''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

മസായികള്‍ ഇന്നു പൊരുതുന്നത് ഭരണകൂടത്തോടാണ്. സെരങ്കട്ടിയിലും ഗോരംഗോരോയിലും കാലിമേച്ച് കഴിഞ്ഞിരുന്ന കാലത്ത് വല്ലപ്പോഴുമാണ് മസായികളും മൃഗങ്ങളും ഇടയുന്നത്. ഇന്നു മൃഗങ്ങളേക്കാള്‍ മൃഗീയമായി അധികാരികള്‍ അടിച്ചമര്‍ത്തുമ്പോള്‍ പഴയ കുന്തവും അമ്പും വില്ലും കഠാരയും കാലിച്ചോര കുടിച്ച കരുത്തും അവര്‍ക്കു പോരാതെ വരുന്നു
''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സായിയുടെ പ്രധാന ഭക്ഷണങ്ങള്‍ പാലും ഇറച്ചിയും ആട്ടിന്‍ കൊഴുപ്പും കാലിച്ചോരയുമാണ്. ഭക്ഷണം പൂര്‍ണ്ണമായി പാകം ചെയ്യല്‍ അടുത്തകാലത്ത് തുടങ്ങിയതാണ്. ഇപ്പോള്‍ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും (ചോളം, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയവ ചിലയിടങ്ങളില്‍ അവര്‍ കൃഷി ചെയ്യുന്നുണ്ട്) മസായികള്‍ രുചിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും പ്രധാന ഊര്‍ജ്ജസ്രോതസ്സ് കൊഴുപ്പുതന്നെ. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അനുവദിക്കുന്ന 'ദിനംപ്രതി മുന്നൂറ് മില്ലിഗ്രാമി'നേക്കാള്‍ പലമടങ്ങാണ് ഇവര്‍ കഴിക്കുന്നത്. ഈ ജീവിതരീതിവെച്ചു നോക്കിയാല്‍ ജീവിതശൈലീ രോഗങ്ങളുടെ പെരുങ്കാടാകേണ്ടതാണ് മസായി ശരീരം. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ല. മസായിയുടെ ചോരയിലോ ചോരക്കുഴലുകളിലോ കൊഴുപ്പടിയുന്നില്ല. ഹൃദയഭിത്തികളെ അവ താറുമാറാക്കുന്നില്ല. പല്ലിലും എല്ലിലും പഞ്ചസാരക്കണക്കിലും പ്രശ്‌നങ്ങളില്ല. കുറേക്കാലമായി ഗവേഷകര്‍ മസായികളുടെ ശരീരത്തിന്റെ അത്ഭുതങ്ങളില്‍ കെട്ടിമറിയുന്നു. അവസാനം മസായി ഗോത്രത്തിന്റെ ജനിതകത്തെ ചാരിയൊഴിയുകയായിരുന്നു ഗവേഷകര്‍. ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പുരാതന ഗോത്രത്തിന്റെ ഡി.എന്‍.എ കുരുക്കുകളില്‍നിന്നു ചോര്‍ന്നുകിട്ടുന്ന ജനിതകരഹസ്യം വരുംതലമുറകളെ കൊഴുപ്പു സംബന്ധിയായ അസുഖങ്ങളില്‍നിന്നു മോചിപ്പിച്ചേക്കും.

തീവ്രമായ കായികാദ്ധ്വാനം ശീലമാക്കിയവരല്ല മസായികള്‍. അവരങ്ങനെ നടക്കും. കന്നുകാലികള്‍ക്കൊപ്പം മേച്ചില്‍പ്പുറങ്ങളിലൂടെ. വേട്ടവേളകളില്‍ കാട്ടുമൃഗങ്ങള്‍ക്കു പിന്നാലെയും മൃഗങ്ങള്‍ തിരിച്ചോടിക്കുമ്പോഴും ഓടിയെന്നുവരും. അത്രതന്നെ. നമ്മുടെ ഫിറ്റ്നസ് പരാക്രമങ്ങളെ പുച്ഛിക്കുന്നതാണ് ഇവരുടെ ജീവിതക്രമം.

തീവ്രമായ കായികാദ്ധ്വാനം ശീലമാക്കിയവരല്ല മസായികള്‍. അവരങ്ങനെ നടക്കും. കന്നുകാലികള്‍ക്കൊപ്പം മേച്ചില്‍പ്പുറങ്ങളിലൂടെ. വേട്ടവേളകളില്‍ കാട്ടുമൃഗങ്ങള്‍ക്കു പിന്നാലെയും മൃഗങ്ങള്‍ തിരിച്ചോടിക്കുമ്പോഴും ഓടിയെന്നുവരും. അത്രതന്നെ. നമ്മുടെ ഫിറ്റ്നസ് പരാക്രമങ്ങളെ പുച്ഛിക്കുന്നതാണ് ഇവരുടെ ജീവിതക്രമം.

മസായി വീണുപോകുന്നത് പകര്‍ച്ചവ്യാധികളുടെ പടയോട്ടത്തിലാണ്. 1883 മുതല്‍ 1902 വരെയുള്ള വര്‍ഷങ്ങള്‍ മസായികളുടേയും കന്നുകളുടേയും തെക്കനാഫ്രിക്കന്‍ വനങ്ങളുടേയും 'തുടച്ചു നീക്കല്‍' കാലമായിരുന്നു. ഈ കാലഘട്ടം emutai എന്നറിയപ്പെടുന്നു. എമുത്തായി എന്നാല്‍ തുടച്ചു നീക്കല്‍ എന്നുതന്നെ. വസൂരിയും റിന്‍ഡര്‍ പെസ്റ്റും ബോവെയ്ന്‍ ന്യുമോണിയയും തെക്കനാഫ്രിക്കന്‍ വനങ്ങളില്‍ വേട്ടക്കിറങ്ങി. തെക്കനാഫ്രിക്കയില്‍ നിന്നൊളിച്ചു കടന്ന മഴമേഘങ്ങള്‍ ആ വറുതിക്കാലത്തിനു രൂക്ഷത കൂട്ടി. പകുതിയിലേറെ മസായികളും പകുതിയോളം വന്യമൃഗങ്ങളും എണ്‍പതു ശതമാനം കന്നുകാലികളും ചത്തൊടുങ്ങി. വലിയൊരു ഭൂപ്രദേശത്ത് അസൂയാവഹമായ കന്നുകാലി സമ്പത്തുമായി തങ്ങളുടെ പുഷ്‌കലകാലം ആസ്വദിക്കുമ്പോഴാണ് മസായി ഗോത്രത്തിനുമേല്‍ എമുത്തായി വന്നുവീഴുന്നത്. തകര്‍ന്നുതരിപ്പണമായിപ്പോയി വീരന്മാരുടെ വനഗോത്രം. ഒന്ന് നിവര്‍ന്നുനില്‍ക്കാനാണെങ്കില്‍പോലും മസായിക്ക് സമയവും സഹായവും വേണമായിരുന്നു. ഈ തക്കത്തിലാണ് ബ്രിട്ടീഷ്, പോര്‍ട്ട്ഗീസ് കോളനിക്കാര്‍ മസായിയുടെ ജീവിതത്തിലേക്കും മണ്ണിലേക്കും കടന്നുകയറുന്നത്. കെനിയയുടെ വടക്കനതിര്‍ത്തി മുതല്‍ ടാന്‍സാനിയയുടെ മദ്ധ്യഭാഗം വരെ പരന്നുകിടന്നിരുന്ന മസായി ലാന്‍ഡ് എന്ന ഗോത്ര സാമ്രാജ്യം അതോടെ ചുരുങ്ങിത്തുടങ്ങി. പിന്നെ കോളനികളായി, പാര്‍ക്കുകളായി,

