''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

പൊക്കം തന്നെയാണ് ജിറാഫിന്റെ ദുഃഖവും. വെള്ളം കുടിക്കണമെങ്കില്‍ മുന്‍കാലുകള്‍ അകറ്റിയകറ്റിവെച്ചു കുനിയണം. ഒന്നു കിടക്കണമെങ്കില്‍ വല്ലാത്ത ഒരുക്കങ്ങള്‍ വേണം. കിടന്നാല്‍ എണീക്കാന്‍ അതിലും കൂടുതല്‍ വേണം അഭ്യാസങ്ങള്‍. ശയനാവസ്ഥയില്‍ വല്ല ക്രൂരന്മാരുടേയും കണ്ണില്‍പ്പെട്ടാല്‍ അവിടെത്തീര്‍ന്നു തന്റെ ചരിത്രം. അതുകൊണ്ട് മൂപ്പര് നിന്നുറങ്ങും. നീണ്ട കഴുത്ത് പുറത്തു പിന്നിലേക്കു നീട്ടിവെയ്ക്കും. പിന്നെ, വെള്ളം കിട്ടുമ്പോള്‍ മൂക്കുമുട്ടെ കുടിക്കും.
''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

പ്രധാന മുറിയില്‍നിന്നുയര്‍ന്നേക്കാവുന്ന മൂന്ന് കൂര്‍ക്കംവലികളെ പേടിച്ച് അമ്മു ഇമെുറിയിലെ ഒറ്റക്കട്ടിലില്‍ കിടന്നുറങ്ങി. അര്‍ദ്ധരാത്രിയോട് അടുത്തെഴുന്നേറ്റപ്പോള്‍ ജനാലകളിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. ക്യാന്‍വാസ് ചുവരുകളില്‍ ഓരോ വശത്തും ഈരണ്ട് വെച്ച് ആറ് കൊച്ചുജനാലകളുണ്ട്, കട്ടിയുള്ള ചെറിയ വലക്കണ്ണികളുള്ളവ. ഓരോ ജാലകത്തിലും ഓരോ തുണ്ട് ആകാശം. ഓരോ തുണ്ടിലും തിങ്ങിനില്‍ക്കുന്ന അനേകം നക്ഷത്രങ്ങള്‍. ഓരോ ജാലകവും നിറയെ നക്ഷത്രങ്ങള്‍ പതിച്ച കുഞ്ഞു ഫ്രെയിമുകള്‍. വെകിളിപിടിച്ച ജാരനെപ്പോലെ കാറ്റ് പുല്‍ക്കൊടികള്‍ക്കും ചെറുമരങ്ങള്‍ക്കുമിടയില്‍ ചുറ്റിത്തിരിയുന്നുണ്ട്. അവരുയര്‍ത്തുന്ന പരിരംഭണ ശീല്‍ക്കാരങ്ങള്‍ ക്യാന്‍വാസ് ചുവരുകളെ വിറളിപിടിപ്പിക്കുന്നുണ്ട്. സൗരറാന്തലുകള്‍ എല്ലാറ്റിനും സാക്ഷിയായി അക്കേഷ്യക്കൊമ്പുകളില്‍ തൂങ്ങിക്കുണുങ്ങി കത്തുന്നുണ്ട്.

ഞാന്‍ മിനിയെ വിളിച്ചുണര്‍ത്തി. ജാലകപ്പഴുതുകളിലൂടെ എത്തിനോക്കി കണ്ണിറുക്കുന്ന നക്ഷത്രക്കുറുമ്പന്മാരെ കാട്ടിക്കൊടുത്തു. കാടിന്റെ നിശ്ശബ്ദത കേള്‍പ്പിച്ചു കൊടുത്തു. ഏതോ പക്ഷിയുടെ കനത്ത ചിറകടിശബ്ദം അലോസരപ്പെടുത്തുന്നതുവരെ ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു. പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി.

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''
''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

ചെറുതെങ്കിലും ആഴമേറിയ ഒരുറക്കത്തില്‍നിന്ന് ഞാനുണര്‍ന്നത് അത്യുച്ചത്തിലുള്ള ഊംകാരം കേട്ടാണ്. സിംഹഗര്‍ജ്ജനം തന്നെ, സംശയമില്ല. അടുത്തുനിന്നാണ്. ടെന്റിന്റെ തൊട്ടപ്പുറത്തവനുണ്ടോ? അരമിനിറ്റ് ഗര്‍ജ്ജനം. പിന്നെ മൂന്നു നാല് മിനിറ്റ് വിശ്രമം. വീണ്ടും സിംഹനാദം. നേരത്തെ കണ്ട സിംഹത്താന്‍ ഇണയെ കണ്ടെത്തിയോ? ഇണചേരലാണോ? കണ്ണുകള്‍ ഉരുട്ടിപ്പിടിച്ചു ഞാന്‍ കിടക്കയില്‍ത്തന്നെ കിടന്നു. വാക്കിടോക്കികള്‍ ഓണാക്കി അടുത്തുതന്നെ വെച്ചു. അരമണിക്കൂര്‍ അങ്ങനെ കിടന്നു. മൊബൈലില്‍ സമയം 3.30 എന്നു തെളിയുന്നുണ്ട്. ബാക്കിയുള്ളവരെ വിളിച്ചുണര്‍ത്തണോ?

15 മിനിട്ട് കൂടി കടന്നുപോയി. ഞാന്‍ മിനിയെ വിളിച്ചു. അവളും സിംഹത്തിനെ കേട്ടു കിടക്കുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ് ജുബയെടുത്തിട്ടു. സിംഹം പിടിച്ചാലും അര്‍ദ്ധനഗ്‌നനായി പിടിക്കപ്പെടരുത്. ഓരോ ജനലിനടുത്തു ചെന്നാലും ഓരോ ദിക്കിലാണ് സിംഹം. ഓരോ ജനലിനും തൊട്ടപ്പുറത്താണെന്നു തോന്നും. കുറച്ചുകഴിഞ്ഞ് ക്യാമ്പ് ജീവനക്കാര്‍ പുറത്തിറങ്ങി. മസായിച്ചേട്ടന്‍ തന്റെ മുനയന്‍ വടിയും ടോര്‍ച്ചുമായി ടെന്റുകളുടെ ഇടയിലേക്കിറങ്ങുന്നു. എന്താണിയാള്‍ ചെയ്യുന്നത്? സിംഹത്തിനെ ടോര്‍ച്ചടിച്ച് തപ്പിയെടുക്കാനോ? ഇടവിട്ടുള്ള ഗര്‍ജ്ജനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

മസായിച്ചേട്ടന് എന്തു പറ്റിയാവോ? മുറിയിലെ തണുപ്പെല്ലാം എവിടേക്കോ പേടിച്ചോടിപ്പോയിരിക്കുന്നു. ഒരിക്കല്‍ വാക്കിടോക്കിയെടുത്തതാണ്, ക്യാമ്പ് ഓഫീസിലേക്കു വിളിക്കാന്‍. വേണ്ടെന്നുവെച്ചു. അവര്‍ വന്നു കൊണ്ടുപോയാല്‍ ഇനി വന്നേക്കാവുന്ന ആക്ഷന്‍ നഷ്ടപ്പെടും. കാട്ടിലിങ്ങനെ പേടിച്ചിരിക്കുന്നതിനും ഒരു സുഖമുണ്ട്, അസുഖകരമായൊതൊന്നും സംഭവിക്കുന്നില്ലെങ്കില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗര്‍ജ്ജനമേളം തുടരുകയാണ്. ചിലപ്പോളത് അത്യുച്ചത്തിലാകും. അപ്പോള്‍ ടെന്റിന്റെ ക്യാന്‍വാസ് ചുവരുകള്‍ പെടക്കും. ഞങ്ങളുടെ ഹൃദയവും പട പട പെടയ്ക്കും. അപ്പുവിന്റെ 'ലയണ്‍ കിംഗ്' ബാല്യത്തില്‍ അവനു പറഞ്ഞുകൊടുത്ത ഗര്‍ജ്ജനശാസ്ത്രം ഞാന്‍ മിനിക്കു ചൊല്ലിക്കൊടുത്തു. അങ്ങനെയെങ്കിലും ഈ പെടപെടപ്പ് ഒന്നു മാറിനില്‍ക്കട്ടെ.

കാട്ടിലെ ഏറ്റവും മുഴക്കമുള്ള അലര്‍ച്ചയാണ് സിംഹത്തിന്റേത്. 114 ഡെസിബെല്‍ മുഴക്കം. നല്ലൊരു ഇടിവെട്ടിന്റെ അളവിനൊപ്പം. എട്ടു കിലോമീറ്റര്‍ ദൂരത്തേയ്ക്കു കേള്‍ക്കാം. സിംഹത്തിന്റെ സ്വരനാളപാളിയുടെ പ്രത്യേകതകളാണ് മൂപ്പര്‍ക്കു കാര്യമായ മെനക്കേടൊന്നുമില്ലാതെ വലിയ ശബ്ദത്തില്‍ അലറാന്‍ സഹായിക്കുന്നത്. ഈ പാളികള്‍ സമചതുരവും സാമാന്യം ബലവത്തുമാണ്. തന്റെ അരിശം അറിയിക്കാനും ഉശിര് വെളിപ്പെടുത്താനുമാണ് സിംഹം സാധാരണയായി ഗര്‍ജ്ജിക്കുന്നത്

കാട്ടിലെ ഏറ്റവും മുഴക്കമുള്ള അലര്‍ച്ചയാണ് സിംഹത്തിന്റേത്. 114 ഡെസിബെല്‍ മുഴക്കം. നല്ലൊരു ഇടിവെട്ടിന്റെ അളവിനൊപ്പം. എട്ടു കിലോമീറ്റര്‍ ദൂരത്തേയ്ക്കു കേള്‍ക്കാം. സിംഹത്തിന്റെ സ്വരനാളപാളിയുടെ പ്രത്യേകതകളാണ് മൂപ്പര്‍ക്കു കാര്യമായ മെനക്കേടൊന്നുമില്ലാതെ വലിയ ശബ്ദത്തില്‍ അലറാന്‍ സഹായിക്കുന്നത്. ഈ പാളികള്‍ സമചതുരവും സാമാന്യം ബലവത്തുമാണ്. തന്റെ അരിശം അറിയിക്കാനും ഉശിര് വെളിപ്പെടുത്താനുമാണ് സിംഹം സാധാരണയായി ഗര്‍ജ്ജിക്കുന്നത്. മറ്റൊരു സിംഹസംഘത്തലവന്‍ തന്റെ സാമ്രാജ്യ സീമ ലംഘിക്കാനൊരുങ്ങുമ്പോഴും ഗര്‍ജ്ജനം മുഴങ്ങും. പുലര്‍കാലങ്ങളില്‍ സിംഹരാജന്മാര്‍ക്ക് സ്ഥാനമുറപ്പിക്കുന്ന ഇത്തരം ഗര്‍ജ്ജനങ്ങള്‍ അപൂര്‍വ്വമല്ലത്രേ. അങ്ങാടിയില്‍ച്ചെന്നു കത്തിവീശിയലറുന്ന നമ്മുടെ നാടന്‍ റൗഡികളുടെ അതേ ലൈന്‍.

