ചമ്പകപുഷ്പ സുവാസിതയാമം...ആ ഗാനരംഗത്തില്‍ അഭിനയിച്ച ആ ചെറുപ്പക്കാരനെവിടെ?

കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത 'യവനിക'യിലെ ഗാനരംഗങ്ങളിലൂടെ എന്നന്നേക്കുമായി മനസ്സില്‍ പതിഞ്ഞ മുഖം.
ചമ്പകപുഷ്പ സുവാസിതയാമം...ആ ഗാനരംഗത്തില്‍ അഭിനയിച്ച ആ ചെറുപ്പക്കാരനെവിടെ?

ഒരു പൂവേ ചോദിച്ചുള്ളൂ ക്യാപ്റ്റന്‍ മാത്യൂസ്. കിട്ടിയത് പാട്ടുകളുടെ ഒരു പൂക്കാലം. നാല് പതിറ്റാണ്ടു മുന്‍പ്  കെ.ജി. ജോര്‍ജ് സമ്മാനിച്ച ആ ഗാനവസന്തമാണ് തന്റെ യൗവ്വന സ്മരണകള്‍ക്ക് ഇന്നും സുഗന്ധമേകുന്നതെന്ന്  പറയും മാത്യൂസ്; ഈറന്‍ കണ്ണുകളോടെ. 
ചലച്ചിത്ര ജീവിതം  വിദൂര ഭൂതകാലത്തിന്റെ ഭാഗമാണിന്ന് മാത്യൂസിന്.

1980-കളിലും 1990-കളിലുമായി നാലോ അഞ്ചോ സിനിമകളില്‍ മിന്നിമറഞ്ഞ ഈ നടനെ പ്രേക്ഷകര്‍ ഓര്‍ക്കണമെന്നുപോലുമില്ല. എങ്കിലും മലയാള സിനിമയുടെ ചരിത്രപഥങ്ങളില്‍ ആ മുഖമുണ്ട്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത 'യവനിക'യിലെ (1982) ഗാനരംഗങ്ങളിലൂടെ എന്നന്നേക്കുമായി മനസ്സില്‍ പതിഞ്ഞ മുഖം. നാടകവേദിയുടെ അണിയറയില്‍  നിലത്തിരുന്ന് മൈക്കിലേക്ക് ഹൃദയം തുറന്നു പാടുന്ന സുമുഖനായ ആ താടിക്കാരനെ മറന്നുകൊണ്ട് ചമ്പകപുഷ്പ സുവാസിത യാമം, ഭരതമുനിയൊരു കളം വരച്ചൂ എന്നീ ക്ലാസ്സിക് ഗാനങ്ങള്‍ ഓര്‍ക്കാനാകുമോ നമുക്ക്?

