''ആ പഴയ നിലാവും അന്നു കേട്ട നിലാപ്പാട്ടുകളും അതേപടിയുണ്ട് മനസ്സില്‍''

പൊള്ളുന്ന വെയിലില്‍ പിറന്നുവീണിട്ടും നിലാവലകളായി പെയ്തിറങ്ങി മനസ്സിനെ കുളിരണിയിച്ച പാട്ടുകള്‍ ഏറെയുണ്ട് മലയാളത്തില്‍. പലതും ക്ലാസിക്കുകള്‍.
ചെമ്മീനിൽ മധു
ചെമ്മീനിൽ മധു

പൊള്ളുന്ന വെയിലില്‍ പിറന്നുവീണിട്ടും നിലാവലകളായി പെയ്തിറങ്ങി മനസ്സിനെ കുളിരണിയിച്ച പാട്ടുകള്‍ ഏറെയുണ്ട് മലയാളത്തില്‍. പലതും ക്ലാസിക്കുകള്‍.

ഏറ്റവുമാദ്യം ഓര്‍മ്മയിലെത്തുക 'ചെമ്മീനി'ലെ ആ വിഖ്യാത ഗാനം തന്നെ: ''മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ.'' വയലാറും സലില്‍ ചൗധരിയും മന്നാഡേയും ചേര്‍ന്നു സമ്മാനിച്ച അനശ്വര വിരഹഗീതം. നിലാവിന്റെ നാട്ടില്‍ നിശാഗന്ധി പൂത്തിട്ടും കാമുകനെ തേടിയെത്താത്ത കളിക്കൂട്ടുകാരിയുടെ ഓര്‍മ്മയില്‍ പരീക്കുട്ടി മനം നൊന്തു പാടുന്ന ആ പാട്ട് മലയാളത്തിലെ ഏറ്റവും മികച്ച നിലാപ്പാട്ടുകളില്‍ ഒന്നായി നിലനില്‍ക്കുന്നു.

എന്നാല്‍, നിലാവ് വെള്ളിത്തിരയിലേ ഉള്ളൂ. തൃശൂര്‍ ജില്ലയിലെ നാട്ടിക കടപ്പുറത്ത് മധു ആ പാട്ട് പാടി അഭിനയിക്കുമ്പോള്‍ നട്ടുച്ചയാണ്. പൊരിവെയിലില്‍ തിളച്ചുമറിയുന്ന കടപ്പുറം. ''ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പില്‍ തോണിപ്പുറത്തിരുന്ന് വികാരതീവ്രമായ ഗാനം പാടി അഭിനയിക്കുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല'' -മധുവിന്റെ ഓര്‍മ്മ. ''എത്രയും പെട്ടെന്നു ഗാനചിത്രീകരണം തീര്‍ന്നുകിട്ടണേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. പക്ഷേ പിന്നീടാ രംഗം സിനിമയില്‍ കണ്ടപ്പോള്‍ അന്തംവിട്ടു പോയി. എത്ര ഹൃദയസ്പര്‍ശിയായാണ് 'ഡേ ഫോര്‍ നൈറ്റ്' എന്ന സങ്കേതമുപയോഗിച്ച് രാമു കാര്യാട്ടും ക്യാമറാമാന്‍ മാര്‍ക്കസ് ബാര്‍ട്ട്ലിയും ചേര്‍ന്ന് ആ പാട്ടിനു നിലാവിന്റെ സൗന്ദര്യം പകര്‍ന്നിരിക്കുന്നത്!''

മനോജ് മോനിഷയോടൊപ്പം
മനോജ് മോനിഷയോടൊപ്പം

സിനിമയുടെ സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ വളര്‍ച്ച പ്രാപിക്കാത്ത കാലത്ത് രാത്രിയില്‍ ഷൂട്ട് ചെയ്യാതെ തന്നെ രാത്രിയുടെ പ്രതീതി സീനില്‍ കൊണ്ടുവരാന്‍ ഛായാഗ്രാഹകര്‍ പിന്തുടര്‍ന്നുപോന്ന ശൈലിയാണ് 'ഡേ ഫോര്‍ നൈറ്റ്.' സ്വാഭാവിക വെളിച്ചത്തില്‍ ഷൂട്ട് ചെയ്താല്‍ നിലാവ് അതിന്റെ പൂര്‍ണ്ണ ഭംഗിയോടെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാന്‍ കഴിയണമെന്നില്ല. പകല്‍വെളിച്ചത്തില്‍ പ്രത്യേകതരം ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്താല്‍ യഥാര്‍ത്ഥ നിലാവിനേക്കാള്‍ മനോഹരമായ എഫക്ട് ലഭിക്കുകയും ചെയ്യും. പെയ്തിറങ്ങുന്ന പാല്‍നിലാവിന്റെ അനുഭൂതി നമ്മെ ആവോളം അനുഭവിപ്പിച്ച പല ഗാനരംഗങ്ങളും ഇത്തരത്തില്‍ ഫില്‍റ്ററിട്ട് ഷൂട്ട് ചെയ്തതാണ്.

