ആഖ്യാനത്തിന്റെ ലളിതസമവാക്യങ്ങള്‍

ആഖ്യാനത്തിന്റെ ലളിതസമവാക്യങ്ങള്‍

കഥപറയുക എന്നതാണ് എസ്.ആര്‍. ലാല്‍ എന്ന എഴുത്തുകാരന്റെ ലക്ഷ്യം. ജീവിതത്തിലേയും ചരിത്രത്തിലേയും കഥകളാണ് ഈ എഴുത്തുകാരന്‍ തേടുന്നത്.

ഥപറയുക എന്നതാണ് എസ്.ആര്‍. ലാല്‍ എന്ന എഴുത്തുകാരന്റെ ലക്ഷ്യം. ജീവിതത്തിലേയും ചരിത്രത്തിലേയും കഥകളാണ് ഈ എഴുത്തുകാരന്‍ തേടുന്നത്. മുതിര്‍ന്നവരോട് കഥ പറയുന്ന അതേ ആര്‍ജ്ജവത്തോടെ കുട്ടികളോടും കഥ പറയാമെന്ന് ലാല്‍ തെളിയിച്ചിട്ടുണ്ട്. സമകാലിക ചെറുകഥകളും നോവലുകളും സങ്കീര്‍ണ്ണതകളുടെ സമാഹാരമാകുമ്പോള്‍, ലാളിത്യത്തിന്റേയും പാരായണക്ഷമതയുടേയും ആഖ്യാനതന്ത്രമാണ് ലാല്‍ പ്രയോഗിക്കുന്നത്. വായനക്കാരന്റെ ഉദ്വേഗത്തേയും ഉല്‍ക്കണ്ഠകളേയുമാണ് ലാല്‍ പരിഗണിക്കുന്നത്. ജീവചരിത്രം, കളിവട്ടം, സ്റ്റാച്ച്യു പി.ഒ., എന്നീ നോവലുകളും കുഞ്ഞുണ്ണിയുടെ യാത്രാപ്പുസ്തകം എന്ന ബാലസാഹിത്യകൃതിയും നിരവധി ചെറുകഥകളും ഇതു തെളിയിക്കുന്നു. 
എസ്.ആര്‍. ലാലിന്റെ പുതിയ നോവല്‍ രണ്ടാം പതിപ്പിലേക്ക് എത്തുന്നു. ഈ പശ്ചാത്തലത്തില്‍ എഴുത്തുവഴികളെക്കുറിച്ച്  സംസാരിക്കുന്നു. 

കഥ ഒരു മാധ്യമമായി സ്വീകരിക്കുമ്പോള്‍ ഉള്ളടക്കത്തെക്കുറിച്ചാണോ ആഖ്യാനത്തെക്കുറിച്ചാണോ ആലോചിച്ചു തുടങ്ങുന്നത്?
കഥയാണ് ആദ്യം വരിക. പിന്നാലെയാണ് ആഖ്യാനത്തെക്കുറിച്ച് ആലോചിക്കുന്നത്. രണ്ടും സമാസമം വേണ്ടതാണെന്നു തോന്നിയിട്ടുണ്ട്. ആഖ്യാനരീതിയുടെ പ്രത്യേകതകൊണ്ട് കഥ വായനക്കാരന് ഒരു ഭാരമാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധി ഞാന്‍ പുലര്‍ത്താറുണ്ട്. കഥ വായിച്ചിട്ട് ഇതിലെ കഥയെന്താണെന്ന് ഒരാളും ചോദിക്കരുത് എന്ന് ആഗ്രഹമുണ്ട്. കഥയില്‍ കഥയുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.

