''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ഞങ്ങള്‍ ചെല്ലുമ്പോള്‍ സെരങ്കട്ടി മണിയറക്കുളിരിലായിരുന്നു. മൃഗങ്ങളുടെ മൈഥുന മാസങ്ങള്‍ അവസാനിക്കുകയാണ്. നോക്കെത്താ ദൂരത്തേക്ക് വിരിച്ചിട്ടിരിക്കുന്ന സാവന്നപ്പുല്‍മൈതാനം, ഡിസംബര്‍ ആരംഭത്തില്‍ കിട്ടിയ അല്പമഴയില്‍ പുതിയ പുല്‍ത്തളിരുകള്‍ നെയ്തു ചേര്‍ത്ത് ഇണകളെ ക്ഷണിക്കുന്നുണ്ട്
''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

സെരങ്കട്ടി നാഷണല്‍ പാര്‍ക്കില്‍ മൂന്നു ഭൂവിഭാഗങ്ങളാണുള്ളത്. നമ്മളിപ്പോള്‍ കടന്നുപോകുന്നത് സമതലപ്രദേശം. പടിഞ്ഞാറന്‍ ഇടനാഴി എന്നു വിളിക്കപ്പെടുന്ന, കറുത്ത കളിമണ്ണു പുതഞ്ഞ

ഗ്രുമേതി (Grumeti) നദീതടം. ഈ ഇടനാഴിയിലൂടെയാണ് ഗ്രേറ്റ് മൈഗ്രേഷന്‍ കടന്നു പോകുന്നത്. മുതലകളുടേയും ഹിപ്പോകളുടേയും സാമ്രാജ്യമാണിത്. മൂന്നാമത്തേത് വടക്കന്‍ സെരങ്കട്ടിയാണ്, സെരോനെറ മുതല്‍ കെനിയനതിര്‍ത്തിയില്‍ മാര വരെ.

അന്തമില്ലാത്ത പുല്‍പ്പരപ്പും കുറ്റിക്കാടുകളും ചെറിയ ജലാശയങ്ങളും ദൂരെനിന്ന് ആനക്കൂട്ടമെന്നു തോന്നുന്ന പാറക്കെട്ടുകളുമാണ് സമതലത്തിന്റെ സൗന്ദര്യലക്ഷണം. പുല്‍ക്കടലിലെ കറുത്ത തുരുത്തുകളായ പാറക്കെട്ടുകള്‍ക്ക് കോപ്ജെസ് (kopjes) എന്നു പേര്‍. 500 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തെക്കനാഫ്രിക്കയില്‍ വിരിക്കപ്പെട്ട കൃഷ്ണശിലകളാണ് ഇവ. പിന്നീട് അഗ്‌നിപര്‍വ്വതങ്ങളില്‍ നിന്നുള്ള ലാവയും ചാരവും മണ്ണും പുതച്ച് അവ മറഞ്ഞുനിന്നു. ഇപ്പോള്‍ മണ്ണും മൃദുശിലകളും ഇളക്കി മാറ്റി പാറക്കെട്ടുകളെ പുനരവതരിപ്പിക്കുകയാണ് കാലം. സാവന്നപ്പുല്‍മൈതാനത്തിന്, ഇടയ്ക്കിടെ പൊന്തിനില്‍ക്കുന്ന കോപ്ജെസ് പാറക്കെട്ടുകള്‍ നല്‍കുന്ന അന്തര സൗന്ദര്യം കേമം തന്നെ.

ഞങ്ങള്‍ ചെല്ലുമ്പോള്‍ സെരങ്കട്ടി മണിയറക്കുളിരിലായിരുന്നു. മൃഗങ്ങളുടെ മൈഥുന മാസങ്ങള്‍ അവസാനിക്കുകയാണ്. നോക്കെത്താ ദൂരത്തേക്ക് വിരിച്ചിട്ടിരിക്കുന്ന സാവന്നപ്പുല്‍മൈതാനം, ഡിസംബര്‍ ആരംഭത്തില്‍ കിട്ടിയ അല്പമഴയില്‍ പുതിയ പുല്‍ത്തളിരുകള്‍ നെയ്തു ചേര്‍ത്ത് ഇണകളെ ക്ഷണിക്കുന്നുണ്ട്.

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''
'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് സെരങ്കട്ടിയിലെ വേനല്‍ക്കാലം. കൊടുംവേനലിലും ചൂട് ക്രമാതീതമായി ഉയരുന്നില്ല. താപനില 25-26-ലങ്ങനെ തത്തിക്കളിക്കും. മരങ്ങള്‍ കുറവാണെങ്കിലും കാട്, കാട് തന്നെയാണ്. അതിന്റെ തണുപ്പുണ്ടാകുമല്ലോ. സമുദ്രനിരപ്പില്‍നിന്ന് 3700 മുതല്‍ 7000 അടിയിലേക്കു കയറുന്ന ഭൂസ്വഭാവമാണ് മറ്റൊരു കാരണം.

നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഓടിവന്നു പെയ്തുപോകുന്ന കള്ളന്‍ മഴയുടെ കാലമാണ്. മഴ നിന്നു പെയ്യുന്നത് മാര്‍ച്ച് മുതല്‍ മെയ് മാസം വരെയാണ്. പാതവക്കിലെ ചാലില്‍ ഒരു ചാറ്റല്‍മഴ കുടുങ്ങിക്കിടക്കുന്നുണ്ട്. സീബ്രകളും വില്‍ഡ് ബീസ്റ്റുകളും കുട്ടമായി നിന്ന് ആ മഴയെ നക്കിത്തോര്‍ത്തുന്നുണ്ട്. അവര്‍ക്കിടയില്‍ വികൃതികളായ ധാരാളം ഇളംമുറക്കാര്‍ കുത്തിമറിയുന്നുണ്ട്. കാട് പേറ്റുനോവിന്റെ പുല്‍പ്പായകള്‍ ചുരുട്ടി വെച്ചതേയുള്ളൂ. ധാരാളം മൃഗബാല്യങ്ങളെ ഞങ്ങള്‍ക്കായി കാടൊരുക്കിവെച്ചിട്ടുണ്ടെന്ന് റഷീദ് ഞങ്ങളെ സന്തോഷിപ്പിക്കുന്നു.

മുന്‍പ് കണ്ടതിനേക്കാള്‍ ധാരാളമായി ഒട്ടകപക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇണകളാ യിത്തിരിഞ്ഞങ്ങനെ അര്‍മാദിക്കുകയാണ്. ലവേഴ്സ് ഏന്‍ഡ് ലവേഴ്സ്, റഷീദ് അമ്മുവിനെ നോക്കി പൊട്ടിച്ചിരിച്ചു. അപ്പൊ ഇക്കാന് നേരത്തെ പറഞ്ഞതൊക്കെ മനസ്സിലായല്ലേ. പൊട്ടന്‍ നടിച്ച് ഇരിക്ക്യാര്‍ന്നു പഹയന്‍, എന്നായി അമ്മു. ആണ്‍പക്ഷികളില്‍ ചിലര്‍ കറുത്ത ചിറകുകള്‍ വിടര്‍ത്തി നൃത്തം ചെയ്തു കാമുകിയെ പ്രലോഭിപ്പിക്കുന്നുണ്ട്.

നിര്‍ത്ത് റഷീദേ, എന്തെങ്കിലുമൊക്കെ സംഭവിക്കും.

15 മിനിറ്റോളം കാത്തിരുന്നിട്ടും നൃത്തക്കാര്‍ക്കു മുന്‍പില്‍ ഒറ്റ പക്ഷിപ്പെണ്ണും വഴങ്ങിക്കൊടുത്തില്ല. സംഗതിയില്ലാത്ത ഉച്ചപ്പടത്തിനു കയറിയപോലെ ഞാന്‍ ഇളിഭ്യനായി. ഓക്കേ സര്‍, സെരങ്കട്ടി തുടങ്ങിയിട്ടേയുള്ളു എന്നും പറഞ്ഞ് റഷീദ് വണ്ടിയെടുത്തു.

സാവന്നയുടെ ബ്യൂട്ടി സ്പോട്ടുകളായ കൊപ്ജെസുകള്‍ കണ്ടുതുടങ്ങി. ആഫ്രിക്കയുടെ മണ്ണുമൂടിപ്പോയ പുരാതന ശിലകള്‍ പുതുകാലത്തെ നോക്കുന്നതാണ് ഈ കോപ്ജെസ് എന്നോമനിക്കപ്പെടുന്ന പാറക്കെട്ടുകള്‍. കാലങ്ങളായി അടിഞ്ഞുകൂടിയ ലാവാശേഷിപ്പുകളും മേല്‍മണ്ണും പിന്നീട് കാലം തന്നെ മാറ്റിക്കൊടുത്തതാണ്. സാവന്നയുടെ ഈ കല്‍ത്തുരുത്തുകള്‍ സെരങ്കട്ടിപ്പെണ്ണിനെ ഫോട്ടോഷൂട്ടില്‍ അതിമനോഹരിയാക്കുന്ന 'പ്രോപ്പര്‍ട്ടീസ്' ആണ്. ബാക്ക് ഡ്രോപ്പില്‍, നീലയില്‍ വെള്ളയൊഴിക്കുന്ന യുവമേഘങ്ങളും മുന്‍പില്‍ പച്ചപ്പുല്‍പ്പരപ്പും കരിങ്കല്ലിന്റെ മുഴുത്ത കറുപ്പഴകുകളും ഇടയ്ക്കിടെ തലപൊക്കുന്ന കുറ്റിമരങ്ങളും നീളമേറിയ പുല്ലുകളും എല്ലാം കൂടി ഞങ്ങളുടെ ക്യാമറകളെ ഉത്തേജിപ്പിച്ച് കഴിഞ്ഞു, പിന്നെ നിയന്ത്രണമില്ലാത്ത ക്ലിക്ക് ക്ലിക്ക് ചിലപ്പ്.

