കാതല്‍ നച്ചത്തിരം പൂത്തിറങ്ങിയ രാത്രി

രാത്രി. വസന്തം ചെറിമരങ്ങളോട് ചെയ്തത് അരണ്ട മഞ്ഞവെളിച്ചം ഇരുള്‍പ്പടര്‍പ്പിനോട് ചെയ്തുകൊണ്ടിരിക്കുന്ന ഒരു മുന്തിയ സന്ദര്‍ഭം.
കാതല്‍ നച്ചത്തിരം പൂത്തിറങ്ങിയ രാത്രി

'The night is shattered and the blue stars
Shiver in the distance
The night wind revolves in the sky and sings'
-Pablo Neruda

രാത്രി. വസന്തം ചെറിമരങ്ങളോട് ചെയ്തത് അരണ്ട മഞ്ഞവെളിച്ചം ഇരുള്‍പ്പടര്‍പ്പിനോട് ചെയ്തുകൊണ്ടിരിക്കുന്ന ഒരു മുന്തിയ സന്ദര്‍ഭം. ആ പ്രക്രിയയെക്കുറിച്ച് രണ്ടു ഹൃദയങ്ങള്‍ ഒന്നു തുടിച്ചും മറ്റേത് പടാപടായിടിച്ചും പുറത്തിറങ്ങി. ഇരുപതിറ്റാണ്ട് പിറകില്‍ ആ നട്ടപ്പാതിരയിലൊരു സൂര്യനുദിച്ചു. അവരിലേക്ക് മഹാവെളിച്ചത്തിന്റേയും തിരിച്ചറിവിന്റേയും രാവുണരുകയായിരുന്നു. പ്രണയമുനയാല്‍ മുറിഞ്ഞ ഹൃദയവ്രണം ഉണക്കാനുള്ള ഉപ്പുകാറ്റ് തഴുകിത്തുടങ്ങുമ്പോഴേക്ക് രാത്രി മാഞ്ഞു. 

'96 പത്താംക്ലാസ്സ് ബാച്ച് ഉദിച്ചസ്തമിച്ച, ഓര്‍മ്മ വിത്തുപൊട്ടി ഉര്‍വരമായ രാത്രിയായിരുന്നത്. മൗനത്തിന്റെ പുറംതോട് പൊളിച്ച് രണ്ട് ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി ഉള്ളുപൊള്ളിച്ച രാത്രി. പറഞ്ഞതില്‍ പാതി പതിരായ പ്രണയം ജഗദ്ഭക്ഷകനാകും കാലവും മറികടന്ന് റാമും ജാനുവും പങ്കുവെയ്ക്കുന്ന നിശീഥിനിയാണത്. നമ്മള്‍ പ്രേക്ഷകരപ്പോള്‍ വൈകാരികതയാല്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. സമ്മര്‍ദ്ദത്താല്‍ പൊട്ടുമെന്നോ വിഘര്‍ഷണത്താല്‍ പറക്കുമെന്നോ പ്രവചിക്കാനാകാതെ മിഴിച്ചിരിക്കുകയാണ്. നമ്മളിലെ റാമും ജാനുവും തിയേറ്റര്‍ വിട്ട് തീരത്തേക്കിറങ്ങി ഗഗനവീഥിയില്‍ ചുറ്റിക്കറങ്ങിയതിനാല്‍ നാമേതോ ത്രിശങ്കുവിലായിക്കഴിഞ്ഞിരിക്കുന്നു. അവിടെ, ഉന്നയിച്ച പ്രമേയത്തെ, ടൈറ്റിലിനെ എല്ലാം നിഷ്പ്രഭമാക്കി സിനിമ വിശുദ്ധമായ ഒന്നിനെ പിന്നെയും പിന്നെയും പരിശുദ്ധമാക്കുന്നു. 
നവാഗതനായ സി. പ്രേംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് '96' എന്ന തമിഴ് സിനിമയുടെ ആസ്വാദനമെഴുതുമ്പോള്‍ തുടക്കത്തില്‍ പഞ്ഞിക്കെട്ടുപോലെ പാറിനടക്കുന്ന രണ്ടു ഖണ്ഡിക അനിവാര്യമായി വരികയാണ്. ധൈഷണികതയുടേയും യുക്തിയുടേയും കേസ് വൈകാരികതയുടെ കോടതിയില്‍ വാദിച്ചു ജയിക്കാനാകില്ലെന്ന് പറയാന്‍ അത്രമേല്‍ പ്രണയം വൈകാരിക വിക്ഷുബ്ധതയില്‍ ലയിപ്പിച്ചെടുത്തിരിക്കുകയാണ്. ഓര്‍മ്മയുടെ തലയ്ക്ക് പെരുക്കുന്ന ആ ലായനി തറഞ്ഞ് ജലം അതിന്റെ നാഥനെ അന്വേഷിക്കുന്നതുപോലെ നാമാരെയൊക്കെയോ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 

