''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

പക്ഷേ, സെരങ്കട്ടി അതിന്റെ അത്ഭുതങ്ങള്‍ തുടരുകയായിരുന്നു. പത്തു നിമിഷങ്ങളേ സെരങ്കട്ടിക്കാടിനു വേണ്ടിവന്നുള്ളൂ എന്റെ അസ്വസ്ഥതകളേയും വിഷാദത്തേയും ആട്ടിപ്പായിക്കാന്‍. സെരങ്കട്ടി പത്തോളം വരുന്ന സീബ്രകളുടെ സംഘത്തെ ഞങ്ങളുടെ മുന്നിലെത്തിച്ചു
''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

മ്മി കളിയുടെ രണ്ടാമത്തേയോ മൂന്നാമത്തേയോ റൗണ്ടില്‍ ഞങ്ങളുറങ്ങിപ്പോയിരുന്നു. ഗര്‍ജ്ജിച്ചുണര്‍ത്താന്‍ സിംഹത്താന്‍ എത്തിയില്ല. അതുകൊണ്ട് ഉറക്കം സ്‌കൂട്ടായതുമില്ല. രാവിലെ അഞ്ചരയോടെ എല്ലാവരും എഴുന്നേറ്റ് ടെന്റിനു മുന്നിലിരുപ്പായി. കാട്ടിലേക്കു പ്രഭാതം നടന്നു വരുന്നതു കാണേണ്ടതാണ്. ഇരുട്ടെന്ന ഇരയെത്തേടിയുള്ള വരവ് ക്ഷമാശീലനും കുശാഗ്രബുദ്ധിയുമായ മൃഗരാജാവിനെപ്പോലെ പതുക്കെ മൃദുലമായ ചുവടുകള്‍ വെച്ചാണ്. ആറു മണിയോടെ ഇരുട്ട് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടുന്നു. ചുറ്റുമുള്ള അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങിയിട്ടുണ്ട്.

ഞാനും അമ്മയും 'ചൂടന്‍ കുളി' കഴിഞ്ഞു പ്രഭാതനടത്തത്തിന് ഇറങ്ങിയപ്പോഴേക്കും സുര്യനും കുളിച്ചു വെടിപ്പായി എത്തി. കിഴക്കോട്ട് നോക്കിയപ്പോഴൊക്കെ ആ സൗന്ദര്യത്തില്‍ ഞങ്ങളുടെ കണ്ണുകള്‍ മഞ്ഞളിച്ചുപോയി. മിനിയും അമ്മുവും ടെന്റിനകത്ത് തിരിച്ചുപോക്കിനു പെട്ടിയൊരുക്കുകയാണ്. ഞങ്ങള്‍ ടെന്റുകള്‍ക്കു മുന്നിലൂടെ മൂന്നു ചാല് നടന്നു. മൈക്കിളും കൂട്ടരും പ്രാതലൊരുക്കുന്ന തിരക്കിലാണ്. മസായിച്ചേട്ടനെ കാണാനില്ല.

മൂന്നാം ദിവസമായിട്ടും അതിരുകളൊ ളിച്ചുപോകുന്ന സെരങ്കട്ടി ഞങ്ങളെ മോഹിപ്പിക്കുന്നു. ഞങ്ങള്‍ ടെന്റുകളെ വിട്ട് മുന്നിലുള്ള സോസേജ് മരത്തിനടുത്തേക്ക് നടന്നു.

അമ്മ നല്ല ഉഷാറിലാണ് നടത്തം. എന്തു രസാ ഇങ്ങനെ നടക്കാന്‍. കുവൈത്തില്‍ സാല്‍മിയാ പാര്‍ക്കില്‍ നടക്കുന്നപോലല്ല. നല്ല സുഖം. സന്തോഷം. അമ്മ പറയുന്നതു ശരിയാണ്. ശുദ്ധവായു. തെളിഞ്ഞ ആകാശം. സുന്ദരനും സൗമ്യനുമായ സൂര്യന്‍. ഇളം തെന്നലിന്റെ കുഞ്ഞുമ്മകള്‍. കിളികളുടെ ശുദ്ധസംഗീതം. കണ്ണെത്താത്ത ദൂരത്തിനുമപ്പുറത്തേയ്ക്ക് ഒഴുകിപ്പോകുന്ന പുല്‍പ്പരപ്പ്, മരങ്ങള്‍, പച്ചപ്പ്. തിരക്കില്ലാതെ നടന്നുനീങ്ങുന്ന ആനകള്‍, ജിറാഫുകള്‍, ആന്റ്ലോപ്പുകള്‍. ഒരു പ്രഭാതസവാരിയെ അവിസ്മരണീയമാക്കാന്‍ ഇനിയെന്തു വേണം.

മരത്തിനടുത്തെത്താറായപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു: ഇന്നലെ കണ്ടപോലെ മരക്കൊമ്പിലെങ്ങാനും പുലി പതുങ്ങി യിരിപ്പുണ്ടെങ്കിലോ?

ഒരു കുഴപ്പവുമില്ല. ഒക്കെ പാവങ്ങളാ...

അമ്മ മരത്തെയാകെ ഒന്ന് സ്‌കാന്‍ ചെയ്തു. നയം മാറ്റി.

വേണ്ട... നമുക്കു തിരിച്ചുപോകാം. റിസ്‌ക്കെടുക്കണ്ട.

തിരികെ നടന്നുതുടങ്ങിയപ്പോഴാണ് ഞങ്ങള്‍ക്കു പിന്നില്‍ രൂപപ്പെട്ടിരുന്ന 'അടിയന്തര സാഹചര്യം' കണ്ടത്. രണ്ടു തോക്കന്മാരും കുറുവടിയുമായി മസായിച്ചേട്ടനും ഞങ്ങള്‍ക്കു നേരെ വേഗത്തില്‍ നടന്നുവരുന്നു. മസായി എപ്പോഴെത്തേയും പോലെ നിര്‍വ്വികാരന്‍. ടെന്റിനടുത്ത് അമ്മുവും മിനിയും തലയില്‍ കൈവെച്ച് നില്‍ക്കുന്നു. അടുത്തുതന്നെ റഷീദുണ്ട്. മൂപ്പരുടെ കീഴ്ത്താടിയിപ്പോള്‍ വിറയ്ക്കുന്നുണ്ടാവും.

അടുത്തെത്തിയതും തോക്കുധാരികള്‍ ശകാരം തുടങ്ങി. 'ഇക്ക്യൊന്നും മനസ്സിലാവണില്ലാ' എന്നൊരു നിഷ്‌കളങ്കച്ചിരിയുമായി അമ്മ. ആ ചിരിയില്‍ ശകാരം രണ്ടാം വാക്യത്തില്‍ ഒതുങ്ങി. സാരല്യ. വേഗം പോന്നോളൂ. ടെന്റിനു ദൂരത്തേക്ക് പോകരുതെന്നു പറഞ്ഞതല്ലേ, എന്നൊക്കെ അതു മയപ്പെട്ടു. സോസേജ് മരത്തിനപ്പുറത്ത് രണ്ട് കാട്ടുപോത്തുകള്‍ മേയുന്നുണ്ടത്രേ. ആളെക്കണ്ടാല്‍ ചിലപ്പോള്‍ വെറുതെ വന്നു കുത്തും. കാരണം, റഷീദ് ഇന്നലെ പറഞ്ഞതുതന്നെ - അവ പോത്തുകളാണ്. ഞങ്ങള്‍ തിരിഞ്ഞുനോക്കി. മരത്തിനപ്പുറത്ത് വളര്‍ന്നുമുറ്റിയ പുല്ലിനിടയില്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട് നാല് കാലന്‍ കൊമ്പുകള്‍. ഞങ്ങള്‍ക്കുവേണ്ടി ആകാംക്ഷയോടെ കാത്തുനിന്നിരുന്ന മറ്റു സഫാരിക്കാര്‍ക്ക് ഇളിഭ്യന്‍ ചിരികള്‍ സമര്‍പ്പിച്ച് പ്രാതലിലേയ്ക്ക്. സെരങ്കട്ടിയിലെ അവസാന പ്രാതല്‍. ഇവിടത്തെ മരങ്ങളോടും മൃഗങ്ങളോടും മസായിയോടും മൈക്കിളിനോടും ക്യാമ്പിനോടും ഇന്ന് വിട പറയുകയാണ്.