ഗര്‍ജ്ജനങ്ങളെണ്ണിയെണ്ണി സമയം പോകുന്നുണ്ട്. മസായിച്ചേട്ടന്‍ തിരിച്ചെത്തിയിട്ടില്ല. ക്യാമ്പ് ഓഫീസ് ഒന്നുകൂടി ഉഷാറായിട്ടുണ്ട്. കൂടുതല്‍ ജീവനക്കാര്‍ രംഗത്തുണ്ട്. ഇപ്പോള്‍ ഒരു ഫോര്‍ വീല്‍ ഡ്രൈവ് സഫാരി വണ്ടി ഞങ്ങളുടെ ടെന്റിനു മുന്‍പിലുണ്ട്. ഹെഡ്ലൈറ്റുകള്‍ ശക്തിയായി വെളിച്ചം തള്ളുന്നുണ്ട്. ഈ വെളിച്ചത്തിലായിരിക്കാം മസായിയിപ്പോള്‍ സിംഹത്തെ തപ്പുന്നത്. ഏതായാലും ഒരടിയന്തര സാഹചര്യം മണക്കുന്നു.

കുറച്ചുകഴിഞ്ഞ് മസായിച്ചേട്ടന്‍ ഞങ്ങളുടെ ടെന്റിന്റെ പിന്നില്‍നിന്നു മുന്നിലേക്കു വന്നു. സിംഹം കയ്യിലില്ല. സിംഹനാദം അപ്പുറത്തെവിടെനിന്നോ ഇപ്പോഴും കേള്‍ക്കാം. ക്രൂയിസര്‍ ഇരപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. ഹെഡ്ലൈറ്റുകള്‍ കൂടുതല്‍ വെളിച്ചം തള്ളുന്നുണ്ട്. ജീവനക്കാരില്‍ ഭൂരിഭാഗവും വണ്ടിക്കരികിലുണ്ട്.

ഞങ്ങളുടെ 'ധൈര്യശാലി' നാട്യങ്ങളെ ധിക്കരിച്ച രംഗങ്ങളാണ് പിന്നെ അരങ്ങില്‍ വന്നത്. ക്രൂയിസര്‍ മുന്നോട്ടു നീങ്ങി കുതിക്കാന്‍ തയ്യാറായി നിന്നു. ക്രൂയിസറിന്റെ പ്രകാശത്തിലൂടെ മൂന്നു പേര്‍ നിരകളിലറ്റത്തെ ടെന്റിലേക്ക് നീങ്ങുന്നു. മസായിയും മറ്റു രണ്ടു ജീവനക്കാരും. മസായിച്ചേട്ടന്റെ കയ്യില്‍ തന്റെ മുനയന്‍ കുറുവടി. മററാളുടെ കയ്യില്‍ ഘടാഘടിയന്‍ ബാരല്‍ തോക്ക്. കൂട്ടിനൊരു തടിയനും. സിംഹത്തിന്റെ ഒരു ഗംഭീരന്‍ ഗര്‍ജ്ജനം. മൂന്നംഗ സംഘം മുന്നോട്ട്. ഞാനും മിനിയും ജനലിലൂടെ,

ബാക്കിവന്ന അല്പം ധൈര്യവും വാക്കിടോക്കികളും മുറുകെപ്പിടിച്ച്, അടുത്തരംഗം കാത്തുനില്‍ക്കുന്നു. ജാലകപ്പാളികളില്‍ ഇപ്പോള്‍ താരകങ്ങള്‍ തിങ്ങുന്ന ഫ്രെയിമില്ല. പകരം ക്രൂയിസര്‍ വെളിച്ചത്തില്‍ ഭയം തിളയ്ക്കുന്നു.

ഏതാനും നിമിഷങ്ങള്‍. 'കമാന്‍ഡോ' സംഘം മടങ്ങുന്നു. കൂടെ രണ്ടു മാലാഖക്കുഞ്ഞു ങ്ങളുമായി വൈകുന്നേരം കണ്ട ബ്രിട്ടീഷ് കുടുംബം. പിന്നില്‍ ലഗേജും വടിയുമായി മസായിച്ചേട്ടന്‍. വലിഞ്ഞു മുറുകിയ മുഖങ്ങള്‍. അസമയത്തെ ആഘോഷം ആസ്വദിച്ച് കുഞ്ഞുങ്ങള്‍. കുടുംബം സഫാരി വണ്ടിയിലേറി ക്യാമ്പ് വിടുന്നു. ദൈവമേ, അതൊരു ഇവാക്വേഷ്യനായിരുന്നു, മിനി വിറയലോടെ പുലമ്പുന്നു. സിംഹത്താന്‍ ഏതാനും ഗര്‍ജ്ജനങ്ങള്‍ തുടര്‍ന്നു. പിന്നെയതിന്റെ ആക്കവും അക്കവും കുറഞ്ഞുകുറഞ്ഞു വന്നു. ആ ബ്രിട്ടീഷ് കുടുംബത്തിനെ ഓടിക്കാനായിരുന്നോ മൂപ്പരുടെ ഈ പരാക്രമമെല്ലാം? സാമ്രാജ്യത്വവിരുദ്ധന്‍ തന്നെ ഈ വിരുതന്‍. ഞങ്ങള്‍ പിന്നെ ഉറങ്ങാന്‍ ശ്രമിച്ചില്ല. സെരങ്കട്ടിയിലേക്ക് അന്നത്തെ ആദ്യ സഫാരിക്കാരന്‍ തന്റെ വട്ടപ്പൊട്ടു വെളിച്ചവുമായി എത്തുന്നതുവരെ ഞങ്ങള്‍ അമ്മയുടെ കൂര്‍ക്കംവലികള്‍ക്കു

കാവലിരുന്നു. ആറിനുതന്നെ ചൂട് വെള്ളം തയ്യാര്‍ വിളംബരം വന്നു. പുറത്തു രാത്രിയിലെ കുടിയൊഴിപ്പിക്കല്‍ തന്നെ പ്രഭാതഭേരിയിലെ പ്രധാന വിഷയം. സെരങ്കട്ടി വിട്ട്‌പോവാന്‍ തയ്യാറല്ലാത്ത കുറേ 'താരക ഭീകരര്‍' ഇപ്പോഴും ആകാശത്തുണ്ട്.

ഞങ്ങള്‍ കുളിയൊക്കെ കഴിഞ്ഞ് ടെന്റിന്റെ ഉമ്മറക്കസേരകളിലിരുന്നു. രാത്രി സുഖമായൊന്നു പേടിക്കാനാവാത്തതില്‍ അമ്മുവും അമ്മയും പരിഭവപ്പെട്ടു. ക്യാമ്പിനു ചുറ്റുമുള്ള അക്കേഷ്യ കുടമരങ്ങള്‍ ഉണരുന്നതേയുള്ളൂ. നേരത്തേയെത്തിയ ഒരുപറ്റം ചെറുകിളികള്‍ ആര്‍ത്തു ചിലച്ച് അക്കേഷ്യയെ അലോസരപ്പെടുത്തുന്നു. അല്പം ദൂരെ പുല്‍മേട്ടിലൂടെ ഒരു ഗജസംഘം അലസം നടന്ന് നീങ്ങുന്നു. കുട്ടികളും കുട്ടന്മാരും കുറുമ്പന്മാരും മുതിര്‍ന്നവരും കൂട്ടത്തിലുണ്ട്. കൂട്ടത്തിലൊരു തെമ്മാടി നെടുനീളെ പിണ്ടമിട്ടും മൂത്രമൊഴിച്ചുമാണ് നീങ്ങുന്നത്. ഒരു പറ്റം ഇംപാലകള്‍ ടെന്റിനോട് ചേര്‍ന്നു തന്നെ കളിച്ചും കറങ്ങിയും പുല്ലടിക്കുന്നുണ്ട്. ഇവരിങ്ങനെ തിമിര്‍ത്ത് ആ അലറന്‍ മൃഗരാജനെ തിരിച്ചുകൊണ്ടുവരുമോ? മുപ്പതോളം വരുന്ന കാട്ടുപോത്തുകളുടെ കൂട്ടം ക്യാമ്പിനു മുന്നിലുള്ള താഴ്വരയില്‍നിന്നു കയറിവരുന്നു. രണ്ടോ മൂന്നോ തലകളാണ് താഴ്വാരത്തുഞ്ചത്ത് ആദ്യം പൊന്തിവന്നത്. പിന്നെ തലകള്‍ പെരുകിപ്പെരുകി കറുത്ത ദ്വീപായി. കാലന് ഇവിടെയേതായാലും യാത്രാപ്രശ്‌നങ്ങളുണ്ടാവില്ല.

