''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

സന്ധ്യയുടെ ചന്തത്തില്‍ ഭ്രമിച്ച് സാവന്നപ്പുല്‍കൊടികള്‍ മയങ്ങിവീഴുന്നു. അക്കേഷ്യാമരങ്ങള്‍ ഇലകളെല്ലാം കൂര്‍പ്പിച്ചു നില്‍ക്കുന്നു. അതിനു പിന്നിലേക്ക് ഫേഡ് ഔട്ടാവുന്ന ചെറുമരങ്ങളും ഏറെ മൃഗങ്ങളും മലനിരകളും. കടല്‍ത്തീരത്തേയും നാട്ടിലേയും സന്ധ്യകളേക്കാള്‍ മൊഞ്ചുണ്ട് ഈ കാട്ടുസന്ധ്യപ്പെണ്ണിന്...
''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പുലിദര്‍ശനം പകര്‍ന്ന ആഹ്ലാദവുമായി പിക്നിക്ക് സ്പോട്ടിലേക്ക് പാഞ്ഞ ഞങ്ങളെ അഞ്ചു മിനിറ്റിനുള്ളില്‍ മറ്റൊരു സോസേജ് മരം തടഞ്ഞുനിര്‍ത്തി. ഞങ്ങള്‍ക്കു മുന്‍പേ എത്തിയ സഫാരിശകടത്തില്‍നിന്നു മൂന്ന് ക്യാമറകള്‍ മരക്കൊമ്പിലേക്ക് സൂം ചെയ്യുന്നുണ്ട്. അവിടെ അലസശയനത്തിലാണ് ലക്ഷണമൊത്തൊരു പുള്ളിപ്പുലി. പുള്ളിപ്പുലിയന്‍ രണ്ടാമന്‍ എന്ന് അമ്മു അപ്പോള്‍തന്നെ അവനെ നാമകരണം ചെയ്തു. റഷീദിന്റെ കീഴ്ത്താടി വീണ്ടും വിറച്ചു. ഒന്നിനെയെങ്കിലും എന്നാശിച്ചിടത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ രണ്ടാമതും കാണുക, 'സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യാ'ത്തതുകൊണ്ട് ഞങ്ങള്‍ സീറ്റുകളില്‍ കയറിനിന്നു പുലിയന്‍ രണ്ടാമനെ ക്ലോസപ്പില്‍ കണ്ടു. ശാന്തവും അലസവുമാണ് മുഖഭാവം. മുക്കാലും തിന്നുതീര്‍ന്ന ബബൂണിന്റെ മാംസം നീങ്ങിയ വാരിയെല്ലുകളില്‍ ഇടതു കയ്യിരിക്കുന്നു. ബബൂണിന്റെ കാലിയായിക്കിടന്ന തുറന്ന വയര്‍ പുലിയന്‍ രണ്ടാമന്റെ സംതൃപ്തവും അലസവുമായ കിടപ്പിന്റെ കാരണം പറയുന്നു.

മരക്കൊമ്പുകളിലും മറ്റും ബാക്കിവരുന്ന ഇരയെ കരുതിവെയ്ക്കുന്നത് പുലിയുടെ സ്വഭാവമണ്. പ്രത്യേകിച്ചും വലിയ ഇരകളെ. വിശക്കുമ്പോള്‍ മരത്തിനു മുകളില്‍ ചെന്ന് ആവശ്യത്തിനു കഴിച്ച് ഇറങ്ങിപ്പോകും. ചിലപ്പോള്‍ ഇതിനിടയ്ക്ക് മറ്റൊരു വേട്ട തരപ്പെട്ടാല്‍ മൂപ്പരിതിന്റെ കാര്യം മറക്കും. അപ്പോള്‍ ബാക്കിവന്ന ഭക്ഷണം മരക്കൊമ്പിലിരുന്നു ചീഞ്ഞുനാറും. ഈച്ചയാര്‍ക്കും. കഴുകന്മാര്‍ പറന്നെത്തും. ഹൈനകള്‍ താഴെ കാവല്‍നില്‍ക്കും.

ഏറെ നേരം കാത്തുനിന്നിട്ടും രണ്ടാമന്‍ പുള്ളിക്ക് ഇളക്കമൊന്നുമില്ല. മുന്‍പ് കണ്ടവനെപ്പോലെ സഹകരണമില്ല. അവന്‍ ഏതാനും സെക്കന്റുകള്‍ മാത്രമാണെങ്കിലും ക്യാമറകളെ തൃപ്തിപ്പെടുത്തിയിരുന്നു. നിരാശരായ ഏതാനും സഫാരിക്കാര്‍ മറ്റു കാഴ്ചകള്‍ തേടിപ്പോയി. അവര്‍ വണ്ടികള്‍ ഇരപ്പിച്ചെടുക്കുമ്പോള്‍ രണ്ടാമന്റെ ഒരൊറ്റക്കണ്‍ നോട്ടമുണ്ട്, ഓ, ഒന്ന് പോടേ... എന്ന മട്ടില്‍. ഇരുപതോളം മിനിറ്റു കാത്തുനിന്നപ്പോള്‍ ഞങ്ങള്‍ക്കും മടുത്തു. ഒന്നനങ്ങുന്നു പോലുമില്ല. നമ്മള്‍ കാത്തുനില്‍ക്കുന്തോറും ഈ കള്ളനങ്ങനെ കിടക്കും. റഷീദ് ചൂടാവുന്നു. അവന്റെ വയറ് നിറഞ്ഞിരിക്കയാണ്. നമ്മള്‍ വിശന്നും. പോയി ഭക്ഷണം കഴിക്കാം.

അരക്കാതം താണ്ടും മുന്‍പേ അസാധാരണമായൊരു തടസ്സം ഞങ്ങള്‍ക്കു മുന്നിലെത്തി. സഫാരി വണ്ടിക്കു മുന്നില്‍ ഒരു കൂട്ടം ഗിനിഫോളുകള്‍ (Guinea) തത്തിത്തത്തി നടക്കുകയാണിപ്പോള്‍. പത്ത് പന്ത്രണ്ടെണ്ണമുണ്ട്. തദ്ദേശിയരുടെ കാട്ടുപുള്ളിക്കോഴിയാണ് ഇവര്‍. കടുത്ത ചാരനിറത്തിലോ കറുപ്പിലോ നിറയെ വെള്ളപ്പുള്ളികളുള്ള മേലാട ചാര്‍ത്തിയ പോലെയാണ് ഇവരുടെ തൂവലൊരുക്കം. വേഗം നടക്കുകയുമില്ല, വണ്ടിക്കു മുന്നില്‍നിന്നു മാറുകയുമില്ല. ഗിനിഫോളുകള്‍ക്ക് ആകെ പരിഭ്രമമാണ്. സഫാരിക്കാരുടെ മുന്നില്‍ വന്നുപെട്ടാല്‍ അങ്ങോട്ട് പോണോ ഇങ്ങോട്ട് പോണോ എന്നറിയാതെ ആകെ കുഴയും.

ഈ തത്രപ്പാടിനിടയില്‍ പറക്കാന്‍ കഴിവുള്ള പക്ഷിയാണെന്ന് അതു മറക്കുകയും ചെയ്യും. കൂട്ടങ്ങളായിട്ടേ ഈ ഭയാക്രാന്തരെ കാണൂ. നമ്മുടെ കോഴികളോട് രൂപസാമ്യമുണ്ടെങ്കിലും ഗിനിഫോളിന്റെ ശരീരഘടനയില്‍തന്നെ സംഭ്രമത്തിന്റെ ചേര്‍പ്പുകളുണ്ട്. മരങ്ങള്‍ പൊഴിച്ചുകൊടുക്കുന്ന ചെറുകായ്കളും വിത്തുകളും മണ്ണിലും ജീര്‍ണ്ണാവശിഷ്ടങ്ങളിലും നുരയ്ക്കുന്ന കൃമികീടങ്ങളാണ് ഭക്ഷണം.

തലയില്‍ ഹെല്‍മറ്റ്‌പോലൊരു മുഴപ്പുള്ള helmeted Guinea fowl ആണ് സെരങ്കട്ടിയില്‍ കാണപ്പെടുന്നത്. തറവാട്ടുവീട്ടില്‍ ഉമ്മയിപ്പോഴും ഗിനിക്കോഴികളെ വളര്‍ത്തുന്നുണ്ടെന്ന് റഷീദ്. ഇവരുടെ മുട്ടയ്ക്ക് ധാരാളം ആവശ്യക്കാരുണ്ടത്രെ. കോഴിമുട്ടയേക്കാള്‍ കേമമാണത്രേ ഇവ. ഗിനിയുടെ ഇറച്ചിയും കോഴിയിറച്ചിയേക്കാള്‍ മേന്മയേറിയതാണ് - കൊഴുപ്പും കലോറിയും കുറവും പ്രോട്ടീന്‍ അധികവും. എന്നാലൊന്നിനെ

പൊക്കിയാലോ എന്നായി അമ്മു, ഒരു ഗിനി

ബിരിയാണിയടിക്കാം. ആ ഗൂഢാലോചന അവര്‍ കേട്ടെന്നു തോന്നുന്നു, വേഗം വണ്ടിക്കു മുന്‍പില്‍നിന്നു കൂട്ടത്തോടെ പറന്നകന്നു.

