ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പമ്പാ മണപ്പുറം

നാമാവശേഷമായിപ്പോയ പമ്പാ മണപ്പുറത്തെ പൂര്‍വ്വസ്ഥിതിയിലാക്കുക മനുഷ്യസാധ്യമല്ല.
ചിത്രങ്ങള്‍: ഗിരീഷ്‌കുമാര്‍
ചിത്രങ്ങള്‍: ഗിരീഷ്‌കുമാര്‍



ണ്ഡല മകരവിളക്കു കാലത്തു കേരളത്തിലെ ജനസംഖ്യയുടെ മൂന്നിരട്ടി തീര്‍ത്ഥാടകരെ സ്വീകരിക്കാനിരിക്കുന്ന ശബരിമലയുടെ ബേസ് ക്യാംപ് ആയ പമ്പാ മണപ്പുറം പ്രളയത്തില്‍ നിന്നും തല ഉയര്‍ത്താനുള്ള തീവ്രശ്രമത്തില്‍. സീസണ്‍ ആരംഭിക്കാന്‍ ശേഷിക്കുന്നത് 50 ദിവസങ്ങള്‍. കൂടുതല്‍ ഒരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നിടത്ത്, പ്രളയം കവര്‍ന്നെടുത്തത് തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന എല്ലാ സൗകര്യങ്ങളേയും. നാമാവശേഷമായിപ്പോയ പമ്പാ മണപ്പുറത്തെ പൂര്‍വ്വസ്ഥിതിയിലാക്കുക മനുഷ്യസാധ്യമല്ല. അതുകൊണ്ടുതന്നെ പുതിയൊരു പമ്പാ മണപ്പുറമാണ് ഇപ്പോള്‍ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി കരാര്‍ എടുത്തിരിക്കുന്ന ടാറ്റാ പ്രൊജക്ട്സ് ഭഗീരഥപ്രയത്‌നമാണ് ഇപ്പോള്‍ ഇവിടെ നടത്തുന്നത്. ചിങ്ങമാസ പൂജയ്ക്കായി തീര്‍ത്ഥാടകര്‍ക്ക് ആര്‍ക്കും തന്നെ ശബരിമലയിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കന്നിമാസ പൂജയ്ക്കായി സെപ്തംബര്‍ 16-ന് നട തുറക്കാനിരിക്കെ പമ്പയില്‍ ജലമൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും നാശാവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും മാറ്റാനായിട്ടില്ല. പമ്പാ മണപ്പുറത്ത് അടിഞ്ഞുകൂടിയിരിക്കുന്ന കെട്ടിടാവശിഷ്ടങ്ങളും മറ്റും ഇവിടെനിന്നും നീക്കം ചെയ്തു നിക്ഷേപിക്കാന്‍ ദേവസ്വം ബോര്‍ഡിന് സ്ഥലമില്ലെന്നതാണ് വലിയൊരു വെല്ലുവിളി. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പുനരുത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കിലും ഇക്കാര്യത്തില്‍ വനംവകുപ്പുമായി ചേര്‍ന്നു സമവായമുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പുറമേ, പമ്പാ മണപ്പുറത്തെ ശബരിമലയുടെ ബേസ് ക്യാംപ് 20 കിലോമീറ്റര്‍ അകലെയുള്ള നിലയ്ക്കലിലേക്ക് മാറ്റുമ്പോള്‍, അതിനു യോജിച്ച സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കുറഞ്ഞത് ആറു മാസം വേണമെന്ന വെല്ലുവിളി എങ്ങനെ അതിജീവിക്കുമെന്നതും ഇപ്പോഴത്തെ പ്രശ്‌നമാണ്.