പോത്തിന്‍ കൂട്ടം
പോത്തിന്‍ കൂട്ടം

സഫാരിക്കിടയില്‍ ഇതുവരെയൊരിക്കലും ഇത്ര വലിയ പോത്തിന്‍ കൂട്ടത്തെ കണ്ടിട്ടില്ലെന്നാണ് റഷീദ് പറയുന്നത്. ഇതേതാണ്ട് ഒരുങ്ങിപ്പുറപ്പെട്ടപോലെയാണ് കാലന്റെ പട ഇളകിവരുന്നത്. സിംഹം വന്നതുപോലെ നിസ്സാരമല്ല പോത്തുകളുടെ വരവെന്ന് ക്യാമ്പിലെ ജീവനക്കാരുടെ മുന്നറിയിപ്പ് കൂടിയായപ്പോള്‍ ഞങ്ങള്‍ കസേരകളിലെ സുഖമായ ഇരിപ്പുപേക്ഷിച്ച് ഡൈനിങ്ങ് ഹോളിലേക്കു നടന്നു. കാട്ടിലായാലും പോത്ത്, പോത്ത് തന്നെ. വേദമോതിയിട്ട് ഒരു കാര്യവുമില്ല. ഒന്നോതി നോക്കാന്‍ കാട്ടിലെ വേദം വശവുമില്ല. എതായാലും സമൃദ്ധവും രുചികരവുമായ പ്രാതല്‍ കഴിച്ചിറങ്ങുമ്പോഴേക്കും പോത്ത് ഗണം മറ്റൊരു വഴിക്കു തിരിഞ്ഞു പോയിരുന്നു.

എട്ടരയ്ക്ക് റഷീദ് സഫാരി വണ്ടി തയ്യാറാക്കി. അന്നത്തെ ആദ്യത്തെ ഹക്കുണ മത്താത്തയില്‍ അമ്മ വണ്ടിക്കകത്ത്. ക്യാമ്പ് പരിസരത്തുനിന്ന് കുലുങ്ങിക്കുലുങ്ങിയിറങ്ങി വണ്ടി സെരങ്കട്ടിയുടെ മണ്‍റോഡുകളിലെത്തി. രാത്രിയിലെ സിംഹസന്ദര്‍ശനത്തെക്കുറിച്ച് റഷീദിനോട് വീരസ്യം പറയുകയാണ് അമ്മ. ആ സമയമത്രയും സിംഹം നാണിക്കും ഉച്ചത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു അമ്മ എന്നു ഞങ്ങള്‍ റഷീദിനോട് പറഞ്ഞില്ല. രാത്രിയിലെ പുകിലിനൊക്കെ റഷീദും സാക്ഷിയായിരുന്നത്രേ. സിംഹം രണ്ടു കിലോമീറ്ററെങ്കിലും അപ്പുറമായിരുന്നു എന്നാണ് റഷീദിന്റെ കണക്ക്. ഗര്‍ജ്ജനത്തിന്റെ ദൈര്‍ഘ്യഘോഷങ്ങളും അതു ക്യാന്‍വാസ് ചുവരിലുണ്ടാക്കുന്ന പ്രകമ്പനങ്ങളും കണക്കിലെടുത്താണ് റഷീദ് ആ ദൂരമളന്നത്.

ഗര്‍ജ്ജന ശേഷിയുള്ള മൃഗങ്ങള്‍ നാലേയുള്ളൂ എന്നാണ് റഷീദ് പറയുന്നത്. ഈ നാലുകൂട്ടര്‍ക്കേ അതിനുതക്ക ശക്തിയുള്ള സ്വരനാളിപ്പേശികളുള്ളൂ. സിംഹം, കടുവ, പുള്ളിപ്പുലി, ജഗ്വാര്‍. ചീറ്റപ്പുലിക്കൊക്കെ ചീറ്റലേയുള്ളൂ, ഗര്‍ജ്ജനമില്ല. ഞാനറിഞ്ഞ ഗര്‍ജ്ജനശാസ്ത്രത്തിലേക്കു പുതിയ അറിവുകള്‍ ചേര്‍ത്താണ് സഫാരി പുരോഗമിക്കുന്നത്.

പൊക്കം ദുഃഖമായ

ജിറാഫുകള്‍

പ്രഭാതത്തിന്റെ സഹജമായ ആലസ്യം പുരണ്ടൊരു ഉണര്‍വ്വ് കാടിനും മൃഗങ്ങള്‍ക്കും ഞങ്ങള്‍ക്കും ക്രൂയിസര്‍ വണ്ടിക്കും അപ്പോഴും ഉണ്ടായിരുന്നു. പുല്‍നാമ്പുകളിലെ വെള്ളം നക്കിയെടുക്കുന്ന ഒരു കുഞ്ഞന്‍ ജിറാഫായിരുന്നു ഇന്നത്തെ കണിമൃഗം. ഒറ്റയ്ക്കായത്‌കൊണ്ടാവാം ഞങ്ങളെ കണ്ടതും മൂപ്പരോട്ടം പിടിച്ചു. പിടിച്ചോ പടം എന്നു പറഞ്ഞ് റഷീദ് പിന്നാലെ പിടിച്ചു. രണ്ടു ക്യാമറകള്‍ ആ ഓട്ടത്തെ വീഡിയോക്കൂട്ടിലടച്ചു. ഓടുന്ന ജിറാഫിനെ പടമാക്കാന്‍ കിട്ടുന്നത് അത്ര സാധാരണമല്ലത്രേ. ഇതുവരെയുള്ള സഫാരിക്കിടയില്‍ മാനിനേയും സീബ്രയേയും സിംഹത്തേയും പോത്തിനേയും വില്‍ഡ് ബീസ്റ്റിനേയുമൊക്കെ ഓടുന്നവരുടെ കൂട്ടത്തില്‍ കണ്ടിട്ടുണ്ട്. ശരിയാണ്, ജിറാഫുകള്‍ അലസമായങ്ങനെ നിതംബസൗന്ദര്യവും മുഴപ്പിച്ച് തലനീട്ടി നടക്കുന്നതേ കണ്ടിട്ടുള്ളൂ. ആനകള്‍ ചിലപ്പോഴെങ്കിലും ദ്രുതനടയുമായി എത്താറുണ്ട്.

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''
''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ഓടിപ്പോയ ജിറാഫിന്റെ കുട്ടി അമ്മയുടെ അടുത്തെത്തിയിരിക്കുന്നു. കഴുത്തോട് കഴുത്തുവെച്ച് കുട്ടിയുടെ ചങ്കിടിപ്പളക്കുകയാണ് അമ്മ. എന്നിട്ട്, സാരമില്ല, പേടിക്കേണ്ട, സഫാരിക്കാരല്ലേ, കണ്ടിട്ടങ്ങ് പൊയ്ക്കോളും എന്ന് ആശ്വസിപ്പിക്കുന്നുണ്ടാവും. കൂട്ടംവിട്ട് പോയിട്ടല്ലേ? ഇനിയങ്ങനെ പോകരുത് എന്നു സ്‌നേഹത്തോടെ ശാസിക്കുന്നുണ്ടാവാം. അമ്മയും കുഞ്ഞും പിന്നെ തൊട്ടപ്പുറത്ത് മേഞ്ഞിരുന്ന രണ്ട് വലിയ ജിറാഫുകളുടെ കൂട്ടത്തില്‍ ചേര്‍ന്നു. സുരക്ഷിതത്വത്തില്‍നിന്നു കൂടുതല്‍ സുരക്ഷിതത്വത്തിലേക്ക്. കാട്ടില്‍ കാര്യങ്ങള്‍ ഭാഗ്യത്തിനു വിട്ടുകൊടുത്ത്കൂടാ. സംഘബലമാണ് പ്രധാന പ്രതിരോധം. കഷ്ടമായി, അവരെ രാവിലെത്തന്നെ ഇത്രയും ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ല. റഷീദിന് അത്തരം മനഃക്ലേശമൊന്നുമില്ല. കാടല്ലേ സാറേ. സഫാരിയല്ലേ. പിന്നെ ആ കുഞ്ഞിന് ഓട്ടത്തിന്റെ കുറവുമുണ്ട്, എന്ന് റഷീദ്.

പൊക്കമുണ്ടെന്ന് എന്നൊക്കെ ആ നില്‍പ്പ് കണ്ടാല്‍ തോന്നുമെങ്കിലും ജിറാഫിന്റെ ബയോഡാറ്റ അത്ര മോശമല്ല. 19 അടിപ്പൊക്കം. 2800 പൗണ്ട് ഭാരം. ദിവസേന 150 പൗണ്ട് തീറ്റയും. മണിക്കൂറില്‍ 35 മൈല്‍ താണ്ടുന്ന ഓട്ടം. പൊക്കം തന്നെയാണ് ജിറാഫിന്റെ ദുഃഖവും. വെള്ളം കുടിക്കണമെങ്കില്‍ മുന്‍കാലുകള്‍ അകറ്റിയകറ്റിവെച്ചു കുനിയണം. അതായിരുന്നല്ലോ ഇന്നത്തെ ആദ്യ കാഴ്ച. ഒന്നു കിടക്കണമെങ്കില്‍ വല്ലാത്ത ഒരുക്കങ്ങള്‍ വേണം. കിടന്നാല്‍ എണീക്കാന്‍ അതിലും കൂടുതല്‍ വേണം അഭ്യാസങ്ങള്‍. ശയനാവസ്ഥയില്‍ വല്ല ക്രൂരന്മാരുടേയും കണ്ണില്‍പ്പെട്ടാല്‍ അവിടെത്തീര്‍ന്നു തന്റെ ചരിത്രം. അതുകൊണ്ട് മൂപ്പര് നിന്നുറങ്ങും. നീണ്ട കഴുത്ത് പുറത്തു പിന്നിലേക്കു നീട്ടിവെയ്ക്കും. പിന്നെ, വെള്ളം കിട്ടുമ്പോള്‍ മൂക്കുമുട്ടെ കുടിക്കും.