ഇരയും വേട്ടക്കാരനും
ഇരയും വേട്ടക്കാരനും

വിശപ്പ് കടിച്ചൊതുക്കിയാണ് പുലിയന്‍ രണ്ടാമന്റെ കൂടെ ഞങ്ങള്‍ അരമണിക്കൂര്‍ ചെലവഴിച്ചത്. ഗിനികളുയര്‍ത്തിയ ബിരിയാണിച്ചിന്ത വിശപ്പിനെ ആളിക്കത്തിച്ചു. (അമ്മുവും അമ്മയും ഇതിനകം ഓരോ പഴം അകത്താക്കിയിരുന്നു). റഷീദ് പെട്ടെന്നുതന്നെ ഞങ്ങളെ പിക്നിക്ക് ഏരിയയിലെത്തിച്ചു.

മൂത്രശങ്കകളെയൊക്കെ ഒഴിച്ചുകളഞ്ഞ് ഭക്ഷണമേശകളിലേക്കു കടക്കുമ്പോള്‍ ചെറുകിളികളുടെ അര്‍മാദിക്കല്‍. ആകെ കലപില. പാര്‍ക്കിങ്ങ് ഏരിയായിലേക്ക് എത്തിനില്‍ക്കുന്ന, ഇലകള്‍ കുറഞ്ഞ അക്കേഷ്യച്ചില്ലയില്‍ നിറയെ കിളിക്കൂടുകളാണ്. പുത്തന്‍കൂടുകളാണ്. പുതിയ കുടിയേറ്റക്കാരാണ്. സ്വര്‍ഗ്ഗത്തില്‍നിന്നും ചോര്‍ന്നുവീണ നിറക്കൂട്ടുകളെപ്പോലെ നിറയെ ലവ് ബേര്‍ഡ്സ്. അവ തലങ്ങും വിലങ്ങും പറക്കുന്നു. കൂടുകളിലേക്കു കയറുന്നു, ഇറങ്ങുന്നു. നിര്‍ത്താതെ ചിലയ്ക്കുന്നു. ഫിഷേഴ്സ് ലവ് ബേര്‍ഡ്സ് എന്ന് റഷീദ് പരിചയപ്പെടുത്തുന്നു. ഇവരെയിങ്ങനെ നിറങ്ങള്‍ നിറച്ച് ഒരുക്കിയെടുക്കാന്‍ പടച്ചോന്‍ പെടാപാട് പെട്ടുകാണും.

സെരങ്കട്ടിയിലെ

ഹൈനകള്‍

പിക്നിക് ഏരിയായില്‍ സ്വസ്ഥമായി ഭക്ഷണം കഴിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ലഘുഭക്ഷണപ്പൊതികളും പഴച്ചാറുകളും വെള്ളവും ഐസ്‌ക്രീമുകളും ലഭിക്കും. വട്ടമേശകളും വട്ടത്തില്‍ ഇരിപ്പിടങ്ങളും വെയിലിനെ വെളിയിലാക്കാന്‍ പുല്ലുമേഞ്ഞ വലിയ വട്ടക്കുടകളും തയ്യാര്‍. ടെന്റ് ക്യാമ്പില്‍നിന്നു കൊടുത്തയച്ചിരുന്ന ഭക്ഷണം കഴിക്കുമ്പോഴും ഞങ്ങളുടെ കണ്ണുകളും കാതുകളും പുറത്തെ അക്കേഷ്യ മരക്കൊമ്പില്‍ വര്‍ണ്ണക്കിളികള്‍ക്കൊപ്പം തൂങ്ങിക്കിടന്നു.

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി
''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

താഴെ വീണുകിട്ടാവുന്ന ഭക്ഷണത്തരികളെ കാത്ത് ഏതാനും പേര്‍ മേശയ്ക്ക് ചുറ്റും പുല്ലിലും തത്തിത്തത്തി നടക്കുന്നുണ്ട്. മുയലത്തമില്ലാത്ത മുയലുകള്‍ എന്നാണ് അമ്മു അവയെ വിശേഷിപ്പിച്ചത്. അവ ഹൈറാക്‌സുകളാണ്, റഷീദ് ഇടപെടുന്നു. നമ്മുടെ ഭക്ഷണത്തുട്ടുകളല്ല, കനത്തുനില്‍ക്കുന്ന പുല്ലാണ് ഇവിടെ ലക്ഷ്യം. സെരങ്കട്ടിയിലെ കോപ്ജസ് എന്നു വിളിക്കപ്പെടുന്ന പാറക്കെട്ടുകളിലാണ് താമസം. ആഫ്രിക്കയിലും മിഡിലീസ്റ്റിലും മാത്രം കാണപ്പെടുന്നു. അങ്ങനെ അലസമായിരുന്ന് ആഹാരം കിടക്കുന്നതിനിടയില്‍ പുതുവിജ്ഞാനം വിളമ്പിക്കൊണ്ട് ഒരു അപൂര്‍വ്വ ജീവി മുന്നിലെത്തുന്നു. ആഫ്രിക്കന്‍ വനയാത്രയുടെ ആനന്ദമിതാണ്. അരനിമിഷംപോലും അടയാളപ്പെടുത്താതെ പോകുന്നില്ല.

ഭക്ഷണം കഴിച്ചിറങ്ങുമ്പോഴും കുഞ്ഞന്‍ വര്‍ണ്ണക്കിളികളുടെ അര്‍മാദിക്കല്‍ തുടരുന്നുണ്ട്. വെണ്‍മേഘത്തുണ്ടുകള്‍ നിരത്തിയ നീലാകാശത്തിലേക്ക് ചാരുതയാര്‍ന്ന ചിത്രത്തുന്നല്‍പോലെ പടര്‍ന്നുകയറുകയാണ് അക്കേഷ്യച്ചില്ലകളും കിളിക്കൂടുകളും വര്‍ണ്ണക്കിളികളും.

പിക്നിക് ഏരിയായില്‍ നിന്നിറങ്ങുമ്പോള്‍, പുലിയന്‍ രണ്ടാമനെ ഒന്നുകൂടി കാണാമെന്നായി റഷീദ്. പുലിയെങ്കില്‍ പുലി, തെളിക്കൂ രഥം എന്നു ഞങ്ങള്‍. രണ്ടാമന്‍ അതേ മരക്കൊമ്പില്‍ അതേ അവസ്ഥയിലുണ്ട്. പകുതി തീര്‍ന്ന ബമ്പൂണ്‍ ശരീരം കൂടെയുണ്ട്. നിറഞ്ഞ വയറുമായി നീണ്ട വിശ്രമത്തിലാണ് പുള്ളി. ബബൂണില്‍ നോട്ടമിട്ട് കുറേ കഴുകന്മാരും മരാബുകളും ചുറ്റുവട്ടത്ത് തമ്പടിച്ചിട്ടുണ്ട്.

താഴെയൊരു ഹൈന തന്റെ ജന്മസിദ്ധമായ കള്ളലക്ഷണവുമായി ചുറ്റിക്കറങ്ങുന്നുണ്ട്. പള്ള നിറഞ്ഞ പുള്ളിപ്പുലി ബാക്കിവന്ന ബബൂണ്‍ മാംസം ഉപേക്ഷിക്കുമെന്നുതന്നെ ഇവര്‍ പ്രതീക്ഷിക്കുന്നു. ആവശ്യമില്ലാതെ ആഹരിക്കുന്നതും ആര്‍ത്തിയും മനുഷ്യന്റെ ആര്‍ജ്ജിത സവിശേഷതകളാണ്. മറ്റൊരു മൃഗത്തിനും ഈ ദുര്‍ഗുണങ്ങളില്ല.

മറ്റുള്ളവരുടെ ഭക്ഷണം കട്ടെടുക്കുന്നവന്‍, സംഘമായിച്ചെന്നു പിടിച്ചെടുക്കുന്നവന്‍. ചീഞ്ഞളിഞ്ഞ ശരീരങ്ങളില്‍ അമൃതേത്ത് നടത്തുന്നവന്‍. രാത്രികാലങ്ങളില്‍ നാട്ടിലെ ശവപ്പറമ്പുകളില്‍നിന്നു കുഴിമാന്തി മാംസം മോഷ്ടിക്കുന്നവന്‍. പിന്‍കാലുകള്‍ക്കു വലിപ്പക്കുറവുള്ളതുകൊണ്ട് ദുര്‍ന്നടപ്പുമുണ്ട്. Guilty gait എന്ന് അവഹേളിക്കപ്പെടുന്ന നടത്തം. ഹൈനകള്‍ക്ക് ഈ പ്രതിച്ഛായ നല്‍കിയതില്‍ പ്രധാന പ്രതി ദ ലയണ്‍ കിങ്ങ് എന്ന എനിമേഷന്‍ ചിത്രമാണ്.

