''അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നീ ജയിപ്പിക്കണേ''...

അധികാരത്തിന്റെ ഭാഷ ഏറ്റവും ചെറിയ അളവില്‍പോലും അരോചകമാണ്. അതിന്റെ അളവ് കൂടിയാല്‍ പറയാനുമില്ല.
''അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നീ ജയിപ്പിക്കണേ''...

ടതുല്‍ മുഇമിനീന്‍' (സത്യവിശ്വാസിയായ ഇടതുപക്ഷക്കാരന്‍) എന്നു പറയാവുന്ന ഒരു സഖാവ് ഞങ്ങളുടെ നാട്ടിലുണ്ട്. അഞ്ചുനേരം നിസ്‌കരിക്കുന്ന, പള്ളിക്കമ്മിറ്റിയിലുള്ള, സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മമായ ജാഗ്രത പാലിക്കുന്ന ആ സഖാവിനെ മുസ്ലിം ലീഗുകാര്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പരിഹസിക്കും. എല്‍.ഡി.എഫിന്റെ ബൂത്ത് ഏജന്റായി ഇരിക്കാറുള്ള അദ്ദേഹത്തിന്റെ പിടലിക്ക് തെരഞ്ഞെടുപ്പ് ദിവസം രാവിലെ 10.10-ന് തന്നെ അടി വന്നുവീഴും. പഴയകാലമാണ്. അടികൊണ്ട അദ്ദേഹത്തെ ജീപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊണ്ടുപോകും.

അടികൊണ്ട അദ്ദേഹം ളുഹര്‍ (ഉച്ച നമസ്‌കാരം) നിസ്‌കരിച്ചു പ്രാര്‍ത്ഥിക്കും: ''അള്ളാഹുവേ, ഇടതുല്‍ മുഇമിനീങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നീ ജയിപ്പിക്കണേ. അവര്‍ക്കനുകൂലമായി സാക്ഷ്യം പറയുന്ന വോട്ടര്‍മാരെ നീ പോളിങ്ങ് ബൂത്തിലെത്തിക്കണേ...''

ആ വര്‍ഷങ്ങളില്‍ പാച്ചേനി കുഞ്ഞിരാമനായിരുന്നു, എല്‍.ഡി.എഫ് നിയമസഭാ സ്ഥാനാര്‍ത്ഥി. പയ്യന്നൂര്‍ നിയമസഭാമണ്ഡലം കല്യാശ്ശേരി അസംബ്ലി മണ്ഡലമായി മാറിയപ്പോള്‍ ടി.വി. രാജേഷായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. രാമണ്ണറായിയും ടി. ഗോവിന്ദനും പി. കരുണാകരനും കാസര്‍കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളായി മാറിമാറി വന്നു. അവരൊക്കെ ജയിച്ചു കയറുകയും ചെയ്തു. ആ ജയങ്ങള്‍ തന്റെ പ്രാര്‍ത്ഥനകൊണ്ടുകൂടിയാണെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.

ആ കാലത്ത് തെരഞ്ഞെടുപ്പ് അടുക്കാറാവുമ്പോള്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ തങ്ങന്മാരുടേയും ഫോട്ടോ പതിച്ച ലഘുലേഖകളുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങും. ആ നോട്ടീസ് കയ്യില്‍ കിട്ടി, തങ്ങന്മാരുടെ ഫോട്ടോ കാണുമ്പോള്‍ തന്നെ, തട്ടം ചുമലിലേക്ക് ഊര്‍ന്നുവീണ സ്ത്രീകള്‍, തട്ടം ശരിയാക്കും. തങ്ങന്മാരില്‍ അത്ര കടുകട്ടി വിശ്വാസമാണ്. പേരക്കുട്ടികളെല്ലാം വിദ്യാഭ്യാസം നേടി, അവരവരുടെ മനസ്സാക്ഷിക്കനുസരിച്ച് ചിന്തിച്ചുനോക്കി, വോട്ട് രേഖപ്പെടുത്തി തുടങ്ങിയപ്പോള്‍ തങ്ങന്മാരുടെ ഫോട്ടോ പതിച്ച ലഘുലേഖാ പ്രവാഹം ഇത്തിരി ഒന്നടങ്ങി.