രാജകുടുംബം
രാജകുടുംബം

ഡൈനിങ്ങ് ടെന്റില്‍നിന്നു പുറത്തിറങ്ങുമ്പോഴേക്കും മസായിച്ചേട്ടന്‍ പെട്ടികളെല്ലാം വണ്ടിയില്‍ കയറ്റിക്കഴിഞ്ഞിരുന്നു. ടൂറിസംകൊണ്ട് മസായിക്കെന്തു മെച്ചം എന്ന ചോദ്യത്തെ ഒരു മസായി നേതാവ് പരിഹസിച്ചത് ഇങ്ങനെയാണ്: ടൂറിസ്റ്റുകളുടെ പെട്ടി ചുമക്കാനും അവര്‍ക്കു മുന്‍പില്‍ കറുപ്പ് തേച്ച് വെളുത്ത വരകള്‍ വരച്ച് കൈനീട്ടാനും മസായികള്‍ക്കിന്ന് അവസരങ്ങളുണ്ട്. അതിലും മെച്ചപ്പെട്ട ഒരു ജോലിയും അവര്‍ക്കു ലഭിക്കില്ല. അദ്ദേഹത്തിന്റെ പരിഹാസം ശരിയാണ്. എന്നാല്‍, കാര്യങ്ങള്‍ മെല്ലെ മാറുന്നുണ്ടെന്ന് റഷീദ്. അപൂര്‍വ്വമായെങ്കിലും ഗൈഡുകളായും ഡ്രൈവര്‍മാരായും സ്പോട്ടര്‍മാരായും മസായികള്‍ ജോലി ചെയ്യുന്നുണ്ട്. കെനിയയില്‍ കാര്യങ്ങള്‍ കുറേക്കൂടി മെച്ചമാണ്. തങ്ങളുടെ പരമ്പരാഗത വേഷത്തില്‍ സഫാരി മേഖലയില്‍ ജോലി ചെയ്യുന്ന ധാരാളം മസായികളെ അവിടെ കാണാം.

ക്യാമ്പ് സുഹൃത്തുക്കള്‍ ഞങ്ങളെ യാത്രയാക്കാന്‍ വണ്ടിക്കടുത്തുണ്ട്. ഡൈനിങ്ങ് ടെന്റിനു മുന്നില്‍ വെച്ചിരിക്കുന്ന ടിപ്പ് ബോക്‌സില്‍ ഞങ്ങളുടെ സന്തോഷം ഡോളറുകളായി ചെന്നുവീണു. പിന്നെ ജീവനക്കാരുമായി ഗ്രൂപ്പ് ഫോട്ടോ. ഞങ്ങള്‍ ടോര്‍ട്ടില്ലിസ് ക്യാമ്പിനോട് വിട പറയുകയായി. റഷീദിന്റെ ഈണത്തിലുള്ള ഹക്കുണ മറ്റാറ്റ, അമ്മ അകത്തായി. ടോപ്പുകളെല്ലാം റഷീദ് പൊക്കിവെച്ചു. അമ്മു ക്യാമറയുമായി സീറ്റില്‍ നില്‍പ്പുമായി.

ആഫ്രിക്കന്‍ ആനകളും

പോത്തുകളും

സോസേജ് മരത്തിനടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞപ്പോഴാണ്, രാവിലെത്തന്നെ ഞങ്ങളെ മക്കാറാക്കിയ പോത്തുകളെ കണ്ടത്. രണ്ടെണ്ണമല്ല. പുല്ലില്‍ തല പൂഴ്ത്തി പിന്നെയും അഞ്ചാറെണ്ണമുണ്ട്. ബ്രേയ്ക്ക്ഫാസ്റ്റിന്റെ തിരക്കിലാണ് എല്ലാവരും. പഹയന്മാര്‍. റഷീദ് ഇവരെ വിളിക്കുന്നത് കാട്ടിലെ മാഫിയ എന്നാണ്. ഇവരുടെയത്രയും പ്രതികാരബോധം പുലര്‍ത്തുന്നവര്‍ കാട്ടിലില്ല. പഴയ കണക്കുകളൊക്കെ ഓര്‍ത്തെടുത്തു തീര്‍ക്കുമെന്ന്. മാംസഭോജികളുടെ കുഞ്ഞുങ്ങളെ ഒത്തുകിട്ടിയാല്‍ തീര്‍ത്തുകളയും. കൂട്ടത്തില്‍നിന്നാരെയെങ്കിലും കൊന്നു ശാപ്പിട്ട സിംഹകുലത്തിലെ പൈതങ്ങളെ കാത്തിരുന്നു തീര്‍ത്തുകളയും. വംശഹത്യാ ലൈന്‍ തന്നെ.

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''
''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