ഷെന്‍സി, ബന്‍സായി, എഡ് എന്നിങ്ങനെ മൂന്ന് സ്പോട്ടഡ് ഹൈനകളാണ് ദുഷ്ടന്‍ സ്‌ക്കര്‍ അമ്മാവന്റെ കയ്യാളുകളായി 'ലയണ്‍ കിങ്ങി'ലുള്ളത്. ലയണ്‍ കിങ്ങിന്റെ, മുഫാസയുടെ, സിമ്പയുടെ അച്ഛന്റെ, മരണത്തിനു കാരണമാവുന്ന വില്‍ഡ് ബീസ്റ്റുകളുടെ വിരണ്ടോട്ടമിളക്കിവിടുന്നത് ഈ ഹൈനകളുടെ കുത്തിത്തിരുപ്പുകളാണ്. മലയിടുക്കിലൂടെ പാഞ്ഞുപോകുന്ന ആയിരക്കണക്കിന് വില്‍ഡ് ബീസ്റ്റുകള്‍ക്കിടയില്‍നിന്നു രക്ഷപ്പെട്ട് കയറിവരുന്ന മുഫാസയെ, ലോങ്ങ് ലിവ് ദ കിങ്ങ് എന്ന് ആശീര്‍വ്വദിച്ച് തള്ളിയിടുന്ന സ്‌ക്കറിനെ ഞാനും അപ്പുവും എത്ര തവണ കണ്ണീരോടെ ശപിച്ചിരിക്കുന്നു. ഹൈനകളെ എത്രമാത്രം വെറുത്തിരുന്നു അന്ന്. സെരങ്കട്ടിയിലൊരു സഫാരി വണ്ടിയിലിരുന്ന് ഇവരെയൊക്കെ ഇത്രയും അടുത്തുകാണുമെന്നും അടുത്ത ചങ്ങാതിമാരാകുമെന്നും കരുതിയതേയില്ല. മര്‍ജ്ജാരതായ്വഴിയിലാണ് ജന്മമെങ്കിലും ശരീരപ്രകൃതികൊണ്ട് നായ്ക്കുലത്തോടാണ് ഹൈനയ്ക്ക് കൂറ്.

സ്പോട്ടട് ഹൈന, സ്ട്രിപ്പ്ട് ഹൈന എന്നിങ്ങനെ രണ്ടു കൂട്ടരാണ് സെരങ്കട്ടിയില്‍ സാധാരണം. ഇവിടെയിപ്പോള്‍ ചുറ്റിപ്പറ്റി നടക്കുന്നവന്‍ പുള്ളിക്കുത്തന്‍ ഹൈനയാണ്. ഇവന്‍ സ്ഥിരം മോഷ്ടാവൊന്നുമല്ല. നല്ല വേട്ടക്കാരനാണ്. തന്റെ ഭക്ഷണത്തിന്റെ മുക്കാല്‍ ഭാഗവും സ്വന്തം അധ്വാനത്തിന്റെ വിയര്‍പ്പുതന്നെയാണ്. പിന്നെ തരം കിട്ടിയാല്‍ മറ്റുള്ളവരുടെ ചട്ടിയിലൊന്ന് കയ്യിട്ടുവാരും. അതൊരു സ്ഥിരം ഏര്‍പ്പാടല്ല. പിന്നെ ഉപേക്ഷിക്കപ്പെട്ട ഭക്ഷണം, ചീഞ്ഞ ശവശരീരങ്ങള്‍ അതൊക്കെ തിന്നുതീര്‍ക്കും. അതിനും വേണ്ടേ ആരെങ്കിലും? അല്ലെങ്കില്‍ നമ്മുടെ കാട് വൃത്തികേടാവില്ലേ?

ഹൈന
ഹൈന

എല്ലുപോലും തിന്നുതീര്‍ക്കാനുള്ള കഴിവ് ഇവരുടെ പല്ലുകള്‍ക്കും ദഹന സംവിധാനങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടാണ് മറ്റു മൃഗങ്ങള്‍ എല്ലോളം തിന്നുതീര്‍ത്ത ശരീരാവശിഷ്ടങ്ങള്‍ ഇവര്‍ എടുത്തുകൊണ്ടുപോകുന്നത്. എന്നിട്ട് മോഷ്ടാവ് എന്നു ചീത്തപ്പേരും. ഹൈനകള്‍ നന്നായൊന്ന് പെരുമാറിയാല്‍ ഇരയില്‍ ബാക്കിയാവുക കൊമ്പും കുളമ്പും മാത്രമായിരിക്കും. ടെന്റുകളുടേയും ലോഡ്ജുകളുടേയും പരിസരങ്ങളില്‍നിന്നും തടയുന്ന അലൂമിനിയം പാത്രങ്ങളും ഇവര്‍ ആസ്വദിച്ചു കഴിക്കുമെന്ന് റഷീദ്.

കാട്ടിലെ മറ്റേതു മൃഗത്തേക്കാളും ബുദ്ധിവൈഭവമുള്ളവരാണ് ഹൈനകള്‍. കാണാന്‍ ഒരു ലുക്കില്ലെന്നേയുള്ളൂ. മൃഗരാജനേക്കാള്‍ മിടുക്കനായ വേട്ടക്കാരനുമാണ്. പലപ്പോഴും സിംഹവും പുലിയും മറ്റും തിണ്ണമിടുക്ക് കാട്ടി ഇവരുടെ ഭക്ഷണം തട്ടിയെടുക്കും. നഷ്ടപ്പെട്ട തീറ്റ തിരിച്ചുപിടിക്കാന്‍ ഇവര്‍ കൂട്ടമായി ശ്രമിച്ചുകൊണ്ടിരിക്കും. ഈ കാഴ്ചയെ തട്ടിപ്പറിയായി മനുഷ്യര്‍ വ്യാഖ്യാനിക്കും. തീറ്റക്കാര്യത്തില്‍ ശല്യപ്പെടുത്തുകയും തങ്ങളോട് മത്സരിക്കുകയും ചെയ്യുന്ന ഈ 'ഉന്നതകുലജാതരെ' ഹൈനകള്‍ നേരിടുന്നത് അവരുടെ ഇളംതലമുറക്കരെ കൊന്നുതള്ളിയാണ്. പുലിക്കുട്ടികളേയും സിംഹക്കുട്ടികളേയും തരത്തിനു കിട്ടിയാല്‍ ഇവര്‍ തട്ടിക്കളയും. മുളയിലേ നുള്ളുക എന്നതുതന്നെ നയം.

കഴുകന്മാരുടെ

ലോകം

ദുരാത്മാക്കളുടെ ഇഷ്ടവാസസ്ഥലമാണ് ഹൈനകള്‍ എന്നാണ് ആഫ്രിക്കന്‍ വിശ്വാസമെന്ന് റഷീദ് പറഞ്ഞുതരുന്നു. അപ്പോള്‍ ശുദ്ധാത്മാക്കള്‍ എവിടെ പോകുന്നു എന്ന് അമ്മുവും മിനിയും. ഹൈനകള്‍ കുറഞ്ഞുവരുകയും ദുരാത്മാക്കള്‍ ധാരാളമാവുകയും ചെയ്തപ്പോള്‍ ഒത്തു കിട്ടുന്നതിനനുസരിച്ച് അഞ്ചും ആറും പ്രേതങ്ങള്‍ ഒരോ ഹൈനയിലും കയറിപ്പറ്റുമത്രേ. അതു കൊണ്ടാണ് ഹൈനകള്‍ പലവിധ ശബ്ദങ്ങളുണ്ടാക്കുന്നതത്രേ. പൂര്‍ണ്ണ വിശ്വാസത്തോടെയാണ് റഷീദ് ഇതു പറയുന്നത്. ഞങ്ങള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും റഷീദിന്റെ വിശ്വാസം ഇളകിയില്ല. ഹൈനകള്‍ രാത്രി സമയങ്ങളില്‍ കുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കും. ചില സമയങ്ങളില്‍ പട്ടിയെപ്പോലെ ഓരിയിടും. ഭ്രാന്തിത്തള്ളയെപ്പോലെ അലമുറയിടും. അരിശം മൂത്ത കിഴവനെപ്പോലെ അട്ടഹസിക്കും. ഒക്കെ സത്യമാണ്. അതുകൊണ്ടാണ് കാട്ടിലെ മിമിക്രിക്കാരന്‍ എന്ന് ഹൈന വിളിക്കപ്പെടുന്നത്. പക്ഷേ, അത് ആത്മാക്കളുടെ അടവൊന്നുമല്ല.

ഹൈനകളുടെ ശാപങ്ങള്‍ തീരുന്നില്ല. തന്റെ വിഭ്രാന്തി ദിനങ്ങളിലാണ് ദൈവം ഹൈനകളെ സൃഷ്ടിക്കുന്നത്. ഹൈനകളില്‍ ആണിനും പെണ്ണിനും ഒരേ ലിംഗപ്രകൃതമാണ്. പെണ്ണിനുമുണ്ട് നീളന്‍ ലിംഗം (pseudo penis). വല്ലാതെ വളരുന്ന കൃസരിയാണ് ഈ സ്ത്രീപുരുഷലിംഗം. വൃഷണസഞ്ചിക്ക് സമാനമായി, ലിംഗത്തറയില്‍ കൊഴുപ്പടിഞ്ഞ മുഴപ്പുമുണ്ട്. സ്ത്രീലിംഗമുദ്രയായ യോനി മുഖം ഇല്ലതാനും. സൃഷ്ടികര്‍മ്മത്തില്‍ ദൈവം വരുത്തിയ വീഴ്ചയ്ക്ക് (അതോ കുസൃതിയോ) ഇവര്‍ വലിയ വില കൊടുക്കേണ്ടിവന്നു. അനുഭൂതിയാകേണ്ട ഇണചേരല്‍ ആസ്വദിക്കാനാകാത്ത അനുഭവമായി. തന്റെ കുഞ്ഞന്‍ കാലുകളില്‍ എത്തിവലിഞ്ഞുനിന്ന് ഇണയിലേക്കു പ്രവേശിക്കാന്‍ ബദ്ധപ്പെട്ടു. പെണ്‍ ഹൈന തന്റെ 'കൂറ്റന്‍' കൃസരി അകത്തേക്ക് വലിച്ചാലേ ആണിന് അവളിലേക്കു പ്രവേശിക്കാനാവൂ. കൃസരിലിംഗത്തിലെ മൂത്രനാളിയിലൂടെത്തന്നെയാണ് ഹൈനപ്പെണ്ണിന്റെ വേദനാനിര്‍ഭരമായ പ്രസവവും.

