വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

ജിറാഫുകളുടെ സംഘം പ്രത്യേക കാഴ്ചയാണ്. ആകാരത്തിന്റെ ആധികാര്യകത ആ നില്‍പ്പിലും നടത്തത്തിലും ഉണ്ട്. ഒരു അലസതാളത്തിലാണ് നടത്തം. നാലഞ്ചുപേര്‍ തലയുമുയര്‍ത്തി നീങ്ങുന്നതു കണ്ടാല്‍ ഒരു ജാഥയുടെ മുന്‍നിരക്കൊടികളാണെന്നു തോന്നും. പൊക്കമുള്ള കാലുകളില്‍നിന്നു നീളന്‍ കഴുത്തും നീട്ടി മറ്റുള്ളവരുടെ പരിധിക്കു പുറത്തായ ഇലകളാണ് തീറ്റ
വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

ടൂര്‍ ഓപ്പറേറ്റര്‍ രജബു കൊടുത്തയച്ച പൊതികളില്‍ സമോസയും കേയ്ക്കും പൊരിച്ച കോഴിക്കാലും ഏതാനും പഴങ്ങളും ജ്യൂസും സാലഡുമായിരുന്നു. വെള്ളം കുപ്പിക്കണക്കിന് റഷീദ് അരുഷയില്‍നിന്നു കരുതിയിരുന്നു. ഭക്ഷണസ്ഥലത്ത് കുരങ്ങന്‍ വര്‍ഗ്ഗത്തെ സൂക്ഷിക്കണമെന്ന് റഷീദ് മുന്നറിയിപ്പ് തന്നിരുന്നു. എന്നാല്‍, അവരാരും ശല്യത്തിനു വന്നില്ല. തൊട്ടപ്പുറത്ത് മാന്‍കൂട്ടങ്ങളും സീബ്രകളും ഒരു കാട്ടുപന്നിക്കൂട്ടം തങ്ങളുടെ കുഞ്ഞന്മാരുമായും മേയുന്നുണ്ട്. അവര്‍ക്കും ഞങ്ങളുടെ ഭക്ഷണത്തില്‍ കണ്ണില്ല. ഭക്ഷണം ആവശ്യത്തിലധികമായിരുന്നു. കാട്ടിലേക്കിറങ്ങാനുള്ള ആവേശത്തില്‍ ഞങ്ങള്‍ കഴിച്ചത് കുറവുമായിരുന്നു. ബാക്കി വന്നത് റഷീദ് വൃത്തിയോടെ ഒരു പാക്കറ്റിലാക്കി വണ്ടിയില്‍ വെച്ചു.

മെസ് ഏരിയയ്ക്ക് ചേര്‍ന്ന് ഒരു ബാവ്ബോബ് ആന കുത്തിപ്പൊളിച്ച തൊലിയുമായി പന്തലിച്ചു നില്‍ക്കുന്നുണ്ട്. അതിനു പിന്നില്‍ ധാരാളം അക്കേഷ്യ മരങ്ങള്‍. റഷീദ് മേശ വൃത്തിയാക്കി വേസ്റ്റെല്ലാം ഒരു ചാക്കിലാക്കി ഡിക്കിയില്‍ വെച്ചു. ഒന്നും പിക്നിക്ക് എരിയായില്‍ ഉപേക്ഷിക്കാന്‍ പാടില്ല. സഫാരി വണ്ടി പാര്‍ക്ക് ചെയ്തതിന് അടുത്ത് ഒരു ടെന്റടിച്ചിട്ടുണ്ട്. ചെറിയത്. രണ്ടു പേര്‍ക്ക് പാകം. പുറത്തൊരു മധ്യവയസ്‌കന്‍ സായ്പ് മടക്കുകസേരയിലിരുന്നു വായനയിലാണ്. മറ്റൊരുത്തന്‍ ടെന്റിനുള്ളില്‍ ഉറക്കത്തിലാണ്. കാട്ടിനുള്ളില്‍ ഇത്തരം ടെന്റിലുറക്കം കൊതിപ്പിക്കുന്നതാണ്, കുന്നോളം പേടിയുണ്ടെങ്കിലും.

ലേഖകന്‍ സഫാരി കാഴ്ചകളില്‍
ലേഖകന്‍ സഫാരി കാഴ്ചകളില്‍
വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്
ഹക്കുന മറ്റാറ്റ

ടാന്‍സാനിയന്‍ കാടുകളില്‍ പലതരം ടെന്റുകള്‍ ലഭ്യമാണ്. ഒന്നോ രണ്ടോ മുറിയും കട്ടിലുകളും ഫ്‌ലഷ് ക്ലോസറ്റും സോളാര്‍ വെളിച്ചവുമൊക്കെയായി ലക്ഷ്വറി ടെന്റുകള്‍. അത്തരം എട്ടോ പത്തോ ടെന്റുകള്‍ ഒരുമിച്ചുണ്ടാകും. ഗാര്‍ഡുകളും റിസപ്ഷന്‍ ഏരിയയും മെസ്സ് ഹാളും ഉണ്ടാകും.

പിന്നെയുള്ളത് ഇവിടെ കണ്ട തരം ടെന്റുകളാണ്. മൊബൈല്‍ ടെന്റുകളാണ്. ഭക്ഷണം ലഭിക്കും. ടോയ്ലറ്റ് സൗകര്യങ്ങളുണ്ടാവും. ചിലര്‍ നിലത്തും ചിലര്‍ സഫാരി വണ്ടിക്കു മുകളിലും ടെന്റടിക്കും. വൈകുന്നേരം തോക്കുമായി റേഞ്ചര്‍ വരും. പകല്‍ സമയങ്ങളില്‍ ഒരു ഗാര്‍ഡ് ഉണ്ടാകും.

മൂന്നാമത്തെ കൂട്ടം പരമസാഹസികമാണ്. വീണിടം വിഷ്ണുലോകം. എങ്കിലും ഒരുവിധം സുരക്ഷിതമായ സ്ഥലം സഫാരിക്കാര്‍ക്കറിയാം. ഡ്രൈവറും കുക്കും സഹായിയും കൂട്ടത്തിലുണ്ടാവും. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും സൗകര്യങ്ങളും വണ്ടിയില്‍ സൂക്ഷിക്കും. ആവശ്യാനുസരണം പാകം ചെയ്തു കഴിക്കാം. മലശോധനയ്ക്ക് ബോര്‍വെല്‍ കുഴിക്കുന്നപോലെ കുഴിയെടുത്തുതരും. മുകളില്‍ ഒരു ക്ലോസെറ്റ് ഫ്രെയിം വെച്ചുതരും.