ക്യാപ്റ്റന്‍ മാത്യൂസ്
ക്യാപ്റ്റന്‍ മാത്യൂസ്

ജോര്‍ജിന്റെ വിയോഗവാര്‍ത്തയ്‌ക്കൊപ്പം ടെലിവിഷനില്‍ വീണ്ടും ആ ഗാനരംഗങ്ങള്‍ തെളിഞ്ഞപ്പോള്‍ മാത്യൂസിനെ വിളിക്കാതിരിക്കാനായില്ല. 'യവനിക'യില്‍ അഭിനയിച്ച 33 കാരന്  ഇന്ന് പ്രായം 73. ''ഒരുപാട് ഓര്‍മ്മകളിലേക്ക് തിരിച്ചു നടത്തി യവനികയുടെ വിഷ്വലുകള്‍. തിരുവനന്തപുരം പി.എം.ജി ജംങ്ക്ഷനില്‍ അന്നുണ്ടായിരുന്ന ജിംസ്  ഹോട്ടലില്‍ അപൂര്‍വ്വ പ്രതിഭാശാലികളായ നടീനടന്മാര്‍ക്കൊപ്പം കുടുംബംപോലെ ഒന്നിച്ചു കഴിഞ്ഞ ദിനങ്ങള്‍; പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ സെറ്റിട്ടുള്ള നാടക ചിത്രീകരണം, ഓരോ ഷോട്ടിന്റേയും തികവിനുവേണ്ടിയുള്ള ജോര്‍ജ് സാറിന്റെ അക്ഷമമായ കാത്തിരിപ്പ്.  പിന്നെ, അന്നത്തെ ഞാന്‍. യവനികയിലെ ആ പഴയ ഗായകനെ ഇന്നത്തെ എന്റെ രൂപത്തില്‍നിന്ന് നിങ്ങള്‍ക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയണമെന്നില്ല. കാലമേറെ മാറിയില്ലേ?''
എങ്കിലും  അഭിനയമോഹം മാത്യൂസിനുള്ളില്‍ കെട്ടടങ്ങിയിട്ടില്ല ഇനിയും. ''ചെറുപ്പത്തില്‍ സിനിമയായിരുന്നു എല്ലാം. ഭേദപ്പെട്ട വേഷങ്ങളില്‍ അഭിനയിക്കണം എന്നുണ്ടായിരുന്നു. എന്തുചെയ്യാം?   കിട്ടിയത് അരവേഷങ്ങളും മുറിവേഷങ്ങളും മാത്രം. എങ്കിലും നിരാശയില്ല, കെ.ജി. ജോര്‍ജ് എന്ന ഇതിഹാസതുല്യനായ ചലച്ചിത്രകാരന്റെ ഏറ്റവും മികച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിയുക, വര്‍ഷങ്ങള്‍ക്കിപ്പുറവും അഭിനയിച്ച സീനുകള്‍ മലയാളികള്‍ ആവര്‍ത്തിച്ചു കണ്ടുകൊണ്ടിരിക്കുക. അധികമാര്‍ക്കും കിട്ടാനിടയില്ലാത്ത ഭാഗ്യമാണല്ലോ അത്'' - മാത്യൂസ് ചിരിക്കുന്നു. അഭിനയിച്ച ആദ്യ ചിത്രത്തില്‍തന്നെ യേശുദാസിന്റെ രണ്ടു ക്ലാസ്സിക്ക് ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കാന്‍ കഴിഞ്ഞു എന്നത് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അവിശ്വസനീയമായ കാര്യം.

നിത്യനൂതനമായ അനുഭവം 

മലയാള സിനിമയെ നടപ്പുശീലങ്ങളില്‍നിന്ന് മാറിനടക്കാന്‍ പ്രേരിപ്പിച്ച സിനിമയായിരുന്നു 'യവനിക.' ദേവഗിരി കോളേജ് ഹോസ്റ്റലിലെ സുഹൃത്തുക്കള്‍ക്കൊപ്പം ആവേശപൂര്‍വ്വം ആ പടം കാണാന്‍ പോയതോര്‍മ്മയുണ്ട്. ആദ്യകാഴ്ചയില്‍ മനസ്സില്‍ തങ്ങിയത് കഥപറച്ചിലിന്റെ വേറിട്ട  രീതി തന്നെ. പ്രവചനങ്ങള്‍ക്കതീതമായ നറേഷന്‍.  സസ്പെന്‍സ് ത്രില്ലറുകളെന്ന പേരില്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ വരുന്ന പടങ്ങളില്‍ പഴുതുകളും പാളിച്ചകളും കണ്ടെത്തുകയായിരുന്നു അന്നത്തെ പ്രധാന ഹോബി. പക്ഷേ, യവനിക ഞങ്ങളെ തോല്‍പ്പിച്ചുകളഞ്ഞു.

