മരണവും തലയിലേറ്റി നടന്ന വൈദ്യന്‍: സ്വന്തം മരണം പ്രവചിച്ച ഒരപൂര്‍വ്വവൈദ്യനെക്കുറിച്ച്

എനിക്കു പരിചയക്കാരും ഏറെക്കുറെ സുഹൃത്തുക്കളുമായ അഞ്ചുപേര്‍ ഈ ആഴ്ചയില്‍ മരണമടഞ്ഞു. മരിച്ചത് അവരോ ഞാനോ എന്നും തോന്നിപ്പോയി.
മരണവും തലയിലേറ്റി നടന്ന വൈദ്യന്‍: സ്വന്തം മരണം പ്രവചിച്ച ഒരപൂര്‍വ്വവൈദ്യനെക്കുറിച്ച്

നിക്കു പരിചയക്കാരും ഏറെക്കുറെ സുഹൃത്തുക്കളുമായ അഞ്ചുപേര്‍ ഈ ആഴ്ചയില്‍ മരണമടഞ്ഞു. മരിച്ചത് അവരോ ഞാനോ എന്നും തോന്നിപ്പോയി (ഒ.വി. വിജയന്റെ ഭാഷയില്‍). ചിലര്‍ കുറച്ചുകാലമായി രോഗം ബാധിച്ചു കിടപ്പായിരുന്നു. ചിലര്‍ക്കു പെട്ടെന്നു വലിഞ്ഞുകയറിവന്ന അസുഖങ്ങള്‍. ചിലര്‍ക്കു മരണം രക്ഷകനായി. ചിലര്‍ക്കു ശിക്ഷകനും. 'ഉലകിങ്ങനെയല്ലി പണ്ടും' എന്നുപാടി മരണത്തെ നമുക്കു എങ്ങനേയും വ്യാഖ്യാനിക്കാം. ആയുസ്സിനെ നിലനിര്‍ത്താനും ഇല്ലാതാക്കാനും ശാസ്ത്രത്തിനു സാധിക്കും.

ഈ ലോകത്തിലെ ഏറ്റവും ആശ്ചര്യകരമായ സംഗതി എന്താണ് എന്ന ചോദ്യത്തിന് ധര്‍മ്മപുത്രരുടെ രൂപത്തിലുള്ള വ്യാസന്റെ മറുപടി ശ്രദ്ധേയമാണ്. എല്ലാ ചരാചരങ്ങളും ഇന്നല്ലെങ്കില്‍ നാളെ നശിക്കും. ഈ ലോകം വെടിഞ്ഞുപോകേണ്ടിവരും, ആര്‍ക്കും ഒരിക്കല്‍. പക്ഷേ, ഇനിയും ജീവിക്കണം (ചെമ്പില്‍ അമ്പഴങ്ങ പുഴുങ്ങിത്തിന്നാലും) എന്ന ആഗ്രഹമാണ് ആസന്നമരണനേയും മുന്‍പോട്ടു നയിക്കുന്നത്. കണ്ടിട്ടും കൊണ്ടിട്ടും അറിയാത്ത ഈ മനുഷ്യരാണ് ലോകത്തിലെ വലിയ ആശ്ചര്യം എന്ന ജന്മരഹസ്യം വനവാസകാലത്തു ദാഹജലമന്വേഷിച്ചു വലഞ്ഞു മരിച്ചുവീണ അനുജന്മാരെ ചൂണ്ടി ധര്‍മ്മപുത്രര്‍ വെളിപ്പെടുത്തി. മറുപടിയില്‍ സംതൃപ്തനായ യക്ഷന്‍ ധര്‍മ്മപുത്രരെ അനുഗ്രഹിക്കുകയും അനുജന്മാരെ ജീവിപ്പിക്കുകയും ചെയ്തു എന്നാണ് ആ പ്രസിദ്ധ പുരാണ കഥ.