1996-ല്‍ തഞ്ചാവൂര്‍ ആള്‍സെയ്ന്റ്‌സ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താംക്ലാസ് 'സി'യില്‍ പഠിച്ചിരുന്ന പ്രണയിതാക്കളായ കെ. രാമചന്ദ്രന്റേയും (വിജയ് സേതുപതി) ജാനകീദേവിയുടേയും (തൃഷ) ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടലിന്റെ രാത്രിയാണ് സിനിമയുടെ ഇതിവൃത്തം. ഭൂതകാലം അതിന്റെ സകല ധ്രുവങ്ങളിലും ആഴ്ന്നിറക്കിയിരുന്ന മുറിവുമായി മുന്നോട്ട് ജീവിക്കുന്നവനാണ് രാമചന്ദ്രന്‍. അതിനിടയിലാണ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉള്‍ബലത്തില്‍ അവര്‍ സഹപാഠികള്‍ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. പകല്‍ ആര്‍പ്പുവിളിയും പുണരലും പുലര്‍ത്തലുമായി രംഗം കൊഴുക്കുകയാണ്. ഇരുള്‍പാളി കൊട്ടാരം കെട്ടുന്ന രാത്രിയുടെ തുടക്കത്തിലാണ് സിംഗപ്പൂരുനിന്ന് ജാനകി ഒഴുകിയെത്തുന്നത്. ശേഷമുള്ള വികാരമൂര്‍ച്ഛാമുഹൂര്‍ത്തങ്ങളാണ് സിനിമയുടെ പ്രാണന്‍. 

റാമിന്റെ പുറപ്പെട്ടു പോകലുകള്‍ 
ട്രാവല്‍ ഫോട്ടോഗ്രാഫറും ഫോട്ടോഗ്രഫി അധ്യാപകനുമാണ് കെ. രാമചന്ദ്രന്‍. സിനിമയിലുടനീളം കാണിയെ പലവുരു പ്രലോഭിപ്പിക്കുന്ന മാസ്മര ഹമ്മിങ്ങിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കുറിയ ഷോട്ടുകളില്‍ തിരശ്ശീലയില്‍ വെള്ളിവെളിച്ചത്തിന്റെ കീറുമാന്തിത്തുടങ്ങുന്ന ആദ്യ സീക്വന്‍സില്‍ അയാള്‍ ആരാണെന്ന് വെളിപ്പെടുത്തുകയാണ്. ആര്‍ക്കും കണ്ടെത്താനാകാത്ത യാത്രകളാണ് അയാളുടേത്. ഗൂഗിള്‍ മാപ്പ് വരയ്ക്കാത്ത 'ജീപീയെസ്സാ'ണ് അയാളുടെ ജീവിതം. മാനറിസങ്ങളിലെല്ലാം മറയ്ക്കാനാകാത്ത ഗര്‍ഭഭാരം അയാള്‍ ദുരൂഹമായി ഗോപനം ചെയ്തിട്ടുണ്ട്. ഏതൊരാള്‍ക്കെങ്കിലും പിടികിട്ടിയാലോ എന്ന ഉള്‍പ്പിടപ്പ് അയാള്‍ക്കുണ്ട്. ഏതൊന്നിനേയും ഒളിച്ചുവെക്കാന്‍ സാധിക്കുന്ന യാത്രയുടെ നൗക (ചുവന്ന ഡെസ്റ്റര്‍ കാര്‍)യാണ് രാമചന്ദ്രന് കൂട്ട്. മണല്‍ക്കാട്ടിലും പൊടിക്കാറ്റിലും പേമാരിയിലും അയാളെ സംരക്ഷിച്ചുനിര്‍ത്തുന്ന പ്രതീക്ഷയുടെ തുരുത്തുകൂടിയാണാ വാഹനയാനം. 
വിദ്യാര്‍ത്ഥിനിക്കൊപ്പം തഞ്ചാവൂരിലെ പഴയ സ്‌കൂളിലെത്തി പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയാകുന്ന രാമനെ നോക്കുക. കാലം മാറ്റത്തിന്റെ അരപ്പോറല്‍ കൊണ്ട്‌പോലും അയാളെ നോവിച്ചിട്ടില്ല. കാവല്‍ദൈവത്തിനരികില്‍, ക്ലാസ്സുമുറിയിലെ അന്നത്തെ സീറ്റില്‍, മരം പരത്തിയ കോണിപ്പടികളില്‍, നീളന്‍ വരാന്തയില്‍, മരപ്പൊത്തില്‍, ബദാംക്കായ ഇടിച്ചു കാമ്പെടുക്കുന്ന കരിങ്കല്‍ പ്രതലത്തില്‍ എല്ലാം ജിജ്ഞാസയുടെ ജൈവാംശം സൂക്ഷിക്കുന്നുണ്ട് അയാള്‍. തന്റെ ജീവവായു നിറയ്‌ക്കേണ്ട ഓക്സിജന്‍ സിലിണ്ടറാണ് രാമചന്ദ്രന് സ്വന്തം സ്‌കൂള്‍. കാലങ്ങള്‍ക്കപ്പുറം ജാനുവുമൊന്നിച്ച് വീട്ടില്‍ മതിമറന്നിരിക്കുന്ന അര്‍ദ്ധസുഷുപ്തിയില്‍ പതിനഞ്ചുകാരന്റെ സ്‌കൂള്‍ബാഗും അവള്‍ നീലമഷി തൂവിയ ഷര്‍ട്ടും പുറത്തെടുക്കുന്ന അയാളില്‍ നിറയുന്നതും ഇതേ കൗതുകമാണ്. 