സാവന്നയുടെ മൃഗസമൃദ്ധി
സാവന്നയുടെ മൃഗസമൃദ്ധി

അപ്പു കൂടെയുണ്ടാവേണ്ടതായിരുന്നു. ചെറുപ്പം മുതലേ ലയേണ്‍ കിങ്ങിന്റെ കട്ട ഫാനാണവന്‍. ദ ലയണ്‍ കിങ്ങില്‍ അപ്പന്‍ മുസാഫയും മകന്‍ സിമ്പയും കഴിയുന്ന ഒരു പാറക്കെട്ടുണ്ട്, പ്രൈഡ് റോക്ക്. അത്തരമൊരു പാറക്കെട്ട് സിമ്പ കോപ്ജെ എന്ന പേരില്‍ സെരങ്കട്ടിയിലുണ്ട്. അതിന്റെ മുന്നിലാണോ ഞങ്ങളെന്ന് റഷീദിന് ഉറപ്പില്ല. എത്രയോ തവണ മുസാഫയും സിമ്പയും കളിച്ച് അപ്പുവിന്റെ പിച്ചവെയ്ക്കും കാലത്തെ അലര്‍ച്ചകളാല്‍ നിറച്ചിട്ടുണ്ട്! കിടക്കയില്‍ അട്ടിയിട്ടുവെച്ച തലയിണക്കൂമ്പാരമായിരുന്നു ഞങ്ങളുടെ പ്രൈഡ് റോക്ക്. ഞങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം തന്നെ ദുഷ്ടനായ 'അമ്മാവന്‍ സ്‌കര്‍' സിംഹമാക്കിയിട്ടുണ്ട് ഞങ്ങള്‍.

Hakkuna matatta

What a wonderful phrase!

Hakkuna matatta

Ain't no passing craze

It means no worries

For the rest of your days

It's our problem free philosophy

Hakkuna matatta!

അപ്പുവിന്റെ പ്രിയപ്പെട്ട വരികള്‍ ഞാന്‍ അമ്മുവിനു പാടിക്കൊടുത്തു. പിന്നെ ഞങ്ങള്‍ ടൈമണും പൂംബയും സിമ്പയുമായി മാറി കോറസായി അതു പാടി. ഹക്കുന്ന മറ്റാറ്റ, ഇറ്റ് മീന്‍സ് നോ വറീസ്. അപ്പോ ഇതാണല്ലേ റഷീദിന്റെ ഹക്കുണ മറ്റാറ്റ? എന്ന് അമ്മ.

റഷീദാകട്ടെ, ഞങ്ങള്‍ ലയണ്‍ കിങ്ങ് കാണാന്‍ കയറിയതും ഹക്കുണ മറ്റാറ്റ സംഘമായി പാടിയതും ശ്രദ്ധിച്ചിട്ടേയില്ല. മൂപ്പര്

പാറക്കെട്ടിന്റെ പല ഭാഗത്തേക്കും വണ്ടി ചേര്‍ത്തു പാറക്കെട്ടില്‍ സൂക്ഷ്മമായി നോക്കുകയാണ്. ഹൈറാക്‌സുകള്‍, പക്ഷികള്‍, ചെറു മാനുകള്‍ എന്നിവ മുതല്‍ സിംഹം, ചീറ്റപ്പുലി വരെ നാമിവിടെ കണ്ടേക്കാം. റഷീദ് തപ്പിത്തപ്പി എന്തെങ്കിലും കണ്ടെത്തുമായിരിക്കും.

മുസാഫാ എന്ന എന്റെ അലര്‍ച്ചയിലാണ് റഷീദിന്റെ അന്വേഷണം അവസാനിച്ചത്. പാറയുടെ പിളര്‍പ്പുകളില്‍നിന്നു വളര്‍ന്നുവരുന്ന കുറ്റിച്ചെടികളുടെ മറവില്‍നിന്ന് ഒത്തൊരു സിംഹരാജന്‍ രംഗപ്രവേശം ചെയ്യുന്നു. മൃഗരാജ നട. മനോജ്ഞ സട. കാട്ടിലെ രാജാവിനെ അദ്ദേഹത്തിന്റെ മടയില്‍വെച്ച് ആദ്യമായി കാണുകയാണ്. അദ്ദേഹം കോപ്ജെയുടെ ഉന്നതങ്ങളില്‍. ഞങ്ങള്‍ താഴെ. റഷീദ് വണ്ടിയൊന്നുകൂടി ചേര്‍ത്തിട്ടു. ഇവിടെനിന്നു നോക്കിയാല്‍ സിംഹദര്‍ശനം ഫുള്‍ സ്‌ക്രീന്‍ എച്ച്.ഡിയിലാണ്. ഇപ്പോഴാണ് രാജ്ഞി കൂടി കുണുങ്ങിക്കുണുങ്ങി വെളിപ്പെട്ടത്.

ഇമ്പാലക്കുഞ്ഞും കുടുംബവും
ഇമ്പാലക്കുഞ്ഞും കുടുംബവും

റഷീദിന്റെ വാക്കിടോക്കിയില്‍നിന്നുപോയ സന്ദേശം രണ്ടു സഫാരി വണ്ടികളെക്കൂടി കോപ്ജെയില്‍ എത്തിച്ചു. മനുജപ്രജകളുടെ വരവ് രാജാവിന്റെ ഗാംഭീര്യം കൂട്ടിയിട്ടുണ്ട്. മൂപ്പര് വാലൊന്നു വളച്ചുപൊക്കി നാലുപാടും വീക്ഷിക്കുകയും ഓരോ സഫാരി വണ്ടിയേയും പ്രത്യേകം ഗൗനിക്കുകയും ചെയ്തു. പിന്നെ നിലംപറ്റിക്കിടന്ന പെണ്ണിന്റെ ചുറ്റുമൊന്ന് മണപ്പിച്ചു നടന്നു. മെല്ലെ പിന്നിലൂടെ അവളുടെ മുകളിലേക്ക്. സിംഹിപ്പെണ്ണ് നിര്‍വ്വികാരയായി അവനു കീഴെ പതുങ്ങിക്കിടന്നു. സിംഹത്താന്‍ ലഘുശബ്ദത്തോടെ വായ് പിളര്‍ത്തുകയും ഇടയ്ക്കിടെ 'കളിക്കടി'കള്‍ കൊണ്ട് പെണ്ണിനെ ഉത്തേജിപ്പിക്കുകയും ചെയ്തു. പത്തോ പതിനഞ്ചോ സെക്കന്റ്, ഒരലര്‍ച്ചയോടെ അവന്‍ അവളില്‍ നിന്നെഴുന്നേറ്റു. അതിനും വലിയ ഗര്‍ജ്ജനത്തോടെ അവളവനോട് പരിഭവിച്ചു.

ഞങ്ങളെ സ്വാഗതം ചെയ്യാന്‍ സെരങ്കട്ടി ഒരുക്കിവെച്ച രാജമൈഥുനമായിരുന്നുവത്. സംഗതിയെന്തെന്ന് അറിഞ്ഞുവന്നപ്പോഴേക്കും ആ രതിക്രീഡ അവസാനിച്ചു.

സിംഹരതിയുടെ രീതിയതാണ്. 15 സെക്കന്റോളം മാത്രം ദൈര്‍ഘ്യം. പത്തോ പതിനഞ്ചോ മിനിട്ടിന്റെ ഇടവേളകളില്‍ ഈ നൈമിഷിക ഭോഗങ്ങള്‍ ആവര്‍ത്തിക്കപ്പെടും. അങ്ങനെ ദിവസം നൂറോളം ഭോഗങ്ങള്‍. നാലോ അഞ്ചോ ദിവസങ്ങള്‍ നീളുന്ന രതിയജ്ഞം. രാജയോഗം, ഭാഗ്യവാന്‍ എന്നൊക്കെ അസൂയപ്പെടാന്‍ വരട്ടെ. സകലമാന കോശങ്ങളേയും പരമാനന്ദത്തിന്റെ പരകോടിയിലേക്കു പായിക്കുന്ന ഉന്മാദമല്ല മൃഗരാജഗണത്തിന് ഇണചേരല്‍. രാജകീയ മൈഥുനമെന്നൊക്കെ പറയാമെന്നേയുള്ളൂ, ക്ലേശഭരിതമാണ് രതിരീതികള്‍. സന്താന നിര്‍മ്മാണം മാത്രമാണ് ലക്ഷ്യം. മറ്റു നിര്‍വ്വാണങ്ങള്‍ അതിലില്ല.

റിബ്ഡ് കോണ്ടംപോലെ വരമ്പുകളുമായി പരുഷമാണ് സിംഹ പുരുഷലിംഗം. യോനിയില്‍നിന്നു വിട്ടുപോരുമ്പോള്‍ ഇത് ഇണകളെ വേദനിപ്പിക്കുന്നു. അതാണ് രംഗാനുസാരിയല്ലാത്ത ഗര്‍ജ്ജനങ്ങള്‍ക്കു കാരണം. എന്നാല്‍ ഈ വേദനയാണ് സിംഹിപ്പെണ്ണില്‍ 'ഓവുലേഷന്‍' തുടങ്ങിവെയ്ക്കുന്നതും.

രതിപരാക്രമത്തിന്റെ ക്ലേശമറിയുന്ന പെണ്‍സിംഹം കൂട്ടത്തില്‍ ശക്തനെത്തന്നെ തിരഞ്ഞെടുക്കുന്നു. ശക്തി കുറഞ്ഞവര്‍ ഇവനുമായി മുട്ടാനൊന്നും പോവില്ല. റെഡി റ്റു വെയ്റ്റ് കുലപുരുഷന്മാരാണിവര്‍. ശക്തന്‍ ഭോഗിച്ചു തളരുമ്പോള്‍ ഇവര്‍ പണിയേറ്റെടുക്കും. സിംഹിക്കാകട്ടെ, ഇന്നവനെത്തന്നെ വേണമെന്നുള്ള നിര്‍ബ്ബന്ധമൊന്നുമില്ല. ഏതു ഭോഗചതുരനേയും അവള്‍ സ്വീകരിക്കും. കുട്ടികളുണ്ടാവണം. അതിനുള്ള ഏതു കളിക്കും അവള്‍ തയ്യാര്‍.