ഈ ആശ്ചര്യത്തിന് അപവാദമായി മറ്റൊരാശ്ചര്യം പോലെ മരണദിവസവും തലയിലേറ്റി നടന്ന ഒരു വൈദ്യന്‍ ഞങ്ങളുടെ നിളാതടത്തില്‍ ഉണ്ടായിരുന്നു. മൃത്യുവിന്റെ പദവിന്യാസം എത്ര അടുത്തെത്തി എന്നു ചെവിയോര്‍ക്കുന്ന ജീവന്മശായിയെ (ആരോഗ്യനികേതനം) ഈ പഴയ നാട്ടുവൈദ്യന്‍ കേട്ടിട്ടുപോലുമുണ്ടാവില്ല. തന്റെ ചുറ്റുമുള്ള ഗ്രാമീണ ലോകത്തിലെ രോഗാതുരതകളില്‍ പ്രതീക്ഷയുടെ വിളക്കു കൊളുത്തുമ്പോഴും
''മരണദിവസവും തലയിലേറ്റി-
ദ്ധരണിതലം പ്രവിശന്തി മാനുഷന്മാര്‍''
എന്ന ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ശ്ലോകാര്‍ദ്ധം മൂളി മരണത്തിന്റേയും ജീവിതത്തിന്റേയും നിഗൂഢതകളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

തന്റെ മുന്‍പിലെത്തിയ രോഗികളുടെ മാത്രമല്ല, സ്വന്തം മരണവും  ഇന്ന ദിവസം സംഭവിക്കുമെന്നു മുന്‍കൂട്ടി കണ്ടു. ''നിങ്ങളുടെ രോഗം വേഗത്തില്‍ മാറും. എന്നാല്‍, നിങ്ങള്‍ക്കല്ല രോഗം. കൂടെ വന്നവരെയാണ് ചികിത്സിക്കേണ്ടത്'' എന്നു വെട്ടിത്തുറന്നു പറയാനും ധൈര്യം കാണിച്ചു. പുഴയ്ക്കക്കരെ നിന്ന് ഒരമ്മ അയല്‍ക്കാരിയെ സഹായത്തിനുകൂട്ടി വൈദ്യന്റെ മുന്‍പില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു. പക്ഷേ, തുണയ്ക്കു വന്നയാളാണ് രോഗബാധിതയായി മുന്‍പേ പോയത്. മരണദൂതന്‍ എന്ന പരിഹാസച്ചുവയുള്ള 'കാലന്‍ വൈദ്യര്‍' എന്ന വിളിപ്പേരിലും അറിയപ്പെട്ടു ഭയപ്പാട് സൃഷ്ടിച്ചു നമുക്കു തൊട്ടുമുന്‍പു ജീവിച്ച ഈ ഐതിഹ്യപാത്രം. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടുന്ന ചേകന്നൂരിലെ (സാക്ഷാല്‍ ചേകന്നൂര്‍ മൗലവിയുടെ നാട്) പാരമ്പര്യ വൈദ്യകുലമായ പെരുവണ്ണാന്‍ സമൂഹത്തില്‍ പിറന്ന രാഘവന്‍ വൈദ്യരാണ് ഈ അസാധാരണ പ്രതിഭ. നിളാതീരത്തു ജനിച്ച നിരവധി അദ്ഭുത മനുഷ്യരില്‍ ഒരാള്‍.