ടെന്റുകളും അതിന്റെ കൊളുത്തുകളും കയറുകളും മൃഗങ്ങള്‍ക്കു ഭയമാണ് എന്നാണ് വിശ്വാസം. തമ്പടിച്ചു താമസിക്കുമ്പോള്‍ സഫാരി നിയമങ്ങള്‍ കൃത്യമായി പാലിക്കണം. ഇരുട്ടുവീണാല്‍ പ്രകൃതി ഏതു രൂപത്തില്‍ വിളിച്ചാലും പുറത്തിറങ്ങരുത്. തമ്പിനകത്തു സാധിച്ചോളണം. ടെന്റിന്റെ അടിസ്ഥാനം ക്ഷുദ്രജീവികള്‍ക്കു നുഴഞ്ഞുകയറാനാവാത്തവിധം ഭൂമിയോട് ചേര്‍ത്തടിക്കണം. പാമ്പുകള്‍ ഉള്ള സ്ഥലമാണെങ്കില്‍ 'പാമ്പോടും ലായനികള്‍' തളിക്കണം. കയ്യോ കാലോ തലയോ പുറത്തിടരുത്. മൃഗങ്ങള്‍ വലിച്ചെടുത്തുകൊണ്ട് പോവും. ഭക്ഷണം ടെന്റില്‍ വെയ്ക്കരുത്. മണം പിടിച്ചാല്‍ ടെന്റിനോടുള്ള ഭയമൊക്കെ മൃഗങ്ങളങ്ങു മറക്കും.

പുറത്തിരുന്നു പുസ്തകം വായിക്കുന്ന ജെഫ്രിക്ക് കെനിയയില്‍ തമ്പടിച്ചു കഴിഞ്ഞതിന്റെ തഴക്കമുണ്ട്. അവിടെ തമ്പുകളുടെ സംഘത്തിനു ചുറ്റും വൈദ്യുതി വേലിയുണ്ട്. ഇവിടെ ആ പതിവില്ല. ഉള്ളിലുറങ്ങുന്ന ചങ്ങാതിക്ക് ആദ്യ കാട്ടുരാത്രി കാളരാത്രിയായിരുന്നു. മരങ്ങളുലയുന്നതും

ചില്ലകളൊടിയുന്നതും ബബൂണുകള്‍ കാറുന്നതും ഹയ്നകള്‍ കൂവുന്നതും കിളികള്‍ കുറുകുന്നതും എണ്ണിക്കൊണ്ടിരുന്നു. എണ്ണിയെണ്ണിയിരുന്ന് മൂത്രമൊഴിക്കണമെന്നായി. വഴിയില്ല. അതു

പിടിച്ചു വെച്ച് വെച്ച് രണ്ടിനു പോകണമെന്നായി. അതിനു തീരെ വഴിയില്ല. അങ്ങനെ പിടിച്ചു വെച്ചതെല്ലാം കൂടി രാവിലെ തീര്‍ത്ത് രാവിലത്തെ സഫാരിക്ക് അവധി കൊടുത്ത് മൂപ്പരുറക്കമായി.

വിൽഡ് ബീസ്റ്റുകളുടെ കൂട്ടം
വിൽഡ് ബീസ്റ്റുകളുടെ കൂട്ടം

ജെഫ്രിയുടെ 'തമ്പന്‍ വിവരണം' ഞങ്ങളുടെ സഫാരിയുടെ ആംബിയന്‍സ് പിന്നെയും മെച്ചപ്പെടുത്തി. അമ്മയെ റഷീദ് ഹക്കുണ മത്താത്ത പാടിക്കേറ്റി. ലാന്‍ഡ് ക്രൂയിസര്‍ മുരണ്ടുനീങ്ങി.

''കാടേ വാ, കാടിന്റെ മക്കളേ വാ...'' ഞാനെന്റെ ഖരഖരപ്രിയ രാഗത്തില്‍ നീട്ടിപ്പാടി. പാട്ട് വെറുതെയായില്ല. ഒരു കൂട്ടം കൊമ്പന്മാര്‍ അക്കേഷ്യത്തണലുപേക്ഷിച്ച് റോഡിലേക്കിറങ്ങിവന്നു. ഏഴെട്ടു പേരുള്ള കൂട്ടം വണ്ടിക്കു മുന്നിലേക്കും നാല്‍വര്‍ സംഘം പിന്നിലേക്കും നീങ്ങുന്നു. തെറ്റില്ലാത്ത തലപ്പൊക്കവും കുറ്റമില്ലാത്ത നീളന്‍ കൊമ്പുകളും 'സംഘി'കള്‍ക്കുണ്ട്. റഷീദ് പതിവുപോലെ വണ്ടി ഓഫാക്കിയിട്ടു. മുന്നോട്ട് നീങ്ങാനുള്ള വഴി ക്ലിയര്‍ ചെയ്തിട്ടേ ആനയെ കാണാന്‍ വണ്ടി നിര്‍ത്താവൂ എന്നാണ് സഫാരി ബ്ലോഗുകള്‍ എന്നോട് പറഞ്ഞിരുന്നത്. ഇവിടെ ഗജങ്ങളുടെ രാസ്താരോഖോ ആണ്. വണ്ടി നിര്‍ത്തിയാലെന്ത്? ഇല്ലെങ്കിലെന്ത്? പിന്നിലൂടെ നീങ്ങിയ ഒരു കുറുമ്പന്‍ തുമ്പിക്കയ്യിട്ട് ഒന്നു പരതി മറ്റുള്ളവരോടൊപ്പം അപ്പുറത്തേക്കു നടന്നു.

ക്യാമറ നോക്കിക്കോളണേ, ആനകൊണ്ട് പോവരുത്. ഞാന്‍ അമ്മുവിനോട് വിളിച്ചു പറഞ്ഞത് അവളെ ചൂടാക്കി. താനെന്റെ അപ്പനാണോടോ? അതോ ക്യാമറയുടേയോ?