സിംഹകുമാരിക്ക് ഗര്‍ഭകാലം 110 ദിവസം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഗര്‍ഭധാരണവും പ്രസവവും. അഞ്ചുവരെ കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളെ വളര്‍ത്തലൊക്കെ അമ്മയുടേയും കൂട്ടുകാരികളുടേയും തലയിലാണ്. തന്തസിംഹത്തിന് നിര്‍മ്മാണത്തിലേ താല്പര്യമുള്ളൂ. പരിപാലനം പെണ്‍വകുപ്പാണ്. മൂന്നു വയസ്സായാല്‍ കുഞ്ഞന്മാര്‍ സംഘം വിട്ടുപോകും. പുതിയൊരു സംഘം സ്ഥാപിക്കുകയോ മറ്റൊരു സാമ്രാജ്യം വെട്ടിപ്പിടിക്കുകയോ ചെയ്യും.

15 മിനിറ്റ് കഴിഞ്ഞിരിക്കുന്നു. അടുത്ത ഷോയ്ക്ക് സമയമായി. സിംഹിയങ്ങനെ കുറുങ്ങിക്കിടക്കുന്നുണ്ടെങ്കിലും സിംഹന്‍ തയ്യാറായിട്ടില്ല. മൂപ്പരങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും വാലു പൊക്കിയും താഴ്ത്തിയും നേരം കളയുകയാണ്. സമയമായി, വേഗമാവട്ടെ എന്നു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും മൂപ്പര് 'സമയമായില്ലപോലും' പാടുകയാണ്.

മേച്ചിലിടങ്ങള്‍ തേടുന്ന

വിന്‍ഡ്ബീസ്റ്റ്

അല്പം വൈകിയാണെങ്കിലും ഷോ തുടങ്ങുകതന്നെ ചെയ്തു. ഇത്തവണ പെണ്‍ശൗര്യം വല്ലാതെ ഗര്‍ജ്ജിച്ചു. ശക്തനൊന്നു വിരളുകയും ചെയ്തു. അഞ്ചു മിനിട്ട് കഴിഞ്ഞേയുള്ളൂ, ഞങ്ങള്‍ 'വീണ്ടും വീണ്ടും' വിളികളോടെ നായകനെ പ്രോത്സാഹിപ്പിച്ചു

തുടങ്ങി. സിംഹനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അമ്മയ്ക്കും ശുഷ്‌കാന്തിയുണ്ട്. മറ്റു സഫാരിക്കാരും പിന്നിലല്ല, അവിടെ നിന്നും do it, once more വിളികള്‍ ഉയരുന്നുണ്ട്. നമുക്കിങ്ങനെ ബഹളം വെച്ചാല്‍ മതിയല്ലോ, 'അനുഭവിക്കുന്നത്' അവരല്ലേ. എന്തായാലും സംഗതി ഫലിച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവര്‍ മേളിച്ചു. ദേ തുടങ്ങി, ദേ കഴിഞ്ഞു. എന്നിട്ട് സിംഹന്‍ ഞങ്ങള്‍ക്കു തിരിഞ്ഞുനിന്ന് വാല്‍പൊക്കി തന്റെ പൃഷ്ഠസൗകുമാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പരട്ട പ്രജകളെ ഇതും കണ്ടു നില്‍ക്കാതെ പോയ്ക്കൂടേ എന്നതിനെ തര്‍ജ്ജമ ചെയ്ത് റഷീദ് വണ്ടി സ്റ്റാര്‍ട്ടാക്കി.

കഴിഞ്ഞ മുക്കാല്‍ മണിക്കൂറോളമായി ഹാന്‍ഡിക്യാമും ക്യാമറയും മൊബൈല്‍ ഫോണുകളും നീലപ്പട നിര്‍മ്മാണത്തില്‍ മുഴുകിയിരിക്കുകയാണ്. അതും രാജമിഥുനങ്ങളുടെ. ഒരശ്ലീലവും തോന്നിയില്ല. കുറച്ചുകഴിഞ്ഞാണ് മറ്റൊരു ജോടികൂടി കുടുംബാസൂത്രണത്തില്‍ വ്യാപൃതരായിരിക്കുന്നത് കണ്ടത്. പാറക്കെട്ടിന്റെ അല്പമറവില്‍ ദി ആക്ട് ഗോപ്യമായിരുന്നു. ശബ്ദസുഖം (?) മാത്രമാണ് അവര്‍ ഞങ്ങള്‍ക്കു നല്‍കിയത്. പാറക്കെട്ടിനെ ഒന്നു ചുറ്റി ഈ ഗോപ്യഭോഗികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ഞങ്ങള്‍ ആ കോപ്ജെ വിട്ടത്.

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''
''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

മറ്റു വന്‍ പൂച്ചകളില്‍നിന്നു വ്യത്യസ്തമായി സംഘജീവിതം നയിക്കുന്നവരാണ് സിംഹങ്ങള്‍. ഇരുപതോ മുപ്പതോ പേരുടെ സംഘം അഥവാ പ്രൈഡ്. രണ്ടോ മൂന്നോ ആണുങ്ങള്‍, പത്തോ പന്ത്രണ്ടോ പെണ്ണുങ്ങള്‍, പിന്നെ കുറേ കിടാങ്ങള്‍. ദേശ, സംഘ സംരക്ഷണവും പ്രതിരോധവുമാണ് ആണ്‍പണികള്‍. പെണ്ണുങ്ങളാണ് വേട്ടക്കാര്‍. ചെറിയ മൃഗങ്ങളെ ഒറ്റയ്ക്കും കരുത്തരെ കൂട്ടുചേര്‍ന്നും കീഴ്പെടുത്തുന്നു. പെണ്ണുങ്ങള്‍ വേട്ടയാടിയ ഇരയില്‍ ആദ്യ വിഹിതം ആണുങ്ങള്‍ക്കാണ്, പിന്നെ പെണ്ണുങ്ങള്‍ക്ക്, അവസാനം കുഞ്ഞന്മാര്‍ക്ക്. പഞ്ഞകാലങ്ങളില്‍ കുട്ടികള്‍ക്കെത്താന്‍ മാത്രം വിഭവസമൃദ്ധമാവില്ല നായാട്ടു സമ്പാദ്യം. ഈയവസരങ്ങളില്‍ കുഞ്ഞുങ്ങള്‍ ധാരാളമായി മരിച്ചുപോകും. വല്ലാതെ പഞ്ഞം വരുന്ന പഞ്ഞമാസങ്ങളില്‍ മൃഗരാജന്‍ കുഞ്ഞുങ്ങളെത്തന്നെ തിന്നുകളയും. ഗതികെട്ട പുലിയെപ്പോലെ പുല്ലന്വേഷിക്കലൊന്നുമില്ല മൂപ്പര്‍ക്ക്. അങ്ങനെ കഠിനമാണ് രാജകുമാരന്മാരുടെ ബാല്യം.

മൃഗരാജഗഢികളെ പാറപ്പുറത്തുപേക്ഷിച്ചു പോന്നെങ്കിലും ഹക്കുണ മത്താത്തപ്പാട്ട് കൂടെ പോന്നു. വണ്ടിയുടെ ഇളകിയാടിയോട്ടത്തോടൊപ്പം ഞാനും മിനിയും അമ്മുവും മൂന്ന് താളത്തില്‍, മൂന്ന് ശ്രുതിയില്‍ വ്യത്യസ്ത സംഗതികളില്‍ പാട്ടുപാടി. ഈ പാട്ട് മൃഗങ്ങളെ ആട്ടിപ്പായിക്കുമെന്ന് അമ്മ. ഈ അലമ്പും കേട്ട് വണ്ടിയോടിക്കാന്‍ പറ്റില്ലെന്ന് റഷീദ്. ഞങ്ങളുടെ സംഗീതശ്രമത്തെ മുളയ്ക്കാനിട്ടപ്പോഴേ അവര്‍ കോരിക്കളഞ്ഞു.

വഴിയില്‍നിന്നു മാറി രണ്ട് അക്കേഷ്യ മരങ്ങള്‍ക്കിടയില്‍ വണ്ടി നിര്‍ത്തിയിരിക്കുകയാണ് റഷീദിപ്പോള്‍. തൊട്ടപ്പുറത്ത് ഒരു സിംഹത്താന്‍ വെറും മണ്ണില്‍ വെയിലില്‍ വശം ചെരിഞ്ഞു കിടപ്പാണ്. എല്ലാ രാജാക്കന്മാരേയുംപോലെ ഈ രാജാവും നഗ്‌നനാണ്. ഉറക്കത്തിലുമാണ്. വണ്ടിയുടെ വാതില്‍ തുറന്നാല്‍ രാജാവിന്റെ മണ്ടയ്ക്ക് മുട്ടും. അത്ര അടുത്താണ് റഷീദ് വണ്ടി നിര്‍ത്തിയിരിക്കുന്നത്. കാട്ടിലെ ഞങ്ങളുടെ ആദ്യത്തെ ക്ലോസ് എന്‍കൗണ്ടര്‍ വിത്ത് ദ കിങ്ങ്. വാഹനത്തിന്റെ ഗ്ലാസുകളെല്ലാം താഴ്ത്തിയിരിക്കുകയാണ്. ടോപ് ഉയര്‍ത്തിവെച്ച് മിനിയും അമ്മുവും കാട്ടുരാജാവിനെ ക്യാമറക്കാര്‍ഡുകളിലേക്ക് ആവാഹിക്കുകയാണ്. വണ്ടിയുടെ ഇടതുവശത്തിരുന്നിരുന്ന അമ്മയ്ക്ക് എഴുന്നേറ്റ് വലത് ജനലിലൂടെ നോക്കിയപ്പോഴാണ് കളിയുടെ ഏനക്കേട് മനസ്സിലായത്. സിംഹത്താന്റെ അത്രയും അടുത്തെത്തിയ അതിസാഹസം അമ്മയ്ക്ക് തീരെ പിടിച്ചില്ല. അമ്മ ചൂടാവുകയും റഷീദിനെയടക്കം വഴക്കു പറയുകയും മുഖം വീര്‍പ്പിച്ചിരിക്കുകയും ചെയ്തു. കാട്ടിലെ കാര്യങ്ങളറിയാവുന്ന റഷീദിന്റെ ഇടപെടലുകളൊന്നും അമ്മ ശ്രദ്ധിച്ചതേയില്ല.