ജയരാജ് സംവിധാനം ചെയ്ത 'കുടുംബസമേത'ത്തിലെ ''നീലരാവിലിന്നു നിന്റെ താരഹാരമിളകി'' എന്ന പാട്ടോര്‍ക്കുക. നേര്‍ത്ത നൊമ്പരമുള്ള പ്രണയഗാനം. ചുറ്റും തിരുവാതിരയുടെ ആഘോഷം ഉയരുമ്പോള്‍ സ്വന്തം ഭാഗ്യദോഷത്തെ പഴിച്ചു കഴിയുന്ന ഒരു ഗ്രാമീണ യുവതി. പാതിരാപ്പൂ ചൂടാനും നോമ്പ് നോക്കാനും മോഹമില്ലാഞ്ഞിട്ടല്ല അവള്‍ക്ക്. പക്ഷേ, സാഹചര്യങ്ങള്‍ അനുകൂലമല്ല. മോനിഷ അവതരിപ്പിക്കുന്ന ആ കഥാപാത്രം കാമുകനായ മനോജ് കെ. ജയനോടൊപ്പം ഭാരതപ്പുഴയുടെ തീരത്ത് കൂടി നിലാവില്‍ നടന്നു പാടേണ്ട പാട്ട്. സ്ത്രീകള്‍ തിരുവാതിര കുളിക്കാന്‍ വേണ്ടി കയ്യില്‍ വിളക്കുകളുമായി വരിവരിയായി നടന്നുനീങ്ങുന്ന ദൃശ്യം പശ്ചാത്തലത്തില്‍ വന്നാല്‍ നന്നായിരിക്കുമെന്നു തോന്നി സംവിധായകന്.

ചെമ്മീനിൽ മധു
പാട്ട് മറന്നുകളഞ്ഞ ആ നിമിഷം- രവി മേനോന്‍ എഴുതുന്നു

എസ്. കുമാര്‍

സൃഷ്ടിച്ച നിലാവ്

''നീലരാവില്‍ ആദ്യം കേട്ടപ്പോഴേ അതിന്റെ രംഗങ്ങള്‍ തിരശ്ശീലയിലെന്നോണം എന്റെ മനസ്സില്‍ ഓടിത്തുടങ്ങിയിരുന്നു'' -ജയരാജിന്റെ വാക്കുകള്‍. ''ഭാരതപ്പുഴയുടെ തീരത്ത് ഗാനത്തിന്റെ അന്തരീക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ലൊക്കേഷനുവേണ്ടിയുള്ള അന്വേഷണം തുടങ്ങുന്നത് അങ്ങനെയാണ്. ഒടുവില്‍, തിരുമിറ്റക്കോട് ശിവക്ഷേത്രത്തിനു അടുത്തു നല്ലൊരു സ്ഥലം കണ്ടെത്തിയപ്പോഴേ എനിക്കും ക്യാമറാമാന്‍ എസ്. കുമാറിനും സമാധാനമായുള്ളൂ.''

''വെയില്‍ പുഴയിലേയ്ക്ക് ചാഞ്ഞിറങ്ങാന്‍ ഉച്ചയ്ക്ക് പതിനൊന്നര വരെ ക്ഷമയോടെ കാത്തിരുന്നു ഞങ്ങള്‍. പുഴയില്‍ വെയില്‍ വീണു പ്രതിഫലിക്കുമ്പോഴത്തെ സ്വര്‍ണ്ണത്തിളക്കമാണ് നിലാവില്‍ പുഴയില്‍ അലയിളക്കുന്ന താരഹാരങ്ങളായി നിങ്ങള്‍ സിനിമയില്‍ കണ്ടത്. രണ്ടു ഘട്ടങ്ങളിലായാണ് കുമാര്‍ ഗാനരംഗം ക്യാമറയില്‍ പകര്‍ത്തിയത്. രണ്ടാം ഘട്ടം ഉച്ചതിരിഞ്ഞ്... നിലാവിന്റെ ഫീല്‍ കൂടുതല്‍ തീവ്രമാകാന്‍ മനോജിന്റേയും മോനിഷയുടേയും വെള്ള വസ്ത്രങ്ങളും സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നു...''