പ്രളയത്തില്‍ സംഭവിച്ചത്
രാമമൂര്‍ത്തി മണ്ഡപം, ക്യൂ കോംപ്ലക്സ് ആയിരുന്ന നടപ്പന്തല്‍, മണപ്പുറം ടോയ്ലെറ്റ് കോംപ്ലക്സ്, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, ശൗചാലയങ്ങള്‍, ഹോട്ടല്‍ കോംപ്ലക്സ്, വാട്ടര്‍ അഥോറിറ്റിയുടേയും വൈദ്യുതി വകുപ്പിന്റേയും കെട്ടിടങ്ങളും അനുബന്ധ ഉപകരണങ്ങളുമൊക്കെ ഇല്ലാതായി. പൊലീസ് സ്റ്റേഷന്റെ ഒരു ഭാഗവും ഹില്‍ടോപ്പ് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നദിയോടു ചേര്‍ന്നുള്ള തിട്ടകളും ഇടിഞ്ഞു. റോഡുകളെല്ലാം തരിപ്പണമായി. ദേവസ്വം ബോര്‍ഡിനു മാത്രം 200 കോടി രൂപയുടെ നഷ്ടമെന്നു പ്രാഥമിക കണക്കുകള്‍. പമ്പയിലെ ആശുപത്രി കോംപ്ലക്സ് വൃത്തിയാക്കിയെടുക്കാന്‍ ഇനിയും ആഴ്ചകള്‍ വേണം. ഉപയോഗശൂന്യമായ നിലയിലാണ് ഇതിന്റെ ആദ്യ രണ്ടു നിലകള്‍. രണ്ടാം നിലയില്‍ മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ നടത്താനാവുക. ജലസൗകര്യമൊരുക്കിയിരുന്ന പമ്പ് ഹൗസ് പൂര്‍ണ്ണമായും തകരാറിലായി. വൈദ്യുതി വിളക്കുകള്‍ ഒന്നും തന്നെയില്ല. അടിയന്തരമായി ഉപയോഗിക്കാവുന്ന വൈദ്യുതി മാത്രമാണ് ഇപ്പോഴും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പാലങ്ങള്‍ക്കു കാര്യമായി ബലക്ഷയം സംഭവിച്ചു എന്നതു മാത്രമല്ല, പമ്പയിലുണ്ടായിരുന്ന സ്നാനഘട്ടങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഒരു ചെറു വെള്ളപ്പൊക്കം പോലും നിയന്ത്രിക്കാന്‍ ഇതോടെ പമ്പാ മണപ്പുറത്തിനു കഴിയാതെ വരും. തുലാവര്‍ഷം പെയ്താല്‍ ഇപ്പോഴത്തെ താല്‍ക്കാലിക സംവിധാനങ്ങളെപ്പോലും അതു ബാധിച്ചേക്കുമെന്നും കരുതുന്നു. 

മണല്‍ത്തീരം ഇല്ലാതായതോടെ, പമ്പാ തീരത്തുകൂടിയുള്ള തീര്‍ത്ഥാടക വരവിനാണ് നിയന്ത്രണമുണ്ടാകുക. ഇപ്പോള്‍ നിലവിലുള്ള ടോയ്ലെറ്റ് കോംപ്ലക്സിനു പിന്നിലൂടെ ഗണപതി കോവിലിലേക്ക് എത്താന്‍ കഴിയുന്ന വിധത്തില്‍ പുതിയ ഒരു വഴിയാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ കയറാനും ഇറങ്ങാനും ഒരേസമയം ഇവിടെ സൗകര്യങ്ങളൊരുക്കുക എന്നതു വലിയ ശ്രമകരമാണ്. നദീതടത്തില്‍ അടിഞ്ഞ മണ്ണ്  ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്ത് നദി പഴയ നിലയിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.  സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം പമ്പയില്‍ നടക്കുന്നുണ്ട്. എന്നാല്‍ തീര്‍ത്ഥാടന കാലത്തിനു മുന്നേ സ്ഥിതിഗതികള്‍ കാര്യക്ഷമമായി നടക്കുമോയെന്നു കണ്ടറിയണം. പമ്പാത്തടം ശുചിയാക്കാന്‍ മാത്രം ഇപ്പോള്‍ തന്നെ 25 കോടി രൂപ കരാറുകാര്‍ക്ക് അനുവദിച്ചു കഴിഞ്ഞു. 

അതിജീവനം യുദ്ധകാലാടിസ്ഥാനത്തില്‍
ശബരിമല തീര്‍ത്ഥാടനത്തിന് രണ്ടുമാസംമാത്രം ശേഷിക്കേ, പമ്പയിലെ കെടുതികള്‍ ഇല്ലാതാക്കാന്‍ തീവ്രശ്രമമാണ് നടക്കുന്നത്. ദിശ മാറി ഒഴുകുന്ന പമ്പയെ ത്രിവേണിയില്‍ മണ്‍തടയണവെച്ച് തടഞ്ഞ് പഴയ രീതിയിലാക്കി കഴിഞ്ഞു. സര്‍വ്വീസ് റോഡ് ഭാഗത്തേക്ക് നദി വഴിമാറി ഒഴുകിയത് നിര്‍ത്താനായി. നീരൊഴുക്കില്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. ഇതോടെ, ത്രിവേണി പാലത്തിന് അടിയിലൂടെ പഴയ ദിശയില്‍ത്തന്നെ പമ്പാനദി സഞ്ചരിക്കാന്‍ തുടങ്ങി. അടുത്ത നൂറ് വര്‍ഷത്തേക്കുള്ള ആവശ്യങ്ങള്‍ പരിഗണിച്ചും വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായിരിക്കും പമ്പയില്‍ നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സ്ഥിരമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി താല്‍ക്കാലിക പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. ശബരിമല മാസ്റ്റര്‍പ്ലാന്‍ തന്നെ ഇതോടെ ഫലത്തില്‍ ഇല്ലാതായിരിക്കുന്നു. 