പരിചിത ജീവിതാനുഭവങ്ങളാണ് കഥകളായി രൂപാന്തരപ്പെടാറുള്ളത്. അത്തരം നേര്‍ അനുഭവങ്ങള്‍ ആഖ്യാനത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ടോ?
പരിചിത ജീവിതാനുഭവങ്ങള്‍, സുഹൃത്തുക്കള്‍ പറഞ്ഞ അനുഭവങ്ങള്‍ ഇവയൊക്കെ കഥയ്ക്ക് കാരണമായിട്ടുണ്ട്. ഡൈവോഴ്സിയായ ഭര്‍ത്താവില്‍നിന്നും ഭീഷണി നേരിടുന്ന ഭാര്യയെക്കുറിച്ചുള്ള അനുഭവം ഒരു സുഹൃത്ത് പറഞ്ഞതാണ്. ഭാര്യ അയാളുടെ പുനര്‍വിവാഹത്തിന് തടസ്സം നില്‍ക്കുന്നു എന്ന് ഭര്‍ത്താവ് വിശ്വസിക്കുന്നു. അതില്‍ എന്നെ കഥയെഴുതാന്‍ പ്രേരിപ്പിച്ചത് ഭാര്യ ശരീരം മുഴുവന്‍ തളര്‍ന്ന വിരലുകള്‍ മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന സ്ത്രീയാണ് എന്ന സുഹൃത്തിന്റെ അനുബന്ധമായിരുന്നു. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു യാത്രചെയ്യുമ്പോഴുണ്ടായ ആക്സിഡന്റാണ് അവരെ വീല്‍ച്ചെയറിലാക്കിയത്. ഈ ഒരു ജീവിതമാണ് 'എറണാകുളം സൗത്ത്' എന്ന കഥയ്ക്ക് കാരണമായത്. 
എന്റെ നാട്ടിലൂടെ ബൈപ്പാസ് റോഡ് വരുമ്പോള്‍ കോലിയക്കോട് ജംങ്ഷന് അടുത്തുണ്ടായിരുന്ന രണ്ട് ആല്‍മരങ്ങള്‍ നഷ്ടപ്പെട്ടുപോയി. കോലിയക്കോട്ട് നടന്നിരുന്ന രാഷ്ട്രീയ യോഗങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ആഘോഷങ്ങള്‍ക്കും ഒത്തുകൂടലുകള്‍ക്കുമെല്ലാം സാക്ഷ്യം വഹിച്ചിരുന്നത് ഈ ആല്‍മരങ്ങളാണ്. ജനജീവിതത്തിന്റെ ഭാഗമായിരുന്ന ആല്‍മരത്തിന്റെ നഷ്ടം അതിനു ചുവട്ടില്‍ കച്ചവടം ചെയ്തിരുന്ന ഒരാളെ എങ്ങനെ ബാധിക്കുമെന്നതാണ് കോലിയക്കോട്ടെ ആല്‍മരം എന്ന കഥയിലൂടെ പറയാന്‍ ശ്രമിച്ചത്. 
അടുത്തറിയാവുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ എഴുതാന്‍ കഴിയും. അത് മറ്റാരേയും വേദനിപ്പിക്കാതെ പറയണമെന്നാണ് ആഗ്രഹിക്കുക. കഥയാകുമ്പോള്‍ ഇത്തരം അനുഭവങ്ങളെ മറ്റു രീതിയിലും കാഴ്ചപ്പാടിലുമൊക്കെയാവുമല്ലോ നമ്മള്‍ പറയുക. അത് യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ക്ക് ചിലപ്പോള്‍ മനസ്സിലാകണമെന്നുതന്നെയില്ല. 

