ഉണര്‍ന്നിരിക്കേണ്ട ഒരു ഇടം: ജാഗ 

ദളിത് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തുന്നതിന്റെ ചരിത്രം രേഖപ്പെടുത്തുന്നു എം.ബി. മനോജിന്റെ ജാഗ എന്ന നോവല്‍
ഉണര്‍ന്നിരിക്കേണ്ട ഒരു ഇടം: ജാഗ 

വിപ്ലവത്തെക്കുറിച്ചു മലയാളത്തില്‍ ഉണ്ടായിട്ടുള്ള സാംസ്‌കാരിക രൂപങ്ങള്‍ക്കെല്ലാം ഒരു തരം അസന്തുലിതത്വം ഉണ്ട് - അത് സാഹിത്യമാകട്ടെ, സിനിമയാകട്ടെ. ആ അസന്തുലിതത്വം കുടികൊള്ളുന്നത് വിപ്ലവത്തിന്റെ ആഖ്യാനത്തില്‍ കേരളത്തിലെ സവര്‍ണ്ണ ജാതികളും അവര്‍ണ്ണ ജാതികളും ഒരുമിച്ചു നില്‍ക്കുമ്പോള്‍പ്പോലും അവരെ അദൃശ്യമായ എന്തോ ഒന്ന് വേര്‍തിരിക്കുന്നതായി കാണപ്പെടുന്നതിലാണ്. ചാത്തനെ സാവിത്രിയുടെ സാവര്‍ണ്ണ്യത്തിലേയ്ക്ക് ഉയര്‍ത്തുന്ന കാര്യത്തിലായാലും മകനെ വളര്‍ത്തി പ്രസ്ഥാനത്തിനു നല്‍കും എന്നു പറയുന്ന തകഴിയുടെ പുരോഗമന വിപ്ലവബോധത്തിലായാലും ചാളകളില്‍ ഒളിവു ജീവിതത്തിനു വന്നു അടിയാത്തിപ്പെണ്ണിന്റെ കരളില്‍ പ്രണയം ഉണര്‍ത്തിയിട്ടും ചിലപ്പോഴെങ്കിലും വയറ്റില്‍ ഒരു ജീവനെയുപേക്ഷിച്ചിട്ടും പോകുന്ന വിപ്ലവകാരികളായ തമ്പ്രാന്മാരുടെ കാര്യത്തിലായാലും ഒരിക്കലും സമവായത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത ഒരു തരം അസന്തുലിതാവസ്ഥ ഉണ്ട് എന്നത് കാണാതെ പോകാന്‍ കഴിയില്ല. അതിനെല്ലാം കാരണം പുരോഗമനത്തിന്റെ കര്‍ത്തൃഭാഗത്തില്‍ സവര്‍ണ്ണനോ ഏതെങ്കിലും തരത്തില്‍ സാവര്‍ണ്ണ്യം ആര്‍ജ്ജിച്ചവരോ ആണ് എന്നതും ഇവയുടെയെല്ലാം ആഖ്യാനകര്‍ത്തൃത്വം പലപ്പോഴും സവര്‍ണ്ണരുടെ കൈകളില്‍ ആണെന്നതുമാണ്. കോളേജ് രാഷ്ട്രീയത്തിലും ഇതൊക്കെ തന്നെയാണ് രണ്ടു ദശകങ്ങള്‍ക്ക് മുന്‍പ് വരെ പ്രതിഫലിച്ചിരുന്നതും.