കാട്ടുരാജാവിന്റെ ഉറക്കം
കാട്ടുരാജാവിന്റെ ഉറക്കം

രാജാവാകട്ടെ, ഈ 'കച്ചട'കളൊന്നും ശ്രദ്ധിക്കാതെ ഉറക്കം തുടര്‍ന്നു. ഇടയ്ക്ക് റഷീദൊന്ന് വണ്ടി ഇരപ്പിക്കും. രാജാവ് തല ഉയര്‍ത്തും. എന്തൂട്ടടേയ് എന്ന മട്ടിലൊന്നു നോക്കും. അമ്മുവപ്പോള്‍ ചറപറേന്ന് ക്ലിക്കും. മുഖത്ത് നമ്മള്‍ പ്രതീക്ഷിക്കുന്ന ക്രൗര്യമൊന്നുമില്ല. കാടിപ്പോള്‍ ഈ സഫാരിക്കാരുടെ കൂടിയാണല്ലോ എന്ന നിസ്സഹായത. മുന്‍പ് കണ്ടപോലെയുള്ള തുടരന്‍ സംഭോഗം കഴിഞ്ഞു ക്ഷീണിച്ചു കിടക്കുകയാവും. ധാരാളമായി കിളിക്കൂടുകള്‍ തൂക്കിയിട്ട് മനോഹരമാക്കിയ അക്കേഷ്യ മരങ്ങളായിരുന്നു പിന്നങ്ങോട്ട് കുറേ ദൂരം. പിന്നെ മുന്നോട്ടുപോകുന്തോറും അല്പമായുണ്ടായിരുന്ന മരങ്ങളും കാടൊഴിയുകയാണ്. ഹരിതവര്‍ണ്ണ നെയ്ത്തുകളില്ലാത്ത, പഴകി മഞ്ഞച്ച കാര്‍പ്പറ്റ് പോലെ പുല്‍മേട്. ഇത്തരം നഗ്‌നമേടുകളാണ് സീബ്രകളുടേയും വില്‍ഡ് ബീസ്റ്റുകളുടേയും മേച്ചിലിടങ്ങള്‍. നോക്കെത്താ ദൂരത്തോളം കാഴ്ചയ്ക്ക് തടസ്സങ്ങളില്ല. മറവില്‍ നിന്നൊരാക്രമണം പേടിക്കേണ്ട. ഒന്നു ശ്രദ്ധിച്ചാല്‍ ഓടി രക്ഷപ്പെടാനുള്ള സമയമൊക്കെയുണ്ടാവും. അല്‍പ്പം കുറ്റിക്കാടുകളും ചെറുമരങ്ങളുമൊക്കെയുള്ള പ്രകൃതിയാണ് മാന്‍ വര്‍ഗ്ഗങ്ങള്‍ക്കു പഥ്യം പുല്‍മേടുകളിലെമ്പാടും സീബ്രകളുടേയും വില്‍ഡ് ബീസ്റ്റുകളുടേയും വലിയ കൂട്ടങ്ങളാണ്. മിക്ക കൂട്ടങ്ങളിലും സീബ്രകളേയും ബീസ്റ്റുകളേയും ഇടകലര്‍ന്നു കാണാം. കാട്ടിലെ മാംസഭോജികളുടെ പ്രധാന വിഭവങ്ങളായ ഇവര്‍ക്കിടയില്‍ പ്രകടമായ സൗഹൃദമുണ്ട്. ഗ്രുമേതി-മാരാ നദികള്‍ കടന്നുപോവുന്ന ഗ്രേറ്റ് മൈഗ്രേഷനില്‍ പ്രധാനമായും അണിചേരുന്നത് ഇവരാണ്.

കാട്ടിലെ സങ്കടക്കോമാളിയാണ് വില്‍ഡ് ബീസ്റ്റ്. വന്‍ പൂച്ചകള്‍ക്ക് ഇരയാവുന്നതിന്റെ അങ്കലാപ്പൊന്നും അദ്ദേഹത്തിന്റെ മുഖത്തു കാണില്ല. അനിവാര്യമായ വിധിയിലേക്കു ചുവടുവെയ്ക്കുന്ന നിസ്സംഗത മാത്രം. തിന്നുതിന്ന് വളര്‍ന്ന് മാംസഭോജി മൃഗങ്ങള്‍ക്കു ഭക്ഷണമാവുകയാണ് തന്റെ ജന്മലക്ഷ്യം എന്നത് വിശ്വസിക്കുന്നു. കൂട്ടുകാരായ സീബ്രകളെപ്പോലെ, സുരക്ഷയൊരുക്കുന്ന പരിസരനിരീക്ഷണവും മൂപ്പര്‍ക്കില്ല. അപകര്‍ഷതയും സങ്കടവും തൂങ്ങുന്ന തല താഴ്ത്തിയിട്ട് അതങ്ങനെ നടക്കും. ഒറ്റനോട്ടത്തില്‍ താടിവെച്ച തടിച്ചുകൊഴുത്ത കറുത്ത പശുവാണ് വില്‍ഡ് ബീസ്റ്റ്.

സൗന്ദര്യത്തികവിൽ സെരങ്കട്ടി
സൗന്ദര്യത്തികവിൽ സെരങ്കട്ടി

''വലിയ കൂട്ടങ്ങളില്‍ തിങ്ങിക്കാണുന്നതുകൊണ്ടാവാം ഒരിക്കലും വ്യക്തമായ മുഖദര്‍ശനം വില്‍ഡ് ബീസ്റ്റ് ഞങ്ങള്‍ക്കു തന്നില്ല. മറ്റു മൃഗങ്ങളെ കാണുമ്പോളെന്നപോലെ ഇയാളുടെ കണ്ണും ചെവിയും മൂക്കും ഒന്നും വ്യതിരിക്തമായി കാണില്ല. തന്റെ സംഘത്തിന്റെ തിരക്കില്‍ അവര്‍ തങ്ങളുടെ താഴ്ത്തിവെച്ച മുഖം പൂഴ്ത്തിവെച്ചു.

വില്‍ഡ് ബീസ്റ്റിന്റെ സങ്കടത്തിനും അപകര്‍ഷതയ്ക്കും കാരണമായ കഥയും പറഞ്ഞാണ് റഷീദ് വണ്ടിയോടിക്കുന്നത്. ദൈവത്തിന്റെ അവസാന നിര്‍മ്മിതിയായിരുന്നു വില്‍ഡ് ബീസ്റ്റ്. മറ്റുള്ളവയുടെ സൃഷ്ടി കഴിഞ്ഞപ്പോള്‍ ബാക്കിവന്ന നിര്‍മ്മാണ വസ്തുക്കളില്‍നിന്നാണ് ദൈവം വില്‍ഡ് ബീസ്റ്റിനു രൂപം നല്‍കിയത്. ഒരവിയല്‍ നിര്‍മ്മിതി. വെട്ടുകിളിയുടെ (locust) തല. (വെട്ടുകിളിയുടെ തലയൊക്കെ ഇത്രയും വരുമോ എന്നൊന്നും ചേദിക്കരുത്. ഇതു കഥയാണ്, നാടോടിക്കഥ.) അതില്‍ പോത്തിന്റെ കൊമ്പുകള്‍. പശുവിന്റെ ശരീരം താങ്ങുന്നത് ആടിന്റെ കാലുകള്‍. പിന്നില്‍ തൂങ്ങുന്നു സിംഹത്തിന്റെ വാല്‍. പാവം വില്‍ഡ് ബീസ്റ്റ്, എങ്ങനെ സങ്കടപ്പെടാതിരിക്കും? എങ്ങനെ നാണക്കേട് തിങ്ങി തല താഴാതിരിക്കും?

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മേച്ചിലിടങ്ങള്‍ തേടിയുള്ള നിരന്തര യാത്രയാണ് വില്‍ഡ് ബീസ്റ്റുകളുടെ ജീവിതം. വര്‍ഷാവര്‍ഷമുള്ള മൃഷ്ടാന്നഭോജനത്തിന് ഗ്രുമേതി, മാര നദികളിലെ മുതലകള്‍ കാത്തിരിക്കും. അത് വില്‍ഡ് ബീസ്റ്റുകള്‍ക്കും അറിയാം. എന്നാലും പുത്തന്‍ പുല്‍മേടുകള്‍ തേടി പുഴകളും മേടുകളും താണ്ടിയുള്ള പ്രയാണം നിര്‍ത്താന്‍ വയ്യ. മുതലകള്‍ക്കും സിംഹത്തിനും ചീറ്റയ്ക്കും പുലിക്കുമൊക്കെ ഭക്ഷണമാകാതെ വയ്യ. ജനിതക ധര്‍മ്മമാണ്. രണ്ടായിരത്തിലേറെ കിലോമീറ്ററുകളാണ് 'ദേശാന്തരഗമനത്തില്‍' ഈ മൃഗങ്ങള്‍ താണ്ടുന്നത്. ഈ അത്ഭുത ദേശാടനത്തില്‍ അണി ചേരുന്ന ഒന്നര മില്യണ്‍ വില്‍ഡ് ബീസ്റ്റുകളില്‍ രണ്ടര ലക്ഷത്തോളം ഭക്ഷണത്തിനായി കൊല്ലപ്പെടുകയോ ഭക്ഷണമില്ലാതെ മരണപ്പെടുകയോ ചെയ്യുന്നു. സെരങ്കട്ടി യാത്രയില്‍ എവിടെ വെച്ചെങ്കിലും ഈ പ്രശസ്ത കൂട്ട മാരത്തണ്‍ നമ്മുടെ മുന്നിലെത്തും എന്ന് റഷീദ് ഉറപ്പുനല്‍കുന്നുണ്ട്. ദേശാടനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന ചെറിയ വിമത സംഘങ്ങളെയാണത്രേ നമ്മള്‍ ഇവിടെ കാണുന്നത്.