എസ്.ആര്‍ ലാല്‍
എസ്.ആര്‍ ലാല്‍

യാഥാര്‍ത്ഥ്യവും ഭാവനയും തമ്മിലുള്ള വിച്ഛേദവും പാരസ്പര്യവും കഥകളില്‍ നേരിടുന്നത് എങ്ങനെയാണ്?
ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളി, കഥയാണ് പറയുന്നതെങ്കിലും, ഇത് കഥയല്ല യാഥാര്‍ത്ഥ്യമാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കലാണ്. കുട്ടികളോട് നമ്മള്‍ കഥ പറയുന്നത് അങ്ങനെയാണല്ലോ. ഭാവനചേര്‍ക്കാതെ കഥ പറയാനും പറ്റില്ല. അപ്പോഴത് സംഭവവിവരണം മാത്രമാകും. ഒരു യഥാര്‍ത്ഥ സംഭവം പറയുമ്പോഴും നമ്മള്‍ ആവശ്യമുള്ളതു മാത്രമേ അവിടെ ഉപയോഗിക്കുന്നുള്ളൂ. അനാവശ്യമെന്നു തോന്നുന്നത്, ബോറടിക്കുമെന്നു തോന്നുന്നത്, നിത്യപരിചയമായത് ഇവയൊക്കെ ഒഴിവാക്കാന്‍ ശ്രമിക്കും. ഭാവന ചേര്‍ത്ത് പറയുമ്പോഴും യഥാര്‍ത്ഥമാണെന്ന് വരുത്തിത്തീര്‍ക്കാന്‍, അങ്ങനെ വിശ്വസിപ്പിക്കാന്‍ ബാധ്യസ്ഥനാണ് എഴുത്തുകാരന്‍. ഇവയെ ഇഴചേര്‍ത്ത്, ഒരൊറ്റ ഇഴയാക്കി പറയലാണ് എഴുത്തെന്ന് തോന്നിയിട്ടുണ്ട്; എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും. 

പ്രാദേശികത പല കഥകളിലും അന്തര്‍ധാരയായി വരുന്നുണ്ട്. ഈ സമീപനം കഥയുടെ സംവേദനത്തെ ബാധിക്കില്ലേ? വിശാലമായ ഒരു വായനാസമൂഹത്തെ നേരിടാന്‍ ബുദ്ധിമുട്ടുണ്ടാവില്ലേ?.
എന്റെ അനുഭവത്തില്‍ അങ്ങനെ തോന്നുന്നില്ല. നമ്മുടേത് വളരെ ചെറിയൊരു ആസ്വാദന സമൂഹമല്ലേ. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ദൂരം എത്രയുണ്ട്. വളരെ ചെറിയ സഞ്ചാര വ്യത്യാസമേയുള്ളൂ. അങ്ങനെ വളരെ വലിയ നഗരജീവികളല്ല നമ്മളൊന്നും. ജോലിയുടെ ഭാഗമായൊക്കെ നഗരത്തില്‍ വന്നുപെട്ടവരാണ് പലരും. റിട്ടയര്‍മെന്റ് ജീവിതം പഴയ ഗ്രാമത്തിലേക്ക് (അവിടെ ഗ്രാമം നഷ്ടപ്പെട്ടിട്ടുണ്ടാവുമെങ്കിലും, മിക്കവാറും നടക്കണമെന്നില്ലെങ്കിലും) മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. അവരുടെ ഉള്ളില്‍ എന്തായാലും ഒരു ഗ്രാമവും നഗരവുമുണ്ട്. ഗ്രാമത്തില്‍ ജീവിക്കുന്നവരുടെ ഉള്ളിലും ഈ ദ്വന്ദ്വമുണ്ട്. ഇവരിലൂടെയൊക്കെയാവും നമ്മുടെ കഥ കടന്നുപോകുക. അവരുടെ പ്രദേശവുമായി ചേര്‍ത്തുവച്ചൊക്കെ വായനക്കാരന്‍ കഥകള്‍ വായിക്കും. 

