റെക്കോര്‍ഡിങ്ങിനു മുന്‍പ് പാട്ട് പഠിപ്പിച്ച ശേഷം ദേവരാജന്‍ മാസ്റ്റര്‍ പറയും: ''നാളെ തൈര് കഴിക്കരുത്... ചിക്കന്‍ നന്നായി കഴിച്ചോ...''

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന് 80 വയസ് തികയുമ്പോള്‍ അദ്ദേഹത്തിന്റെ സംഗീതജീവിതത്തിലൂടെ നടത്തുന്ന ഓര്‍മ്മയെഴുത്ത്
ദേവരാജന്‍ മാസ്റ്റര്‍, പി. ജയചന്ദ്രന്‍
ദേവരാജന്‍ മാസ്റ്റര്‍, പി. ജയചന്ദ്രന്‍

പി.ജയചന്ദ്രന്‍ എന്ന ഭാവഗായകന്റെ ആലാപനത്തിന്റെ സവിശേഷത എന്താണ്? ഏതൊരു ഗായകന്റേയും ഗായികയുടേയും അനുഗ്രഹം അവരുടെ നാദത്തിന്റെ സൗന്ദര്യമാണ്. അവരുടെ കണ്ഠനാളത്തിന്റെ പ്രത്യേകതയാണ് അവരെ മികച്ച, വേറിട്ട ഗായകരാക്കുന്നത്.

ഭാവഗായകന്റെ നാദത്തിനു ജന്മനാ സിദ്ധിച്ച ഒരു സവിശേഷ സുഭഗതയുണ്ട്. എന്നാല്‍, അതുമാത്രമാണോ നമ്മളെ ആകര്‍ഷിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നത്? പാട്ടിലെ വാക്കുകളെ അദ്ദേഹം പരിചരിക്കുന്ന തികച്ചും വ്യതിരിക്തമായ ഒരു രീതിയുണ്ട്. അതാകട്ടെ, ബോധപൂര്‍വ്വം അനുവര്‍ത്തിക്കുന്നതല്ലതാനും. പി. ജയചന്ദ്രന്‍ എന്ന ഗായകന്റെ ജീവിതം എട്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം നീന്തിക്കയറിയ സംഗീതക്കടലിനെ വിശകലനം ചെയ്യുകയാണിവിടെ. അതത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും.

പി. ജയചന്ദ്രനും കെ.ജെ. യേശുദാസിനുമുള്ള ഭാഷാജ്ഞാനവും ഉച്ചാരണശുദ്ധിയും സ്ഫുടതയും ദേവരാജന്‍ മാസ്റ്ററുടെ കണിശമായ ശിക്ഷണത്തില്‍ ലഭിച്ചതാണ്. ഒരുടവും തട്ടാതെയാണ് പദങ്ങള്‍ക്കു തന്റേതായ പരിലാളനം അദ്ദേഹം നല്‍കുന്നത്. 'കല്ലോലിനീ...'യില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഗാനങ്ങളിലെല്ലാം തന്നെ പലയിടത്തും നാദസൗന്ദര്യത്തിന്റെ ഈ ആത്മമുദ്ര പതിഞ്ഞുകിടക്കുന്നുണ്ട്. 'പണിതീരാത്ത വീടി'ലെ 'സുപ്രഭാതം' ഒന്നു വേറെതന്നെയാണ്. ഈ ഗാനത്തിന്റെ ചരണത്തില്‍ 'നിന്റെ നീലവാര്‍മുടി' എന്നു പറയുന്ന ഭാഗത്തെ പ്രേമലോലത ശ്രദ്ധിച്ചിട്ടുണ്ടോ? 'റംസാനിലെ ചന്ദ്രികയോ' എന്ന ഗാനത്തിന്റെ അനുപല്ലവിയിലും ചരണത്തിലുമുള്ള രണ്ടാമത്തെ 'ഏതോ' എത്ര നിസര്‍ഗ്ഗസുന്ദരവും അനനുകരണീയവുമാണ്. 'ഏതോ' എന്ന പദം അവസാനിക്കുന്ന 'ഓ' എന്ന സ്വരശബ്ദത്തിന് ഇവിടെ എന്തോ ഒരു പ്രത്യേകത അനുഭവപ്പെടുന്നുമുണ്ട്. അര്‍ജുനന്‍ മാസ്റ്ററുടെ സംഗീതത്തിലുള്ള 'മുത്തു കിലുങ്ങീ... മണിമുത്തുകുലുങ്ങീ...' എന്ന ഗാനത്തിന്റെ അനുപല്ലവിയില്‍ 'ഓരോ മലരും' എന്നു പാടുന്ന ഭാഗം ശ്രദ്ധിച്ചു കേള്‍ക്കൂ. 'ഒ'കാരത്തിനും 'അ'കാരത്തിനും ഇടയിലുള്ള ഒരു ശബ്ദമാണ് അദ്ദേഹം പുറപ്പെടുവിക്കുന്നത്. എത്ര മനോഹരമാണത്! ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ 'കാവ്യപുസ്തകമല്ലോ ജീവിതം' എന്ന ഗാനത്തില്‍ 'ഇന്നോ...നാളെയോ...' എന്ന് പാടുന്നിടത്തെ 'ഓ'കാരത്തിന് മറ്റൊരുതരം പ്രയോഗമാണുള്ളത്. സൂക്ഷ്മനിരീക്ഷണത്തില്‍, ഓരോ ഗാനത്തിലും ഇങ്ങനെ പലതരം സൗന്ദര്യാംശങ്ങള്‍ കണ്ടെത്താന്‍ കഴിയും.

ഈ ഗാനത്തില്‍ത്തന്നെ, 'അനഘഗ്രന്ഥമിതാരോ തന്നൂ...' എന്നു നീട്ടുന്നിടത്തെ ഹിന്ദോളത്തിലെ സംഗതികള്‍ക്ക് ക്ലാസ്സിക്കല്‍സ്പര്‍ശം നിലനിര്‍ത്തിക്കൊണ്ടുതന്നെ അദ്ദേഹം മെലഡിയുടെ മാധുര്യം ചേര്‍ക്കുന്നു.

'ആസ്വദിച്ചീടണമോരോ വരിയും ആനന്ദസന്ദേശരസമധുരം...' - ഈ വരികള്‍ രസമധുരം തന്നെയാണ് പകരുന്നത്.

അര്‍ജുനന്‍ മാസ്റ്ററുടെ സംഗീതത്തിലുള്ള 'മുത്തു കിലുങ്ങീ... മണിമുത്തുകുലുങ്ങീ...' എന്ന ഗാനത്തിന്റെ അനുപല്ലവിയില്‍ 'ഓരോ മലരും' എന്നു പാടുന്ന ഭാഗം ശ്രദ്ധിച്ചു കേള്‍ക്കൂ. 'ഒ'കാരത്തിനും 'അ'കാരത്തിനും ഇടയിലുള്ള ഒരു ശബ്ദമാണ് അദ്ദേഹം പുറപ്പെടുവിക്കുന്നത്. എത്ര മനോഹരമാണത്!
യേശുദാസിനൊപ്പം
യേശുദാസിനൊപ്പം
'ഭാവഗായകന്‍' എന്നു വിളിക്കപ്പെടാന്‍ ഒരു കാരണം തീര്‍ച്ചയായും ആ നാദത്തിന്റെ ലാവണ്യവും ഒപ്പം തന്നെ വദനഭാഗങ്ങളാലും നാസികയാലും ആ നാദത്തെ ഗാനമാക്കി വിനിമയം ചെയ്യുന്ന ആ അസാധാരണ വൈഭവവുമാണ്. എന്നാല്‍, സുപ്രധാനമായ മറ്റൊരു കാര്യമുണ്ട്. ഗാനത്തിന്റെ സാഹിത്യത്തെ നന്നായി അറിയാന്‍ ശ്രമിക്കുന്ന മനസ്സ്. കവിതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അതിന്റെ ഉപ്പും നനവും ആത്മാവിലേക്കു പകര്‍ത്തിയെടുക്കാനുള്ള കഴിവ്.
ജി. ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി, എം.കെ.അര്‍ജുനന്‍
ജി. ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി, എം.കെ.അര്‍ജുനന്‍

പ്രത്യേകിച്ച്, 'ആനന്ദ' എന്ന പദത്തിന്റെ ആലാപനഭംഗി. മോഹനത്തിന്റെ മുന്തിരിച്ചാറ് എന്നു വിശേഷിപ്പിക്കാവുന്ന, അര്‍ജുനന്‍ മാസ്റ്ററുടെ കോമ്പസിഷന്‍ ആയ 'മല്ലികപ്പൂവിന്‍ മധുരഗന്ധം...' എന്നു തുടങ്ങുന്ന ഗാനത്തില്‍ ആദ്യന്തം സംഗതികളുടെ ഘോഷയാത്രയാണ്. എന്നാല്‍, ഏതാസ്വാദകനും മനോഹരമായ ഒരു മെലഡിയായി ഈ ഗാനം അനുഭവപ്പെടുന്നുണ്ട്. രാഗത്തിന്റെ ക്ലാസ്സിക്കല്‍ ശൈലി നിലനിര്‍ത്തിക്കൊണ്ടുതന്നെ മധുരതരമായ ഒരു മെലഡി ആവിഷ്‌കരിക്കപ്പെടുന്നത് എങ്ങനെയെന്ന് ഈ ഗാനം കാണിച്ചുതരുന്നു. ഈ ഗാനത്തിനും ജയചന്ദ്രനാദത്തിന്റെ സുഭഗതയും പ്രയോഗവിശേഷങ്ങളും മാസ്മരിക സൗന്ദര്യം നല്‍കുന്നു. ചരണത്തില്‍ 'സ്വര്‍ണ്ണപരാഗങ്ങളാക്കീ...' എന്ന ഭാഗത്തെ 'ആ'കാരം 'നിത്യപുഷ്പാഞ്ജലി ചാര്‍ത്തീ...' എന്ന ഭാഗം നിര്‍ത്തുന്ന 'ഈ'കാരം, അനുപല്ലവിയുടെ അന്ത്യത്തില്‍ 'നിശ്ശബ്ദവീണയായേനെ...', ചരണത്തിന്റെ അന്ത്യത്തില്‍ 'നിശ്ചല ശില്പമായേനേ...' എന്നിവയിലെ 'ഏ' എന്ന സ്വരത്തിന്റെ അനുപമ സഞ്ചാരം...

മോഹനത്തിന്റെ സ്വരവൈഖരിയിലൂടെ സ്വപ്നാത്മകമായി ഒഴുകിപ്പോകുന്ന ഗായകന്‍ നമ്മളേയും ഒരു സ്വര്‍ഗ്ഗീയാനന്ദധാരയാല്‍ നനയ്ക്കുന്നു. ഇനിയുമുണ്ട് പറഞ്ഞാല്‍ത്തീരാത്ത ഗാനവിശേഷതകള്‍.