ഇത്തരത്തില്‍ പുരോഗമന രാഷ്ട്രീയത്തിനും മാമൂലുകളുടേതായ ഒരു പാരമ്പര്യബോധവും അതേച്ചൊല്ലിയുള്ള അവകാശബോധവും വന്നുകൂടുന്നു. ആ അവസരത്തില്‍ ആ പാരമ്പര്യത്തെ ചോദ്യം ചെയ്തുകൊണ്ടും ചോദ്യം ചെയ്യാത്തപ്പോള്‍ പുരോഗമനത്തെ ഉള്ളില്‍നിന്നുകൊണ്ട് തന്നെ സന്ദേഹത്തോടെ സമീപിച്ചുകൊണ്ടും കുറെ ചെറുപ്പക്കാര്‍ ഒരു കാമ്പസിനുള്ളില്‍ വന്നു പെടുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ? വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നത് ഏകപക്ഷീയമായ ഇടതു വിപ്ലവപ്പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗം നയിക്കുന്ന ഒന്നു മാത്രമാണെന്നും അത് മാത്രമേ പാടുള്ളൂ എന്നും ശഠിക്കുന്ന ഒരു ഇടത്തേയ്ക്കാണ് സന്ദേഹികളായ വിദ്യാര്‍ത്ഥികള്‍ വന്നു പെടുന്നതുമെങ്കിലോ? കാര്യങ്ങള്‍ മാറിമറിയും. വിപ്ലവം ആരുടെ ചേരിയില്‍ എന്ന കാതലായ ചോദ്യത്തിന് അതോടെ ഉത്തരം തെളിഞ്ഞുവരും. ആ തെളിമയിലേയ്ക്ക് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഉണരുമ്പോള്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയായി. എം.ബി. മനോജ് എഴുതിയ 'ജാഗ' എന്ന നോവല്‍ ഇത്തരമൊരു ഉണര്‍ച്ചയുടെ കഥയാണ്. ഒരു കോളേജ് കാമ്പസില്‍, അവിടെയുള്ള ഹോസ്റ്റലില്‍ മുന്‍പ് പരസ്പരം അറിയാതിരുന്ന ഒരു കൂട്ടം ദളിത് വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്നു. അവരില്‍ പലരും, വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ അംഗങ്ങളാണ്. ചാവേറുകള്‍ ആണെന്ന് പറയുന്നതാവും ശരി. പക്ഷേ, അവര്‍ അതു തിരിച്ചറിയുന്നില്ല. തിരിച്ചറിയുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുമിക്കുമ്പോള്‍ കാമ്പസിന്റെ ചരിത്രം മാറുന്നു.


ദളിത് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു വന്നതോടെ ഒരു വലിയ വിപ്ലവം സംഭവിച്ചു എന്നൊന്നും നോവലിസ്റ്റായ എം.ബി. മനോജ് അവകാശപ്പെടുന്നില്ല. പക്ഷേ, കോളേജ് കാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന ചില വിപ്ലവ മാമൂലുകള്‍ക്ക് ഇളക്കങ്ങള്‍ തട്ടിയതായി ഈ നോവലിലൂടെ ഗ്രന്ഥകാരന്‍ അനുവാചകര്‍ക്ക് കാട്ടിത്തരുന്നു. ആ അര്‍ത്ഥത്തില്‍ 'ജാഗ' ഒരു കമിങ് ഓഫ് ഏജ് അഥവാ സ്വത്വബോധോദയത്തിന്റെ നോവല്‍ ആണ്. അന്നേവരെയുണ്ടായിരുന്ന അറിവുകളേയും അനുഭവങ്ങളേയും പിടിച്ചുലച്ച് തീവ്രമായ ചില പരീക്ഷണ സാഹചര്യങ്ങളിലൂടെ യുവതീയുവാക്കളെ കടത്തിവിട്ട് അവരെ പുതിയ മനുഷ്യരായി വാര്‍ത്തെടുക്കുന്ന കഥകളാണ് സ്വത്വബോധോദയപരമായ നോവലുകള്‍ പറയുന്നത്. ജെ.ഡി. സാലിഞ്ചര്‍, ജാക്ക് കീറോക്ക്, ചക്ക് പല്‍ഹനുയിക് തുടങ്ങി ഓര്‍ഹന്‍ പാമുക് വരെയുള്ള നോവലിസ്റ്റുകള്‍ കമിങ് ഓഫ് ഏജ് നോവലുകള്‍ എഴുതിയിട്ടുണ്ട്. ഘടനാപരമായും ആഖ്യാനപരമായും രണ്ടു സങ്കേതങ്ങള്‍ മനോജ് ഉപയോഗിക്കുന്നുണ്ട്. ഒന്നാമതായി, വിനയദാസ് എന്നൊരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടിലൂടെയാണ് ആഖ്യാനം നടക്കുന്നത്. രണ്ടാമതായി, വിനയദാസിനു ഹോസ്റ്റലില്‍ വെച്ച് കിട്ടുന്ന ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ ഡയറിയുടെ വായനയിലൂടെ കഥ വികസിക്കുന്നു. ഇതു രണ്ടും കൂടാതെ, ഗ്രന്ഥകാരന്‍ തന്നെ നഷ്ടപ്പെട്ടുപോയ ഒരു കയ്യെഴുത്തു പ്രതിയെ ഓര്‍മ്മിച്ചുകൊണ്ട് പുതുതായി എഴുതിയതാണ്  'ജാഗ' എന്ന സവിശേഷത കൂടിയുണ്ട്.