ലാലിന്റെ കഥാലോകം സങ്കീര്‍ണമോ അതിഭാവുകത്വം നിറഞ്ഞതോ അല്ല. ലളിതമായ കഥാപരിസരവും അവതരണവുമാണ് അതിലുള്ളത്. ഈ കഥാതന്ത്രം ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണോ?
ജീവിതത്തെ  ലളിതമായി കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. നമുക്കു ചുറ്റും കാണുന്ന ജീവിതം, മനുഷ്യര്‍, അവരുടെ ജീവിതാസക്തിയാല്‍ വന്നുപോകുന്ന ഇടങ്ങേറുകള്‍, കാപട്യങ്ങള്‍, സ്വപ്നങ്ങള്‍, കുരുക്കുകള്‍ ഇതൊക്കെയാണല്ലോ കഥകളുടെ എന്നത്തേയും പ്രമേയങ്ങള്‍. ഇത് എങ്ങനെ ലളിതമായി പറയാം എന്നതാണ് ഞാന്‍ ആലോചിക്കുന്നത്. ഇവയെയൊക്കെ നന്നായി ആഖ്യാനം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍, എത്രമാത്രം തെറ്റിദ്ധാരണ നിറഞ്ഞതായിരുന്നു എന്റെ കാഴ്ചപ്പാടെന്ന് മനസ്സിലാകുന്നു. പരിചയമുള്ള ചില വ്യക്തികളെ, അവരുടെ ജീവിതപരിസരത്തെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അത്. അത്തരം മനുഷ്യര്‍ കടന്നുപോയ അനുഭവങ്ങളെ, അവരുടെ പ്രതിസന്ധികളെ  അതിന്റെ നൂറിലൊന്നുപോലും തീവ്രതയോടെ എന്റെ വാക്കുകള്‍ക്ക് ആവിഷ്‌ക്കരിക്കാന്‍ കഴിയാതെ വരുന്നല്ലോ. ചിലര്‍ പറയുന്ന അനുഭവത്തെപ്പോലും അതിന്റെ അതേ നെഞ്ചെരിപ്പോടെ ആവിഷ്‌കരിക്കാന്‍ കഴിയാറില്ല. എത്ര ലളിതമായിട്ടായിരിക്കും അവര്‍ ആ  അനുഭവത്തെ നമ്മോട് പങ്കുവെച്ചത്. ആഴത്തിലുള്ള അനുഭവത്തിന്റെ നിരവധി അര്‍ത്ഥതലങ്ങളുള്ള കാര്യങ്ങളാവും അവര്‍ നിസ്സംഗതയോടെ, അല്ലെങ്കില്‍ കണ്ണീരമര്‍ത്തി, ഇല്ലെങ്കില്‍ പൊട്ടിച്ചിരിയോടെ പറയുക. അതുപോലെ കഥയിലും പറയാനായെങ്കിലെന്ന് കൊതിച്ചുപോകാറുണ്ട്. അതുപോലും ആവുന്നില്ലല്ലോ എന്ന് വ്യസനം തോന്നാറുമുണ്ട്. 
ഏറെ ദുര്‍ഗ്രഹതയോടെ, വളച്ചുചുറ്റി, പരീക്ഷണാത്മകമായി എഴുതുന്ന കഥയില്‍നിന്നും വായനക്കാരന്‍ നേര്‍രേഖയില്‍ ഒരു കഥ കണ്ടെത്താന്‍ പാടുപെട്ട് ശ്രമിക്കും. അത്തരത്തില്‍ വായനക്കാരെ ബുദ്ധിമുട്ടിക്കാന്‍ എനിക്ക് തീരെ താല്‍പ്പര്യമില്ല. 

ഭാഷയിലും ലാളിത്യം പുലര്‍ത്തുന്നു. പ്രാദേശിക ശൈലികള്‍പോലും കടന്നുവരുന്നുണ്ടല്ലോ?
ആടയാഭരണങ്ങളുള്ള എഴുത്തുശൈലിക്ക് ഇനി നിലനില്‍ക്കാനാകുമോ എന്ന് സംശയമുണ്ട്. ഭാഷ ലളിതമാക്കിയെടുക്കാന്‍ മനപ്പൂര്‍വ്വം ഞാന്‍ ശ്രമിക്കുന്നുണ്ട്. വലിയ വാചകങ്ങളെ ചെറുതാക്കാന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്. അത് വായനാസുഖം നല്‍കുമെന്നാണ് കരുതുന്നത്. വായിപ്പിക്കുക എന്ന വലിയൊരു ഉദ്യമമാണല്ലോ എഴുത്തുകാരന്റെ പ്രാഥമിക ധര്‍മ്മം.

