ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?

മുന്‍പ് ആരും കാണാത്ത കാഴ്ചകളും നടക്കാത്ത വഴികളും തേടുന്ന പ്രഭാപിള്ളയുടെ മരിക്കാന്‍ അനുവദിക്കാമോ? എന്ന പുസ്തകത്തിലെ ലേഖനങ്ങള്‍ വായനക്കാരന്റെ ഓര്‍മ്മശേഖരത്തിലെ പവിഴമുത്തുകളാകുന്നു
ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?

രാത്രിസമയത്ത് ഒരു മുറിയില്‍ ഒറ്റയ്ക്കിരുന്ന് മരിക്കാന്‍ അനുവദിക്കാമോ?' എന്ന ലേഖന സമാഹാരം വായിക്കുമ്പോള്‍, നാം അറിയാതെ ഭീതിയുടെ പിടിയില്‍ അകപ്പെട്ടുപോകുന്നു. വായനക്കാരനെ പേടിപ്പെടുത്തുന്നതല്ല ഇതില്‍ പ്രതിപാദിക്കുന്നത്; മറിച്ച് ക്ലേശഭരിതമായ ജീവിതത്തെ അകത്തുനിന്നും പുറത്തുനിന്നും നോക്കിക്കാണുന്ന ലേഖനങ്ങള്‍ എഴുതിയ പ്രഭാ പിള്ള തന്റെ അവശതകളും വേദനകളും നിരാശതകളും

വായനക്കാരനിലേയ്ക്കു പകരാന്‍ ശ്രമിക്കുന്നേയില്ല. അതില്‍നിന്നെല്ലാം ഒഴിഞ്ഞ് യക്ഷന്റെ ചോദ്യത്തിനുള്ള യുധിഷ്ഠരന്റെ മറുപടി മാത്രമാണ് പ്രഭാപിള്ള ഉദ്ധരിക്കുന്നത്:

''അഹന്യ ഹനി ഭൂതാനി-

പ്രവിശന്തിയമാലയം

ശേഷാല്‍ സ്ഥിരത്വമിച്ഛന്തി

ആശ്ചര്യകിം അതഃപരം''

(ദിവസവും ജീവികള്‍ മരിക്കുന്നതു കണ്ടിട്ടും ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു നാശമില്ലെന്നും ഇവിടെ സ്ഥിരമാണെന്നും വിചാരിക്കുന്നതില്‍ കൂടുതല്‍ എന്താണ് ആശ്ചര്യം) സമാഹാരത്തെ ചൈതന്യവത്താക്കുന്ന നാല്‍പ്പതില്‍പ്പരം ലേഖനങ്ങളില്‍ പ്രതിധ്വനിക്കുന്നത് ഈ ശ്ലോകമാണ്. മുന്‍പ് ആരും കാണാത്ത കാഴ്ചകളും നടക്കാത്ത വഴികളും തേടുന്ന ഈ ലേഖനങ്ങള്‍ വായനക്കാരന്റെ ഓര്‍മ്മശേഖരത്തിലെ പവിഴമുത്തുകളാകുന്നു.

ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?
ഒലീവിലകളില്‍ ചോരക്കാറ്റ് വീശുമ്പോള്‍