നായാട്ടു സങ്കേതങ്ങളായി, ടൂറിസമായി. മസായി പരുങ്ങലിലായി. കന്നുകള്‍ നിങ്ങള്‍ക്കുള്ളത്, മേഞ്ഞുനടക്കാനുള്ള പുല്‍മേടുകളും നിങ്ങള്‍ക്കുള്ളത് എന്ന എങ്കായ് ദൈവവചനമല്ലാതെ ഭൂകൈവശ രേഖകളൊന്നുമില്ലായിരുന്നു മസായികളുടെ കയ്യില്‍. എങ്കായിയെ അനുസരിക്കാത്ത ഒരു കൂട്ടം ആളുകള്‍ ഒരുകാലത്ത്, കോടതി എന്ന സംവിധാനത്തില്‍ തങ്ങളോട് രേഖകള്‍ കാണിക്കൂ എന്നു പറയുമെന്ന് ആ നിഷ്‌കളങ്കര്‍ക്ക് അറിയില്ലായിരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ മസായികളെ അവഗണിക്കുന്നതിനെക്കുറിച്ച്, അവരുടെ പരമ്പരാഗത മേച്ചില്‍ ദേശങ്ങള്‍ അകത്തും പുറത്തുമുള്ള കുത്തകകള്‍ക്കു പതിച്ചു നല്‍കുന്നതിനെക്കുറിച്ച്, സാമൂഹ്യജീവിതത്തില്‍നിന്നും മസായി ദേശത്തുനിന്നും അരികുകളിലേക്ക് അവള്‍ തള്ളപ്പെടുന്നതിനെക്കുറിച്ച് നോയ്ല്‍ എന്ന ഗൈഡ് ഒന്നും പറഞ്ഞില്ല. ഒന്നും പറയില്ല. മസായികളുടെ സങ്കടങ്ങളെക്കുറിച്ചോ സംഘര്‍ഷങ്ങളെക്കുറിച്ചോ ചോദിച്ചാല്‍, എയ് അങ്ങനെയൊന്നുമില്ലെന്ന് ആണയിടും. എത്ര കുത്തിക്കുത്തി ചോദിച്ചാലും ഡ്രൈവര്‍ റഷീദും ടൂര്‍ ഓപറേറ്റര്‍ രജബുവും ഒന്നും പറയില്ല. ടൂറിസത്തിന്റെ അന്നം അകത്താക്കുന്നവരൊന്നും പറയില്ല. അതൊക്കെ അറിയണമെങ്കില്‍ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും IWGIA പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുടേയും വെബ്‌സൈറ്റ് തപ്പണം. അവരുടെ ലീഫ്ലെറ്റുകള്‍ വായിക്കണം.

ദുബായ് രാജകുടുംബത്തിന്റെ കീഴിലുള്ള ഓര്‍ട്ടെല്ലോ ബിസിനസ്സ് കോര്‍പ്പറേഷനാണ് മസായി ഭൂമി വെട്ടിപ്പിടിച്ചെടുത്തവരില്‍ മുന്തിയ വില്ലന്‍. ലോളിയോണ്ടയില്‍ ആയിരത്തഞ്ഞൂറേക്കറില്‍ ഒരു എമിറേറ്റ്സ് തന്നെ കെട്ടിപ്പടുത്തു അവര്‍. രാജകുടുംബാംഗങ്ങളും അവരുടെ സുഹൃത്തുക്കളും അവിടെ തമ്പടിച്ച് മൃഗയാവിനോദത്തിലേര്‍പ്പെട്ടു. അവര്‍ക്കു വന്നിറങ്ങാന്‍ എയര്‍സ്ട്രിപ്പും താമസിക്കാന്‍ സപ്തനക്ഷത്ര സൗകര്യങ്ങളും തയ്യാറായി. സമീപ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ടൂറിസ്റ്റുകള്‍ തങ്ങളുടെ മൊബൈല്‍

ടോർട്ടിലിസ് ക്യാമ്പിൽ
ടോർട്ടിലിസ് ക്യാമ്പിൽ

ഫോണുകളില്‍ ഇത്തിസലാത്തിന്റെ സിഗ്‌നല്‍ കണ്ട് അന്തിച്ചു. നായാട്ടു ചുങ്കവും മറ്റു കൂലികളും പിരിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും മുതലീശ്വരന്മാരായി. ഷെയ്ക്കുമാര്‍, സുരക്ഷിത സ്ഥാനങ്ങളിരുന്നു സിംഹത്തേയും മറ്റു വന്യമൃഗങ്ങളേയും വെടിവെച്ചിട്ട് വീരസ്യം കാട്ടി. പതിനായിരക്കണക്കിന് മസായികള്‍ വീടുകളും അവരുടെ കന്നുകാലികള്‍ മേച്ചിലിടങ്ങളും നഷ്ടപ്പെട്ട് കഷ്ടത്തിലായി. മസായികളും ഓര്‍ട്ടെല്ലോയുടെ ഗുണ്ടകളും പലതവണ ഏറ്റുമുട്ടി. രണ്ടായിരത്തി ഒന്‍പതിലെ വരള്‍ച്ചാക്കാലത്ത്, OBC ക്യാമ്പിലെ ജലസ്രോതസ്സുകള്‍ മസായിയില്‍നിന്നും അവന്റെ കന്നുകളില്‍നിന്നും സംരക്ഷിക്കാന്‍ ടാന്‍സാനിയന്‍ പൊലീസ് കാവല്‍ നിന്നു. കുടിനീരിനായലഞ്ഞ് മനുഷ്യരും മൃഗങ്ങളും മരിച്ചുവീണു. ഗതികെട്ട് ക്യാമ്പിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചവര്‍ വെടിയേറ്റും വീണു. അങ്ങനെ സര്‍ക്കാര്‍ സംവിധാനങ്ങളും അറബികള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ തോല്‍ക്കുന്നത് മസായികളായി.

തദ്ദേശീയ പരമ്പരാഗത ജനതയുടെ (indigenous people) സംരക്ഷണം ഉറപ്പുവരുത്തുന്ന, യുണൈറ്റഡ് നേഷന്‍സ് വിളംബരത്തിലെ ഒരൊപ്പ് ടാന്‍സാനിയയുടേതാണ്. (The United Nations Declaration on the Rights of Indigenous Peoples UNDRIP 2007) എന്നാല്‍ നൂറ്റിമുപ്പതോളം പ്രാചീന ഗോത്രങ്ങളുള്ള ടാന്‍സാനിയയില്‍ അങ്ങനെയൊരു ജനവിഭാഗം തന്നെയില്ലെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. സര്‍ക്കാര്‍ കണക്കെടുപ്പുകളിലൊന്നും അഞ്ചു ലക്ഷത്തോളം വരുന്ന മസായികള്‍ എണ്ണപ്പെടുന്നില്ല. പിന്നെന്ത് സംരക്ഷണം? ആര്‍ക്ക് സംരക്ഷണം?

