ഈ നാടകത്തിന് കുട്ടികളെ കൊണ്ടുവരരുത്, ഗര്‍ഭിണികളെയും; കലാനിലയത്തിന്റെ നാടകകാലത്തെക്കുറിച്ച് ജോണ്‍പോള്‍ എഴുതുന്നു

By ജോണ്‍പോള്‍  |   Published: 28th December 2018 05:27 PM  |  

Last Updated: 28th December 2018 05:27 PM  |   A+A-   |  

 

1960-കളുടെ ആദ്യപാദം: ഞാന്‍ അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമ കാണുക എന്നതുതന്നെ വലിയ ആര്‍ഭാടമായി കരുതിപ്പോന്ന നാളുകള്‍. അതിന്റെ ഇടയില്‍ ഒരു ദിവസം അപ്പന്‍ എല്ലാവരോടും വൈകിട്ട് ഒരുങ്ങി തയ്യാറാകാന്‍ പറഞ്ഞു:
''നമുക്ക് ഇന്ന് ഒരു നാടകം കാണാന്‍ പോകാം.''
അതിനു മുന്‍പ് അപ്പന്റേയും അമ്മയുടേയും കൂടെ പോയി പി.ജെ. ചെറിയാന്റെ മിശിഹാചരിത്രമോ മറ്റോ കണ്ടിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. തിരിച്ചറിയുന്ന പ്രായമായിരുന്നില്ല... ഒരുപക്ഷേ, ഞാന്‍ ഉണ്ടാകില്ല. 

നാടകം എന്ന കലയുമായി അങ്ങനെ കണ്ടുപഴക്കം ഇല്ലാത്ത എനിക്ക് വലിയ ഔത്സുക്യമൊന്നും തോന്നിയില്ല. എല്ലാവരും ഒന്നിച്ചൊരു യാത്ര; കെട്ടിയൊരുങ്ങി പോകുന്നു; ഏതാനും മണിക്കൂറുകള്‍ കൊട്ടകയില്‍ ചെലവഴിക്കുന്നു; അതുകഴിഞ്ഞു തിരിച്ചു പോരുന്നു; അതിനിടയില്‍ കുറച്ച് കപ്പലണ്ടി കൊറിക്കുന്നു, കുറച്ച് തമാശകള്‍ കാണുന്നു, കേള്‍ക്കുന്നു, അതില്‍ കവിഞ്ഞ് പ്രതീക്ഷിക്കാതെയാണ് നാടകം കാണാന്‍ പോയത്. 

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ വടക്കേ ഓരത്തുകൂടെ പോകുന്ന മുല്ലശ്ശേരി കനാല്‍. അതിന്റെ ഫുട്പാത്ത് ആയിരുന്ന ഭാഗം പിന്നീട് ഒരു ചെറുവീഥിയായി മാറി. ഇന്ന് അത് മുല്ലശ്ശേരി കനാല്‍ റോഡ് ആണ്. അവിടെ എസ്.എന്‍.ഡി.പിയുടെ ഒരു മന്ദിരമുണ്ടായിരുന്നു; അതിന്റെ മുന്നില്‍ ഒരു വലിയ ഗ്രൗണ്ടും. ആ ഗ്രൗണ്ട് വാടകയ്‌ക്കെടുത്താണ് ഈ നാടകത്തിന്റെ കൊട്ടക തീര്‍ത്തിരുന്നത്.  ഡ്രാമാസ്‌കോപ്പ് എന്നൊക്കെയുള്ള വാക്കുകള്‍ ആദ്യമായി കേള്‍ക്കുകയാണ്. അരങ്ങില്‍ ഒരുപാട് അത്ഭുതങ്ങള്‍ വിരിയിക്കുന്ന നാടകപരിശ്രമം എന്നൊക്കെ പത്രങ്ങളില്‍ എഴുതി പൊലിപ്പിച്ചും കണ്ടു. 
ചെന്നപ്പോള്‍ അഭൂതപൂര്‍വ്വമായ തിരക്ക്. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറുന്ന പന്തു കളികള്‍ക്ക് അല്ലെങ്കില്‍ വിദേശത്തുനിന്നു വരുന്ന സര്‍ക്കസ്സുകാരുടെ പ്രകടനങ്ങള്‍ക്ക് മാത്രമേ നഗരത്തില്‍ അത്രയും വലിയ കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരിക്കൂ. ടിക്കറ്റ് റിസര്‍വ്വ് ചെയ്തതു കൊണ്ട് വലിയ ബുദ്ധിമുട്ട് കൂടാതെ അകത്തു കയറിയിരുന്നു. നിറഞ്ഞ സദസ്സ്. ഒരു കസേര പോലും ഒഴിഞ്ഞുകിടപ്പില്ല. തുടര്‍ച്ചയായി നാടകം കളിച്ചുകൊണ്ടിരിക്കുകയാണ്; ഒരു ദിവസം രണ്ട് ഷോ, മൂന്ന് ഷോ എന്ന വിധത്തില്‍!