ഡോ. ബിആര്‍ അംബേദ്കര്‍
ഡോ. ബിആര്‍ അംബേദ്കര്‍

ഒരുതരത്തില്‍ സിംഹങ്ങള്‍ വേട്ടയുടെ ചരിത്രം എഴുതിത്തുടങ്ങുക കൂടിയാണ് 'ജാഗ'യില്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വിനയദാസ് എന്നൊരു ദളിത് വിദ്യാര്‍ത്ഥി കുറേക്കാലം പഠനത്തില്‍നിന്നു മാറിനിന്നശേഷം നല്ലവരായ ചില നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ 'നഗരത്തിലെ' പ്രമുഖവും ചരിത്രപ്രസിദ്ധിയുള്ളതുമായ ഒരു കോളേജില്‍ എത്തുകയാണ്. ഇടുക്കിയില്‍നിന്ന് കൊച്ചിയില്‍ എത്തുന്ന വിനയദാസ് ഏറെക്കുറെ മനോജിന്റെ സറോഗേറ്റ് അഥവാ അപരആത്മ കഥാപാത്രം ആണെന്നു പറയാം. പരാമൃഷ്ടമായ കോളേജ് കാമ്പസിനെ പേരെടുത്തു പറയുന്നില്ലെങ്കിലും അത് എറണാകുളം മഹാരാജാസ് ആണെന്ന് വായനക്കാര്‍ക്കു മനസ്സിലാകും. തന്നെപ്പോലെ തന്നെ ദളിത് ആയിട്ടുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഇടയിലാണ് വിനയദാസ് ചെന്ന് പെടുന്നത്. വിനയദാസിന്റെ മൗനം ആവിഷ്‌കാരമാര്‍ജ്ജിക്കാത്ത ചില അസ്വസ്ഥതകളുടെ മേല്‍ വലിച്ചിട്ടിരിക്കുന്ന ഒരു വിരിയാണ്. വിനയദാസ്, പേര് സൂചിപ്പിക്കുന്നതുപോലെതന്നെ വിനയനും ദാസനുമാണ്. ആ വിനയവും ദാസ്യമനോഭാവവും വരാനിരിക്കുന്ന തീക്ഷ്ണാനുഭവങ്ങളില്‍ ഉരുകി പരുവപ്പെട്ടു രാഷ്ട്രീയബോധമാകാന്‍ കാത്തിരിക്കുകയാണ്.

പക്ഷേ, സംഭവിക്കാനിരിക്കുന്ന കാര്യങ്ങളില്‍ ആ യുവാവിന് യാതൊരു നിയന്ത്രണവും ഇല്ല. അവനു പഠിച്ചു സര്‍ട്ടിഫിക്കറ്റും വാങ്ങി ഉദ്യോഗം തേടി പോകാം. പക്ഷേ, അങ്ങനെ ആകാന്‍ കഴിയാത്തവിധം അവിടെ കാര്യങ്ങള്‍ മാറിമറിയുകയാണ്. വിനയദാസിനു താല്‍ക്കാലികമായി നഷ്ടപ്പെട്ടിരിക്കുന്നത് തന്റെ ശബ്ദം ആണെങ്കില്‍, ഹോസ്റ്റലില്‍ തന്നെയുള്ള റെന്‍സി, സിജു എന്നീ രണ്ടു വിദ്യാര്‍ത്ഥികള്‍ അന്ധരാണ്. അവര്‍ക്കു പക്ഷേ, നാവുണ്ട്; അവര്‍ ഈ ലോകത്തിനോട് പാട്ടുകളിലൂടെ സംവദിച്ചുകൊണ്ടേയിരിക്കുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് അനുവദിക്കപ്പെട്ട ഇടങ്ങളിലും പുറത്തും പരസ്പരം നാവും കണ്ണും ആയിത്തീരുന്ന സഹജീവനത്തിന്റേതായ, സാഹോദര്യത്തിന്റേതായ ഒരു ചിത്രം കൂടി ഇവിടെ നമുക്ക് കിട്ടുന്നുണ്ട്.