1993-ല്‍ തുടങ്ങിയ ഈ നായാട്ടു സാമ്രാജ്യം വിപുലപ്പെടുത്താന്‍ രണ്ടായിരത്തിപ്പതിനേഴില്‍ ശ്രമം തുടങ്ങി. നായാട്ടുകാരുടെ സൗകര്യത്തിലേക്ക് ഒരു വൈല്‍ഡ് ലൈഫ് കോറിഡോര്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. മസായികളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും സമരപരമ്പരകള്‍ക്ക് അതു തുടക്കമിട്ടു. കുത്തിയിരിപ്പു സമരങ്ങളും കൂറ്റന്‍ മാര്‍ച്ചുകളും നടന്നു. സെരങ്കട്ടിയില്‍നിന്നും ഗ്രേറ്റ് മൈഗ്രേഷനിലെ മൃഗങ്ങളെപ്പോലെ അരുഷയിലെ 'സര്‍ക്കാര്‍ വനങ്ങളിലേക്ക്' നീതിയുടെ പച്ചപ്പുല്ല് തേടി അവര്‍ നടന്നു. IWGIA (International Work Group for Indigenous Affairs) പോലെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രശ്‌നത്തിലിടപെട്ടു. മുഖ്യധാര-സമൂഹമാധ്യമങ്ങള്‍ മസായി പ്രതിഷേധത്തിന്റെ ശബ്ദവര്‍ദ്ധിനികളായി. ഭീമ ഹര്‍ജ്ജികളും ലോകമെമ്പാടുനിന്നും പ്രതിഷേധങ്ങളുമായി ടാന്‍സാനിയന്‍ സര്‍ക്കാര്‍ വലഞ്ഞു. അവസാനം പ്രസിഡന്റ് മാഗുഫുളിക്ക് ഇടപെടേണ്ടിവന്നു. കോറിഡോര്‍ പ്രൊജക്ട് റദ്ദാക്കി. ഒര്‍ട്ടെല്ലോ കമ്പനിക്കുള്ള ലൈസന്‍സ് പുതുക്കുന്നതല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമരാവേശ ഭരിതരായിരുന്ന മസായികള്‍ക്ക് അതു സാന്ത്വനമായില്ല. ഉവ്വുവ്വ്, ഇതൊക്കെ കുറെ കണ്ടിരിക്കുന്നു എന്നായി അവര്‍. ടൂറിസത്തിന്റെ പണക്കിലുക്കത്തേക്കാള്‍ ഒച്ചയൊന്നുമില്ല അവരുടെ കൂട്ടക്കരച്ചിലിനെന്ന് അവര്‍ക്കറിയാം. ലോകത്തെവിടെയും അവഗണിക്കപ്പെടുന്ന ജനതയ്ക്ക് സര്‍ക്കാരിലുള്ള വിശ്വാസം ഇങ്ങനെയൊക്കെയാണ്. പുതിയ ടൂറിസം മന്ത്രിയിലും അരുഷക്കോടതിയില്‍ മസായികളുടെ ഭൂസ്വത്തുടമസ്ഥതയ്ക്കായി നടക്കുന്ന വ്യവഹാരത്തിലും പ്രതീക്ഷയര്‍പ്പിക്കുകയാണ് ഈ വീരഗോത്രം.

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''
''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

മസായികളുടേയും അവരുടെ നാല്‍ക്കാലികളുടേയും മറ്റൊരു വര്‍ഗ്ഗശത്രുവാണ് തോംസണ്‍ സഫാരി എന്ന അമേരിക്കന്‍ കമ്പനി. പന്ത്രണ്ടായിരത്തില്‍പ്പരം ഏക്കറുകളാണ് ഇവര്‍ തട്ടിച്ചെടുത്തത്. ഇവര്‍ക്കെതിരെയും സ്ഥിരമായി തള്ളപ്പെടുന്ന കോടതിക്കേസുകളായും സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ പോലുള്ള അന്താരാഷ്ട ആക്ടിവിസ്റ്റ് സംഘങ്ങളുടെ മുറവിളിയാലും മസായി പ്രതിഷേധം പുകയുന്നുണ്ട്. രസകരമായ വസ്തുത, പ്രാകൃതരെന്നു കരുതപ്പെടുന്ന ഈ ആഫ്രിക്കന്‍ ഗോത്രജനതയുടെ സമരങ്ങളെല്ലാം മുന്നേറിയിട്ടുള്ളത് പരിഷ്‌കൃത സമൂഹത്തിന്റെ ഇടങ്ങളായ സോഷ്യല്‍ മീഡിയകളിലാണ്. avaaz.org-ലാണ് ഓണ്‍ലൈന്‍ പെറ്റീഷനുകളിലേക്കു ലക്ഷക്കണക്കിന് ഒപ്പുകള്‍ സംഭരിച്ചത്.

പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു, കാണിക്കാനുള്ളതെല്ലാം കാണിച്ചു എന്ന മട്ടില്‍ ഗൈഡന്‍ നോയ്ല്‍ ബോമക്ക് പുറത്തേയ്ക്ക് നടക്കുകയാണ്. അമ്മയും മിനിയും ബോമയ്ക്കു പുറത്തെത്തിക്കഴിഞ്ഞു. പുതിയൊരു സംഘം സഫാരിക്കാരുമായി ചങ്ങാത്തത്തിലാവുകയാണവര്‍. 'പുരുഷനിര്‍മ്മിത' എങ്കാങ്ങിനടുത്തുള്ള നോയ്ലിന്റെ എന്‍കാജിയില്‍നിന്ന് ഒരു പെണ്‍കുട്ടി പൊടിപ്പുഞ്ചിരിയുമായി ഇറങ്ങിവന്നു. പാതിപോലും വിടരാത്ത പുഞ്ചിരിയിലും അവള്‍ സുന്ദരിയും മോഹിനിയും ആയിരുന്നു. തുറന്നങ്ങു ചിരിക്ക് പെണ്ണേ എന്നു കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നുണ്ട്. നുണക്കുഴികളെ വെളിപ്പെടുത്തുന്നൊരു പുഞ്ചിരിയില്‍ അവളുടെ സൗന്ദര്യം ജ്വലിക്കുന്നതു കാണാന്‍ അവളോടൊപ്പം നടന്നുതുടങ്ങിയ എന്റെ കണ്ണുകളെ നോയ്ല്‍ തിരിച്ചുവിളിച്ചു.

ഭാര്യയാണ്. അവളും പിന്നെയവളും എന്നു പാടി നോയ്ല്‍ ചൂണ്ടിയ ആദ്യത്തെ സുന്ദരിയായിരുന്നു അത്. അമ്പട കള്ളാ.

എത്ര ഭാര്യമാരുണ്ടെന്നായി ഞാന്‍. ആദ്യത്തെ ഭാര്യയാണ്. ഞാന്‍ വളരെ ചെറുപ്പമാണ്. അതിനൊക്കെ ഇനിയും സമയം കിടക്കുന്നുവെന്ന മട്ടില്‍ നോയ്ല്‍.