വാല്‍പ്പാറയില്‍ ആനയിറങ്ങിയെന്നറിഞ്ഞാല്‍ അതിരപ്പിള്ളിയില്‍ വണ്ടി നിര്‍ത്തുന്നവരാണ്. പൂരത്തിനും പള്ളിപ്പെരുനാളിനും ആനയില്‍നിന്നു ദൂരെനിന്ന് ഉത്സവം കാണുന്നവരാണ്. ഇവിടെ ആഫ്രിക്കന്‍ ആനകള്‍ക്കിടയില്‍ വണ്ടിയും ഓഫാക്കി ക്യാമറയും ക്ലിക്കിയിരിക്കയാണ്. ആഫ്രിക്കന്‍ നാഷണല്‍ പാര്‍ക്കുകളിലെ മൃഗങ്ങള്‍ മാന്യരാണെന്നും അവര്‍ സഫാരിക്കാരെ ഉപദ്രവിക്കില്ലെന്നും ഞങ്ങള്‍ അന്ധമായി വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തരംഗീറി നദിയുടെ വരണ്ട മണല്‍ത്തിട്ടയിലാണ് റഷീദ് വണ്ടി നിര്‍ത്തിയത്. നമ്മുടെ വേനല്‍ക്കാല നിളയെപ്പോലെ അവിടവിടെ ചില വെള്ളക്കെട്ടുകളുണ്ട്. വനത്തില്‍ മറ്റു പലയിടത്തുമായി നല്ല ജലാശയങ്ങളുള്ളതിനാലാവാം മൃഗങ്ങളുടെ തിക്കിത്തിരക്കില്ല. കൊടിയ വേനലില്‍ ഇവിടം നിറച്ചും മൃഗങ്ങളാവുമത്രേ. മണല്‍ കുഴിച്ചുമാറ്റി വെള്ളം കണ്ടെത്തിക്കുടിക്കുന്ന ആനക്കൂട്ടങ്ങള്‍ അക്കാലത്തെ സ്പെഷ്യല്‍ കാഴ്ചയാണ്. അക്കാലത്ത് 'മരം കേറി' സിംഹങ്ങളും പുള്ളി - ചീറ്റപ്പുലികളും നദിക്കരയിലുണ്ടാവുമത്രേ. വനത്തിലെ ആനകളുടെ എണ്ണം മൂവ്വായിരം (ഇപ്പോള്‍ 300-400) കടക്കുമത്രേ. ഞങ്ങളുടെ ഈ ഡിസംബര്‍ യാത്രയുടെ നഷ്ടങ്ങളാണിതൊക്കെ.

ആഫ്രിക്കന്‍കാടുകളിലെ

പാമ്പുകള്‍

അലസരായ ഏതാനും വില്‍ഡ് ബീസ്റ്റുകളും സീബ്രകളും നദീതടത്തിലുണ്ട്. മരങ്ങള്‍ക്കിടയിലൂടെ പുല്‍മേട്ടിലേക്കും നദിക്കരയിലേക്കും പോകുന്ന മാരുതനും മന്ദമാണ്. ഭക്ഷണത്തിനുശേഷം, കാട്ടിലിതിലപ്പുറം എന്തു കാണാനുണ്ടെന്ന മട്ടിലൊരു മന്ദത ഞങ്ങളിലുമുണ്ട്. കാട് കരുതിവെയ്ക്കുന്ന അത്ഭുതങ്ങളറിയാത്ത മണ്ടന്മാര്‍ ഞങ്ങള്‍. ചതുപ്പില്‍നിന്നും വെള്ളത്തില്‍നിന്നും ഇരകൊത്തിപ്പറക്കുന്ന ഏതാനും ചെറുകിളികള്‍ മാത്രമാണ് ചുറുചുറുക്കോടെയുള്ളത്.

സഹയാത്രികര്‍ അമ്മുവും മിനിയും
സഹയാത്രികര്‍ അമ്മുവും മിനിയും

സീറ്റില്‍ അലസമായിക്കിടന്ന്, എവിടേക്കോയുള്ള ഗ്രേറ്റ് മൈഗ്രേഷനില്‍ പങ്കെടുക്കുന്ന മേഘങ്ങളെ നോക്കിക്കൊണ്ടിരിക്കെ കാട്ടില്‍വെച്ചുണ്ടാകാവുന്ന ഏറ്റവും വന്യവും അസംബന്ധവുമായ ചിന്തയില്‍ ഞാന്‍ ചോദിച്ചു: കാട്ടിലെ ഏറ്റവും ഭംഗിയുള്ള നിതംബമേതാണ്. കുറച്ചു മുന്‍പ് സഫാരി വണ്ടിക്കു മുന്നിലൂടെ 'ക്യാറ്റ് വാക്ക്' നടത്തിയ ആനക്കൂട്ടത്തിന്റെ നിതംബതാളം അപ്പോള്‍ മനസ്സിലുണ്ടായിരുന്നു. അമ്മുവിന്റെ വോട്ട് സീബ്രയ്ക്കായിരുന്നു. സംശയമുണ്ടെങ്കില്‍ നോക്കടാ എന്നു പറയുന്ന രണ്ടു സീബ്രകള്‍ നദിയിലേക്കു മുഖം തിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. നീണ്ട മുടി പിന്നിലേക്കു മെടഞ്ഞിട്ട സുന്ദരിയുടെ പിന്‍ ദര്‍ശനം അവരോര്‍മ്മിപ്പിച്ചു. കറുപ്പും വെളുപ്പും വരച്ചു മുഴുപ്പിച്ച ചന്തികള്‍ക്കിടയിലൂടെ ആ മനോഹരമായ വാലങ്ങനെ... ആഹാ...

ഞാന്‍ റഷീദിന്റെ അഭിപ്രായം ചോദിച്ചു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും കാര്യം മനസ്സിലായപ്പോള്‍ റഷീദ് നാണം കേറി വിവശനായി. നല്ല തണ്ടും തടിയുമുണ്ടെങ്കിലും കൊച്ചു കുട്ടിയുടെ മുഖവും ചിരിയുമാണ് റഷീദിന്. വാക്കുകളില്‍ വികാരം പുരളുമ്പോള്‍ കീഴ്ത്താടി കിടന്നു വിറയ്ക്കും.

നിര്‍ബ്ബന്ധിച്ചപ്പോള്‍ റഷീദ് ഞങ്ങളെ ഞെട്ടിച്ച് ഒട്ടകപക്ഷിക്ക് വോട്ടിട്ടു. ഞങ്ങള്‍ നാലു പേരും ഒരുമിച്ച് വീറ്റോ ചെയ്തു. അപ്പോള്‍ റഷീദ് പുതിയ നോമിനിയെ അവതരിപ്പിച്ചു - ജിറാഫ്. ആ കൊള്ളാം. സഫാരിയില്‍ ഇതുവരെ ഒരു ജിറാഫ് വന്നു പെട്ടിട്ടില്ല. വരട്ടെ, നോക്കാം.