ചരിത്രം, സംസ്‌കാരം തുടങ്ങിയവ രചനകളില്‍ വരുന്നുണ്ടല്ലോ. പക്ഷേ, ചരിത്രം ആവിഷ്‌കരിക്കുക എന്നത് ഒരു വെല്ലുവിളിയല്ലേ. അത് മറികടക്കുന്നത് എങ്ങനെയാണ് ?
ചരിത്രം ചരിത്രമായി പറഞ്ഞാല്‍ വിരസമാകും. നമ്മള്‍ കേട്ട പഴയ പല കഥകളും ചരിത്രവുമായി ബന്ധപ്പെട്ടതാണ്. തെക്കന്‍ തിരുവിതാംകൂറിലേക്ക് സഞ്ചരിച്ചാല്‍ റോഡരുകില്‍ ചില കുളങ്ങളൊക്കെ കാണും. ചിലരെങ്കിലും പറയും, ഇത് മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കുടുംബം കുളംതോണ്ടിയതാണ് എന്നൊക്കെ. ചില സമ്പന്നരെക്കുറിച്ച് പറയുക, മഹാരാജാവ് ദാനംചെയ്ത ഭൂമിയാണ് എന്നാണ്. എന്റെ ഒരു ബന്ധു തമിഴ്നാട്ടിലെ തിരുവട്ടാര്‍ സ്വദേശിയാണ്, അവരുടെ കുടുംബത്തെപ്പറ്റിയും ഇത്തരത്തിലുള്ള കഥ പറഞ്ഞ് കേട്ടിട്ടുണ്ട്, മാര്‍ത്താണ്ഡവര്‍മ്മയെ ഒരു അപകടഘട്ടത്തില്‍ രക്ഷിച്ചുവെന്നാണ് കഥ. അവര്‍ക്ക് ധാരാളം സ്വത്ത് പിന്നീട് ലഭിച്ചത്രേ. ഇത്തരത്തിലുള്ള കഥകള്‍ക്കൊന്നും ചരിത്രത്തിന്റെ ഉറച്ച പിന്‍തുണയുണ്ടാകണമെന്നില്ല, പക്ഷേ, ഇത് കേള്‍ക്കാന്‍ കൗതുകമുള്ളതാണ്. ഈ രീതിയില്‍ ചരിത്രത്തെ ഉപയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. 
 പണ്ടു പറഞ്ഞുകേട്ട ചെറിയൊരു നാട്ടുകഥയില്‍നിന്നാണ് കുഞ്ഞുണ്ണിയുടെ യാത്രാപ്പുസ്തകം എന്ന കുട്ടികളുടെ നോവല്‍ ഞാന്‍ രൂപപ്പെടുത്തിയെടുത്തത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു ചെറിയ ഔട്ട്ഹൗസ് സമീപത്തുണ്ട് - മണിമലക്കൊട്ടാരം..  അത് ഇപ്പോഴും അവിടുണ്ട്. മണിമലക്കുന്നിലും സമീപത്തുള്ള മാറാംകുന്നിലും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്വര്‍ണ്ണവും രത്‌നങ്ങളും കുഴിച്ചിട്ടിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടം പേടിച്ചിട്ടാണ് അത് ചെയ്തത്. ചില നിധികുംഭങ്ങള്‍ ഇപ്പോഴും അവിടെ അവശേഷിക്കുന്നുണ്ട്. അത് കിട്ടിയിട്ടുള്ള ചിലരെപ്പറ്റിയുള്ള ഭാവനാപൂര്‍ണ്ണമായ കഥയും ചിലത് കേട്ടിരുന്നു. ഇതില്‍ നിന്നുമാണ് ഈ നോവലിന്റെ അടിസ്ഥാനം  രൂപപ്പെടുത്തിയത്. 
ഇത്തരം കഥകളെ വിശ്വസിപ്പിക്കുന്നതിന് നാടുമായി ബന്ധപ്പെട്ട ചില വ്യത്യസ്തതകള്‍ കൂടി പങ്കുവഹിക്കുന്നുണ്ട്. മാറാംകുന്നിന്റെ ഒരു ചരിവിന്റെ പേര് കിടാരക്കുഴിയെന്നാണ്. കിടാരം എന്നാല്‍ ചെമ്പുപാത്രമാണ്. അവിടെനിന്നും ഒരു അരുവി ഒഴുകുന്നുണ്ട്. ഓരുനിറഞ്ഞ വെള്ളമാണ്. നിധി കുഴിച്ചിട്ട  പഴയ ചെമ്പുപാത്രങ്ങളില്‍ തട്ടിവരുന്നതുകൊണ്ടാണ് അതിന് ഓരുവരുന്നതെന്നാണ് നാട്ടുകാര്‍ പറയുക. കഥയെ പ്രാദേശിക ചേരുവകളുമായി പൊലിപ്പിച്ചെടുക്കുന്ന, എന്റെ നാട്ടുകാര്‍ പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രത്തെയാണ് ഞാനിതില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.  ഒരു ഫാന്റസി ലൈനില്‍. 
സ്റ്റാച്ച്യു പി.ഒ.  ഹൈപ്പര്‍ റിയാലിറ്റി സങ്കേതത്തിലുള്ളതാണെന്ന് ഒരു നിരൂപക സുഹൃത്തു പറഞ്ഞു.  അങ്ങനെ കരുതിക്കൂട്ടി ചെയ്തതൊന്നുമല്ല. ആത്മകഥാഖ്യാനരൂപത്തിലാകണം  കഥയുടെ പോക്കെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കുറച്ച് പരിമിതികള്‍ ആ എഴുത്തിനുണ്ട്, എങ്കിലും സത്യസന്ധത ആ എഴുത്തില്‍ കുറച്ചുകൂടി വരുത്താന്‍ പറ്റുമെന്നു തോന്നി.  