ഉച്ചയോടടുത്തെങ്കിലും സാവന്നയിലെ കാറ്റില്‍ കുറച്ചു തണുപ്പ് കലരുന്നുണ്ട്. നീലാകാശത്ത് തുള്ളിച്ചാടിക്കൊണ്ടിരുന്ന മേഘങ്ങള്‍ വെയില്‍ പുതച്ച് ഉച്ചമയക്കത്തില്‍ നിശ്ചലരായി. അഡുമക്കാര്‍ ചാട്ടം നിര്‍ത്തി, അടുത്ത കൂട്ടം സന്ദര്‍ശകരെ കാത്തു വിശ്രമിക്കുന്നു. ഇരുപതോളം കന്നുകള്‍ ബോമയ്ക്കപ്പുറം ദൂരെയുള്ള മേച്ചില്‍പ്പുറങ്ങളിലേക്കു നീങ്ങുന്നുണ്ട്. റഷീദ്, ലാന്‍ഡ് ക്രൂയിസര്‍ കുതിരയെ അക്കേഷ്യ ചുവട്ടില്‍നിന്ന് അഴിച്ചുകൊണ്ടുവന്നു. വിടപറഞ്ഞിറങ്ങുമ്പോള്‍ തോളത്ത് കയ്യിട്ട് അമ്മ നോയ്ലിനൊപ്പം പടമെടുത്തു. എന്നിട്ട് പ്രിയപ്പെട്ട അടുപ്പക്കാരനോടെന്നപോലെ അമ്മ ചോദിച്ചു: ''ഞങ്ങള്‍, സഫാരിക്കാരിങ്ങനെ വരുന്നത് നിങ്ങള്‍ക്കു ബുദ്ധിമുട്ടല്ലേ?''

ഒരു കൂട്ടരുടെ ദാരിദ്ര്യവും മെച്ചമല്ലാത്ത ജീവിതവും കാഴ്ചവസ്തുവാക്കുന്നതിലെ അപമാനം അമ്മയെപ്പോലെ ഞങ്ങളേയും ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. നോയ്ല്‍ ഒന്നും പറഞ്ഞില്ല.

വിൽഡ് ബീസ്റ്റ്
വിൽഡ് ബീസ്റ്റ്

സ്വതവേ പ്രസന്നമല്ലാത്ത മുഖത്തു നിന്ന്, നോയ്ല്‍ മെനക്കെട്ടു പിടിച്ചുവെച്ചിരുന്ന വെളിച്ചവും കെട്ടുപോയി. ഗൈഡിന്റെ മേലാട ഊരിയെറിഞ്ഞ് അയാള്‍ സാദാ മസായിയായി. പിന്നെ അമ്മയുടെ കൈപിടിച്ച് 'മാ'യില്‍ നന്ദി പറഞ്ഞു പുതിയ കൂട്ടം സന്ദര്‍ശകരുമായി ബോമയിലേക്ക്.

റഷീദ് അമ്മയെ സഫാരി വണ്ടിയുടെ ഉയരമുള്ള സീറ്റിലേക്കു താങ്ങിക്കയറ്റുന്നു. ഹക്കുണ മത്താത്ത പാടാന്‍ മറന്ന റഷീദിനെ അമ്മ ഓര്‍മ്മപ്പെടുത്തുന്നു. എന്താ റഷീദേ, ഹക്കുണപ്പാട്ടില്ലേ. റഷീദ് പാട്ട് തുടങ്ങി - സൂപ്പര്‍ മാമ, ഹക്കുണ മത്താത്ത.

ബോമയില്‍, പുതിയ സന്ദര്‍ശകര്‍ക്കു മുന്‍പില്‍ നോയ്ല്‍ വീണ്ടും ഗൈഡായി. അയാള്‍ ഇങ്ങനെ പറയുന്നുണ്ടാകണം - ഞങ്ങള്‍ നോമാഡിക്കുകളാണ്. ഞങ്ങളുടെ നാല്‍ക്കാലികളുമായി പുല്‍മേടുകള്‍ തേടിയലയുന്നവര്‍.

ഇനിയെത്ര കാലം ഇവര്‍ക്ക് ഈ ജീവിതശൈലി തുടരാനാവും? മസായികള്‍ക്ക് അലയാനും അവരുടെ കന്നുകാലികള്‍ക്കു മേയാനും എങ്കായ് ദൈവം നല്‍കിയ പുല്‍മേടുകളും മലമടക്കുകളും കാട്ടകങ്ങളും ടൂറിസ്റ്റുകള്‍ക്കും ലോഡ്ജുകള്‍ക്കും മൃഗങ്ങള്‍ക്കും സംവരണം ചെയ്യപ്പെടുകയാണ്. മസായിയുടെ കുടിലുകള്‍ കത്തിയമരുകയാണ്. ലോളിയോണ്ടോയില്‍ അധികാരികളുടെ മുഷ്‌ക്കില്‍ മസായികളും അവരുടെ വളര്‍ത്തുമൃഗങ്ങളും ആട്ടിയോടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അത് ഗോരംഗോറയിലും സെരങ്കട്ടിയിലും സംഭവിക്കാം. പുതിയ റിസര്‍വ്വ്ഡ് വനങ്ങളില്‍ പുതുരാജാക്കന്മാര്‍ വേട്ടക്കിറങ്ങാം.

വെടിയേറ്റ് വീഴുന്ന മൃഗങ്ങളേക്കാള്‍ ഞങ്ങളെ വേദനിപ്പിച്ചത്, മനുഷ്യപക്ഷത്തേയ്ക്ക് ചായുന്ന സ്വാര്‍ത്ഥതകൊണ്ടാകാം, മേച്ചിലിടങ്ങള്‍ നഷ്ടപ്പെടുന്ന മസായിക്കൂട്ടമാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന തനത് സംസ്‌കാരത്തിന്റെ നിസ്സഹായതയും നിലവിളിയുമുണ്ട് ആ പലായനങ്ങളില്‍. മസായികളും മൃഗങ്ങളും വഞ്ചിക്കപ്പെടുകയാണ്. രണ്ടു കൂട്ടരും വേട്ടയാടപ്പെടുകയാണ്.

മസായികള്‍ ഇന്നു പൊരുതുന്നത് ഭരണകൂടത്തോടാണ്. സെരങ്കട്ടിയിലും ഗോരംഗോരോയിലും കാലിമേച്ച് കഴിഞ്ഞിരുന്ന കാലത്ത് വല്ലപ്പോഴുമാണ് മസായികളും മൃഗങ്ങളും ഇടയുന്നത്. ഇന്നു മൃഗങ്ങളേക്കാള്‍ മൃഗീയമായി അധികാരികള്‍ അടിച്ചമര്‍ത്തുമ്പോള്‍ പഴയ കുന്തവും അമ്പും വില്ലും കഠാരയും കാലിച്ചോര കുടിച്ച കരുത്തും അവര്‍ക്കു പോരാതെ വരുന്നു. മസായി ദേശത്തിന്റെ ഹൃദയമാണ് ലോളിയോണ്ടോ. അവിടെയാണ് ഭരണകൂടം വെടിവെയ്ക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ചോരയൊഴുകുന്നത്.

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''
'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''
സെരങ്കട്ടിയിലേക്കുള്ള കവാടം
സെരങ്കട്ടിയിലേക്കുള്ള കവാടം

റഷീദ് വണ്ടിയെടുത്തു. ഞങ്ങള്‍ നോയ്ലിനേയും ബോമയേയും മസായിക്കൂട്ടുകാരേയും അവരുടെ അനിശ്ചിത ഭാവിയേയും ഖേദപൂര്‍വ്വം കയ്യൊഴിഞ്ഞ് കാടിന്റെ കാഴ്ചകളിലേക്ക് യാത്ര തുടര്‍ന്നു.