സി. പ്രേംകുമാര്‍
സി. പ്രേംകുമാര്‍

ഫോട്ടോഗ്രാഫറെങ്കിലും ക്യാമറ കയ്യിലെടുക്കുന്ന റാമിനെ പിന്നീടങ്ങോട്ട് സിനിമയിലുടനീളം നമുക്ക് തിരിയിട്ടുതിരഞ്ഞാല്‍ കണ്ടുകിട്ടില്ല. ഇവിടെ ക്യാമറ ഒരു ടൂള്‍ മാത്രമാണ്. അവളിലേക്കെത്തുന്നതുവരെ അയാളെ അറക്കിട്ടുറപ്പിക്കാനുള്ള മാരകായുധമാണത്. പ്രണയത്തിന്റെ പ്രഭാവലയത്തില്‍ നിശ്ചലചിത്രത്തിന് സ്ഥാനമില്ലെന്നും അയാളൊരു ജീവനുള്ള വിഷ്വലാണെന്നും നമുക്ക് വേഗത്തില്‍ മനസ്സിലാകും. ശിഷ്യര്‍ക്കിടയില്‍ റാമൊരു ശരീരമാണ്. ജാനുവിന്റെ സാമീപ്യത്തിലെല്ലാം പിടഞ്ഞിടിച്ച് മറിഞ്ഞുവീഴുന്ന ഹൃദയം മാത്രമാണയാള്‍. 'റൊമ്പദൂരം പോയിട്ടാ റാം' എന്നവള്‍ ചോദിക്കുമ്പോള്‍ 'ഉന്നൈ എങ്കൈ വിട്ടയോ അങ്കതാന്‍ നിക്കറേന്‍' എന്നു പറയുന്ന, അവിടെനിന്ന് ഇക്കാലമത്രയും ഒരടി മണ്ണനങ്ങാതെ നില്‍ക്കുന്ന പ്രണയസ്മാരകമാണയാള്‍. പത്താംക്ലാസ്സിലെ ഹെയര്‍സ്‌റ്റൈലിലേക്ക് വരുമ്പോഴും ഫിഗര്‍ മാറാതെ രാമചന്ദ്രനെ നമുക്ക് കാണാനാകുന്നത് നമ്മളില്‍ ലജ്ജാവിഹീനനായ ജാനകീവല്ലഭന്‍ പതിഞ്ഞതിനാലാണ്. 