രാഹുലിനെ പ്രധാനമന്ത്രിയായി കാണുന്നതായി പിന്നെ സ്വപ്നം. കോണ്‍ഗ്രസ്സുകാര്‍ പോലും ഇപ്പോള്‍ അങ്ങനെയൊരു സ്വപ്നം കാണുന്നില്ല. ഇവിടെ ജയിച്ചാലും, കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കേണ്ടവര്‍ കോണ്‍ഗ്രസ്സിന്റെ ടിക്കറ്റില്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ ജയിച്ചു കേറുന്നുണ്ടല്ലോ. ഇനി മത്സരിച്ചു ജയിക്കുന്നതെന്തിന്? സൂറത്തില്‍ സംഭവിച്ചതു കണ്ടില്ലേ. കളിക്കാര്‍ ആരുമില്ലാത്ത ഒഴിഞ്ഞ ഗ്രൗണ്ട്. എന്നിട്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും പിണറായി വിജയനെ ജയിലില്‍ അയക്കുമെന്നും സ്വപ്നം കാണാന്‍ അണികളെ പ്രേരിപ്പിക്കുന്ന ആ രാഷ്ട്രീയ വികാരത്തിന്റെ പേരാണ് കോണ്‍ഗ്രസ്. ഇന്ത്യയുടെ പ്രശ്‌നം എന്താ? പിണറായി വിജയന്‍. ആങ്ങളയും പെങ്ങളും കേരളത്തില്‍ വന്നു പറഞ്ഞുപോയത് അതുമാത്രമാണ്. മുസ്ലിം ലീഗ് എന്തെങ്കിലും പറഞ്ഞോ? യു.ഡി.എഫിലെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? എന്നാല്‍, യാത്രയ്ക്കിടയില്‍ പല ഇടതുപക്ഷ റാലികളും ഈ ലേഖകന്‍ കണ്ടു. അവരില്‍ സ്ത്രീകള്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് കേട്ടു. മോദി ഭരണം തുലയട്ടെ! വെറുപ്പിന്റെ രാഷ്ട്രീയം അറബിക്കടലില്‍! ആരാണ് ഈ മുദ്രാവാക്യം വിളിക്കുന്നത്? സ്ത്രീകള്‍. തട്ടമിട്ട സ്ത്രീകള്‍ അല്ല. അവരുമുണ്ട് ആ റാലികളില്‍.

ഇപ്പുറം, പിണറായി വിജയനെ മാത്രം മുന്നില്‍ കണ്ടാണ് രാഷ്ട്രീയ വിശദീകരണങ്ങള്‍. കേരളത്തില്‍ രണ്ടര വര്‍ഷം കഴിഞ്ഞ് അധികാരത്തില്‍ വരിക എന്നൊരു ആഗ്രഹമല്ലാതെ മറ്റൊന്നും യു.ഡി.എഫ് സ്വപ്നങ്ങളില്‍ ഇല്ല.

എന്നിട്ടും കേരളത്തിലെ മുസ്ലിങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന്. ഉറച്ച നിലപാടുള്ള തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാന്‍ലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രചാരണം നടത്തിയാല്‍ ഇതില്‍ കൂടുതല്‍ ഓളം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, മുസ്ലിം ലീഗ് അണികള്‍ വിശ്വസിക്കുന്നത്, രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്നാണ്. പ്രായമുള്ള മുസ്ലിം സ്ത്രീകളില്‍ അങ്ങനെയൊരു വികാരം ഉള്ളില്‍ കടത്തിവിടാന്‍ അവര്‍ക്കു സാധിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ- എല്ലാവരും ആ സ്വപ്നത്തേരില്‍ പിടിച്ചുകയറി.

ഇടതുല്‍ മുഅമിനീങ്ങളായ ഒരുപാടുപേര്‍ എന്നാല്‍, ഇടതുപക്ഷം ജയിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അവര്‍ എന്നാല്‍, ഒരു ചോദ്യം നേരിട്ടു.

അവര്‍ ജയിച്ചിട്ടെന്താ കാര്യം?

തമിഴ്നാട്ടില്‍ ഡി.എം.കെ ജയിച്ചിട്ടെന്താ കാര്യം എന്ന് അവര്‍ ചോദിക്കില്ല. ഇവിടെ ഇടതുപക്ഷം ജയിച്ചിട്ടെന്താ കാര്യം എന്ന കുരുട്ടുചോദ്യം ഇവിടെ മാത്രം പ്രയോഗിക്കാന്‍ ഉള്ളതാണ്.

ഇന്ത്യ ആര് ഭരിക്കുമെന്ന് ജൂണില്‍ തീരുമാനിക്കും. ആര് ഭരിച്ചാലും, രണ്ടര വര്‍ഷം കഴിഞ്ഞു നടക്കുന്ന അസംബ്ലി ഇലക്ഷന്‍ ആണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. അതുമാത്രം. പിണറായി മത്സരിക്കാത്ത ഒരു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരെ ചൂണ്ടിക്കാട്ടി മത്സരിക്കും? പ്രസംഗിക്കാന്‍ എന്താണൊരു കാരണം ഉണ്ടാവുക?

