എല്‍.പി.ആര്‍. വര്‍മ്മ
എല്‍.പി.ആര്‍. വര്‍മ്മ

പൊന്‍കിനാക്കള്‍ പൂത്ത രാവില്‍ പോയതെങ്ങു നീ....

കലര്‍പ്പില്ലാത്ത, അഗാധഗാംഭീര്യമാര്‍ന്ന ആ ശബ്ദമാണ് ആദ്യം കാതിലും മനസ്സിലും തടഞ്ഞത്. അലയടിച്ചാര്‍ക്കുന്ന തിരമാലകളുടെ കരുത്തും ഊര്‍ജ്ജവുമുള്ള ശബ്ദം

ശിവരാത്രിയായിരുന്നു അന്ന്. ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത രാത്രി. റെസ്റ്റോറന്റിലെ അരണ്ടവെളിച്ചത്തിലേക്ക്, അടങ്ങാത്ത ശബ്ദഘോഷത്തിലേക്ക് നിനച്ചിരിക്കാതെ ഒരു ഗാനം ഒഴുകിയെത്തുന്നു: ''പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പില്‍...''

കലര്‍പ്പില്ലാത്ത, അഗാധഗാംഭീര്യമാര്‍ന്ന ആ ശബ്ദമാണ് ആദ്യം കാതിലും മനസ്സിലും തടഞ്ഞത്. അലയടിച്ചാര്‍ക്കുന്ന തിരമാലകളുടെ കരുത്തും ഊര്‍ജ്ജവുമുള്ള ശബ്ദം. ഹേമന്ദ് കുമാറിനെ ഓര്‍മ്മവന്നു. ആലാപനത്തിലെ ഭാവഗാംഭീര്യത്തിന്റെ ചക്രവര്‍ത്തി. എല്ലാ ശബ്ദകോലാഹലങ്ങള്‍ക്കും മുകളിലൂടെ അപ്രതീക്ഷിതമായി ഒഴുകിവന്ന പാട്ടിന്റെ ലഹരിയില്‍ റെസ്റ്റോറന്റിലെ സര്‍വ്വചരാചരങ്ങളും നിശ്ചലം, നിശ്ശബ്ദം.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനുവേണ്ടി തൊട്ടപ്പുറത്തെ ടേബിളില്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍ - ഹസ്സന്‍ കോയയും ഞാനും. പത്രത്തിന്റെ ഡെഡ്ലൈനിനെതിരെ പട പൊരുതിക്കൊണ്ട് വൈകുന്നേരത്തെ ഫുട്ബോള്‍ മത്സരം റിപ്പോര്‍ട്ട് ചെയ്തതിന്റെ ക്ഷീണം തീര്‍ക്കണം. ഒപ്പം കുറച്ചു പാട്ടുവര്‍ത്തമാനവും പരദൂഷണവുമാകാം. മേമ്പൊടിക്ക് അല്പം ബിയറും. വേറെ അതിമോഹങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല എറണാകുളത്തെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിന് സമീപമുള്ള ലൂസിയ ഹോട്ടലില്‍ ചെന്നിരിക്കുമ്പോള്‍.

ചുറ്റുമുള്ള ബഹളങ്ങള്‍ക്കൊന്നും കാതുകൊടുക്കാതെ, ബാവുല്‍ ഗായകനെപ്പോലെ കൈകള്‍ രണ്ടും മുകളിലേക്കറിഞ്ഞു പാടുന്നു ഗായകന്‍. ഉള്ളിലെ ലഹരിയുടെ സ്വാധീനത്തിലാവണം, മേശപ്പുറത്ത് താളമിട്ട് പാട്ടില്‍ പങ്കുചേരുന്നു കൂട്ടുകാര്‍. മനോധര്‍മ്മമനുസരിച്ചാണ് കൊട്ട്. അതുകൊണ്ടുതന്നെ ഒട്ടും താളനിബദ്ധവുമല്ല. എല്ലാ താളപ്പിഴകളേയും അപ്രസക്തമാക്കിക്കൊണ്ട് എന്നിട്ടും അന്തരീക്ഷം കീഴടക്കുന്നു ഗായകന്റെ ശബ്ദഗാംഭീര്യം: ''ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു പാട്ടു പാടി നീയെനിക്കൊരു കൂട്ടുകാരിയായി...''