താനേറ്റം കൊതിച്ച നഷ്ടസാമീപ്യമാണ് തൊട്ടടുത്ത് ഭൂജാതമായതെന്ന വാസ്തവത്തിനിടയിലും ജാനകിയുടെ സ്പര്‍ശധാരയില്‍നിന്നുള്ള ഒരൊഴിഞ്ഞുമാറ്റം റാം നടത്തുന്നത് കാണാം. മനപ്പൂര്‍വ്വമുള്ള പ്രക്രിയയല്ലത്, സ്വയം മറച്ചുപിടിക്കലാണ്. ഒരു ഘട്ടത്തില്‍ അയാളത് സ്വയം ബ്രേക്ക് ചെയ്യുന്നു. അവിടം മുതല്‍ സിനിമ ഗതിമാറിയൊഴുകുകയാണ്. ആള്‍ക്കൂട്ടത്തിലാകുമ്പോഴും ഒരു തനിയെഭാവം ആ കാഥാപാത്രത്തിന്റെ തനത് സ്വഭാവമാണ്. തന്റെ പെരുമാറ്റത്തില്‍ ഒരു പുല്‍ക്കൊടിയും പ്രയാസപ്പെടരുതെന്നും അവളുടെ സ്വച്ഛന്ദവും സൈ്വര്യവുമായ വിഹാരത്തിന് തടസ്സമുണ്ടാക്കരുതെന്നും കരുതുന്ന 'പേഴ്സണാലിറ്റി ഓര്‍ഡര്‍' ആണത്. പാട്ടിലെ വരികള്‍ പോലെ 'കണ്ണാടിയായി പിറന്തേന്‍ കാണ്‍ക്രിണ്ട്ര എല്ലാം നാനാകിറേന്‍' എന്നതാണ് ഒറ്റവാചകത്തിലെ രാമചന്ദ്രന്‍.

ശിഥിലമായ, നീലനക്ഷത്രങ്ങള്‍ വിറകൊണ്ട രാത്രി
രണ്ടാം പകുതിയിലെ ആ ഒരൊറ്റ രാത്രികൊണ്ട് സിനിമ പ്രതിഷ്ഠിച്ചുവെച്ച പ്രമേയത്തെ വിഴുങ്ങുകയാണ്. കഥാഗതിയുടെ ഉള്ളൊഴുക്കിനെന്നോണം രാമചന്ദ്രന്റെ പാത്രസൃഷ്ടിയില്‍ ഉപരിപ്ലവമായി പണിതീര്‍ത്ത ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച് രാവനവാസത്തിനിറങ്ങുന്ന രാമനും സീതയുമാകുന്നു രാമചന്ദ്രനും ജാനകിയും. നിശീഥിനിയുടെ കറുത്ത ശിലാപടലത്തില്‍ അപരിചിതത്വത്തിന്റെ ഏകാന്തത ചെത്തിമിനുക്കി അവര്‍ക്ക് ഒരുമിച്ചിരിക്കേണ്ടതുണ്ട്. അതിനായാണാ ചുവന്ന രഥമൊരുങ്ങുന്നത്. റാമിനെ കാണുക എന്നത് മാത്രമായിരുന്നല്ലോ ജാനുവിന്റെ ആഗമന ലക്ഷ്യം. എന്നാല്‍, ആത്മവിശ്വാസക്കുറവും അപകര്‍ഷതാബോധവും റാമിനെ പിന്‍വലിക്കുകയാണ്. അത്തരം സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് നൗകയുപേക്ഷിച്ച് അവള്‍ നഗരഹൃത്തിലേക്ക് നടക്കാനിറങ്ങുന്നത്. 