ആനകള്‍ ഉറങ്ങാന്‍

പോകുന്നതെവിടെ

ധാരാളമായി വില്‍ഡ് ബീസ്റ്റുകളുടേയും സീബ്രകളുടേയും വലിയ സംഘങ്ങളെ കാണാമിപ്പോള്‍. നൂറും ഇരുന്നൂറും സംഖ്യാ വലിപ്പമുള്ള കൂട്ടങ്ങള്‍. പോകെപ്പോകെ പുല്‍പ്രദേശത്തേക്ക് ഏതാനും കുറ്റിച്ചെടികള്‍ കടന്നുവരുന്നു. സങ്കടക്കോമാളികള്‍ രംഗത്തില്ല. നിറയെ സീബ്രകള്‍. ചുറ്റിപ്പറ്റി മാന്‍ക്കൂട്ടങ്ങള്‍. വിവിധയിനം മാനുകള്‍. പുള്ളിമാനുകളെ മാത്രം കണ്ടു ശീലിച്ച ഞങ്ങളുടെ മുന്‍പിലേക്കു മാന്‍ കുടുംബത്തിന്റെ ഫാഷന്‍ പരേഡ്. അല്പം ദൂരെയായി ചെറുമരങ്ങളുടെ തുഞ്ചത്തേക്ക് തലയുയര്‍ത്തി 'എനിക്കോ നിനക്കോ പൊക്കം' കളിക്കുന്ന ജിറാഫുകള്‍. അലസമായാണ് അവരുടെ നടത്തവും തീറ്റയുമൊക്കെയെങ്കിലും കണ്ണുകളിലേക്കു ക്യാമറ സൂം ചെയ്താല്‍ കാണാം ഭയത്തിന്റെ ഇരുട്ടും ജാഗ്രതയുടെ തിളയും. ആസകലം ത്രസിച്ചുനില്‍ക്കുന്ന ഭയത്തിന്റെ ശരീരഭാഷയാണ് മാനുകള്‍ക്ക്. എല്ലാ ഇന്ദ്രിയങ്ങളിലും ഏതു നിമിഷവും സംഭവിക്കാവുന്ന വേട്ടയ്‌ക്കെതിരെയുള്ള തയ്യാറെടുപ്പുകളുണ്ട്. തള്ളിനില്‍ക്കുന്ന വലിയ ഉണ്ടക്കണ്ണുകളില്‍, കൂര്‍ത്തു വലിഞ്ഞുനില്‍ക്കുന്ന ചെവികളില്‍, മുറുകിനില്‍ക്കുന്ന പേശികളില്‍, എല്ലാം ഇരയെന്ന ബോധ്യമുണ്ട്.

കാട്ടുപോത്ത്
കാട്ടുപോത്ത്

ഇത്തരം മേടുകളിലെ സുനിശ്ചിത സാന്നിധ്യമാണ് ഒട്ടകപക്ഷികളും സെക്രട്ടറി ബേര്‍ഡും. മുടക്കമില്ലാതെ സെരങ്കട്ടിയിലും അവര്‍ ഞങ്ങള്‍ക്കു മുന്‍പില്‍ ഹാജരായി. ഗോരംഗോരോ മുതല്‍ ധാരാളമായി കണ്ടതുകൊണ്ടാകാം ഒട്ടകപക്ഷികളെ ഞങ്ങള്‍ അവഗണിച്ചു. അവരുടെ കയ്യിലാകട്ടെ, ഞങ്ങളെ ആകര്‍ഷിക്കാനുള്ള പുത്തന്‍ നമ്പറുകളുമില്ല. ഈ കുണ്ടികുലുക്കി നടത്തവും കൊത്തിത്തിന്നലും കരാളകണ്ഠസ്വരവും തന്നെയിപ്പോഴും. സെരങ്കട്ടിയുടെ ആരംഭത്തില്‍, ഞങ്ങള്‍ക്കു മുന്നില്‍ ഇണചേരാന്‍ മടിച്ച അവരോട് ഞങ്ങള്‍ക്കല്പം പരിഭവവുമുണ്ടായിരുന്നു.

സാമാന്യം വലിപ്പമുള്ള പക്ഷിയാണ് സെക്രട്ടറിപ്പക്ഷി. നമ്മുടെ ഓഫീസുകളിലെ സെക്രട്ടറിമാരുടെ യൂണിഫോം തന്നെയാണിവള്‍ക്ക്. ഒരു കോര്‍പറേറ്റ് സെക്രട്ടറിക്കിടാവിന്റെ നടയും ജാടയുംപോലും ഈ പക്ഷി സ്വന്തമാക്കിയിട്ടുണ്ട്. കഴുകന്റേയും പരുന്തിന്റേയും അകന്ന ബന്ധുവാണിവള്‍. അതിന്റെ അഹങ്കാരം അടിവെച്ചടി നടത്തത്തിലുണ്ട്. സുഡാനിന്റേയും സൗത്ത് ആഫ്രിക്കയുടേയും ദേശീയ മുദ്രകളിലേക്കെത്തുന്നുണ്ട് ഈ സെക്രട്ടറിനട.

കൊക്കിന്റെപോലുള്ള നീളന്‍ കാലുകളില്‍ നാലടിയോളം പൊങ്ങിനില്‍ക്കുന്ന അഞ്ചഞ്ചരക്കിലോ ശരീരവും ഗരുഡന്‍ തലയുമാണിവര്‍ക്ക്. ഓന്തും അരണയും പാമ്പും മറ്റു ഉരഗങ്ങളും ഇവര്‍ക്കു ഭക്ഷണമാണ്. തങ്ങളുടെ കൃഷിയിടങ്ങളില്‍നിന്നു പാമ്പുകളേയും മറ്റു ശല്യക്കാരേയും ഓടിക്കാന്‍ തെക്കനാഫ്രിക്കയിലെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ ഈ സെക്രട്ടറിമാരെ നിയമിക്കാറുണ്ട്. സെരങ്കട്ടിയിലെ സഫാരിയിലുടനീളം ഈ സെക്രട്ടറിമാര്‍ ഞങ്ങളുടെ കാഴ്ചവട്ടങ്ങളിലുണ്ടായിരുന്നു. ധാരാളമായിത്തന്നെ.

പുല്‍മേടുകളുടെ ഏകതാനതയുപേക്ഷിച്ചു കാടിപ്പോള്‍ കൂടുതല്‍ മരങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നു. ഒരു സെക്കന്റ് സൂചിയുടെ കൗശലത്തോടെയാണ് കാട് ചമയങ്ങള്‍ മാറുന്നത്. മെല്ലെ, വളരെ മെല്ലെ. സോസേജ് മരങ്ങള്‍, അക്കേഷ്യകള്‍, കാട്ടുപനകള്‍, അങ്ങനെയങ്ങനെ. മരങ്ങളും വലിയ കുറ്റിക്കാടുകളുമൊക്കെയായി കാട് കുറേശ്ശേ ഇടതൂര്‍ന്ന് വരുന്നുണ്ട്. തരംഗീറിയില്‍ നമ്മള്‍ കണ്ട ബോവ് ബാബിനെ ഞങ്ങള്‍ സെരങ്കട്ടിയില്‍ കണ്ടില്ല.

Something is happening എന്ന മുന്നറിയിപ്പുമായി അമ്മു ചാടിയെണീറ്റത് സഫാരി വണ്ടിക്കു സമാന്തരമായി ഒരു പന്നിക്കുട്ടന്‍ പാഞ്ഞുപോകുന്നത് കണ്ടാണ്. മാന്‍കൂട്ടങ്ങള്‍ തീറ്റ നിര്‍ത്തുകയും ഉണ്ടക്കണ്ണുകള്‍ കൂടുതല്‍ ഉരുട്ടുകയും ചെവി കൂര്‍പ്പിക്കുകയും കാലിലെ പേശികളെ തുടുപ്പിക്കുകയും ചെയ്തു. അപ്പുറത്ത് തന്റെ 'ട്രിപോട് കാലുകള്‍' അകറ്റിവെച്ച് പുല്ലിലെ വെള്ളം നക്കിയെടുത്തു കൊണ്ടിരുന്ന ജിറാഫ് ട്രിപ്പോഡ്

പോസ്റ്റര്‍ അവസാനിച്ചിച്ച് എങ്ങോട്ടെന്നില്ലാതെ വേഗം നടന്നു തുടങ്ങി. ഇതുവരെ കേള്‍ക്കാതെ പോയ കിളിച്ചിലപ്പുകള്‍ മുന്നറിയിപ്പു താളത്തില്‍ അപശ്രുതിയായി.

അതെ, എന്തോ സംഭവിക്കാന്‍ പോകുന്നുണ്ട്. രംഗം ഇത്രയും കൊഴുപ്പിച്ച രണ്ടുപേര്‍ കുറ്റിക്കാടിന്റെ മറവില്‍നിന്നു തലനീട്ടുന്നുണ്ട്. രണ്ടു പെണ്‍സിംഹങ്ങള്‍ പുറത്തെത്തിയപ്പോഴേക്കും ഞങ്ങള്‍ക്കടുത്തുണ്ടായിരുന്ന മൃഗങ്ങളെല്ലാം അപ്രത്യക്ഷരായി. ആദ്യം ഓടിത്തുടങ്ങിയ

കാട്ടുപന്നി കെനിയയിലേക്ക് അതിര്‍ത്തികടന്നു കാണുമെന്നു മിനി. (ഏയ്, അതൊന്നുമില്ല. കെനിയന്‍ ബോര്‍ഡര്‍ വളരെ ദൂരെയാണെന്ന് റഷീദിലെ അരസികന്‍ അപ്പോള്‍ത്തന്നെ മിനിയെ തിരുത്തി.)