ചിരകാല സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരം കൂടിയായിരുന്നു എസ്. കുമാറിന് ആ ഗാനചിത്രീകരണം. ''ഹരിഹരന്‍ സംവിധാനം ചെയ്ത 'നഖക്ഷതങ്ങളി'ലെ നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ എന്ന ഗാനരംഗം കണ്ടത് മുതല്‍ തുടങ്ങിയതാണ് 'ഡേ ഫോര്‍ നൈറ്റ്' ആയി അത്തരമൊരു സീന്‍ ചിത്രീകരിക്കണമെന്ന മോഹം. ഷാജി എന്‍. കരുണ്‍ അതീവ ഹൃദ്യമായി ഷൂട്ട് ചെയ്ത രംഗമാണത്. നിലാവിനെ അതിന്റെ വിശുദ്ധലാവണ്യത്തോടെ അവതരിപ്പിച്ച രംഗം. കുടുംബസമേതത്തിലെ സിറ്റുവേഷന്‍ ജയരാജ് വിവരിച്ചുകേട്ടപ്പോള്‍ എന്റെ മനസ്സില്‍ പെട്ടെന്നു കടന്നുവന്നത് നഖക്ഷതങ്ങളിലെ പാട്ടാണ്. ജയരാജിലെ സംവിധായകനും എന്നിലെ ഛായാഗ്രാഹകനും തമ്മിലുള്ള മനപ്പൊരുത്തം നീലരാവില്‍ എന്ന പാട്ടിന്റെ ദൃശ്യങ്ങളില്‍ കാണാം.''

ചെമ്മീനിൽ മധു
പൊന്‍കിനാക്കള്‍ പൂത്ത രാവില്‍ പോയതെങ്ങു നീ....

ജയരാജ് തന്നെ സംവിധാനം ചെയ്ത 'സോപാന'ത്തിലുമുണ്ട് ഇതുപോലെ ആര്‍ദ്രമധുരമായ മറ്റൊരു നിലാഗീതം: യേശുദാസും മഞ്ജു മേനോനും ചേര്‍ന്നു പാടിയ ''താരനൂപുരം ചാര്‍ത്തി മൂകയാമം ശ്യാമപരിഭവം പെയ്തു മഞ്ഞുവീണു...'' കൈതപ്രം-എസ്.പി. വെങ്കിടേഷ് ടീമിന്റെ ആ സുന്ദരഗാനം ക്യാമറാമാന്‍ സുകുമാര്‍ മൂകാംബികയുടെ പരിസരത്തുവെച്ച് ചിത്രീകരിച്ചതും കത്തുന്ന വെയിലില്‍ തന്നെ. രംഗത്തഭിനയിച്ചത് മനോജ് കെ. ജയനും ചിപ്പിയും.

നിളയില്‍ മാത്രമല്ല, നിലാവിലും മുങ്ങിക്കുളിച്ചുനില്‍ക്കുകയാണ് നഖക്ഷതങ്ങളിലെ ''നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍'' (ഒ.എന്‍.വി.-ബോംബെ രവി-യേശുദാസ്) എന്ന കാവ്യഗീതം. ഭാരതപ്പുഴയുടെ പശ്ചാത്തലത്തില്‍ ഷാജി അതീവ ചാരുതയോടെ ചിത്രീകരിച്ച ഈ ഗാനത്തിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷക മനസ്സിലുണര്‍ത്തിയ അനുഭൂതിയല്ല രംഗത്തഭിനയിച്ച വിനീതിന്റെ ഓര്‍മ്മയിലുള്ളത് എന്നറിയുമ്പോള്‍ കൗതുകം തോന്നാം. ''എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു ആ ഗാന ചിത്രീകരണം. പത്ത് കൂറ്റന്‍ റിഫ്‌ലക്റ്ററുകള്‍ക്കു മുന്നിലാണ് നമ്മള്‍ അഭിനയിക്കേണ്ടത്. സൂര്യകിരണങ്ങളുടെ തീക്ഷ്ണത കൂടി ചേര്‍ന്നപ്പോള്‍ കണ്ണ് മിഴിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഷൂട്ടിംഗിനിടക്ക് അതു പറഞ്ഞു ഹരിഹരന്‍ സാര്‍ കളിയാക്കിയിരുന്നത് ഓര്‍മ്മയുണ്ട്. ഇന്ന് ആ രംഗം കാണുമ്പോള്‍ ഉറക്കം തൂങ്ങി അഭിനയിക്കുന്നതായാണ് എനിക്കു തോന്നുക. എങ്കിലും ആളുകള്‍ ആ രംഗത്തെക്കുറിച്ചു നല്ലതു പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും; എന്റെ അദ്ധ്വാനം പാഴായില്ലല്ലോ'' -വിനീതിന്റെ ഓര്‍മ്മ.