ജീവചരിത്രം' എന്ന  നോവലിന്റെ ആഖ്യാനഘടന വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ഒരര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണവുമാണ്. ഇത്തരം  സമീപനങ്ങള്‍ വായനക്കാരെ എങ്ങനെ ബാധിക്കും?
രണ്ടു തലമുറകളുടെ കഥ പറഞ്ഞ  നോവലായിരുന്നു അത്. യഥാര്‍ത്ഥ ജീവചരിത്രവും കപട ജീവചരിത്രവും തമ്മിലുള്ള പൊരുത്തക്കേടാണ് നോവലിന്റെ കാതല്‍. അപ്പന്റെ യഥാര്‍ത്ഥ ജീവചരിത്രം പുറത്തുവന്നാല്‍ അപമാനമാകുമെന്നു കരുതി കപടജീവചരിത്രമെഴുതി പ്രസിദ്ധീകരിക്കുകയാണ് മക്കള്‍.  ഈ രണ്ടു ജീവചരിത്രങ്ങളും നോവലില്‍ വായനക്കാരനു മുന്നിലുണ്ട്. ഉള്ളിലെ ഇത്തരമൊരു സങ്കീര്‍ണ്ണത ആഖ്യാനത്തില്‍ വന്നിട്ടില്ലെന്നാണ് ഇപ്പോഴും തോന്നുന്നത്. ഒരു പ്രദേശത്തിന്റെ കഥകൂടിയായിരുന്നു ആ നോവല്‍. നേര്‍ത്തൊരു ഹാസ്യം അന്തര്‍ധാരയായി കടത്തിവിടാന്‍ ശ്രമിച്ചു. 'ജീവചരിത്രം' കാര്യമായി വായിക്കപ്പെട്ടുവെന്നു തോന്നുന്നില്ല. നോവലിന് വലിയ പ്രാധാന്യം കൈവരാത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒന്നായിരുന്നു അത്. പിന്നെ, ആ നോവലിന് പരിമിതികളുമുണ്ടാകാം. 

കഥയില്‍നിന്നും നോവലിലേക്ക്എത്തുമ്പോള്‍ ആഖ്യാനത്തിന്റെ സ്വാതന്ത്ര്യം ലഭിക്കും. ആ സ്വാതന്ത്ര്യം അവതരിപ്പിക്കുന്ന അനുഭവങ്ങളുടെ സമഗ്രതയെ ബാധിക്കില്ലേ?