തൊട്ടപ്പുറത്തെ അക്കേഷ്യ മരത്തിലൊരു സുന്ദരന്‍/സുന്ദരി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പതിവുപോലെ പോത്തുകളില്‍നിന്നു സുരക്ഷിത ദൂരത്തില്‍ റഷീദ് വണ്ടി നിര്‍ത്തി. അക്കേഷ്യയുടെ തുഞ്ചത്തെ കൊമ്പില്‍ മുള്ളുകളുടേയും കാപ്പിരിത്തലമുടിപോലുള്ള കുരുടിച്ച ഇലകള്‍ക്കുമിടയില്‍ കാലുകളുടക്കിവെച്ച് അവളങ്ങിനെയിരുന്നു. റഷീദ് പലപ്പോഴും ഇതുപോലുള്ള കിളികളെ കണ്ടിട്ടുണ്ടെങ്കിലും ഇവളെ കൃത്യമായൊരു പേരു വിളിക്കാന്‍ മൂപ്പര്‍ക്ക് കഴിയുന്നില്ല. പോത്തുകളുടെ ഹലാക്കിനിടയില്‍ ഇങ്ങനെയൊരു സുന്ദരി രാവിലെത്തന്നെ തന്റെ ഗൈഡറിവിനെ ചോദ്യം ചെയ്യുമെന്ന് റഷീദ് കരുതിയില്ല. ഞാന്‍ സൂം ക്യാമറയുടെ വ്യൂവര്‍ സ്‌ക്രീനില്‍ കിളിയെ പിടിച്ചുകൊടുത്തു. ഇടത്തരം വലിപ്പം. പ്രാവിനേക്കാള്‍ അല്പം കൂടും. കണ്ണുകളില്‍ പ്രാവുകളുടെ ചകിതഭാവം. അസ്തമയം പുരണ്ട വെണ്‍മേഘം പോലെയുള്ള വയറൊഴിച്ച ഭാഗങ്ങളെല്ലാം എണ്ണക്കറുപ്പ്. കൊക്കും കറുപ്പ്. കറുത്ത കണ്ണിണകള്‍ ഓറഞ്ചു നിറത്തില്‍ സുറുമയെഴുതിയിരിക്കുന്നു. റഷീദിനിപ്പഴും തിട്ടം പോര. സ്റ്റെര്‍ലിങ്ങുകളില്‍ പെട്ടതാണെന്നു തോന്നുന്നു - റഷീദ് തപ്പിത്തടഞ്ഞു. സാരമില്ല റഷീദേ, ഒരു പേരിലെന്തിരിക്കുന്നു. നമുക്കു പോകാം. മൂപ്പരുടെ കീഴ്ത്താടി വിറയ്ക്കുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോട്ടെല്ലിസ് ടെന്റഡ് ക്യാമ്പ് ഓടിമറഞ്ഞിരിക്കുന്നു. ജിറാഫുകളുടേയും ഇംപാലകളുടേയും മേച്ചിലിടങ്ങളിലേക്ക് വണ്ടിയെത്തിയിരിക്കുന്നു. ചരല്‍പ്പാതയുടെ ഓരത്തേയ്ക്ക് റഷീദ് വണ്ടി ഒതുക്കിയിട്ടു, എന്നിട്ട് കയ്യും കെട്ടിയിരിപ്പായി. ഞങ്ങള്‍ ചുറ്റും പരതി. പ്രത്യേകിച്ചൊരു കാഴ്ചയും ചുറ്റുവട്ടത്തില്ല. അമ്മുവും മിനിയും സീറ്റുകളില്‍ കയറി നോക്കി. കാര്യമായൊന്നുമില്ല. ജിറാഫുകളുണ്ട്. സീബ്രകളുണ്ട്. കുറേയധികം ഇംപാലകളുണ്ട്. ദൂരെ പത്തോളം ബലമുള്ള ഒരാനക്കൂട്ടമുണ്ട്. വലതുവശത്തെ കുറ്റിക്കാടിനു മറവിലൂടെ രണ്ട് സിംഹികള്‍ അലസമായി പ്രഭാതസവാരി നടത്തുന്നുണ്ട്. ഒരു വേട്ടയുടെ ആകാംക്ഷയോ ചലനങ്ങളോ അവരിലില്ല. അല്പദൂരം നടന്ന് അവരൊരു ചെറുമരത്തിന്റെ തണലില്‍ വിശ്രമമായി. ഇത്രയും നേരത്തെ രണ്ടു സിംഹങ്ങളെ കണ്ടെത്തിയതിന്റെ പേരിലാണോ റഷീദിങ്ങനെ നെഗളിച്ചിരിക്കുന്നത്. അര നിമിഷം, ലാന്‍ഡ് ക്രൂയിസറിന്റെ എന്‍ജിന്‍ കൊഞ്ചലും ചരല്‍ ഞരുക്കലും മറച്ചിരുന്ന ശബ്ദങ്ങള്‍ ഒന്നൊന്നായി വണ്ടിയിലേക്കു വീണുകൊണ്ടിരുന്നു. ചില നീണ്ട വിളികള്‍. കുറിയ മറുപടികള്‍. കുമിളപൊട്ടുംപോലെയുള്ള നൈമിഷിക സ്വരങ്ങള്‍. പല ശ്രുതികള്‍. ഇത്രയും ശബ്ദങ്ങള്‍ ചുറ്റിലുമുണ്ടെന്നു ഞങ്ങളറിഞ്ഞിരുന്നതേയില്ല. അക്കേഷ്യ ചില്ലകളില്‍ ധാരാളം കിളികള്‍. എല്ലാം ചെറുകിളികള്‍. പല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് പല ശബ്ദങ്ങളില്‍, പല താളങ്ങളില്‍ അവര്‍ നിര്‍ത്താതെ കുശലം പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാ ശബ്ദങ്ങളേയും കാട് ഭംഗിയായി ലയിപ്പിച്ചിരിക്കുന്നു. ബഹുസ്വരതയുടെ മോഹിപ്പിക്കുന്ന സിംഫണി. നനാത്വത്തില്‍ ഏകത്വം, ഞാന്‍ പറഞ്ഞു. unity in diversity, റഷീദിനായി അമ്മുവത് ഇംഗ്ലീഷിലാക്കി. രണ്ടും റഷീദിനു മനസ്സിലായില്ല. റഷീദ് 'നെഗളിപ്പന്‍' ഇരുപ്പവസാനിപ്പിച്ച് വണ്ടി മുന്നോട്ടെടുത്തു. പതിവുപോലെ രാവിലെത്തന്നെ ഗജമേള ആരംഭിച്ചിട്ടുണ്ട്. അക്കേഷ്യ മരങ്ങളും കുറ്റിച്ചെടികളും ഉള്ളിടത്തെല്ലാം ആനക്കൂട്ടങ്ങള്‍ നിന്നു മേയുകയാണ്. പത്തും പതിനഞ്ചും ഇരുപതും ഒക്കെ അംഗങ്ങളുള്ള സംഘങ്ങള്‍. ഇത്രയും ആനകളെ അവരുടെ നാട്ടില്‍ ചെന്നു കാണാന്‍ കഴിയുമെന്നു ഞങ്ങള്‍ കരുതിയതേയില്ല. സായാഹ്നങ്ങളില്‍ പുറത്തെടുക്കാറുള്ള കളികളോ തമാശപ്പോരുകളോ കുത്തിമറിച്ചിലുകളോ ഇപ്പോളില്ല. എല്ലാവരും തീറ്റത്തിരക്കിലാണ്.

16 മണിക്കൂറെങ്കിലും നിന്നു തിന്നാലെ പ്രതിദിനം അകത്താക്കേണ്ട 300-400 പൗണ്ട് തികയ്ക്കാന്‍ പറ്റൂ. കൂടാതെ ഒരിരുനൂറ് ലിറ്ററെങ്കിലും ജലമകത്താക്കണം. ഇവയൊക്കെ തേടിപ്പിടിക്കണം. ബാക്കിയുള്ള അല്പസമയത്ത് വേണം ഉറങ്ങാനും കൂട്ടുകാരുമായി സല്ലപിക്കാനും പ്രണയിക്കാനും ഇണചേരാനും പ്രസവിക്കാനും കുട്ടികളെ മുലയൂട്ടി വളര്‍ത്താനും മറ്റും. കഷ്ടപ്പാടാണ് ശരാശരി സെരങ്കട്ടിയാനയുടെ ജീവിതം! അതീവ ശ്രദ്ധയോടെ ഇലനിറഞ്ഞ ചില്ലകള്‍ ഒടിച്ചെടുത്ത് തുമ്പിക്കയ്യില്‍ വെച്ചാട്ടിയും കാലിലടിച്ചും പൊടികളഞ്ഞ് വൃത്തിയാക്കിയാണ് തീറ്റ. ഇനി മഴ വന്നു കാടും മരങ്ങളും പച്ചക്കരുത്തു കാട്ടുമ്പോള്‍ മരക്കൊമ്പുകള്‍ ചറപറ വലിച്ചെടുത്ത് തിന്നും. ശുഷ്‌കമായ ചില്ലകളെ ചവച്ചിറക്കാന്‍ മെനക്കെടാതെ മണ്ണിലുപേക്ഷിക്കും. ഈ കൊമ്പുകള്‍ മണ്ണില്‍ കിടന്ന് ചെനച്ചു പൊട്ടി വളര്‍ന്നു പുതിയ മരമാകും.

ഒരുപാടാനകളെ ഞങ്ങള്‍ പിന്നെയും കടന്നുപോയി. ഞങ്ങളെ വിസ്മയിപ്പിച്ചത് തരംഗീറി മുതലിങ്ങോട്ട് അവര്‍ പുലര്‍ത്തിയ സൗമ്യതയും സൗഹൃദവും മാന്യതയുമാണ്. ഒന്നുരണ്ടു തവണ കൊമ്പുകുലുക്കി വണ്ടിക്കടുത്തേക്ക് വന്നെങ്കിലും അക്ഷ്യോഭ്യരായ റഷീദിന്റേയും ലാന്‍ഡ് ക്രൂയിസറിന്റേയും മുന്‍പില്‍ തോറ്റു മൂടും കുലുക്കി മടങ്ങുകയായിരുന്നു. സഫാരി ഭാഷയില്‍ ഫാള്‍സ് ചാര്‍ജിങ്ങ് അഥവാ ഫണ്‍ ചാര്‍ജിങ്ങ്.

തീറ്റത്തിരക്കിലും ചില പ്രണയങ്ങള്‍ തിക്കിത്തിരക്കുന്നുണ്ട്. രണ്ടിളംമുറക്കാര്‍ തഞ്ചത്തില്‍ കൂട്ടത്തില്‍നിന്നു മാറിയിരിക്കുന്നു. അഞ്ചാം കാലെന്ന് രസികന്മാര്‍ പറയുന്ന ഗജലിംഗം ഭൂമിയെ ചുംബിക്കും വിധം തൂക്കിയിട്ടാണ് കുമാരന്റെ പരാക്രമം. അവന്‍ ഇണയുടെ പുറത്ത് തുമ്പിക്കയ്യിടുന്നുണ്ട്. കുമാരിയാകട്ടെ, സമയമായില്ലപോലും പാടി അവനെ കൂട്ടത്തില്‍ നിന്നകറ്റുകയാണ്.