എന്നാല്‍, യുവസിംഹികളുടെ ലക്ഷ്യം ഇപ്പുറത്തല്ല, അപ്പുറത്തായിരുന്നു. രണ്ടുപേരും രണ്ടു വഴിക്കു പായുന്നുണ്ട്. ആ നായാട്ടുരംഗം ഞങ്ങളുടെ പരിധിക്കു പുറത്തായതിനാല്‍ റഷീദ് സഫാരി വണ്ടിയെ തെളിച്ചുതുടങ്ങി. കിട്ടിയെന്നുറപ്പിച്ച വേട്ടപ്പടം നഷ്ടമായതില്‍ സങ്കടപ്പെട്ട് ക്യാമറകളെല്ലാം തലകുനിച്ചു സീറ്റില്‍ അമര്‍ന്നിരുന്നു. അടുത്ത 'അപ്രതീക്ഷിത'ത്തിലേക്ക് പ്രതീക്ഷയോടെ റഷീദ് സഫാരി തെളിച്ചു.

ഏറ്റവും ചെറിയ ആന്റെലോപ് -ഡിക്ക് ഡിക്ക്
ഏറ്റവും ചെറിയ ആന്റെലോപ് -ഡിക്ക് ഡിക്ക്

റഷീദ് ഒരാനയോളം പ്രതീക്ഷിച്ചത് ആനക്കൂട്ടങ്ങളായി മുന്നിലെത്തി. വലിയ കൂട്ടങ്ങളാണിവിടെ. ഇരുപതും മുപ്പതും വരുന്ന കൂട്ടങ്ങള്‍. ഇത്തിരിക്കുഞ്ഞന്മാര്‍ മുതല്‍ മുഖം ചുളിഞ്ഞ മുതുക്കന്മാര്‍ വരെയുണ്ട്. കൂട്ടം തെറ്റാതെ മുന്നോട്ട് പോകാന്‍ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. കുറുമ്പ് കാട്ടുന്ന ഗജപോക്കിരികളെ മുതിര്‍ന്നവര്‍ ചട്ടത്തില്‍ നിര്‍ത്തുന്നുണ്ട്. സ്‌കൂള്‍ വിട്ടു വന്ന് കളിക്കാനിറങ്ങിയ കൂട്ടുകാരെപ്പോലെയായിരുന്നു ആനപ്പിള്ളേര്‍. അവര്‍ തുമ്പിക്കൈകള്‍ പിണച്ചും കളിക്കുത്തു കൂടിയും ചിതല്‍പ്പുറ്റുകള്‍ കുത്തിപ്പരത്തിയും മരങ്ങളെ മസ്തകംവെച്ച് തള്ളിയും മരച്ചില്ലകള്‍ ചീന്തിയെടുത്തും കൂട്ടത്തില്‍ ഇളയവരോട് മെക്കിട്ട് കേറിയും രസിക്കുകയാണ്. തരംഗീറി വനത്തില്‍ ഇത്രയും വലിയ ആനക്കൂട്ടങ്ങളെ കണ്ടിരുന്നില്ല. ആനകളോടുള്ള ഞങ്ങളുടെ പേടി തരംഗീറിയിലെ കുറുമ്പന്മാര്‍ ഓടിച്ചുവിട്ടിരുന്നു. അതുകൊണ്ട് ഇരുപതോളം ആനകള്‍ ഏതാനും വാരകള്‍ക്കപ്പുറം കടന്നുപോയിട്ടും ചില കുസൃതികള്‍ തലയും കൊമ്പും കുലുക്കിയും തുമ്പിക്കയ്യുയര്‍ത്തിയും പിപ്പിടി കാണിച്ചിട്ടും ഞങ്ങള്‍ വിരണ്ടില്ല. ഭയമേതുമില്ലാതെ അമ്മയും ആ 'ഗജപ്രവാഹം' ആസ്വദിച്ചു. ഞങ്ങളില്‍ സംപ്രീതരായ ആനകള്‍ ജീപ്പിനു മുന്നില്‍ ധാരാളം പിണ്ടം അര്‍പ്പിച്ചാണ് കടന്നുപോയത്.

പകല്‍ മങ്ങിത്തുടങ്ങി. മണ്‍പാതയില്‍നിന്നു പിരിഞ്ഞുപോകുന്ന റോഡുകളുടെ വക്കത്തൊക്കെ കല്ലുകളില്‍ ഓരോ ടെന്റിലേക്ക്/ക്യാമ്പിലേക്കുള്ള വഴികള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ സഫാരിയും ഇന്നത്തെ സൂര്യനും തീര്‍ന്നുകൊണ്ടിരിക്കയാണ്. അക്കേഷ്യ മരങ്ങളൊക്കെ കിളിപ്പേച്ചുകളാല്‍ നിറഞ്ഞിരിക്കുന്നു. വലിയ മരങ്ങളുടെ തുഞ്ചങ്ങളില്‍ കൊക്കുകളും കഴുകന്മാരും തമ്പടിച്ചിരിക്കുന്നു. ആനക്കുടുംബങ്ങള്‍ വീട്ടിലേക്കെന്നപോലെ മന്ദം നീങ്ങിക്കൊണ്ടിരിക്കുന്നു. ആകാശത്തും ഭൂമിയിലും മൃഗങ്ങളിലും ഇനി വീട്ടിലേക്കെന്ന ഭാവം നിറയുന്നു. സഫാരിശകടത്തിന്റെ ശ്വസനത്തിനുമുണ്ട് ഇന്നത്തെ കളി കഴിയുന്നുവെന്ന താളം.

(ആനകളൊക്കെ വീട്ടില്‍ പോവുകയാണെന്നും പറഞ്ഞ് റഷീദിനിടയില്‍ പുലിവാലു പിടിച്ചു. ആനകളുടെ വീടെവിടെയെന്നായി അമ്മ. കാട്ടില്‍ മേഞ്ഞുനടക്കാനൊരിടവും വീടുകൂട്ടാന്‍ മറ്റൊരിടവും ഉണ്ടോ? എന്തൊരു മണ്ടന്‍ ചോദ്യമെന്നായി റഷീദ്. മറുപടി പറയെടോ മണ്ടച്ചാരെ എന്നമ്മ. തര്‍ക്കം മുറുകവെ ഞങ്ങള്‍ക്കും സംശയമായി. പറവകള്‍ മരങ്ങളിലേക്കും കൂടുകളിലേക്കും വന്‍പൂച്ചകള്‍ മടകളിലേക്കും പാമ്പുകള്‍ മാളങ്ങളിലേക്കും സഫാരിക്കാര്‍ ടെന്റുകളിലേക്കും മടങ്ങുന്നതുപോലെ ആനകളും ജിറാഫുകളും സീബ്രകളുമൊക്കെ എങ്ങോട്ടാണ് വൈകുന്നേരം മടങ്ങുന്നത്? അസ്തമിക്കാന്‍ ഒരുങ്ങുന്ന സൂര്യന്റെ കടുംചുവപ്പിലേക്കു തലനീട്ടിവെയ്ക്കുന്ന ഒരു മസായി ജിറാഫിന്റെ മനോഹര ദൃശ്യം കാണിച്ചുകൊടുത്താണ് റഷീദ് അമ്മയില്‍നിന്നു രക്ഷപ്പെട്ടത്. ആ അതിസുന്ദരന്‍ ഫ്രെയിമില്‍ ഞങ്ങളുടെ സംശയങ്ങളും അസ്തമിച്ചു. ആനകള്‍ എവിടെയെങ്കിലും പോയി ഉറങ്ങട്ടെ.)

ആനന്ദവും അത്ഭുതവും ചവച്ചുതിന്നു നിറഞ്ഞ മനസ്സുമായി ടോര്‍ട്ടില്ലിസ് ടെന്റ് ക്യാമ്പിലെത്തുമ്പോള്‍ ഇരുട്ട് പകലിനെ വേട്ടയാടിത്തുടങ്ങിയിരുന്നു. പകലോനില്‍നിന്നും ഒഴുകിപ്പടര്‍ന്ന ചോരയുടെ പശ്ചാത്തലത്തില്‍ കാടും സായാഹ്ന സവാരിക്കിറങ്ങിയ ആനക്കൂട്ടവും ജിറാഫുകളും അക്കേഷ്യ മരങ്ങളും അവര്‍ണ്ണനീയാനുഭൂതി നല്‍കുന്ന കാഴ്ചകളായി. പോക്കുവെയിലിന്റെ ചോരഛവി ടെന്റുകളേയും മോടിയാക്കിയിട്ടുണ്ട്.

സിംഫണിയല്ല സെരങ്കട്ടിയുടെ സംഗീതം. ചില വാദ്യങ്ങളും ചില വിദ്വാന്മാരും ഒരേ ഗണത്തില്‍ പെടുമെങ്കിലും സിംഫണിയുടെ ശ്രുതിയും മൂഡും വ്യത്യസ്തമാണ്. ഇവിടെ ഇലകളുടെ വിറയലില്ല. ചില്ലകളുടെ ചീറലില്ല. ചീവീടുകളുടെ ചീത്ത പറച്ചിലില്ല. പകരം നമുക്കു പരിചയമില്ലാത്ത ചില സുരാസുര വാദ്യക്കാരുണ്ട്. പിന്നെ പുല്ലും കാറ്റും സൊറ പറയുന്ന കുശുകുശുപ്പ് മാത്രം.

ടെന്റിലേക്ക് അവസാനം എത്തിച്ചേര്‍ന്നവരായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ക്കല്പം മുന്‍പ് വന്നിറങ്ങിയ, രണ്ട്‌ സുന്ദരിക്കുഞ്ഞുങ്ങളടങ്ങിയ ബ്രിട്ടീഷ് കുടുംബത്തോടൊപ്പം ഞങ്ങള്‍ റിസപ്ഷന്‍ ഏരിയയിലെ ബ്രീഫിങ്ങ് കം റീഡിങ്ങ് കം ഓഫീസ് റൂമിലേക്കു കയറി. ഇരുപതോളം സഫാരിക്കാരും രണ്ട് ജീവനക്കാരും ചേര്‍ന്ന് ആ ചെറിയ മുറിയെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്. പെട്ടിപ്പുറം മുതല്‍ ചാരുകസേര വരെയുള്ള പലതരം ഇരിപ്പിടങ്ങളില്‍ പലവിധത്തില്‍ ഞങ്ങളിരുന്നു. തന്റെ പ്രായംകൊണ്ടും പ്രസരിപ്പ്‌കൊണ്ടും അമ്മ പെട്ടെന്നുതന്നെ താരമായി. എല്ലാവരും സഫാരിക്കാഴ്ചകള്‍ അയവിറക്കുകയും പങ്കുവെയ്ക്കുകയും ചെയ്തു.