നാടകം തുടങ്ങി. നാടകത്തിന്റെ പേര് ഓര്‍ക്കുന്നു: 'കടമറ്റത്തു കത്തനാര്‍.' ഒരു കത്തനാരുടെ കഥ അല്ലെങ്കില്‍ കത്തനാര്‍ എന്നറിയപ്പെട്ടിരുന്ന കത്തനാര്‍ പദവിയിലേക്ക് എത്തിപ്പെടാതെ പോയ ഒരു ശെമ്മാശ്ശന്റെ കഥ. അത് ഐതിഹ്യമാലയുടെ ഭാഗമായി തലമുറകള്‍ ഏറ്റുപാടുന്ന ഒരു കഥകൂടിയാണ്. തുടക്കം മുതല്‍ അവസാനം വരെ ഒരുപാട് വിഭ്രമങ്ങള്‍ സൃഷ്ടിക്കുന്ന അവതരണം! വല്ലാത്ത കാഴ്ചയനുഭവമായിരുന്നു ആ നാടകം. 
അഭിജാതമായ മാദകത്വം കൊണ്ട് ബാല്യകൗമാരങ്ങളില്‍ പുതിയ ഋതുക്കളെ വിളിച്ചുണര്‍ത്താന്‍ മാത്രം പ്രകോപനം കാഴ്ചമേനിയില്‍ പകുത്തു തന്നുകൊണ്ട് കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മ വേദിയില്‍ നിറഞ്ഞുനിന്നിരുന്നതും ശെമ്മാശ്ശനെ ഒരു തൂവല്‍ തലോടല്‍പോലെ പരിഹസിച്ചുകൊണ്ട് എന്നാല്‍, പൗലോസ് പോ എന്നു പറയുന്ന ഒരു രംഗവും എല്ലാം മനസ്സിലുണ്ട്. അതുപോലെ ഗുരു എന്നുള്ളതിനെ ഗ്ഗുരു എന്നാക്കിയതുപോലെ അവിടവിടെ ചില പരാമര്‍ശങ്ങളും. ജഗതി എന്‍.കെ. ആചാരിയായിരുന്നു എഴുതിയത്. ഓരോ സംഭാഷണവും പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