ഉണര്‍വിന്റെ രാഷ്ട്രീയവഴികള്‍
''പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ടു പോണം. രാഷ്ട്രീയം കൂടാന്‍ നില്‍ക്കരുത്.'' ഇത് ഒരുതരം തീട്ടൂരമാണ്. കേരളത്തിലെ മിക്കവാറും കലാലയങ്ങളില്‍ ഇടതുപക്ഷ വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനം തൊണ്ണൂറുകളില്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നത് ഇതായിരുന്നു. അതിനാല്‍ പല കാമ്പസുകളിലും പ്രതിപക്ഷം ഇല്ലായിരുന്നു. ലിംഗ-വര്‍ഗ്ഗ-വര്‍ണ്ണഭേദമന്യേ വിദ്യാര്‍ത്ഥികളുടെ പിന്തുണ ഈ പ്രസ്ഥാനം നേടിയെടുത്തിരുന്നു. ഒന്നുകില്‍ എല്ലാവരും ഈ സംഘടനയിലെ അംഗങ്ങള്‍ ആയിരുന്നു, അല്ലെങ്കില്‍ അങ്ങനെയാണെന്ന് എല്ലാവരും നടിച്ചു. അതിജീവനമായിരുന്നു എല്ലാവരുടേയും വിഷയം. എന്നാല്‍, എണ്‍പതുകളുടെ ഒടുവില്‍ത്തന്നെ ദളിത് പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപരമായി സംഘടിച്ചു തുടങ്ങിയിരുന്നു.

സ്‌പൈക്‌ലി
സ്‌പൈക്‌ലി

തൊണ്ണൂറുകള്‍ ആകുമ്പോഴേയ്ക്കും ദളിത് വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെ മാടമ്പിത്തരങ്ങളെ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. ആ ചോദ്യം ചെയ്യലുകളെയെല്ലാം ക്രൂരമായി അടിച്ചമര്‍ത്താന്‍ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനം ശ്രദ്ധിച്ചിരുന്നു. അപ്പോള്‍ രണ്ടു വഴികളായിരുന്നു ദളിത് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഉണ്ടായിരുന്നത്; സംഘടിക്കുക. മുഖ്യധാരാ പ്രസ്ഥാനത്തിനകത്തു നിന്നുകൊണ്ടും അതിനു വിരുദ്ധമായും ദളിത് വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക. ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ ചെയ്തത് ഇതുതന്നെയായിരുന്നു. എന്നാല്‍, സംഘടനയുടെ ഉള്ളില്‍ത്തന്നെയുണ്ടായിരുന്നു ദളിത് വിദ്യാര്‍ത്ഥികള്‍ അവര്‍ക്കു ചാവേറാകാന്‍ പോയി. സമാന്തരമായി സംഘടിച്ചവരാകട്ടെ, നിരന്തരം മര്‍ദ്ദനങ്ങള്‍ക്കു വിധേയരായി. അപ്പോഴാണ് പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ദളിത് വിദ്യാര്‍ത്ഥികള്‍ പ്രധാന ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ സമരത്തിനും പ്രതിരോധത്തിനും ശക്തി കൂട്ടുന്നത്. നോവല്‍ അവസാനിക്കുമ്പോള്‍ ദളിത് വിദ്യാര്‍ത്ഥികള്‍ നേരിട്ടുള്ള പ്രതിരോധത്തില്‍നിന്നു പിന്മാറുകയാണ്; ഭയന്നിട്ടല്ല, നേരെമറിച്ച് അവരുടെ വിദ്യാഭ്യാസം അവര്‍ക്കായി നല്‍കുന്ന ഭാവി ദളിത് സമൂഹത്തിന്റെ തന്നെ ഭാവിയാണെന്നു തിരിച്ചറിഞ്ഞ അവര്‍, പടക്കങ്ങളും പെട്രോള്‍ ബോംബുകളും നിര്‍വീര്യമാക്കുകയാണ്.