ഭയം പകര്‍ന്ന

രാത്രി

നേരത്തേ പറഞ്ഞ കം കം മുറിയും (Iounge എന്ന് ഔദ്യോഗിക നാമം) ഡൈനിങ്ങ് ഹാളും അടുത്ത ദിവസങ്ങളില്‍ അമ്മു 'വെള്ളോട്ട' എന്നും ഞാന്‍ ജലദ്വാരം എന്നും തെറ്റായി തര്‍ജ്ജമ ചെയ്ത the watering hole എന്ന ചെറുബാറും ചേര്‍ന്നതാണ് റിസപ്ഷന്‍ ഏരിയ. ഒന്നാന്തരം ക്യാന്‍വാസ് കൊണ്ട് കെട്ടിയെടുത്ത 'കെട്ടിടം.' ഇതിന് ഇരുവശങ്ങളിലുമായി അഞ്ചും അഞ്ചും പത്തു ടെന്റുകള്‍. എല്ലാം കട്ടി ക്യാന്‍വാസില്‍ ഹുക്കുകളിട്ടു നിലത്തേക്കു വലിച്ചുകെട്ടിയ കയറുകളുമായി. ടെന്റുകള്‍ക്കു വന്യമൃഗങ്ങളുടെ സ്വാഹിലിപ്പേരുകളായിരുന്നു. റഷീദിനും ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ടെന്റുകള്‍ റിസപ്ഷ്യന്‍ ഏരിയയ്ക്ക് പിന്നിലായിരുന്നു.

മൈക്കിളായിരുന്നു അന്നു ഞങ്ങളെ ക്യാമ്പിലേക്കു സ്വാഗതം ചെയ്തത്. കാടിനേയും ക്യാമ്പിനേയും പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം തുടങ്ങി. സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തി. പിന്നെ ക്യാമ്പിലെ അരുതുകളുടെ കെട്ടഴിച്ചു. ഇരുട്ടായാല്‍ അവരുടെ കൂട്ടില്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ക്യാമ്പില്‍നിന്നു ദൂരേയ്ക്കു നടക്കരുത്. ഏതു സമയത്തായാലും ക്യാമ്പിലെ സഹായം ആവശ്യപ്പെടാന്‍ മടിക്കരുത്. കാടാണെന്നു മറക്കരുത്. ഉവ്വുവ്വ് ഇതു കുറേ കേട്ടിട്ടുണ്ട് എന്ന മട്ടില്‍ അരുതുകളെ ഞങ്ങള്‍ അവഗണിച്ചു. അപ്പോഴാണ് അവര്‍ ഓരോ ടെന്റിലേക്കുമായി വാക്കിടോക്കികള്‍ തന്നത്. ഒരോന്നിനും ടെന്റിന്റെ നമ്പറുണ്ട്. ആവശ്യം വന്നാല്‍ ഓണാക്കുക. ടെന്റ് നമ്പര്‍ അടിക്കുക. ക്യാമ്പ് ഓഫീസിലെ വാക്കിടോക്കികള്‍ എപ്പോഴും ഓണായിരിക്കും. എന്തടിയന്തര സാഹചര്യവും നമുക്കൊരുമിച്ചു നേരിടാവുന്നതേയുള്ളൂ. ഞങ്ങള്‍ക്കു കരുതലുണ്ട്. നിങ്ങള്‍ അരുതുകള്‍ അനുസരിക്കണം. മൈക്കിള്‍ പറഞ്ഞുനിര്‍ത്തി. എല്ലാവരുടേയും മുഖം മുറുകി. എന്തോ പേടിക്കാനുണ്ടെന്നല്ലേ ഈ പറയുന്നത്. ഞാന്‍ ഇരുകൈകളിലും വാക്കി ടോക്കികള്‍ അമര്‍ത്തിപ്പിടിച്ചു. രണ്ട് ദിവസംകൊണ്ട് ആഫ്രിക്കന്‍ സഫാരി തന്ന ധൈര്യം സെരങ്കട്ടി തിരിച്ചെടുക്കുകയാണോ? പകലിലെ സഫാരിയനുഭവങ്ങളാല്‍ പ്രസന്നമായിരുന്ന മുഖങ്ങളില്‍ ഇരുള്‍ പടര്‍ന്നു. സാവന്ന പുല്‍ക്കൊടികള്‍ക്കിടയിലൂടെ ഭയം ലോഞ്ചിലേക്കു പതുങ്ങിപ്പതുങ്ങിക്കയറി. മൈക്കിളിന്റെ സുഹൃത്ത് ഞങ്ങളെ ആശ്വസിപ്പിച്ചു. ഭയപ്പെടാനൊന്നുമില്ല. കാട്ടിലാണെന്ന് ഓര്‍ക്കണമെന്നു മാത്രം. ടെന്റുകളില്‍ സഫാരിക്കാര്‍ക്ക് എന്തെങ്കിലും അപകടങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ടെന്റിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. സാഹസങ്ങള്‍ അരുത്. അതിനുള്ള സ്ഥലമല്ല സെരങ്കട്ടി. അത്രമാത്രം. Just help us to keep you safe. ആവൂ, ഇപ്പോ കുറച്ച് റിലാക്സേഷനൊക്കെ തോന്നുന്നുണ്ട്.

ഓരോ ടെന്റിലേക്കുള്ളവരേയും ജീവനക്കാര്‍ അതാത് ടെന്റുകളില്‍ കൊണ്ടുചെന്നാക്കി. ടെന്റുകള്‍ക്കു സമീപമെല്ലാം അക്കേഷ്യ ടോട്ടെല്ലിസ് എന്ന കുsമരങ്ങളാണ് (umbrella trees). അവയാണ് ടെന്റ് ക്യാമ്പിന് പേരിട്ടത്.

ഞങ്ങള്‍ നാലുപേര്‍ക്ക് രണ്ടു ടെന്റുകളാണ് അനുവദിച്ചിരുന്നത്. റിസപ്ഷന്‍ ഏരിയയ്ക്ക് അടുത്തുള്ള രണ്ടെണ്ണം. കിബോക്കോ എന്നും കിഫാരു എന്നും പേരുള്ളവ. ടെന്റുകളുടെ പേരുകളെല്ലാം അങ്ങനെയാണ്. കാട്ടുമൃഗങ്ങളുടെ സ്വാഹിലിപ്പേരുകള്‍. ട്വിഗ (Twiga-ജിറാഫ്) ടെംപോ (ആന) ചുയി (പുള്ളിപ്പുലി) സിമ്പ (സിംഹം) എന്നിങ്ങനെ. ഫുള്‍ കോറം അഞ്ചു പേരുള്ളപ്പോഴും ഒറ്റമുറിയില്‍ അടിഞ്ഞുകൂടുകയെന്നത് ഞങ്ങളുടെ ശീലമാണ്. ഒരുമിച്ചുള്ളപ്പോള്‍ മുറികളില്‍ പിരിഞ്ഞിരിക്കുക അസഹനീയമാണ്. ഇവിടെയും അതുതന്നെ ചെയ്തു.

ടെന്റുകളെങ്കിലും അടിസ്ഥാന ആര്‍ഭാടങ്ങളൊക്കെയുണ്ട്. ഒരു വലിയ മുറി. അതില്‍ കട്ടിക്കിടക്കയും കട്ടിക്കമ്പിളിയും കൊതുകുവലയുമായി ഒരു രണ്ടരക്കട്ടില്‍. അതിനടുത്ത് ചെറിയ മുറി. ഒറ്റക്കട്ടില്‍. രണ്ടു മുറിയിലും മണ്ണടിച്ചുറപ്പിച്ചു ടാര്‍പോളിന്‍ വിരിച്ച തറ. മുകളില്‍ കട്ടിക്കാര്‍പ്പറ്റ്. പിന്നെയുള്ളത് രണ്ടായി യൂറോപ്യന്‍ ക്ലോസറ്റ് മുറിയും കുളിമുറിയും. ഇവിടെ തറയൊന്നുയര്‍ത്തി മരപ്പട്ടികകള്‍ വിരിച്ചിരിക്കയാണ്. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള സംവിധാനമാണ്.

അല്പം കഴിഞ്ഞപ്പോള്‍ കുളിമുറിക്കു പിന്നില്‍നിന്നും ചൂടുവെള്ളം തയ്യാറെന്ന അറിയിപ്പ് വന്നു. വാട്ടര്‍ ഹീറ്ററൊന്നുമില്ല. ചൂടുവെള്ളം വിറകടുപ്പില്‍ ചൂടാക്കി പിന്നിലെ ഉയര്‍ന്ന ടാങ്കില്‍ നിറയ്ക്കുകയാണ്. താമസിച്ചാല്‍ ചൂടു പോകും. അതുകൊണ്ട് ഞങ്ങള്‍ രണ്ടു ടെന്റുകളിലെ കുളിമുറികളിലായി പെട്ടെന്നു കുളിച്ചുവന്നു. കുളിയും കഴിഞ്ഞു കാട്ടിലെ കാറ്റുംകൊണ്ട് ടെന്റിന്റെ ഉമ്മറത്തങ്ങനെ നില്‍ക്കാനെന്താ സുഖം! അപ്പോള്‍ ഇതു കാടാണെന്നും വന്യമൃഗങ്ങള്‍ ധാരാളമുണ്ടെന്നും അപ്പുറത്തെ ഇരുട്ടില്‍ അവരാരെങ്കിലും പതുങ്ങിയിരിക്കാമെന്നും നാം മറക്കും. അക്കേഷ്യക്കമ്പുകളില്‍ തൂക്കിയിട്ടിരിക്കുന്ന സൗരോര്‍ജ്ജ റാന്തലുകളിലാണ് ആകെയുള്ള വെളിച്ചം. നക്ഷത്രങ്ങളേയും ചന്ദ്രനേയും കൂട്ടുപിടിച്ചിട്ടും ഇരുട്ടിനെ അല്പമൊന്ന് നേര്‍പ്പിക്കാനേ അവയ്ക്ക് കഴിയുന്നുള്ളൂ.