'ഭാവഗായകന്‍' എന്നു വിളിക്കപ്പെടാന്‍ ഒരു കാരണം തീര്‍ച്ചയായും ആ നാദത്തിന്റെ ലാവണ്യവും ഒപ്പം തന്നെ വദനഭാഗങ്ങളാലും നാസികയാലും ആ നാദത്തെ ഗാനമാക്കി വിനിമയം ചെയ്യുന്ന ആ അസാധാരണ വൈഭവവുമാണ്. എന്നാല്‍, സുപ്രധാനമായ മറ്റൊരു കാര്യമുണ്ട്. ഗാനത്തിന്റെ സാഹിത്യത്തെ നന്നായി അറിയാന്‍ ശ്രമിക്കുന്ന മനസ്സ്. കവിതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അതിന്റെ ഉപ്പും നനവും ആത്മാവിലേക്കു പകര്‍ത്തിയെടുക്കാനുള്ള കഴിവ്. പി. ഭാസ്‌കരനാണ് അദ്ദേഹത്തിന് ഏറെ പ്രിയങ്കരനായ കവി. വയലാറും ശ്രീകുമാരന്‍ തമ്പിയും ഒ.എന്‍.വിയുമെല്ലാം അദ്ദേഹത്തിന്റെ ആരാധനാപാത്രങ്ങള്‍. തമിഴില്‍ കണ്ണദാസനും വാലിയും. അദ്ദേഹത്തോട് ഗാനചര്‍ച്ച നടത്തിയവര്‍ക്കെല്ലാം തന്നെ പലപ്പോഴും അതു കാവ്യചര്‍ച്ചയായി മാറിയ അനുഭവം ഉണ്ടായിട്ടുണ്ടാവും. 'വിത്തുകള്‍' എന്ന ചിത്രത്തില്‍ ഭാസ്‌കരന്‍ മാഷ് എഴുതി പുകഴേന്തി ഈണമിട്ട് യേശുദാസ് പാടിയ 'അപാരസുന്ദര നീലാകാശം...' എന്ന ഗാനത്തിലെ സാഹിത്യത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ച് അനുപല്ലവിയിലെ 'ഏകാന്തതയുടെ മൗനഗാനമായ്

ഏതോ കാമുകനെ കാത്തിരിപ്പൂ...' - ഈ വരികളെക്കുറിച്ച് അദ്ദേഹം അത്ഭുതം കൂറും. 'കറുത്ത പൗര്‍ണ്ണമി'യിലെ ഭാസ്‌കരന്‍ മാഷുടെ തന്നെ 'ഹൃദയമുരുകി നീ...' എന്നു തുടങ്ങുന്ന പാട്ടിലെ 'ബാല്യത്തിന്‍ മലര്‍വനം കാലം ചുട്ടെരിച്ചപ്പോള്‍, ബാഷ്പത്താലെഴുതിയ കഥ പറയാം' - എന്ന വരികള്‍, 'നഗരമേ നന്ദി'യിലെ ജാനകിയമ്മയുടെ സുപ്രസിദ്ധമായ 'മഞ്ഞണിപ്പൂനിലാവി'ലെ 'താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ താമരമാലയുമായ് ചിങ്ങമെത്തുമ്പോള്‍...' - എന്ന വരികള്‍ പാടി, 'ഹാ... എന്താ ആ ചിങ്ങത്തിന്റെ നില്‍പ്പ്...!' എന്ന് അദ്ദേഹം പറയും. അങ്ങനെ എത്രയെത്രയോ ഗാനങ്ങളെക്കുറിച്ച് തന്റേതായ വിശകലനങ്ങളും ആസ്വാദനങ്ങളും ആ ഗാനചര്‍ച്ചകളില്‍ സംഭവിക്കും. ഇങ്ങനെ കാവ്യാര്‍ത്ഥഭാവതലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത്, അര്‍ത്ഥം ശരിക്കുമറിഞ്ഞ് പാടാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയിട്ടുണ്ട് എന്നുവേണം കരുതാന്‍. ഇതിന് മഹാകവി ഒ.എന്‍.വി കുറുപ്പ് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. 'നഖക്ഷതങ്ങ'ളില്‍ ഒ.എന്‍.വി എഴുതി ബോംബെ രവി സംഗീതം പകര്‍ന്ന് ഭാവഗായകന്‍ പാടിയ 'കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത...' എന്ന എന്ന ഗാനത്തിന്റെ ചരണത്തില്‍ 'ശബ്ദസാഗരത്തിന്‍ അഗാധ-നിശ്ശബ്ദശാന്തതയില്ലയോ...' എന്നു പാടിയതിനെക്കുറിച്ച് അദ്ദേഹം 'എന്റെ ജയചന്ദ്രന്‍' എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ''ഈ ഗാനം ആര്‍ക്കും ആലപിക്കാം. പക്ഷേ, ജയചന്ദ്രന്‍ പാടുമ്പോഴാണ് അഗാധനിശ്ശബ്ദശാന്തത അനുഭവപ്പെടുന്നത്.''

പി. സുശീല, എം.എസ്. വിശ്വനാഥന്‍, രാഘവന്‍മാസ്റ്റര്‍
പി. സുശീല, എം.എസ്. വിശ്വനാഥന്‍, രാഘവന്‍മാസ്റ്റര്‍
'ഹൃദയത്തിന്‍ കനി പിഴിഞ്ഞ ചായത്താല്‍എഴുതിയ ചിത്രങ്ങള്‍...' എന്നു പാടുമ്പോള്‍ അദ്ദേഹം ആത്മാവിനെ ഞെക്കിപ്പിഴിയുകയാണോ എന്നു തോന്നും. വിരഹവും വേദനയും കലര്‍ന്ന ഗാനങ്ങള്‍ ഭാവഗായകന്‍ ആലപിക്കുമ്പോള്‍ അതിന്റെ ഓളങ്ങളില്‍ നമ്മള്‍ മുങ്ങിപ്പോകുന്നു. 'കള്ളിച്ചെല്ലമ്മ'യിലെ രാഘവന്‍ മാസ്റ്ററുടെ ഈണത്തിലുള്ള 'കരിമുകില്‍ക്കാട്ടിലെ...', 'മൂന്നു പൂക്കളി'ലെ പുകഴേന്തിയുടെ 'വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ...', 'യാത്രാമൊഴി'യിലെ ഇളയരാജയുടെ ഈണത്തിലുള്ള 'മഞ്ഞോലും രാത്രി മാഞ്ഞു...' ജെറി അമല്‍ദേവിന്റെ 'ഇനിയുമേതുതീരം... ഇവിടെയല്പനേരം...' തുടങ്ങിയ ഗാനങ്ങള്‍ വിഷാദത്തിന്റെ വ്യത്യസ്ത നിറഭേദങ്ങള്‍ ഹൃദയത്തില്‍ പകരുന്നു.

ഇതേ ചിത്രത്തിലെ കവിതപോലുള്ള ഒരു ഗാനം എങ്ങനെയാണ് ഒരു ഗായകന്‍ കവിതയിലുള്ള വൈകാരികാംശത്തെ തന്റെ നാദംകൊണ്ട് പ്രകാശിപ്പിക്കുന്നത് എന്നതിന് ഉത്തമോദാഹരണമാണ്. നിശ്ശബ്ദതയുടെ പശ്ചാത്തലത്തില്‍ മേല്‍സ്ഥായിയില്‍നിന്നും വിഷാദം കിനിയുന്ന മുഴക്കമുള്ള ആ നാദം ഒഴുകിയിറങ്ങുന്നു.

'വ്രീളാഭരിതയായ് വീണ്ടുമൊരു പുലര്‍വേള കണ്‍ചിമ്മിയുണര്‍ന്നൂ...'

ഈ ഗാനത്തിന്റെ സംഗീതസംവിധാനത്തിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട് എന്നുള്ളത് ചിലര്‍ക്കെങ്കിലും പുതിയ അറിവായിരിക്കും. മഹാസംഗീതകാരനായ രവി ബോംബെ പാകിയ പുല്ലാംകുഴലിന്റെ സഞ്ചാരത്തിനൊപ്പം പി. ജയചന്ദ്രന്‍ ഗാനം ആലപിക്കുകയായിരുന്നു. കഥ ഇതാണ്: മലയാളം അറിയാത്ത സംഗീതസംവിധായകന്‍ ജയചന്ദ്രനോട് കവിത വായിക്കാന്‍ ആവശ്യപ്പെടുന്നു. ഈണത്തില്‍ ചൊല്ലാന്‍ ഫ്‌ലൂട്ടില്‍ ഒരു രാഗതരംഗം പാകുന്നു. അതിനനുസരിച്ച് അദ്ദേഹം പാടിപ്പോകുന്നു. അങ്ങനെ മതി ആ ഗാനം എന്ന് തീരുമാനിക്കപ്പെടുന്നു. ചിത്രത്തില്‍ വിനീതിന്റെ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങളെ പകര്‍ത്തുന്ന ഈ കവിത ഫലത്തില്‍, നമ്മില്‍ ഓരോരുത്തരിലുമുള്ള നഷ്ടസ്വപ്നങ്ങളുടെ മാഞ്ഞുതുടങ്ങിയ വിഷാദചിത്രങ്ങളെ വീണ്ടും രക്തവര്‍ണ്ണത്താല്‍ വരയ്ക്കുകയാണ് ചെയ്യുന്നത്.

'ഹൃദയത്തിന്‍ കനി പിഴിഞ്ഞ ചായത്താല്‍എഴുതിയ ചിത്രങ്ങള്‍...' എന്നു പാടുമ്പോള്‍ അദ്ദേഹം ആത്മാവിനെ ഞെക്കിപ്പിഴിയുകയാണോ എന്നു തോന്നും. വിരഹവും വേദനയും കലര്‍ന്ന ഗാനങ്ങള്‍ ഭാവഗായകന്‍ ആലപിക്കുമ്പോള്‍ അതിന്റെ ഓളങ്ങളില്‍ നമ്മള്‍ മുങ്ങിപ്പോകുന്നു. 'കള്ളിച്ചെല്ലമ്മ'യിലെ രാഘവന്‍ മാസ്റ്ററുടെ ഈണത്തിലുള്ള 'കരിമുകില്‍ക്കാട്ടിലെ...', 'മൂന്നു പൂക്കളി'ലെ പുകഴേന്തിയുടെ 'വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ...', 'യാത്രാമൊഴി'യിലെ ഇളയരാജയുടെ ഈണത്തിലുള്ള 'മഞ്ഞോലും രാത്രി മാഞ്ഞു...' ജെറി അമല്‍ദേവിന്റെ 'ഇനിയുമേതുതീരം... ഇവിടെയല്പനേരം...' തുടങ്ങിയ ഗാനങ്ങള്‍ വിഷാദത്തിന്റെ വ്യത്യസ്ത നിറഭേദങ്ങള്‍ ഹൃദയത്തില്‍ പകരുന്നു. ശോകഗാനങ്ങളുടെ പട്ടികയില്‍പ്പെടുത്താന്‍ കഴിയുകയില്ലെങ്കിലും പല പ്രണയഗീതങ്ങളിലും അദ്ദേഹം ആലപിക്കുമ്പോള്‍ ഒരു വിഷാദച്ഛായ പടരുന്നതായി അനുഭവപ്പെടാറുണ്ട്. പ്രണയം നശ്വരമാണെന്നു തോന്നിക്കുന്ന നോവിന്റെ നേര്‍ത്ത നനവുകള്‍...

യേശുദാസിനും തിക്കുറിശിക്കുമൊപ്പം
യേശുദാസിനും തിക്കുറിശിക്കുമൊപ്പം

സ്പന്ദിക്കുന്ന കാമുകഹൃദയം

'ധീര' എന്ന ചിത്രത്തില്‍ രഘുകുമാറിന്റെ അനുപമമായ സംഗീതത്തില്‍ അദ്ദേഹം ആലപിച്ച 'മൃദുലേ ഇതാ...' എന്നു തുടങ്ങുന്ന ഗീതകം ഒരു ഉദാഹരണമാണ്. പാട്ടില്‍ പലയിടത്തും കാമുകന്റെ ഹൃദയം വന്നു സ്പന്ദിക്കുന്നത് കേള്‍ക്കാനാവും. ഇതുപോലെ ഒരുപക്ഷേ, ഇതിനേക്കാള്‍ ഭാവദീപ്തമായ ഒരു ഗാനം 'ചന്ദ്രകാന്ത'ത്തിലുണ്ട്. എം.എസ്. വിശ്വനാഥന്റെ താരതമ്യമില്ലാത്ത സംഗീതം. ശ്രീകുമാരന്‍ തമ്പിയുടെ വ്യത്യസ്തവും സുന്ദരവുമായ രചന.

'രാജീവനയനേ... നീയുറങ്ങൂ...

രാഗവിലോലേ... നീയുറങ്ങൂ...' - കാമുകിയെ താരാട്ടുന്ന കാമുകന്‍. ഉറങ്ങുന്ന ഭൂമിയെ ഉറങ്ങാതെ നോക്കിയിരിക്കുന്ന നീലാംബരമാകുന്ന പ്രിയതമനെപ്പോലെ. ഈ ഗാനത്തിലും അവിടവിടെ വിഷാദം നീലരാശി പടര്‍ത്തുന്നു. പ്രണയാതുരമായ ഹൃദയത്തില്‍ നേരിയ നോവും പടരാമെന്നു കാണിക്കുന്ന ഗാനം.