വടക്കൻ വീരഗാഥയിലെ ഇന്ദുലേഖ കൺ‌തുറന്നു എന്ന ഗാനരംഗത്ത് മമ്മൂട്ടി
വടക്കൻ വീരഗാഥയിലെ ഇന്ദുലേഖ കൺ‌തുറന്നു എന്ന ഗാനരംഗത്ത് മമ്മൂട്ടി

നിലാവില്‍

ഒഴുകി മമ്മൂട്ടി

മമ്മൂട്ടി അഭിനയിച്ച് അനശ്വരമാക്കിയ ഗാനരംഗങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാല്‍ മനസ്സിലേക്ക് ആദ്യം ഒഴുകിയെത്തുന്ന പാട്ടുകളിലൊന്ന് 'ഒരു വടക്കന്‍ വീരഗാഥ'യിലാണ്: കൈതപ്രം എഴുതി ബോംബെ രവി സംഗീതം നല്‍കി യേശുദാസ് പാടിയ ''ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായി.'' വരികളും ഈണവും ആലാപനവും ദൃശ്യങ്ങളുമെല്ലാം കൂടിക്കലര്‍ന്ന അപൂര്‍വ്വസുന്ദരമായ ഒരു സിംഫണി. ആ സിംഫണിയുടെ കേന്ദ്രബിന്ദുവായി മമ്മൂട്ടിയുടെ തേജസ്സാര്‍ന്ന രൂപമുണ്ട്; പിന്നണിയില്‍ അസാമാന്യ താളബോധമുള്ള ഒരു ഓര്‍ക്കസ്ട്ര കണ്‍ഡക്റ്ററുടെ റോളില്‍ ഹരിഹരന്‍ എന്ന സംവിധായകനും.

'വീരഗാഥ'യിലെ പാട്ടുകളില്‍ കൂടുതല്‍ ഖ്യാതി നേടിയത് ''ചന്ദനലേപ സുഗന്ധ''മാവണം. അതിലുമുണ്ട് മമ്മൂട്ടിയുടെ ദീപ്ത സാന്നിധ്യം. എങ്കിലും മാധവിയുടെ മോഹിപ്പിക്കുന്ന ലാവണ്യമാണ് ആ പാട്ടിനൊപ്പം എപ്പോഴും മനസ്സില്‍ വന്നുനിറയുക. കെ. ജയകുമാറിന്റെ വരികളിലെ ചെങ്കദളിമലര്‍ച്ചുണ്ടും കൂവളപ്പൂമിഴികളും ഉണ്ണിയാര്‍ച്ചയുടേതാണല്ലോ. എന്നാല്‍, ''ഇന്ദുലേഖ കണ്‍തുറന്നു''വില്‍ നിറയുന്നത് ചന്തുവിനെക്കുറിച്ചുള്ള ആര്‍ച്ചയുടെ പ്രതീക്ഷയാണ്; പ്രണയനിര്‍ഭരമായ പ്രതീക്ഷ. ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരില്‍ വരുന്നത് ഇന്ദുലേഖയല്ല, സാക്ഷാല്‍ ചന്തു തന്നെ.

അതും എന്തൊരു ഗംഭീരമായ വരവ്! നിലാവലകളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പുഴയോരത്തുകൂടി വീരയോദ്ധാവിനെപ്പോലെ അശ്വാരൂഢനായി കുതിച്ചെത്തുകയാണ് മമ്മൂട്ടി. പിന്നെ പുഴ നീന്തിക്കടന്ന് നേരെ പൂര്‍വ്വകാമുകിയുടെ കരങ്ങളിലേക്ക്. പാല്‍നിലാവിന്റെ ഇളംതൂവല്‍ സ്പര്‍ശമേറ്റ് ഇരുവരും ആശ്ലേഷിതരാകുമ്പോള്‍ പശ്ചാത്തലത്തില്‍ യേശുദാസിന്റെ ഗന്ധര്‍വ്വനാദം: ''ആരുടെ മായാമോഹമായ് ആരുടെ രാഗഭാവമായ്, ആയിരം വര്‍ണ്ണരാജികളില്‍ ആതിരരജനി അണിഞ്ഞൊരുങ്ങീ...''