ഒരേ തൂവല്‍പക്ഷികളാണ് ഞങ്ങള്‍. പാട്ടും കളിയും സാഹിത്യവും സൗഹൃദങ്ങളും ഗൃഹാതുരതയും മൃഷ്ടാന്നം ഭുജിച്ചു ജീവിക്കുന്നവര്‍. ഹസ്സന്‍ കോയ ചന്ദ്രികയുടെ കൊച്ചി എഡിഷനില്‍ ന്യൂസ് എഡിറ്റര്‍. ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ സ്പോര്‍ട്ട്സ് ലേഖകന്‍. പാട്ടും വോളിബോളുമാണ് ഹസ്സന്‍ കോയയുടെ ഇഷ്ടവിഷയങ്ങളെങ്കില്‍ എന്റേത് പാട്ടും ഫുട്ബോളും. കോഴിക്കോടന്‍ സംഗീതജ്ഞരുടെ അവധൂത ജീവിതവും ബാബുക്കയുടെ ഈണങ്ങളും കടന്ന് സംസാരം മെഹ്ദി ഹസന്റെ ഗസലുകളില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ ആ പാട്ടിന്റെ രംഗപ്രവേശം.

അതും എന്തൊരു വരവ്! സിംഹഗര്‍ജ്ജനം പോലെ

അറിയാതെ തന്നെ ഗായകനെ തിരയുന്നു കണ്ണുകള്‍. തൊട്ടപ്പുറത്തെ മേശയില്‍നിന്നാണ് പാട്ടിന്റെ ഉത്ഭവം. നാലോ അഞ്ചോ പേര്‍ കൂട്ടം കൂടിയിരിക്കുന്നുണ്ടവിടെ. പാടുന്നയാളുടെ ആരാധകരാവണം. മുന്നിലെ പാനപാത്രങ്ങള്‍ വഴിക്കുവഴിയായി നിറയുകയും ഒഴിയുകയും ചെയ്യുന്നു. അവര്‍ക്ക് നടുവിലിരുന്നു പാടുന്നത് കാഴ്ച്ചയില്‍ ആഢ്യത്വം തോന്നിക്കുന്ന, ശുഭ്രവസ്ത്രധാരിയായ ഒരാള്‍. പ്രായം എഴുപതിനോടടുത്തു വരും. നല്ല വെളുത്തു തുടുത്ത മുഖം. കട്ടി ഫ്രെയിമുള്ള കണ്ണട. ഇടതൂര്‍ന്ന മുടിയും കട്ടി പുരികങ്ങളും മീശയും. വെട്ടിത്തിളങ്ങുന്ന സില്‍ക്ക് ജൂബയും അതിനു മുകളിലൊരു കസവു കരയുള്ള ഷാളും. കഴുത്തില്‍ സ്വര്‍ണരുദ്രാക്ഷം. വിരലുകളില്‍ സ്വര്‍ണ്ണമോതിരം.

ഏതൊക്കെയോ ചിത്രങ്ങളില്‍ കണ്ടിട്ടുള്ള തേജസ്സാര്‍ന്ന രൂപം. എപ്പോഴൊക്കെയോ കേട്ട് മനസ്സില്‍ പതിഞ്ഞ ശബ്ദം.