'എന്‍പ്രേമഗാനത്തിന്‍ ഭാവം...' - എന്നു പാടുമ്പോഴും 'ഭാ...വം' എന്നു രണ്ടാമത് നീട്ടിപ്പാടുമ്പോഴും ആനന്ദത്തിന്റെ അതിരിലെ വിഷാദം നമ്മളനുഭവിക്കുന്നു.

ശ്രീകുമാരന്‍ തമ്പിയോടൊപ്പം പി. ജയചന്ദ്രനും യേശുദാസും പങ്കെടുത്ത ഒരു പരിപാടിയില്‍ ജയചന്ദ്രന്‍ ഈ ഗാനം പാടി. തുടര്‍ന്ന് തനിക്ക് സ്വന്തം പാട്ടിനേക്കാള്‍ ഇഷ്ടമുള്ള ഒരു ഗാനം 'ചന്ദ്രകാന്ത'ത്തില്‍ ദാസേട്ടന്‍ പാടിയിട്ടുണ്ട്, അതേതെന്നു പറയാമോ എന്നു ചോദിച്ചു. യേശുദാസിന് അത് ഓര്‍മ്മ വന്നില്ല. ജയചന്ദ്രന്‍ ആ ഗാനത്തിന്റെ പല്ലവി പാടി:

'സ്വര്‍ഗ്ഗമെന്ന കാനനത്തില്‍

സ്വര്‍ണ്ണമുഖീ നദിക്കരയില്‍...'

പൊതുവേ ഗാനമേളകളില്‍ ആരും പാടാത്ത ഒരു ഗാനമായിരുന്നു അത്. എന്നാല്‍, രചനകൊണ്ടും സംഗീതംകൊണ്ടും ആലാപനംകൊണ്ടും മികച്ച ഒരു ഗാനശില്പം. ഇത്തരം വ്യത്യസ്ത ഗാനങ്ങളായിരുന്നു ജയചന്ദ്രനു കൂടുതല്‍ ഇഷ്ടം. പല സ്വകാര്യസദസ്സുകളിലും പൊതുവേദികളിലും ഗാനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് എടുത്തു പറഞ്ഞുകൊണ്ടുതന്നെ അദ്ദേഹം ഇങ്ങനെയുള്ള പാട്ടുകള്‍ പാടാറുണ്ട്. 'കറുത്ത പൗര്‍ണ്ണമി'യിലെ ഇതുപോലെ മഹത്തായ ഒരു ഗാനം അതിറങ്ങിയ കാലത്ത് വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. പി. ഭാസ്‌കരന്റേയും എം.കെ. അര്‍ജുനന്റേയും അപൂര്‍വ്വ സംഗമത്തില്‍ പിറന്ന 'ഹൃദയമുരുകി നീ കരയില്ലെങ്കില്‍...' എന്ന യേശുദാസ് ഗാനം, തനിക്കു ലഭിച്ച ഒരുപാട് വേദികളില്‍ പാടി നടന്നിട്ടുണ്ട് ഭാവഗായകന്‍. നേരത്തേ പരാമര്‍ശിച്ചുപോയ ഗാനചര്‍ച്ചകളില്‍ ഈ ഗാനത്തെ കൊണ്ടുവരികയും സുഹൃത്തുക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തുവരുന്നുണ്ട് ഇന്നും. 'പ്രവാഹം' എന്ന സിനിമയിലെ അര്‍ജുനന്‍ മാസ്റ്ററുടെ തന്നെ ഈണത്തിലുള്ള 'സ്നേഹ ഗായികേ... നിന്‍ സ്വപ്നവേദിയില്‍' എന്ന ഗാനവും അദ്ദേഹത്തിനേറെ പ്രിയപ്പെട്ടതാണ്. 'അഭയ'ത്തില്‍ ദക്ഷിണാമൂര്‍ത്തി സ്വാമി ഈണമിട്ട് യേശുദാസ് ആലപിച്ച ജി.യുടെ കവിത അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. സ്വകാര്യ സദസ്സുകളില്‍ മധുരോദാത്തമായി അദ്ദേഹമത് ആലപിക്കാറുണ്ട്. 'ക്ഷുദ്രമാമെന്‍ കര്‍ണത്താല്‍...' എന്നു തുടങ്ങുന്ന ഭാഗം ഒരല്പം സ്വാമിയെ അനുകരിച്ച് അദ്ദേഹം പാടുന്നത് കേള്‍ക്കാന്‍ ഒരു പ്രത്യേക സുഖമാണ്. വിശിഷ്യ, 'മോഹനഗാനാലാപാല്‍...' എന്ന ഭാഗം. 'സിന്ദൂരച്ചെപ്പി'ലെ 'ഓമലാളെ കണ്ടു ഞാന്‍' പോപ്പുലറായ ഗാനമാണ്. എന്നാല്‍, ഇതേ ചിത്രത്തിലെ 'പൊന്നില്‍ കുളിച്ച രാത്രി'യാണ് അദ്ദേഹത്തിന്റെ ഇഷ്ടഗാനം.

തോക്കുകള്‍ കഥ പറയുന്നു എന്ന ചിത്രത്തിലെ ഏറെ പ്രസിദ്ധമായ ഗാനമാണ് വയലാര്‍ - ദേവരാജന്‍ ടീമിന്റെ 'പാരിജാതം തിരുമിഴി തുറന്നൂ...' അതേ ചിത്രത്തില്‍ ഭാവഗായകന്‍ 'പൂവും പ്രസാദവും...' പാടി. എന്നാല്‍, ഈ ചിത്രത്തിലെ 'പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു...' എന്ന യേശുദാസ് ഗാനമാണ് ജയചന്ദ്രനിഷ്ടം. 'മിടുമിടുക്കി' എന്ന ചിത്രത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഹിറ്റ്ഗാനമാണ് യേശുദാസും എസ്. ജാനകിയും ചേര്‍ന്നു പാടിയ 'അകലെയകലെ നീലാകാശം...'

പി. ജയചന്ദ്രന്‍(ഫയല്‍ചിത്രം)
പി. ജയചന്ദ്രന്‍(ഫയല്‍ചിത്രം)
മലയാളസിനിമയിലും സുശീലാമ്മ ധാരാളം മനോഹരഗാനങ്ങള്‍ പാടിയിട്ടുണ്ടല്ലോ. ദേവരാജന്‍ മാഷുടെ റെയര്‍ കോമ്പസിഷനായി പി. ജയചന്ദ്രന്‍ പരാമര്‍ശിക്കുന്ന ഒരു ഗാനമുണ്ട്: 'വാഴ്വേമായ'ത്തിലെ 'കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു കസ്തൂരിമാനിനെ കണ്ടു...' എന്നു തുടങ്ങുന്ന ഗാനം.

ഈ ചിത്രത്തില്‍ പി. സുശീല പാടിയ 'കനകപ്രതീക്ഷതന്‍ കണിമലര്‍ താലത്തില്‍...' എന്നു തുടങ്ങുന്ന ഗാനമാണ് ജയചന്ദ്രന് ഏറെയിഷ്ടം. 'കൊടുങ്ങല്ലൂരമ്മ'യില്‍ രാഘവന്‍ മാഷ് ഈണമിട്ട് യേശുദാസ് പാടിയ 'മഞ്ജുഭാഷിണി...' ഏറെ പ്രശസ്തമായ ഗാനമാണ്. എന്നാല്‍, ഇതേ ചിത്രത്തില്‍ പി സുശീല പാടിയ 'ഋതു കന്യകയുടെ ലതാഗൃഹത്തിലെ

ഋഷി കുമാരാ...' ആണ് അദ്ദേഹത്തിന്റെ പ്രിയഗാനം. പി. ജയചന്ദ്രന് ഏറെ പ്രിയപ്പെട്ട ഗായികയാണ് പി. സുശീല. ഒപ്പത്തിനൊപ്പമാണ് ലതാ മങ്കേഷ്‌കറോടുള്ള ഇഷ്ടമെങ്കിലും അദ്ദേഹം നേരിട്ട് കണ്ടു വണങ്ങുന്ന സംഗീതദേവതയാണ് സുശീലാമ്മ. അവരുടെ നാദത്തിന് മാദകത്വമാണെന്നും അദ്ദേഹം പറയാറുണ്ട്. പി. സുശീല എം.എസ്.വി ടീമിന്റെ തമിഴ്ഗാനങ്ങളാണ് അദ്ദേഹത്തിനു പ്രിയങ്കരം. അത് മറ്റൊരു സംഗീതലോകമാണ്.

മലയാളസിനിമയിലും സുശീലാമ്മ ധാരാളം മനോഹരഗാനങ്ങള്‍ പാടിയിട്ടുണ്ടല്ലോ. ദേവരാജന്‍ മാഷുടെ റെയര്‍ കോമ്പസിഷനായി പി. ജയചന്ദ്രന്‍ പരാമര്‍ശിക്കുന്ന ഒരു ഗാനമുണ്ട്: 'വാഴ്വേമായ'ത്തിലെ 'കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു കസ്തൂരിമാനിനെ കണ്ടു...' എന്നു തുടങ്ങുന്ന ഗാനം. 'ഓടയില്‍നിന്ന്' എന്ന വിഖ്യാത ചിത്രത്തിലെ 'കാറ്റില്‍... ഇളം കാറ്റില്‍...', 'ഡോക്ടറി'ലെ 'കിനാവിന്റെ കുഴിമാടത്തില്‍...', 'ഭാര്യ'യിലെ 'ഓമനക്കൈയില്‍ ഒലിവിലക്കൊമ്പുമായ്...' തുടങ്ങി ഒരുപാട് ഗാനങ്ങളെക്കുറിച്ച് അദ്ദേഹം പറയാറുണ്ട്. 'കാദംബരീപുഷ്പസരസ്സില്‍...' എന്ന ഗാനത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം പറയാറും പാടാറുമുണ്ട്. 'മൂടുക മൂടുക, രോമഹര്‍ഷങ്ങളാല്‍... മൂടുകീ കൈനഖവടുക്കള്‍...' എന്നു പാടി ആ വരികളെക്കുറിച്ച് വാചാലനാവുകയും ചെയ്യും. 'യക്ഷി'യിലെ

'വിളിച്ചു... ഞാന്‍ വിളി കേട്ടു...

തുടിച്ചു... മാറിടം... തുടിച്ചു...' - എന്ന പാട്ടാണ് മലയാളത്തിലെ ഏറ്റവും സെക്സിയായ ഗാനം എന്നും അദ്ദേഹം പറയാറുണ്ട്!

തന്റെ ആദ്യകാല സംഗീതസംവിധായകരെയെല്ലാം ആരാധ്യരായ ഗുരുനാഥന്മാരായാണ് അദ്ദേഹം കരുതിപ്പോന്നത്. മഹാസംഗീതവിസ്മയം എന്നതിന്റെ ചുരുക്കപ്പേരായാണ് അദ്ദേഹം എം.എസ്.വിയെ കാണുന്നത്. അദ്ദേഹത്തിന്റെ ഗാനങ്ങളുടെ അത്ഭുതലോകം തമിഴാണല്ലോ. മലയാള സിനിമാസംഗീതത്തില്‍ അഞ്ചു മാസ്റ്റേഴ്സാണുള്ളത് എന്നാണ് ഭാവഗായകന്റെ അഭിപ്രായം. അത് അന്നും ഇന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. രാഘവന്‍ മാസ്റ്റര്‍, ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, എം.എസ്. ബാബുരാജ്, അര്‍ജുനന്‍ മാസ്റ്റര്‍, ചിദംബരനാഥ് തൊട്ട് ഇവരോടൊപ്പവും അതിനുശേഷവും തനിക്കു ഗാനങ്ങള്‍ നല്‍കിയ എല്ലാ സംഗീതസംവിധായകരോടും അദ്ദേഹത്തിന് ആദരവുണ്ട്. പക്ഷേ , മാസ്റ്റേഴ്സ് ഇവര്‍ മാത്രമാണ്. ഇവരില്‍ ദേവരാജന്‍ മാസ്റ്ററോടൊത്ത് ചെലവിട്ട നിരവധി സന്ദര്‍ഭങ്ങളെക്കുറിച്ച് അദ്ദേഹം പറയാറുണ്ട്. ബാബുക്കയുടെ മരണാനന്തരം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനശേഖരണത്തിനായി അവര്‍ ഒരുമിച്ച് സഞ്ചരിച്ചത് അതിലൊന്നുമാത്രം. ദേവരാജന്‍ മാസ്റ്ററെ ഓര്‍മ്മിക്കുമ്പോള്‍ രസകരമായ ഒരു കാര്യം അദ്ദേഹം പറയാറുണ്ട്. ആദ്യകാലങ്ങളില്‍ റെക്കോര്‍ഡിങ്ങിനു മുന്‍പ് പാട്ട് പഠിപ്പിച്ച ശേഷം മാസ്റ്റര്‍ പറയും: ''നാളെ തൈര് കഴിക്കരുത്... ചിക്കന്‍ നന്നായി കഴിച്ചോ... .തൊണ്ട ചൂടായിനില്‍ക്കും.''