ഗോരംഗോരോ ക്രേറ്റര്‍ വിട്ടപ്പോഴേ റഷീദ് മസായിപ്പുരാണം പാടിത്തുടങ്ങിയിരുന്നു. മസായിപ്പുരയില്‍നിന്നു യാത്ര തുടങ്ങിയപ്പോള്‍ സംസാരം മുഴുവന്‍ സര്‍ക്കാരിന്റെ ദയാവായ്പിനെക്കുറിച്ചും സര്‍ക്കാരിന്റേയും ടൂറിസത്തിന്റേയും പിന്തുണയില്‍ മസായികളുടെ ജീവിതം സുന്ദരസുരഭിലമാവുന്നതിനെക്കുറിച്ചും ആയിരുന്നു. ഗൈഡെന്ന നിലയില്‍ അത് അയാളുടെ ഡ്യൂട്ടി ആയിരിക്കാം. റഷീദിന്റെ പരിതാപകരമായ ഇംഗ്ലീഷിനോട് ഞങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. You come car, I come leg (നീ കാറില്‍ വരുന്നു. ഞാന്‍ നടന്നുവരുന്നു) എന്ന മട്ടിലുള്ള മസ്രി (ഈജിപ്ഷ്യന്‍) ഇംഗ്ലീഷുമായുള്ള 15 വര്‍ഷത്തെ സഹവാസത്തിനു നന്ദി. ഓഫ് സീസണില്‍ ലക്ഷ്വറി താമസസൗകര്യങ്ങളോടെയുള്ള സഫാരി ഏറ്റവും കുറഞ്ഞ നിരക്കില്‍ കിട്ടുമ്പോള്‍ ഡ്രൈവര്‍ കം ഗൈഡ് ഇത്തരം ഇംഗ്ലീഷ് പറയും. റഷീദ് ആ കുറവ് നികത്തിയത് അമ്മയോടുള്ള കരുതലും ഞങ്ങളെ കുടുംബാംഗങ്ങളെപ്പോലെ കരുതിയും കൊണ്ടാണ്. കാടിനെക്കുറിച്ചും മസായികളടക്കമുള്ള വനഗോത്രങ്ങളെക്കുറിച്ചും കാട്ടുമൃഗങ്ങളുടെ രീതികളെക്കുറിച്ചും നല്ല വിവരവുമുണ്ട് റഷീദിന്. ഞങ്ങളുടെ ബൈനോക്കുലര്‍ കാഴ്ചയേയും വെട്ടിച്ച് റഷീദ് ദൂരങ്ങളില്‍നിന്നു മൃഗങ്ങളെ പിടിച്ചുതന്നു.

പുറത്തെ കാഴ്ചകള്‍ ആവര്‍ത്തനങ്ങളായിരിക്കുന്നു. പച്ചതിന്നു പള്ളവീര്‍ത്ത കുന്നുകള്‍. മറുവശത്ത് താഴ്വാരത്തിന്റെ പച്ചപ്പരപ്പ്. അവിടെ തത്തി നടക്കുന്ന ഒട്ടകപക്ഷികള്‍. ഇടയ്ക്കിടെ വന്നു പെടുന്ന ചെറുമാന്‍ കൂട്ടങ്ങള്‍. കുന്നുകളുടെ അതിരുകളില്‍ തലക്കൊടികളുയര്‍ത്തി നീങ്ങുന്ന ജിറാഫുകള്‍. ഇടയിലുടെ ഞരുങ്ങി വളഞ്ഞുപുളഞ്ഞിഴയുന്ന പാതപ്പാമ്പുകള്‍. സഫാരി വാഹനങ്ങളുടെ ഇരമ്പം. പാറിയുയരുന്ന പൊടിപടലം. റഷീദിന്റെ മസായിക്കഥകള്‍, കാടനുഭവങ്ങള്‍. ആവര്‍ത്തനങ്ങളൊന്നും വിരസങ്ങളാവുന്നില്ല. സെരങ്കട്ടിയിലേക്കു കടന്നാലേ കാര്യമായ മൃഗസാന്നിധ്യമുണ്ടാവൂ എന്ന് റഷീദ് മുന്നറിയിപ്പ് തന്നിട്ടും എല്ലാവരും ആകാംക്ഷയിലാണ്. തീര്‍ന്നുപോകാത്ത ഈ പ്രതീക്ഷകളാണ് ആഫ്രിക്കന്‍ സഫാരിക്ക് മാറ്റ് കൂട്ടുന്നത്.

മസായി ഗ്രാമത്തില്‍നിന്നു മടങ്ങുമ്പോള്‍ ഭൂമിയിലെ പച്ചവിരിപ്പില്‍ മേഘങ്ങള്‍ കൂടുതല്‍ നിഴല്‍ വീഴ്ത്തിയിരുന്നു. നിഴലുകള്‍ മണ്ണിലും നോയല്‍ മനസ്സിലും കനത്തുകിടന്നു. അതൊന്നും ഗൗനിക്കാതെ കൂടുതല്‍ ഒട്ടകപക്ഷികള്‍ നസീര്‍ - ഷീല കളിച്ച് പുല്‍പ്പരപ്പില്‍ ചുറ്റിയടിക്കുന്നു.

അതില്‍ മിക്കവരും ഇണകളാണ് - റഷീദ് പറഞ്ഞുതരുന്നു. തന്റെ പരിമിതമായ ഇംഗ്ലീഷില്‍ husbands and wives എന്നാണ് റഷീദ് പറഞ്ഞത്. Why only husbands and wives. Dont they have lovers in that group. അമ്മു ചോദിക്കുന്നു. ഞങ്ങള്‍ ചിരിച്ചു. എങ്കിലും ദാര്‍ശനികം തന്നെയായിരുന്നു ആ സംശയം. മൃഗങ്ങള്‍ക്കിടയില്‍, പക്ഷികള്‍ക്കിടയില്‍, ചെറു പ്രാണികള്‍ക്കിടയില്‍ കമിതാക്കളുണ്ടാകുമോ? പരസ്പരം പ്രാണനേക്കാള്‍ സ്‌നേഹിക്കുന്നവര്‍, വഞ്ചിക്കുന്നവര്‍, പീഡകര്‍ - അങ്ങനെയൊക്കെ ഉണ്ടാകുമോ?

മസായി ഗ്രാമത്തില്‍നിന്നു മടങ്ങുമ്പോള്‍ ഭൂമിയിലെ പച്ചവിരിപ്പില്‍ മേഘങ്ങള്‍ കൂടുതല്‍ നിഴല്‍ വീഴ്ത്തിയിരുന്നു. നിഴലുകള്‍ മണ്ണിലും നോയല്‍ മനസ്സിലും കനത്തുകിടന്നു. അതൊന്നും ഗൗനിക്കാതെ കൂടുതല്‍ ഒട്ടകപക്ഷികള്‍ നസീര്‍ - ഷീല കളിച്ച് പുല്‍പ്പരപ്പില്‍ ചുറ്റിയടിക്കുന്നു.

അമ്മുവിന്റെ ചോദ്യത്തിന്റെ നര്‍മ്മവും മര്‍മ്മവും പിടികിട്ടാതെ റഷീദ് ക്ലാസ്സ് തുടര്‍ന്നു. കറുത്ത തൂവലുകളുള്ളത് ആണും തവിട്ടുതൂവലുകളുള്ളത് പെണ്ണുമാണ്. അവള്‍ക്കു വലുപ്പം കുറവുമായിരിക്കും. ഒന്നര മുതല്‍ രണ്ടര മീറ്ററോളമാണ് ഇവരുടെ പൊക്കം. ദൂരെയായതുകൊണ്ട് അത് ഞങ്ങള്‍ക്കു ബോധ്യപ്പെടുന്നില്ലെന്നേയുള്ളൂ. പിന്നീട് ഉയരത്തിന്റെ ഹുങ്കുമായി രണ്ടുപേര്‍ അടുത്തേയ്ക്ക് തത്തിത്തത്തിയെത്തുകയും സഫാരി വണ്ടിയേക്കാള്‍ തലപൊക്കിപ്പിടിച്ച് പൊക്കം ബോധ്യപ്പെടുത്തുകയും ചെയ്തു. ഏറ്റവും പൊക്കമുള്ള ഒട്ടകപക്ഷികളാണ് ടാന്‍സാനിയയിലേത്. അതുകൊണ്ടിവര്‍ മസായി ഓസ്ട്രിച്ച് എന്നറിയപ്പെടുന്നു.