ഒരുപാടാനകളെ ഞങ്ങള്‍ പിന്നെയും കടന്നുപോയി. ഞങ്ങളെ വിസ്മയിപ്പിച്ചത് തരംഗീറി മുതലിങ്ങോട്ട് അവര്‍ പുലര്‍ത്തിയ സൗമ്യതയും സൗഹൃദവും മാന്യതയുമാണ്. ഒന്നുരണ്ടു തവണ കൊമ്പുകുലുക്കി വണ്ടിക്കടുത്തേക്ക് വന്നെങ്കിലും അക്ഷ്യോഭ്യരായ റഷീദിന്റേയും ലാന്‍ഡ് ക്രൂയിസറിന്റേയും മുന്‍പില്‍ തോറ്റു മൂടും കുലുക്കി മടങ്ങുകയായിരുന്നു. സഫാരി ഭാഷയില്‍ ഫാള്‍സ് ചാര്‍ജിങ്ങ് അഥവാ ഫണ്‍ ചാര്‍ജിങ്ങ്.

ആനക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നു പുക്കുകളുടേയും ഇംപാലകളുടേയും വരയന്‍ കീരികളുടേയും സുന്ദരക്കിളികളുടേയും ചെറിയ കാഴ്ചകള്‍ പെറുക്കിയെടുക്കുന്നതിനിടയില്‍ പെട്ടെന്ന് റഷീദ് വണ്ടി നിര്‍ത്തുകയും ഒരാഫ്രിക്കക്കാരനു മാത്രം ഉണ്ടാക്കാവുന്ന ആക്രോശങ്ങള്‍ മുഴക്കുകയും ചെയ്തു. വണ്ടിയിലേയ്ക്കു ചാടിക്കയറുന്ന ഒരു ബബൂണിനെ തടയാനുള്ള വിഫലശ്രമമായിരുന്നു അത്. ബബൂണ്‍ തന്റെ പിന്നിലാണെന്നറിഞ്ഞതും അമ്മു ഒരലര്‍ച്ച. ഇത്തവണയും അമ്മുവിന്റെ 'ശബ്ദസൗകുമാര്യം' ബബൂണിനെ വിറപ്പിച്ചു. ജീവനും കൊണ്ടിറങ്ങിയോടിയ ബബൂണിന്, അമ്മ പഴം കഴിച്ചുപേക്ഷിച്ച ഒരു തൊലി മാത്രമേ കൈക്കലാക്കാന്‍ കഴിഞ്ഞുള്ളൂ. പാവം ബബൂണ്‍. റഷീദ് ആരാധനയോടെ അമ്മുവിനെ നോക്കുന്നുണ്ടായിരുന്നു.

ബബൂണാക്രമണത്തില്‍നിന്ന് അമ്മു സ്വസ്ഥയാകുന്നതിനു മുന്നേ ഞങ്ങള്‍ക്കൊരു എലാന്‍ഡ് കൂട്ടത്തെ കിട്ടി. ആന്റ്ലോപ്പുകളിലെ ഭീമന്മാരാണിവര്‍. ഇന്നലത്തെ ആന്റ്ലോപ്പ് ക്ലാസുകളില്‍ ഇവനെ വിട്ടുപോയിരുന്നുവെന്നു ഞാന്‍ റഷീദിനെ ഓര്‍മ്മപ്പെടുത്തി. അപ്പോഴാണ് അമ്മു തിരുത്തുന്നത്-ഇന്നലെ എലാന്‍ഡുകളെ കണ്ടിരുന്നു, ഇവിടെ കാണുന്നത് കോമണ്‍ എലാന്‍ഡുകളാണെന്നും മദ്ധ്യാഫ്രിക്കയിലെ ജയന്റ് എലാന്‍ഡുകള്‍ക്ക് ഇവരേക്കാള്‍ വലുപ്പമുണ്ടെന്നും റഷീദ്ക്ക പറഞ്ഞിരുന്നു. അമ്മയും മിനിയും അതു സാക്ഷ്യപ്പെടുത്തുന്നു. അപ്പോള്‍ എന്റെ തലയില്‍നിന്നു മാത്രം അതെങ്ങനെ മാഞ്ഞുപോയി? അഷ്ടദിക്കുകളിലും അത്ഭുതങ്ങള്‍ നിറയുമ്പോള്‍ ഇന്ദ്രിയങ്ങള്‍ ചിലതൊക്കെ നിരാകരിക്കുന്നതാവാം.

മുന്നിലുള്ളത് ഒരു ബാച്ച്ലര്‍ സംഘമാണ്. കഠാരപോലെ കൂര്‍ത്തുള്ള പിരിയന്‍ കൊമ്പുകള്‍. അവയ്ക്കിടയില്‍ ഗോമാതാവിന്റെപോലെ ശാന്തമുഖം. ദൃഢ പേശികള്‍ അണിയിച്ചൊരുക്കുന്ന വലിയ ശരീരം. ഓട്ടത്തില്‍ മോശമാണെങ്കിലും ചാട്ടത്തില്‍ ചാമ്പ്യനാണ്. രണ്ടര മൂന്നു മീറ്റര്‍ പൊക്കമൊക്കെ കൂളായി ചാടിക്കടക്കും.

ആഫ്രിക്കയിലെ

നൈല്‍ മുതലകള്‍

ഇണചേരല്‍ കാലമല്ലാത്തതുകൊണ്ടാണ് ബാച്ച്ലര്‍ സംഘം ഇങ്ങനെ സൗഹൃദമായി കഴിയുന്നത്. സെരങ്കട്ടിയില്‍ ഹണിമൂണുകള്‍ അസ്തമയത്തോടടുക്കുന്നത് വര്‍ഷാന്തങ്ങളിലാണ്. അല്ലെങ്കില്‍ കരുത്തു തെളിയിക്കുന്ന കളരികളായേനെ ഓരോ സംഘവും. ഏറ്റുമുട്ടലുകളും ഇണയെ ആകര്‍ഷിക്കാനുള്ള കസര്‍ത്തുകളുമായി ആകെ അലങ്കോലമാകും കാട്ടുകൂട്ടങ്ങള്‍.

ഇപ്പോള്‍ ചതുപ്പുകള്‍ക്കു സമീപത്തുകൂടെ വണ്ടി വിടുകയാണ് റഷീദ്. ഹിപ്പോകളേയും മുതലകളേയും ആണ് ഉന്നമിടുന്നതെന്നു തോന്നുന്നു. എന്നാല്‍, റഷീദിന്റെ ആത്മാര്‍ത്ഥതയൊന്നും അവര്‍ക്കില്ല. ഒറ്റെണ്ണം കരകേറിയിട്ടില്ല. മുതലകള്‍ കൂര്‍ബന്‍ തല മാത്രം പുറത്തിട്ട് കിടക്കുന്നു. ഹിപ്പോകളൊക്കെ ചെളി പുതഞ്ഞ പുറം മാത്രം പുറത്തുകാട്ടുന്നു. ശുദ്ധജലപ്രിയരായ നൈല്‍ ക്രൊക്കെഡൈല്‍സ് ആണ് ഇവിടെ കാണപ്പെടുന്നത്. ശുദ്ധജലമെന്നാല്‍ ഉപ്പില്ലാത്തതെന്നേ അര്‍ത്ഥമുള്ളൂ. ചെളിയും പടലുമൊക്കെയാവാം. നൈല്‍ ക്രൊക്കഡൈലുകള്‍ നൈല്‍ നദിയില്‍ ഇന്നു വിരളമാണ്. ആഫ്രിക്കയിലെ സബ്സഹാറന്‍ ശുദ്ധജലതടാകങ്ങളിലും നദികളിലും ചതുപ്പുകളിലുമാണ് അവയിന്നു ധാരാളമായി പെറ്റുപെരുകുന്നത്. മുതലകളില്‍ ഏറ്റവും അപകടകാരികളാണ് ഈ നൈലന്മാര്‍. എന്തിനേയും തിന്നും. കരയില്‍ മതിമറന്നിരിക്കുന്ന പക്ഷികള്‍പോലും പിടിയില്‍ പെടും. കോര്‍ത്തുകേറുന്ന പല്ലുകള്‍ക്കിടയില്‍നിന്നു രക്ഷപ്പെടാന്‍ സിംഹത്തിനുപോലും സാധ്യമല്ല. പല്ലുകളുടെ ഈ പ്രത്യേകതകൊണ്ടുതന്നെ ഇരയെ മുറിച്ചു കഷണങ്ങളാക്കിക്കഴിക്കാന്‍ ഇവര്‍ക്കാവില്ല. ഒന്നുകില്‍ ഇരയെ മുഴുവനായി വിഴുങ്ങണം. അല്ലെങ്കില്‍ മാംസത്തില്‍ പല്ലുകള്‍ കോര്‍ത്തിറക്കി മുതല സ്വയം വിലങ്ങനെ കറങ്ങിക്കുടയും. കണ്ടാല്‍ തോന്നും മുതല മറ്റേതോ മൃഗത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ പിടയുകയാണെന്ന്.