പമ്പ ഹില്‍ടോപ്പിലെ വാഹന പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് പമ്പാ നദിക്ക് കുറുകെ പാലം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 25 കോടിരൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നാണ് സൂചനകള്‍. വിശ്വാസികളില്‍ നിന്ന് ധനസമാഹരണം നടത്തുന്നതിനും ദേവസ്വം ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചെലവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഹിക്കും. അടുത്ത മണ്ഡല മകരവിളക്ക് സീസണിന് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കന്നിമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നല്‍കാന്‍ കഴിഞ്ഞേക്കുമെന്നും (സെപ്തംബര്‍ 16) കരുതുന്നു.

അതിജീവനം ഭഗീരഥപ്രയത്‌നം
വൈദ്യുതി വിതരണമാണ് പമ്പയിലെ വലിയ വെല്ലുവിളി. പോസ്റ്റുകളും കമ്പികളും വീണ്ടും സ്ഥാപിക്കേണ്ടതുണ്ട്. പമ്പാ മണപ്പുറത്തുണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റുകളൊന്നും ഇപ്പോള്‍ നിലവിലില്ല. വൈദ്യുതി മന്ത്രി എം.എം. മണി നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. നവംബര്‍ 16-നാണ് മണ്ഡലകാലത്തിന് നട തുറക്കുന്നത്. ഇതിനു മുന്‍പ് മൂന്നു തവണ നട തുറക്കുന്നുണ്ട്. (കന്നി മാസ പൂജയ്ക്ക് 16-നു തുറന്നു 21-ന് അടയ്ക്കും. തുലാമാസ പൂജയ്ക്ക് ഒക്ടോബര്‍ 17-നു തുറന്ന് 22-ന് അടയ്ക്കും. ശ്രീചിത്തിര തിരുന്നാള്‍ ആട്ടവിശേഷത്തിന് നവംബര്‍ 5-നു തുറന്ന് 6-ന് അടയ്ക്കും.) ചാലക്കയത്തിനും അട്ടത്തോടിനും ഇടയില്‍ പ്ലാന്തോട്ടില്‍ 60 സെന്റീമീറ്റര്‍ വീതിയില്‍ റോഡ് പിളര്‍ന്നതു പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിന് സമീപം 100 മീറ്ററോളം ദൂരത്തില്‍ റോഡ് ഒലിച്ചുപോയിടത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കേണ്ടതുണ്ട്. പ്ലാപ്പള്ളി മുതല്‍ പമ്പ വരെയുള്ള ഭാഗത്ത് ഏതാണ്ട് 11 ഇടങ്ങളില്‍ മണ്ണിടിഞ്ഞ് റോഡ് ഇല്ലാതായി. ഇതില്‍ മൂന്നിടങ്ങളില്‍ റോഡ് പകുതിയിലേറെ നഷ്ടമായി. റോഡില്‍ തകര്‍ച്ച നേരിട്ടയിടങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.  പുതിയ ബേസ് ക്യാംപ് ആയി നിശ്ചയിച്ചിട്ടുള്ള നിലയ്ക്കലില്‍ വരെ മാത്രമാണ് വാഹനഗതാഗതം ഇനി മുതല്‍ അനുവദിക്കുക. തുടര്‍ന്ന് ചെയിന്‍ സര്‍വ്വീസിലൂടെ തീര്‍ത്ഥാടകരെ പമ്പയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. യാത്രക്കാര്‍ക്ക് ഇപ്പോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തി കഴിഞ്ഞു. തീര്‍ത്ഥാടന കാലത്തിനു മുന്‍പ് പമ്പയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ശബരിമലയിലേക്ക് വെള്ളമെത്തിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിരുന്ന കുന്നാര്‍ അണക്കെട്ട് നികന്നതായാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടിനുള്ളില്‍ മണ്ണ് നിറഞ്ഞതോടെ ജലം പാഴായിരുന്നു. തീര്‍ത്ഥാടകരെത്തുന്ന വൃശ്ചികമാസത്തില്‍ കനത്ത വേനലാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ള പശ്ചാത്തലത്തില്‍ കുടിവെള്ളം കിട്ടാക്കനിയാവുമോയെന്നു സംശയമുണ്ട്. ബദല്‍ സംവിധാനമൊരുക്കാനും മാസങ്ങളെടുക്കും. 50 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള കുന്നാറില്‍നിന്നും പ്രതിദിനം 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സന്നിധാനത്തേക്ക് ഉപയോഗിച്ചുകൊണ്ടിരുന്നത്. പ്രധാന കുടിവെള്ള സ്രോതസ്സായ ഇവിടം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിനു സാധിക്കുന്നില്ലെങ്കില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമായിരിക്കും ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിക്കുക. പരമ്പരാഗത പാതകളായ പുല്ലുമേടു വഴിയുള്ള യാത്രയും കരിമല ടോപ്പ് വഴിയുള്ളതും പലേടത്തും നശിച്ചിട്ടുണ്ട്. വനാന്തരങ്ങളില്‍ നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. റോഡുകള്‍ നശിച്ചതോടെ ഇവിടേക്കുള്ള യാത്ര നിര്‍ത്തിവച്ചിരിക്കുകയാണ്. മകരജ്യോതി തെളിയുന്ന പുല്‍മേട്ടിലെ സ്ഥിതിയും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടേക്കുള്ള റോഡുകള്‍ കനത്ത മണ്ണിടിച്ചില്‍ മൂലം പലേടത്തും ഇല്ലാതായിട്ടുണ്ട്. പമ്പാ മണപ്പുറത്തെ ജോലികള്‍ തീര്‍ത്തതിനു ശേഷമാവും സമാന്തര മാര്‍ഗ്ഗങ്ങള്‍ ബോര്‍ഡ് തേടുകയെന്നാണ് സൂചനകള്‍.