മസായികളെപ്പോലെ ഈ ഒട്ടകപ്പക്ഷികളും ബഹുഭാര്യാവിരുതന്മാരാണ്. ഒന്നാം കെട്ടായിരിക്കും കൂട്ടത്തില്‍ റാണി. മിക്കവാറും എല്ലാ ഭാര്യമാരെക്കൊണ്ടും ഒരുമിച്ച് മുട്ടയിടീക്കും ആണ്‍പക്ഷി. അതിന്റെ കസര്‍ത്തൊക്കെ അവനറിയാം. ഓരോ പെണ്ണിനും അവളിട്ട മുട്ടകള്‍ കൃത്യമായറിയാം. റാണിപ്പെണ്ണ് തന്റെ മുട്ടകള്‍ നടുവിലേക്കു തള്ളിവെയ്ക്കും. അതവളുടെ അവകാശമാണ്. അടയിരിക്കുമ്പോള്‍ ഏറ്റവും ചൂടു തട്ടുക ഈ മുട്ടകള്‍ക്കായിരിക്കും. ബാബൂണോ പാമ്പോ തട്ടിയെടുക്കുമ്പോഴും നഷ്ടമാവുന്നത് അരികുമുട്ടകളായിരിക്കും. പകല്‍സമയങ്ങളില്‍ പെണ്ണും രാത്രിയില്‍ ആണുമാണ് മുട്ടകള്‍ക്ക് അടയിരിക്കുക. രാത്രിയിലെ ഇരുട്ടിനോട് ചേരുന്ന കറുത്ത തൂവല്‍ ആണിനും മണ്ണിന്റെ തവിട്ടുനിറത്തില്‍ പെണ്ണിനും തൂവല്‍ നല്‍കിയ അള്ളാവിന്റെ ഹിക്ക്മത്ത് കണ്ടോ എന്ന് റഷീദ്.

ഒട്ടകപക്ഷികള്‍ പിന്നെയും പിന്നെയും കൂട്ടത്തില്‍ ചേര്‍ന്നുകൊണ്ടിരുന്നു. പുല്‍പ്പരപ്പിന്റെ പച്ച മടക്കുകളില്‍നിന്ന്, പുതുമഴയില്‍ ഇയ്യാംപാറ്റകളെന്നപോലെ അവര്‍ പൊന്തിവരുന്നു. ചിലര്‍ നീളന്‍ തൊണ്ടകളില്‍ വായു നിറച്ച് വിചിത്ര ശബ്ദങ്ങളുണ്ടാക്കുന്നു. നമ്മുടെ നാദസ്വരക്കാരന്റെ മട്ടൊക്കെയാണ്. പക്ഷേ, സിംഫണി കഠോരവും അരോചകവുമാണ്. പിന്നെ ആടിയും ചിറകുകള്‍ വിടര്‍ത്തി തത്തിത്തത്തി നടന്നും ഇണകളായി പിരിഞ്ഞു കൂട്ടം വിട്ട് ഓടിയും അവരങ്ങനെ ഞങ്ങളുടെ സഫാരി കൊഴുപ്പിക്കുകയാണ്.

സെരങ്കട്ടിയോട് അടുക്കുന്തോറും പ്രകൃതിയുടെ രംഗസജ്ജീകരണങ്ങളില്‍നിന്നു കുന്നുകളും താഴ്വാരങ്ങളും ഒഴിവാകുന്നു. പ്രകൃതി, സാവന്ന തുന്നിയ ആടകള്‍ ഉടുത്തു തുടങ്ങുന്നു. പരന്നുതീരാത്ത പുല്‍മൈതാനം, കുറ്റിക്കാടുകള്‍, പാറക്കെട്ടുകള്‍, ചെറുമരങ്ങള്‍, അവിടവിട സോസേജ് ട്രീ പോലെയുള്ള വലിയ മരങ്ങള്‍. പിന്നെ മൃഗങ്ങളുടെ, പക്ഷികളുടെ കോക്ക്ടെയില്‍. അങ്ങനെയൊക്കെയാണ് ആ ഉടയാടയിലെ ചിത്രപ്പണികള്‍.

കോപ്‌ജെ, സെരങ്കട്ടിയിലെ പാറക്കെട്ടുകള്‍
കോപ്‌ജെ, സെരങ്കട്ടിയിലെ പാറക്കെട്ടുകള്‍

സെരങ്കട്ടി-ഗോരംഗോരോ പ്രദേശങ്ങളെ വേര്‍തിരിക്കുന്ന ഒരു കമാനമുണ്ട്. വെല്‍ക്കം ടു സെരങ്കട്ടി. ഇവിടെ ചെക്ക്പോസ്റ്റോ ഓഫീസുകളോ ഇല്ല. കാഴ്ചയുടെ അതിരുകളെ കടന്നു പോവുന്ന ഭൂമിയില്‍ അതൊരു സാംഗത്യമില്ലാത്ത അടയാളമായി. 30000 സ്‌ക്വയര്‍ കിലോമീറ്ററാണ് സെരങ്കട്ടിയുടെ വലുപ്പം, റഷീദ് ഗൈഡാവുന്നു. അത് അളവുകളുടെ തിമിരക്കാഴ്ചയാണ്. അനുഭവത്തില്‍ ഇത് അതിരുകളെ കബളിപ്പിക്കുന്ന കാഴ്ചയുടെ വിജയമാണ്. തീരത്തുനിന്നു കടലിനു മുകളിലൂടെ ഭൂമിയുടെ അറ്റം കാണുന്നതുപോലെ.

പരന്നുപരന്ന് തീരാതെ കിടന്ന സാവന്നപ്പുല്‍മൈതാനത്തെ മസായികള്‍ സിരിന്‍ഗെട്ട് എന്നോമനിച്ചു വിളിച്ചു. അറ്റമില്ലാമേടെന്നോ അതിരുകാണാക്കരയെന്നോ മലയാളത്തിലാക്കാവുന്ന സിരിന്‍ഗെട്ടില്‍നിന്നാണ് നാഗരികച്ചുവയുള്ള സെരങ്കട്ടിയുണ്ടാവുന്നത്. കെനിയയിലെ അതിരിനപ്പുറം ഇതു മസായിമാരയാകുന്നു. അതിരുകളില്ലെന്ന് മസായികള്‍ കരുതിയ സിരിന്‍ഗെട്ടില്‍ അവര്‍ക്ക് അതിര്‍ത്തിക്കല്ലുകള്‍ നാട്ടിക്കൊടുത്തത് ബ്രിട്ടീഷ് കോളണിക്കാരാണ്.