യവനികയില്‍ മാത്യൂസ്
യവനികയില്‍ മാത്യൂസ്

പ്രശസ്തരും അപ്രശസ്തരുമായ നടീനടന്മാരുടെ സ്വാഭാവിക അഭിനയം കൂടി ചേര്‍ന്നപ്പോള്‍ നവ്യമായ ഒരനുഭവമായി ഞങ്ങള്‍ കൗമാരക്കാര്‍ക്ക് ആ സിനിമ. അതുവരെ കണ്ടുശീലിച്ച  ഗോപിയേയും നെടുമുടിയേയും നാഗവള്ളിയേയും മമ്മൂട്ടിയേയും ജലജയേയും തിലകനേയും ജഗതിയേയും  അശോകനേയും ആയിരുന്നില്ല യവനികയില്‍ കണ്ടത്. കഥാപാത്രങ്ങളായി പകര്‍ന്നാടുന്നു അവര്‍. ഇന്ന് കാണുമ്പോഴും യവനിക മനസ്സില്‍ അവശേഷിപ്പിക്കുന്നത് നിത്യനൂതനമായ ആ  അനുഭൂതി തന്നെ.
പടം കണ്ട് തിരിച്ചുപോരുമ്പോള്‍ ഒ.എന്‍.വി - എം.ബി. ശ്രീനിവാസന്‍ ടീമിന്റെ ഗാനങ്ങളും കൂടെ പോന്നു. സിനിമയിലെ നാടകാന്തരീക്ഷത്തോട് പൂര്‍ണ്ണമായും ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകള്‍ മതിയെന്ന സംവിധായകന്റെ കര്‍ശന നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കുകയായിരുന്നു എം.ബി.എസ്. (ചമ്പകപുഷ്പ സുവാസിതയാമം, ഭരതമുനിയൊരു, മിഴികളില്‍ നിറകതിരായി).  ആ പാട്ടുകളേയും അവയുടെ ചിത്രീകരണത്തേയും ഒഴിച്ചുനിര്‍ത്തി യവനികയെക്കുറിച്ച് ചിന്തിക്കാനാവില്ല നമുക്ക്. സ്വാഭാവികമായും നാടകക്കമ്പനിയിലെ പിന്നണിപ്പാട്ടുകാരന്റെ രൂപവും മനസ്സില്‍ തങ്ങി. സാക്ഷാല്‍ യേശുദാസ് തന്നെയാണ് ഗാനങ്ങള്‍ പാടി അഭിനയിക്കുന്നതെന്ന് പന്തയംവെച്ചവര്‍ പോലുമുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍ എന്നത് ഇന്നോര്‍ക്കുമ്പോള്‍ കൗതുകമുണര്‍ത്തുന്ന കാര്യം.
''ഒരു പൊതു സുഹൃത്ത് വഴിയാണ് ഞാന്‍ ജോര്‍ജ് സാറിനെ പരിചയപ്പെട്ടത്'' - ക്യാപ്റ്റന്‍ മാത്യൂസിന്റെ ഓര്‍മ്മ. ''ഇന്ത്യന്‍ ആര്‍മിയില്‍നിന്ന് സ്വമേധയാ വിരമിച്ചിട്ട് രണ്ടു വര്‍ഷമേ ആയിരുന്നുള്ളൂ. അഭിനയമോഹം നേരത്തെ ഉള്ളിലുണ്ടായിരുന്നതിനാല്‍ ചെറിയ ഒരു വേഷം  പോലും എന്നെ സംതൃപ്തനാക്കിയേനെ.'' ഇനിയുള്ള കഥ കെ.ജി. ജോര്‍ജിന്റെ വാക്കുകളില്‍. ''നാടകത്തിലെ ഗായക കഥാപാത്രത്തെ തേടിയുള്ള അലച്ചിലിലായിരുന്നു ആ സമയത്ത് ഞാന്‍. ഇയാളെ കണ്ടപ്പോള്‍ ആ വേഷത്തിന് യോജിക്കും എന്ന് തോന്നി.  നാട്ടിന്‍പുറങ്ങളിലെ ഗായകരൊക്കെ യേശുദാസിനെ അനുകരിച്ച് താടിവെച്ച്, വെള്ള വസ്ത്രം ധരിച്ചു നടക്കുന്ന കാലമാണ്. മാത്രമല്ല, ഇയാള്‍ ഒരു പാട്ടുകാരന്‍ കൂടിയാണ്. അപ്പോള്‍ ലിപ് മൂവ്മെന്റിനെ കുറിച്ച് വേവലാതി വേണ്ട...''
അങ്ങനെ താന്‍ പോലുമറിയാതെ ക്യാപ്റ്റന്‍ മാത്യൂസ് 'യവനിക'യിലെ  'യേശുദാസ്' ആയി മാറുന്നു. ''ചെറുപ്പം മുതലേ അത്യാവശ്യം പാടും ഞാന്‍. ദാസേട്ടന്റെ പാട്ടുകളാണ്  സ്റ്റേജില്‍ പാടുക. അന്നൊന്നും സങ്കല്പിച്ചിട്ടില്ല അതേ ഗാനഗന്ധര്‍വന്റെ പാട്ടുകള്‍ക്കൊത്ത് ചുണ്ടനക്കാന്‍ ഭാഗ്യമുണ്ടാകുമെന്ന്. തുടക്കമായതുകൊണ്ട് ചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ജോര്‍ജ് സാര്‍ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആണല്ലോ. അദ്ദേഹത്തിന് പൂര്‍ണ്ണതൃപ്തി വരുംവരെ ഷോട്ടുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. എങ്കിലും പാട്ടഭിനയം മോശമായില്ല എന്ന് കൂടെ അഭിനയിച്ച പ്രഗത്ഭര്‍ തന്നെ പറഞ്ഞുകേട്ടപ്പോള്‍ ആശ്വാസം തോന്നി...''