ചുറ്റുമുള്ള ബഹളങ്ങള്‍ക്കൊന്നും കാതുകൊടുക്കാതെ, ബാവുല്‍ ഗായകനെപ്പോലെ കൈകള്‍ രണ്ടും മുകളിലേക്കറിഞ്ഞു പാടുന്നു ഗായകന്‍. ഉള്ളിലെ ലഹരിയുടെ സ്വാധീനത്തിലാവണം, മേശപ്പുറത്ത് താളമിട്ട് പാട്ടില്‍ പങ്കുചേരുന്നു കൂട്ടുകാര്‍. മനോധര്‍മ്മമനുസരിച്ചാണ് കൊട്ട്. അതുകൊണ്ടുതന്നെ ഒട്ടും താളനിബദ്ധവുമല്ല. എല്ലാ താളപ്പിഴകളേയും അപ്രസക്തമാക്കിക്കൊണ്ട് എന്നിട്ടും അന്തരീക്ഷം കീഴടക്കുന്നു ഗായകന്റെ ശബ്ദഗാംഭീര്യം: ''ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു പാട്ടു പാടി നീയെനിക്കൊരു കൂട്ടുകാരിയായി...''

എല്‍.പി.ആര്‍. വര്‍മ്മ
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഗാനരചനാജീവിതം 

അധികം ആയാസപ്പെടേണ്ടിവന്നില്ല ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാന്‍: ലക്ഷ്മിപുരം കൊട്ടാരം പൂരം തിരുനാള്‍ രവിവര്‍മ്മ എന്ന എല്‍.പി.ആര്‍. വര്‍മ്മ. അനുഗൃഹീത ഗായകന്‍, സംഗീത സംവിധായകന്‍, ശാസ്ത്രീയ സംഗീതവിശാരദന്‍. നാടകത്തിലും സിനിമയിലുമായി ഒട്ടേറെ മറക്കാനാവാത്ത ഗാനങ്ങള്‍ സമ്മാനിച്ച ജീനിയസ്. 1980-കളില്‍ കൊച്ചിയില്‍ നടന്ന ഒരു സംഗീത പരിപാടിയുടെ ഓഡിയോ കാസറ്റില്‍നിന്ന് 'പറന്നു പറന്നു പറന്നു ചെല്ലാന്‍' എന്ന ഗാനം ആദ്യമായി കേട്ട നിമിഷം മുതല്‍ മനസ്സില്‍ മൊട്ടിട്ടതാണ് എന്നെങ്കിലുമൊരിക്കല്‍ ആ ഗായകനെ നേരില്‍ കണ്ടു പരിചയപ്പെടണമെന്ന മോഹം. അതേ മനുഷ്യനിതാ തൊട്ടപ്പുറത്തെ മേശക്കരികില്‍, ഒന്നു കൈ നീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍...

''നമുക്കൊന്ന് ചെന്ന് കണ്ടു സംസാരിച്ചാലോ?'' ആത്മഗതം പോലെ എന്റെ ചോദ്യം.

ഹസ്സന്‍ കോയക്ക് അത്ര ധൈര്യം പോരാ. അപരിചിതന്‍. പോരാത്തതിനു കാഴ്ച്ചയില്‍ ഗൗരവക്കാരനും. വെറുതെ ഇടിച്ചുകയറിച്ചെന്നാല്‍ ചിലപ്പോള്‍ ഇഷ്ടപ്പെട്ടില്ലെന്നു വരാം. അത്തരം അനുഭവങ്ങള്‍ യഥേഷ്ടം. സംഗീതജ്ഞരാകുമ്പോള്‍ മൂഡ് മാറിമാറി വരും. പൊതുവെ വികാരജീവികളാണല്ലോ. മാത്രമല്ല, ചുറ്റുമുള്ള ആരാധകക്കൂട്ടം എല്‍.പി. ആറിനെ ഇടയ്ക്കിടെ അസ്വസ്ഥനാക്കുന്നുമുണ്ട്. അവരില്‍ ആര്‍ക്കും അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ച് വലിയ ധാരണയുള്ളതായി തോന്നിയില്ല. 'നിങ്ങളില്‍ ആര്‍ക്കറിയാം എന്റെ പാട്ടുകള്‍? വെറുതെ അവതാളം കൊട്ടിയിട്ട് കാര്യമില്ല. പാട്ടറിഞ്ഞു താളമിടണം.'' ഇടയ്‌ക്കൊരിക്കല്‍ ശാസനാരൂപത്തില്‍ അദ്ദേഹം പറഞ്ഞുകേട്ടു; തെല്ലുറക്കെത്തന്നെ.