മസായിയുടെ സിരിന്‍ഗെട്ടിനെ 'സഫാരി ജാലകത്തിലൂടെ' കണ്ടാല്‍ പോര. എല്ലാവരും പുറത്തേക്കിറങ്ങി. വെയില്‍ ഉച്ചമയക്കത്തിലാണ്. നട്ടുച്ച കഴിഞ്ഞിട്ടേയുള്ളുവെങ്കിലും സെരങ്കട്ടിക്കാറ്റില്‍ സമയം തെറ്റിയെത്തിയ തണുപ്പ് നട്ടം തിരിയുന്നുണ്ട്. വളരെ വളരെ ദൂരെ ഭൂമിയുടെ അറ്റത്ത് കൂടെ ജന്തുജാഥകള്‍ കടന്നുപോവുന്നത് അവ്യക്തമായി കാണാം. പ്രശസ്തമായ ദേശാന്തരഗമനത്തിലേക്കാവാം (great migration) മൃഗസഞ്ചയങ്ങളുടെ നടത്തം. കടല്‍ക്കരയില്‍ കരകാണാക്കടലിന്റെ മറുകരയിലേക്കു നോക്കുന്ന കുട്ടികളെപ്പോലെ ഞങ്ങളങ്ങനെ നിന്നു. കൂട്ടം കൂട്ടമായി പൊട്ടുകളായി നീങ്ങുന്ന മൃഗങ്ങളില്‍നിന്നു ചിലര്‍ കൂട്ടം വിട്ട് ഈ ഭാഗത്തേക്ക് വരുന്നുണ്ടെന്നു തോന്നുന്നു. ചില പൊട്ടുകള്‍ തലയും കൊമ്പും വരയന്‍ ശരീരവുമൊക്കെയായി മാറുന്നുണ്ട്. ചാവക്കാട് കടപ്പുറത്ത് അപ്പച്ചന്റെ കൂടെ എത്രയോ തവണ കടല്‍പ്പൊട്ടുകള്‍ വഞ്ചികളായി തീരമണയുന്നതു നോക്കിനിന്നിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പുരാതനമായ ആവാസവ്യവസ്ഥയാണ് സെരങ്കട്ടി. ദശലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കം. സസ്യജന്തുജാലങ്ങളുടെ സമ്പന്നമായ കലവറ. കാലാകാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഇക്കോസിസ്റ്റം. മൃഗങ്ങള്‍, പറവകള്‍, ശലഭങ്ങള്‍, സസ്യങ്ങള്‍, ഇഴജന്തുക്കള്‍, കൃമികീടങ്ങള്‍, പുല്‍ത്തരങ്ങള്‍, ആകാശം, മണ്ണ്, മഴ, കാറ്റ്, കാലാവസ്ഥ എല്ലാം പഴയപോലെത്തന്നെ. കഴിഞ്ഞ 50 വര്‍ഷങ്ങളിലുണ്ടായ ചെറിയ മാറ്റങ്ങള്‍ക്കു കാരണം കോളോണിയലിസവും ടൂറിസത്തിന്റെ അതിപ്രസരവുമാണ്.

സഫാരിയിൽ മതിമറന്ന്  അമ്മു
സഫാരിയിൽ മതിമറന്ന് അമ്മു

സെരങ്കട്ടിയുടെ അപാരത അമ്മുവിനെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. സെല്‍ഫിയുടെ തിരക്കിലാണവള്‍. കാടെന്നു പറയാന്‍ മരങ്ങളോ മൃഗങ്ങളോ ഈ ഭാഗത്തില്ല. എന്നിട്ടും വൈല്‍ഡ് ലൈഫ് സഫാരിയുടെ വന്യമായ ആഹ്ലാദത്തിലേക്കു ഞങ്ങള്‍ വീഴുന്നു. തരംഗീറിയിലും വഴിക്ക് ഗോരംഗോരയിലും അന്യമായിരുന്ന നവ്യാനുഭവം.

ദൂരെനിന്ന് ഒരു സഫാരി ജീപ്പ് കേറിവരുന്നുണ്ട്. പൊടിയും പുകയും മത്സരിച്ചുയരുന്നുണ്ട്. മദ്ധ്യാഹ്ന സൂര്യന്റെ ലൈറ്റ് അറേഞ്ച്മെന്റില്‍ അതൊരു മനോഹര ചിത്രമാകുന്നു. നാഷണല്‍ ജ്യോഗ്രഫി ചാനലില്‍ എത്രയോ തവണ കണ്ടുകൊതിച്ച അതേ ചിത്രം. ക്യാമറകള്‍ തുടര്‍ച്ചയായി ചിലച്ചുതുടങ്ങി. ഇതാണ് ഇതാണ് സഫാരി... അമ്മു പറഞ്ഞു, മറ്റൊരു വാക്കും ഇതിനു ചേരില്ല. (സഫാരി എന്നത് സ്വാഹിലിയിലെ വാക്കാണ്. ഇംഗ്ലീഷിലെ journey ആയിരിക്കും അടുത്തു നില്‍ക്കുന്ന വാക്ക്).

ഇങ്ങനെ നിന്നാല്‍ ഒന്നും നടക്കില്ല. സെരംങ്കട്ടി തുടങ്ങിയിട്ടില്ല. റഷീദിന്റെ താങ്ങില്‍ വണ്ടിയിലേക്കു കയറുന്നതിനിടയില്‍ അമ്മ വിളിച്ചുപറഞ്ഞു. ഇങ്ങനെ ഇറങ്ങിത്തുടങ്ങിയാല്‍ ഞാന്‍ കുറേ ഹക്കുണ മത്താത്ത പാടേണ്ടിവരും. അത് റഷീദിന്റെ വക. അത്രയുമായപ്പോള്‍ സഫാരി സെരങ്കട്ടിയുടെ കമാനവും കടന്ന്, സെരങ്കട്ടിയന്‍ അപാരതയെ നെടുകെ പിളര്‍ത്തിക്കൊണ്ടോടിത്തുടങ്ങുകയും ചെയ്തു.

30000 സ്‌ക്വയര്‍ കിലോമീറ്റര്‍ പരന്നുകിടക്കുന്ന സെരങ്കട്ടി പ്രദേശത്തിന്റെ പകുതിയോളമാണ് ഇന്നത്തെ നാഷണല്‍ പാര്‍ക്ക്. 1913-ല്‍ ആദ്യ അമേരിക്കക്കാരന്‍ സെരങ്കട്ടിയിലെത്തുന്നു. ഒരു സ്റ്റുവര്‍ട്ട് എഡ്വാര്‍ഡ്. സെരങ്കട്ടിയില്‍ ആദ്യത്തെ വെടിപൊട്ടി. ഒരു മാസംകൊണ്ട് 50 സിംഹങ്ങളും മറ്റു മൃഗങ്ങളും ആ നായാട്ടില്‍ നാടുനീങ്ങി. പിന്നെ പലരും വന്നു, നായാട്ടു തുടര്‍ന്നു. സിംഹരാജന്മാരെ കാണാനേയില്ലെന്നായി. അന്നത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം ഇടപെട്ടു. മൂന്നര സ്‌ക്വയര്‍ കിലോമീറ്റര്‍ റിസര്‍വ്വ് വനമാക്കി. അന്നു തുടങ്ങിയ ശ്രമങ്ങളാണ് 1951-ല്‍ 15000 സ്‌ക്വയര്‍ കിലോമീറ്റര്‍ വലുപ്പത്തില്‍ സെരങ്കട്ടി നാഷണല്‍ പാര്‍ക്ക് ആയത്.