പ്രണയത്തിന്റെ ഉള്‍ക്കുളിരറിയാത്തവരോട്, ആ സൂചിമുനയുടെ പോറലേല്‍ക്കാത്തവരോട് പറയാനാകില്ല രാത്രിയുടെ സത്യം. അവളാണതിലെ ഭാവചന്ദ്രിക. അതു നല്‍കുന്ന നിലാവിന്റേയും കുളിരിന്റേയും കാവല്‍ക്കാരന്‍ മാത്രമാണവന്‍. ജാനുവിന് പൂര്‍ണ്ണശോഭ വിടര്‍ത്താന്‍ പാകത്തില്‍ അവളുടെ ആവശ്യങ്ങളിലേക്ക് അവള്‍പോലും ആഗ്രഹിക്കാത്ത  ഉത്തരവാദിത്വത്തോടെ ചുറ്റുകയാണ് രാമചന്ദ്രന്‍. ആ പ്രദക്ഷിണമാണ് പീതധവള പ്രകാശങ്ങളുടെ സങ്കരഭൂമികയായ അന്നത്തെ നിശയുടെ അഴകും നിഴലും. ഇരുപത്തിരണ്ട് വര്‍ഷങ്ങളുടെ വിരഹപലായനത്തിന്റെ, ഇരുപത്തിരണ്ട് വര്‍ഷങ്ങളുടെ ശുഭകരമായേക്കാവുന്ന കാത്തിരിപ്പിന്റെ അങ്ങനെ രണ്ടു കഥകള്‍ പറയാനുള്ള രാവാണ് പുലരാന്‍ തയ്യാറാകുന്നത്. അതായത്, ആ രാത്രിക്ക് ഏറെ ഉത്തരവാദിത്വങ്ങളുണ്ടെന്ന് സാരം. അങ്ങനെ ഉത്തരവാദിത്വത്തിന്റേതായുള്ള പ്രതിബിംബങ്ങള്‍, ഇമേജുകള്‍ സിനിമ കൈകാര്യം ചെയ്യാറുണ്ട്. ഉദാഹരണത്തിന് മഴ. കൊറിയന്‍ ത്രില്ലറുകളില്‍ ചാറ്റല്‍മഴ കൊലപാതകത്തിന്റെ പശ്ചാത്തലമാണ്. നടക്കാന്‍/നടുക്കാന്‍ പോകുന്ന ക്രൈമിനെ സാധൂകരിക്കേണ്ട ബാധ്യത ആ മഴയ്ക്കാണ്. മലയാള സിനിമകളില്‍ ശക്തമായ മഴ ഒന്നാകലിന്റെ/ഇണചേരലിന്റെ ബിംബമാണ്. മേഘങ്ങള്‍ പൊടുന്നനെ സഞ്ചരിക്കുന്നതിനും കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യനുദിക്കുന്നതിനും തിരമാലകള്‍ ഉയര്‍ന്നടിക്കുന്നതിനും സിനിമയില്‍ ദൃഷ്ടാന്തങ്ങളുണ്ട്. അത്തരം 'റെസ്പോണ്‍സിബിള്‍ റെവല്യൂഷന്‍' ഈ രാത്രിയും പ്രകടിപ്പിക്കുമെന്ന് പ്രേക്ഷകരായ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് അനിര്‍വ്വചനീയം സംഭവിക്കുകയാണിവിടെ. 
മാംസനിബദ്ധമല്ല രാഗം. ശരി. അത് തെറ്റിച്ച് ചുവന്ന ഡസ്റ്ററിലെ ചേര്‍ന്ന സീറ്റിലോ ഹോട്ടല്‍മുറിയുടെ ടോയ്ലറ്റിലോ നഗരകാന്താരത്തിലോ നടപ്പാതയിലോ റാമിന്റെ കിടക്കയിലോ ബുള്ളറ്റിലോ ഇവര്‍ക്കൊന്ന് തൊട്ട് തൊലികൊളുത്തിക്കൂടെയെന്നും പ്രണയനിര്‍ഭരം നിശ്ചലദീപ്തമാം മിഴികളെയൊന്ന് മോഹിച്ചുകൂടെയെന്നും 'നമ്മളാഗ്രഹിച്ചപോല്‍' ആലോചിച്ചുപോകും കാണികള്‍. ജാനു തൊട്ടുതൊട്ടിരിക്കുമ്പോള്‍ പ്രഭാവലയത്താല്‍ വെന്തുനീങ്ങുന്ന അയാളെ ഒന്ന് പിടിച്ചുവെക്കാന്‍ അധരസിന്ദൂരമെഴുതിക്കാന്‍ നമ്മള്‍ വെമ്പല്‍കൊള്ളും. അതസംഭവ്യമാണെന്നാകും റാമിന്റെ ഭാവം. ഒടുവില്‍ ഗിയര്‍ ഷിഫ്റ്റിങ്ങിനിടെ കനകമൈലാഞ്ചിനീരില്‍ തുടുത്ത അവളുടെ വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരക്കുന്നത് കണ്ട് തരിച്ചിരിക്കും. തിരിച്ചു പറക്കാനാകാത്തവിധം അവനവളുടെ ചിറകെടുത്തിരുന്നല്ലോ. അവളിവിടെയുണ്ട്. അരികിലേക്കൊന്നണയുവാനെന്നപോലെ റാമിന്റെ കാഴ്ച ജാനുവിനെ തേടുന്ന ആ സെക്കന്റുകളില്‍ രാത്രി തീരുന്നു. തിരശ്ശീല തിളക്കം വിടുന്നു. 