ജിറാഫുകളുടെ കൂട്ടത്തിലേക്കു കണ്ണുരുട്ടി അഞ്ചാറു ചെറു മാനുകള്‍ ചരല്‍പാതയ്ക്ക് മറുവശത്ത് എത്തിയിട്ടുണ്ട്. പുല്ല് തിന്നുകയും പെട്ടെന്നു ഞെട്ടിത്തിരിഞ്ഞ് തലയുയര്‍ത്തുകയും ജിറാഫുകളേയും പിന്നെ ഞങ്ങളേയും തുറിച്ചുനോക്കും. വീണ്ടും പുല്ലിലേയ്ക്കു മടങ്ങും. എന്താ, എന്താ ഇവിടെ നടക്കുന്നത് എന്നൊരു ചോദ്യം ആ ഉണ്ടക്കണ്ണുകളിലുണ്ട്. ചെറുപ്രായക്കാരായ ചെറുമാനുകള്‍ എന്നേ എന്റെ അല്പജ്ഞാനം എന്നോട് പറഞ്ഞുള്ളൂ. ഡിക്ക് ഡിക്ക് (DikDik) എന്ന കുഞ്ഞന്‍ മാനുകളാണവയെന്ന് റഷീദ് തിരുത്തിത്തന്നു. പിന്നീട് ആന്റ്ലോപ്പ് എന്നു പൊതുവെ അറിയപ്പെടുന്ന ജന്തുവിഭാഗത്തെപ്പറ്റി റഷീദ് ക്ലാസ്സ് തുടങ്ങി. പുള്ളിമാന്‍, പുള്ളിയില്ലാത്ത മാന്‍, കസ്തൂരിമാന്‍, കലമാന്‍ എന്നിങ്ങനെയുള്ള ചുരുക്കം പേരുകളില്‍ ചുറ്റിത്തിരിഞ്ഞ ഞങ്ങളുടെ 'മാനറിവുകള്‍' റഷീദിനു മുന്‍പില്‍ വാല്‍ചുരുട്ടി നിന്നു.

ഏറ്റവും ചെറിയ ആന്റെലോപ് -ഡിക്ക് ഡിക്ക്
ഏറ്റവും ചെറിയ ആന്റെലോപ് -ഡിക്ക് ഡിക്ക്

തൊണ്ണൂറോളം ഉപവിഭാഗങ്ങളുള്ള വലിയൊരു മൃഗസഞ്ചയമാണ് ആന്റ്ലോപ്പുകള്‍. പശുവും പോത്തും ആടും പോലെ പിളര്‍പ്പന്‍ കുളമ്പുകളുള്ളവരുടെ വലിയ തറവാടായ ബോവിഡേ (bovidae)യുടെ ഒരു പ്രധാന താവഴിയാണ് ഇവര്‍. ആഫ്രിക്കയുടെ എലാന്‍ഡുകള്‍ (eland), ഹര്‍ട്ട് ബീസ്റ്റുകള്‍, സാവന്നയില്‍ നാം കണ്ടുമടുത്ത വില്‍ഡ് ബീസ്റ്റുകള്‍, ടോപ്പികള്‍ (topi), ബുഷ് ബക്കുകള്‍, വാട്ടര്‍ ബക്കുകള്‍, പുക്കു. കുടു, പിന്നെ ഗസെല്ലെകള്‍ (Thomosn's, Grant) അങ്ങനെ അംഗസമൃദ്ധമാണ് ഈ കുടുംബം. കൂട്ടത്തില്‍ ഏറ്റവും ചെറിയവയാണ് ഡിക്ക് ഡിക്കുകള്‍. അവരാണ് അപ്പുറത്തുനിന്ന് ജിറാഫുണ്ണിയെ ഓടിച്ചതിനു വെളുത്ത വലയത്തിനുള്ളിലെ ഉണ്ടക്കണ്ണുകള്‍ ഉരുട്ടിക്കാണിക്കുന്നത്.

റഷീദിന്റെ ക്ലാസ്സ് തുടങ്ങിയപ്പോഴാണ് അടുത്തും അവയ്ക്കപ്പുറത്തുമായി മേയുന്ന മാന്‍കൂട്ടങ്ങളെ ഞങ്ങള്‍ കണ്ടുതുടങ്ങിയത്. അറിയുമ്പോളേ നോക്കുകയുള്ളു, നോക്കുമ്പോളേ കാണുകയുള്ളു എന്ന ആഫ്രിക്കന്‍ ഗോത്രമൊഴി കാടിനെക്കുറിച്ചു തന്നെയായിരിക്കാം.

നേരത്തെ കണ്ട ജിറാഫുകളുടെ കൂടെ മൂന്നു പേര്‍ കൂടി ചേര്‍ന്ന് ആറര സംഘമായിരിക്കുന്നു ഇതിനിടയില്‍. എല്ലാവരും ചെറുമരങ്ങളില്‍നിന്നു പച്ചിലകള്‍ തിന്നുകയാണ്. അവര്‍ക്കൊപ്പം ഒരു മാന്‍കൂട്ടം പുല്ലെടുക്കുന്നുണ്ട്. കൂടെത്തന്നെ ഒരു കാട്ടുപന്നിക്കുടുംബം - അമ്മയും നാല് കുഞ്ഞുങ്ങളും - ബ്രേക്ക്ഫാസ്റ്റിന്റെ തിരക്കിലാണ്. ഇത്തരം കൂട്ടായ്മകള്‍ വനങ്ങളില്‍ സാധാരണമാണ്. കൂടി നിന്നാല്‍ കൂടുതല്‍ നില്‍ക്കാം എന്നതാണതിന്റെ അടിക്കുറിപ്പ്. വേട്ടക്കാരുടെ വരവ് നേരത്തെയറിയാനും രക്ഷപ്പെടാനും ഇതു സഹായിക്കും. ഓരോരുത്തരും അവരവരുടെ കേമമായ ഇന്ദ്രിയങ്ങള്‍ കൂര്‍പ്പിച്ചുവെച്ച് പരസ്പര പൂരകങ്ങളാവും.

അവയാണ് ഗസെല്ലകള്‍, മൃഗസഞ്ചയത്തിലെ മാനുകളെ ചൂണ്ടി റഷീദ് ക്ലാസ്സ് തുടരുകയാണ്. ഗസല്‍ എന്നാല്‍, പ്രണയകാവ്യം. പ്രണയത്തിന്റെ പ്രതീകങ്ങളാകുന്നു ഈ സുന്ദരന്മാരും സുന്ദരിമാരും. ആന്റ്ലോപ്പുകളിലെ ഒരു പ്രധാന സംഘമാകുന്നു ഗസല്ലകള്‍ (Gazelles). എല്ലാ ഗസെല്ലകളും ആന്റ്ലോപ്പുകളാണ്, എന്നാല്‍, എല്ലാ ആന്റ്ലോപ്പുകളും ഗസെല്ലകളല്ല. അല്പം പൊക്കം കുറഞ്ഞ് ഒതുക്കവും ഓമനത്വവും ഉള്ള ശരീരമാണ് ഇവരുടേത്. ഇവരായിരിക്കണം നമ്മുടെ പുള്ളിമാന്റേയും കസ്തൂരിമാന്റേയും കുടുംബക്കാര്‍. കണ്വാശ്രമത്തിലെ സുന്ദരഹരിണി, ശകുന്തളയുടെ കൂട്ടുകാരി. വനവാസകാലത്ത് സീതയെ ഭ്രമിപ്പിച്ച മാരീചരൂപം.

ഇവര്‍ തോംസണ്‍സ് ഗസ്സല്ലകള്‍. സെരങ്കട്ടിയില്‍ എമ്പാടും കാണാം എന്ന് റഷീദ്. മാംസഭോജി മൃഗങ്ങളുടെ നോട്ടപ്പുള്ളികള്‍. അതിനാല്‍ അതിവേഗത്തില്‍ ഓടുന്നവര്‍. നാലു കാലിലമര്‍ന്നുപൊങ്ങി വേട്ടക്കാരനെ തോല്‍പ്പിക്കുന്ന slotting എന്ന ചാട്ടത്തില്‍ വൈദഗ്ദ്ധ്യമുള്ളവര്‍. നല്ല മയമുള്ള ഇളം തവിട്ടു നിറം. അതങ്ങനെയിറങ്ങി വശങ്ങളിലേക്കെത്തുമ്പോള്‍ തവിട്ട്‌നിറം ഒന്നു മങ്ങും. അടിവയര്‍ കൊതിപ്പിക്കുംവിധം തൂവെള്ളയും ഒതുങ്ങിയതുമാണ്. വെള്ളവയറിനേയും തവിട്ട് കുപ്പായത്തിനേയും വേര്‍തിരിച്ച് കടുപ്പത്തിലൊരു കറുത്തവരയുണ്ട്. എല്ലാം കൂടുമ്പോള്‍ സൗന്ദര്യത്തികവ്. കൂട്ടത്തില്‍നിന്ന് കടുപ്പത്തില്‍ തവിട്ടു കുപ്പായമിട്ട അഞ്ചുപേരെ മാറ്റിച്ചൂണ്ടി റഷീദ് പറഞ്ഞു: അതാണ് ഗ്രാന്റ്സ് ഗസെല്ലകള്‍. ശരിയാണ്, ഇവര്‍ കുറച്ചുകൂടി ഇരുണ്ടവരാണ്. പള്ളയ്ക്കുള്ള കറുത്ത വരയുമില്ല. ഒരേ പോലെയുള്ള പലതരം മാനിനങ്ങള്‍ കൂടിക്കുഴഞ്ഞു കഴിയുന്നത് സാധാരണമാണത്രേ. നമ്മള്‍ അവര്‍ക്കു വെവ്വേറെ പേരുകളിട്ട് വെവ്വേറെ കള്ളികളിലാക്കിയത് അവര്‍ക്കറിയില്ലല്ലോ.