കൂര്‍ത്ത മോന്തയെങ്കിലും പുറത്തു കാണിക്കുന്ന 'മുതലദയ' പോലും ഹിപ്പോകള്‍ക്കില്ല. അവരുടെ ചെളിതേച്ച പുറം മാത്രമാണ് പുറത്തേക്കുള്ളത്. ഒരൊറ്റൊരാള്‍ മാത്രമാണ് ഞങ്ങള്‍ക്കുവേണ്ടി ചെവിയും കണ്ണുകളും മൂക്കോട്ടകളും പുറത്തുകാണിച്ചത്. ക്ഷമയോടെ കാത്തുനിന്നാലേ ഹിപ്പോയുടെ ഫുള്‍ഫിഗര്‍ പകര്‍ത്താന്‍ പറ്റൂ എന്ന് റഷീദ് ഞങ്ങളെ മുന്‍പേ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ കാത്തുനിന്നു.

ജലമാണ് ഹിപ്പോകളുടെ പറുദീസ. ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ജലത്തിലാണ്. ജലത്തില്‍ ജനിക്കുന്നു, വളരുന്നു. ജലത്തില്‍തന്നെ ഇണചേരുന്നു, പ്രസവിക്കുന്നു, ഉണ്ണിത്തടിയന്മാരെ പാലൂട്ടുന്നു. വെള്ളത്തിനടിയില്‍ അഞ്ചുമിനുട്ടൊക്കെ ശ്വാസം പിടിച്ചുനിര്‍ത്തുന്ന യോഗാഭ്യാസികളാണ് ഇവര്‍. സൂര്യനെ വലിയ പേടിയാണ് ഈ പൊണ്ണത്തടിയന്മാര്‍ക്ക്. ചൂടുതാങ്ങാന്‍ തീരെ പാങ്ങില്ലാത്തതാണ് ഇവരുടെ തൊലിക്കട്ടി. അതുകൊണ്ടാണ് മിക്കപ്പോഴും വെള്ളത്തില്‍ ഒളിക്കുന്നത്. സൂര്യന്‍ നന്നായി മറഞ്ഞ് ഇരുട്ടേറിയാലേ ഇവര്‍ ജലം വിട്ട് വരൂ. കരയ്ക്കു കയറിയാല്‍ പിന്നെ ഓടിനടന്നു തിരക്കിട്ട് തീറ്റയാണ്-പുല്ലും ചെറുചെടികളും. സൂര്യനെത്തുമ്പോഴേയ്ക്കും തിരിച്ചു മുങ്ങണം. ചൂടില്‍നിന്നു രക്ഷപ്പെടാനായി ഒരു ചുവന്ന ശ്രവമുണ്ടാക്കുന്നുണ്ട് ഇവരുടെ തൊലിപ്പുറം. കണ്ടാല്‍ ചുവപ്പ് വിയര്‍പ്പാണെന്നു തോന്നും.

വരയൻ
വരയൻ

പൊണ്ണത്തടിയന്‍ പേടിത്തൊണ്ടന്‍ കൂടിയാണ്. അതുകൊണ്ട് ചെറിയ പ്രകോപനങ്ങളില്‍ത്തന്നെ മൂപ്പര് അക്രമാസക്തനാവും. ആഫ്രിക്കന്‍ കാടുകളില്‍ ഏറ്റവുമധികം മനുഷ്യരെ തട്ടിക്കളയുന്നതിവനാണ്. കാട്ടില്‍ നടത്തസവാരിക്കിറങ്ങുന്ന അതിസാഹസികര്‍ക്ക് സഫാരി ഗൈഡുകള്‍ നല്‍കുന്ന ഉപദേശമിതാണ് - ഒരിക്കലും ഹിപ്പോയ്ക്കും ജലത്തിനുമിടയില്‍ നില്‍ക്കരുത്. ജലം അവന്റെ അഭയമാണ്. അങ്ങനെ വന്നുപെട്ടാല്‍ നിങ്ങള്‍ തീര്‍ന്നു. ഉറപ്പ്.

ഈവക കാര്യങ്ങളൊക്കെ പറഞ്ഞ് 15 മിനുട്ടോളം വണ്ടിയവിടെ നിര്‍ത്തിയിട്ടു. ഒരു കാര്യവുമുണ്ടായില്ല അവന്മാര്‍ ചളിപ്പുറം കാണിച്ചങ്ങനെ കിടപ്പാണ്. ചിലപ്പോള്‍ തലയല്പം പൊക്കിക്കാണിക്കും-ശ്വാസമെടുക്കാനായിരിക്കും. ഗോരം ഗോരയില്‍ നമുക്കിവരെ ശരിക്കും കാണാം എന്ന ഉറപ്പുമായി റഷീദ് വണ്ടിയെടുത്തു. പിന്നെ സ്‌കൂള്‍-കോളേജ് ലെവല്‍ ക്വിസുകളിലെ സ്ഥിരം ചോദ്യം റഷീദ് പുറത്തെടുത്തു. ഏതാണ്ട് മുഴുവന്‍ സമയവും വെള്ളത്തില്‍ കഴിയുകയും എന്നാല്‍, നീന്താനറിയാത്തതുമായ ജീവി? ഹിപ്പോപൊട്ടാമസ്, ഞാനും അമ്മുവും കോറസ് പാടി. ഹിപ്പോയ്ക്ക് നടക്കാനേയറിയൂ, കരയിലായാലും ജലത്തിലായാലും.

ചതുപ്പിലെ കോന്തപ്പന്മാരെ ഉപക്ഷിച്ചുപോന്ന് റഷീദ് വണ്ടി നിര്‍ത്തിയത് ഒരു അക്കേഷ്യയ്ക്കടുത്താണ്. ഞങ്ങള്‍ക്കു മുന്നേ ഒരു സഫാരി വണ്ടി മരത്തിനപ്പുറത്തെത്തിയിട്ടുണ്ട്. അതിലെല്ലാവരും അത്യാഹ്ലാദത്തിലാണ്. മൂന്ന് എമണ്ടന്‍ ക്യാമറകള്‍ മരച്ചുവട്ടിലേക്കു നോക്കി ക്ലിക്

ക്ലിക്കെന്നു ചിരിച്ചുലയുകയാണ്. മരത്തിന്റെ പച്ചത്തല അണ്ഡാകൃതിയില്‍ താഴെ പുല്‍പ്പരപ്പില്‍ വീണിട്ടുണ്ട്. ആ തണലും പുതച്ചു കിടപ്പാണ് ഒരു കേസരിക്കൂട്ടുകുടുംബം.