നോവലിന് വലിയ തോതില്‍ വായനക്കാരുള്ള സമൂഹമാണ് നമ്മുടേത്. ഗ്രന്ഥശാലകളില്‍ കയറിനോക്കിയാല്‍ പെട്ടന്നിത് മനസ്സിലാകും. സാധാരണ വായനക്കാര്‍ തെരഞ്ഞെടുക്കുന്നത് ആദ്യം നോവലാണ്. സമഗ്രമായൊരു ജീവിതം വായിക്കാന്‍ സാധാരണക്കാരായ വായനക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു. 
ഒരെഴുത്തുകാരന്റെ ആന്തരികശക്തിയെ പരീക്ഷിക്കുന്ന ഉരകല്ലാണ് നോവലെന്ന് പറഞ്ഞാല്‍ തെറ്റില്ല.  ശ്രമകരമായ ഭാരമുള്ള ജോലിയാണിത്. ആ പരിശ്രമത്തെക്കുറിച്ച് പഴയ എഴുത്തുകാര്‍ വേണ്ടത്ര പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു. നോവലില്‍ ഒന്നോ രണ്ടോ കഥാപാത്രത്തിന്റെ സഞ്ചാരങ്ങള്‍ പോര. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വേണം. അവര്‍ക്ക് നോവലില്‍ ഇടം വേണം. അവര്‍ക്ക് പാര്‍ക്കാനുള്ള പാര്‍പ്പിടങ്ങള്‍ വേണം, കഥ വളരണം. ജീവിതത്തിന്റേയും കഥാപാത്രങ്ങളുടേയും തുടര്‍ച്ചകള്‍ വേണ്ടതുണ്ട്. എങ്കിലും നോവലെഴുതാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്. അത് തരുന്ന സ്വാതന്ത്ര്യം, ആനന്ദം ചെറുകഥയെഴുത്തിനെക്കാള്‍ വലുതാണെന്നാണ് എന്റെ പക്ഷം.
അനുഭവങ്ങളെ പല വീക്ഷണങ്ങളിലൂടെ, പലരുടെ ചിന്തകളിലൂടെയൊക്കെ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നോവല്‍ തരുന്നുണ്ട്. അനാവശ്യമായ വലിച്ചുനീട്ടലുകള്‍ ഒഴിവാക്കിയാല്‍ അനുഭവങ്ങളെ സമഗ്രത ചോരാതെ അവതരിപ്പിക്കാനാകും.  നോവലെന്നത് വിഭ്രമിപ്പിക്കുന്ന ഒന്നായി എനിക്കെപ്പോഴും തോന്നും. അതിന്റെ അനന്തസാധ്യതകളെക്കുറിച്ചുപോലും  എനിക്ക് പൂര്‍ണ്ണതോതില്‍ അറിവില്ല. 

മലയാള നോവല്‍ ആഖ്യാനങ്ങളുടെ ബഹുസ്വരതകൊണ്ട് സമ്പന്നമാണ്. പലപ്പോഴും ചില രചനകള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നു. സമകാലിക എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഈ നോവല്‍ ധാരയെ എങ്ങനെ കാണുന്നു?
എല്ലാക്കാലത്തും ഇത്തരം വിവിധ ധാരകള്‍ ഉണ്ടായിട്ടുണ്ട്. ബഹുസ്വരതകളാണ് എപ്പോഴും സാഹിത്യത്തെ നിലനിര്‍ത്തുന്നതും. എഴുത്തിന്റെ വിവിധ ധാരകളെ ഇഷ്ടപ്പെടുന്ന വ്യത്യസ്തരായ വായനക്കാര്‍ നമുക്കുണ്ട്. സങ്കീര്‍ണ്ണമായ രചനാരീതിയോട് എനിക്ക് ഒട്ടും പ്രതിപത്തിയില്ല. അത്തരം പുസ്തകങ്ങള്‍ എത്ര മെച്ചപ്പെട്ടതായാലും എനിക്ക് വായിച്ചു പൂര്‍ത്തിയാക്കാനും ബുദ്ധിമുട്ടാണ്. വായനക്കാരനെ ഒപ്പം കൊണ്ടുപോകുന്ന ഒരു കൊളുത്ത് നോവലില്‍ ഉണ്ടാവുന്നത് നല്ലതാണ്. അല്ലാത്തവയെ മറ്റൊരു അവസരത്തില്‍ വായിക്കാം എന്നു കരുതി വായനക്കാര്‍ മാറ്റിവയ്ക്കും, പിന്നൊരിക്കലുമതിലേക്ക് എത്തിയെന്നും വരില്ല. 