അതിലെ പശ്ചാത്തല സംഗീതത്തെ നാടക ആവിഷ്‌കാരത്തിന്റെ പതിവു ചേരുംപടിയുമായി താരതമ്യപ്പെടുത്താന്‍ മറ്റുമായിരുന്നില്ല, അമ്പരപ്പിക്കുകയായിരുന്നു... വിസ്മയിപ്പിക്കുകയായിരുന്നു... അടുത്ത നിമിഷം എന്തും സംഭവിക്കാം... എന്തും നമുക്ക് കാണേണ്ടിവരും എന്ന ഉദ്വേഗമുനയില്‍ തളച്ചിടുവാന്‍ ഉദ്ദീപിപ്പിക്കുകയായിരുന്നു, പശ്ചാത്തലസംഗീതം ആദ്യന്തം. 
കാട്ടില്‍ കള്ളന്‍മാര്‍ കടന്നുവരാറുണ്ട് എന്നു പറയുമ്പോള്‍, അവരെ ഭയന്നുകൊണ്ട് വഴി യാത്രക്കാര്‍ കടന്നുപോകുമ്പോള്‍, കള്ളന്‍മാര്‍ അവിടെ എവിടെയോ പതുങ്ങിയിരിക്കുന്നു എന്ന് തോന്നിപ്പോകും. എനിക്കങ്ങനെ തോന്നി. കാടാണെന്ന പ്രതീതി ജനിപ്പിക്കുംവിധം ഒരു മരത്തിന്റെ ഛായാചിത്രങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ ചില്ലകള്‍ വളര്‍ന്ന് സമൃദ്ധമായി നില്‍ക്കുന്ന രംഗകാഴ്ച. ഏതാണ് പെയിന്റിംഗ്, ഏതാണ് യഥാര്‍ത്ഥം എന്ന് വേര്‍തിരിച്ചറിയാനാകാത്ത രീതിയിലുള്ള പ്രകാശവിധാനങ്ങള്‍... ഒരു കൊമ്പില്‍നിന്ന് ഒരു തസ്‌കരന്‍ എളിയില്‍നിന്നും കത്തി വലിച്ചൂരിക്കൊണ്ട് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു... വഴിയിലൂടെ യാത്ര ചെയ്യുന്നതു ഞാനാകയാല്‍ എന്റെ മുന്നില്‍ സംഭവിക്കുന്നതാണതെന്ന തോന്നല്‍ എന്നില്‍ സൃഷ്ടിച്ചുകൊണ്ടു അവതരിപ്പിക്കുവാന്‍ കഴിയുക... മലയാളി നാടക പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അരങ്ങില്‍ അതെല്ലാം ഒരു വേറിട്ട അനുഭവമായിരുന്നു. 
മാസങ്ങളോളം ആ നാടകം അവിടെ കളിച്ചിരുന്നു. ആ നാടകം കഴിഞ്ഞപ്പോള്‍ അടുത്ത നാടകത്തിന്റെ വിളംബരം വന്നു. 
രക്തരക്ഷസ്സ്!


കുട്ടികളെ കൊണ്ടുവരരുത് പേടിച്ചുപോകും. ഗര്‍ഭിണികളും വരരുത്.
ഇതായിരുന്നു ആദ്യ വിളംബര വാചകങ്ങള്‍ പോലും!
മാസങ്ങളോളം അതു കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം അപ്പനുമമ്മയുമറിയാതെ ഞാനും സഹോദരന്മാരും ചേര്‍ന്ന് ഒരു ഗൂഢാലോചനയുടെ ഭാഗമായി വളരെ രഹസ്യമായിപ്പോയി ആ നാടകവും കണ്ടു. പേടിക്കാന്‍ കരുതിത്തന്നെയാണ് പോയത്; മുന്നൊരുക്കത്തോടെ പ്രതിരോധ സജ്ജമായ മനസ്സുമായിട്ടാണ് കൊട്ടകയിലെത്തിയത്. ഒരുപാട് ഇടങ്ങളില്‍ പേടി തോന്നി. നാടകത്തില്‍നിന്ന് വിറങ്ങലിപ്പിച്ച് അകറ്റുന്ന ഒരു അനുഭവമായിട്ടല്ല. മറിച്ച് ഇഴുകിച്ചേര്‍ന്നു കൊണ്ട് കൂടുതല്‍ ഭീതിജനകമായ അടുത്ത നിമിഷം എന്ത് എന്ന ഉള്‍ത്തുടിപ്പോടുകൂടി കാതോര്‍ക്കുവാനും കണ്ണോര്‍ക്കുവാനും പ്രേരിപ്പിക്കുന്ന രീതിയിലുള്ള ഒരു ഭീതിയാണ് ആ നാടകം ഉണര്‍ത്തിയത്. അപ്രതീക്ഷിതമായ കാഴ്ചകളുടെ അമ്പരപ്പിക്കുന്ന തിരതള്ളല്‍!
ഇതാണോ നാടകം എന്ന് ചോദിച്ച് കഴിഞ്ഞാല്‍... അറിഞ്ഞുകൂടാ... പക്ഷേ, ഇത് ഒരു കാഴ്ചയനുഭവമായിരുന്നു. അമ്പരപ്പിക്കുന്നു, വിസ്മയിപ്പിക്കുന്നു, നടുക്കുന്നു; ആ അമ്പരപ്പില്‍, വിസ്മയത്തില്‍, അതിന്റെ വിഭ്രമങ്ങളില്‍ ലയിക്കുന്നു. 