വീട്ടില്‍ ടി.വി കാണുന്നതിനേക്കാള്‍ അടുത്താണ് സിംഹക്കൂട്ടം. ആബാലവൃദ്ധമാണ് സംഘം. രാജകുടുംബത്തിലും ഇളംമുറക്കാരുടെ ഇളക്കങ്ങള്‍ പതിവുപോലെ. കുത്തിമറിയുന്നു. മാന്തിക്കളിക്കുന്നു. അമ്മയുടെ അകിട്ടിലേയ്ക്ക് ഊളിയിടുന്നു. തന്തമാരുടെ ഉച്ചിയിലുരസി ശല്യപ്പെടുത്തുന്നു. ശകാരം വാങ്ങുന്നു. രണ്ടു രാജാക്കന്മാര്‍ കെട്ടിപ്പിടിച്ചാണ് കിടപ്പ്. ആണും പെണ്ണും കുട്ടികളുമായി അങ്ങനെ ഇരുപതെണ്ണം. മരത്തിന്റെ നിഴല്‍പ്രദേശം പൂര്‍ണ്ണമായും കയ്യടക്കിയാണ് കിടപ്പ്. കാര്യമായ ചൂടൊന്നും ഈ ഡിസംബര്‍ ദിനങ്ങളില്‍ ഞങ്ങള്‍ക്കു തോന്നുന്നില്ല. എന്നാല്‍, സാവന്നയിലെ അപൂര്‍വ്വമായ നിഴലുകളെല്ലാം എത്ര ആര്‍ത്തിയോടെയാണ് മൃഗങ്ങള്‍ സ്വന്തമാക്കുന്നത്.

കാട്ടില്‍ ഏറ്റവും സംഘബോധമുള്ള മൃഗകുലമാണ് സിംഹങ്ങള്‍. മൃഗരാജാവ്, കാട്ടിലെ ചക്രവര്‍ത്തി തുടങ്ങിയ പൊള്ളയായ പ്രശംസകളൊന്നും ഇവര്‍ ഗൗനിക്കുന്നില്ല. തങ്ങളുടെ ശക്തിയും ദൗര്‍ബ്ബല്യവും അവര്‍ക്കു നന്നായി അറിയാം. പോരായ്മകളോട് ഫലപ്രദമായി പ്രതികരിക്കുന്നതാണ് ഇവരുടെ വിജയം. വളരെ ദുഷ്‌കരമാണ് ഗര്‍ഭധാരണം. ശക്തനായ രാജാവ് ഇതു മറികടക്കുന്നത് രണ്ടോ മൂന്നോ ദിവസം നിരന്തരം ഇണചേര്‍ന്നാണ്, ഇരുന്നുറില്‍പ്പരം തവണ. ഒരു കൂട്ടത്തിലെ മൂന്നോ നാലോ പെണ്ണുങ്ങള്‍ ഒരേ സമയം ഗര്‍ഭംധരിച്ച് പ്രസവിക്കും, ഒരു കൂട്ടം രാജകുമാരന്മാരെ. പിന്നെ വളര്‍ത്തുന്നത് എല്ലാവരും ചേര്‍ന്നാണ്. പിള്ളേര്‍ക്ക് ആരുടെ അമ്മിഞ്ഞയും കുടിക്കാം. ഏതെങ്കിലും അമ്മ കാലക്കേടിനു കാലപുരിക്ക് പോയാല്‍ മറ്റമ്മമാരും കൂട്ടത്തിലെ അമ്മൂമ്മമാരും പിള്ളേരെ പോറ്റല്‍ ഏറ്റെടുക്കും. കയ്യിലിരുപ്പുകൊണ്ട് ഒരുപാട് ശത്രുക്കളുണ്ട് സിംഹങ്ങള്‍ക്ക്. അവരുടെയൊക്കെ ഉന്നം ഈ പിള്ളേരാണ്. അതുകൊണ്ട് ഇളമുറക്കാരുടെ ജീവിതം ക്ലേശകരമാണ്. പറഞ്ഞില്ലേ, രാജകുലം എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഇത്രയും വലിയ രാജകുടുംബത്തെ ഞങ്ങള്‍ ആദ്യമായി കാണുകയായിരുന്നു, കാട്ടിലായാലും നാട്ടിലായാലും. വിട്ടുപോരാന്‍ തോന്നുന്നില്ല. എത്ര പടമെടുത്തിട്ടും ഷട്ടറുകളടയുന്നില്ല. കേസരിക്കൂട്ടത്തില്‍ വീഴുന്ന നിഴല്‍ ക്യാമറക്കണ്ണുകളെ ശുണ്ഠിപിടിപ്പിക്കുന്നുണ്ട്. ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി പോര. മഹാപരാക്രമികളും അഹങ്കാരികളും ക്രൂരന്മാരുമെന്നു കരുതിയിരുന്നവരാണ് പൂച്ച - പൂച്ചക്കുട്ടി പരുവത്തില്‍ അട്ടിയട്ടിയിട്ട് കിടക്കുന്നത്. വന്യമൃഗങ്ങള്‍ അവരുടെ വന്യത വെടിഞ്ഞ് നമ്മുടെ അരുമകളായിത്തീരുന്നതാണ് ആഫ്രിക്കന്‍ സഫാരിയുടെ സൗന്ദര്യം. ഞങ്ങളിങ്ങനെ മതി മറന്നു നില്‍ക്കുമ്പോഴൊക്കെ റഷീദ് പുറപ്പെടുവിക്കുന്ന ശാസനമുണ്ട്-സഫാരിയെന്നാല്‍ സിംഹത്തെ (സന്ദര്‍ഭാനുസരണം ഇത് ആനയും പുലിയും സീബ്രയുമൊക്കെയാവാം) മാത്രം കാണുകയല്ല.

ശരി, ഇക്കാ പോകാം. അമ്മു ക്യാമറ താഴ്ത്തി.

അക്കേഷ്യ മരത്തേയും രാജകുടുംബത്തേയും വലംവെച്ച് ക്രൂയിസര്‍ ചരല്‍പ്പാതയിലേക്കിറങ്ങി. സെരങ്കട്ടിയിലെ സാധാരണമെങ്കിലും കണ്ടുമടുക്കാത്ത കാഴ്ചകള്‍ക്കിടയിലൂടെ ഞങ്ങള്‍ നീങ്ങി.

ആനകളിപ്പോഴും ധാരാളമായിട്ടെത്തുന്നുണ്ട്. വലുതും ചെറുതും കൂട്ടങ്ങള്‍. നാലു ദിവസങ്ങളിലായി എത്രയോ ആനക്കൂട്ടങ്ങളെ കണ്ടു. എത്രയോ സിംഹരാജ കുടുംബങ്ങള്‍. എന്നിട്ടും ഇനിയും കാണാനുള്ള കൊതിക്കു കുറവില്ല. കുറച്ചെങ്കിലും മടുപ്പുളവാക്കുന്നത് വില്‍ഡ് ബീസ്റ്റുകളാണ്. അവരുടെ തല താഴ്ത്തിയുള്ള നടത്തവും മുഷിഞ്ഞ മുഖവും വിഷണ്ണഭാവങ്ങളും മടുപ്പിക്കുന്നതാണ്. ഒരാഫ്രിക്കന്‍ സഫാരി ബ്ലോഗില്‍ വായിച്ചതുപോലെ വലിയ കൂട്ടങ്ങളായും വേട്ടക്കിരയായും മാത്രമേ വില്‍ഡ് ബീസ്റ്റുകള്‍ സഞ്ചാരികളെ പ്രചോദിപ്പിക്കാറുള്ളൂ.