നോവല്‍ ആദ്യകാലം മുതല്‍ തന്നെ ചരിത്രത്തിന്റെ ആവിഷ്‌കാരത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. താങ്കളുടെ 'സ്റ്റാച്ച്യു പി.ഒ.' അങ്ങനെ ഒരു നോവലും ചരിത്രത്തിന്റെ അവതരണമാണ്. ചരിത്രം നോവലാകുമ്പോള്‍ സ്വാതന്ത്ര്യ പരിമിതികള്‍ വേണ്ടിവരില്ലേ?
ചരിത്രം നോവലിന്റെ അസംസ്‌കൃത വസ്തുവാണ്. അസംസ്‌കൃത വസ്തുവിനെ ഉപയോഗിച്ച് പല രൂപങ്ങളുമുണ്ടാക്കാം. അതിന്റെ അടിസ്ഥാന സ്വഭാവം അതിലുണ്ടാവുമെന്നേയുള്ളൂ, കാഴ്ചയില്‍ അത് മറ്റൊന്നാവും. നോവലിലെ നഗരൂര്‍ കുമ്മിള്‍ നക്സല്‍ ആക്രമണത്തില്‍ പങ്കെടുത്ത ചിലര്‍ നോവലില്‍ കടന്നുവരുന്നുണ്ട്. ഒരു പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അതിലെ ചിലരോട് ഞാന്‍ സംസാരിച്ചിട്ടുള്ളതാണ്. അക്കാര്യങ്ങളൊക്കെ നോവലില്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അതിലെ പ്രതിയായിരുന്ന ഗോപിനാഥ ഗുരുക്കളുടെ സ്റ്റാച്ച്യുലോഡ്ജുമായുള്ള ബന്ധമൊക്കെ ഫിക്ഷനാണ്. ചരിത്രത്തേയും ഫിക്ഷനേയും ഇടകലര്‍ത്തി പറയാനുള്ള ശ്രമമാണ് നോവലില്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ പല ലോഡ്ജുകളും നോവലില്‍ കടന്നുവരുന്നുണ്ട്. അതൊക്കെ യാഥാര്‍ത്ഥ്യം തന്നെ. പക്ഷേ, പ്രധാന കഥ നടക്കുന്ന സ്റ്റാച്ച്യു ലോഡ്ജ് എന്നൊരു ലോഡ്ജ് തീര്‍ത്തും സാങ്കല്‍പ്പികമാണ്. നോവലില്‍ പറഞ്ഞിരിക്കുന്ന സ്റ്റാച്ച്യു ലോഡ്ജിനോട് സാമ്യമുള്ള ആവാസവ്യവസ്ഥ മറ്റു പല ലോഡ്ജുകളില്‍നിന്നും കടംകൊണ്ടിട്ടുണ്ടെന്നു മാത്രം. 
ഒരുവിധത്തില്‍  മനുഷ്യന്റെ ജീവിതചരിത്രമാണ് എല്ലാ എഴുത്തും. എങ്കിലും ആ സൃഷ്ടിയില്‍ കമ്പോടുകമ്പ് ചരിത്രം വായനക്കാരന്‍ തിരയാതിരിക്കുന്നതാണ് ഭംഗി. ചരിത്രവും ഫിക്ഷനും ചേര്‍ന്നുള്ള സമാന്തര ലോകമായി ഇതിനെ കണ്ടാല്‍ ഏറെ സന്തോഷം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com