രണ്ടര വര്‍ഷം കഴിഞ്ഞു നടക്കുന്ന ആ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ട മുദ്രാവാക്യമാണ് ഇപ്പോള്‍ ഇ.പി. ജയരാജന്‍ തുറന്നുകൊടുക്കുന്നത്. അതോ ഇതോ എന്ന ഉല്‍പ്രേക്ഷ സൃഷ്ടിക്കുക.

അപ്പോള്‍ സി.പി.എമ്മിനെ തുണയ്ക്കുന്ന ഇടതുല്‍ മുഅമിനീങ്ങള്‍ ആശയക്കുഴപ്പത്തിലാവും. ബി.ജെ.പിയുടെ ലക്ഷ്യം അതുമാത്രമാണ്. ഇടതുപക്ഷ മുസ്ലിം ശിഥിലീകരണം.

രണ്ട്

എല്ലാവരും കണക്കാ!

പൊതുവെ ജനങ്ങളെ പ്രചോദിപ്പിക്കുന്ന ആളുകളോ ആശയങ്ങളോ ഇല്ലാത്തവിധം, അപ്രസക്തമായ എന്തോ ഒന്നായി തീര്‍ന്നിരിക്കുന്നു രാഷ്ട്രീയം. കുറഞ്ഞ പോളിങ്ങ് ശതമാനം അതിന്റെകൂടി സൂചനയാണ്. ജനങ്ങള്‍ക്കുവേണ്ടി ആരാണിപ്പോള്‍ സംസാരിക്കുന്നത്? നാം തെരഞ്ഞെടുത്ത് പ്രശസ്തരായാല്‍ ജനപ്രതിനിധികള്‍ അവരുടെ മക്കളിലൂടെ വിലപേശല്‍ തന്ത്രം ആവിഷ്‌കരിക്കുകയല്ലേ? രഹസ്യമായ ഭാവി പദ്ധതികള്‍ മനസ്സിലിട്ട വിവിധോദ്ദേശ്യ യന്ത്രം പോലെയാണ് ജനപ്രതിനിധികളില്‍ പലരും പ്രവര്‍ത്തിക്കുന്നത്. 'എല്ലാവരും കണക്കാ' എന്നൊരു നിരാശാജനകമായ അവസ്ഥയിലാണിപ്പോള്‍ ജനങ്ങള്‍. അധികാരം കയ്യിലെത്തിയാല്‍ ഫ്യൂഡല്‍ മാടമ്പിമാരെപ്പോലെയാണ് പലരുടേയും പെരുമാറ്റം.

കുട്ടിക്കാലത്തെ ഒരനുഭവം വെച്ചു പറയാം. ഒരു സ്‌കൂളില്‍, അവിടെ ദീര്‍ഘകാലം അദ്ധ്യാപനം നടത്തിയ ടീച്ചര്‍ക്ക് യാത്രയയപ്പു പരിപാടി. പങ്കെടുത്ത മുഖ്യാതിഥികളും ആശംസാപ്രസംഗകരും ടീച്ചറുടെ സ്‌കൂള്‍ കാലത്തെ സേവനങ്ങള്‍ അവരുടെ പ്രസംഗങ്ങളില്‍ എടുത്തു പറഞ്ഞു. തീര്‍ച്ചയായും അവര്‍ പ്രശംസിക്കപ്പെടാവുന്ന വിധത്തില്‍ കുട്ടികളെ പ്രചോദിപ്പിച്ച ഒരു ടീച്ചറായിരുന്നു. എന്നാല്‍, ചിലപ്പോഴെങ്കിലും അവര്‍ ധാര്‍ഷ്ട്യത്തോടെയും പെരുമാറിയിരുന്നു. പിന്നീട് അവര്‍ പഠിപ്പിച്ച കുട്ടികളില്‍ ചിലരുടെ ഊഴമായി. അതിലൊരു ശിഷ്യന്‍ പ്രശസ്തമായ 'സമയമാം രഥത്തില്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു...' എന്ന പാട്ടു പാടി. കേട്ടവരില്‍ അത് വല്ലാത്തൊരു അവസ്ഥയും പരിഭ്രമവുമുണ്ടാക്കി. ചിലര്‍ അടക്കിപ്പിടിച്ചു ചിരിച്ചു.