എന്താണ് ഈ നിര്‍വീര്യകരണത്തിന്റെ അര്‍ത്ഥം? ദളിത് വിദ്യാര്‍ത്ഥി പ്രതിരോധവും സമരങ്ങളും പ്രബലമായ മുഖ്യധാരാ പ്രസ്ഥാനവുമായി ഒരു സമവായത്തില്‍ എത്തുന്നു എന്നാണോ? അതോ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് ഗാന്ധിയന്‍ സഹനസമര മാര്‍ഗ്ഗത്തില്‍ എത്തുകയെന്നതാണോ? അംബേദ്കറുടെ സമരപരിപാടികളിലെല്ലാം അദ്ദേഹത്തേയും അനുയായികളേയും അക്രമത്തിന്റെ പാത സ്വീകരിക്കുന്നതില്‍നിന്നു പിന്നാക്കം വലിച്ചത് ഗാന്ധിജി അക്കാലത്തു പ്രചാരം നല്‍കി വിജയിച്ചുകഴിഞ്ഞ സഹനസമര രീതികളായിരുന്നു. അഹിംസയായിരുന്നു അതിന്റെ മുഖമുദ്ര.

മഹാരാജാസ് കോളജ്
മഹാരാജാസ് കോളജ്

എന്നാല്‍, അംബേദ്കര്‍ ഗാന്ധിയന്‍ പാത ഉപേക്ഷിക്കുകയും സവര്‍ണ്ണരോട് കായികമായ സമരത്തിനു തയ്യാറാവുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ത്യയുടെ ദളിത് ചരിത്രം മറ്റൊന്നാകുമായിരുന്നു. ഇന്ത്യന്‍ ദളിതുകള്‍ക്കു കായികബലം ഇല്ല എന്നത് ഒരു മിത്താണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദം വരെയും ദളിതുകള്‍ (പ്രത്യേകിച്ചും അംബേദ്കര്‍ ഉള്‍പ്പെട്ട മഹറുകള്‍) ബ്രിട്ടീഷ് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നു. മഹര്‍ റെജിമെന്റുപോലും ഉണ്ടായിരുന്നു. അംബേദ്കര്‍ ആ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ദളിതര്‍ അടിക്ക് അടി എന്ന മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ത്യാ ചരിത്രം മറ്റൊരു വഴിക്കാകുമായിരുന്നു. വെങ്ങാനൂരില്‍ അയ്യന്‍കാളി അക്രമപാത സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഹോസ്റ്റലിലെ ദളിത് വിദ്യാര്‍ത്ഥികള്‍ അവസാനം ഹിംസാത്മക സമരത്തില്‍നിന്നു മാറിനില്‍ക്കാന്‍ തന്നെ തീരുമാനിക്കുകയാണ്. കാമ്പസിലെ കിടമത്സരത്തിനുമപ്പുറം വലിയൊരു സമൂഹത്തിന്റെ ഉത്തരവാദിത്വം അവര്‍ക്കുണ്ടെന്ന് ഈ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുന്നതുകൊണ്ട് മാത്രമാണ് അവര്‍ ഒരു സമവായത്തിന് ഒരുങ്ങുന്നത്. അത് കീഴടങ്ങലല്ല.