അങ്ങനെ വരാനിരിക്കുന്ന സഫാരി ദിനങ്ങളിലേക്ക് അസാധാരണമായൊരു അജണ്ട കയറി നിന്നു. അക്കാര്യം മണത്തറിഞ്ഞ മൃഗങ്ങള്‍ പലപ്പോഴും ഞങ്ങള്‍ക്കു മുഖം തിരിച്ചു നിന്നു. ഞങ്ങള്‍ അവരുടെ 'മൂടിന്' മാര്‍ക്കിട്ടുകൊണ്ടിരുന്നു.

മണി മൂന്നു കഴിയുന്നു. മടക്കം തുടങ്ങാം എന്ന് റഷീദ്. മെല്ലെ, പോലെ പോലെ. നദിയോട് കൈ വീശി, ചെറുകുന്നുകള്‍ കയറിയിറങ്ങി, തന്റെ കുഞ്ഞുങ്ങളെയൊക്കെ ഞങ്ങളുടെ മുന്നിലേക്കിറക്കിവിട്ട കാടിനോട് നന്ദി പറഞ്ഞു മെല്ലെ. മടക്കമാണെങ്കിലും വഴിമാറിപ്പോരുന്നതു കൊണ്ട് പുതുമകള്‍ക്കു പഞ്ഞമില്ല.

കുറച്ചുകൂടി വലിയ ജലാശയങ്ങളാണ് ഈ ഭാഗത്ത്. എന്നിട്ടും അവയ്ക്ക് ബോവ്ബാബുകളുടേയും മറ്റു കുറ്റിമരങ്ങള്‍ക്കിടയിലും ഒളിച്ചിരിക്കാനാവുന്നുണ്ട്. മരങ്ങളിലേക്കാള്‍ കൂടുതല്‍ പക്ഷികള്‍ ഇവിടെ വെള്ളത്തിലാണ്. ഇണകളായും കൂട്ടമായും ഒറ്റയ്ക്കും അവര്‍ നീന്തിത്തിമിര്‍ക്കുകയാണ്. പറവകള്‍ക്കു പരാതികള്‍ കുറവാണല്ലോ, ശത്രുക്കളും. വിതയ്‌ക്കേണ്ട കൊയ്യേണ്ട കളപ്പുരകള്‍ നിറയ്‌ക്കേണ്ട. നീന്തടാ, നീന്ത്.

വെയില്‍ മഞ്ഞച്ചുതുടങ്ങിയിരിക്കുന്നു. രാവിലത്തെ കഥാപാത്രങ്ങള്‍ അരങ്ങ് വിട്ടിരിക്കുന്നു. ദൂരെയെങ്ങാന്‍ മരങ്ങള്‍ക്കോ മണ്‍ത്തിട്ടകള്‍ക്കോ അപ്പുറത്ത് ആനപ്പുറത്തിന്റെ കറുത്ത 'റ'കള്‍ ഇടയ്ക്കു കാണാം. സീബ്രകളും ബീസ്റ്റുകളും എണ്ണത്തില്‍ കുറഞ്ഞിരിക്കുന്നു. പകരം ധാരാളം മാനുകള്‍ രംഗത്തുണ്ട്. മാനുകളില്‍ ഇത്രയും ഉപജാതികളുണ്ടെന്ന് ഞാന്‍ ഇവിടെവെച്ചാണ് എണ്ണി ബോധ്യപ്പെട്ടത്. വലിയ എലാന്‍ഡകളില്‍ തുടങ്ങി ഇംപാല, ടോപ്പികള്‍, വാട്ടര്‍ ബക്കുകള്‍, ഗസില്ലകള്‍ എന്നിങ്ങനെ കുഞ്ഞന്‍ ഡിക്ക് ഡിക്ക് വരെ.

ഇന്നത്തെ സഫാരി തീരുന്നതിന്റെ സങ്കടത്തിലാണ് എല്ലാവരും. ആകാവുന്നിടത്തോളം കാടിനെ കാഴ്ചയിലേക്ക് കണ്ട്‌കെട്ടാനുള്ള ശ്രമത്തിലാണിപ്പോള്‍ ഞങ്ങള്‍. പല ജോടി കണ്ണുകള്‍ പലയിടങ്ങളിലേക്കു പായുന്നു. വഴിയോരം നിന്ന് കാബിനറ്റ് കൂടുന്ന മൂന്നു പന്നിക്കുട്ടന്മാരെ കാണിച്ചത് അമ്മുവാണ്. മുഖത്തോടു മുഖം ചേര്‍ത്തുവെച്ച് കടുത്ത ചര്‍ച്ചയിലാണ്. കാട്ടുപന്നികള്‍ ധാരാളമായിട്ടുണ്ട് ഈ ഭാഗത്ത്. അഞ്ചാറു കുഞ്ഞുങ്ങളുമായി നീങ്ങുന്ന കുടുംബങ്ങളുമുണ്ട്. മുതിര്‍ന്ന പന്നി അതിന്റെ വളര്‍ന്നു വളഞ്ഞ തേറ്റകളും പൊടിയും ചെളിയും പുരണ്ട മുഖവുമായി ചെറുവക ഭീകരനാണ്. പന്നികള്‍ക്ക് അടുത്തുതന്നെ മേയുന്നുണ്ട് സീബ്രകളും ബീസ്റ്റുകളും മാനുകളും മറ്റും. നേരം വൈകുന്തോറും മൃഗങ്ങള്‍ ഒരു കോക്ക്‌ടൈല്‍ കാഴ്ചയൊരുക്കി ഒത്തുകൂടുകയാണ്. അല്‍പ്പം വിട്ടു തത്തി നടക്കുന്നത് ഒരു ഒട്ടകപക്ഷിയിണകളാണ്. കറുത്ത തൂവലുകളുമായി ആണും തവിട്ട് നിറത്തില്‍ പെണ്ണും. അവരവരുടെ പ്രണയസല്ലാപങ്ങളിലാണ്. അവരുടെ സ്വര്‍ഗ്ഗത്തിലേക്ക് ഞങ്ങളുടെ ക്യാമറക്കണ്ണുകളല്ലാതെ മൃഗങ്ങളൊന്നും കട്ടുറുമ്പാകുന്നില്ല.