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''
''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

ആനക്കൂട്ടത്തില്‍നിന്നൊരു കൊമ്പനെ റഷീദ് ചൂണ്ടിക്കാട്ടി. ഇത്തിരി വെകിളിയാണാള്. ഇടയ്ക്ക് കൂട്ടംവിട്ട് അപ്പുറത്തെ ഇംപാലക്കൂട്ടത്തോടൊപ്പം നിന്നു മേയും. വെറും പച്ചക്കറിയായ പൊണ്ണനെ അവര്‍ ഗൗനിക്കുന്നേയില്ല. കുറച്ചു കഴിഞ്ഞു കൂട്ടത്തിലേയ്ക്കു തിരിച്ചുപോരും. കൂട്ടുകാരുമായി തുമ്പിക്കൈ കോര്‍ത്തു രസിക്കും. അതിനിടയ്ക്ക് മസ്തകം കുലുക്കി ഞങ്ങളെ അഭിവാദ്യം ചെയ്യും. ആകെ ബിസിയാണ്. പ്രശ്‌നക്കാരനാണോ? ഞാന്‍ റഷീദിനോട് ചോദിച്ചു.

ഏയ്, അല്ല ആള് ഫ്രണ്ട്ലിയാണ് എന്നു പറഞ്ഞതും അവന്‍ ഓടി വണ്ടിക്കടുത്തെത്തി. കുറേ നേരം അങ്ങനെ നോക്കിനിന്നു പിന്നെ കൊമ്പുയര്‍ത്തി നന്നായൊന്ന് ചിരിച്ചു തിരിച്ചുപോയി. സഫാരിയില്‍ ചിലപ്പോള്‍ മൃഗങ്ങള്‍ നമ്മെ കാണാനുമെത്തും - റഷീദ് ചിരിക്കുന്നു.

സീബ്രകളേയും മറ്റും ഒറ്റയ്ക്കു കാണുക അപൂര്‍വ്വമാണ്. മിനിമം മൂന്നെണ്ണം എന്നാണ് കാട്ടുന ടപ്പ്. ഒരാണും അവന്റെ പെണ്ണുങ്ങളും അവരിലെ കുട്ടികളും ചേരുമ്പോള്‍ ഹാറെം (harem) എന്ന കുടുംബ യൂണിറ്റാകും. ഇവന്‍ ഒറ്റതിരിഞ്ഞവനോ തലതിരിഞ്ഞവനോ ആവും. ഒറ്റപ്പെട്ടു പോകുന്നവര്‍ക്കു നാട്ടിലെപ്പോലെ കാട്ടിലും ആയുസ്സ് കുറവാണത്രെ. മാംസഭോജികള്‍ അവനെ നോട്ടമിട്ടിരിക്കും.

സീബ്രകളുടെ

കാട്

ശാരീരികമായി അത്ര മികവൊന്നുമില്ല ഈ ഏകാന്തപഥികന്. രണ്ടോ മൂന്നോ വയസ്സെന്ന് റഷീദ് ഗണിക്കുന്നു. ചിന്താമഗ്‌നനും അല്പം അസ്വസ്ഥനുമാണ്. തൊട്ടപ്പുറത്തെ സമൃദ്ധമായ പുല്‍പ്പരപ്പ് അവനെ ആകര്‍ഷിക്കുന്നില്ല. തല അല്പമുയര്‍ത്തി ശരീരവടിവും വരകളും പ്രദര്‍ശിപ്പിച്ചങ്ങനെ നില്‍പ്പാണ്. അതു നന്നായി, സീബ്ര ക്രോ സിങ്ങുകളുടെ ചാരുത അടുത്തറിയാന്‍ കഴിഞ്ഞു.

സീബ്രയുടെ മുന്‍പകുതിയില്‍ വരകള്‍ കുത്തനേയും പിന്‍പകുതിയില്‍ വരകള്‍ വിലങ്ങനെയുമാണ്. എന്തിന്? റഷീദിനുമറിയില്ല. ചൂടു കൂടുതലുള്ള പ്രദേശങ്ങളില്‍ ഈ വരകളും കൂടുമത്രേ. കറുപ്പ് വെളുപ്പ് വരകള്‍ക്കിടയില്‍ 10°c-യോളം ചൂടിറക്കം ഉണ്ടാകാം. അതുകൊണ്ട് വരകള്‍ക്കു ശരീരോഷ്മാവ് കുറയ്ക്കുന്ന ദൗത്യവുമുണ്ടെന്നു കരുതപ്പെടുന്നു.

കാട്ടിലെ ഗജകേളി
കാട്ടിലെ ഗജകേളി

ഓരോ സീബ്രയുടേയും വരകള്‍ വ്യത്യസ്തമാണ്. നമ്മുടെ വിരലടയാളങ്ങള്‍പോലെ. റഷീദ് പറയുന്നത് സീബ്രവരകളില്‍നിന്നാണ് ഇന്നത്തെ ബാര്‍കോഡുകളുണ്ടായതെന്നാണ്. അതു കളിയാണോ കാര്യമാണോന്നറിയില്ല. ഏതായാലും വല്ലാത്ത മണ്ടത്തരങ്ങള്‍ ബോധപൂര്‍വ്വം പറയുമ്പോളുള്ള ഹൈനച്ചിരി ഇപ്പോളില്ല. (വരകള്‍ സ്‌കാന്‍ ചെയ്ത് സീബ്രയുടെ കുലവും കൂട്ടവും തിരിച്ചറിയാനുള്ള Stripe I D സോഫ്റ്റ് വെയര്‍ നിലവിലുണ്ട് എന്നു ഞങ്ങള്‍ പിന്നീട് വായിച്ചറിഞ്ഞു).

സോക്‌സിനിടയില്‍ക്കൂടി 'സ്വര്‍ഗ്ഗത്തിലെ ഉറുമ്പുകടി.' ശല്യക്കാരനെ ഉടന്‍ അടിച്ചു വധിച്ചു. നോക്കിയപ്പോള്‍ ഈച്ചയേക്കാള്‍ അല്പം കൂടി വലുപ്പമുള്ള സുന്ദരന്‍ പ്രാണി. വര്‍ണ്ണശബളന്‍. ദുഷ്ടന്‍. ഉള്ളൊന്നു പിടഞ്ഞു, ഇവനല്ലേ അവന്‍? റഷീദ് ഉറപ്പിച്ചു, അതെ, അവന്‍ തന്നെ ഇവന്‍. Tse Tsefly. മാരകമായ അണുക്കളെ പോറ്റിവളര്‍ത്തുന്നവന്‍. ലീഷ്മാ നിയാസിസിന്റെ മൊത്തവിതരണക്കാര്‍. ഈച്ചയ്ക്ക് മൊഞ്ചും ലീഷ്മാ നിയാസിസ് എന്ന വാക്കിനു കേള്‍വി സുഖവും ഉണ്ട്. പക്ഷേ, കെട്ടനേരത്ത് ഇവന്റെ ഒരു കുത്തു മതി ജീവിതം മാറിമറിയാന്‍. ഉറക്കത്തില്‍ തുടങ്ങി കോമയില്‍ കിടന്നു മരണത്തിലേക്കു നടക്കും. അതുകൊണ്ട് സ്ലീപ്പിങ്ങ് സിക്ക്നെസ്സ് അഥവാ ഉറക്കരോഗം എന്നു ചൊല്ലുവിളി. പ്രതിരോധപ്പണികളൊന്നുമില്ല. എത്രയും വേഗം ചികിത്സ തുടങ്ങുക. അല്ലെങ്കില്‍ മെല്ലെ മരിക്കുക. മരണവാറന്റിലൊപ്പിട്ടവനെപ്പോലെ ഞാന്‍ ചകിതനായി. ഈ ഈച്ച തരംഗീറിയില്‍ വെച്ച് ഞങ്ങളേയും കടിച്ചല്ലോ എന്ന് അമ്മുവും മിനിയും. എന്റെ ഭയത്തിനെ അടിച്ചുറപ്പിച്ച അവസാനത്തെ ആണികളായിരുന്നു അത്. സെരങ്കട്ടിയോടെ ഞങ്ങളുടെ യാത്രകളൊക്കെ തീരുകയാണോ? ഇനിയുമെത്ര സ്ഥലങ്ങള്‍ കാണാനും അനുഭവിക്കാനുമുണ്ട്. ഒക്കെ നഷ്ടപ്പെടുകയാണോ? സ്വസ്ഥമായി ഇനിയീ സഫാരി തീര്‍ക്കാനാകുമോ? കാട്ടീച്ചകള്‍ തലച്ചോറില്‍ തുളഞ്ഞുകേറുകയാണ്. വല്ലാത്ത മൂളക്കംകൊണ്ട് കോശങ്ങളെ ഭ്രാന്തുപിടിപ്പിക്കുയാണ്. ഞാന്‍ സവാരി വണ്ടിയുടെ മുന്‍സീറ്റില്‍ തളര്‍ന്നിരുന്നു. വീട്ടുകാരെ വിരട്ടാതിരിക്കാന്‍ പറ്റാവുന്നത്ര, ഒന്നുമില്ലെന്നേ, കൊഴപ്പല്യാ ഭാവങ്ങള്‍ മുഖത്ത് തേച്ചു വെച്ചു.