ഹൈനകളുടെ ശാപങ്ങള്‍ തീരുന്നില്ല. തന്റെ വിഭ്രാന്തി ദിനങ്ങളിലാണ് ദൈവം ഹൈനകളെ സൃഷ്ടിക്കുന്നത്. ഹൈനകളില്‍ ആണിനും പെണ്ണിനും ഒരേ ലിംഗപ്രകൃതമാണ്. പെണ്ണിനുമുണ്ട് നീളന്‍ ലിംഗം (pseudo penis). വല്ലാതെ വളരുന്ന കൃസരിയാണ് ഈ സ്ത്രീപുരുഷലിംഗം. വൃഷണസഞ്ചിക്ക് സമാനമായി, ലിംഗത്തറയില്‍ കൊഴുപ്പടിഞ്ഞ മുഴപ്പുമുണ്ട്. സ്ത്രീലിംഗമുദ്രയായ യോനി മുഖം ഇല്ലതാനും. സൃഷ്ടികര്‍മ്മത്തില്‍ ദൈവം വരുത്തിയ വീഴ്ചയ്ക്ക് (അതോ കുസൃതിയോ) ഇവര്‍ വലിയ വില കൊടുക്കേണ്ടിവന്നു

രണ്ടാംവരവിലും രണ്ടാമന്‍ പുലി പ്രസാദിക്കുന്നില്ല. ഒരേ കിടപ്പ്. ദുഷ്ടന്‍! ഒരിക്കലും ഉണരാതെ പോട്ടെ എന്നു ശപിച്ച് ഞങ്ങള്‍ മറ്റ് അത്ഭുതങ്ങളിലേക്കു പുറപ്പെട്ടു. പിശുക്കില്ലാത്ത പ്രതീക്ഷയുമായി ഹൈന, പുലിക്കു താഴെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. അപ്പുറത്ത് കാത്തുനില്‍ക്കുന്ന മരാബു - കഴുകന്‍ സംഘത്തില്‍ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴുകന്‍ കൂട്ടത്തില്‍ നാലഞ്ചു തരമുണ്ടെന്ന് റഷീദ്. പിന്നെ വണ്ടി നിര്‍ത്തി വിവരണമായി. മൊട്ടക്കഴുത്തും കണ്ടിത്തലയും നിറഞ്ഞ കൂട്ടത്തില്‍ ചിലരെ ചൂണ്ടി പരിചയപ്പെടുത്തി തുടങ്ങി. മരമുകളിലെ ബബൂണ്‍ ശവത്തില്‍ കണ്ണുംനട്ട് അസ്വസ്ഥരായ കഷണ്ടിത്തലയന്മാര്‍ അപ്പോഴേക്കും സ്ഥാനം മാറും. റഷീദ് ആകെ വലഞ്ഞു. എങ്കിലും വൈറ്റ് ബാക്ക്ഡ് വള്‍ച്ചറിനേയും ലാപ്പറ്റ് ഫേസ്ഡ് വള്‍ച്ചറിനേയും ഞങ്ങള്‍ തിരിച്ചറിഞ്ഞു.

ജൈവപരമായി ഒരു അസാധാരണ ജീവിയാണ് കഴുകന്മാര്‍. ഒരു കിലോമീറ്റര്‍ ഉയരത്തില്‍നിന്നു താഴെക്കിടക്കുന്ന പത്രം വായിക്കാന്‍ മൂപ്പര്‍ക്കു കഴിയും (അക്ഷരാഭ്യാസമുണ്ടെങ്കില്‍). ഇരട്ട ലെന്‍സുള്ള കണ്ണുകളാണ് ഈ മിടുക്കിനു പിന്നില്‍. ശവംതീനികള്‍ ആയതുകൊണ്ട് പറക്കുന്ന ക്രൂരന്മാര്‍ എന്നു വിളിക്കപ്പെടുന്ന ഇവരാണ് കാടിന്റെ ശുചിത്വമിഷന്‍. അല്ലെങ്കില്‍ ചത്തതും ചീഞ്ഞതും ദുര്‍ഗന്ധവും രോഗാണുക്കളും പെരുകി കാട് കെട്ടു പോയേനേ.

എന്നാല്‍, ഇന്നീ ശുചീകരണക്കാരുടെ എണ്ണം പെട്ടെന്നു കുറഞ്ഞുവരുകയാണെന്ന് റഷീദ് സങ്കടപ്പെടുന്നു.

പിന്നല്ലാതെ, ചീഞ്ഞ ശവത്തീന്നൊക്കെ അണുക്കള്‍ കയറി അസുഖം വന്നു ചത്തുപോകില്ലേ. അമ്മയ്ക്കും ഞങ്ങള്‍ക്കും തോന്നിയ സംശയം കുറച്ചുനേരം വണ്ടിയില്‍ കിടന്നു ചിറകടിച്ചു. പിന്നെ റഷീദ് പറഞ്ഞുതുടങ്ങി. തീവ്രാമ്ലത്വമുള്ള ആമാശയരസമാണ് കഴുകന്മാര്‍ക്കുള്ളത്. ഒരുവിധം അണുക്കളൊക്കെ-ആന്ത്രാക്‌സ്, റാബീസ്-ആ അസിഡില്‍ വെന്തുതീരും. കൂടാതെ രോഗപ്രതിരോധ വ്യൂഹത്തിന്റെ ശക്തി അപാരവുമാണ്. കഴുകന്മാരുടെ മുഖ്യശത്രു മനുഷ്യര്‍ തന്നെയാണ്, പരമ്പരാഗത വൈദ്യക്കൂട്ടുകളിലേക്കായി അവയെ കൊല്ലുന്നത് ഇന്നു കുറഞ്ഞിട്ടുണ്ടെങ്കിലും. കാട്ടിലെ വേട്ടക്കാര്‍ക്ക് ഒരു ശല്യമാണ് കഴുകന്മാര്‍. ഇവരുടെ വെടിയേറ്റ് ഒരു മൃഗം വീണാല്‍ കഴുകന്മാര്‍ ശവം മണത്തെത്തുകയായി. അവര്‍ കൂട്ടംകൂട്ടമായി മുകളില്‍ വട്ടംചുറ്റി പറക്കും. ഒളിവേട്ടക്കാരെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ക്ക് ഒറ്റിക്കൊടുക്കുന്നത് ഈ ചുറ്റിപ്പറക്കലാണ്. അതുകൊണ്ട് ചീഞ്ഞ ശവങ്ങളില്‍ വിഷംവെച്ച് വേട്ടക്കാര്‍ കഴുകന്മാരെ കൊന്നൊടുക്കുന്നു. നൂറോ നൂറ്റിയന്‍പതോ കഴുകന്മാരാണ് ഇങ്ങനെ ഒറ്റയടിക്ക് പട്ടുപോകുന്നത്. കൂട്ടത്തില്‍ ഹൈനകളും മരാബുകളും പെട്ടുപോകും. ഈ സംഘബല നഷ്ടത്തെ പെറ്റുപെരുകി മറികടക്കാനുള്ള മിടുക്ക് കഴുക കുലത്തിനില്ല. മുട്ടയിടുന്നതില്‍ മഹാമടിയന്മാരാണ് ഇവര്‍. രണ്ടു വര്‍ഷമാകുമ്പോളൊക്കെയാണ് ഒരു മുട്ടയിടുക. പിന്നെങ്ങനെ വംശം വളരും?

കഴുകന്മാരെ വിട്ടുപോരുമ്പോള്‍ ഞാന്‍ റഷീദിനോട് ചോദിച്ചു: പുലി പകുതിയും തിന്നുതീര്‍ത്ത ബബൂണിന്റെ ബാക്കിവന്ന രണ്ടോ മൂന്നോ കിലോ മാംസം ആ ഹൈനയും ഇരുപതോളം വരുന്ന കഴുകന്മാരും എങ്ങനെ പങ്കുവെയ്ക്കും? റഷീദ് പൊട്ടിച്ചിരിച്ചു പറഞ്ഞു, ബിഗ് വാര്‍, വെരി ബിഗ് വാര്‍.

പിന്നെ റഷീദ് ഞങ്ങളെ തെളിച്ചുകൊണ്ട്‌പോയത് ആനകളുടെ വന്‍കൂട്ടങ്ങളുടെ ഇടയിലേയ്ക്കാണ്. ഞങ്ങളുടെ പ്രതീക്ഷകളേയും ഭാവനകളേയും സെരങ്കട്ടി ചിത്രങ്ങളേയും എണ്ണം കൊണ്ട് ആനകള്‍ മറികടന്നു. പത്തും പതിനഞ്ചും അംഗങ്ങളുള്ള നിരവധി സംഘങ്ങള്‍. പല പ്രായക്കാര്‍. അമ്മയുടെ വാലിനൊപ്പം ഇളകിനീങ്ങുന്ന കുഞ്ഞന്മാര്‍. കളിക്കുത്തു കൂടുന്ന ചെറുബാല്യക്കാര്‍. മരങ്ങളിലും ചിതല്‍ക്കൂനകളിലും കൊമ്പുകുത്തി രസിക്കുന്ന യൂത്തന്മാര്‍. എല്ലാവരുടേയും നേതാവ് താനാണെന്ന് 'ട്രംപ്' കളിക്കുന്ന ചില മുറ്റിയ കൊമ്പന്മാര്‍.