പാര്‍ക്കിന്റെ പുറത്തെത്താറായെന്നു തോന്നുന്നു. തുടക്കത്തില്‍ കണ്ടിരുന്ന മണ്‍പുറ്റുകള്‍ ഇവിടെയും ധാരാളമായിട്ടുണ്ട്. സഫാരി ആരംഭിക്കുന്നതിന്റെ അത്യാവേശത്തില്‍ അപ്പോളവയെപ്പറ്റി പറയാന്‍ വിട്ടുപോയതാണ്. ബ്രോഷറുകളിലും മറ്റു ലഘുലേഖകളിലും തരംഗീറിയുടെ പര്യായ-പ്രതീകങ്ങളായി കാണുക ആനക്കൂട്ടവും ബോവ്ബാബ് മരങ്ങളും ഈ വാത്മീകങ്ങളുമാണ്.

വലിയ പുറ്റുകളാണ്. പല രൂപത്തില്‍. മറ്റൊരു വനത്തിലും ഇത്രയും പുറ്റുകള്‍ ഇത്രയും വലുപ്പത്തില്‍ കണ്ടിട്ടില്ല. അമ്മ അവയില്‍നിന്നും പല രൂപങ്ങള്‍ വായിച്ചെടുക്കുകയാണ്. കൈ കൂപ്പി നില്‍ക്കുന്നത്. ശിവന്റെ ജടപിടിച്ച മുടിയോട് കൂടിയ തല, തുമ്പിക്കയ്യുയര്‍ത്തി നില്‍ക്കുന്ന ആന. അങ്ങനെയങ്ങനെ. 75 കഴിഞ്ഞപ്പോള്‍ അമ്മ സ്വന്തമാക്കിയ സിദ്ധിയാണത്. മേഘങ്ങളില്‍ മലാഖമാരെയും ചീങ്കണ്ണികളേയും മുയലുകളേയും കാണുക. ഉണങ്ങിക്കിടക്കുന്ന മരക്കൊമ്പുകളിലും വേരുകളിലും കിളിരൂപങ്ങള്‍, പാറക്കെട്ടുകളില്‍ സിംഹമുഖങ്ങള്‍. അങ്ങനെയൊക്കെയാണത്.

പുറ്റുകളില്‍ തിരക്കിട്ട തെരച്ചിലിലാണ് അണ്ണാനും കീരിക്കും ഇടയില്‍ നില്‍ക്കുന്ന കുറേ കൂട്ടുകാര്‍. പുറ്റിനോട് ചേരുന്ന മണ്‍നിറമാണ്. റഷീദ് പറയുന്നത് കുഞ്ഞന്‍ കാടന്‍ കീരികളാണ് (Wild dwarf mangoose) ഇവരെന്നാണ്. പറഞ്ഞത് കാടന്‍ കീരിയെന്നാണെങ്കിലും ഞങ്ങള്‍ കേട്ടത് കീരിക്കാടന്‍ എന്നാണ്. നാട്ടുകീരിയോളം ശൗര്യം ഈ കീരിക്കാടന്റെ മുഖത്തിനില്ല. സൗമ്യതയും ഓമനത്തവും ആണവിടെ. വലുപ്പവും കുറവ്. എന്നാലും തരം കിട്ടിയാല്‍ ഇവന്‍ കുലഗുണം കാണിക്കുമെന്ന് റഷീദ് സാക്ഷ്യപ്പെടുത്തുന്നു. കീരിക്കാടന്മാര്‍ കൂട്ടത്തോടെ മാംബയെ നേരിടുന്നത് രണ്ടു തവണ തരംഗീറിയില്‍ തന്നെ റഷീദ് കണ്ടിട്ടുണ്ട്.

കിഴക്കനാഫ്രിക്കയുടെ സര്‍പ്പസമ്പാദ്യങ്ങള്‍ പ്രധാനമായും മൂന്നാണ്. മൂന്നും ഭേദപ്പെട്ട വിഷപ്പാമ്പുകളാണ്. ബൂംസ്ലെനും പച്ച, കറുപ്പ് മാംബകളും. ഇതില്‍ ബൂംസ്ലെനും പച്ച മാംബെയും മരം കേറികളും മരവാസികളുമാണ്. അതുകൊണ്ടാകാം, നമ്മുടെ പച്ചിലപ്പാമ്പിനെപ്പോലെ ഇവയ്ക്കും പച്ചനിറമാണ്. പെണ്‍ ബൂംസ്ലെനുകള്‍ക്ക് മങ്ങിയ തവിട്ട് നിറമാണ്. മരപ്പൊത്തുകളിലും പൂതലിച്ചു വീണ മരത്തടികളിലും മുട്ടകളിട്ട് അടുത്ത വിഷജന്മങ്ങളെ വിരിയിക്കുന്നു. ബ്ലാക്ക് മാംബെ നിലംനിരങ്ങികളാണ്. ഇവരാണ് കീരിക്കാടന്മാരുടെ കയ്യേറ്റത്തിനു സാധാരണ ഇരയാവുന്നത്. കാട്ടിലെ പാമ്പുകള്‍ മനുഷ്യരില്‍നിന്നും സഞ്ചാരവഴികളില്‍നിന്നും ഒഴിഞ്ഞുമാറുന്നവരാണ്. കാട്ടിലെ പാമ്പിനറിയില്ലല്ലോ, ഒന്നു തീണ്ടിത്തീര്‍ക്കാവുന്നതേയുള്ളൂ നാട്ടിലെ മനുഷ്യനെന്ന്.

അമ്മുവിനു പാമ്പുകളെ വല്ലാത്ത പേടിയാണ്. കാണുകയൊന്നും വേണ്ട, പാമ്പെന്നു കേള്‍ക്കുകയോ പാമ്പിന്റെ പടം കാണുകയോ മതി അവള്‍ പേടിച്ചു കരയാന്‍. ഇവിടെ നേരിയ സര്‍പ്പസാന്നിധ്യമെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അപ്പോള്‍ സ്‌കൂട്ടാവും അവള്‍ ഈ സഫാരിയില്‍നിന്നും. അതുകൊണ്ട് ഇവിടത്തെ കാട്ടില്‍ പാമ്പില്ല എന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കാട്ടിലെ മൃഗങ്ങള്‍ സഫാരിക്കാരെ ആക്രമിക്കില്ലെന്നുറപ്പിക്കുന്ന മണ്ടന്മാര്‍ക്ക് കാട്ടില്‍നിന്നു പാമ്പുകളെ ഒഴിവാക്കാനാണോ ബുദ്ധിമുട്ട്!