തുടക്കത്തില്‍ അനുസരിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് കഴിയാതായി. തൈര് ഭക്ഷണത്തില്‍നിന്നും ഒഴിവാക്കാന്‍ ജയചന്ദ്രനാവില്ല. കോഴിയിറച്ചി അത്ര പഥ്യവുമല്ല. റിക്കാര്‍ഡിങ്ങ് കഴിയുമ്പോള്‍, മാസ്റ്റര്‍ ചോദിക്കും:

''തൈര് കഴിച്ചില്ലല്ലോ?''

''ഇല്ല.''

''കോഴിയിറച്ചിയോ?''

''കഴിച്ചു.''

''അതാ വോയ്സ് നന്നായിരിക്കുന്നത്.''

ഭാവഗായകന്‍ ഒന്നും മിണ്ടാതെ പുഞ്ചിരിക്കും. ഉള്ളില്‍ സ്നേഹമുണ്ടെങ്കിലും അല്പം ശുണ്ഠിക്കാരനും കര്‍ക്കശക്കാരനുമായിരുന്നു ദേവരാജന്‍ മാസ്റ്റര്‍.

അര്‍ജുനന്‍ മാസ്റ്റര്‍ ശാന്തശീലനും സ്നേഹമയനുമായിരുന്നു. ഒരു സുഹൃത്തിനെപ്പോലെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. അടുത്തു പരിചയത്തിലായ ശേഷം അദ്ദേഹം താമസിച്ചിരുന്ന ആര്‍.കെ. ശേഖറിന്റെ വീട്ടിലേക്ക് ജയചന്ദ്രന്‍ ചെല്ലുമായിരുന്നു. ശേഖറുമൊത്ത് മാസ്റ്റര്‍ കമ്പോസിംഗ് നടത്തുന്നത് നോക്കി ഗായകന്‍ അങ്ങനെയിരിക്കും. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ സൗഹൃദസംഭാഷണങ്ങളില്‍ മുഴുകിയും പാട്ടുകള്‍ പാടിയും സമയം ചെലവിടും. വര്‍ഷങ്ങള്‍ക്കുശേഷം മാസ്റ്റര്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് പള്ളുരുത്തിയിലെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജയചന്ദ്രന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. ഒരിക്കല്‍ ഗാനരചയിതാവ് ചിറ്റൂര്‍ ഗോപിയും മറ്റു ചില സുഹൃത്തുക്കളുമായി മാസ്റ്ററെ കാണാന്‍ ചെന്ന ഭാവഗായകന്‍ നിലത്ത്, ആ കാല്‍ച്ചുവട്ടിലിരുന്ന് വര്‍ത്തമാനം പറയുകയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പാടിക്കേള്‍പ്പിക്കുകയും ചെയ്ത കഥ അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്.

ബാബുക്ക തികഞ്ഞ ഒരു ചങ്ങാതിയെപ്പോലെയായിരുന്നു. ചലച്ചിത്ര പിന്നണിരംഗത്തുള്ള സഹകരണം കൂടാതെ അവരൊരുമിച്ച് പരിപാടികള്‍ നടത്തിയിരുന്ന കഥകളും പി. ജയചന്ദ്രന്‍ പറയാറുണ്ട്. കോഴിക്കോടടുത്തുള്ള കല്യാണപ്പുരകളില്‍ നിലാവിന്റെ മേലാപ്പിനു താഴെ അത്തറിന്റെ സുഗന്ധം പരക്കുന്ന മൈലാഞ്ചിരാവുകളില്‍ ബാബുക്കയോടൊപ്പം പ്രണയഗാനങ്ങള്‍ പാടിനടന്ന ആ കാലത്തെക്കുറിച്ച് അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. ജയന്‍ തങ്ങളെപ്പോലെ ധാരാളമായി ബിരിയാണിയും കോഴിയിറച്ചിയുമൊന്നും കഴിക്കാത്തത് മാത്രമായിരുന്നു ബാബുക്കയെ വിഷമിപ്പിച്ചിരുന്നത്.

ജോണ്‍സണ്‍, പി.ഭാസ്കരന്‍. എം.എസ്. ബാബുരാജ്
ജോണ്‍സണ്‍, പി.ഭാസ്കരന്‍. എം.എസ്. ബാബുരാജ്
രാഘവന്‍ മാസ്റ്ററുടെ സംഗീതസംവിധാന ശൈലിയോട് ഏറെ ആദരവായിരുന്നു പി. ജയചന്ദ്രന്. 'പൊന്നും പൂവും' എന്ന ചിത്രത്തിലെ 'നീലമലപ്പൂങ്കുയിലേ...' എന്ന ഗാനം പാടാനുള്ള അവസരം ലഭിച്ചതില്‍ അദ്ദേഹം വളരെയധികം സന്തോഷിച്ചു. അത്രയ്ക്ക് മനോഹരമായിരുന്നു ആ ഗാനത്തിന്റെ കോമ്പസിഷന്‍. റിക്കാര്‍ഡിംഗ് വേളയില്‍ അദ്ദേഹം പലവട്ടം രാഘവന്‍ മാസ്റ്ററോട് ആ ഗാനം പാടിക്കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചു.

രാഘവന്‍ മാസ്റ്റര്‍ എന്ന പ്രതിഭ

ദക്ഷിണാമൂര്‍ത്തിസ്വാമിയെക്കുറിച്ച് ജയചന്ദ്രന്‍ ഇടയ്ക്കിടെ പറയാറുണ്ട്. ജയചന്ദ്രന്റെ സിനിമാപ്രവേശത്തിനും മുമ്പാണ്. ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് എത്തിയ സ്വാമി ജയചന്ദ്രന്റെ പിതാവ് രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാനോടൊപ്പം വീട്ടില്‍ വന്നു. തമ്പുരാന്‍ സാദരം അദ്ദേഹത്തിനു കസേര നീക്കിയിട്ടു കൊടുത്തു. എന്നാല്‍, അദ്ദേഹം നിലത്തിരിക്കുകയാണ് ചെയ്തത്. എത്ര നിര്‍ബ്ബന്ധിച്ചിട്ടും അദ്ദേഹം കസേരയില്‍ കയറിയിരിക്കാന്‍ കൂട്ടാക്കിയില്ല. അതിന് അദ്ദേഹം പറഞ്ഞ ന്യായം ഇതായിരുന്നു: ''നിലത്തിരുന്നാല്‍ ഇവിടെ നിന്നിറങ്ങിയിരിക്കാന്‍ ആരും പറയില്ലല്ലോ'', അതാണ് സ്വാമി.

രാഘവന്‍ മാസ്റ്ററുടെ സംഗീതസംവിധാന ശൈലിയോട് ഏറെ ആദരവായിരുന്നു പി. ജയചന്ദ്രന്. 'പൊന്നും പൂവും' എന്ന ചിത്രത്തിലെ 'നീലമലപ്പൂങ്കുയിലേ...' എന്ന ഗാനം പാടാനുള്ള അവസരം ലഭിച്ചതില്‍ അദ്ദേഹം വളരെയധികം സന്തോഷിച്ചു. അത്രയ്ക്ക് മനോഹരമായിരുന്നു ആ ഗാനത്തിന്റെ കോമ്പസിഷന്‍. റിക്കാര്‍ഡിംഗ് വേളയില്‍ അദ്ദേഹം പലവട്ടം രാഘവന്‍ മാസ്റ്ററോട് ആ ഗാനം പാടിക്കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. താന്‍ പാടുന്നത് മാസ്റ്റര്‍ പാടിയ അത്ര നന്നാവുന്നില്ല എന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹം വീണ്ടും വീണ്ടും പാടിയത്. പാട്ട് നന്നായിട്ടുണ്ടെന്നും അതുമതി എന്നും തൃപ്തിയോടെ മാസ്റ്റര്‍ പറഞ്ഞു. റിക്കാര്‍ഡിംഗ് കഴിഞ്ഞശേഷം നിര്‍മ്മാതാവിനും മറ്റും ആ ഗാനം എസ്.പി.ബിയെക്കൊണ്ട് പാടിക്കണമെന്നു തോന്നി. അതു ശരിയല്ലെന്ന് മാസ്റ്റര്‍ പറഞ്ഞു. താന്‍ റിക്കാര്‍ഡിങ്ങിനു വരില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഥയൊന്നും അറിയാതെ എസ്.പി.ബി വന്ന് പാടി. അദ്ദേഹം മടങ്ങിപ്പോയ ശേഷം പാട്ടുവച്ചുകേട്ടപ്പോള്‍ മാസ്റ്റര്‍ക്കു മാത്രമല്ല, ആവശ്യപ്പെട്ടവര്‍ക്കൊന്നും അത് ഇഷ്ടമായില്ല. അത് എസ്.പി.ബിയുടെ കുറവല്ല. അത്രമേല്‍ മലയാളത്തനിമയുള്ള ഗാനമായിരുന്നു അത്.

'മാരിമുകില്‍ തേന്മാവിന്റെ മലരണിയും കൊമ്പത്ത്

ആടാനും പാടാനും പൊന്നൂഞ്ഞാല്‍ കെട്ടീ ഞാന്‍...'

കവിത ഉള്‍ക്കൊണ്ട് ഫോക് ടച്ചുള്ള ആ മെലഡി ഭാവഗായകന്‍ പാടിവച്ചത് അതിസുന്ദരമായിരുന്നു. ചിത്രത്തില്‍ ആ ആലാപനം തന്നെ ചേര്‍ത്താല്‍ മതിയെന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു. രാഘവന്‍ മാസ്റ്റര്‍ക്ക് സന്തോഷവും സമാധാനവുമായി.