'വീട്ടാനാകാത്ത ഒരു കടം' എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തില്‍ ഓര്‍മ്മയുടെ നനവ് പടര്‍ന്നുകിടക്കുന്നത് വായനക്കാരനെ വല്ലാതെ മഥിക്കുന്നതാണ്. അതില്‍ ഇങ്ങനെ എഴുതുന്നു: ''നാണപ്പന്‍ പോയി ആറു മാസങ്ങള്‍ക്കകം അച്ഛനും യാത്രയായി. അച്ഛനെ നാണപ്പന്റെ മരണം വല്ലാതെ ഉലച്ചിരിക്കാം. കാരണം നാണപ്പന്‍ അവര്‍ക്കു മരുമകനല്ല, മകനായിരുന്നു. ഏതു കാര്യത്തിനും ഒപ്പം നില്‍ക്കുന്ന മകന്‍. അച്ഛന്‍ അവസാനം എന്റടുത്ത് വന്നത് '98 നവംബറിലായിരുന്നു. വീട്ടില്‍ കയറിയ ഉടനെ പെട്ടിതുറന്നൊരു വള എന്റെ കയ്യിലിട്ട് അമ്മ പറഞ്ഞു: ''എന്തൊക്കെ വില്‍ക്കേണ്ടിവന്നാലും ഈ വള വില്‍ക്കരുത്. ഇത് നാണപ്പന് ഞങ്ങള്‍ കൊടുക്കാനുള്ള കടമാണ്. നാണപ്പന്‍ ഉള്ളപ്പോള്‍ കൊടുക്കാനായി പറ്റിയില്ലെങ്കിലും ഇപ്പോള്‍ കടം വിട്ടിയെന്ന് ഞങ്ങള്‍ക്ക് സമാധാനിക്കാം. നാണപ്പനും എവിടെയെങ്കിലും ഇരുന്ന് ഇതറിയുന്നുണ്ടാവാം.''

ബാലസ്താവത് ക്രീഡാസക്തഃ തരുണ സ്താവത് തരുണീസക്തഃ എന്ന ശങ്കരാചാര്യരെ ഉദ്ധരിക്കുന്ന 'മരിക്കാന്‍ അനുവദിക്കാമോ?' എന്ന ലേഖനത്തില്‍ മരിക്കാന്‍ മോഹിക്കുന്ന അവര്‍ക്ക് അതിനുള്ള വഴി ചൊല്ലിക്കൊടുക്കുന്ന പഴയ ആചാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. എല്ലാ ചുമതലകളും തീര്‍ന്നുയെന്ന വിശ്വാസം പ്രബലമാകുമ്പോള്‍ വാനപ്രസ്ഥം തിരഞ്ഞെടുക്കുന്ന ഭാരതീയ രീതിക്കു പുറമെ ജൈനമത വിശ്വാസികളുടെ സനൂരയും സാല്ലവനയും പ്രായോപവേശവും നടക്കുന്ന സൂചനകള്‍ അതിസൂക്ഷ്മമായി പ്രതിപാദിക്കുന്ന ലേഖന കര്‍ത്താവ്, ദയാവധത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതോടൊപ്പം മരിക്കാന്‍ ആഗ്രഹിക്കുന്നവന് അതിനു സഹായിക്കുന്ന സ്വിറ്റ്‌സര്‍ലന്റിലെ ഏര്‍പ്പാടുകളും പരാമര്‍ശിക്കുന്നു. അനായാസേന മരണം, മരണം-ഇരുട്ട്, മരണം വാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ ദയാവധം, മാന്യമായ മരണം എന്നീ ലേഖനങ്ങളും ചര്‍ച്ച ചെയ്യുന്നത് ക്ഷണിക്കപ്പെടാത്ത അതിഥിയായ മരണത്തെക്കുറിച്ചാണ്. സ്‌നേഹിതരും പരിചയക്കാരും അടങ്ങിയ ഒരു സംഘത്തോടൊപ്പം നടത്തിയ യാത്ര ഓര്‍മ്മിക്കവെ താന്‍ കടന്നുപോയ ക്ലേശങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ 'ചെയ്യേണ്ടതെന്തെന്നറിയാം, പക്ഷേ, ചെയ്യാതിരിക്കാനാവുന്നില്ല' എന്ന ശ്ലോകത്തിലൂടെ അളന്നുതീരാനാവാത്ത ജീവിതസങ്കടങ്ങള്‍ കടന്നുവരുന്നു.