കാടിന്റെ ഈ പുറംഭാഗങ്ങളില്‍ അധികവും അക്കേഷ്യകളാണ്. കൂട്ടമായി നിന്ന് അക്കേഷ്യയുടെ കാടുതന്നെ തീര്‍ക്കുന്നുണ്ടവര്‍. ചില്ലകളും ഇലകളും മുള്ളുകളും ധാരാളമുള്ള അക്കേഷ്യക്കാട്ടില്‍നിന്നു കിളികളുടെ സിംഫണിയുയരുന്നുണ്ട്. കിളികളെ കാണാന്‍ ബുദ്ധിമുട്ടുണ്ട്. മരങ്ങള്‍ക്കു താഴെ ഒരു വെര്‍വെറ്റ് കുരങ്ങന്‍ (vervet monkey) കുടുംബം നാലു മണിക്കളികളിലാണ്. നേരിയ മഞ്ഞകലര്‍ന്ന ചാരരോമങ്ങള്‍ പുറത്തും വെളുത്ത നനുത്ത രോമങ്ങള്‍ വയറിനും ഭംഗിയേറ്റുന്നു. തന്റെ കറുത്ത മുഖത്തേക്കാള്‍ 'നീലപ്പിടുക്ക്' (വൃഷണസഞ്ചി) സഞ്ചാരികള്‍ക്ക് തുറന്നു കാണിക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് ഈ വികടകപി.

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്
''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

അക്കേഷ്യ വെറുമൊരു മരമല്ല. മരത്തറവാടാണ്. 62 തരം അംഗങ്ങളുള്ള വൃക്ഷവംശമാണ്. അതില്‍ ആറു തരം ടാന്‍സാനിയന്‍ കാടുകളില്‍ മാത്രം താമസം. അക്കേഷ്യ ബുദ്ധിജീവിയാണ്. ബുദ്ധികൊണ്ട് കഴിഞ്ഞുപോകുന്നവനാണ്. അതിജീവനത്തിന്റെ, പ്രതിരോധത്തിന്റെ

മാതൃകയാണ്. മുറ്റിയ മരമായും കുറ്റിമരമായും കഴിയാനറിയാം. ആഫ്രിക്കന്‍ സഫാരിപ്പടങ്ങളില്‍ കാണാറുള്ള കുടനിവര്‍ത്തിയപോലുള്ള അക്കേഷ്യ തരംഗീറിയില്‍ കുറവാണ്. സെരങ്കട്ടി പുല്‍മേടുകളില്‍ ധാരാളമുണ്ട്. കുടമരം (umbrella tree) എന്നിവരറിയപ്പെടുന്നു. ടോര്‍ട്ടില്ലിസ് എന്നും പേരുണ്ട്. ടാന്‍സാനിയയിലെ പല സഫാരി കാമ്പുകളുടെ പേരിലും ഈ ടോര്‍ട്ടില്ലിസ് ഉണ്ടാവും.

തന്റെ പരിസ്ഥിതിക്കനുസരിച്ച് പരിണമിക്കുകയാണ് അക്കേഷ്യയുടെ രീതി. അതുകൊണ്ട് പലയിടത്തായി കഴിയുന്ന പലര്‍ക്കും പല മുഖച്ഛായയാണ്. എന്നാല്‍, എല്ലാവര്‍ക്കും പ്രതിരോധത്തിന്റെ മുള്‍ക്കരുത്തുണ്ടായിരിക്കും. മുള്ളുകള്‍ നീളത്തിലോ ചൂണ്ടക്കൊളുത്തോ ആകാം. ചിലപ്പോള്‍ ജിറാഫുകള്‍ മുള്ളുകളെപ്പറ്റിച്ച് ഇലകള്‍ പറിച്ചുതിന്നും. മരമപ്പോള്‍ അടുത്ത അടവെടുക്കും. ടാനിന്‍ എന്ന വിഷം ഇലകളിലേക്കെത്തിക്കും. ഇലകള്‍ കയ്ക്കും. തീറ്റക്കാര്‍ ഒഴിഞ്ഞു പോകും. കയ്ചിട്ടും ഇല തിന്നവര്‍ക്ക് കയ്പുള്ള മരണം.

തീരുന്നില്ല. തീറ്റക്കാരെത്തിയാല്‍ അക്കേഷ്യ കാറ്റിലേക്ക് എത്തിലിന്‍ എന്ന രാസപദാര്‍ത്ഥം തള്ളിവിടും. 50 മീറ്ററോളം സഞ്ചരിക്കുന്ന സന്ദേശമാണത്. മുന്നറിയിപ്പ് കിട്ടുന്നവരും ടാനിന്‍ വിഷം ഇലകളിലാക്കും. അവരും എത്തിലിന്‍ മെസ്സേജ് കാറ്റില്‍ പോസ്റ്റ് ചെയ്യും. ഇല തിന്നാന്‍ വരുന്ന ജിറാഫുകള്‍ നട്ടം തിരിയും. ഒരു പരിധിവരെ ഈ പ്രതിരോധങ്ങളെ മറികടക്കാന്‍ ജിറാഫുകള്‍ക്കറിയാം. അവര്‍ അക്കേഷ്യയുടെ താഴെയുള്ള ചില്ലകളില്‍നിന്ന് ഇലകളെടുക്കും. ഒരു മരത്തില്‍നിന്ന് എട്ട് പത്ത് മിനിറ്റ് വരെ. മരം ടാനിനെക്കുറിച്ചും എത്തിലിനെക്കുറിച്ചും ആലോചിക്കുമ്പോഴേക്കും ജിറാഫ് അടുത്ത അക്കേഷ്യയില്‍നിന്നു തീറ്റ തുടങ്ങും.