രക്തരക്ഷസ് എന്ന നാടകത്തിലെ രംഗം


നാടകങ്ങളെക്കുറിച്ചുള്ള ചില ചര്‍ച്ചകളില്‍ കലാനിലയം കൃഷ്ണന്‍നായരുടെ ഒരു വാചകം ഉദ്ധരിക്കപ്പെട്ടു കേട്ടിട്ടുണ്ട്.
പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നാടകത്തില്‍നിന്ന് മനസ്സ് അല്പമെങ്കിലും വ്യതിചലിക്കുന്ന ഒരു അവസ്ഥ വന്നാല്‍, അവിടെ നാടകം പരാജയപ്പെടുകയാണ്. അവനെ ഉണര്‍ത്തുന്നതിന് നാടകത്തിന്റെ പ്രമേയത്തിനു ബാഹ്യമായ കൗശലങ്ങള്‍ വരെ അവിടെ നാടകകര്‍ത്താക്കള്‍ക്കു പ്രയോഗിക്കാവുന്നതാണ്. 
കലാനിലയം നാടകങ്ങള്‍ നിര്‍ബ്ബാധം അത് പ്രയോഗിച്ചിട്ടുണ്ട്. 
അരങ്ങില്‍ സാക്ഷാല്‍ കതിന പൊട്ടുന്ന ശബ്ദം ആലസ്യത്തിലേക്ക് ആണ്ടുപോകാനൊരുങ്ങുന്ന പ്രേക്ഷകനെ അമ്പരപ്പിച്ചുണര്‍ത്തുമ്പോള്‍ ആ നടുക്കത്തില്‍ രംഗത്ത്, നാടകത്തില്‍, എന്ത് സംഭവിച്ചു എന്ന് ഉദ്വേഗത്തോടെ ഉറ്റുനോക്കുവാന്‍ അവനെ പ്രേരിപ്പിക്കുമ്പോള്‍, പ്രേക്ഷകന്റെ കണക്കുകൂട്ടലുകളെ അതിലംഘിച്ചുകൊണ്ട് തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവവികാസം അരങ്ങില്‍ അരങ്ങേറും. ഒരു ആന അവനെ വിസ്മയിപ്പിച്ചുകൊണ്ട് ജീവനോടെ അരങ്ങില്‍ പ്രത്യക്ഷപ്പെടും... (ആനയുടെ പടമോ, ആനയെ കാര്‍ഡ്‌ബോര്‍ഡിലോ മറ്റോ വെട്ടി ഉണ്ടാക്കി അതിനെ പുറകില്‍ അപ്രത്യക്ഷമായി നിന്ന് ചലിപ്പിക്കുന്ന രീതിയിലുള്ള ചലനങ്ങളോ അല്ല; തുമ്പിക്കൈ ഉയര്‍ത്തി പ്രേക്ഷകനെ നോക്കി അഭിവാദ്യം ചെയ്യുകയും കഥാപാത്രമായി അഭിനയിക്കുകയും ചെയ്യുന്ന ആന).

ശ്രീഗുരുവായൂരപ്പന്‍ നാടകത്തിലെ രംഗം

ആനയ്ക്ക് കഥാപാത്രങ്ങള്‍ പഴക്കുല കൊടുക്കുന്നതടക്കം ആനയുമൊത്തു ചേര്‍ന്നുള്ള ഭാഗങ്ങള്‍ നാടകഭാഗമാകുമ്പോള്‍, എന്തിന്, ഒരു വിമാനം വരെ വന്നിറങ്ങുന്ന പ്രതീതി വേദിയില്‍ അനുഭവപ്പെടുത്തുമ്പോള്‍ (യഥാര്‍ത്ഥമല്ലെങ്കില്‍പ്പോലും ശബ്ദപ്രകൃത പശ്ചാത്തലത്തോടുകൂടി യഥാര്‍ത്ഥത്തില്‍ ഒരു വിമാനം വന്നിറങ്ങുന്നത് പ്രേക്ഷകനേത്രത്തിന് രംഗത്ത് അനുഭവവേദ്യമാകുമായിരുന്നു!) കലാനിലയം നാടകകൗശലം പ്രേക്ഷകസമൂഹത്തെ വരുതിയില്‍ തളയ്ക്കുകയായിരുന്നു. കലാനിലയം അവതരിപ്പിച്ച മിക്കവാറും എല്ലാ നാടകങ്ങളുടേയും പ്രകൃതമിതായിരുന്നു; അരങ്ങില്‍ മഴ പെയ്യുന്നു; കാറ്റ് ആഞ്ഞടിക്കുന്നു. കാഴ്ചയനുഭവങ്ങളുമായി ഇതൊക്കെ  കണ്‍മുന്‍പില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. അങ്ങനെ ഒരു നാടകാനുഭവം, അങ്ങനെ ഒരു കാഴ്ചയനുഭവം മലയാള നാടകപ്രേക്ഷകന് അനുഭവഭേദ്യമാക്കി തന്നത് കലാനിലയം കൃഷ്ണന്‍നായരുടെ നാടക കൗശലമായിരുന്നു. 

തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ കുരുക്ഷേത്ര എന്ന ബാലെ അവതരിപ്പിച്ചു കൊണ്ടായിരുന്നു കലാനിലയം കൃഷ്ണന്‍നായരുടെ രംഗശ്രേണിയിലേക്കുള്ള അരങ്ങേറ്റം. അതിന്റെ രചന നിര്‍വ്വഹിച്ചത് കാവാലം നാരായണപ്പണിക്കരായിരുന്നു. കാവാലം നാരായണപ്പണിക്കര്‍ രചനയും കലാനിലയം കൃഷ്ണന്‍ നായര്‍ സംവിധാനവും... അങ്ങനെ ഒരു നാടകാവതരണത്തെ, നൃത്ത-ശില്പ രംഗാവതരണത്തെ സങ്കല്‍പ്പിക്കുമ്പോള്‍ അത്ഭുതം തോന്നാം. വിചിത്രമെന്ന് തോന്നാം. പക്ഷേ, അത് സത്യമായിരുന്നു. അന്ന് അവിടെ കലാനിലയം കൃഷ്ണന്‍ നായരെ ആ രംഗകല അവതരിപ്പിക്കുവാന്‍ സഹായിച്ചത് പാപ്പനംകോട് ലക്ഷ്മണനും സഹോദരനും ചേര്‍ന്നായിരുന്നു. പാപ്പനംകോട് ലക്ഷ്മണന്‍ പിന്നീട് കലാനിലയം നാടക പണിപ്പുരയിലെ സജീവ സാന്നിദ്ധ്യമായി. ലക്ഷ്മണന്‍ രചിച്ച് വി. ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന സല്‍കലാ ദേവിതന്‍ ശില്പഗോപുരങ്ങളേ... എന്ന ഗാനം കലാനിലയത്തിന്റെ അവതരണ ഗാനമായി ഏറെ പ്രീതി നേടി. 

കടമറ്റത്ത് കത്തനാര്‍


വല്ലപ്പോഴും ഉള്ള നാടകാവതരണം, അതുകഴിഞ്ഞ് താന്താങ്ങളുടെ വീടുകളിലേക്കു മടക്കം. വീണ്ടും അടുത്ത നാടകാവതരണത്തിന്റെ ഊഴത്തിനായുള്ള കാത്തിരിപ്പ്... പട്ടിണിയും പരിവൃത്തവും നടതിങ്ങുന്ന ഈ വഴക്കത്തിലാണ് മലയാള നാടക കലാകാരന്മാര്‍ കഴിഞ്ഞു പോന്നിരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ഒരിടത്ത് തമ്പടിച്ച് തുടര്‍ച്ചയായി കുറേ നാള്‍ നാടകം കളിക്കുക എന്ന സംവിധാനം മലയാള നാടകവേദിയില്‍ ആദ്യമായി അവതരിപ്പിച്ചത് ആര്‍ട്ടിസ്റ്റ് ഷെവലിയാര്‍ പി.ജെ. ചെറിയാന്‍ മാസ്റ്ററുടെ നാടകസംഘമാണ്. നാടക കലാകാരന്മാര്‍ നാടകകൊട്ടകയോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ ചെറിയ ചായ്പുകളും കൂടാരങ്ങളും കെട്ടി താമസമാക്കുകയും മാസശമ്പളം വാങ്ങുകയും തുടര്‍ച്ചയായി നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന രീതി ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ നാടകവഴിയിലാണ്. ചെറിയാന്‍ മാസ്റ്റര്‍ തുടങ്ങിവച്ച സ്ഥിരം നാടകവേദി എന്ന സങ്കല്‍പ്പത്തെ സമ്പൂര്‍ണ്ണ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത് കലാനിലയം കൃഷ്ണന്‍നായരാണ്. അവരുടെ നാടകവേദികള്‍ രണ്ടായിരുന്നു. നാടകസങ്കല്പങ്ങളും നാടകലക്ഷ്യങ്ങളും രണ്ടായിരുന്നു. എങ്കിലും സ്ഥിരം നാടകവേദി എന്ന സാധര്‍മ്മ്യം അവര്‍ക്കിടയിലുണ്ടായിരുന്നല്ലോ, നാടക കലാകാരന്മാര്‍ മാസശമ്പളം പറ്റുന്ന ഒരു അവസ്ഥ സംജാതമാക്കുകയും അതിന്റേതായ ഒരു സുരക്ഷിതത്വം അവര്‍ അനുഭവിക്കുകയും കൊട്ടകയോട് ചേര്‍ന്ന് താമസ സൗകര്യം ഒരുക്കുകയും പൊതുവായ ഭക്ഷണ സംവിധാനവും പൊതുവായ മറ്റ് ക്ഷേമസംവിധാനങ്ങളും അവര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് സ്ഥിരം നാടകവേദി കലാനിലയത്തില്‍ പ്രാവര്‍ത്തികമാക്കിയത്. 