ബേസ് ക്യാംപ് പരിഹാരമോ?
പമ്പയില്‍നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നിലയ്ക്കലായിരിക്കും ഇനി മുതല്‍ ശബരിമല ബേസ് ക്യാംപ് ആയി മാറുക. എന്നാല്‍, രണ്ടു മാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും സജ്ജീകരണങ്ങളും ഇവിടെയില്ലെന്നതു വാസ്തവമാണ്. പമ്പാ പുനരുദ്ധാരണത്തില്‍ ശ്രദ്ധിച്ചിരിക്കുന്നതിനാല്‍ നിലയ്ക്കലില്‍ ആവശ്യമായ വിഭവശേഷി ഉണ്ടാക്കിയെടുക്കുന്നതിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന 25,000 വാഹനങ്ങള്‍ക്കു മാത്രമാണ് നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യമുള്ളത്. എന്നാല്‍ പമ്പയിലേക്ക് ഒരു ദിവസം വന്നെത്തുന്നത് 75,000 വാഹനങ്ങളാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റേയും പൊലീസിന്റേയും കണക്ക്. ശേഷിച്ച വാഹനങ്ങളേയും തീര്‍ത്ഥാടകരേയും എങ്ങനെ ഉള്‍ക്കൊള്ളുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പമ്പ, ചാലക്കയം പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നഷ്ടപ്പെടുന്നതോടെ പകരം സംവിധാനം അടിയന്തരമായി നിലയ്ക്കലില്‍ ഒരുക്കേണ്ടതുണ്ട്.


ശൗചാലയങ്ങള്‍ പമ്പാ മണപ്പുറത്ത് ഇല്ലാതായത് വലിയൊരു വെല്ലുവിളിയാണ്. ബയോ ടോയ്ലെറ്റുകള്‍, മൂത്രാലയങ്ങള്‍ എന്നിവ അധികമായി നിര്‍മ്മിക്കേണ്ടിവന്നേക്കാം. മലമൂത്ര വിസര്‍ജ്ജനത്തിനു വേണ്ടുന്ന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്നതും അന്നദാന മണ്ഡപങ്ങള്‍ പുതുക്കിപ്പണിയുകയെന്നതുമാണ് ദേവസ്വം ബോര്‍ഡിനെ കുഴയ്ക്കുന്നത്. ഒപ്പം ബേസ് ക്യാംപ് എന്ന നിലയ്ക്കു നിശ്ചയിച്ചിരിക്കുന്ന നിലയ്ക്കലില്‍ കൂടുതല്‍ അന്നദാന കൗണ്ടറുകള്‍ ആരംഭിക്കേണ്ടതുമുണ്ട്.