പൊതുവേ ഏകാന്തത ഇഷ്ടപ്പെടുന്ന പ്രകൃതമാണ് ഗായകന്‍ പി. ജയചന്ദ്രന്. ആ ലോകത്ത് സംഗീതം മാത്രം. റെക്കോര്‍ഡിങ്ങുകളും സ്റ്റേജ് പെര്‍ഫോമന്‍സുകളും മാറ്റിനിര്‍ത്തിയാല്‍ 'ഏതോ സ്വപ്നവസന്തത്തിലെ ഏകാന്തപഥികനായി' അദ്ദേഹം വാഴുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് അദ്ദേഹത്തോടൊപ്പം എത്രനേരം വേണമെങ്കിലും ഗാനചര്‍ച്ചയോ നര്‍മ്മസല്ലാപമോ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്. കൂട്ടത്തില്‍ ഗാനനിരൂപകനായ ജയകൃഷ്ണന്‍ പൊന്നാനിയും പാലക്കാട്ടെ ഡോക്ടര്‍ നിധിനും തൊട്ട് കൊല്ലത്തെ സിമന്റ് കടത്തുന്ന തൊഴിലാളി സുരേഷും വെള്ളായണിയിലെ ഓട്ടോ ഡ്രൈവര്‍ അജിത്തും പോസ്റ്റ്മാന്‍ കൃഷ്ണസ്വാമിയുമൊക്കെ ഉള്‍പ്പെടും. പ്രസിദ്ധ നാടകകൃത്തും സി.പി.എം നേതാവുമായ പിരപ്പന്‍കോട് മുരളിയുടെ അനുജന്‍ എസ്. മനോഹരനാണ് അദ്ദേഹവുമായി നിത്യം ഫോണില്‍ സംസാരിക്കുന്ന സുഹൃത്ത്. എത്രവേണമെങ്കിലും മനസ്സ് തുറന്നു സംസാരിക്കുന്ന അദ്ദേഹം പുറമേ മിതഭാഷിയും ഗൗരവക്കാരനുമാണ്. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം. അത് പൊതുവേദിയിലായാലും മാധ്യമങ്ങളുടെ മുന്നിലായാലും ഉള്ളിലുള്ളത് മറച്ചുവയ്ക്കാനോ അഭിനയിക്കാനോ പറഞ്ഞ കാര്യം മാറ്റിപ്പറയാനോ അദ്ദേഹത്തിനാവില്ല. രസകരമായ ഒരു സംഭവമുണ്ട്. ഒരിക്കല്‍ ഒരു ഗാനമേളയ്ക്കു ചെന്നപ്പോള്‍ സംഘാടകരില്‍ ഒരാള്‍ ഇടവേളയില്‍ അദ്ദേഹത്തെ പരിചയപ്പെടാന്‍ വേദിയില്‍ ചെന്നു. നാട്ടിലെ ഒരു പ്രമാണി എന്നു തോന്നിക്കുന്ന രൂപഭാവങ്ങള്‍. പരിചയപ്പെട്ട ശേഷം അയാള്‍ പറഞ്ഞു: ''ഞാന്‍ ജയേട്ടന്റെ പാട്ടുകള്‍ മാത്രമേ കേള്‍ക്കാറുള്ളൂ.'' പ്രതികരണം വൈകിയില്ല: ''വിഡ്ഢീ... എന്റെ പാട്ടു മാത്രമോ? താന്‍ റാഫിസാബിനേയും ടി.എം.എസിനേയും ദാസേട്ടനെയുമൊക്കെ കേള്‍ക്കണം.''

ഒരു കലാകാരന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ മനസ്സിന്റെ വലിപ്പം വെളിവാക്കുന്ന നിരവധി സംഭവങ്ങള്‍ പി. ജയചന്ദ്രന്റെ ജീവിതത്തില്‍നിന്നും എടുത്തുകാണിക്കാനുണ്ട്. അതിലൊന്ന് 'രാവണപ്രഭു' എന്ന ഹിറ്റ് മൂവിയുടെ റിക്കാര്‍ഡിങ്ങിനിടെ ഉണ്ടായതാണ്. ഈ ചിത്രത്തിനു വേണ്ടി 'അറിയാതെ...അറിയാതെ...' എന്ന ഗാനം പാടി സ്റ്റുഡിയോ റെക്കോര്‍ഡിങ്ങ് റൂമില്‍നിന്നും ജയചന്ദ്രന്‍ ഇറങ്ങിവരുന്നു. കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സംവിധായകന്‍ രഞ്ജിത്തും സംഗീതസംവിധായകന്‍ സുരേഷ് പീറ്റേഴ്സും എന്തോ ചര്‍ച്ചയിലാണ്. അവര്‍ അല്പം പരിഭ്രമത്തിലാണെന്നു കണ്ട ജയചന്ദ്രന്‍ കാര്യമന്വേഷിച്ചു. അവര്‍ സംഗതി പറഞ്ഞു.

''ചിത്രത്തിലെ അടുത്ത ഗാനം, 'ആകാശദീപങ്ങള്‍ സാക്ഷി...' ദാസേട്ടനാണ് പാടുന്നത്. അദ്ദേഹം അമേരിക്കയില്‍ നിന്നാണ് വരുന്നത്. പക്ഷേ , ട്രാക്ക് റെഡിയായിട്ടില്ല. ട്രാക്ക് പാടാന്‍ പെട്ടെന്ന് ആരെയും കിട്ടിയില്ല.'' ഉടനെ ജയചന്ദ്രന്‍ പറഞ്ഞു: ''ട്രാക്ക് ഞാന്‍ പാടാം.''

അവര്‍ രണ്ടുപേരും അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. മലയാള പിന്നണിഗാനരംഗത്തെ താരമായ അദ്ദേഹത്തെക്കൊണ്ട് ഒരു ട്രാക്ക് പാടിക്കാന്‍ അവര്‍ക്കു മനസ്സ് വന്നില്ല. ജയചന്ദ്രന്‍ പറഞ്ഞു: ''അതിനെന്താ, അദ്ദേഹം സീനിയറായ ഗായകനല്ലേ? ഞാന്‍ പാടാം.'' അങ്ങനെ കെ.ജെ. യേശുദാസിനുവേണ്ടി പി. ജയചന്ദ്രന്‍ ട്രാക്ക് പാടി. ട്രാക്കു കേട്ട് യേശുദാസ് അത്ഭുതത്തോടെ ചോദിച്ചു. ''ഇതു ജയനല്ലേ?'' ''അയാള്‍ പാടിയ പാട്ട്, മാറ്റി ഞാന്‍ പാടില്ല.'' നടന്ന സംഭവം വിവരിക്കുകയും ജയചന്ദ്രന്‍ സ്വന്തം ഇഷ്ടപ്രകാരം പാടിയതാണെന്നും പറഞ്ഞശേഷമാണ് യേശുദാസ് ആ ഗാനം ആലപിച്ചത്. ആ വര്‍ഷത്തെ മികച്ച ഗായകനുള്ള പുരസ്‌കാരം യേശുദാസിനു നേടിക്കൊടുത്തത് അതേ ഗാനമായിരുന്നു.

ദേവരാജന്‍ മാസ്റ്റര്‍ക്ക് ഒരു നല്ല അസിസ്റ്റന്റിനെ വേണമെന്നു പറഞ്ഞപ്പോള്‍, അക്കാലത്ത് താന്‍ പാടുന്ന ഗാനമേള ട്രൂപ്പില്‍ ഉണ്ടായിരുന്ന ജോണ്‍സണെ അദ്ദേഹം മാസ്റ്ററുടെ മുന്നിലെത്തിച്ചു. ആ അവസരമാണ് പിന്നീട് ജോണ്‍സണ്‍ മാഷെ മലയാള സിനിമാലോകത്തെത്തിച്ചതും നമ്മുടെയൊക്കെ പ്രിയ സംഗീതസംവിധായകനാക്കി മാറ്റിയതും. ഗായിക മിന്‍മിനിയെ മദിരാശയില്‍നിന്നും വിളിച്ചു നിര്‍ബ്ബന്ധിച്ച് ഇളയരാജയുടെ മുന്നിലെത്തിച്ചതും അദ്ദേഹം തന്നെ. ഇതെല്ലാം പഴയ കഥകള്‍. 2013-ല്‍ ഇറങ്ങിയ വി.കെ. പ്രകാശിന്റെ മമ്മൂട്ടി ചിത്രമായ 'ദ പവര്‍ ഓഫ് സൈലന്‍സി'ല്‍ സനൂപ് എന്ന പുതുമുഖ ഗായകനെ അവതരിപ്പിച്ചത് ഭാവഗായകന്റെ നിര്‍ബ്ബന്ധം കൊണ്ടായിരുന്നു എന്നത് അധികമാര്‍ക്കും അറിയാത്ത കഥയാണ്. ആ സമയത്ത് അമൃത ടിവിയുടെ 'അള്‍ട്ടിമേറ്റ് സിംഗര്‍' എന്ന റിയാലിറ്റി ഷോയില്‍ അദ്ദേഹം ജഡ്ജായി പ്രവര്‍ത്തിക്കുകയായിരുന്നു. ആ ചെറുപ്പക്കാരന്റെ ആലാപനം ഏറെ ഇഷ്ടപ്പെട്ട ഭാവഗായകന്‍ തനിക്കു പകരം സനൂപിനെക്കൊണ്ട് പാടിക്കണമെന്ന് വി.കെ.പി യോട് ആവശ്യപ്പെട്ടു. മമ്മൂട്ടിയുടെ ലിപ് മൂവ്മെന്റിനായി പാടുമ്പോള്‍ ആ ചെറുപ്പക്കാരന്റെ സ്വരം ശ്രദ്ധിക്കപ്പെടുമെന്ന് അദ്ദേഹം കരുതി. നമ്മള്‍ പുതിയ ആളുകള്‍ക്ക് അവസരം നല്‍കേണ്ടതല്ലേ എന്ന് ജയചന്ദ്രന്‍ പറഞ്ഞു. ''ജയേട്ടന്‍ തന്നെ പാടിയാല്‍ മതി''യെന്ന് ആദ്യം പറഞ്ഞ വി.കെ.പി, ആ അഭിപ്രായത്തിനു വഴങ്ങി. അങ്ങനെ രാജീവ് ആലുങ്കല്‍ - രതീഷ് വേഗ ടീമിന്റെ 'ഈ മൗനയാത്രയില്‍...' എന്ന ഗാനം പാടി സനൂപ് പിന്നണിഗായകനായി.

ദേവരാജന്‍ മാസ്റ്റര്‍ക്ക് ഒരു നല്ല അസിസ്റ്റന്റിനെ വേണമെന്നു പറഞ്ഞപ്പോള്‍, അക്കാലത്ത് താന്‍ പാടുന്ന ഗാനമേള ട്രൂപ്പില്‍ ഉണ്ടായിരുന്ന ജോണ്‍സണെ അദ്ദേഹം മാസ്റ്ററുടെ മുന്നിലെത്തിച്ചു. ആ അവസരമാണ് പിന്നീട് ജോണ്‍സണ്‍ മാഷെ മലയാള സിനിമാലോകത്തെത്തിച്ചതും നമ്മുടെയൊക്കെ പ്രിയ സംഗീതസംവിധായകനാക്കി മാറ്റിയതും.
ജയചന്ദ്രനിലെ ഗായകനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും നാഷണല്‍ ഹൈസ്‌കൂളിലെ ഗുരുനാഥന്‍ രാമനാഥന്‍ മാസ്റ്റര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ആദ്യത്തെ സംസ്ഥാന യുവജനോത്സവത്തില്‍ ലളിതഗാനത്തില്‍ 'ജയന്‍ കുട്ടന്‍' രണ്ടാം സ്ഥാനം നേടി. കോളേജില്‍നിന്നും കാര്യമായ പ്രോത്സാഹനമൊന്നും ലഭിച്ചിരുന്നില്ല.

സംഗീതം ജീവിതത്തിലേക്ക്

എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തുള്ള പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും കൊച്ചി രാജകുടുംബാംഗമായ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റേയും മക്കളില്‍ മൂന്നാമത്തെ കുട്ടിയായി 1944 മാര്‍ച്ച് 3 പി. ജയചന്ദ്രന്‍ ജനിച്ചു.