എല്‍.പി.ആര്‍. വര്‍മ്മ
റെക്കോര്‍ഡിങ്ങിനു മുന്‍പ് പാട്ട് പഠിപ്പിച്ച ശേഷം ദേവരാജന്‍ മാസ്റ്റര്‍ പറയും: ''നാളെ തൈര് കഴിക്കരുത്... ചിക്കന്‍ നന്നായി കഴിച്ചോ...''

'പറന്നു പറന്ന്' കഴിഞ്ഞ് എല്‍.പി.ആര്‍ അടുത്ത പാട്ടിന്റെ പല്ലവിയിലേക്ക് പ്രവേശിക്കുന്നു: ''ഉപാസന, ഉപാസന ഇത് ധന്യമാമൊരുപാസന...'' വയലാര്‍ എഴുതിയ 'തൊട്ടാവാടി' എന്ന സിനിമയിലെ ദാര്‍ശനിക മാനങ്ങളുള്ള ഗാനം.

''മ്മടെ ജയേട്ടന്റെ പാട്ടല്ലേ?'' അപ്പുറത്തെ മേശയില്‍നിന്ന് തൃശൂര്‍ ആക്സന്റില്‍ അപ്രതീക്ഷിതമായി ഒരു ചോദ്യം. ചോദ്യകര്‍ത്താവിനെ തെല്ലു പരുഷമായി നോക്കിക്കൊണ്ട് എല്‍.പി.ആര്‍ ഗര്‍ജ്ജിക്കുന്നു: ''ഇത് ഞാനുണ്ടാക്കിയ പാട്ടാണ്.'' പിന്നെ തിരികെ പാട്ടിന്റെ ചരണത്തിലേക്ക്: ''സത്യം മയക്കുമരുന്നിന്റെ ചിറകില്‍ സ്വര്‍ഗ്ഗത്തു പറക്കുമീ നാട്ടില്‍ ഇല്ലാത്ത സ്വര്‍ഗ്ഗത്തു പറക്കുമീ നാട്ടില്‍ സ്വപ്നം മരിക്കുമീ നാട്ടില്‍, സര്‍ഗ്ഗസ്വരൂപിയാം ശാസ്ത്രം നിര്‍മ്മിക്കും അഗ്‌നികുണ്ഡങ്ങള്‍ക്കുള്ളില്‍ മനുഷ്യാ ഹേ മനുഷ്യാ വലിച്ചെറിയൂ നിന്റെ മുഖംമൂടി...''

അധികം നീണ്ടില്ല ആ സംഗീത സദിര്. സമയം രാത്രി ഒന്‍പത് മണിയാകുന്നു. ചുറ്റുമുള്ള ആരാധകര്‍ ഓരോരുത്തരായി എഴുന്നേറ്റ് സ്ഥലം വിടുകയാണ്. റെസ്റ്റോറന്റ് ഏറെക്കുറെ ശൂന്യം. അനാഥമായിപ്പോയ മധുചഷകങ്ങള്‍ക്ക് മുന്നില്‍ എന്തോ ചിന്തിച്ച് മേശമേല്‍ കൈകുത്തിയിരിക്കുന്നു എല്‍.പി.ആര്‍. വര്‍മ്മ.

ആ നിമിഷം ഞാനും ഹസ്സന്‍ കോയയും തീരുമാനിച്ചു: ''ഇനി വൈകിക്കേണ്ട. ഇതാണ് പറ്റിയ സമയം. ഒന്ന് ചെന്ന് കണ്ടുനോക്കാം. ഒരു പരീക്ഷണം. ശകാരം കേട്ടാലും കുഴപ്പമില്ല. മഹാരഥനായ ഒരു സംഗീതജ്ഞന്റെ വായില്‍ നിന്നല്ലേ? സഹിച്ചുകളയാം...''- ഹസ്സന്‍ കോയ.