വെയില്‍ മങ്ങിത്തുടങ്ങി. ധാരാളം മൃഗങ്ങള്‍ സായാഹ്ന കേളികള്‍ക്കായി പുല്‍പ്പരപ്പില്‍ നിരന്നിട്ടുണ്ട്. പെട്ടെന്നാണ് കാട് സജീവമായത്. അതോ ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയതോ? മരം കാണുമ്പോള്‍ കാട് കാണാത്തതുപോലെ പുലിയെക്കണ്ടപ്പോള്‍ മറ്റു മൃഗങ്ങളെ കാണാതെ പോയതാണോ? ശതക്കണക്കിന് സീബ്രകള്‍, അതിനും പതിന്മടങ്ങ് വില്‍ഡ് ബീസ്റ്റുകള്‍,

സീബ്രകള്‍
സീബ്രകള്‍

കാട്ടുപോത്തുകള്‍, ഇംപാലകള്‍, ടോപ്പികള്‍, മറ്റ് ആന്റ്ലോപ്പുകള്‍, ജിറാഫുകള്‍, വാര്‍ട്ട്ഹോഗുകള്‍, അങ്ങനെയങ്ങനെ കാഴ്ചകള്‍ നിറയുകയാണ്. സ്വര്‍ണ്ണവര്‍ണ്ണപ്പൂട തലയില്‍ത്തിരുകി ചാരനിറത്തൂവലുകളുമായി ഏതാനും ഗ്രേ ക്രൗണ്ഡ് കൊക്കുകള്‍ (ഇവര്‍ ഉഗാണ്ടയുടെ ദേശീയ പക്ഷിയാണ്), ഹെരോണുകള്‍, ഉയരമുള്ള അക്കേഷ്യ മരങ്ങളുടെ തുഞ്ചത്ത് തമ്പടിച്ച് കഴുകന്മാര്‍, പരുന്തുകള്‍, മരാബുകള്‍ അങ്ങനെ പക്ഷികളും അരങ്ങത്തുണ്ട്.

പോക്കുവെയിലിന്റെ മഞ്ഞച്ചവെളിച്ചം കൊണ്ടാകാം കാടിനു വല്ലാത്തൊരു മായിക പരിവേഷം. ഒരു ചലനച്ചിത്രത്തിനു മുന്നിലാണോ എന്നു മനസ്സ് ചിലപ്പോഴൊക്കെ കുഴങ്ങുന്നുണ്ട്. അമ്മയെ അസൂയപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ വീണ്ടും സീറ്റുകളില്‍ കയറിനിന്നു കാഴ്ചകള്‍ കണ്ടുതുടങ്ങി. മിനിയുടെ, എനിക്കു വയ്യാ! എന്ന ആശ്ചര്യചിഹ്നത്തില്‍ ആ കാഴ്ചയുടെ അതുല്യത പൂര്‍ണ്ണമായുണ്ട്. ചക്രവാളം, ദിക്കുകള്‍, ദൂരങ്ങള്‍ അങ്ങനെയെല്ലാം അപ്രസക്തമാവുകയാണ്. ആകാശത്തിനും ഭൂമിക്കുമിടയില്‍ നിറഞ്ഞു മൃഗങ്ങള്‍, പക്ഷികള്‍, മരങ്ങള്‍ മാത്രം. മറ്റൊന്നിലേക്കുമെത്താന്‍ ഇന്ദ്രിയങ്ങള്‍ക്ക് ഇടവേളകള്‍ ഇല്ല.

കണ്ണുകള്‍ക്കു മുന്നില്‍ ക്യാമറകളുടെ പരിഷ്‌കൃത ലെന്‍സുകളും പുത്തന്‍ സാങ്കേതികവിദ്യകളും തോറ്റുപോകുന്നതിവിടെയാണ്. കണ്ണുകള്‍ വലിയ ഫ്രെയിമുകളില്‍ കാഴ്ചയുടെ ആനന്ദം അളന്നിടുമ്പോള്‍ ക്യാമറകള്‍ ചെറിയ ചെറിയ കള്ളികളിലേക്ക് അതിനെ മുറിച്ചിടുന്നു. നൂറുകണക്കിനു മൃഗങ്ങളുടെ ഫ്രെയിമൊരുക്കുമ്പോള്‍ പത്തോ പന്ത്രണ്ടോ മാത്രം തെളിമയോടെ ചിത്രത്തിലാവുന്നു. ബാക്കിയുള്ളവര്‍ മങ്ങിമാറുന്നു. ഒരു എക്സ്ട്രാ വൈഡ് ആംഗിള്‍ ലെന്‍സിനു കുറച്ചുകൂടി സഹായിക്കാനാകും. മിനിയുടെ വീഡിയോ ക്യാമറയിലാണ് ഞങ്ങളുടെ പ്രതീക്ഷ.

വെയില്‍ മഞ്ഞച്ച് മഞ്ഞച്ച് പകല്‍ മരണത്തോടടുക്കുന്നു. സഫാരി വണ്ടികളെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നു. സാവന്നയുടെ സായാഹ്ന സൗമ്യതയില്‍ വനത്തിന്റെ അനേകം അവകാശികളോടൊപ്പം ഞങ്ങള്‍ മാത്രം. ഇത്തരം അവസരങ്ങളില്‍ വിരുന്നെത്തേണ്ട ഭയം അപരിചിതരെ കണ്ടപോലെ മടങ്ങിപ്പോയിരിക്കുന്നു. മനസ്സ് സ്വച്ഛമാണ്. നിര്‍മ്മലമാവുകയാണ്. ശാന്തം മാത്രമാണ് ഭാവം. ഈ പ്രകൃതിയാണ്, പ്രകൃതി മാത്രമാണ് സ്രഷ്ടാവ്. സര്‍വ്വചരാചരങ്ങളുടേയും രക്ഷാകര്‍ത്താവ്. ആത്മീയമായൊരനുഭൂതിയില്‍ ഭാരം നഷ്ടപ്പെട്ട് വണ്ടിയുടെ റൂഫ് ടോപ്പില്‍ ഞങ്ങള്‍ തൂങ്ങിക്കിടന്നു, സമയം വൈകിപോയേക്കാം എന്ന് റഷീദ് ഉണര്‍ത്തുന്നതുവരെ. അപ്പോഴും വൈകിയ സമയമെത്രയെന്ന് ആരും വാച്ചിലോ മൊബൈലിലോ നോക്കിയില്ല.

ആഫ്രിക്കന്‍ കൊമ്പന്‍മാരും

കൊമ്പികളും

അവിടം വിട്ടുപോരാന്‍ വണ്ടിയും വഴങ്ങുന്നില്ല. മൂന്നാംശ്രമത്തിലാണ് അവന്‍ ഓടിത്തുടങ്ങിയത്. ഇന്നലത്തെപ്പോലെ, വീട്ടിലേക്കും കൂട്ടിലേയ്ക്കും മടയിലേയ്ക്കും മടങ്ങാന്‍ നേരമായെന്ന് പ്രകൃതി പറയാതെ പറയുന്നുണ്ട്. അനുസരണയുള്ള കുട്ടിയെപ്പോലെ സൂര്യന്‍ മടങ്ങിത്തുടങ്ങി. ആനക്കൂട്ടങ്ങളിലെ കുറുമ്പന്മാരെ ക്യാമറക്കൂട്ടിലടയ്ക്കുന്നതിനിടയിലാണ് ഒരമ്മയും കുഞ്ഞും കാഴ്ചയിലെത്തിയത്. ഇത്തവണ മിനി 'പ്ലീസ് സ്റ്റോപ്പ്' പറയുന്നതിനു മുന്‍പേ റഷീദ് വണ്ടി നിര്‍ത്തി. അമ്മയുടെ മുല മതിമറന്ന് കുടിക്കുകയാണ് ഒരു ആനക്കുട്ടി. കൊച്ചു തുമ്പിക്കയ്യുയര്‍ത്തി മടക്കിവെച്ച് മുലക്കണ്ണുകള്‍ മാറിമാറി ചപ്പിക്കുടിക്കുന്ന കാഴ്ച രസകരമാണ്. അമ്മയാകട്ടെ, ബേജാറുകളൊന്നുമില്ലാതെ പുല്ല് വലിച്ചുവാരിത്തിന്നുകയാണ്. മറ്റു കൊമ്പന്മാരും കൊമ്പികളും (ആഫ്രിക്കയില്‍ മിക്ക പിടിയാനകള്‍ക്കും കൊമ്പുണ്ട്). കാവലായി അടുത്തുതന്നെ മേയുന്നുണ്ട്. ക്യാമറകള്‍ക്ക് ആ രംഗം എത്ര കുടിച്ചിട്ടും മതിയാവുന്നില്ല. റഷീദ് ഇടപെട്ടു, വൈകുന്നു, പോകാം.