അപ്പോ, ഈ കൂട്ടത്തിലുള്ളതായിരിക്കുമല്ലേ നമ്മുടെ പുള്ളിമാനുകള്‍. അമ്മയുടെ മലയാളത്തിലുള്ള സംശയം റഷീദിന് ഇംഗ്ലീഷില്‍ മനസ്സിലായി.

ഇന്ത്യന്‍ സ്പോട്ടട് ഡീര്‍ അല്ലേ സൂപ്പര്‍ മാമ പറയുന്നത്? അവരീ കൂട്ടത്തിലേ പെട്ടതല്ല. ഈ കുടുംബത്തിലേ പെട്ടതല്ല. പുറത്ത്. പുറത്ത്. റഷീദ് അമ്മയെ ചൊടിപ്പിക്കുന്നു.

അതെന്താ ഞങ്ങളുടെ മാനുകള്‍ പുറത്ത്. ഇതുപോലെത്തന്നെയാണ്. അമ്മ തര്‍ക്കിക്കുന്നു.

അമ്മയുടെ ഈ ഡീറുകള്‍ക്ക് ഇതുപോലെ നേര്‍ക്കൊമ്പല്ലല്ലോ? കൊമ്പുകള്‍ക്കു ചില്ലകളില്ലേ? ശരിക്കു പറഞ്ഞാല്‍ അവ കൊമ്പുകളേയല്ല. ആന്റ്ലര്‍ (antler) എന്നു പറയും. ഇടയ്ക്ക് പൊഴിഞ്ഞു പോകും. കൊമ്പുകള്‍ സ്ഥിരമായിരിക്കും.

ആ മറുപടിയിലൂടെ, ആന്റ്ലോപ്പുകള്‍ എന്ന വലിയ തറവാട്ടില്‍നിന്നു നമ്മുടേയും ശകുന്തളയുടേയും മാലിനി തീരത്തേയും മാനുകളെ റഷീദ് ഇറക്കിവിട്ടു.

നിഷ്‌കളങ്കതയുടേയും ദിവ്യപ്രേമത്തിന്റേയും അവതാരങ്ങളായി നമ്മുടെ മനസ്സുകളില്‍ കയറിപ്പറ്റിയ ഹരിണഹിമാറുകള്‍ ഏതെല്ലാം കൂട്ടങ്ങളിലും കുടുംബങ്ങളിലുമാണ് നുഴഞ്ഞുകയറിയിട്ടുള്ളത്. സത്യത്തില്‍ ആന്റ്ലോപ്പുകളെ മാനെന്ന് റഷീദ് വിശേഷിപ്പിച്ചതേയില്ല. രൂപസാദൃശ്യങ്ങള്‍കൊണ്ട് ഇംപാലകളേയും ഡിക്ക് ഡിക്കുകളേയും മറ്റും മാനുകളെന്നു ഞങ്ങള്‍ തെറ്റിദ്ധരിച്ചുറപ്പിച്ചതാണ്. റഷീദിന്റെ തിരുത്തലുകള്‍ക്കു ശേഷവും ഞങ്ങള്‍ക്കവയെല്ലാം മാനുകളായിരുന്നു).

നമ്മുടെ മാനാണ് ശരിക്കും മാനുകള്‍. ഇതു വെറും ആന്തലോപ്പുകള്‍. റഷീദിന്റെ ആന്റ്ലോപ്പുകളെ അമ്മ തിരിച്ചും പുറത്താക്കി. തന്റെ 'മാന്‍ സ്മൃതി' പുസ്തകം അടച്ചുവെച്ച് റഷീദ് വണ്ടി സ്റ്റാര്‍ട്ടാക്കി.

(അന്നു വൈകിട്ട് ടെന്റിലെത്തിയപ്പോള്‍ ഞങ്ങള്‍ ഇക്കാര്യങ്ങളൊന്ന് ഗൂഗിള്‍ ചെയ്തു. റഷീദ് പറഞ്ഞതു ശരിയാണ്. ആന്റ്ലോപ്പുകള്‍ ബോവിഡേ കുടുംബക്കാരാണ്. പുള്ളിമാനുകള്‍ ഈ കുടുംബത്തിലേയില്ല. അവര്‍ cervide കുടുംബക്കാരാണ്. നമ്മുടെ കസ്തൂരിമാനാകട്ടെ, ഇതിലൊന്നും പെടാതെ മറ്റൊരു വീട്ടുകാരാണ്. നോക്കൂ,

നിഷ്‌കളങ്കതയുടേയും ദിവ്യപ്രേമത്തിന്റേയും അവതാരങ്ങളായി നമ്മുടെ മനസ്സുകളില്‍ കയറിപ്പറ്റിയ ഹരിണഹിമാറുകള്‍ ഏതെല്ലാം കൂട്ടങ്ങളിലും കുടുംബങ്ങളിലുമാണ് നുഴഞ്ഞുകയറിയിട്ടുള്ളത്. സത്യത്തില്‍ ആന്റ്ലോപ്പുകളെ മാനെന്ന് റഷീദ് വിശേഷിപ്പിച്ചതേയില്ല. രൂപസാദൃശ്യങ്ങള്‍കൊണ്ട് ഇംപാലകളേയും ഡിക്ക് ഡിക്കുകളേയും മറ്റും മാനുകളെന്നു ഞങ്ങള്‍ തെറ്റിദ്ധരിച്ചുറപ്പിച്ചതാണ്. റഷീദിന്റെ തിരുത്തലുകള്‍ക്കു ശേഷവും ഞങ്ങള്‍ക്കവയെല്ലാം മാനുകളായിരുന്നു).

അന്നു പിന്നെ സെരങ്കട്ടിയിലെമ്പാടും ആന്റ്ലോപ്പുകളായിരുന്നു. മുന്‍പൊക്കെ ഓ മാന്‍ എന്ന് അവഗണിച്ചു കാഴ്ചയില്‍നിന്നേ തള്ളിമാറ്റുകയായിരുന്നു ഇവരെ. അവരിപ്പോള്‍ ഗസെല്ലെകളും ടോപ്പികളും ഡിക്കുകളുമൊക്കെയായി വന്നു നിറയുകയാണ്. കൂട്ടത്തില്‍ സുന്ദരി ഡിക്ക്-ഡിക്ക് തന്നെ. മാന്‍ കൂട്ടത്തിലെ ശലഭങ്ങളാണവര്‍. മറ്റ് മാനുകളെപ്പോലെ ഓടിനടന്ന് ഇണ ചേരുന്ന അലമ്പന്മാരുമല്ല. ജീവിതാവസാനം വരെ ഏകപത്‌നീ, പതിവ്രതക്കാര്‍. അറിവുകളുടെ പുതിയ സാവന്നകളിലൂടെയാണ് റഷീദ് ഞങ്ങളെ തെളിച്ചുകൊണ്ടുപോകുന്നത്. അപ്പോഴാണ് മൃഗങ്ങളെ അടുത്തു കാണുന്നതും അടുത്തറിയുന്നതും. പഴയ ഗോത്രമൊഴി പിന്നെയും ഓര്‍ത്തു, അറിഞ്ഞാലേ നോക്കുകയുള്ളൂ. നോക്കിയാലേ കാണുകയുള്ളൂ.

ടോപ്പികളെ ഒറ്റയ്ക്കും തെറ്റയ്ക്കും ഇതിനിടയില്‍ പലതവണ കണ്ടെങ്കിലും അവയെ ഹര്‍ട്ട് ബീസ്റ്റ് എന്നാണ് റഷീദ് പരിചയപ്പെടുത്തിയത്. റഷീദിനെ കുറ്റം പറയരുത്. രണ്ടു കൂട്ടരും ആന്റ്ലോപ്പുകളാണ്. രൂപത്തിലും സാമ്യമുണ്ട്. ഒരു ചെറിയ മണ്‍കൂനയിലേയ്ക്ക് വിക്ടറി സ്റ്റാന്‍ഡിലേക്കെന്നപോലെ കയറിനില്‍ക്കുന്ന മൂന്ന് ഹര്‍ട്ട് ബീസ്റ്റുകള്‍ അല്പസമയത്തിനുള്ളില്‍ത്തന്നെ റഷീദിനെ തിരുത്തി. ഒന്നു മങ്ങിയ തവിട്ടുനിറമാണ് ഹര്‍ട്ട് ബീസ്റ്റിന്. ടാനെന്നു പറയാവുന്ന കടുത്ത തവിട്ടുനിറമാണ് ടോപ്പികള്‍ക്ക്. തോളിലും ഇടുപ്പിലും മുഖത്തുമായി കറുപ്പിന്റെ തേപ്പും. മഞ്ഞ സോക്‌സിട്ട കാലുകള്‍. നല്ല ആകാരസൗഷ്ഠവം. പേശീ സമൃദ്ധവും സുന്ദരവുമായ നിതംബം. തരംഗീറി വനത്തില്‍വെച്ചു തുടങ്ങിയ നിതംബഭംഗി മത്സരത്തിലേക്ക് അപ്പോള്‍ തന്നെ ടോപ്പിയെ രജിസ്റ്റര്‍ ചെയ്തു.