വയലാർ, ദേവരാജൻ, പൊൻകുന്നം വർക്കി എന്നിവർക്കൊപ്പം എൽ പി ആർ വർമ്മ.
വയലാർ, ദേവരാജൻ, പൊൻകുന്നം വർക്കി എന്നിവർക്കൊപ്പം എൽ പി ആർ വർമ്മ.

സകല ധൈര്യവും സംഭരിച്ച് എല്‍.പി.ആറിന് മുന്നിലെത്തി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു ഞങ്ങള്‍. പാതിമയക്കത്തിലെന്നോണം കണ്ണടച്ച് കസേരയില്‍ ചാരിയിരിക്കുകയാണ് അദ്ദേഹം. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കുന്നില്ല. നിമിഷങ്ങള്‍ കുതിച്ചുപായുന്നു. കണ്ണുകള്‍ എന്നിട്ടും അടഞ്ഞുതന്നെ. ഞങ്ങള്‍ക്കാണെങ്കില്‍ പാഴാക്കാനൊട്ട് സമയവുമില്ല. അറ്റകൈക്ക് തെല്ലൊരു ഉള്‍ഭയത്തോടെ അദ്ദേഹത്തിന്റെ ചുമലില്‍ മെല്ലെ തൊട്ട് പതുക്കെ ഞാന്‍ ചോദിക്കുന്നു: ''എല്‍.പി.ആര്‍. വര്‍മ്മ സാറല്ലേ...?''

നിദ്രയില്‍നിന്ന് ഞെട്ടിയുണര്‍ന്ന് എല്‍.പി.ആറിന്റെ തെല്ലും മയമില്ലാത്ത മറുചോദ്യം: ''ആണെങ്കില്‍?'' അനവസരത്തില്‍ സ്വകാര്യതയിലേക്ക് ഇടിച്ചുകയറിവന്ന സമാധാനഭഞ്ജകരെ അദ്ദേഹത്തിന് തെല്ലും ഇഷ്ടപ്പെട്ടിട്ടില്ല എന്ന് വ്യക്തം. ''കുറെ ബോറന്മാര്‍ ഇപ്പോള്‍ ഇറങ്ങിപ്പോയതേയുള്ളൂ. സംഗീതാസ്വാദകരാണത്രെ. ശുദ്ധ വിവരദോഷികള്‍...''

അക്കൂട്ടത്തിലേക്ക് ഇതാ രണ്ടു ബോറന്മാര്‍ കൂടി എന്ന് മനസ്സില്‍ പറഞ്ഞിരിക്കണം അദ്ദേഹം.

എന്തും വരട്ടെ, വരുന്നിടത്തുവെച്ച് കാണാം എന്ന് സ്വയം പറഞ്ഞുകൊണ്ട് ഒറ്റശ്വാസത്തില്‍ സ്വയം പരിചയപ്പെടുത്തുന്നു ഞങ്ങള്‍. പത്രപ്രവര്‍ത്തനം, ഗാനഗവേഷണം, ആസ്വാദനം... ഇതൊന്നും എല്‍.പി.ആറിനെ ബാധിച്ചതായി തോന്നിയില്ല. ബയോഡാറ്റ വിശദമായി പറഞ്ഞുനിര്‍ത്തിയപ്പോള്‍ അദ്ദേഹം ചോദിച്ചു: ''സുഹൃത്തേ നിങ്ങള്‍ക്കെന്റെ പാട്ട് വല്ലതും അറിയുമോ? ഒരു പാട്ടെങ്കിലും പറയാമോ?''

പറഞ്ഞു; പാടി. ഒന്നല്ല, ഒരു നൂറു പാട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com