ഇതൊന്നും പോരാതെ ഒരു കടിയന്‍ കാലാള്‍പ്പട കൂടിയുണ്ട് അക്കേഷ്യയ്ക്ക്. ചില മുള്ളുകളുടെ താഴെ ചെറിയ മുഴകളുണ്ട്. ഇതിനുള്ളിലാണ് കടിയനുറുമ്പുകളെ അക്കേഷ്യ തേനും നീരും നല്‍കി പോറ്റുന്നത്. മേയാന്‍ വരുന്ന ജിറാഫുകളെ കടിച്ചോടിക്കലാണ് ഈ പടയാളികളുടെ കര്‍മ്മം. എന്തു പറയുന്നു? ഇതു വെറും മരമോ മനുഷ്യരേക്കാള്‍ മുന്തിയ ഇനമോ?

അക്കേഷ്യാ മരങ്ങള്‍ക്കിടയില്‍ ആനക്കൂട്ടങ്ങള്‍
അക്കേഷ്യാ മരങ്ങള്‍ക്കിടയില്‍ ആനക്കൂട്ടങ്ങള്‍

മസായി ജിറാഫുകളുടെ

മുന്നില്‍

പാര്‍ക്കിന്റെ പുറത്തെത്താറാവുമ്പോഴേക്കും ധാരാളം കുരങ്ങന്മാര്‍ നിരന്നിരിക്കുന്നു. ബബുണകളും വെര്‍വെട്ടുകളും സാദാ തവിട്ടു കുരങ്ങന്മാരും ഒക്കെയുണ്ട്. ധാരാളം അക്കേഷ്യകളും സോസേജ് മരങ്ങളും ബോവ്ബാബുകളും ഉണ്ടിവിടെ. കുറച്ചകലെ ഒരു ബോവ്ബാബിന്റെ പശ്ചാത്തലത്തില്‍ ആദ്യത്തെ ജിറാഫ് ദര്‍ശനം നല്‍കുന്നു. (ജിറാഫിനേയും ആനയേയും ആകാരത്തില്‍ വിനയപ്പെടുത്തുന്നത് ഈ ഭീമന്‍ ബോവ്ബാബുകള്‍ മാത്രമാണ്, ടാന്‍സാനിയന്‍ കാട്ടില്‍) റഷീദിന്റെ നോമിനി. പോര, ജിറാഫിന്റെ പിന്‍ഭാഗം അല്‍പ്പം പതിഞ്ഞതാണ്. ഒരു ഗുമ്മില്ല. ലോവേസ്റ്റിട്ട ന്യൂജെനറേഷന്‍ പയ്യന്റേതുപോലയാണത്. പിന്നെയും നാലഞ്ചു ജിറാഫുകള്‍ നോമിനേഷനുകളുമായി വന്നു. ഏതായാലും 'പൃഷ്ഠപ്പട്ട സമര്‍പ്പണം' സഫാരിയുടെ അവസാന ദിവസമാകാം എന്നു ഞങ്ങള്‍ തീരുമാനിച്ചു.

ജിറാഫുകളുടെ സംഘം പ്രത്യേക കാഴ്ചയാണ്. ആകാരത്തിന്റെ ആധികാര്യകത ആ നില്‍പ്പിലും നടത്തത്തിലും ഉണ്ട്. ഒരു അലസതാളത്തിലാണ് നടത്തം. നാലഞ്ചുപേര്‍ തലയുമുയര്‍ത്തി നീങ്ങുന്നതു കണ്ടാല്‍ ഒരു ജാഥയുടെ മുന്‍നിരക്കൊടികളാണെന്നു തോന്നും. പൊക്കമുള്ള കാലുകളില്‍നിന്നു നീളന്‍ കഴുത്തും നീട്ടി മറ്റുള്ളവരുടെ പരിധിക്കു പുറത്തായ ഇലകളാണ് തീറ്റ.

ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജിറാഫുകളാണ് ഇവിടെയുള്ളവര്‍. അതുകൊണ്ട് മസായി ജിറാഫെന്നും കിളിമഞ്ജാരോ ജിറാഫെന്നും ഇവര്‍ വിളിക്കപ്പെടുന്നു. കിളിമഞ്ജാരോ ആഫ്രിക്കയുടെ ഏറ്റവും പൊക്കമുള്ള കൊടുമുടിയാണല്ലോ. എന്നാല്‍, മസായികളിലെ പുതു തലമുറയില്‍ പൊക്കക്കാര്‍ കുറവാണെന്ന് റഷീദ്. മസായി ഗോത്രത്തിനു പുറത്തുള്ളവര്‍ക്കാണത്രേ ഇപ്പോള്‍ 'പൊക്കം.'

ഏതാനും മണിക്കൂറുകളിലെ കാട്ടുകറക്കം കഴിഞ്ഞ് തരംഗീറി പാര്‍ക്ക് ഓഫീസിന്റെ മുറ്റത്തെത്തിയിരിക്കുന്നു. കാട്ടിനുള്ളിലേക്കു പോയവര്‍ ഇവിടെ വന്ന് 'ഞങ്ങളിതാ പോവുന്നു' എന്നു ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി റഷീദ് ഓഫീസിലേക്കു പോയി. ഓഫീസിന്റെ മുന്‍വശത്തു കുറച്ചുമാറി കുറ്റിമുടിത്തലയുമായി രണ്ടു മസായിപ്പെണ്ണുങ്ങള്‍ ഇരിക്കുന്നുണ്ട്. രണ്ടു പേരും അവരുടെ കരകൗശല പണിയിലാണ്. മറ്റൊരാള്‍ മണ്ണില്‍ ചാക്ക് വിരിച്ചു കിടന്നുറക്കമാണ്. അവരുണ്ടാക്കിയതായിരിക്കാം, കുറേ മാലയും വളയും തളയും വളയങ്ങളും ചുറ്റിലും കെട്ടിത്തൂക്കിയിട്ടുണ്ട്. നിറങ്ങള്‍ നിറയെയുണ്ടെങ്കിലും അപൂര്‍ണ്ണവും അപരിഷ്‌കൃതവുമെന്നാണ് അവ തോന്നിപ്പിക്കുന്നത്. ടാന്‍സാനിയയിലേക്കു പുറപ്പെടുമ്പോള്‍ ഒരു സുഹൃത്ത് ഉപദേശിച്ചത്, മസായി ജ്വല്ലറി വാങ്ങിക്കാന്‍ തോന്നിയാല്‍ തിരിച്ചുവന്ന് ആമസോണില്‍നിന്നു മതിയെന്ന്.