Spectacular എന്നു വിശേഷിപ്പിക്കാവുന്ന കെട്ടുകാഴ്ചകളുടെ അവതരണമാണ് കൃഷ്ണന്‍നായര്‍ അനുവര്‍ത്തിച്ചുപോന്നത്. Spectacular ആകുക, Extra Vaganza-യോടെ അതിശയവല്‍ക്കരിച്ച ദൃശ്യങ്ങളും ശബ്ദങ്ങളും കൊണ്ട് അരങ്ങ് മോഹിപ്പിക്കുന്ന ഒരു അനുഭവമാക്കി മാറ്റുക. മായക്കാഴ്ചകൊണ്ട് യാഥാര്‍ത്ഥ്യത്തെപ്പോലും പൊലിപ്പിച്ചെടുക്കുക എന്ന നാടക തന്ത്രമാണ് അദ്ദേഹം അരങ്ങില്‍ അവലംബിച്ചു പോന്നത്. അതിന് Fantasia എന്ന് പറയുന്ന ഒരു രംഗാവിഷ്‌കാര Genere-നോട് ചേര്‍ത്ത് വേണമെങ്കില്‍ അടയാളപ്പെടുത്താം. ഈ മാതൃകകള്‍ വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ നമ്മുടെ നാട്ടില്‍ നാടകത്തില്‍ ആരും അരങ്ങിനെ ഇവ്വിധം ഉപയോഗിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിച്ചിട്ടില്ല, അവതരിപ്പിച്ചിട്ടുമില്ല എന്നാണറിവ്. പ്രേക്ഷകരെ ഇതുപോലെ ആസ്വാദനത്തിന്റെ വരുതിയില്‍ തളച്ചിടുവാനും മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ജി. ശങ്കരപ്പിള്ള അടക്കമുള്ള നാടകാചാര്യന്മാര്‍ ഉണ്ടായിരുന്നു. താജ്മഹല്‍ നാടകമായി അവതരിപ്പിക്കാന്‍ കലാനിലയം കൃഷ്ണന്‍നായര്‍ക്കു തന്റേടമുണ്ടായിരുന്നു. അതുപോലെതന്നെ കായംകുളം കൊച്ചുണ്ണിയേയും രക്തരക്ഷസ്സിനേയും ഗുരുവായൂരപ്പനേയും അദ്ദേഹം നാടകമാക്കി. ഇവയിലെല്ലാം കാഴ്ചവിസ്മയങ്ങളും അമ്പരപ്പുകളും തീര്‍ക്കുന്നതില്‍, ഒരിഞ്ചുപോലും പുറകോട്ടു പോയതുമില്ല. അലാവുദ്ദീനും അത്ഭുതവിളക്കും, നാരദന്‍ കേരളത്തില്‍... അങ്ങനെ പോകുന്നു അദ്ദേഹം അവതരിപ്പിച്ചു വിജയം നേടിയ രംഗാവിഷ്‌കാരങ്ങളുടെ നിര. 