എം.പി നാരായണ പിള്ള
എം.പി നാരായണ പിള്ള

ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ അവശേഷിച്ച വേദനയെപ്പറ്റി എഴുതുന്ന ലേഖിക ഇങ്ങനെ രേഖപ്പെടുത്തുന്നു: ''വേര്‍പെട്ടുപോയവരെക്കുറിച്ചുള്ള ദുഃഖം കാലം മായ്ക്കും എന്ന് പലയിടത്തും വായിച്ചിട്ടുണ്ട്. എന്റെ അനുഭവം മറിച്ചാണ്. ദുഃഖത്തിന്റെ തീവ്രത കുറഞ്ഞിരിക്കാം. പക്ഷേ, അവരൊക്കെ ഇപ്പോഴും മനസ്സില്‍ സജീവമാണ്. ഒരു ഗന്ധം, വായിക്കുന്ന ചില ഭാഗങ്ങള്‍, കാണുന്ന ചില നിറങ്ങള്‍, ദൃശ്യങ്ങള്‍, ചില പാട്ടുകള്‍-പലപ്പോഴും പലതിലൂടെയുമാണ് അവര്‍ മുന്നിലെത്തുന്നത്. മുറിവുണങ്ങിയെന്നു തോന്നുമ്പോഴും അവിടം മൃദുലമാണ്. ഒന്നമര്‍ത്തി തൊട്ടാലിപ്പോഴും ചോര പൊടിയും. അപ്പോള്‍ ഒന്നു കരയാന്‍ തോന്നും. ഇടയ്‌ക്കൊന്ന് കരയുന്നതു നല്ലതാണ്. കരയാം, പക്ഷേ, അതില്‍ത്തന്നെ മനസ്സ് നിര്‍ത്തരുത്.''

ആത്മവേദനയുടെ ഈര്‍പ്പം

''എനിക്ക് ഗീത ഒരിക്കലും മോക്ഷപ്രാപ്തിക്കു മാത്രമായുള്ള ഒരു ഗ്രന്ഥമായിരുന്നില്ല. അതില്‍ ഞാനെന്നും കണ്ടിരുന്നത് ഒരു കര്‍മ്മപദ്ധതിയാണ്. യുദ്ധം നേര്‍ക്കുനേരെ കാണുമ്പോള്‍ പേടിച്ചോടാന്‍ ശ്രമിക്കുന്ന പോരാളിയെ വീണ്ടും പോരാട്ടത്തിനു സജ്ജമാക്കുന്നതു കര്‍മ്മ പദ്ധതിയാണ്.'' 'ഭഗവദ്ഗീതാ ദീപ്തികള്‍' എന്ന ലേഖനത്തോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ചിത്തപ്രസാദനത്തിനുള്ള വഴികള്‍ എന്ന ലേഖനം. അന്യരുടെ സുഖത്തിലും ദുഃഖത്തിലും അവര്‍ക്കൊപ്പം പങ്കുചേരുക, നല്ലവരുമായി സൗഹൃദത്തിലാവുക, എത്ര ശ്രമിച്ചാലും വഷളത്തരം മാത്രമേ ചെയ്യൂ എന്നു ശഠിക്കുന്നവരെ ദൂരെ നിറുത്തുക എന്ന് ലേഖനത്തില്‍ എഴുതുന്ന ലേഖിക സ്വയം ചോദിക്കുന്നു: ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം? ഉത്തരമെനിക്കറിയില്ല. അല്ലെങ്കില്‍ ഭയം എന്നെ അനുവദിക്കുന്നില്ല.