ടോപ്പി
ടോപ്പി

ഇവരെന്തിനാ ഈ തുറന്ന സ്ഥലത്തിങ്ങനെ മേയുന്നത്? സിംഹത്തിന്റേം പുലീടേം വായില്‍പ്പെടാനായിട്ട്. ആ കുറ്റിക്കാടിനപ്പുറത്തോ

കാട്ടീന്തപ്പനയുടെ മറവിലോ ചെന്നു പുല്ല് തിന്നാല്‍ പോരേ? മണ്‍പാതയോട് ചേര്‍ന്നു മേയുന്ന മാനുകള്‍ക്ക് അമ്മയുടെ വക ശകാരവര്‍ഷം. ഈ മുത്തശ്ശിക്കെന്തറിയാം. മണ്ടിപ്പെണ്ണ് എന്നു പിറുപിറുത്ത് മാനുകള്‍ തീറ്റ തുടര്‍ന്നു. റഷീദ് പൊട്ടിച്ചിരിച്ചു. അമ്മയെ കളിയാക്കാന്‍ കിട്ടുന്ന ഒരവസരവും റഷീദിപ്പോള്‍ കളയാറില്ല. അമ്മ തിരിച്ചും അങ്ങനെത്തന്നെ. പരസ്പരം കളിയാക്കിക്കളിയാക്കി അവര്‍ അടുത്ത കൂട്ടുകാരായിരിക്കുന്നു. അതേയ്, അമ്മയുടെ ബുദ്ധിയല്ല കാട്ടിലെ ബുദ്ധി, മാനുകളുടെ ബുദ്ധി. റഷീദ് വിശദീകരിക്കുന്നു - തന്നെക്കണ്ടാലേ തനിക്കും കാണാന്‍ കഴിയൂ എന്നതാണത്രേ ഈ മറയില്ലാതെ മേയുന്നതിലെ സുതാര്യതായുക്തി. കാഴ്ചയുടെ പുതിയൊരു ടുവേ (two way) ഫിലോസഫിയായിരുന്നു അത്.

സാവന്നയിലിപ്പോള്‍ പ്രഭാതത്തിന്റെ ചിഹ്നങ്ങളൊന്നും അവശേഷിക്കുന്നില്ല. മൃഗങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഒറ്റയ്ക്കും തെറ്റയ്ക്കും വിശ്രമത്തിലാണ്. സെരങ്കട്ടിയിലെത്തിയതിനു ശേഷം സമയത്തിന്റെ അക്കപ്പോരുകളിലൊന്നും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. മൊബൈല്‍ ഫോണുകള്‍

ക്യാമറപ്പണിക്കാരായി മാറിയിരുന്നു. അതിലെ സമയമെഴുത്തുകള്‍ അപൂര്‍വ്വമായേ ഞങ്ങള്‍ ഗൗനിച്ചിരുന്നുള്ളു. ഇന്നു പുലര്‍ച്ചെ സിംഹഗര്‍ജ്ജനങ്ങളോടൊപ്പം കണ്ട 3.30 പോലെ. രാവിലെ നാസ്ത കഴിച്ചിറങ്ങുന്നു, ഉച്ചയ്ക്കു കാട്ടിലെവിടെയെങ്കിലും ഇരുന്നു ഭക്ഷണം കഴിക്കുന്നു. സായാഹ്നത്തില്‍ ടെന്റിലേക്കു മടങ്ങുന്നു. രാത്രിയില്‍ അത്താഴം കഴിച്ചു കിടക്കുന്നു. അത്രത്തോളം മാത്രം സമയബന്ധിതമായിരുന്നു ഞങ്ങളുടെ കാട്ടുജീവിതം.

ഇന്നു കറക്കം മുഴുവന്‍ സെരങ്കട്ടിയിലാണ്. സെരങ്കട്ടിയിലെമ്പാടുമൊന്നു കറങ്ങിത്തീര്‍ക്കാന്‍ കഴിയുമോയെന്നറിയില്ല. ഒഴുകുന്ന പുഴപോലെയാണ് സെരങ്കട്ടി. ഓരോ നിമിഷത്തിലും ഓരോ സ്ഥലത്തും ഓരോ തുള്ളിയും പുതുക്കിയൊഴുകുന്ന പുഴപോലെ. ഒരു അനിമേഷന്‍ സിനിമയിലേക്കെന്നപോലെ മാറിമാറിവരുന്ന മൃഗങ്ങള്‍, കിളികള്‍, കാറ്റ്, വെളിച്ചം, മരച്ചില്ലകള്‍, മഴത്തുള്ളികള്‍, മേഘങ്ങള്‍, പൊടിപടലങ്ങള്‍... പിന്നെ സഫാരി വണ്ടികള്‍...

സെരങ്കട്ടി നന്നായൊന്നു കാണാന്‍ എത്ര ദിവസം വേണ്ടിവരും? ഞാന്‍ റഷീദിനോട് ചോദിച്ചു. അതറിയില്ല, റഷീദ് പറയുന്നു, ഒന്നും രണ്ടും മാസമൊക്കെ ബേസിക്ക് ടെന്റുകളില്‍ താമസിച്ച് സെരങ്കട്ടിയിലും മാരയിലും കറങ്ങുന്നവരുണ്ട്. എന്നിട്ട് കൊല്ലമൊന്നാവുമ്പോഴേക്കും വീണ്ടുമെത്തും. കണ്ടു തീരാഞ്ഞിട്ടോ കണ്ടു മതിയാകാഞ്ഞിട്ടോ ആണല്ലോ ആ വീണ്ടുവരവ്?

എന്നാല്‍, സെരങ്കട്ടിയൊന്ന് മൊത്തമായി കാണട്ടെ എന്നുപറഞ്ഞ് മിനിയും അമ്മുവും വണ്ടിയുടെ ടോപ്പുയര്‍ത്താന്‍ തുടങ്ങി. അതുയര്‍ത്താന്‍ നിങ്ങളെക്കൊണ്ടാവില്ല മക്കളേ എന്നു പറഞ്ഞു വണ്ടിനിര്‍ത്തി റഷീദ് അവരെ സഹായിച്ചു. മുന്‍വശത്തെ എന്റെ ടോപ്പും ഉയര്‍ത്തി ലോക്ക് ചെയ്തുവെച്ചു. അമ്മയേയും സീറ്റില്‍ പിടിച്ചുകേറ്റി. ഞങ്ങള്‍ നാലുപേരും സീറ്റുകളില്‍ കയറിനിന്ന് സെരങ്കട്ടിയെ കാണുകയായി.

സീറ്റില്‍ കയറിനിന്നു കാണുന്ന സെരങ്കട്ടിയും സീറ്റിലിരുന്നു കാണുന്ന സെരങ്കട്ടിയും രണ്ടാണ്. ഇങ്ങനെ നിന്നു നോക്കുമ്പോള്‍ സെരങ്കട്ടിക്ക് അതിരുകളില്ല. അഷ്ടദിക്കുകള്‍ അതിരുകളന്വേഷിച്ച് സഫാരി പോവുകയാണ്. തവിട്ടും പച്ചയും കലര്‍ന്നു തുടുത്ത സാവന്നയ്ക്കു മുകളില്‍ രതിപരാക്രമത്തോടെ വെയില്‍ തിളയ്ക്കുന്നതു കാണാം. അടുത്തുനിന്നും അകലെനിന്നും ഡോള്‍ബി ശബ്ദവൈദഗ്ദ്ധ്യത്തോടെ കിളികളുടെ പാട്ടുകേള്‍ക്കാം, കാറ്റിടുന്ന ശ്രുതി കേള്‍ക്കാം. ആകാശത്തുരുണ്ടുകൂടുന്ന പരിഭവങ്ങളുടെ നിഴല്‍ പുല്‍പ്പരപ്പില്‍ നീളെ വീഴുന്നതു കാണാം.

ഇങ്ങനെ നിന്നു കാണണം. എന്നാലെ കാഴ്ച ശരിയാവുകയുള്ളൂ. വണ്ടിയെടുക്കുകയാണെന്നും ഇനി മാമ സീറ്റിലിരുന്നോളൂ എന്നും പറഞ്ഞ റഷീദിനോട് അമ്മയുടെ കലമ്പല്‍. വളരെ ബുദ്ധിമുട്ടിയാണ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി 84 വയസ്സുള്ള യുവതിയെ ഞങ്ങള്‍ സീറ്റിലേക്കിരുത്തിയത്. അമ്മയുടെ നിരാശ പെരുപ്പിച്ചുകൊണ്ട് ഞങ്ങള്‍ സീറ്റിലെ നില്‍പ്പ് തുടര്‍ന്നു. ഇങ്ങനെ നില്‍ക്കുമ്പോള്‍ ചൂട് പ്രശ്‌നമാണ്. കാറ്റ് കടുപ്പമാണ്. പൊടി ശല്യമാണ്. ഇതിനെയൊക്കെ അവഗണിക്കാന്‍ കരുത്തു നല്‍കുന്നത് സെരങ്കട്ടിയുടെ പ്രലോഭനങ്ങളാണ്. ഇവിടയല്ലാതെവിടെയാണ് ആകാശംപോലെ കാട് കാണാനാവുന്നത്? എവിടെയാണ് ആകാശത്തോളം ദൂരത്തേക്ക് കാട് കാണാനാവുന്നത്? എവിടെയാണ് മൈലുകള്‍ക്കപ്പുറത്ത് നീങ്ങുന്ന കാട്ടുകൂട്ടങ്ങളെ കാണാനാവുന്നത്? സെരങ്കട്ടിപ്പെണ്ണിന്റെ സുതാര്യ സൗന്ദര്യവുമായി പ്രണയത്തിലായിരിക്കുന്നു ഞങ്ങള്‍.