കാവാലം രചനയായ കുരുക്ഷേത്രം എന്ന ബാലെയില്‍നിന്നു ആരംഭിക്കുമ്പോള്‍ നാടകവേദിയുമായി എന്തെങ്കിലും മുന്‍ പരിചയമോ സഹവര്‍ത്തിത്വമോ അദ്ദേഹത്തിനു ഉണ്ടായിരുന്നോ? എഴുതപ്പെട്ട രേഖകളില്‍നിന്നും ഒന്നും കണ്ടെത്താനായില്ല. ഏതു മേഖലയിലേക്കു കടന്നുവന്നാലും ആ മേഖലയില്‍ തന്റേതായി തനിക്കൊരു ഇടം വേണമെന്നും ഇടറി പിന്‍വാങ്ങി പോകാനല്ല തന്റെ വരവെന്നും അദ്ദേഹം അച്ചട്ടായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

കടമറ്റത്ത് കത്തനാര്‍ നാടകത്തിലെ രംഗം

നിയോ റിയലിസത്തിന്റെ ചുവടുപിടിച്ച് സാമൂഹ്യപ്രസക്തിയും പുരോഗമനാത്മക സ്വഭാവവുമുള്ള  നാടകങ്ങള്‍ അരങ്ങ് കീഴടക്കുവാന്‍ തുടങ്ങി. ആവര്‍ത്തനത്തില്‍ നാടക പ്രേക്ഷകന് ഔത്സുക്യം ഇല്ലാതെ വന്നപ്പോള്‍ വൈവിധ്യമാര്‍ന്ന തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടത് അതിജീവനത്തിന്റെ ആവശ്യമായി. സാമൂഹിക പ്രസക്തി ഉണ്ടായിരിക്കെത്തന്നെ, മെലോഡ്രാമയുടെ അതിപ്രസരമുള്ള സാമൂഹ്യനാടകങ്ങള്‍ അരങ്ങുവാഴുവാന്‍ തുടങ്ങിയതാണ് പിന്നീടിവിടെ നാടക മുഖ്യധാരയില്‍ നാമ്പെടുത്ത പ്രവണത. ഈവിധമെല്ലാമുള്ള നാടകരസതന്ത്രത്തിനിടയിലാണ്, മറികടന്ന് തന്റേതായ ഒരു രംഗാവിഷ്‌കാരകൗശലം കലാനിലയം കൃഷ്ണന്‍നായര്‍ കലാനിലയം ഈ നാടകമിടുക്ക് പരീക്ഷിക്കുന്നത് ആ മനസ്സില്‍ കണക്കുകൂട്ടിയതുപോലെ അതത്രയും കുറിക്കുകൊള്ളുകയും പ്രേക്ഷകര്‍ അതിന്റെ മുന്‍പില്‍ ആകൃഷ്ടരായി അണിനിരക്കുകയും ചെയ്തു. 

കലാനിലയം നാടകവേദി ഒരിക്കല്‍ തീപിടിച്ച് മൊത്തം ചാരമായിപ്പോയി. ഇന്‍ഷുറന്‍സ് കമ്പനിയെ ചതിക്കാന്‍ അദ്ദേഹം തന്നെ അതു ചാരമാക്കിയതാണെന്ന ആരോപണം വന്നപ്പോള്‍, അക്ഷോഭ്യനായി അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ചാരത്തില്‍നിന്നും ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നര്‍ത്ഥം വരുന്ന ഒരു പ്രമേയവുമായി കലാനിലയം കൃഷ്ണന്‍നായര്‍ സാമൂഹ്യപ്രസക്തിയുള്ള ഒരു നാടകം അവതരിപ്പിച്ചതോര്‍ക്കുന്നു. ആ നാടകത്തിന്റെ വിജയത്തില്‍നിന്നും കലാനിലയം വീണ്ടും തുടങ്ങുകയും പഴയ അതേ പ്രതാപാവസ്ഥയിലേക്ക് വന്നെത്തുകയും ചെയ്തു. 