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി
''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

ഞങ്ങള്‍ ടെന്റിലേയ്ക്കുള്ള മടക്കം ആരംഭിച്ചു. മെല്ലെ മെല്ലെ കാട്ടിലെ തിരക്ക് കുറഞ്ഞുവരുന്നു. അല്പം മണിക്കൂറുകള്‍ക്കു മുന്‍പ് സജീവമായിരുന്ന മൃഗങ്ങളൊക്കെ എവിടൊക്കെയോ ഉള്ള വീടുകളിലേക്കു മടങ്ങുകയാണ്. ആകാശവും ശൂന്യമായിരിക്കുന്നു. അവിടെ വൈകുണ്ഠത്തിലെ കലാകാരന്മാര്‍ സന്ധ്യാപ്പെണ്ണിനെ ഒരുക്കുന്ന തിരക്കിലാണ്.

ഞാന്‍ മുന്‍ സീറ്റില്‍ ചാരിയിരുന്ന് അന്നത്തെ കാഴ്ചകള്‍ അയവിറക്കുകയായിരുന്നു. അമ്മുവും മിനിയും നിറങ്ങള്‍ നിരന്നുവരുന്ന ആകാശത്തിനു മുന്‍പില്‍ അക്കേഷ്യ മരങ്ങളെ പോസ് ചെയ്യിച്ച് ചിത്രമാക്കുന്ന തിരക്കിലാണ്. അമ്മ, റഷീദ് വണ്ടിയില്‍ കരുതിയിരുന്ന ടാന്‍സാനിയ പുസ്തകങ്ങള്‍ മറിച്ചുനോക്കുന്നു. അതിനിടയില്‍ ഒരു സംശയം പൊന്തിവന്നു - ഇന്നു സിംഹങ്ങളെയൊന്നും കാര്യമായി കണ്ടില്ലല്ലോ? ശരിയായിരുന്നു, രാവിലെ രണ്ടു പെണ്‍സിംഹങ്ങള്‍ ദോസ്തി കളിച്ചു പോകുന്നതു കണ്ടതാണ്. സിംഹങ്ങളില്ലാത്തതിനാല്‍ ചീറ്റകളെ കാണാന്‍ സാധിക്കും എന്നു കരുതിയിരിക്കുകയായിരുന്നു ഞാന്‍ - റഷീദ് തന്റെ പൊളിഞ്ഞുപോയ സ്ട്രാറ്റജി വെളിപ്പെടുത്തുന്നു. സിംഹങ്ങളും ചീറ്റകളും ബദ്ധവൈരികളാണത്രെ. അവരുടെ ഇരകളും വേട്ട രീതികളും സമാനമാണ്. അതുകൊണ്ട് പരസ്പരം ശല്യക്കാരായി കാണുന്നു. പരസ്പരം ഒഴിഞ്ഞുമാറുന്നു, സംഘര്‍ഷം ഒഴിവാക്കാന്‍. എന്നാല്‍, ഇളംമുറക്കാരെ തരത്തില്‍ കിട്ടിയാല്‍ തട്ടിക്കളയും രണ്ടു കൂട്ടരും. ഒരു ശല്യക്കാരന്‍ വളരാതെ നോക്കേണ്ടത് വളര്‍ന്നവന്റെ കടമയാണല്ലോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെട്ടെന്നാണ് പുലീ പുലീ എന്ന് മിനി അലറിവിളിച്ചത്. കാര്യം മനസ്സിലായില്ലെങ്കിലും റഷീദിന്റെ വണ്ടി ഗീര്‍ന്നു നിന്നു. തൊട്ടപ്പുറത്ത് അക്കേഷ്യ മരത്തിന്റെ താഴ്ന്ന ചില്ലയില്‍ ഒരൊത്ത പുള്ളിപ്പുലി. മിനിയുടെ 'പുലി പുലി ഗര്‍ജ്ജനം' അവനെ പേടിപ്പിച്ചെന്നു തോന്നുന്നു. അവന്‍ മരക്കൊമ്പില്‍ നിവര്‍ന്നുനിന്ന് വാലുപൊക്കി വളച്ച് പല്ലിളിച്ചുനിന്നു. പുലിയന്‍ മൂന്നാമന്‍ എന്നിവനെ വിളിക്കാം എന്നായി ഞാന്‍. അതു വേണ്ട, മിനി കണ്ടെത്തിയ പുലിക്ക് 'മിനിയന്‍ പുലിയന്‍' എന്നു പേരിട്ടിരിക്കുന്നു എന്നു പേരിടല്‍ വിദഗ്ദ്ധ അമ്മു. പുലിയന്‍ രണ്ടാമനെപ്പോലെ അലസനായിരുന്നില്ല ഇവന്‍. മരക്കൊമ്പില്‍നിന്നും ഇരുന്നും മരക്കൊമ്പിനെ പുണര്‍ന്നു കിടന്നും നാലു കാലും വാലും താഴേക്കിട്ടാട്ടിയും അവന്‍ ക്യാമറയ്ക്കു മുന്നില്‍ ഉദാരമതിയായി. റഷീദ് വയര്‍ലെസ്സിലൂടെ മറ്റു സഫാരിക്കാര്‍ക്ക് വിവരം നല്‍കുന്നുണ്ട്. പക്ഷേ, ആരും അടുത്തില്ല. മിക്കവരും ടെന്റണഞ്ഞിരിക്കുന്നു. ആവേശമൊന്നടങ്ങിയപ്പോഴാണ് എത്രയടുത്താണ് പുലിയെന്ന് ഞങ്ങള്‍ ശ്രദ്ധിച്ചത്. എട്ടോ പത്തോ മീറ്റര്‍ മാത്രം അകലെ. ഒരു ചെറിയ ചാട്ടത്തിനു പഹയന് വണ്ടിയിലെത്താവുന്നതേയുള്ളൂ. സീറ്റില്‍ കയറിനിന്നു പുള്ളിപ്പുലിയെ ക്യാമറയിലേക്കാക്കിയിരുന്ന അമ്മുവും മിനിയും ശരിക്കും ഭയന്നു. ടോപ്പ് അടയ്ക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ വിട്ടോടാ റഷീദ്ക്കാ എന്നായി അവര്‍. ഏയ്, ഓനൊന്നും ചെയ്യൂലാ എന്ന് റഷീദ്. എന്നിട്ട് വണ്ടി സ്റ്റാര്‍ട്ടാക്കി മുന്നോട്ട് നീങ്ങുകയും ചെയ്തു.

ഇന്നലെ കണ്ട ആനക്കൂട്ടം തന്നെയാണെന്നു തോന്നുന്നു, 'വീട്ടിലേക്കുള്ള വഴിയില്‍' മടക്കയാത്രയിലാണ്. അസ്തമയ സൂര്യനെ നക്കിയെടുക്കാന്‍ തലനീട്ടി നില്‍ക്കുന്ന മസായി ജിറാഫുകള്‍ ഇന്നും ഹാജരുണ്ട്. പലയിനം കൊക്കുകളും മരാബുകളും കഴുകന്മാരും അക്കേഷ്യ മരങ്ങളുടെ റൂഫ് ടോപ്പില്‍ കൂടണഞ്ഞു കഴിഞ്ഞു. ഈ ദിവസത്തിനു തിരശ്ശീലയിടാന്‍ എല്ലാവരും തയ്യാറായിക്കഴിഞ്ഞു.

സെരങ്കട്ടിയില്‍ മറ്റൊരു സന്ധ്യ കൂടി ഞങ്ങള്‍ക്കുവേണ്ടി ചമഞ്ഞൊരുങ്ങുകയാണ്. മഞ്ഞയും ചുവപ്പും നെയ്തുചേര്‍ത്ത പുത്തന്‍ ആടകളില്‍ അണിഞ്ഞൊരുങ്ങവേ അവള്‍ തുടുത്തു തുടുത്തു വരുന്നു. അവളുടെ ആ മാദകത്തുടുപ്പില്‍ അന്നു കണ്ട പുള്ളിപ്പുലികളേയും സിംഹങ്ങളേയും മറ്റും ഞങ്ങള്‍ മറക്കുകയാണ്. സന്ധ്യയുടെ ചന്തത്തില്‍ ഭ്രമിച്ച് സാവന്നപ്പുല്‍കൊടികള്‍ മയങ്ങിവീഴുന്നു. അക്കേഷ്യാമരങ്ങള്‍ ഇലകളെല്ലാം കൂര്‍പ്പിച്ചു നില്‍ക്കുന്നു. അതിനു പിന്നിലേക്ക് ഫേഡ് ഔട്ടാവുന്ന ചെറുമരങ്ങളും ഏറെ മൃഗങ്ങളും മലനിരകളും. കടല്‍ത്തീരത്തേയും നാട്ടിലേയും സന്ധ്യകളേക്കാള്‍ മൊഞ്ചുണ്ട് ഈ കാട്ടുസന്ധ്യപ്പെണ്ണിന്... ഈ സമയങ്ങളില്‍ സന്ധ്യപ്പെണ്ണിനെ തൊട്ടുരസിക്കാനെത്താറുള്ള ഇളംകാറ്റ് ഇന്നെത്തിയിട്ടില്ല. സന്ധ്യയുടെ തുടുപ്പിനൊപ്പം കിടപിടിക്കുന്നുണ്ട് കുടനിവര്‍ത്തി നില്‍ക്കുന്ന അക്കേഷ്യകളുടെ നിരകള്‍. ഇവിടെയിരുന്നു തന്നെയാവണം ഖലീല്‍ ജിബ്രാന്‍ ഇങ്ങനെയെഴുതിയത്: Trees are poems the earth writes upon the sky. പുല്ലില്‍ തത്തിക്കളിച്ചുകൊണ്ടിരുന്ന ഒരു പേരില്ലാക്കിളിയും അമ്മുവും ജിബ്രാന് വാഹ് വാഹ് പറഞ്ഞു.