പുള്ളിപ്പുലി
പുള്ളിപ്പുലി

റഷീദിന് ഇത്തരം കാല്പനിക ചിന്തകളൊന്നുമില്ല. കുറേ മൃഗങ്ങള്‍, കുറേ മരങ്ങള്‍, പക്ഷികള്‍, ഒഴിവാക്കേണ്ട ചതുപ്പുകള്‍, സന്ദര്‍ശകര്‍ക്കു നല്‍കേണ്ട വിവരങ്ങള്‍. അത്രമാത്രമാണ് റഷീദിന് സെരങ്കട്ടി. കാട്ടിലെമ്പാടും കണ്ണുകളെ മേയാന്‍ വിട്ടും ഇടയ്ക്ക് ദൂരദര്‍ശിനിയിലൂടെ കണ്ണ് തള്ളിച്ചും മൂപ്പര് വണ്ടിയോടിക്കുകയാണ്. ഇന്ന് ആ തിരച്ചില്‍ തീക്ഷ്ണമാണ്. എന്തിനേയോ പ്രത്യേകമായി പ്രതീക്ഷിക്കുന്നുണ്ട്.

കാട്ടുവഴിയില്‍നിന്നല്പം മാറി രണ്ടു പോത്തുകളുണ്ട്. ഒന്ന് നിന്നും മറ്റവന്‍ കിടന്നും വിശ്രമത്തിലാണ്. റഷീദിനോട് ഞാന്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. പോത്തുകളെ കാണാനായിട്ടൊന്നും മൂപ്പര് വണ്ടി നിര്‍ത്തില്ല, ഒന്നുകില്‍ വലിയ കൂട്ടങ്ങളായിരിക്കണം, അല്ലെങ്കില്‍ വേട്ടയ്ക്ക് തക്കം പാര്‍ക്കുന്ന സിംഹമോ മറ്റോ അടുത്തുണ്ടാവണം.

സിംഹത്തെ തിരിച്ചെതിര്‍ത്ത് ഓടിക്കുന്നതായി കണ്ടിട്ടുള്ളത് പോത്തുകളെ മാത്രമാണെന്ന് റഷീദ് ഓര്‍ക്കുന്നു. അതെ, വേദം വായിക്കാത്ത പോത്തുകള്‍. അതുകൊണ്ട് റഷീദിന് കാട്ടുപോത്തുകളെ ഭയവും ബഹുമാനവുമാണ്. ആനക്കൂട്ടത്തിന്റെ തൊട്ടടുത്തൊക്കെ റഷീദ് വണ്ടി നിര്‍ത്തിയിടും. എന്നാല്‍, പോത്തുകളുമായി എപ്പോഴും ഒരു ദൂരമുണ്ട്. ചോദിച്ചാല്‍ പറയും അവ പോത്തുകളാണെന്ന്.

കാട്ടുപോത്തുകള്‍ ക്രൂരന്മാരും നമ്പാനാവാത്തവരുമാണെന്ന് റഷീദ് ഉറപ്പിച്ചു പറയുന്നു. പുല്ലുതിന്ന് തലതാഴ്ത്തി നടക്കുന്ന കാട്ടുകരിപ്പോത്തന്‍ (wild Cape buffalo) എപ്പോഴാണ്

കൊമ്പുകുലുക്കിക്കേറ്റി വയറു കീറുന്നതെന്നറിയില്ല. ചിലപ്പോള്‍ പ്രകോപനമൊന്നുമില്ലാതെ ദൂരെ നിന്ന് ഓടിവന്ന് മെക്കിട്ട് കേറും. ആനയടക്കമുള്ള മൃഗങ്ങള്‍ കാണിക്കുന്ന fake charging എന്ന തമാശക്കളി ഇവര്‍ക്കില്ല. കട്ടക്കലിപ്പാണ്. കുത്തുമെന്നു പറഞ്ഞാല്‍ കുത്തും.

നമ്മുടെ നാട്ടുപോത്തുകളേക്കാള്‍ ശരീരമുണ്ട് ഇവര്‍ക്ക്. നാടന്മാരേക്കാള്‍ പരുക്കനാണ്, കരുത്തനാണ്, കുരുത്തംകെട്ടവനാണ്. കാട്ടുപന്നിയെ (warthog) പകര്‍ത്താന്‍ കാണിച്ച ആവേശം പോലും അമ്മുവിന്റേയും മിനിയുടേയും ക്യാമറകള്‍ക്കിപ്പോളില്ല. ഞാന്‍ കാട്ടുപോത്തുകളിലേക്ക് നിക്കോണിനെ സൂം ചെയ്തു. മുഖത്തേയ്ക്കു തന്നെ സൂം ചെയ്തു. എവിടെ നമ്മളൊക്കെ ചാര്‍ത്തിക്കൊടുത്ത ക്രൂരമുഖം? എവിടൊക്കെയോ ഇടിച്ചിടിച്ച് അലങ്കോലപ്പെട്ട കനത്ത കൊമ്പുകള്‍. കണ്ണുകളില്‍ നിറഞ്ഞുതൂവുന്ന ദയനീയതയാണ്. വലത്തെ കണ്‍കോണില്‍ കറുത്തൊരു കണ്ണീര്‍ക്കണംപോലും കണ്ടു ഞാന്‍. ഇതിനിടയിലും എന്നോട് മുട്ടാന്‍ നില്‍ക്കല്ലേ എന്നൊരു മുന്നറിയിപ്പ് പതുങ്ങിനില്‍ക്കുന്നുണ്ട്. എന്നാലത് ക്രൗര്യത്തോളം തീക്ഷ്ണമല്ല. കിടക്കുന്നവന്‍ എഴുന്നേറ്റ് കൂട്ടുകാരനൊപ്പം നിന്നെന്നെ നോക്കി. പിന്നെ തലയൊന്ന് വെട്ടിച്ച്, ഞങ്ങള്‍ ക്രൂരന്മാരാണ്, അലമ്പന്മാരാണ്, ഞങ്ങടെ പടമൊന്നും പിടിക്കണ്ട എന്ന മട്ടില്‍ തിരിഞ്ഞുനടന്നു. പിന്നെ കണ്ണില്‍പ്പെട്ട കാട്ടുപോത്തുകളെയെല്ലാം ഒരു പ്രായശ്ചിത്തംപോലെ ഞാന്‍ കാമറയില്‍ കയറ്റിയാദരിച്ചു.

റഷീദിന്റെ വയര്‍ലെസ്സ് സെറ്റിലേക്ക് സന്ദേശങ്ങളുടെ 'ഗ്രേറ്റ് മൈഗ്രേഷനാ'ണിപ്പോള്‍. മൂപ്പരുടെ കീഴ്ത്താടി കിടുകിടെ വിറയ്ക്കുന്നു. സ്‌തോഭങ്ങളും സംഭ്രമങ്ങളും സന്തോഷങ്ങളും റഷീദിന്റെ കീഴ്ത്താടിയില്‍ ഈ കമ്പനങ്ങളുണ്ടാക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അനുഭവമാണത്. റഷീദ് വണ്ടി തിരിച്ച് ഇടപ്പാതകളിലൂടെ നീങ്ങിത്തുടങ്ങി. അല്പം ദൂരെയായി മൂന്ന് സഫാരി വണ്ടികള്‍ ഒരു മരത്തിനു ചുറ്റുമായി നില്‍ക്കുന്നുണ്ട്. അവിടേക്കാണ് ഞങ്ങള്‍ നീങ്ങുന്നത്. അവിടെയെന്താണെന്നു ഞങ്ങള്‍ ചോദിച്ചില്ല. ചോദിച്ചാലും മൂപ്പര് പറയില്ല. കാണാന്‍ പോണ പൂരം കണ്ടുതന്നെ തീര്‍ക്കാം.

വഴിയില്‍ ധാരാളം ഇംപാലകള്‍ മേയുന്നുണ്ട്. ചില കൂട്ടങ്ങള്‍ കൊമ്പന്മാരുടേതാണ്. ഇണകളെ കാത്തുകഴിയുന്ന ബാച്ച്ലര്‍ സംഘമാണിത്. ജോടിക്കണക്കിനു പിരിയന്‍ കൊമ്പുകളങ്ങനെ ഉയര്‍ന്നുനില്‍ക്കുന്നത് ക്യാമറയെ കൊതിപ്പിക്കുന്നുണ്ട്. പക്ഷേ, റഷീദ് വണ്ടി നിര്‍ത്താനുള്ള ഭാവമൊന്നുമില്ല. ആന്റ്ലോപ്പുകളുടെ അദ്ധ്യായം അടച്ചുവെച്ച മട്ടിലാണ് മൂപ്പര്‍.

അല്പസമയത്തിനുശേഷം തരുണീമണികളുടെ ഒരു ചെറുസംഘവും അവരുടെ നാഥനായി ഒരു ഇംപാലക്കൊമ്പനേയും കണ്ടപ്പോഴും റഷീദ് ഗൗനിച്ചില്ല. കൂട്ടത്തില്‍ അമ്മയുടെ മുലകുടിക്കുന്ന ഇംപാലക്കുഞ്ഞിനെ കണ്ടെത്തിയ മിനി റഷീദിന്റെ പാച്ചിലിന് ബ്രേക്കിട്ടു. ഇതൊന്ന് ക്യാമറയില്‍ കേറ്റാതെ പോകുന്നതെങ്ങനെ? അല്പം അസ്വസ്ഥനായെങ്കിലും കീഴ്ത്താടി വിറപ്പിക്കാതെ റഷീദ് രണ്ടു മിനിറ്റ് ക്യാമറകള്‍ക്കു നല്‍കി. അനന്തരം സഫാരി വണ്ടികള്‍ കാത്തുനിന്ന വൃക്ഷത്തിനടുത്തേക്ക്.