സവര്‍ണ്ണ കുലജാതരായ നിരവധി ഭിഷക്കുകള്‍ നിളാതട സമതലത്തിന്റെ സന്തതികളായി അറിയപ്പെടുന്നുണ്ട്. എന്നാല്‍, ഉള്‍നാട്ടിലെ കുന്നിന്‍പുറങ്ങളിലും ചെരിവുകളിലുമായി തിങ്ങിപ്പാര്‍ക്കുന്ന ഗോത്രവംശ കോളനികളില്‍ രോഗം പിടിപെടുമ്പോള്‍ ഔഷധപ്പെട്ടിയും  ആശ്വാസവാക്കുമായി ഓടിയെത്തുന്നത് രാഘവന്‍ വൈദ്യരെപ്പോലുള്ള ജനകീയ ചികിത്സകരായിരുന്നു. 'ചേകന്നൂര്‍ താമി വൈദ്യര്‍ മകന്‍ അഷ്ടാംഗ ആയുര്‍വ്വേദ വൈദ്യന്‍ എം.പി. രാഘവന്‍, പി.ഒ. മൂതൂര്‍, വഴി വട്ടംകുളം' എന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി അച്ചടിച്ചു അതില്‍ ആര്‍ക്കോ നിര്‍ദ്ദേശിച്ച കുറിപ്പടിയുടെ മഷിപ്പാടുള്ള മുഷിഞ്ഞു ദ്രവിച്ച ലെറ്റര്‍ പാഡുകള്‍ മാത്രമാണ് ആ ചികിത്സകന്റെ സ്മരണയ്ക്ക് അദ്ദേഹം ജനിച്ചുവളര്‍ന്ന 'മണ്ടകപ്പറമ്പില്‍' എന്ന തറവാട്ടില്‍ ഇപ്പോള്‍ ശേഷിച്ചിട്ടുള്ളത് എന്നതും കാലത്തിന്റെ മറ്റൊരദ്ഭുതമാണ്.

തിരുമ്മല്‍, ഉഴിച്ചില്‍ തുടങ്ങിയ കളരിചികിത്സാവിധികളിലും തിരിയുഴിച്ചില്‍, പാനപിടുത്തം, തീച്ചാട്ടം, വെളിച്ചപ്പാട് എന്നീ അനുഷ്ഠാന നൃത്തങ്ങളിലും പാരമ്പര്യമുള്ള കുടുംബമാണ് രാഘവന്‍ വൈദ്യരുടേത്. അഷ്ടാംഗ വൈദ്യനെന്ന നിലയില്‍ ചികിത്സാ പ്രവചനത്തിന് നാഡീവിജ്ഞാനവും അറിഞ്ഞിരിക്കണമെന്ന ആഗ്രഹം മൂലം മറ്റു സാമ്പ്രദായിക നാട്ടുചികിത്സകരില്‍നിന്നും വ്യത്യസ്തനായി. കണ്ട രോഗസ്ഥിതി തുറന്നു പറയും. ഭംഗിവാക്കില്ല. മരണത്തെ വധിക്കാനുള്ള വജ്രായുധങ്ങളല്ല മരുന്നുകള്‍ എന്നു നിരീക്ഷിച്ചു. സങ്കീര്‍ണ്ണ സാദ്ധ്യതകളുള്ള യന്ത്രം തന്നെയാണ് മനുഷ്യശരീരമെന്ന് നാഡീശാസ്ത്രത്തിലും താല്‍പ്പര്യമുള്ള വൈദ്യര്‍ കരുതി. ആയുര്‍വ്വേദത്തിലെ ത്രിദോഷങ്ങള്‍ ത്രിഗുണങ്ങളെപ്പോലെയാണെന്നും അവയുടെ ഏറ്റക്കുറച്ചിലുകളാണ് മനസ്സിലാക്കേണ്ടതെന്നുമുള്ള ശാസ്ത്രതത്ത്വം വൈദ്യര്‍ പറഞ്ഞു നടന്നില്ല. അത്യാവശ്യം അറിവുള്ള സുഹൃത്തുക്കളോട് വാദിച്ചു സമര്‍ത്ഥിക്കുകയും ചെയ്തു. കഴിയുന്നത്ര ലളിതമാണ് ചികിത്സ. മാറാത്ത രോഗത്തിനു കിട്ടാത്ത മരുന്നുതേടി അലയേണ്ടിവരില്ല. ഏതു സമയത്തും കടന്നുചെല്ലാവുന്ന വിധത്തില്‍ അഭിഗമ്യനും അതിനാല്‍ എല്ലാവര്‍ക്കും പ്രിയങ്കരനുമായി.
പിതാവു താമി വൈദ്യര്‍ തന്നെയാണ് രാഘവന്‍ വൈദ്യരുടെ ആദ്യ ഗുരു. രോഗികളെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ താമി വൈദ്യര്‍ മകനേയും കൂട്ടും സഹായത്തിന്. രോഗസ്ഥിതി അറിഞ്ഞശേഷം മകനോടും അഭിപ്രായം ചോദിക്കും. മകന്റെ നിഗമനത്തിലെ പിഴവുകള്‍ തിരുത്തും. ശാസ്ത്രം പഠിച്ചതു പോരാ എന്നു ഗുണദോഷിക്കും. ആ ഉപദേശം കൈക്കൊണ്ട് രാത്രി രണ്ടോ മൂന്നോ മണിക്കൂര്‍ അച്ഛന്റെ സൂക്ഷിപ്പിലെ ഗ്രന്ഥങ്ങള്‍ അപഗ്രഥിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. ആമയൂര്‍ നാരായണന്‍ വൈദ്യരില്‍നിന്ന് വൈദ്യവും സംസ്‌കൃതവും പഠിക്കാന്‍ തുടങ്ങിയതും പ്രയോജനകരമായി. നാഡീശാസ്ത്ര സംബന്ധമായ പഠനത്തിനു തിരിഞ്ഞതും സ്വതന്ത്ര ചികിത്സാപദ്ധതിയുമായി മുന്നോട്ടു പോയതും അങ്ങനെയാണ്.