പ്രളയത്തിനു പിന്നില്‍
കക്കി, പമ്പ, ആനത്തോട് അണക്കെട്ടുകള്‍ ഒരേസമയം തുറന്നതാണ് പമ്പാനദിയിലെ പ്രളയത്തിനു കാരണമായത്. 176 കിലോമീറ്റര്‍ നീളമുള്ള പമ്പാനദി സമുദ്രനിരപ്പില്‍നിന്നും 1650 മീറ്റര്‍ ഉയരത്തില്‍ പുലച്ചിമലയില്‍ നിന്നാണ് ഒഴുകി തുടങ്ങുന്നത്. കായലില്‍ പതിക്കുന്നതിനു മുന്‍പായി വളഞ്ഞവട്ടത്തു മണിമലയാറും വീയപുരത്തു അച്ചന്‍കോവിലാറും സന്ധിക്കുന്നു. ഇതിന്റെ ആവാഹശേഷി 2235 ച. കിലോമീറ്ററാണ്. എന്നാല്‍ പ്രളയത്തില്‍ ഇത് ആറായിരം ച. കിലോമീറ്ററായി മാറിയെന്നത് ഭീകരത വെളിപ്പെടുത്തുന്നു. ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മൂന്നു അണക്കെട്ടുകളില്‍ രണ്ടെണ്ണം കക്കിയാറ്റിലേക്കാണ് തുറന്നുവിടുന്നത്. ഇത് പമ്പാ മണപ്പുറത്ത് പമ്പാനദിയോടു ചേരുന്നു. പമ്പ അണക്കെട്ടില്‍നിന്നുള്ള വെള്ളവും കക്കി നദിയിലെ വെള്ളവും ചേര്‍ന്ന് ആനത്തോട് അണക്കെട്ടിന്റെ സംഭരണശേഷി തകര്‍ത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പമ്പ അണക്കെട്ടില്‍നിന്ന് 3.21 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം വഴിയാണ് വെള്ളം കക്കിയിലെത്തിക്കുന്നത്. കക്കി അണക്കെട്ടിലെ വെള്ളം മലനിരകള്‍ക്കിടയിലൂടെ ഒഴുകിപ്പോകുന്നതു തടയാന്‍ ഒരു പാര്‍ശ്വ അണയെന്ന നിലയില്‍ നിര്‍മ്മിച്ച ആനത്തോട് അണക്കെട്ട് അനിയന്ത്രിതമായി തുറക്കേണ്ടിവന്നതോടെ ആസന്നമായ പ്രളയത്തിനു പമ്പാ മണപ്പുറം കീഴടങ്ങുകയായിരുന്നു.

ജില്ലയെ പ്രളയം മുക്കിയ ഓഗസ്റ്റ് 14-നു വൈകുന്നേരം കക്കിയുടെ അനുബന്ധമായ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത് ജില്ലാ ഭരണകൂടം അറിഞ്ഞില്ലായിരുന്നുവത്രേ. ആശയ വിനിമയം നടന്നിരുന്നുവെന്ന് ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും പ്രളയത്തിന്റെ വിവരം റവന്യു ഉദ്യോഗസ്ഥര്‍ അറിയുന്നത് വളരെ വൈകിയാണെന്നു തെളിയിക്കുന്ന വാട്സാപ്പ് സന്ദേശം ഔദ്യോഗിക പേജില്‍ പത്തനംതിട്ട ജില്ല കലക്ടര്‍ പി.ബി. നൂഹ് പങ്കുവച്ചിട്ടുണ്ട്. ആനത്തോട്, പമ്പാ ഡാമുകള്‍ അനന്തമായി തുറന്നിട്ടതിലും ദുരൂഹതയുണ്ട്. ജില്ലാ ഭരണകൂടം അത്തരത്തില്‍ അനുമതി നല്‍കിയിട്ടില്ല. ഒന്‍പതിനു തുറന്ന ആനത്തോട്, പമ്പാ ഡാമുകള്‍ പ്രളയത്തിനു ശേഷമാണ് അടയ്ക്കുന്നത്. ഇതാണ് പമ്പാ മണപ്പുറത്തെ നാമാവശേഷമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com