സമയം ഏഴര കഴിഞ്ഞിരിക്കുന്നു. മങ്ങിക്കത്തുന്ന കംപ്രാന്തല്‍ രൂപത്തിലുള്ള സൗരോര്‍ജ്ജ വിളക്കുകള്‍ക്കു കാടിന്റെ നിശാ സിംഫണി തുടങ്ങിയിട്ടുണ്ട്. ഒരോ വനത്തിനും സ്വന്തമായ സിംഫണിയുണ്ട്. നമ്മുടെ മഴക്കാടുകളിലെ സിംഫണിയല്ല സെരങ്കട്ടിയുടെ സംഗീതം. ചില വാദ്യങ്ങളും ചില വിദ്വാന്മാരും ഒരേ ഗണത്തില്‍ പെടുമെങ്കിലും സിംഫണിയുടെ ശ്രുതിയും മൂഡും വ്യത്യസ്തമാണ്. ഇവിടെ ഇലകളുടെ വിറയലില്ല. ചില്ലകളുടെ ചീറലില്ല. ചീവീടുകളുടെ ചീത്ത പറച്ചിലില്ല. പകരം നമുക്കു പരിചയമില്ലാത്ത ചില സുരാസുര വാദ്യക്കാരുണ്ട്. പിന്നെ പുല്ലും കാറ്റും സൊറ പറയുന്ന കുശുകുശുപ്പ് മാത്രം.

രാജ്യാതീതരായ രുചികളായിരുന്നു മേശകളില്‍ നിരന്നിരുന്നത്. അതുകൊണ്ട് ഏതു പ്രദേശത്തുകാരനും ചേര്‍ന്ന വിഭവങ്ങള്‍ ലഭ്യമായിരുന്നു. ഞങ്ങള്‍ക്കു തീരെ പരിചയമില്ലാത്ത ചില ആഫ്രിക്കന്‍ തയ്യാറിപ്പുകളും ഞങ്ങളുടെ രുചിഭേദങ്ങള്‍ക്കു സസ്‌നേഹം വഴങ്ങിത്തന്നു. കുടുംബത്തിലെ കാരണവരെപ്പോലെ ഓരോ വിഭവങ്ങളും പരിചയപ്പെടുത്തിയും അമ്മയ്ക്കു വെജിറ്റേറിയന്‍ വിഭവങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കരുതലുമായും റഷീദ് ഞങ്ങള്‍ക്കൊപ്പമിരുന്നു. റാന്തലുകളില്‍ പകലോന്‍ ഒരുക്കിവെച്ച നേര്‍ത്ത വെളിച്ചം, പരിചാരകരുടെ തെളിഞ്ഞ സൗഹൃദം, ടെന്റിന്റെ കവിളില്‍ കാറ്റുമ്മവെച്ചുണ്ടാക്കുന്ന ശീല്‍ക്കാരങ്ങള്‍, കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം-എല്ലാം കൂടി വല്ലാത്തൊരാംബിയന്‍സ്.

സെക്രട്ടറിപ്പക്ഷി
സെക്രട്ടറിപ്പക്ഷി

അത്താഴം കഴിഞ്ഞവരെ ക്യാമ്പ് ജീവനക്കാര്‍ ഊഴമിട്ട് ടെന്റുകളിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. ഇരുട്ടുവീണാല്‍ അവരെക്കൂടാതെ ടെന്റുകള്‍ക്കു പുറത്തിറങ്ങരുതെന്നാണല്ലോ ആദ്യത്തെ ബ്രീഫിങ്ങ്. അമ്മയേയും കൊണ്ട് പതുക്കെ നടന്നു പുറത്തെത്തിയപ്പോഴാണ് പുകില്. പുറത്തിറങ്ങിയവരും ജോലിക്കാരും ഞങ്ങളുടെ ടെന്റുകളുടെ ഭാഗത്തേക്കു നോക്കിനില്‍പ്പാണ്. ആരും ടെന്റുകളിലേക്കു നീങ്ങുന്നില്ല. മൂന്നു നാല് ടെന്റുകള്‍ക്കപ്പുറത്ത് ഏതോ മൃഗമുണ്ടെന്നു സംശയം. അത് സിംഹരാജന്‍ തന്നെയാകാമെന്നാണ് ഊഹം. പകല്‍സമയത്ത് ഒരു സിംഹിപ്പെണ്ണ് കറങ്ങിനടന്നിരുന്നുവത്രേ. കാര്യമന്വേഷിച്ച് മസായിച്ചേട്ടന്‍ വടിയെടുത്തു പോയിട്ടുണ്ട്.

ഓ, സിംഹമോ? അതൊന്നും സാരമില്ല-രണ്ടു ദിവസത്തെ സഫാരിയില്‍നിന്ന് അത്തരമൊരു അപകടകരവും അപക്വവുമായ പൊങ്ങച്ചം ഞങ്ങളെപ്പോലെ മറ്റ് സഫാരിക്കാരും സ്വന്തമാക്കിയിരുന്നു. കുറച്ചുമുന്‍പ് നടന്ന ബ്രീഫിങ്ങും അട്ടിയിട്ട അരുതുകളും റദ്ദായപോലെ എല്ലാവരും കൂളായി നില്‍ക്കുകയാണ്, മസായിച്ചേട്ടന്‍ മടങ്ങിവരുന്നതും സിംഹരാജന്‍ ഒഴിഞ്ഞു പോകുന്നതും കാത്ത്. രാവിലെ സിംഹത്താനോട് ചേര്‍ത്ത് സഫാരി വണ്ടി നിര്‍ത്തിയതില്‍ ദേഷ്യപ്പെട്ട അമ്മപോലും. അല്പം കഴിഞ്ഞു മസായിച്ചേട്ടന്‍ തന്റെ മുനവെച്ച കുറുവടിയും മങ്ങിയ ടോര്‍ച്ചുമായി നിര്‍വ്വികാര മുഖവുമായി തിരിച്ചുവന്ന് ഡൈനിങ്ങ് ഹാളിലേക്കു കയറിപ്പോയി. നാലാം ടെന്റിനപ്പുറത്തുനിന്നു ലക്ഷണമൊത്തൊരു സിംഹരാജന്‍, ആ മസായിച്ചെക്കന്‍ പറഞ്ഞത് കൊണ്ടുപോകുന്നു എന്ന മട്ടില്‍ നടന്നുനീങ്ങി. ഞങ്ങള്‍ക്കു സിംഹത്തെ വ്യക്തമായി കാണാനായി മൈക്കിളും കൂട്ടരും അങ്ങോട്ട് ടോര്‍ച്ച് തെളിച്ചു. അമ്മു ഒരു പരമ്പരാഗത എട്ടു കട്ടട്ടോര്‍ച്ച് കരുതിയിരുന്നു. അമ്മു അത് സിംഹത്തിന് അടിച്ചുകൊടുത്തു. അവള്‍ നല്‍കിയ വെളിച്ചവട്ടത്തിലൂടെ മൃഗരാജന്‍ പ്രൗഢമായ ചുവടുകളോടെ നടന്നുനീങ്ങുന്നത് അത്യപൂര്‍വ്വ കാഴ്ചയായിരുന്നു. സൂം ക്യാമറ എടുക്കാത്തതിനു ഞാനെന്നേയും അമ്മുവിനേയും മിനിയേയും ദൈവത്തേയും വരെ പ്രാകി. സിംഹത്താന്‍ എട്ടുകട്ട ടോര്‍ച്ചിന്റെ പരിധിക്കു പുറത്തായപ്പോള്‍ സഫാരിക്കാര്‍ അവരവരുടെ ടെന്റുകളിലേക്ക് ആനയിക്കപ്പെട്ട് തുടങ്ങി. കിബോക്കോ എന്ന ഞങ്ങളുടെ ടെന്റിലേക്കു കൊണ്ടുവിട്ട് മൈക്കിള്‍ പറഞ്ഞു: അവന്റെ ഇണ ഇവിടെ എവിടെയോ ഉണ്ട്. അവനിനിയും മടങ്ങിവരാം. വാക്കിടോക്കി അടുത്തുതന്നെ വെയ്ക്കുക. എന്തുണ്ടായാലും വിളിക്കുക. രാത്രിയില്‍ സുഖമായുറങ്ങുന്നതിന് ആ സന്ദേശം ധാരാളമായിരുന്നു. ഞങ്ങള്‍ നാലുപേരും ഈയൊരൊറ്റ ടെന്റിലാണുറങ്ങുന്നതെന്ന് മൈക്കിളിനെ ധരിപ്പിച്ചു. അതു നന്നായെന്ന് മൂപ്പരും. കിടക്കാനിടം തേടി തണുപ്പും ടെന്റുകളുടെ പരിസരത്തെ ഇരുട്ടില്‍ പമ്മിനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ ആ പാവത്തിനെ അകത്തേക്കു കേറ്റി കിടക്കയില്‍ കട്ടിക്കമ്പിളി പുതപ്പിട്ടു മൂടി. രാത്രിയിലെ ചീട്ടുകളി ഇവിടെയും ഞങ്ങള്‍ ഒഴിവാക്കിയില്ല. ഒരു മണിക്കൂറോളം ഞങ്ങളുടെ റമ്മി കളി പുതപ്പിനടിയില്‍ കിടന്നാസ്വദിച്ച തണുപ്പ് അവസാനം ഞങ്ങളേയും പിടിച്ചകത്തിട്ട് കെട്ടിപ്പിടിച്ചുറക്കമായി.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com