പതിനഞ്ചാം വയസ്സില്‍ സ്വന്തമായ ചികിത്സ ആരംഭിച്ചു. കുമ്പിടിയിലെ ഒരു കടയില്‍ ചെന്നിരുന്നാണ് ആദ്യകാലങ്ങളില്‍ പരിശോധന നടത്തിയിരുന്നത്. പുഴയുടെ രണ്ടുകരയില്‍നിന്നും രോഗികള്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. ഉച്ചവരെ പരിശോധന. വൈകുന്നേരം രോഗികളെ വീടുകളില്‍ ചെന്നു കാണല്‍. അധികവും നടത്തം തന്നെ.

ഒരിക്കല്‍ പട്ടാമ്പിക്കപ്പുറത്തുനിന്നുള്ള ഒരു പ്രഭു കുടുംബം കാറില്‍ വൈദ്യരെ അന്വേഷിച്ച് ചേകന്നൂരിലെത്തി. നഗരത്തിലെ ആശുപത്രിയില്‍ പണച്ചെലവോടെ ചികിത്സിച്ചിട്ടും രോഗം വിട്ടുമാറാത്ത മകള്‍ക്കുവേണ്ടിയാണ് വരവ്. ഓലപ്പുരയിലെ കിഴിഞ്ഞ സാഹചര്യത്തില്‍ കഴിയുന്ന വൈദ്യരുടെ ജീവിതം പണക്കാരായ രോഗീബന്ധുക്കള്‍ക്ക് ബോധിച്ചില്ല. ഇരുപത്തൊന്നു ദിവസം കൊണ്ടു രോഗം മാറും എന്ന വൈദ്യന്റെ വാക്കിലും വിശ്വാസം വന്നില്ല. നിസ്സാരനായ വൈദ്യന്‍, വന്നത് വെറുതെയായി എന്ന വിചാരത്തില്‍ യാത്രപോലും പറയാതെ മരുന്നുമായി അവര്‍ മടങ്ങി. എങ്കിലും മൂന്നാഴ്ചയ്ക്കുള്ളില്‍ ദീനം വിട്ടുമാറിയപ്പോള്‍ അവര്‍ക്ക് അദ്ഭുതം. പ്രതിഫലമായി വലിയ സംഖ്യ സമ്മാനിക്കാന്‍ വീണ്ടും വൈദ്യരുടെ സവിധത്തിലെത്തി. പക്ഷേ, വൈദ്യര്‍ ആ സംഖ്യ സ്വീകരിച്ചില്ല. വലിയൊരു കുടുംബത്തിന്റെ പരിപാലനച്ചുമതലയും സാമ്പത്തിക ക്ലേശങ്ങളും വിടാതെ പിന്‍തുടരുമ്പോഴും പണത്തിന്റെ പ്രാമാണ്യത്തിനു മുന്‍പില്‍ വൈദ്യര്‍ തലകുനിച്ചില്ല. ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ ബാക്കിയായ മരുമകളാണ് ഭര്‍ത്തൃപിതാവിന്റെ പറഞ്ഞുകേട്ട ഈ പാരിതോഷിക തിരസ്‌കരണ കഥ പങ്കിട്ടത്.