ചെമ്മീനിൽ മധു
ചമ്പകപുഷ്പ സുവാസിതയാമം...ആ ഗാനരംഗത്തില്‍ അഭിനയിച്ച ആ ചെറുപ്പക്കാരനെവിടെ?

നിലമ്പൂരില്‍ വെച്ച് ഒരു നട്ടുച്ചക്ക് ഷൂട്ട് ചെയ്ത ഗാനരംഗമാണതെന്ന് പറയുന്നു ഹരിഹരന്‍. ''ഡേ ഫോര്‍ നൈറ്റ് ആയി ചിത്രീകരിച്ചതുകൊണ്ടാണ് ദൃശ്യങ്ങളില്‍ നിശയുടേയും നിലാവിന്റേയും ഭംഗി ഇത്ര മനോഹരമായി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത്. പുഴയുടെ മാറില്‍ വീണു തിളങ്ങുന്ന ചന്ദ്രന്റെ പ്രതിബിംബം പലരും എടുത്തുപറയാറുണ്ട്. മമ്മൂട്ടിയുടെ ജ്വലിക്കുന്ന സൗന്ദര്യം കൂടി ചേര്‍ന്നപ്പോള്‍ അതൊരു മറക്കാനാവാത്ത കാഴ്ചയായി.'' സ്വന്തം സിനിമകളിലെ അസംഖ്യം ഗാനരംഗങ്ങളില്‍ ഹരിഹരന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നവയിലൊന്ന് ഇന്ദുലേഖ ആയത് സ്വാഭാവികം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയെ ഇത്രമേല്‍ സുന്ദരനായി കണ്ട ഗാനരംഗങ്ങള്‍ അപൂര്‍വ്വമാണെന്നു ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു പറഞ്ഞുകേട്ടതോര്‍ക്കുന്നു. ഗ്രീക്ക് യോദ്ധാവിന്റെ പ്രൗഢിയുണ്ട് കുതിരപ്പുറമേറി വരുന്ന ചന്തുവിന്. ''സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ വേര്‍തിരിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകണം എന്നായിരുന്നു ഹരിഹരന്റെ നിര്‍ദ്ദേശം. ആ രീതിയില്‍ത്തന്നെ അതു ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം. പടം കണ്ട പലരും ചോദിക്കാറുണ്ട്, കുതിരപ്പുറത്തുവരുന്ന ആ ഷോട്ട് എങ്ങനെ എടുത്തു എന്ന്. നീലനിറം കിട്ടാന്‍ വേണ്ടി 85 എന്ന ഡേലൈറ്റ് കണ്‍വെര്‍ഷന്‍ ഫില്‍റ്റര്‍ മാറ്റി. ഇരുട്ട് തോന്നിക്കാന്‍ കുറച്ച് അണ്ടര്‍ എക്‌സ്പോസ് ചെയ്ത് ബാക്ക് ലൈറ്റില്‍ ഷൂട്ട് ചെയ്തു. എല്ലാം കൃത്യമായ അളവില്‍ത്തന്നെ വേണം. ഇല്ലെങ്കില്‍ മുഴുവനും പകലായോ കൂരിരുട്ടായോ മാറിയേക്കാം...'' -രാമചന്ദ്രബാബുവിന്റെ വാക്കുകള്‍.

നീരാടുവാൻ നിളയിൽ
നീരാടുവാൻ നിളയിൽ

ആ കൃത്യത തന്നെയാണ് ഇന്ദുലേഖയെ അവിസ്മരണീയമായ ദൃശ്യാനുഭവമാക്കി മാറ്റിയതും.

