍ത്ഥം. പാടില്ല എന്നു പറഞ്ഞു വിലക്കുന്ന സാധനത്തോട് ഒരു പ്രത്യേക മമത തോന്നുക എന്നതാണ് മനുഷ്യസ്വഭാവം. മതങ്ങളും ഇതു സമ്മതിക്കുന്നു. ആദിമനുഷ്യരായ ആദാമിനോടും ഹവ്വയോടും ദൈവം ഒരു കാര്യം പറഞ്ഞു, ഒരു മരത്തിലെ ഫലം മാത്രം ഭക്ഷിക്കരുതെന്ന്. ആ ഒരു മരത്തിലെ ഫലത്തിനോടു മാത്രമായി ആദാമിന്റെയും ഹവ്വയുടെയും ആര്‍ത്തി. വിലക്കപ്പെട്ട ഫലം പറിച്ച് അവര്‍ ഭക്ഷിക്കുകയും ഉടന്‍ തന്നെ തോട്ടത്തില്‍നിന്ന് അവര്‍ ബഹിഷ്‌കൃതരാവുകയും ചെയ്തു. 


അതിനും യുഗങ്ങള്‍ക്കു മുന്‍പാണല്ലോ രാമനും സീതയും വനവാസത്തിനു പോയത്. ദണ്ഡകാരണ്യത്തില്‍ സ്വര്‍ണ്ണ മാനിനെ പിടിക്കാന്‍ പോയ രാമനെ കാണാതെ വന്നപ്പോള്‍ അന്വേഷിച്ചുപോകാന്‍ ലക്ഷ്മണന്‍ നിര്‍ബന്ധിതനായി. ഒരു വരവരച്ച് അതിനു പുറത്തുകടക്കരുത് എന്ന ഒരു ചെറിയ പ്രൊഹിബിഷന്‍ സീതയുടെമേല്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് ലക്ഷ്മണന്‍ പുറപ്പെട്ടത്. എന്തു സംഭവിച്ചു? വെറുമൊരു യാചകന്റെ പേരില്‍ പ്രൊഹിബിഷന്‍ ലംഘിച്ച് സീത വരയ്ക്കു പുറത്തിറങ്ങി. പിന്നെ ലങ്കയിലാണു പൊങ്ങിയത്. 
പ്രൊഹിബിഷന്‍ ഏര്‍പ്പെടുത്തിയാല്‍ മനുഷ്യന്‍ അതു ലംഘിക്കും. അതു മനുഷ്യന്റെ പ്രകൃതമാണ്. കേരളത്തില്‍ മതമേലദ്ധ്യക്ഷന്മാര്‍ അതു മനസ്സിലാക്കാന്‍ മാത്രമല്ല വിസമ്മതിക്കുന്നത്. മദ്യസംസ്‌കാരം ഇല്ലാതാക്കാന്‍ അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതു യുക്തിരഹിതമാണെന്നും അവര്‍ അറിയുന്നില്ല. ക്രിസ്ത്യന്‍ ബിഷപ്പുമാരുടെ സംഘടന കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുന്നു. വാസ്തവത്തില്‍ ബിഷപ്പുമാര്‍ വിചാരിച്ചാല്‍ മദ്യലോബിയുടെ നട്ടെല്ലല്ല, ചങ്കും തകര്‍ക്കാന്‍ അവര്‍ക്കു സാധിക്കും. പക്ഷേ, കോടതിയല്ല അതിനുള്ള വഴി. 


കണക്കുകള്‍ എന്റെ കൈവശമില്ല. എങ്കിലും ഒരു സംഗതി ഉറപ്പിച്ചു പറയാം, കേരളത്തില്‍ മദ്യസേവ നടത്തുന്നതില്‍ അന്‍പതു ശതമാനത്തിലധികം സത്യക്രിസ്ത്യാനികളായിരിക്കും. ഈ ആട്ടിന്‍കൂട്ടത്തെ സ്വാധീനിക്കാന്‍ ഇടയന്മാര്‍ക്കു സാധിക്കില്ലേ? ക്രിസ്ത്യാനികള്‍ മദ്യം കഴിക്കില്ല എന്ന് ഒരു ദിവസം തീരുമാനിച്ചാല്‍ അടുത്ത ദിവസം മദ്യലോബിയും മദ്യവില്‍പ്പനയും മദ്യസംസ്‌കാരവും നിലംപതിക്കും. 


ബിഷപ്പുമാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കാതെ, കോടതി കയറാതെ, അവരുടെ പള്ളികളില്‍നിന്നുകൊണ്ട് മദ്യരാജാക്കന്മാരെ നേരിടണം. ജയം നിശ്ചയം. എന്നുവച്ചാല്‍ ക്രിസ്ത്യാനികളെ വരച്ചവരയ്ക്കകത്തു നിര്‍ത്താന്‍ ബിഷപ്പുമാര്‍ക്കു സാധിക്കണം. സാധിച്ചില്ലെങ്കില്‍ പിന്നെ ബിഷപ്പും പള്ളിയുമൊക്കെ എന്തിന്? നിയമനിര്‍മ്മാണത്തില്‍ക്കൂടി മദ്യത്ത ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. 
ആമീന്‍... 

                        
.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com