എന്നാല്‍, പലതിലും വിട്ടുവീഴ്ചയില്ലാത്ത ചില കര്‍ക്കശതകളും പുലര്‍ത്തി. രോഗി തന്റെ കുറിപ്പടി പ്രകാരം തന്നെ മരുന്നുണ്ടാക്കി കഴിക്കണം. കുപ്പിയില്‍ സീല്‍ ചെയ്ത് എത്തുന്ന കഷായങ്ങളും മരുന്നും ഉപയോഗിക്കാന്‍ പാടില്ല. അരിഷ്ടങ്ങളും ആസവങ്ങളും കൂട്ടിക്കലര്‍ത്തുമ്പോഴുള്ള രാസമാറ്റങ്ങളെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നും പരിഭവിച്ചു.
എ.ആര്‍. എന്നു വിളിക്കുന്ന രാവുണ്ണി നായര്‍ മാസ്റ്റര്‍ (വട്ടംകുളം) എന്റെ സഹപ്രവര്‍ത്തകനായിരുന്നില്ല. നല്ല അദ്ധ്യാപകനും ആസ്വാദകനുമായ അദ്ദേഹത്തിലൂടെയാണ് വൈദ്യരെ ഞാന്‍ കേള്‍ക്കുന്നതും പരിചയപ്പെടുന്നതും. അക്കാലത്ത് (1970-75) വൈദ്യര്‍ക്ക് അറുപതിനോടടുത്ത പ്രായം. എങ്കിലും അരോഗദൃഢഗാത്രന്‍. കഞ്ഞിപ്പശതേച്ചു വടിവുള്ള മുണ്ട്, ഫുള്‍ക്കയ്യന്‍ ഷര്‍ട്ട്, തോളില്‍ ഒരു ടവലും.

നീര്‍ക്കെട്ട് ബാധിച്ചു പിടലി (കഴുത്ത്) ഇളക്കാന്‍ വയ്യാതെ പ്രയാസപ്പെടുന്ന ഭാര്യയെ (മിസിസ്സ് എ.ആറിനെ) കാണിക്കാന്‍ വൈദ്യരെ കൂട്ടിക്കൊണ്ടു വന്നതായിരുന്നു. രോഗാന്വേഷണത്തിനും പതിവുള്ള നാഡീപരിശോധനയ്ക്കും ശേഷം വൈദ്യര്‍ ചോദിച്ചു: ''തലയില്‍ എണ്ണ തേയ്ക്കാറുണ്ട്, അല്ലേ? അതു നിര്‍ത്തണം. എണ്ണ ശിരസ്സില്‍ വേണ്ട, താഴെ ദേഹത്തില്‍ മതി.''
എ.ആര്‍ ഇടയില്‍ കടന്നു സംശയം ചോദിച്ചു: ''തലമറന്നെണ്ണ തേയ്ക്കരുത് എന്നല്ലേ പറച്ചില്‍?''
വൈദ്യരുടെ മറുപടി: ''എന്നാല്‍, അതിനൊരു മറുവിദ്യയുണ്ട്. രാത്രി കിടക്കാന്‍ നേരത്തു അതേ എണ്ണ ഉള്ളന്‍കാലില്‍ തേച്ച് ഉഴിയുക. ശിരസ്സിലെ രക്തധമനികള്‍ക്ക് എണ്ണ തേച്ച ഫലം കിട്ടും.''
പരിശോധന കഴിഞ്ഞു പോകുമ്പോള്‍ വൈദ്യര്‍ സ്വകാര്യമായി പറഞ്ഞു: ''മാഷ്‌ക്ക് അറിയോ, ഞാന്‍ തലയില്‍ വെള്ളമൊഴിച്ചിട്ടു തന്നെ കൊല്ലങ്ങളായി. വിടാത്ത ജലദോഷം, അപ്പോള്‍ തല കഴുകല്‍ വേണ്ടെന്നു വെച്ചു.''
രണ്ടു പതിറ്റാണ്ടായി ശിരസ്സില്‍ കുളി പതിവില്ലെന്നു വൈദ്യര്‍ പറഞ്ഞതുകേട്ട് ഞങ്ങള്‍ അമ്പരന്നു. സ്വയം ചികിത്സയുടെ അനുഭവങ്ങളും ഈ വൈദ്യനു ജീവിതപാഠങ്ങളാണ്!