പ്രശംസിക്കുക, തിരുത്തുക, കുറ്റപ്പെടുത്തുക - ഇത് മൂന്നും ചിലപ്പോള്‍ ചേര്‍ന്നുനില്‍ക്കുന്ന മനോഭാവങ്ങളാണ്. 'പ്രശംസനീയമാം വിധം തിരുത്തുന്ന'തിനെയാണ് നാം ഔചിത്യം എന്നു വിളിക്കുന്നത്. പാഠം ഒന്ന്: നല്ല പെരുമാറ്റം എന്നതാണ്. നാം അന്യോന്യം മനസ്സിലാക്കേണ്ടത്. എന്നാല്‍, പാഠം ഒന്ന്: ധാര്‍ഷ്ട്യം 'എന്നത്', തീര്‍ച്ചയായും അധികാരം എന്ന പ്രിവിലേജ് നല്‍കുന്ന ആത്മവിശ്വാസമാണ്. അതായത്, ഭയം എന്നതാണ് അവിടെ വിനിമയം ചെയ്യപ്പെടുന്ന ഭാഷ.

എന്നാല്‍, ആദരണീയയായ ആ ടീച്ചര്‍ തന്റെ ശിഷ്യനെ കൈ പിടിച്ചുകൊണ്ട് ''നീ ഇപ്പോഴാണ് നന്നായി പാടിയത്'' എന്ന് പറഞ്ഞ് അഭിനന്ദിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂള്‍ സാഹിത്യ സമാജം നടക്കുമ്പോള്‍ അവന്‍ പാടിയ പാട്ടായിരുന്നു, അത്. അവന്റെ അപ്പന്‍ മരിച്ചതിന്റെ പത്തിരുപത് ദിവസം കഴിഞ്ഞപ്പോഴാണ് സ്‌കൂള്‍ സാഹിത്യസമാജം. അവന്‍, അപ്പനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ആ പാട്ടു പാടിയപ്പോള്‍ ടീച്ചര്‍ അവനെ കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു. അപ്പന്‍ മരിച്ച സങ്കടത്തില്‍ പാടിയ പാട്ടിന് ടീച്ചര്‍ എന്തിനാണ് ശകാരിച്ചത്? അവന്‍ ദുഃഖിതനായി ടീച്ചറെ നോക്കി. പിന്നീട് ടീച്ചര്‍ക്ക് അതില്‍ കുറ്റബോധം തോന്നിയെങ്കിലും കുട്ടിയോടത് പറഞ്ഞില്ല... വര്‍ഷങ്ങള്‍ക്കു ശേഷം ആ പാട്ടു പാടുമ്പോള്‍ അവന്‍ മുതിര്‍ന്ന ആളായി മാറിയിരുന്നു.

പ്രശംസിക്കുക, തിരുത്തുക, കുറ്റപ്പെടുത്തുക - ഇത് മൂന്നും ചിലപ്പോള്‍ ചേര്‍ന്നുനില്‍ക്കുന്ന മനോഭാവങ്ങളാണ്. 'പ്രശംസനീയമാം വിധം തിരുത്തുന്ന'തിനെയാണ് നാം ഔചിത്യം എന്നു വിളിക്കുന്നത്. പാഠം ഒന്ന്: നല്ല പെരുമാറ്റം എന്നതാണ്. നാം അന്യോന്യം മനസ്സിലാക്കേണ്ടത്. എന്നാല്‍, പാഠം ഒന്ന്: ധാര്‍ഷ്ട്യം 'എന്നത്', തീര്‍ച്ചയായും അധികാരം എന്ന പ്രിവിലേജ് നല്‍കുന്ന ആത്മവിശ്വാസമാണ്. അതായത്, ഭയം എന്നതാണ് അവിടെ വിനിമയം ചെയ്യപ്പെടുന്ന ഭാഷ.

അധികാരത്തിന്റെ ഭാഷ ഏറ്റവും ചെറിയ അളവില്‍പോലും അരോചകമാണ്. അതിന്റെ അളവ് കൂടിയാല്‍ പറയാനുമില്ല.

അപ്പോള്‍ ജനങ്ങളെ ബാധിക്കുന്ന നിരാസക്തയുടെ പേരാണ് 'മടുപ്പ്.' ആ മടുപ്പില്‍നിന്ന് ആളുകള്‍ ഇങ്ങനെ ചിന്തിക്കും:

''എല്ലാവരും കണക്കാ!''

ജീവിച്ചിരിക്കേ നടത്തുന്ന സ്വര്‍ഗ്ഗയാത്രകളായിട്ടാണ് പലരും അധികാരത്തെ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com