ടെന്റില്‍ ചെന്നിറങ്ങിയ പാടേ അത്താഴം നേരത്തെയാകുമെന്ന് അറിയിപ്പു കിട്ടി. ചൂടുവെള്ളവും റെഡി. അമ്മുവിനേയും മിനിയേയും കുളിക്കാന്‍ വിട്ട് ഞാനും അമ്മയും ടെന്റുകള്‍ക്കു മുന്നിലൂടെ ഈവനിങ്ങ് വാക്ക് തുടങ്ങി. അതിരാവിലെ എഴുന്നേല്‍ക്കല്‍, ആവശ്യത്തിനു മാത്രം ആഹാരം, പറ്റാവുന്നത്ര നടത്തം, വ്യായാമം- അങ്ങനെയാണ് അമ്മയുടെ നിഷ്ഠകള്‍, എവിടെയായാലും.

പത്തു ചാലു നടന്നുകഴിഞ്ഞതും അമ്മുവും മിനിയും കുളിച്ചെത്തി. അമ്മ അവരോടൊപ്പം നടത്തം തുടര്‍ന്നു. ഞാന്‍ കുളിക്കാനും പോയി. കുളി പെട്ടെന്നു കഴിക്കണം. സാ... മട്ടിലായാല്‍ ടെന്റിനു പിന്നിലെ ടാങ്കില്‍ നിറച്ച ചൂടുവെള്ളം തണുത്തുപോകും. ക്യാമ്പ് ജീവനക്കാര്‍ കാട്ടുവിറക് കത്തിച്ച് വലിയ കുട്ടകങ്ങളില്‍ വെള്ളം ചൂടാക്കും. അതില്‍നിന്നു ചൂടുവെള്ളം ബക്കറ്റുകളിലെടുത്ത് ടാങ്കുകളില്‍ നിറയ്ക്കും. നിറഞ്ഞ ടാങ്കുകള്‍ മുകളിലേയ്ക്ക് വലിച്ചുകയറ്റിയുറപ്പിച്ച്, ബാത്റൂമിലേക്ക് കണക്ട് ചെയ്യും. സെരങ്കട്ടിക്കാട്ടില്‍ ഷവറിനടിയിലെ ചൂടുവെള്ളക്കുളിയുടെ രഹസ്യമിതാണ്.

പതിവിലും നേരത്തേ തുടങ്ങിയ അത്താഴം പതിവിലേറെ സമൃദ്ധമായിരുന്നു. ചപ്പാത്തിയും എരിവ് കുറഞ്ഞ ബീഫ് മസാലയുമുണ്ട്. പിന്നെ ചോറും സ്ഥിരം കോണ്ടിനെന്റല്‍ വിഭവങ്ങളും. പൊറോട്ടയായിരുന്നെങ്കില്‍ പൊളിച്ചേനെ എന്ന് അമ്മു. Aloo Poratha is very good എന്നപ്പോള്‍ റഷീദ്. അതു ഞങ്ങളെ ഞെട്ടിച്ചു. പഹയാ നീയിതെവിടുന്നു കഴിച്ചു? അരുഷയില്‍ കിട്ടൂലോ എന്ന് റഷീദ്. ഇംപാല ഹോട്ടലില്‍നിന്നും കഴിച്ചിട്ടുണ്ട്. അവിടെ ചാര്‍ജ് കൂടുതലാണ്. സര്‍വ്വവ്യാപിയായ പൊറോട്ടേ, ടാന്‍സാനിയായില്‍ നിനക്ക് ഞങ്ങടെ അഭിവാദ്യങ്ങള്‍.

ഭക്ഷണം തുടങ്ങുമ്പോഴേക്കും പുറത്ത് പെരുമ്പറ തുടങ്ങി. ഡൈനിങ്ങ് ടെന്റിലെല്ലാവരും ഒന്നു പരിഭ്രമിച്ചു. ഇന്നലത്തെ സിംഹത്താന്‍ സ്ഥലത്തെത്തിയോ? പെരുമ്പറയ്‌ക്കൊപ്പം ഒരു പാട്ടും കോറസ്സായി ഉയരുന്നുണ്ട്. പിന്നെ രണ്ടും ചേര്‍ന്നു ഡൈനിങ്ങ് ഹാളിലേക്കു കയറി. മുന്‍പില്‍ മൈക്കിളാണ്. തലയില്‍ ഒരു കൂര്‍ബന്‍ തൊപ്പിയുണ്ട്. കയ്യില്‍ ഐസിങ്ങിട്ട് മനോഹരമാക്കിയ കേക്ക്. കേക്കിനു നടുവില്‍ ഒരു കൊച്ച് ചുവന്ന മെഴുകുതിരി കത്തിനില്‍ക്കുന്നു. മൈക്കിളിന്റെ പിന്നിലുള്ളവനാണ് ഡ്രമ്മടിക്കുന്നത്. ജേംബെയാണത്, റഷീദ് വാദ്യത്തെ പരിചയപ്പെടുത്തി. ഏറ്റവും പിന്നിലാണ് മസായിച്ചേട്ടന്‍. നമ്മുടെ ഇടയ്ക്കപോലൊരു വാദ്യത്തിലാണ് അയാള്‍ വായിക്കുന്നത്. ഇടയ്ക്കത്താളത്തോടൊപ്പം അയാളുടെ തുളയിട്ടു നീട്ടിയ കാതുകള്‍ ആട്ടം പിടിച്ചു. ക്യാമ്പിലെ മറ്റു ജീവനക്കാരും പാട്ടുപാടിയും ആഫ്രിക്കന്‍ ആട്ടച്ചുവടുകളുമായും അവര്‍ക്കൊപ്പമുണ്ട്. സഞ്ചാരികളില്‍ ചിലര്‍ പാട്ടേറ്റു പിടിച്ചു. ചിലര്‍ നൃത്തച്ചുവടുകള്‍ അനുകരിച്ച് കൂടെക്കൂടി. അവര്‍ അതിഥികള്‍ക്കിടയിലൂടെ മെല്ലെ മെല്ലെ (റഷീദിന്റെപോലെ) നീങ്ങുന്നു. ആളുകള്‍ ഭക്ഷണപാത്രമൊക്കെ നീക്കി ആ ജഗപൊക ആസ്വദിക്കുകയാണ്. ചിലര്‍ അപ്പുറത്തെ ബാര്‍ റൂമില്‍ പോയി മദ്യവുമായി വരുന്നു. രണ്ട് പെഗ്ഗടിക്കാനുള്ള ആംബിയന്‍സ് തീര്‍ച്ചയായുമുണ്ട്.

സോസേജ് മരം
സോസേജ് മരം

പാട്ടും ആട്ടവും കത്തിക്കയറുകയാണ്. അതിഥികള്‍ക്കിടയിലൂടെ സംഘം ഒരു വട്ടം ചുറ്റിക്കഴിഞ്ഞു. കെനിയയുടെ പോപ്പ് ബാന്‍ഡ് ആയ തേം മഷ്റൂംസ് ചിട്ടപ്പെടുത്തുകയും പിന്നീട് പല ബാന്‍ഡുകളും പാടി പ്രശസ്തമാക്കുകയും ചെയ്ത 'ജാംബോ, ജാംബോ ബ് വാന' (jambo, jambo bwana-hello, hello mister) എന്ന ഗാനമാണ് അരങ്ങ് കൊഴുപ്പിക്കുന്നത്. ലളിതമായ വരികളും ത്രസിപ്പിക്കുന്ന ആഫ്രിക്കന്‍ താളവുംകൊണ്ട് സ്വാഹിലി അറിയാത്തവരുടെ പോലും പ്രിയം നേടി ഈ ഗാനം.

1979-ലാണ് മഷ്റൂംസ് ബാന്‍ഡ് തലവന്‍ ടെഡി ഹാരിസണ്‍ ഈ ഗാനം തയ്യാറാക്കുന്നത്. സ്റ്റേജിലെ ഇടവേളകളില്‍ സഞ്ചാരികള്‍ കിഴക്കന്‍ ആഫ്രിക്കയുടെ സ്വാഹിലി ഭാഷയില്‍ ചില ലളിതവാക്യങ്ങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നത് ടെഡി ശ്രദ്ധിച്ചിരുന്നു. ജാംബോ (hello) ഹബാരി ഗാനി (how are you) മസൂറി സാന (I am very fine) അസാന്‍ഡ സാന (thank You very much) ഹക്കുണ മറ്റാറ്റ (no problem) എന്നിങ്ങനെയുള്ളവ. അങ്ങനെയാണ് ഈ പ്രാഥമിക സംഭാഷണശകലങ്ങള്‍ ചേര്‍ത്ത് ആഫ്രിക്കന്‍ താളത്തില്‍ ടെഡി ഈ പാട്ട് ചിട്ടപ്പെടുത്തുന്നത്.

Jambo, Jambo bwana,

Habari gani,

Mzuri sana.