സമൃദ്ധിയുടെ നടുവില്‍ ഒരുപാട് കുട്ടികളോടൊപ്പം അദ്ദേഹം. തറവാട്ട് തൊടിയില്‍ ചങ്ങലക്കിട്ട ആനകള്‍. പാലിയത്ത് തറവാടിന്റെ അകത്തുള്ള ക്ഷേത്രത്തിലെ ഉത്സവമേളങ്ങള്‍. നിറങ്ങളും നാദങ്ങളും നിറഞ്ഞ കുട്ടിക്കാലം. പിന്നീട് ഭാഗം കഴിഞ്ഞ് അച്ഛനമ്മമാരോടും സഹോദരങ്ങളോടുമൊത്ത് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ താമസമാക്കി. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിലെ പഠനമാണ് ജയചന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ചേട്ടന്‍ സുധാകരന്‍ പഴയ ഹിന്ദിഗാനങ്ങള്‍ നന്നായി പാടുമായിരുന്നു. അച്ഛനും നല്ല സംഗീതാസ്വാദകനായിരുന്നു. എന്നാല്‍, ജയചന്ദ്രനിലെ ഗായകനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും നാഷണല്‍ ഹൈസ്‌കൂളിലെ ഗുരുനാഥന്‍ രാമനാഥന്‍ മാസ്റ്റര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ആദ്യത്തെ സംസ്ഥാന യുവജനോത്സവത്തില്‍ ലളിതഗാനത്തില്‍ 'ജയന്‍ കുട്ടന്‍' രണ്ടാം സ്ഥാനം നേടി. കോളേജില്‍നിന്നും കാര്യമായ പ്രോത്സാഹനമൊന്നും ലഭിച്ചിരുന്നില്ല. ബി.എസ്സി. സുവോളജി പാസ്സായ അദ്ദേഹം വീട്ടുകാരുടെ നിര്‍ദ്ദേശമനുസരിച്ച് ജോലി തേടി മദിരാശിക്കു വണ്ടികയറി. മദിരാശിയിലുള്ള അമ്മയുടെ ഒരു ബന്ധുവായ വിജയനച്ചന്റെ വീട്ടില്‍ താമസമാക്കി. പാടാനുള്ള വാസന അപ്പോഴും അദ്ദേഹത്തിനുള്ളില്‍ നിറഞ്ഞുനിന്നിരുന്നു. ഒരു ഗാനമേളയില്‍ പാടുവാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. 'പഴശ്ശിരാജ'യിലെ, യേശുദാസ് പാടിയ 'ചൊട്ട മുതല്‍ ചുടല വരെ' എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. ഇതു കേള്‍ക്കാനിടയായ ശോഭനാ പരമേശ്വരന്‍ നായരും വിന്‍സന്റ് മാഷും ആര്‍.എസ്. പ്രഭുവും അദ്ദേഹത്തിന്റെ നാദസൗകുമാര്യത്തിലും ആലാപന മികവിലും ആകൃഷ്ടരായി. അങ്ങനെയാണ് കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തില്‍ പാടുവാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചത്. ചിദംബരനാഥിന്റെ സംഗീതത്തിലുള്ള 'ഒരു മുല്ലപ്പൂ മാലയുമായ്...' എന്ന ഗാനമായിരുന്നു അദ്ദേഹം പാടേണ്ടിയിരുന്നത്. എന്നാല്‍, ആദ്യമായി റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ കയറിയ ജയചന്ദ്രന്‍ പരിഭ്രമിക്കുകയും അദ്ദേഹത്തിന് പാട്ട് പാടിത്തീര്‍ക്കാന്‍ കഴിയാതെ വരികയും ചെയ്തു.

''ഇതു തനിക്കു പറ്റിയ പണിയല്ലെന്നു'' കരുതി അദ്ദേഹം മടങ്ങി. അടുത്ത ദിവസം വിന്‍സന്റ് മാഷും കൂട്ടരും അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തി. ഒരിക്കല്‍കൂടി പാടിനോക്കാന്‍ നിര്‍ബ്ബന്ധിച്ചു. രണ്ടാമത്തെ അവസരത്തില്‍ അദ്ദേഹം നന്നായി പാടി. അങ്ങനെ ആ ത്രിമൂര്‍ത്തികള്‍ മലയാളത്തിനു ഭാവഗായകനെ സമ്മാനിച്ചു. ആദ്യം പാടിയത് 'കുഞ്ഞാലി മരക്കാ'രില്‍ ആയിരുന്നെങ്കിലും ആദ്യം പുറത്തുവന്നത് 'കളിത്തോഴ'നിലെ ഗാനങ്ങളായിരുന്നു (1966). ഭാസ്‌കരന്‍ - ദേവരാജന്‍ ടീമിന്റെ 'താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍' എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആദ്യം പാടിയത്. അതിനുശേഷം ദേവരാജന്‍ മാസ്റ്റര്‍ ഒരു ഗാനം കൂടി പഠിപ്പിച്ചു. യേശുദാസിനുവേണ്ടി ട്രാക്ക് പാടാനാണെന്നു പറഞ്ഞാണ് മലയാള സിനിമയിലെ നിത്യസുന്ദരഗാനമായ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' അദ്ദേഹത്തെ പഠിപ്പിച്ചത്. ഹൃദ്യമായ ആ മെലഡി രാവും പകലും അദ്ദേഹം പാടിനടന്നു. വളരെ നല്ല രീതിയില്‍ റൊക്കോര്‍ഡിങ്ങില്‍ അത് പാടുകയും ചെയ്തു. റെക്കോര്‍ഡിങ്ങ് കഴിഞ്ഞശേഷമാണ് അത് ട്രാക്ക് അല്ല, തനിക്കു തന്നെയുള്ള പാട്ടാണെന്ന് ജയചന്ദ്രന്‍ അറിയുന്നത്. അദ്ദേഹം ആനന്ദംകൊണ്ട് അമ്പരന്നുപോയി. ഒരുപക്ഷേ, 'കളിത്തോഴന്‍' എന്ന ചിത്രത്തിലെ ഈ ഗാനമാണ് ജയചന്ദ്രന്‍ എന്ന ഗായകന്റെ തലവര മാറ്റിയിരിക്കുക.

ഇതിനിടെയാണ് വിജയനച്ചന്‍ മദ്രാസിലെ എണ്ണൂര്‍ എന്ന സ്ഥലത്തുള്ള പാരി ഫെര്‍ട്ടിലൈസില്‍ കെമിസ്റ്റായി ഒരു ജോലി ശരിപ്പെടുത്തിക്കൊടുത്തത്. ജോലിസ്ഥലത്തും അദ്ദേഹം പാട്ടിലായിരുന്നു. ഇതിനെതിരെ ചില പരാതികള്‍ ഉയര്‍ന്നുവന്നു. ദേവരാജന്‍ മാസ്റ്ററുടെ കൂടെയുള്ള ഗാനപഠനവും സ്റ്റുഡിയോയുടെ അന്തരീക്ഷവുമെല്ലാം ചേര്‍ന്ന സംഗീതത്തിന്റെ ഒരു മായാലോകം അദ്ദേഹത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു. പുറത്താക്കുന്നതിനു മുന്‍പ് അദ്ദേഹം ജോലി രാജിവെച്ചിറങ്ങി. ജോലിയുപേക്ഷിച്ചതില്‍ വിജയനച്ചന്‍ കുപിതനായി. ഒടുവില്‍, ആ അഭയസ്ഥാനം വിട്ട് ജയചന്ദ്രനിറങ്ങി. അത് ഒരു 22-കാരന്റെ എടുത്തുചാട്ടമായിക്കണ്ട ബന്ധുക്കള്‍ക്ക് തെറ്റി. തികച്ചും സാഹസികമെങ്കിലും ശരിയായ ഒരു തീരുമാനമായിരുന്നു അത്. തന്റെ കര്‍മ്മമണ്ഡലം മലയാള ചലച്ചിത്രലോകമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

എന്നാല്‍, സിനിമാസംഗീത ലോകത്തിലൂടെയുള്ള ആ യാത്ര അത്ര സുഗമമായിരുന്നില്ല. ഇടയ്ക്കിടെ ഓരോ തടസ്സങ്ങള്‍ വന്നുപെട്ടു. 'മേയര്‍ നായര്‍' എന്ന ചിത്രത്തില്‍ ഒരു പാട്ട് പാടാന്‍ ജയചന്ദ്രന് അവസരം ലഭിച്ചു. 'സ്വപ്നസഖീ...വൈശാഖ പൗര്‍ണമി നാളില്‍...' എന്നു തുടങ്ങുന്ന ഗാനം. റെക്കോര്‍ഡിങ്ങെല്ലാം കഴിഞ്ഞു. വയലാറിന്റെ രചനയില്‍ എല്‍.പി.ആര്‍ വര്‍മ്മ സംഗീതം നിര്‍വ്വഹിച്ച ആ മധുരഗീതം അദ്ദേഹം നന്നായി പാടി. എന്നാല്‍, പാട്ടുകേട്ടപ്പോള്‍ സംവിധായകന്‍ കനഗല്‍ പുട്ടണ്ണയ്ക്ക് ഇഷ്ടമായില്ല. വോയ്‌സിന് മെച്ച്യൂരിറ്റി പോര എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പാട്ടുമാറ്റാന്‍ അയാള്‍ നിര്‍ദ്ദേശം നല്‍കി. ഈ സമയത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പി.എ. തങ്ങള്‍ അങ്ങോട്ട് കയറിവന്നത്. കാര്യമായ ചര്‍ച്ച നടക്കുന്നതു കണ്ട് അദ്ദേഹം ചോദിച്ചു: ''എന്താ പ്രശ്നം?''

ജയചന്ദ്രന്റെ വോയിസ് പോരെന്നും പാട്ട് മറ്റൊരു ഗായകനെക്കൊണ്ട് മാറ്റിപ്പാടിക്കണം എന്നും സംവിധായകന്‍ നിര്‍ബ്ബന്ധം പിടിക്കുന്നു എന്ന് അവര്‍ പറഞ്ഞു. അദ്ദേഹം ഉടനെ പറഞ്ഞു:

''ഹേയ് അതിന്റെ ആവശ്യമൊന്നുമില്ല. പാട്ട് നന്നായിട്ടുണ്ടല്ലോ! ഇതുതന്നെ മതി.'' നിര്‍മ്മാതാവ് അസന്ദിഗ്ദ്ധമായി പറഞ്ഞതുകേട്ട് അതിനു തീരുമാനമായി. 1966 ഡിസംബറില്‍ 'മേയര്‍ നായര്‍' റിലീസായി. 'വൈശാഖ പൗര്‍ണ്ണമി നാളില്‍...' ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിത്തീര്‍ന്നു.

പൂവും പ്രസാദവും എന്നു തുടങ്ങുന്ന മനോഹരമായ ഗാനത്തിനുമുണ്ട് അതിജീവനത്തിന്റെ ഒരു കഥ. മഞ്ഞിലാസിന്റെ ബാനറില്‍ 1968-ല്‍ പുറത്തുവന്ന 'തോക്കുകള്‍ കഥ പറയുന്നു' എന്ന ചിത്രം സംവിധാനം ചെയ്തത് സേതുമാധവനാണ്. 'പാരിജാതം തിരുമിഴി തുറന്നു...' തുടങ്ങി ഒരുപിടി സുന്ദരഗാനങ്ങളുള്ള ചിത്രം. സത്യനും പ്രേംനസീറുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍. ജയചന്ദ്രന്‍ പാടിയ 'പൂവും പ്രസാദവും' എന്ന ഗാനം സേതുമാധവന് ഇഷ്ടപ്പെട്ടില്ല. ആ ഗാനം മാറ്റിപ്പാടിക്കണമെന്ന് അദ്ദേഹം ശഠിച്ചു. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു: നായകന്‍ സത്യനെ മാറ്റി മധുവിനെ നായകനാക്കൂ... അത് സാധ്യമല്ലെന്ന് സംവിധായകന്‍ പറഞ്ഞു.

''എന്നാല്‍ ഇതും സാധ്യമല്ല'' എന്ന് ദേവരാജന്‍ മാസ്റ്ററും പറഞ്ഞു. അങ്ങനെ ആ ഗാനം ചിത്രത്തിന്റെ ഭാഗമായി. അന്നൊക്കെ സംഗീതവിഭാഗത്തിന് സിനിമയില്‍ അത്രയ്ക്കു വലിയ സ്ഥാനം ഉണ്ടായിരുന്നു. പ്രത്യേകിച്ച് ദേവരാജന്‍ മാഷിന്. അദ്ദേഹത്തിനു ശക്തമായ നിലപാടും ആജ്ഞാശക്തിയും ഉണ്ടായിരുന്നു.

1970-ല്‍ ഇറങ്ങിയ 'താര'യില്‍ വയലാര്‍-ദേവരാജന്‍ സഖ്യത്തിന്റെ ഒരു ഗാനം പി. ജയചന്ദ്രന്‍ പാടി.

'നുണക്കുഴിക്കവിളില്‍ നഖചിത്രമെഴുതും

താരേ...താരേ...'

ഈ പാട്ടിന്റെ കാര്യത്തിലും ചെറിയ തടസ്സം വന്നു. കുഞ്ചാക്കോ മാസ്റ്ററോട് പറഞ്ഞു:

''യു ആര്‍ സ്പോയിലിംഗ് ദ ബോയ്...ഈ ബോയിനെക്കൊണ്ട് എന്തിനാണ് പാടിച്ചത്?''