'ജാഗ' എന്ന വാക്കിന് ഇടം എന്നാണ് അര്‍ത്ഥം. ഹിന്ദിയില്‍ ജഗഹ് എന്നാലും അര്‍ത്ഥം ഇത് തന്നെ. അതേസമയം ജാഗ് എന്ന വാക്കിനര്‍ത്ഥം ഉണരുക എന്നാണ്. ഈ രണ്ടര്‍ത്ഥത്തിലും ജാഗ എന്ന വാക്ക് ഈ നോവലിന് അനുയോജ്യം തന്നെയാണ്. ദളിത് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തില്‍ ഒരു ഇടം കണ്ടെത്തുന്നതിന്റെ ചരിത്രം ഈ നോവലില്‍ ഉണ്ട്. അതേസമയം ദളിത് വിദ്യാര്‍ത്ഥികളോട്  'ഉണര്‍ന്നുതന്നെയിരിക്കൂ' എന്നൊരു ആഹ്വാനം കൂടി ഈ പുസ്തകം നടത്തുന്നുണ്ട്. നിയതമായ അര്‍ത്ഥത്തില്‍ ഇതൊരു ഡോക്യുമെന്ററി സ്വഭാവം വെച്ച് പുലര്‍ത്തുന്ന നോവല്‍ അല്ല. എന്നാല്‍, വിവിധങ്ങളായ സംഭവങ്ങളെ ഇത് 'ഡോക്യുമെന്റ്' ചെയ്യുന്നുണ്ട്. ഒരിക്കല്‍ മാത്രം വന്നുപോകുന്ന അനേകം കഥാപാത്രങ്ങള്‍ ഈ നോവലില്‍ ഉണ്ട്. അവര്‍ക്ക് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ എന്നൊരു പദവിയും ചിലപ്പോഴെങ്കിലും സംഭവാഖ്യാനങ്ങളില്‍ നിശ്ചിതമായ ഒരു ഭാഗവും ലഭിക്കുന്നുണ്ട്. നോക്കിനില്‍ക്കുന്നവരും അവരുടെ കര്‍മ്മം നിര്‍വ്വഹിക്കുന്നു എന്ന കവിവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഈ പേരുണ്ടെങ്കിലും പ്രധാന കര്‍മ്മം ഇല്ലാത്ത ദളിത് വിദ്യാര്‍ത്ഥികള്‍ ദളിത് സംഗ്രാമ ചരിത്രത്തില്‍ ഇടം നേടുന്നു. ഇക്കാര്യത്തില്‍ മനോജ് തികഞ്ഞ ഉള്‍ക്കാഴ്ചയും ഉദാരതയും കാട്ടിയിട്ടുണ്ട്. അടി കൊള്ളുന്ന അനേകര്‍ക്ക് നാമകരണം ചെയ്യുന്ന ഒരു സാഹിത്യ പ്രവര്‍ത്തനമായി നമുക്കിതിനെ കാണാം. അതേസമയം പീഡകര്‍ക്കു പേരില്ല, സൂചനകളേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.

ദളിത് രാഷ്ട്രീയം കലാലയങ്ങളില്‍ രൂപപ്പെടുന്നതിന്റെ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞൊരു കാലത്തിന്റെ വാഗ്രേഖ കൂടിയായി ഇത് വായിച്ചെടുക്കാം. 1988-ല്‍ സ്പൈക് ലീ സംവിധാനം ചെയ്ത സ്‌കൂള്‍ ഡെസ് എന്ന സിനിമയില്‍ ലോറന്‍സ് ഫിഷ്‌ബേണ്‍ അവതരിപ്പിക്കുന്ന അദ്ധ്യാപകന്‍ പരസ്പരം പോരടിക്കുന്ന കറുത്ത കുട്ടികളെ വര്‍ണ്ണവിവേചനത്തിനെതിരെ പോരടിക്കാനായി വേക്ക് അപ്പ് എന്നു നിലവിളിക്കുന്ന രംഗമാണ് ഞാന്‍ വായിച്ചു തീര്‍ന്നപ്പോള്‍ ഓര്‍ത്തത്.

ജാഗ ഒരു ഉണര്‍ത്തു വിളിയാണ്. ജാഗ്‌തെ രഹോ-ഉണര്‍ന്നുതന്നെയിരിക്കൂ. എല്ലാവരും വായിക്കേണ്ട പുസ്തകം തന്നെയാണ് മുദ്ര ബുക്‌സ് പ്രസാധനം ചെയ്ത ഈ നോവല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com