Wageni, Wakaribishwa,

Tanzania yetu Hakuna Matata.

Tanzania nchi nzuri,

Hakuna Matata.

Nchi ya maajabu

Hakuna Matata.

Nchi yenye amani,

Hakuna Matata.

Hakuna Matata,

Hakuna Matata.

Watu wote,

Hakuna Matata,

Wakaribishwa,

Hakuna Matata.

Hakuna Matata,

Hakuna Matata.

മാമ... സൂപ്പര്‍ മാമ

ഹക്കുണ മറ്റാറ്റ

റഷീദ് അമ്മയ്ക്കുവേണ്ടി വരി മാറ്റിപ്പാടുകയും അമ്മയ്ക്കു ചുറ്റും ചുവടുവെയ്ക്കുകയും ചെയ്തു. അമ്മ പൊട്ടിച്ചിരിച്ചും കൈകൊട്ടിയും റഷീദിന്റെ പാട്ടിനു താളമിട്ടു. മൈക്കിളും സംഘവും ഒരുവട്ടം കൂടി ചുറ്റി നടുവിലെ മേശയില്‍ കേയ്ക്ക് കൊണ്ടുവെച്ചു. അന്നു വന്നവരായിരിക്കണം, പുതിയൊരു ജോടിയാണ് അവിടെ സ്ഥാനം പിടിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കന്‍ ഛായയിലാണ് രണ്ടു മുഖങ്ങളും.

മൈക്കിളും സംഘവും മറ്റാറ്റപ്പാട്ട് നിര്‍ത്തി അവര്‍ക്ക് 'ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്സറി' പ്രഖ്യാപിച്ചു. പെണ്‍കുട്ടിയുടെ മുഖം ആനന്ദംകൊണ്ടും അത്ഭുതംകൊണ്ടും ചുവന്നു തുടുത്തു. കേയ്ക്കില്‍ കത്തിക്കൊണ്ടിരുന്ന ചുവന്ന മെഴുകുതിരി പിന്നെയും ചുവന്നു. പ്രേമത്താല്‍ തരളിതരായി ജോടികള്‍ ചുംബനങ്ങള്‍ കൈമാറുകയും ഗാഢമായി പുണരുകയും ചെയ്തു. കണ്ടോ കണ്ടോ എന്ന് മിനിയെന്നെ രൂക്ഷമായി നോക്കി.കല്യാണം കഴിഞ്ഞിട്ട് അധികകാലമായിട്ടുണ്ടാവില്ല എന്നു ഞാന്‍. ദമ്പതികള്‍ പ്രേമപ്രകടനങ്ങള്‍ അവസാനിപ്പിച്ച്, ആയുസ്സും ആരോഗ്യവും ആനന്ദവും ആശംസിക്കുന്ന ഞങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ കേയ്ക്ക് മുറിക്കുകയും പരസ്പരം തീറ്റുകയും ചെയ്തു. പിന്നെ മൈക്കിളിനേയും കൂട്ടുകാരനേയും കെട്ടിപ്പിടിച്ച് നന്ദി പറയുകയും മധുരം നല്‍കുകയും ചെയ്തു. ഇതിനൊന്നും കാത്തുനില്‍ക്കാതെ മസായിച്ചേട്ടന്‍ സ്ഥലം വിട്ടിരുന്നു. ദമ്പതികള്‍ ഓരോരുത്തര്‍ക്കും മധുരം നല്‍കുകയും ആശംസകള്‍ സ്വീകരിക്കുകയും ചെയ്തു. ഹാപ്പി ആനിവേഴ്സറി പറഞ്ഞു ഞാന്‍ ചോദിച്ചു: എത്രാമത്തെയാണ്? ആദ്യത്തെയാണ്, രണ്ടുപേരും പുഞ്ചിരിച്ചു. ആവൂ, സമാധാനമായി.

നേരത്തെ തുടങ്ങിയ ഡിന്നര്‍ വൈകിയാണ് അവസാനിച്ചത്. എന്നാല്‍, ആഘോഷങ്ങള്‍ അവസാനിക്കുകയായിരുന്നില്ല. ആശംസകളുമായി ആകാശം നിറയെ നക്ഷത്രങ്ങള്‍ കാത്തുനിന്നിരുന്നു. ആകാശം അതിന്റെ നക്ഷത്രസമ്പത്തു മുഴുവന്‍ വാരിക്കൂട്ടി സെരങ്കട്ടിക്കു മേല്‍ വിതറിയിരിക്കുന്നു. എല്ലാവരും നക്ഷത്രങ്ങളുടെ സാവന്നയില്‍ മിഴിമേഞ്ഞു നില്‍ക്കുകയാണ്. ഹായ് ഹായ് പറഞ്ഞ് അമ്മയ്ക്കു മതിയാവുന്നില്ല. തൃശൂരിലെ നക്ഷത്രങ്ങളും മറ്റുള്ളവരോടൊപ്പം ഇന്നിങ്ങോട്ട് കുടിയേറിയെന്നു തോന്നുന്നു. കുറേ കുറുമ്പന്മാര്‍ പരിചയം പുതുക്കി വല്ലാതെ കണ്ണിറുക്കുന്നുണ്ട്. ഇന്നലെ സിംഹത്തിന്റെ കാറ്റ്വാക്ക് ആയിരുന്നെങ്കില്‍ ഇന്നു നക്ഷത്രങ്ങളുടെ കൂട്ടപ്പൊരിച്ചിലാണ്. ഒരോരോ രാത്രിവിസ്മയങ്ങള്‍ ഒരുക്കിവെയ്ക്കുന്നുണ്ട് ദിനംതോറും സെരങ്കട്ടി.

പുറത്തെ നക്ഷത്രപ്പൂരത്തിനു കാഴ്ചക്കാരനാകാതെ പണിത്തിരക്കിലാണ് മസായിച്ചേട്ടന്‍. മേശകള്‍ വൃത്തിയാക്കുന്നു. മാറിക്കിടക്കുന്ന കസേരകള്‍ തിരിച്ചിടുന്നു. മെനുമേശയില്‍ ബാക്കിവന്ന സാധനങ്ങള്‍ ബക്കറ്റിലാക്കിക്കൊണ്ടു പോവുന്നു. ആകെ തിരക്ക്. രണ്ടു ദിവസംകൊണ്ട് മൂപ്പര് ഞങ്ങളുടെ ഹീറോ ആയിക്കഴിഞ്ഞിരുന്നു. ഞാന്‍ ചെന്നു മസായിച്ചേട്ടന്റെ പേര് ചോദിച്ചു, ഇംഗ്ലീഷില്‍. മറുപടിയില്ല. എന്നാല്‍, പിന്നെ വിശ്വ ഭാഷയിലാവട്ടെ ചോദ്യം-എന്താ ചേട്ടന്റെ പേര്. മനസ്സിലാവില്ലെന്നോ മനസ്സിലാക്കില്ലെന്നോ വായിച്ചെടുക്കാവുന്ന മുഖഭാവം. ഞാന്‍ റഷീദിന്റെ സഹായം തേടി. അങ്ങേര്‍ക്ക് സ്വാഹിലി സംസാരിക്കാം.

രണ്ടു പേരെയും ഡൈനിങ്ങ് ടെന്റില്‍വിട്ട് ഞാന്‍ പുറത്തേക്കു പോന്നു, നക്ഷത്രങ്ങളുടെ ചുവട്ടിലേക്ക്. അകത്ത് റഷീദ് കാര്യമായി ശ്രമിക്കുന്നുണ്ട്. വഴങ്ങാത്ത സ്വാഹിലി വാക്കുകളെ ആംഗ്യങ്ങള്‍കൊണ്ട് പൂര്‍ണ്ണമാക്കുന്നുണ്ട്. പേര്, വീട്, വീട്ടുകാര്‍, വിദ്യാഭ്യാസം, സംതൃപ്തനാണോ എന്നൊക്കെയാണ് റഷീദിന്റെ ദൗത്യം. മസായിച്ചേട്ടന്‍ എന്തോ പറയുന്നുണ്ട്. അതിലേറെ സമയം നീണ്ട കാതുകള്‍ തലങ്ങും വിലങ്ങും ആടുന്നുണ്ട്.

അല്പസമയത്തിനുശേഷം റഷീദ് കീഴ്ത്താടി വിറപ്പിച്ചുകൊണ്ടു വന്നു നക്ഷത്രങ്ങളെ നോക്കിനില്‍ക്കാന്‍ തുടങ്ങി. മസായിയാണ്. എല്ലാവരും അങ്ങനെ വിളിക്കുന്നു. ഞാന്‍ വിളി കേള്‍ക്കും. അങ്ങനെ തന്നെ വിളിച്ചാല്‍ മതിയെന്നാണ് അവന്‍ പറയുന്നത്. ആ മറുപടിയില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി. ശരിയാണ്, വിളിക്കാനുള്ളതാണ് പേര്. വിളിച്ചാല്‍ വിളി കേള്‍ക്കുന്നെങ്കില്‍ അതുതന്നെ പേര്. മസായിച്ചേട്ടന്‍ തന്നെ ഇപ്പോഴും ഹീറോ.

ടെന്റിലേക്കു നടക്കുമ്പോള്‍ മസായിപ്പേരിന്റെ ഭാരം മനസ്സില്‍ തൂങ്ങുന്നുണ്ടായിരുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com