പാട്ടുകാരന്‍ പാണന്‍ നാരായണന് ജന്മനാട്ടില്‍ സ്വാതന്ത്ര്യമില്ല, അയല്‍ദേശങ്ങളിലാണ് അയാളെ അറിയുക എന്നു പറയാറുണ്ട്. ചേകന്നൂരിലെ പുതിയ തലമുറയിലെ ആരും രാഘവന്‍ വൈദ്യരെ അറിയില്ല. പിന്തുടരാന്‍ ശിഷ്യസമ്പത്തോ സ്ഥാപനമോ അവിടെ വൈദ്യര്‍ ഉണ്ടാക്കിവെച്ചിട്ടുമില്ല. കാലവും ദേശവും മരണശേഷം വൈദ്യരെ വിസ്മരിച്ചു എന്നുവേണം പറയാന്‍. ദീനം മാറിയാല്‍ പിന്നെ വൈദ്യനെ സമീപിക്കേണ്ടതില്ല, ഓര്‍മ്മിക്കേണ്ടതുമില്ല.
അച്ഛനും (താമിവൈദ്യര്‍) ചെറിയച്ഛന്മാരും (കൃഷ്ണന്‍കുട്ടി വൈദ്യര്‍, കേശവന്‍ വൈദ്യര്‍, രാമന്‍ വൈദ്യര്‍) വീടിന്നകത്തെ കുട്ടിയമ്മായി പോലും ചികിത്സ നടത്തിയിരുന്ന ആ പുരാതന വൈദ്യഭവനം ഇന്നു നിശ്ശബ്ദമാണ്. മണ്‍മറഞ്ഞവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സമാധിത്തറകളും കുടുംബക്ഷേത്രവും മാത്രം കാലത്തിന് അടയാളം കാണിക്കാന്‍ കാത്തുകിടപ്പുണ്ട്. അമ്മമാരോടും കുട്ടികളോടുമൊപ്പം എല്ലാ താവഴികളും ഒരുമിച്ചു കൂടിക്കഴിയുകയും അംഗങ്ങള്‍ വര്‍ദ്ധിക്കുന്തോറും വലിപ്പം കൂട്ടിക്കൊണ്ടു വരികയും ചെയ്ത തറവാട്ടുപുര നിലംപൊത്താറായപ്പോള്‍ പൊളിച്ചുകളഞ്ഞു. വൈദ്യരുടെ രേഖകളും ഗ്രന്ഥങ്ങളും സൂക്ഷിച്ച അലമാര ചിതല്‍ പിടിച്ചു നശിച്ചു. വൈദ്യരുടെ മകന്‍ ശ്രീനിവാസന്‍ നാലുകൊല്ലം മുന്‍പു മരിച്ചു. മറ്റൊരു മകള്‍ സുഭദ്ര കോട്ടയ്ക്കലിനടുത്തു കുടുംബസ്ഥയായി കൂടുന്നു. വൈദ്യന്റെ മരണശേഷമാണ് മരുമകള്‍ വസന്ത ശ്രീനിവാസന്റെ വധുവായി എത്തുന്നത്. വാട്ടര്‍ അതോറിറ്റിയില്‍ ജീവനക്കാരിയായ അവര്‍ ഇപ്പോള്‍ പഴയ സ്ഥലത്തു പുതിയ വീടുവെച്ചു താമസിക്കുന്നു.