ദേവരാജന്‍ മാസ്റ്റര്‍ അത് കാര്യമാക്കിയില്ല. ആ ഗാനം മാറ്റിയില്ല. അത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

ഇങ്ങനെയുള്ള ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇതിനിടയില്‍ അദ്ദേഹം അതിമനോഹരമായ ഗാനങ്ങള്‍ പാടുന്നുണ്ടായിരുന്നു.

എം.എസ്. ബാബുരാജിന്റെ ഈണത്തിലുള്ള 'അനുരാഗ ഗാനം പോലെ...' മലയാളികളുടെയാകെ ഹൃദയം കവര്‍ന്നു. വയലാര്‍ - ദേവരാജന്‍ സഖ്യത്തിന്റെ 'മധുചന്ദ്രികയുടെ ചായത്തളികയില്‍', 'ഇന്ദുമുഖി... ഇന്ദുമുഖീ...', 'പി. ഭാസ്‌കരന്‍ - പുകഴേന്തി സഖ്യത്തിന്റെ 'വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ...', ശ്രീകുമാരന്‍ തമ്പി - എം.കെ. അര്‍ജുനന്‍ ടീമിന്റെ 'നിന്‍മണിയറയിലെ...' പി. ഭാസ്‌കരന്‍ - ദക്ഷിണാമൂര്‍ത്തി ടീമിന്റെ 'ഹര്‍ഷബാഷ്പം തൂകി...' പി. ഭാസ്‌കരന്‍ - കെ. രാഘവന്‍ സഖ്യത്തിന്റെ 'കരിമുകില്‍ക്കാട്ടിലെ...' അങ്ങനെ എത്രയെത്ര സൗന്ദര്യശില്പങ്ങള്‍!

എഴുപതുകളിലെ സുവര്‍ണ്ണഗീതങ്ങളെക്കുറിച്ച്, പറഞ്ഞാല്‍ മതിവരുകില്ല. അവയില്‍ പ്രധാനമായുള്ളത് അഞ്ചു മാസ്റ്റേഴ്സിന്റെ സൃഷ്ടികളാണ്. കൂടെ വിശ്വസംഗീതകാരന്‍ എന്ന് ഭാവഗായകന്‍ വിശേഷിപ്പിക്കുന്ന എം.എസ്.വിയുടെ ശില്പങ്ങളും. 'മാധവിക്കുട്ടി'യിലെ വയലാര്‍ - ദേവരാജന്‍ ടീമിന്റെ 'മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍' വ്യത്യസ്തമായൊരു കോമ്പസിഷനാണ്. ഇതിന്റെ ആലാപനഭംഗി പദാനുപദം വര്‍ണ്ണിക്കേണ്ടതാണ്. 'കാമുകഹൃദയത്തിലൊളിച്ചു... ഒളിച്ചു...' എന്ന ഭാഗത്തെ ശബ്ദനിയന്ത്രണവും വോയ്സ് റെന്‍ഡിങ്ങും ശ്രദ്ധിച്ചു നോക്കൂ. ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ ടീമിന്റെ 'മലയാളഭാഷതന്‍ മാദകഭംഗി നിന്‍...' എന്ന ഗാനത്തില്‍ ജയചന്ദ്രനാദം പ്രസാദാത്മകമായി ഒഴുകുന്ന ഒരു തെളിനീര്‍ച്ചോലയാകുന്നു. 'യത്തീ'മിലെ ഭാസ്‌കരന്‍ മാഷ് - ബാബുരാജ് ടീമിന്റെ 'നീലമേഘമാളികയില്‍' നല്‍കുന്ന അനുഭൂതി മറ്റൊരു തലത്തിലുള്ളതാണ്. അക്കാലത്തെ ഒരു ഫാസ്റ്റ് നമ്പറായ സ്വാമിയുടെ 'ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു...' ഇന്നും ഗാനമേളകളില്‍ വേദികളെ ത്രസിപ്പിക്കുന്നു. എന്നാല്‍, സ്വാമിയുടെ രാഗമാലിക 'സ്വാതിതിരുനാളിന്‍ കാമിനി...' എത്ര പ്രൗഢഗംഭീരമായാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്! രാഘവന്‍ മാസ്റ്ററുടെ ഉമ്മാച്ചുവിലെ 'ഏകാന്തപഥികന്‍ ഞാന്‍...' ശാന്തവും വിഷാദബന്ധുരവുമായ ഒരാലാപനമാണ്. വയലാര്‍ - എല്‍.പി.ആര്‍ വര്‍മ്മ കൂട്ടുകെട്ടില്‍ പിറന്ന 'ഉപാസന... ഉപാസന...' കാലാതിവര്‍ത്തിയായ ഒരു ഗാനമാണ്. ഈ ഗാനത്തില്‍, 'മനുഷ്യാ... ഹേ! മനുഷ്യാ...' എന്നു പാടുന്നിടത്തുണ്ട് വയലാര്‍ക്കവിതയുടെ ധ്വന്യാത്മകത മുഴുവനും. 'ഹേ...!' എന്ന വിളിയില്‍ത്തന്നെ മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുന്നു.

'രാസലീല'യിലെ സലീല്‍ ചൗധരി ഈണമിട്ട 'നിശാസുരഭികള്‍ വസന്തസേനകള്‍...' മറക്കാന്‍ പാടില്ലാത്തൊരു ഗാനമാണ്. കാമുകചാപല്യത്തെ വ്യത്യസ്തമായൊരു ഈണത്തില്‍ അവതരിപ്പിക്കുന്ന, കനുഘോഷിന്റെ 'നിന്‍പദങ്ങളില്‍ നൃത്തമാടിടും...' എത്ര സരളമായും അനായാസമായുമാണ് അദ്ദേഹം പാടിയിരിക്കുന്നത്. അര്‍ജുനന്‍ മാസ്റ്ററുടെ സിന്ധുഭൈരവി രാഗത്തിലുള്ള 'മംഗലപ്പാലതന്‍ പൂമണമൊഴുകി...' എന്നു തുടങ്ങുന്ന ഗാനം രചനകൊണ്ടും സംഗീതംകൊണ്ടും ആലാപനത്തിന്റെ വ്യതിരിക്തതകൊണ്ടും മികച്ചൊരു സൃഷ്ടിയാണ്. എന്നാല്‍, ഈ ഗാനം പോപ്പുലറായില്ല. മോഹനത്തിന്റെ രസക്കൂട്ടുകൊണ്ട് എം.എസ്.വി. തീര്‍ത്ത 'മലരമ്പനെഴുതിയ മലയാള കവിതേ...' ഇതുപോലെ അധികം ശ്രദ്ധിക്കാതെപോയ ഒരു ലാവണ്യശില്പമാണ്.

'പിന്നെയും ഇണക്കുയില്‍ പിണങ്ങിയല്ലോ... ഇന്നെന്താണിന്നെന്താണുറക്കമില്ലേ...'- എസ്. ജാനകിയും ജയചന്ദ്രനും ചേര്‍ന്നലിഞ്ഞു പാടുന്ന ഈ ഗാനം നിത്യഹരിതമാണ്. 'റെസ്റ്റ് ഹൗസി'ലെ തമ്പി - അര്‍ജുനന്‍ ടീമിന്റെ 'യമുനേ... യദുകുല രതിദേവനെവിടെ?' എന്ന ഗാനത്തില്‍ എസ്. ജാനകിയും പി. ജയചന്ദ്രനും ചേര്‍ന്ന ആലാപനത്തിന്റെ ലയഭംഗി വര്‍ണ്ണനാതീതമാണ്

ആദ്യത്തെ സംസ്ഥാന പുരസ്‌കാരം

ശ്രീകുമാരന്‍ തമ്പി - എം.എസ്.വി കൂട്ടുകെട്ടിന്റെ 'സ്വര്‍ണ്ണഗോപുര നര്‍ത്തകീ ശില്പം' എന്ന ഗാനം നല്‍കുന്ന അനുഭൂതിവിശേഷം അനിര്‍വ്വചനീയമാണ്. എഴുപത്തിമൂന്നില്‍ 'പണിതീരാത്ത വീട്' എന്ന സേതുമാധവന്‍ ചിത്രത്തില്‍ വയലാര്‍ - എം.എസ്.വി കൂട്ടുകെട്ടില്‍ ജയചന്ദ്രന്‍ ആലപിച്ച 'സുപ്രഭാതം...' എന്ന വിഖ്യാത ഗാനത്തിനു മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌ക്കാരം ആദ്യമായി അദ്ദേഹത്തിനു ലഭിച്ചു. അന്നേവരെ സേതുമാധവന്റെ ചിത്രങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വ്വഹിച്ചിരുന്നത് ദേവരാജന്‍ മാസ്റ്ററായിരുന്നു. ആ കസേരയില്‍നിന്നും അദ്ദേഹത്തെ പെട്ടെന്നു മാറ്റിയപ്പോള്‍, പാട്ടിനുള്ള ക്ഷണം സ്വീകരിക്കാന്‍ മാസ്റ്ററോട് നല്ല അടുപ്പത്തിലുള്ള ജയചന്ദ്രനു മടിതോന്നി (എം.എസ്.വിയെ വലിയ ഇഷ്ടമായിരുന്നെങ്കിലും). എന്നാല്‍, ദേവരാജന്‍ മാസ്റ്റര്‍ ആ ക്ഷണം സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിച്ചു. അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ നിന്റെ പാട്ട് മാറ്റാന്‍ പറഞ്ഞ ആളാണ്. അയാളിപ്പോള്‍ നിന്റെ ശബ്ദത്തെ അംഗീകരിക്കുന്നു. ഈ അവസരം വിട്ടുകളയേണ്ട. ''പാട്ടു പുറത്തുവന്നപ്പോള്‍, എം.എസ്.വിയേയും ജയചന്ദ്രനേയും ദേവരാജന്‍ മാസ്റ്റര്‍ പതിവില്ലാത്തവിധം നിര്‍ലോഭമായി പ്രശംസിച്ചു: ''നീ നന്നായി പാടി. മോഹനത്തില്‍ ഞാനും കുറേ പാട്ടുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, എം.എസ്.വിയുടെ മോഹനം വല്ലാത്ത ഒന്നുതന്നെ!''

ഉള്‍ക്കടലില്‍ ഒ.എന്‍.വി രചിച്ച്, എം.ബി. ശ്രീനിവാസന്റെ സംഗീതത്തില്‍ സല്‍മ ജോര്‍ജിനോടൊപ്പം ജയചന്ദ്രന്‍ ആലപിച്ച 'ശരദിന്ദുമലര്‍ദീപനാളം...' ഇന്നും ആസ്വാദക മനസ്സുകളില്‍ ശോഭയാര്‍ന്നു നില്‍ക്കുന്നു. 1978-ല്‍ ഇതേ സഖ്യത്തിനുവേണ്ടി അദ്ദേഹം ആലപിച്ച 'രാഗം... ശ്രീരാഗം...' എന്ന ഗാനം അദ്ദേഹത്തിനു രണ്ടാമത് സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്തു.

'ആല്‍മര'ത്തില്‍, എ.ടി. ഉമ്മര്‍ സംഗീതം ചെയ്ത മനോഹരമായൊരു യുഗ്മഗാനമുണ്ട്. ആദ്യരാത്രിയില്‍ ഇണകള്‍ സല്ലപിക്കുന്ന ഒരു നാടന്‍ പ്രേമഗാനം. ഭാസ്‌കരന്‍ മാഷുടെ സരളമായ വരികള്‍.

'പിന്നെയും ഇണക്കുയില്‍ പിണങ്ങിയല്ലോ...

ഇന്നെന്താണിന്നെന്താണുറക്കമില്ലേ...'- എസ്. ജാനകിയും ജയചന്ദ്രനും ചേര്‍ന്നലിഞ്ഞു പാടുന്ന ഈ ഗാനം നിത്യഹരിതമാണ്. 'റെസ്റ്റ് ഹൗസി'ലെ തമ്പി - അര്‍ജുനന്‍ ടീമിന്റെ 'യമുനേ... യദുകുല രതിദേവനെവിടെ?' എന്ന ഗാനത്തില്‍ എസ്. ജാനകിയും പി. ജയചന്ദ്രനും ചേര്‍ന്ന ആലാപനത്തിന്റെ ലയഭംഗി വര്‍ണ്ണനാതീതമാണ്.