കാലം കഴിഞ്ഞതോടെ, കലാനിലയം കൃഷ്ണന്‍നായര്‍ മരണത്തിനു വഴങ്ങി. കലാനിലയം നാടകവേദി, സ്ഥിരം നാടകവേദി, ഡ്രാമാസ്‌കോപ്പ് എന്നീ നാടകവിസ്മയങ്ങള്‍ അതു മുന്‍പേ കണ്ടനുഭവിച്ചിട്ടുള്ളവരുടെ ഓര്‍മ്മയില്‍ മാത്രമായി പരിമിതപ്പെട്ടു. അല്പം നാളുകള്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ മകന്‍ അനന്തപദ്മനാഭന്‍ കലാനിലയം കൃഷ്ണന്‍നായരുടെ വലംകയ്യായിരുന്ന ജഗതി എന്‍.കെ. ആചാരിയുടെ മകന്‍, നടന്‍ ജഗതി ശ്രീകുമാറുമായി ഒത്തുചേര്‍ന്ന് നാടകങ്ങള്‍ പിന്നീട് പുനര്‍ജ്ജനിപ്പിച്ചു. പണ്ട് അവതരിപ്പിച്ചുപോന്ന അതേ നാടകങ്ങള്‍ തന്നെയാണ് അവര്‍ തുടര്‍ന്നും സ്ഥിരം നാടകവേദി എന്ന സങ്കല്പം നിലചേര്‍ത്തുകൊണ്ടു അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍നായരുടെ നാടകകൗശലം പുനര്‍ജ്ജനിക്കുകയായിരുന്നു ആ കൂട്ടായ്മയിലൂടെ. സ്വപ്നം കണ്ടതിലേറെ വിജയം കനിഞ്ഞു തന്നു നാടകപ്രേക്ഷകര്‍ എന്നാണ് ജഗതി ശ്രീകുമാര്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞത്. തന്റേതായ കാഴ്ചതന്ത്രംകൊണ്ട് കലാനിലയം കൃഷ്ണന്‍നായര്‍ സാഹസികമായി നേടിയെടുത്ത ഒരിടം ഇവിടെ ഉണ്ടായിരുന്നു. ആ ഇടം തുടര്‍ന്നും പ്രേക്ഷകന്‍ താലോലിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒന്നായി ബാക്കിനില്‍ക്കുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണ് പുനരവതരണത്തിനും കലാനിലയത്തിനും നേടിയെടുക്കാന്‍ കഴിഞ്ഞ പ്രേക്ഷക പിന്‍ബലവും സാമ്പത്തിക വിജയവും. 

ലക്ഷ്യങ്ങളെക്കുറിച്ച് യാതൊരു വിധത്തിലുള്ള മറയും ഒളിയും പുലര്‍ത്താതേയും നാട്യങ്ങള്‍കൊണ്ട് മേനി നടിക്കാതേയും നിങ്ങളെ വശീകരിക്കാനും മോഹിപ്പിക്കാനും അമ്പരപ്പിക്കാനും തന്നെയാണ് ഈ നാടകവരവ് എന്നു തുറന്നു പറഞ്ഞുകൊണ്ട്... ആ പറച്ചില്‍ ഉണര്‍ത്തുന്ന പ്രതീക്ഷകളെ സഫലീകരിക്കുന്ന രീതിയിലുള്ള അമ്പരപ്പുകളും വിസ്മയങ്ങളും വേദിയില്‍ പകുത്തു തന്നുകൊണ്ടുതന്നെയാണ് കലാനിലയം കൃഷ്ണന്‍നായര്‍ ചരിത്രത്തില്‍ സ്വയം രേഖപ്പെടുത്തിയത്. വിസ്മയങ്ങളുടെ മായാപ്രപഞ്ചം തീര്‍ത്ത കലാനിലയത്തിന്റെ ആ നാടകാവതരണങ്ങള്‍ കലാനിലയം കൃഷ്ണന്‍നായര്‍ എന്ന വ്യക്തിയുടെ മനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി സാക്ഷ്യങ്ങളായിരുന്നു; ആത്മധൈര്യത്തിന്റെ പ്രതീകങ്ങളായിരുന്നു. 
മലയാള സാംസ്‌കാരിക ധാരയുടെ ചരിത്രത്തില്‍ ഏതുനിറം കൊണ്ടു ഏതു ദിശയിലേക്കു ചാഞ്ഞ് എഴുതി ചേര്‍ത്താലും കൃഷ്ണന്‍നായര്‍ എന്ന പേര് എഴുതാതെ ആ ചരിത്രം പൂര്‍ണ്ണമാകുന്നില്ല.