പൂവണിയാത്ത മോഹങ്ങള്‍ 

കോട്ടയമാണ് കെ.കെ.  മാത്യൂസിന്റെ ജന്മദേശമെങ്കിലും വളര്‍ന്നത് കണ്ണൂര്‍ ജില്ലയിലെ ആലക്കോട്ടാണ്. പഠിച്ചത് കോഴിക്കോട് ദേവഗിരി കോളേജിലും. 1969-ലാണ് ആര്‍മിയില്‍ ചേര്‍ന്നത്. ''ആഗ്രഹമുണ്ടായിട്ടല്ല; വീട്ടുകാരുടെ നിര്‍ബ്ബന്ധം കൊണ്ടാണ്. പാട്ടും അഭിനയവുമായിരുന്നു അക്കാലത്ത് എന്റെ സ്വപ്നങ്ങള്‍ നിറയെ. ആ പോക്ക് പോയാല്‍ ശരിയാവില്ല എന്ന് അവര്‍ക്ക് തോന്നിയിരിക്കണം''- മാത്യൂസ് ചിരിക്കുന്നു. 1971-ലെ ഇന്ത്യ - പാക് യുദ്ധത്തില്‍ പങ്കെടുത്തു.

ഒരു അപകടത്തെത്തുടര്‍ന്നുണ്ടായ പരിക്കാണ് പട്ടാളത്തില്‍നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങാനുള്ള കാരണം. സിനിമാ മോഹം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും ആ നാളുകളില്‍ തന്നെ. പക്ഷേ 'യവനിക' പ്രതീക്ഷിച്ച അത്ഭുതങ്ങള്‍ കൊണ്ടുവന്നില്ല. 'ഇവിടെ തുടങ്ങുന്നു' പോലുള്ള ചിത്രങ്ങളിലെ  ചെറുകിട വേഷങ്ങള്‍കൊണ്ട് തൃപ്തിയടയേണ്ടിവന്നു മാത്യൂസിന്. ഏറെ പ്രതീക്ഷയോടെ അഭിനയിച്ച ബേബിയുടെ 'ചൂടാത്ത പൂക്കള്‍' ശ്രദ്ധിക്കപ്പെട്ടതുമില്ല. അതിലും വലിയ ദുഃഖം  ശിവപ്രസാദ് സംവിധാനം ചെയ്ത 'ജലരേഖ' എന്ന ഓഫ്ബീറ്റ്  പടം പുറത്തിറങ്ങാതെ പോയതാണ്.  സുകുമാരനും ജലജയ്ക്കും ഒപ്പം  തുല്യപ്രാധാന്യമുള്ള റോളായിരുന്നു അതില്‍. വിപ്ലവകാരിയായ ഒരു പത്രലേഖകന്‍. എന്തോ പ്രശ്നങ്ങളാല്‍ ആ പടം മുടങ്ങി. അതോടെ സ്വന്തം ഭാഗ്യദോഷത്തെ പഴിച്ചുകൊണ്ട് മാത്യൂസ് മലയാള സിനിമയോട് സലാം പറയുകയും ചെയ്തു. പിന്നീട് ഒന്നുരണ്ടു തമിഴ് സിനിമകളില്‍ വേഷമിട്ടെങ്കിലും അവിടെയും ഭാഗ്യം തുണച്ചില്ല.