പാര്‍ക്കില്‍നിന്നിറങ്ങുമ്പോഴേക്കും ഒരു കാട്ടുസഫാരിക്കാരനു വേണ്ട ആകാംക്ഷ, ആവേശം, അന്ധവിശ്വാസം (സഫാരി ഗൈഡിലും കാട്ടിലും) അല്‍പ്പത്തം തുടങ്ങിയ ഗുണങ്ങള്‍ ഞങ്ങള്‍ സ്വന്തമാക്കിയിരുന്നു. തരംഗീറിയിലേക്കു

സ്വാഗതം എന്ന ആര്‍ച്ച് ബോര്‍ഡ് വിട്ട് പുറത്തുവന്നാല്‍ ഔദ്യോഗികമായി ഞങ്ങള്‍ കാടിനു പുറത്തായി. എന്നാല്‍, കാടിന്റെ അതിര്‍ത്തികളോ അളവുകളോ മസായികള്‍ക്കും മൃഗങ്ങള്‍ക്കും വിഷയമല്ല. മസായികള്‍ വെള്ളത്തിനും കന്നുകളുടെ തീറ്റയ്ക്കുമായി കാടും കേറും. മൃഗങ്ങള്‍ കാടുവിട്ട് കാടു മാറുന്ന ദേശാടന വഴികള്‍ (migration corridor) മസായികളുടെ കൃഷിയിടങ്ങളിലൂടെയും മറ്റുമാണ് കടന്നുപോകന്നത്.

ഗോരോങ്ങ്ഗോരോ സംരക്ഷിത പ്രദേശമായപ്പോള്‍ പുറന്തള്ളപ്പെട്ടവരാണ് ഈ മസായികള്‍. മേച്ചില്‍പ്പുറങ്ങള്‍ നഷ്ടമായപ്പോള്‍ കൃഷി ചെയ്തും പാര്‍ക്കിലും ലോഡ്ജുകളിലും ചില്ലറപ്പണികള്‍ ചെയ്തും ബാക്കിയായ കന്നുകള്‍ക്കൊപ്പം പുതിയ ജീവിതത്തിലേക്ക് ഒതുക്കപ്പെട്ടവര്‍.

ഇന്ന് ഈ മൈഗ്രേഷ്യന്‍ കോറിഡോര്‍ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നത് സഫാരിക്കമ്പനികളുടെ കൂട്ടായ്മയാണ്. മൃഗങ്ങള്‍ കുറഞ്ഞാല്‍ സവാരി ബിസിനസ്സ് ഗിരിഗിരിയാവുമെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് മസായികള്‍ക്കു ലാഭവിഹിതം നല്‍കി കോറിഡോറില്‍ മൃഗങ്ങളുടെ വനാന്തരഗമനത്തിനു തടസ്സമുണ്ടാകില്ലെന്ന് അവര്‍ ഉറപ്പു വരുത്തുന്നു.

ലേഖകന്‍ പകര്‍ത്തിയ ആനച്ചിത്രം
ലേഖകന്‍ പകര്‍ത്തിയ ആനച്ചിത്രം

കല്ലും മണ്ണും ഇട്ടുറപ്പിച്ച നാട്ടുവഴികളിലൂടെ ലാന്‍ഡ് ക്രൂയിസര്‍ കുളമ്പടിച്ചു നീങ്ങുകയാണ്. വണ്ടി കണ്ട് കുട്ടികള്‍ അവരുടെ കൊച്ചുകൂരകളില്‍നിന്ന് ഓടിവരുന്നുണ്ട്. ചിലര്‍ വഴിയില്‍ സഫാരി വണ്ടിക്കായി കാത്തുനില്‍ക്കുന്നുണ്ട്. പഴകി മങ്ങിയ കുപ്പായങ്ങളും പൊടിയടിഞ്ഞു വെളുത്ത ദേഹങ്ങളും വെളിച്ചം കെട്ട കണ്ണുകളുമായി മൂക്കിള തുടച്ച കൈകള്‍ നീട്ടുകയാണ് അവര്‍. റഷീദ് കരുതിവെച്ചിരുന്ന ഉച്ചഭക്ഷണത്തില്‍നിന്ന് അവര്‍ക്കെല്ലാം വീതിച്ചുകൊടുത്തു. അതും കഴിഞ്ഞപ്പോള്‍ കൊറിക്കാനായി കരുതിയിരുന്ന വറവുകളും ബിസ്‌കറ്റും കൊടുത്തു. വെള്ളത്തിലേക്കിട്ട അപ്പത്തിലേക്ക് മീനുകള്‍ പാഞ്ഞുവരുന്നതുപോലെ പിന്നെയും കുട്ടികള്‍ ഓടി വരുന്നു. കയ്യിലുള്ളതെല്ലാം കഴിഞ്ഞപ്പോള്‍, റഷീദ് ക്ഷമചോദിച്ചു വണ്ടി വിട്ടു. ഇടയ്ക്കിടയ്ക്കുള്ള ഹമ്പുകളില്‍ വണ്ടി മെല്ലെയാവുമ്പോള്‍ അവര്‍ റഷീദിനെ പിടികൂടി. ഒരിടത്ത് മൂന്നു പയ്യന്മാര്‍ മസാലി നൃത്തം കിതച്ച് കിതച്ചവതരിപ്പിച്ച് നീട്ടിനിന്നു. വടിയും കയ്യില്‍ പിടിച്ചു മുതിര്‍ന്നവരെപ്പോലെ മേലോട്ട് ചാടി അവര്‍ പരവശരായിരുന്നു. ബാക്കിയുണ്ടായിരുന്ന ഏതാനും ജൂസുകളും ഒരു കുപ്പി വെള്ളവും അവര്‍ക്കു നല്‍കി. റഷീദ് നല്‍കിയ രണ്ട് കാലിക്കുപ്പികള്‍പോലും അവര്‍ നന്ദിപൂര്‍വ്വം സ്വീകരിച്ചു.

ദാരിദ്ര്യം ഇത്രത്തോളം നഗ്‌നമായി കൈനീട്ടുമ്പോള്‍ എത്ര രസകരമായ സഫാരിക്കിടയിലായാലും ഞങ്ങള്‍ക്ക് അകംപുറം പൊള്ളും. ഉച്ചസമയത്ത് വേണ്ടാഞ്ഞിട്ടും തിന്നുതീര്‍ത്ത ഭക്ഷണത്തെപ്പറ്റി ഞങ്ങള്‍ പശ്ചാത്തപിച്ചു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ക്കുള്ളത് നീക്കിവെച്ചിരിക്കും.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com