പക്ഷേ, സെരങ്കട്ടി അതിന്റെ അത്ഭുതങ്ങള്‍ തുടരുകയായിരുന്നു. പത്തു നിമിഷങ്ങളേ സെരങ്കട്ടിക്കാടിനു വേണ്ടിവന്നുള്ളൂ എന്റെ അസ്വസ്ഥതകളേയും വിഷാദത്തേയും ആട്ടിപ്പായിക്കാന്‍. സെരങ്കട്ടി പത്തോളം വരുന്ന സീബ്രകളുടെ സംഘത്തെ ഞങ്ങളുടെ മുന്നിലെത്തിച്ചു.

പതിവുപോലെ അകമ്പടിക്കാരായി ഏതാനും വില്‍ഡ് ബീസ്റ്റുകളുണ്ട്. പാതയോരത്തെ ചരല്‍മണ്ണില്‍ ഓരോരുത്തരായി ഊഴമിട്ട് കിടന്നുരുളുകയാണ്. പിടഞ്ഞുമരിക്കുന്നപോലെയാണ്

വെപ്രാളം. പ്രാണികള്‍ വല്ലാതെ കടിക്കുന്നുണ്ടെന്നു തോന്നുന്നു. ശല്യക്കാരായ പ്രാണികളെ കണ്‍ഫൂഷ്യനടിപ്പിച്ച് ഓടിക്കാനാണത്രെ ഇവരുടെ ബ്ലാക്ക് ആന്റ് വൈറ്റ് വരക്കുപ്പായം. പക്ഷേ, പൂച്ചിക്കും പുറം കടിക്കും കുറവില്ലെന്നു തോന്നുന്നു. ആറു പേരങ്ങനെ നിലത്തുരുണ്ടു സുഖിച്ചെഴുന്നേറ്റപ്പോള്‍

കാത്തുനിന്ന വില്‍ഡ് ബീസ്റ്റുകള്‍ അവരെ യുംകൊണ്ട് വഴിയൊഴിഞ്ഞു നടന്നുപോയി. ചെറിയ അലര്‍ച്ചകളും മുരളലുകളുമായി റഷീദിന്റെ ചക്രജീവി നീങ്ങിത്തുടങ്ങി.

കുതിരക്കുലത്തിലാണ് സീബ്രകളുടേയും അംഗത്വം. (കഴുതകളുമായുള്ള ബന്ധുത്വം സീബ്രകള്‍ പുറത്തു പറയാറില്ല. പക്ഷേ, ചിലപ്പോഴൊക്കെ കഴുതകളെപ്പോലെ കരഞ്ഞുപോകും) കുതിരയോളം പേശിപ്പെരുപ്പമുള്ളവര്‍. മനുഷ്യകുലത്തിനു മെരുങ്ങാത്തവന്‍. അക്രമാസക്തന്‍. കടിച്ചോ തൊഴിച്ചോ വിരോധികളെ വകവരുത്തുന്നവന്‍. അതുകൊണ്ട് യുദ്ധക്കളത്തിലോ വണ്ടി വലിക്കാനോ സവാരിക്കോ സീബ്രയെ കിട്ടില്ല. സര്‍ക്കസ് കൂടാരങ്ങളില്‍ ഇവനെ കാണില്ല. മൃഗശാലകളിലും അപൂര്‍വ്വ സാന്നിധ്യം. കാട്ടില്‍ കുതിരകള്‍ അപൂര്‍വ്വമായതു പോലെ നാട്ടില്‍ സീബ്രകളും വിരളം. എന്നാല്‍, മനുഷ്യനോടിണങ്ങിയ കതിരകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ കാടനായ സീബ്രയുടെ എണ്ണം കുറയുകയാണ്. എങ്കിലും പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ക്കു ഭയാനകം എന്നുതന്നെയാണ് ഇപ്പോഴും സീബ്രകളുടെ ലൈന്‍. അവരങ്ങനെ കുളമ്പടിച്ചും കരഞ്ഞും കുരച്ചും കാടുകളെ കറുപ്പിലും വെളുപ്പിലും വരയ്ക്കുന്നു.

സീബ്രകള്‍ക്കുമപ്പുറത്തേക്കുള്ള ലോംഗ് ഷോട്ടില്‍ രണ്ടു കമിതാക്കള്‍ ചുറ്റിത്തിരിയുന്നുണ്ട്. ഒട്ടകപ്പക്ഷികള്‍. കറുപ്പും തവിട്ടും തൂവല്‍നിറങ്ങള്‍ ആണിനേയും പെണ്ണിനേയും അടയാളപ്പെടുത്തുന്നു. ലോങ്ങ് ഷോട്ടിലാണ്. കാമാതുരരാണ്. അതുറപ്പിക്കാന്‍ ദൂരംകൊണ്ട് മങ്ങിയ കാഴ്ചയിലും എനിക്കു കഴിഞ്ഞു. വാസനാബലം! ക്യാമറയുടേയും ഹാന്‍ഡിക്യാമിന്റേയും സൂമുകളില്‍ അവര്‍ കുറേക്കൂടി നഗ്‌നരാണ്. അവള്‍ ഓടുന്നു. അവന്‍ പിന്തുടരുന്നു. അവള്‍ ചിറകുകളൊതുക്കി പതുങ്ങുന്നു. അവന്‍ ചിറകുകള്‍ വിടര്‍ത്തി, തൂവലുകള്‍ ഉയര്‍ത്തി അവള്‍ക്കു ചുറ്റും മുട്ടിയുരുമ്മി നടക്കുന്നു. വീണ്ടും ഓട്ടം. പതുങ്ങല്‍, മുട്ടിയുരുമ്മല്‍. കാര്യങ്ങള്‍ ഉഷാറാവുന്നില്ല. നമുക്കു പോകാം, ഇവര് വെറുതെ ചുറ്റിക്കളിക്ക്യാ - അമ്മയ്ക്ക് ക്ഷമകെട്ടു.

ഒട്ടകക്കിളികളുടെ ഇത്തരം ഇക്കിളിക്കളികളില്‍ അമ്മയ്ക്ക് പ്രതീക്ഷയില്ല. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. അവള്‍ നിലത്തേയ്ക്കു പതിഞ്ഞിരുന്നു. അവന്‍ അവള്‍ക്കു മുകളിലേക്കു പറന്നിറങ്ങി. ചിറകുകള്‍ നിവര്‍ത്തി, നൃത്തസമാനമായ ഇളക്കങ്ങളോടെ സൃഷ്ടികര്‍മ്മത്തിന്റെ ചടങ്ങുകളിലേയ്ക്ക്. സൂം ലെന്‍സുകള്‍ക്കു പിന്നില്‍നിന്നു ഞങ്ങള്‍ ആവേശഭരിതരായി. നന്ദി, കമിതാക്കളെ നന്ദി. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് നിങ്ങളുടെ കൂട്ടുകാര്‍ പരിരംഭണത്തിന്റെ പരിസരമൊരുക്കിയതിനുശേഷം ഞങ്ങളെ പറ്റിച്ചിരുന്നു. അങ്ങനെ നീട്ടിവെച്ച കാഴ്ചകളെല്ലാം സെരങ്കട്ടി മുന്നിലെത്തിക്കുകയാണ്.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com