ക്യാപ്റ്റന്‍ മാത്യൂസിന്റെ കുടുംബം
ക്യാപ്റ്റന്‍ മാത്യൂസിന്റെ കുടുംബം


അഭിനയമോഹം വ്യവസായ മോഹത്തിന് വഴിമാറിയത് ഇക്കാലത്താണ്. കോയമ്പത്തൂരിനടുത്തുള്ള രാമനാഥപുരമായിരുന്നു പുതിയ താവളം. നേരത്തെ തന്നെ തുടക്കമിട്ടിരുന്ന ബോട്ടില്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി അതോടെ മാത്യൂസ്. സിനിമാലോകം അവഗണിച്ചെങ്കിലും വ്യവസായമേഖല കൈവിട്ടില്ല മാത്യൂസിനെ. ''അന്നെടുത്ത തീരുമാനത്തില്‍ അതുകൊണ്ടുതന്നെ പശ്ചാത്താപമൊന്നുമില്ല'' - ഭാര്യക്കും മക്കള്‍ക്കുമൊപ്പം രാമനാഥപുരത്ത് താമസിക്കുന്ന  മാത്യൂസിന്റെ വാക്കുകള്‍. ''എങ്കിലും ഉള്ളിലെ കലാകാരനും അഭിനയമോഹിയും വെറുതെയിരിക്കില്ലല്ലോ. ഇനിയും   അഭിനയിക്കണം എന്നുണ്ട്; പ്രായത്തിനും രൂപത്തിനും ഇണങ്ങുന്ന റോളുകള്‍ കിട്ടിയാല്‍ സന്തോഷം.''
'യവനിക'യ്ക്ക് ശേഷം മാത്യൂസ് ഒരിക്കലേ കണ്ടിട്ടുള്ളൂ കെ.ജി. ജോര്‍ജിനെ. ഭാര്യ സെല്‍മയ്ക്ക് വേണ്ടി  ബ്യൂട്ടി പാര്‍ലര്‍ തുടങ്ങാനായി കോയമ്പത്തൂര്‍ വന്നപ്പോഴാണ് അവസാനമായി കണ്ടത്. ''നേരില്‍ കാണാറില്ലെങ്കിലും ജോര്‍ജ് സാറിന്റെ  രൂപഭാവങ്ങളും സംഭാഷണശൈലിയുമെല്ലാം ഇന്നും എന്റെ മനസ്സിലുണ്ട്. മരണത്തിനുപോലും ആ ഓര്‍മ്മകളെ തുടച്ചുനീക്കാനാവില്ല...''  
മമ്മൂട്ടി ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്കെല്ലാം സിനിമാജീവിതത്തില്‍ വഴിത്തിരിവായി മാറി 'യവനിക' എന്നത് ഇന്ന് ചരിത്രം; ക്യാപ്റ്റന്‍ മാത്യൂസിനൊഴിച്ച്. നിരാശ തോന്നിയിട്ടുണ്ടോ? മറുപടി ഒരു നേര്‍ത്ത പുഞ്ചിരിയില്‍ ഒതുക്കുന്നു  മാത്യൂസ്; ഇനിയും വൈകിയിട്ടില്ലല്ലോ എന്ന മറുചോദ്യമില്ലേ ആ ചിരിയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com