ഓര്‍വ്വോ കളറില്‍ ചിത്രീകരിച്ച അപൂര്‍വ്വം മലയാള സിനിമകളില്‍ ഒന്നായ 'കള്ളിച്ചെല്ലമ്മ'യിലെ ''കരിമുകില്‍ കാട്ടിലെ'' എന്ന ഗാനം വെള്ളായണിക്കായലില്‍ വെച്ചു ഷൂട്ട് ചെയ്തത് നട്ടുച്ചയ്ക്കാണ്. സിനിമയിലെ ഗാനാന്തരീക്ഷമാകട്ടെ, നിലാവലകള്‍ ഇളകുന്ന രാത്രിയും. മറ്റൊരു മനോഹരമായ ദൃശ്യാനുഭവമാണ് പ്രേംനസീറും ലക്ഷ്മിയും ചേര്‍ന്നഭിനയിച്ച് അനശ്വരമാക്കിയ പിക്നിക്കിലെ ''വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടും വൈശാഖ രാത്രിയൊരുങ്ങും.'' ഗാനപശ്ചാത്തലം രാത്രിയെങ്കിലും ചിത്രീകരിക്കപ്പെട്ടത് ഉച്ചനേരത്ത്. ചിത്രീകരണത്തെക്കുറിച്ച് പ്രേംനസീര്‍ പങ്കുവെച്ച രസകരമായ ഓര്‍മ്മ ഇങ്ങനെ:

''തിരുവനന്തപുരത്തിനടുത്ത് നെയ്യാര്‍ ഡാമില്‍ വെച്ചാണ് ഞാനും ലക്ഷ്മിയും ചേര്‍ന്നുള്ള ഗാനചിത്രീകരണം. സമയം നട്ടുച്ച. ചുട്ടുപൊള്ളുന്ന നിലത്തു നിന്നു തീജ്വാലകള്‍പോലെ ആവി പൊങ്ങുന്നു. എല്ലാം സഹിച്ച് ഒരു മരച്ചുവട്ടിലെ പാറപ്പുറത്ത് കുത്തിയിരുന്നു വിയര്‍ത്തൊലിച്ചു പാടുകയാണ് ഞാനും ലക്ഷ്മിയും. പാട്ടിന്റെ ഏതോ ഘട്ടത്തില്‍ മരമുകളില്‍നിന്നു പൂക്കള്‍ ഞങ്ങളുടെമേല്‍ വന്നുവീഴണം. പക്ഷേ, വൃഷ്ടിക്കുള്ള പുഷ്പങ്ങള്‍ ചാല മാര്‍ക്കറ്റില്‍നിന്നു എത്തിച്ചേര്‍ന്നിട്ടില്ല. ചൂട് സഹിച്ചു കുറെനേരം കാത്തിരുന്നപ്പോള്‍ ഒരു കൊട്ട നിറയെ പൂക്കള്‍ എത്തി. ആരോ ഒരാള്‍ അതുമായി മരമുകളില്‍ കയറുന്നു. പൂക്കളുടെ കൂട്ടത്തില്‍ ചെറിയ ഉറുമ്പുകളും ഉണ്ടായിരുന്ന കാര്യം ഞങ്ങളുണ്ടോ അറിയുന്നു? സാധാരണഗതിയില്‍ പ്രേമം പോയിട്ട് ഒരു വികാരവും ഉണ്ടാകാന്‍ ഇടയില്ലാത്ത അസഹ്യമായ അന്തരീക്ഷം. അതിനിടയിലാണ് പ്രേമഗാനവും കെട്ടിപ്പിടിത്തവും വിയര്‍പ്പുനാറ്റവും പുഷ്പവൃഷ്ടി ശരീരമാസകലം നല്‍കിയ ചൊറിയും. സിനിമയുടെ സത്യം പുറത്തു നിങ്ങള്‍ കാണുന്ന മായാലോകത്തില്‍നിന്നു എത്ര വ്യത്യസ്തം എന്ന് ഓര്‍ത്തുനോക്കൂ.''

ഇന്നിപ്പോള്‍ സിനിമയുടെ രൂപഭാവങ്ങള്‍ മാറി. നിലാവിനെ നിലാവായിത്തന്നെ പകര്‍ത്താനുള്ള സാങ്കേതികവിദ്യ വന്നു. വെള്ളിത്തിരയിലെ നിലാവിനു ഭംഗി കൂടി. കൂടുതല്‍ തികവാര്‍ന്നതായി അത്.

എന്നിട്ടും ആ പഴയ നിലാവും അന്നു കേട്ട നിലാപ്പാട്ടുകളും അതേപടിയുണ്ട് മനസ്സില്‍; ഒരിക്കലും മായാന്‍ കൂട്ടാക്കാതെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com