''പ്രകൃതിയില്‍ പങ്കുവയ്ക്കുന്നതിനുമപ്പുറം താന്‍ പോലും അനുഭവിക്കാതെ തനിക്കുള്ളതെല്ലാം അന്യര്‍ക്ക് കൊടുക്കുന്നതു കാണാം. വൃക്ഷങ്ങള്‍ ഫലങ്ങള്‍ ചുമക്കുന്നത് അവര്‍ക്കു വേണ്ടിയല്ല പുഴയിലെ വെള്ളം പുഴയ്ക്കു വേണ്ടിയല്ല. അവര്‍ കൊടുത്തുകൊണ്ടേയിരിക്കുന്നു. എന്നാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യനോ?'' 'കൂട്ടിയും കിഴിച്ചും ജീവിക്കുന്ന നാം' എന്ന ലേഖനം അവസാനിക്കുന്നതിങ്ങനെയാണ്.

ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?
കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

അനുഭവങ്ങളുടെ ഖനിയില്‍നിന്നു തിരഞ്ഞെടുക്കുന്നവ, സരസമായി എന്നാല്‍ ഗഹനതകൊണ്ട് സങ്കീര്‍ണ്ണമാകാതെ വായനക്കാരനില്‍ എത്തിക്കുന്നതോടൊപ്പം വായനക്കാരനെ അതിന്റെ ഭാഗവുമാക്കുന്നവയാണ് ലേഖനങ്ങള്‍. ഓര്‍മ്മകളുടെ കൊടിയേറ്റം. ബോംബെ എന്റെ പ്രിയ നഗരം, ഓര്‍മ്മകളുടെ മണവും സ്വാദും, ഇടം തേടുന്ന സ്ത്രീ, സ്വീകരണമുറിയിലേക്കെത്തുന്ന വിഷവൈറസുകള്‍, എനിക്കു പറ്റിയ അബദ്ധം, കരുണ കാംക്ഷിക്കുന്ന വാര്‍ദ്ധക്യം, ആത്മസംഘര്‍ഷങ്ങളില്‍നിന്നു കരകേറാന്‍, എന്റെ അച്ഛന്‍ എന്നീ ലേഖനങ്ങളില്‍ നിറഞ്ഞു കവിയുന്ന ആത്മവേദനയുടെ ഈര്‍പ്പം ആരെയാണ് ആകര്‍ഷിക്കാത്തത്. ''ഒരു വികാരവും അടക്കിവെയ്ക്കരുത്. അതു പുറത്തുവരണം.

പ്രത്യേകിച്ച് ദുഃഖം. അല്ലെങ്കില്‍ അതില്‍നിന്നു വളരെ മെല്ലെ മാത്രമേ മോചനമുണ്ടാകൂ. കരയുന്നതില്‍ ഒരു നാണക്കേടുമില്ലെന്നും കരച്ചില്‍ മനസ്സിനെ വല്ലാതെ ശാന്തമാക്കുമെന്നും ഇന്നെനിക്കറിയാം. 'എന്റെ അച്ഛന്‍' എന്ന് എഴുതുന്ന ലേഖിക 'നാണപ്പന്‍ ആ വിഷുവിനും മുറിയടച്ചിരുന്നു' എന്ന ശീര്‍ഷകത്തില്‍ത്തന്നെ അനാഥയാക്കിയ ''ആ മരണത്തെ''ക്കുറിച്ച് ഇങ്ങനെ ഓര്‍മ്മിക്കുന്നു: '...ഡോക്ടര്‍ വന്നാലുടനെ കണ്ണുതുറക്കുമെന്നാണ് ഞാന്‍ അപ്പോഴും

വിചാരിച്ചിരുന്നത്. അവര്‍ വന്ന് കണ്ണും ശ്വാസവും ഒക്കെ നോക്കി. അവരുടെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്, എല്ലാം പോയി, ജീവിതം മാറി മറിഞ്ഞു.'' ഒപ്പം അമ്മയുടെ മരണം ഓര്‍മ്മിച്ചുകൊണ്ട് ലേഖിക എഴുതുന്നു:

''ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം

ഞാന്‍ എത്തിയാല്‍ മാത്രം

കെടുന്ന വിളക്കുള്ള

വീട് ഇന്നലെ കെട്ടു.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com