പി. സുശീലയോടൊത്ത് അദ്ദേഹം ആദ്യമായി പാടിയത് ദേവരാജന്‍ മാസ്റ്ററുടെ ഈണത്തിലുള്ള 'മകരം പോയിട്ടും മാടമുണര്‍ന്നിട്ടും...' എന്ന നാടന്‍ശൈലിയിലുള്ള ഒരു ഗാനമാണ്.

'വാഴ്വേമായ'ത്തിലെ 'സീതാദേവി സ്വയംവരം ചെയ്തൊരു' എന്ന ഗാനവും ജയചന്ദ്രന്‍ - സുശീല ജോഡിയുടെ കാലത്തെ അതിശയിക്കുന്ന കലാസൃഷിയാണ്. ഇതേ ജോഡി, ദക്ഷിണാമൂര്‍ത്തിസ്വാമി കല്യാണവസന്തം എന്ന രാഗത്തില്‍ ചിട്ടപ്പെടുത്തിയ

'വിലാസലോലുപയായീ...

വസന്ത കൗമുദി വന്നൂ...' എന്ന ഗാനം ആലപിച്ചു. ഇതൊരു ക്ലാസ്സിക് നിര്‍മ്മിതിയാണ്. ജയചന്ദ്രനും പി. മാധുരിയും ചേര്‍ന്നു പാടിയ ഗാനങ്ങള്‍ക്കു മാദകത്വമാണ് കൂടുതലെന്നു പറയാം. 'അച്ചാണി'യിലെ 'മല്ലികാബാണന്‍ തന്റെ വില്ലെടുത്തൂ...', 'കൊട്ടാരം വില്‍ക്കാനുണ്ട്' എന്ന ചിത്രത്തിലെ 'തൊട്ടേനേ ഞാന്‍...', 'അങ്കത്തട്ടി'ലെ 'സ്വപ്നലേഖേ...' തുടങ്ങിയ ഗാനങ്ങളിലെല്ലാം കാമുകീകാമുകന്മാര്‍ക്കിടയിലെ വികാരത്തിന്റെ തേനുറവ പൊട്ടുന്നതു നാമറിയുന്നു. തൊട്ടേനേ... എന്ന ഗാനം തുടങ്ങുന്നതിനു മുന്‍പുള്ള 'നീലക്കണ്ണുകളോ...' എന്ന വിരുത്തം ജയചന്ദ്രന്റെ നാദത്തിലെ കാവ്യകാന്തിയെ നമ്മിലേയ്ക്കു പകരുന്നു.

അര്‍ജുനന്‍ മാസ്റ്ററുടെ ഈണത്തില്‍, വാണിജയറാമിനോടൊപ്പം പാടിയ

'സ്വപ്നഹാരമണിഞ്ഞെത്തും

മദനചന്ദ്രികയോ...' നല്ലൊരു യുഗ്മഗാനമാണ്.

രവീന്ദ്രന്റെ സംഗീതത്തില്‍ ഇവരൊരുമിച്ച 'പാലാഴിത്തുമങ്കേ...' ഏറെ വ്യത്യസ്തമായൊരു യുഗ്മഗാനമാണ്.

പുതിയ കാലത്ത് ഗോപീ സുന്ദറിന്റെ ഈണത്തില്‍ ജയചന്ദ്രനും വാണിജയറാമും ഒരുമിച്ചു പാടിയ 'ഓലഞ്ഞാലിക്കുരുവീ...' എന്ന ഗാനം പ്രായഭേദമില്ലാതെ മലയാളികളെല്ലാം നെഞ്ചിലേറ്റി.

സിനിമാഗാനങ്ങളുടെ ഈ പ്രവാഹത്തിനിടെ എ.ഐ.ആറിനുവേണ്ടിയും ദൂരദര്‍ശനുവേണ്ടിയും അല്ലാതേയും നിരവധി ലളിതഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. അവയില്‍ രണ്ടു ഗാനങ്ങള്‍ രത്‌നശോഭ ചിതറി മനസ്സില്‍ ഇന്നും വിളങ്ങുന്നു. പി. ഭാസ്‌കരന്റെ ഉത്കൃഷ്ടമായ രചനയ്ക്ക് ഗായകന്‍ കെ.പി. ഉദയഭാനു സംഗീതം നിര്‍വ്വഹിച്ച ഒരപൂര്‍വ്വ ഗാനമാണ് അതില്‍ ഒന്നാമത്തേത്. വാസന്തി രാഗത്തിന്റെ നേര്‍ത്ത നോവുകലര്‍ന്ന പ്രണയഭാവം പകരുന്ന ഗീതം,

''എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ...

എന്നടുത്തെന്നടുത്തിരുന്നില്ലല്ലോ...

എന്നിട്ടും ഓമലാള്‍ വന്നില്ലല്ലോ...'' പരിഭവത്തിന്റെ അകം കടയുന്ന വിരഹവേദനയുടെ ഈ വരികള്‍ മാത്രമാണ് പല്ലവി. അനുപല്ലവയില്‍ കവിതയുടെ നിലാവ് പരക്കുന്നു.

''ഓരോ തളിരിലും ഓരോ പൂവിലും ഓര്‍മ്മക്കുറിപ്പുകളെഴുതീ...

ഉദയശശികിരണകനകതൂലികയിലെ കവിതയും മഷിയും തീര്‍ന്നൂ...''

എന്തൊരു രചന! ഉദയചന്ദ്രകിരണങ്ങളാല്‍ തളിരുകളില്‍ ഓര്‍മ്മക്കുറിപ്പെഴുതി മായുന്ന ചന്ദ്രിക... കവിതയോ സംഗീതമോ മികച്ചതെന്നു പറയാനാവാത്തവിധം അവ പരസ്പര പൂരകമാവുന്നു. അപൂര്‍വ്വ സ്വരഭംഗിയാല്‍ വിരഹവിഷാദത്തിന്റെ നിലാനദിയൊഴുകുന്നു.

ഒ.എന്‍.വി രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട താരാട്ട് മലയാളിയുടെ സംഗീത ബോധത്തിലെ വെളിച്ചമാണ്. ശാരദനിലാവിനോട് തിരി താഴ്ത്താനും പൂങ്കുയിലിനോട് ശ്രുതി താഴ്ത്താനും പറയുന്ന കാമുകഹൃദയം.

'ഒന്നിനി ശ്രുതി താഴ്ത്തി

പാടുക പൂങ്കുയിലേ

എന്നോമല്‍ ഉറക്കമായ്

ഉണര്‍ത്തരുതേ...

ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ

ആ കണ്ണിലെ കിനാവുകള്‍

കെടുത്തരുതേ...'

പ്രിയതമയ്ക്കും അവളുടെ സ്വപ്നങ്ങള്‍ക്കും കാവലായി ഉണര്‍ന്നിരിക്കുന്ന ഹൃദയം. ഏറെ ശബ്ദനിയന്ത്രണത്തോടെയാണ് ഭാവഗായകന്റെ ആലാപനം. കവിത ആവശ്യപ്പെടുന്ന ഒതുക്കത്തെ ഒരുപക്ഷേ, നിശ്ശബ്ദതയെത്തന്നെ തന്റെ ആലാപനത്തിലൂടെ അദ്ദേഹം അനുഭവിപ്പിക്കുന്നു.

1980 വരെയുള്ള സിനിമാഗാനങ്ങളെക്കുറിച്ചാണ് നേരത്തേ പറഞ്ഞുവെച്ചത്. അതിനുശേഷം നാളിതുവരെ അദ്ദേഹം പാടിയ നൂറുകണക്കിനു ഗാനങ്ങളെ പരാമര്‍ശിച്ചു പോവുക തികച്ചും അസാധ്യമാണല്ലോ. ഈ കാലയളവില്‍ മലയാള സിനിമാ പിന്നണിരംഗത്ത് എത്രയോ ഗാനരചയിതാക്കളും അതിലേറെ സംഗീതസംവിധായകരും ഉണ്ടായിട്ടുണ്ട്. എടുത്തുപറയേണ്ട ചില സംഗീതസംവിധായകരേയും അവരുടെ ചില ഗാനങ്ങളേയും മാത്രം പറഞ്ഞുപോവുകയാണിവിടെ. ശ്യാമിന്റെ 'കാട്ടുകുറിഞ്ഞിപ്പൂവും ചൂടി...' - ശ്രദ്ധിക്കപ്പെട്ടൊരു ഗാനമാണ്. ജോണ്‍സണിന്റെ 'മോഹം കൊണ്ടു ഞാന്‍...', 'ഒന്നു തൊടാനുള്ളില്‍...' എന്നീ ഗാനങ്ങള്‍ ആസ്വാദകഹൃദയങ്ങളില്‍ ഇന്നുമുണ്ട്. രവീന്ദ്രന്റെ 'ആലിലത്താലിയുമായ്...', 'ഏകാകിയാം നിന്റെ...', ഔസേപ്പച്ചന്റെ 'അഴകേ... കണ്‍മണിയേ...', എം. ജയചന്ദ്രന്റെ 'ഉറങ്ങാതെ... രാവുറങ്ങീ ഞാന്‍...', 'കല്ലായിക്കടവത്തെ...', ബിജിബാലിന്റെ 'കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട്...' എന്നിങ്ങനെ ഏറെ മികച്ച ഒരുപാട് ഗാനങ്ങള്‍. കുറേയധികം പേരുകളും അതിലേറെ നല്ല ഗാനങ്ങളും വിട്ടുപോയിട്ടുണ്ട്. എന്നാല്‍, വിട്ടുപോകാന്‍ പാടില്ലാത്ത രണ്ടു ഗാനങ്ങളുണ്ട്. 1996-ല്‍ റിലീസ് ചെയ്ത 'ദേവരാഗ'ത്തിലെ കീരവാണി ഈണമിട്ട 'ശിശിരകാലമേഘമിഥുനരതിപരാഗമോ...' എന്ന യുഗ്മഗാനം. പിന്നെ, 1999-ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത 'പ്രായം നമ്മില്‍ മോഹം നല്‍കി...' എന്ന ഗാനം. വിദ്യാസാഗറായിരുന്നു ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്. അത് പി. ജയചന്ദ്രന്റെ ശക്തമായ രണ്ടാം വരവായിരുന്നു. വിദ്യാസാഗര്‍ തനിക്കേറെ പ്രിയപ്പെട്ട ഗായകനെക്കൊണ്ട് ഒരുപാട് നല്ല മെലഡികള്‍ പാടിച്ചിട്ടുണ്ട്. അതിലെടുത്തുപറയേണ്ട രണ്ടു ഗാനങ്ങളുണ്ട്. 'ചന്ദ്രോത്സവ'ത്തിലെ 'ആരാരും കാണാതെ ആരോമല്‍ത്തൈമുല്ല...' എന്നു തുടങ്ങുന്ന ഗാനവും 'ഗ്രാമഫോണി'ലെ 'എന്തേ ഇന്നും വന്നീലാ...' എന്ന ഗാനവും.

1977-ല്‍ പുറത്തുവന്ന 'പഞ്ചാമൃതം' എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത് ഭാവഗായകന്‍ പാടിയ ഒരു ഗാനമുണ്ട്.

'ഹൃദയേശ്വരീ നിന്‍ നെടുവീര്‍പ്പില്‍ ഞാനൊരു

മധുരസംഗീതം കേട്ടു...

പ്രണയത്തിന്‍ രാഗാലാപനമായാ

സുഗമസംഗീതം കേട്ടു...'

അതെ. ആ ആലാപനം മധുരതരമാണ്. സുഗമസുന്ദരമാണ്. ആ നെടുവീര്‍പ്പില്‍, നിശ്വാസത്തില്‍പ്പോലും സംഗീതമാണ്. ആ നാദത്തില്‍ ഇനിയുമേറെ ഭാവഗീതങ്ങള്‍ നമുക്കു കേള്‍ക്കാനാവട്ടെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com