മരത്തിലെ ഏതോ മരക്കൊമ്പില്‍ ഒരു പുള്ളിപ്പുലിയുണ്ടത്രേ. റഷീദ് അങ്ങനേയും ഇങ്ങനേയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഞങ്ങള്‍ അതനുസരിച്ച് ചാഞ്ഞും ചെരിഞ്ഞും നോക്കുന്നുണ്ട്. പുലിയുമില്ല പുള്ളിയുമില്ല. അപ്പുറത്തെ വണ്ടികളിലെ ആളുകള്‍ വാലോ കാലോ കണ്ടെന്നു പറഞ്ഞ് ആഘോഷിക്കുന്നുണ്ട്. അമ്മയിടയ്ക്ക് ഒന്നോ രണ്ടോ പുള്ളികള്‍ കണ്ടതായി അവകാശപ്പെട്ടു. പുലിമുരുകാ, വാല്‍ത്തുമ്പും രണ്ടു പുള്ളികളും കണ്ടവസാനിക്കുമോ സെരങ്കട്ടിയിലെ പുലിദര്‍ശനം?

ഇലകളും ചില്ലകളും നിറഞ്ഞ സോസേജ് മരത്തിലാണ് പുലി അവതരിച്ചിരിക്കുന്നത്. റഷീദ് വണ്ടിയൊന്ന് ഇടത്തോട്ട് നീക്കി മരത്തോടടുപ്പിച്ചു. കിടന്നു മടുത്തിട്ടോ ഞങ്ങളുടെ പരാക്രമം കണ്ടിട്ടോ പുള്ളിപ്പുലിയന്‍ ഞങ്ങളുടെ കാഴ്ചവട്ടത്തിലേക്ക് എഴുന്നേറ്റു നിന്നു. കറുത്ത പുള്ളി കുത്തി

മോടിപിടിപ്പിച്ച മഞ്ഞച്ച ദേഹം ഒന്നിളക്കിക്കാണിച്ചു. വാലൊന്നു വളച്ചുയര്‍ത്തി. വായ വല്ലാതെ തുറന്നു കോട്ടുവായ് വിട്ട് വലതു കണ്ണിറുക്കിക്കാണിച്ചു. പടം പിടുത്തക്കാര്‍ക്കായി മരക്കൊമ്പില്‍ 30 സെക്കന്റ് ബാലന്‍സ് ചെയ്തു. ആ, ഇനിയെല്ലാവരും പിരിഞ്ഞു പോണം എന്നു കോക്രി കാണിച്ചു ചില്ലയിലേക്ക് അമര്‍ന്നുകിടന്നു. പുള്ളി കുത്തിയ നാല് മഞ്ഞക്കാലുകള്‍ സെരങ്കട്ടിക്കാറ്റിലേക്ക് തൂങ്ങിക്കിടന്നു. അങ്ങനെ സെരങ്കട്ടിയിലെ ആദ്യ പുലിദര്‍ശനം ഒരു പൂര്‍ണ്ണ ദര്‍ശനം തന്നെയായി.

പുള്ളിപ്പുലികള്‍ ഒറ്റയാന്മാരാണ്. മിക്കപ്പോഴും മരച്ചില്ലകളില്‍ ഇലകളുടെ മറവില്‍ പതുങ്ങിക്കിടക്കും. ഇരതേടുന്നതും ഒറ്റയ്ക്കാണ്. സിംഹങ്ങളെപ്പോലെ പലര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടിക്കലൊന്നുമില്ല. എങ്കിലും വേട്ടവിരുതില്‍ 38 ശതമാനം മാര്‍ക്കുണ്ട്. എന്നുവെച്ചാല്‍ 100 വേട്ടകളില്‍ 38 എണ്ണവും

വിജയകരമാണ്. സിംഹത്തിന് ഇത് 25 ശതമാനം മാത്രമാണ്. ഇരയെ മരത്തിലേക്കു വലിച്ചുകേറ്റി സൂക്ഷിക്കുന്നതും പുള്ളിപ്പുലികളുടെ പതിവാണ്. എന്നിട്ട് ആവശ്യം പോലെ കുറേശ്ശെ ഭക്ഷിക്കും. തന്നെക്കാള്‍ ഭാരമുള്ളവയെപ്പോലും ഇവരിങ്ങനെ മരച്ചില്ലകളിലേക്കു വലിച്ചുകയറ്റും. ഹൈനകളുടേയും മറ്റും ശല്യമൊഴിവാക്കാനാണിത്.

പുലി കേറിയ സോസേജ് മരവും പുള്ളിപ്പുലിയോളം പ്രധാനപ്പെട്ടതാണ്. നമുക്കത്ര പരിചയമില്ലെങ്കിലും ഇന്ത്യക്കന്യമല്ല ഈ മരം. ബോവ്ബാബ്, അക്കേഷ്യ എന്നിവയ്‌ക്കൊപ്പം സാവന്നയുടെ മരമുദ്രയാണ്, ഔദ്യോഗികമായി ഗശഴലഹശമ എന്നു വിളിക്കപ്പെടുന്ന സോസേജ് ട്രീ. ഇതിന്റെ സോസേജ് രൂപത്തിലുള്ള കായ്കനിക്ക് ഏഴെട്ടു കിലോയോളം തൂക്കം വരും. ആന, ജിറാഫ്, ഹിപ്പോ, ബബൂണ്‍ എന്നിവരുടെ ഇഷ്ടഭോജ്യമാണ് ഈ വെജ് സോസേജുകള്‍. എന്നാല്‍, നമ്മളിത് പച്ചയ്ക്കു തിന്നാലാകട്ടെ, പടമായിപ്പോകും. വയറിളകിയിളകി പ്രാണനിറങ്ങിപ്പോകും. ആഫ്രിക്കക്കാര്‍ ഇത് ഉണക്കിയും തേന്‍ ചേര്‍ത്തു വാറ്റിയും ഉപയോഗിക്കും. ത്വക്ക് രോഗങ്ങള്‍ക്കുള്ള ലേപനവുമാണ്. പൂത്തുനില്‍ക്കുന്ന സോസേജ് മരം സാവന്നയിലെ മോഹിപ്പിക്കുന്ന കാഴ്ചയാണ്. കടുത്ത ഓറഞ്ച്-പിങ്ക് നിറത്തിലുള്ള ഓര്‍ക്കിഡ് സമാനമായ പുഷ്പങ്ങള്‍ കുലകളായി അങ്ങനെ തൂങ്ങിക്കിടക്കും.

ആഫിക്കന്‍ കാടുകളില്‍ ടെന്റടിച്ചു താമസിക്കുന്നവര്‍ സോസേജ് മരത്തിന്റെ തണല്‍ ഒഴിവാക്കും. മരണത്തിലേക്കുള്ള ജൈവ വഴിയാണത്രെ ഈ മരത്തിനോട് ചേര്‍ന്നുള്ള താമസം. ഒന്നുകില്‍ തലയില്‍ പഴം വീണ് മരിക്കും. അല്ലെങ്കില്‍, പഴം തേടിവരുന്ന ആനയോ ഹിപ്പോയോ ചവുട്ടിക്കൊല്ലും.

അല്പം മുന്‍പ് റഷീദിന്റെ കീഴ്ത്താടി വിറപ്പിച്ച അത്യാഹ്ലാദത്തിന്റെ കാരണം ഈ പുള്ളിപ്പുലിയായിരുന്നു. സഫാരിയൊരുക്കുമ്പോള്‍ ബിഗ് ഫൈവിനെ കാണണമെന്നു ഞങ്ങള്‍ നിര്‍ബ്ബന്ധം പിടിച്ചിരുന്നു. ആന, സിംഹം, പുളളിപ്പുലി, റൈനോ, കാട്ടുപോത്ത് എന്നിവയാണ് ഈ വല്ല്യഞ്ചന്മാര്‍. വലിപ്പം കൊണ്ടല്ല മൃഗങ്ങള്‍ ബിഗ് ഫൈവ് ക്ലബ്ബിലേക്കു കയറുന്നത്. കാല്‍നടയായിച്ചെന്ന് പ്രാകൃത ആയുധങ്ങള്‍ ഉപയോഗിച്ച് വനഗോത്രങ്ങളും നാടന്‍ തോക്കുകളുപയോഗിച്ച് വെള്ളക്കാരും വേട്ടയാടിയിരുന്ന കാലത്ത് അവരെ അപകടകരമാം വിധത്തില്‍ പ്രതിരോധിച്ചവരെയാണ് വല്ല്യഞ്ചില്‍ അവരോധിച്ചത്. അങ്ങനെ വലിയ ജിറാഫും പൊണ്ണന്‍ ഹിപ്പോയും പുറത്തായി.

ആന, സിംഹം, കാട്ട്‌പോത്ത് എന്നിവയെ ധാരാളമായി കണ്ടുകഴിഞ്ഞു. റൈനോയെ സെരങ്കട്ടിയിലല്ലെങ്കില്‍ ഗോരംഗോറോയില്‍ പിടിക്കാമെന്ന് റഷീദിന് ഉറപ്പുണ്ടായിരുന്നു. കാണാതെപോയേക്കുമോ എന്നു ശങ്കിച്ച

പുള്ളിപ്പുലിയേയാണ് ഇപ്പോള്‍ വിസ്തരിച്ച് കണ്ടത്. ഞങ്ങളേക്കാള്‍ സന്തോഷത്തിലായിരുന്നു റഷീദ്. ഇനി ഭക്ഷണമാകാം എന്നായി മൂപ്പര്. അടുത്തുള്ള പിക്നിക്ക് സ്പോട്ടിലേക്ക് റഷീദ് ക്രൂയിസറിനെ തെളിച്ചു. വിരുന്നുകാര്‍ക്കായി വനമൊരുക്കിവെച്ച വിസ്മയങ്ങള്‍ ബാക്കിയാണെന്നു ഞങ്ങളപ്പോള്‍ അറിഞ്ഞില്ല.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com