അടുത്ത പിക്നിക് സ്പോട്ടില്‍ എത്തുന്നത് വരെ ഏതാനും വില്‍ഡ് ബീസ്റ്റുകളും സീബ്രകളും മാത്രമാണ് ഞങ്ങളുടെ കാഴ്ചയിലെത്തിയത്. ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സ്ഥലങ്ങളാണ് ഈ പിക്നിക്ക് സ്പോട്ടുകള്‍. ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ടാവും. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ കാപ്പിക്കടകളും സ്‌നാക്ക് ബാറുകളുമുണ്ടാവും. നല്ല വൃത്തിയോടെ പരിപാലിക്കപ്പെടുന്നുണ്ട് ഓരോ ഭക്ഷണ-വിശ്രമകേന്ദ്രവും. കാട്ടില്‍ പലയിടങ്ങളിലായി ഇത്തരം പിക്നിക്ക് സ്പോട്ടുകളുണ്ട്.

മരാബു
മരാബു

ഭക്ഷണ സമയത്ത് ഞങ്ങളുടെ കൂട്ടിനു രണ്ട് മരാബു കൊക്കുകളുണ്ടായിരുന്നു. (Marabou storks) സബ് സഹാറന്‍ ആഫ്രിക്കയില്‍ ധാരാളമായി കാണപ്പെടുന്ന വലിയ കൊക്കുകളാണ് ഇവ. ഒരു ശരാശരി ഇന്ത്യക്കാരന്റെ നെഞ്ചോളമെത്തും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മരാബു. മുനിയെപ്പോലെ എന്നര്‍ത്ഥം വരുന്ന അറബി വാക്കില്‍നിന്നാണ് മരാബു എന്ന പേരുണ്ടായത്. തല കുനിച്ച് ഇളകാതെയുള്ള നില്‍പ്പാണത്രേ ഈ പേരിനു കാരണം. മുനിക്കൊക്കെന്നൊക്കെ പറയാമെന്നേയുള്ളു. മൊട്ടത്തലയും നീളവും വീതിയും കരുത്തുമുള്ള കൊക്കും തൂവലുകളില്ലാത്ത കഴുത്തും കഴുകനെ ഓര്‍മ്മിപ്പിക്കും. സ്വഭാവത്തിലാകട്ടെ, മുന്‍ശുണ്ഠിക്കാരനും പോക്കിരിയും ആണത്രേ. ആരും മരാബുകള്‍ക്കു ഭക്ഷണം എറിഞ്ഞുകൊടുക്കുന്നില്ല. കാട്ടില്‍ അന്നദാനം നിഷിദ്ധമാണ്. ബാക്കിയുള്ള ഭക്ഷണം നിക്ഷേപിക്കാന്‍ അടപ്പുള്ള ബിന്നുകളുണ്ട്. മരാബുകൊക്കിനു ഭക്ഷണം കൊടുത്താലുള്ള അപകടം റഷീദ് പറഞ്ഞുതന്നു. തീറ്റയെന്തെങ്കിലും കൊടുത്താല്‍ അവന്‍ കൂടുതല്‍ കൂടുതല്‍ അടുത്തേയ്ക്കു വരും. വീണ്ടും വീണ്ടും കൊടുത്തില്ലെങ്കില്‍ മൂപ്പര് കലമ്പും. റൗഡിസം പുറത്തെടുക്കും.

അശ്രദ്ധരായ യാത്രക്കാരില്‍നിന്നു തറയില്‍ വീഴുന്ന ഭക്ഷണത്തുണ്ടുകള്‍ കൊത്തിയെടുത്ത് തൃപ്തിയടയുകയാണ് കൊക്കുകള്‍. ഞങ്ങളെ ചുറ്റിപ്പറ്റി നിന്നവന്‍, ഒന്നും കിട്ടാത്തതുകൊണ്ടാവാം, കുറച്ചുകഴിഞ്ഞപ്പോള്‍ പറന്നുപോയി. ഒരു കൊച്ചു വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് പോലെയായിരുന്നു അത്. രണ്ടടി നടന്ന്, പിന്നെ നാലടി ഓടി, കറുത്ത വലിയ ചിറകുകള്‍ വിടര്‍ത്തി അവന്‍ പറന്നുതുടങ്ങുന്നത് കാണേണ്ട കാഴ്ചയാണ്. ഏറ്റവും വലിയ വിംഗ് സ്പാന്‍ ഉള്ള പക്ഷിയാണ് മരാബു സ്റ്റോര്‍ക്ക്. ഒരുപക്ഷേ, ആല്‍ബട്രോസ് മാത്രമായിരിക്കും അക്കാര്യത്തില്‍ വെല്ലുവിളി.

പ്രകൃതിയുടെ വിളികളെ ടോയ്ലറ്റുകളിലുപേക്ഷിച്ച്, മുഖമൊക്കെ കഴുകി സെരങ്കട്ടിയിലേക്കിറങ്ങാന്‍ ഞങ്ങള്‍ തയ്യാറായി. ചെക്ക് പോസ്റ്റോഫീസില്‍ കടലാസ്സുകള്‍ കാട്ടി, റഷീദ് വണ്ടിയുമായി വന്നു. ഒരിക്കല്‍കൂടി റഷീദ് ഹക്കുണ മത്താത്ത പാടി, അമ്മ അകത്തായി. മരാബു കൊറ്റികള്‍ക്ക് കൂടൊരുക്കിയിരുന്ന ഏതാനും വന്‍മരങ്ങളേയും കുറ്റിക്കാടുകളേയും പിന്നിട്ട് സഫാരി സമതലത്തിന്റെ സൗന്ദര്യത്തിലേക്കിറങ്ങി.

സാവന്നയുടെ പരപ്പ് വെളിച്ചത്തേയും അമ്പരപ്പിക്കുന്നുണ്ട്. വെളിച്ചമെവിടെ, നിഴലെവിടേക്ക് എന്നൊന്നും തിട്ടമില്ലാതെ സൂര്യന്‍ വലയുന്നുണ്ട്. ദിഗ്ഭ്രമം ബാധിച്ച കാറ്റ് തേരാപാരാ വീശുന്നുണ്ട്. അകന്നുകഴിയുന്ന മരങ്ങളും അടിക്കാടില്‍ പച്ചവിരിക്കുന്ന കുറ്റിച്ചെടികളും പുല്‍ത്തരങ്ങളും സാവന്നയുടെ പ്രത്യേകതയാണ്. മരങ്ങള്‍ കെട്ടിപ്പിടിച്ചും ശാഖകള്‍ പരസ്പരം തേടിച്ചെന്നും ഇലകള്‍ നിരന്നു പുണര്‍ന്നും സൂര്യവെളിച്ചത്തെ തുരത്തുന്ന നമ്മുടെ മഴക്കാടുകളുടെ ശീലമില്ല സാവന്നയ്ക്ക്. വെളിച്ചമങ്ങനെ നിറഞ്ഞുതുളുമ്പിത്തൂവുകയാണ്. കാറ്റിലുലഞ്ഞാടുന്ന പുല്‍ത്തുമ്പുകളില്‍ തിളക്കങ്ങളായി അതു പറ്റിപ്പിടിക്കുന്നുണ്ട്. സാവന്ന പ്രസന്നവതിയും പ്രകാശപൂരിതയുമാണ്. സസ്യഭുക്കുകള്‍ക്ക് ഇഷ്ടംപോലെ തീറ്റ. മാംസഭോജികള്‍ക്കു വേട്ടയാടാന്‍ സുതാര്യമായ പുല്‍ക്കാടിന്റെ സൗകര്യം. അങ്ങനെ എല്ലാവരേയും സന്തോഷിപ്പിച്ച്, പോഷിപ്പിച്ച് സാവന്ന.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com