പത്താംതരത്തിലെ പ്രണയകൗമാരം
രണ്ടു പതിറ്റാണ്ട് പിറകിലേക്ക് ആഖ്യാനം ഇടയ്ക്കിടെ പറിച്ചുനടുന്നത് കാണാം. റിയലിസത്തിന്റെ റെയിലിലാണെങ്കിലും ബോഗികള്‍ അടിമുടി അഴിച്ചുപണി നടത്തിയിട്ടുണ്ട് സംവിധായകന്‍. ട്രാവല്‍ ഫോട്ടോഗ്രാഫറെ പരിചയപ്പെടുമ്പോള്‍ എക്സ്ട്രീം ലോങ് ഷോട്ടുകളിലും റിയൂണിയനില്‍ ക്ലോസപ്പുകളിലുമുള്ള ക്യാമറ ഇവിടെ മിഡിലിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. മിഡ് ഷോട്ടുകളുടെ ലാവണ്യമുറ്റിയ ഫ്രെയിമുകള്‍ സ്‌കൂള്‍ കാലത്തെ ചേതോഹരമാക്കുന്നു. മറ്റൊരു കാര്യം, ഫ്‌ലാഷ് ബാക്കുകളില്‍ കളര്‍ടോണ്‍ മാറ്റി പോയകാലമാണെന്ന് പ്രേക്ഷകനില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്ലീഷേ തന്ത്രവും ഇവിടെ പ്രയോഗിക്കുന്നില്ലെന്നതാണ്. 

സ്‌കൂള്‍/കോളേജ് കാലഘട്ടത്തിലെ അഭിനേതാക്കളുടെ കാസ്റ്റിങ്ങില്‍ മികച്ച ശ്രദ്ധ പതിപ്പിച്ചത് ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ആദിത്യഭാസ്‌ക്കറും ഗൗരികൃഷ്ണയുമാണ് കുട്ടികളായ രാമനും ജാനകിയുമായെത്തുന്നത്. വിജയ് സേതുപതിയുടേയും തൃഷയുടേയും സ്‌ക്രീന്‍ പ്രസന്‍സ് തീവ്രമാക്കുന്നത് ഇവരാണ്. സ്‌കൂള്‍ കാലത്തെ നേരമ്പോക്ക് പ്രണയങ്ങള്‍ തമാശയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന പ്രമേയ പരിസരങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കുത്തകയാണല്ലോ? എന്നാല്‍, പില്‍ക്കാലത്തൊരു രാത്രിയില്‍ പ്രവാഹമാകേണ്ട അരുവിയുടെ ഉറവ തീര്‍ക്കുമ്പോള്‍ സമര്‍ത്ഥമായ കയ്യടക്കം പുലര്‍ത്താതെ സംവിധായകന് തരമില്ല. അതയാള്‍ അതിതീവ്രമായി ചെയ്തിരിക്കുന്ന സീക്വന്‍സുകളാണ് ഈ പഠനകാലത്തില്‍. അവധിക്ക് പൂട്ടിയതിനാല്‍ വേഗം കുറഞ്ഞ മൂകതയുടെ സൈക്കിളില്‍ ആളൊഴിഞ്ഞ പാലത്തില്‍ യാത്രപറഞ്ഞൊഴുകിമാറിയ കാമുകി അപ്രതീക്ഷിതമായി മഷിപ്പേനയാല്‍ നീലവര്‍ണ്ണം കുടഞ്ഞ സീനിന്റെ താളമുണ്ടല്ലോ, അതിന്റെ പൂര്‍ണ്ണതയാണ് വരാനിരിക്കുന്ന ദുഃഖഭരിതമായ രാത്രി. അവയുടെ ആകത്തുകയാണ് '96'.

മലയാളിയായ ഗോവിന്ദ് മേനോന്റെ ബാക്ഗ്രൗണ്ട് സ്‌കോറാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. അടുത്തകാലത്തിറങ്ങിയ മികവാര്‍ന്ന മ്യൂസിക്കല്‍ ലവ് സ്റ്റോറി കൂടിയാണ് '96'. ആദ്യ ഷോട്ടിലെ പിന്തുടരുന്ന ബിജിയെം അലോസരമേതുമില്ലാതെ ഉടനീളം പടാനുപടം സഞ്ചരിക്കുകയാണ്. രാത്രി സീക്വന്‍സുകളില്‍ നായികാനായകരുടെ സംഭാഷണത്തേയും മൗനത്തേയും തടസ്സപ്പെടുത്താതെ മിതത്വം സൂക്ഷിച്ച് പക്വമായി ക്രമപ്പെടുത്തിയിരിക്കുന്ന സംഗീതം റാമിന്റേയും ജാനുവിന്റേയും പ്രണയനിര്‍ഭര പ്രകമ്പനങ്ങളുടെ മുക്കും മൂലയും സ്പര്‍ശിച്ചു മാത്രമേ കടന്നുപോകുന്നുള്ളൂ. കാലഘട്ടങ്ങളെ ഏച്ചുകെട്ടുമ്പോഴും മുറിച്ചുമാറ്റുമ്പോഴും സംവിധായകന്‍ ആശ്രയിക്കുന്നത് ഈ മ്യൂസിക്കല്‍ പ്ലാറ്റ്‌ഫോമിനെയാണ്. സംഗീതം നല്‍കാത്ത വരികളുടെ ആലാപനത്തില്‍ പോലും അഗാധതയിലെവിടെയോ ലയിപ്പിച്ചിട്ടുണ്ട്. കാവ്യാത്മകതയുടെ ഭാവഭദ്രമായ ഒരരുവി. എന്‍. ഷണ്‍മുഖ സുന്ദരത്തിന്റെ ഛായാഗ്രഹണം പടത്തിന്റെ സൗന്ദര്യമൂലധനമാണ്. ഷോട്ട് വിന്യാസത്തില്‍ ഷണ്‍മുഖം പുലര്‍ത്തിയ സൂക്ഷ്മശ്രദ്ധയാലുള്ള ലേ ഔട്ടിങ്ങാണ് 96-നെ മനോഹരമാക്കുന്നതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ചുരുക്കത്തില്‍, സിനിമയുടെ മര്‍മ്മമറിഞ്ഞ് ചികിത്സിക്കുന്ന സംഗീത സംവിധായകനും ക്യാമറാമാനും ഒരു നവാഗത സംവിധായകന്റെ പുണ്യമാണെന്ന് വിലയിരുത്താം. 

പ്രണയം എന്നത് പറഞ്ഞുപഴകിയ പ്രമേയമാകയാല്‍ ഈ സിനിമയുടെ ഇതിവൃത്തത്തിന് ലോകത്തെമ്പാടുമിറങ്ങിയ സകലമാന സൈലന്റ് ലവ് സ്റ്റോറികളോടും സമാനതയാരോപിക്കാനാകും. റിച്ചാര്‍ഡ് ലിങ്ക്ലേറ്ററിന്റെ ബിഫോര്‍ ട്രിലജിയിലെ ബിഫോര്‍ സണ്‍റൈസ്, ബിഫോര്‍ സണ്‍സെറ്റ് എന്നീ ആഖ്യാനങ്ങള്‍ പ്രേംകുമാര്‍ റഫറന്‍സിനായെടുത്തിട്ടുണ്ടാകാം. റാമിലും ജാനുവിലും ജസെയും സലിനുമുണ്ടാകുന്നത് സ്വാഭാവികം. നമ്മുടെത്തന്നെ അനുഭവങ്ങളും പ്രതലത്തില്‍ തെളിഞ്ഞുകാണാം. കാരണം, ലോകത്തെവിടെയും ഇവിടെയും പ്രണയത്തിന്റെ പ്രപഞ്ചഭാഷ മൗനമാണല്ലോ!
ആകയാല്‍ സിനിമ തീരുമ്പോള്‍ നമ്മെ പിടികൂടാന്‍ സാധ്യതയുള്ള  നാലുവരി കോറി അവസാനിപ്പിക്കുകയാണ്. അവള്‍ പാടാനെഴുന്നേല്‍ക്കുമ്പോള്‍ അവന്‍ ആവശ്യപ്പെടുന്ന ഗാനം...
'യമുനൈ ആട്രിലെ ഈറ കാറ്റിലെ കണ്ണനോടു താന്‍ ആട
പാര്‍വൈ പൂത്തിട പാതൈ പാര്‍ത്തിട പാവൈ
രാധൈയോ വാട'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com