1993-ലാണ് രാഘവന്‍ വൈദ്യരുടെ മരണം (ഡിസംബര്‍-21, ചൊവ്വ). സ്വന്തം അന്ത്യം ആ നാളില്‍ത്തന്നെയുണ്ടാവുമെന്നു വൈദ്യര്‍ മനസ്സിലാക്കിയിരുന്നു. തന്നെ അടക്കേണ്ട സമാധിത്തറയ്ക്കുള്ള കല്ലുപോലും ഒരുക്കിവെച്ചിരുന്നു.
മക്കളേയും ബന്ധുക്കളേയും വിളിച്ചുവരുത്തി അദ്ദേഹം പറഞ്ഞുവത്രെ: ''ഞാന്‍ വൈദ്യം കാര്യമായി നിങ്ങളെ ആരേയും പഠിപ്പിച്ചിട്ടില്ല. പിന്നെ നമുക്കാകെയുള്ളത് ഈ പുരയും പറമ്പുമാണ്. ഞാന്‍ മരിക്കുന്നതിനു മുന്‍പ് അത് ഭാഗിക്കണമെന്നുണ്ട്. അതിന്റെ പേരില്‍ ഒരു തര്‍ക്കവും മേലില്‍ ഉണ്ടാകരുത്. ഇരുപത്തെട്ടു ദിവസമേ എനിക്കിനി ഭൂവാസമുള്ളൂ.''
ഇതുകേട്ടു മക്കള്‍ പൊട്ടിക്കരഞ്ഞു. മരണത്തിന്റെ സ്ഥിരതയേയും ജീവിതത്തിന്റെ അസ്ഥിരതയേയും വിവരിച്ച് വൈദ്യര്‍ അവരെ ആശ്വസിപ്പിച്ചു.
ഇതിനിടയില്‍ എ.ആറിന്റെ ഭാര്യാസഹോദരന് രോഗം. കുടലില്‍ അര്‍ബുദമായിരുന്നു ദീനം. ഏറെ നാളത്തെ ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്നു കൂട്ടിക്കൊണ്ടുവന്നു. പ്രമേഹബാധിതന്‍ കൂടിയായ അയാളെ നോക്കാനായി രാഘവന്‍ വൈദ്യരെ വീണ്ടും കൊണ്ടുവന്നു. വൈദ്യരുടെ മരണത്തിനു തൊട്ടുമുന്‍പാണ് ഈ സംഭവം.
വിശദ പരിശോധനയ്ക്കുശേഷം വൈദ്യര്‍ ഒരു നാട്ടുകുഴമ്പിനു എഴുതിക്കൊടുത്തു (നാവില്‍ തേക്കുന്ന കുഴമ്പ്). ''ഈ കുഴമ്പുണ്ടാക്കി ഇടയ്ക്കിടെ നാവില്‍ തേച്ചു കൊടുക്കുക. വേറെ മരുന്നൊന്നും വേണ്ട. ഇതല്ലാതെ ഇനിയൊന്നും ചെയ്യാനില്ല. വേദനയ്ക്കും ശ്വാസതടസ്സത്തിനും കുറവുണ്ടാകും'' എന്നു സാന്ത്വനിപ്പിക്കുകയും ചെയ്തു.
പടിവരെ അനുഗമിച്ച എ.ആറിനോടു വൈദ്യര്‍ പറഞ്ഞു: ''മാഷ്ടെ അളിയന് ഇനി ആറു ദിവസം കൂടിയേ ഉള്ളൂ. അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചുകൊള്ളൂ.''
''ഒരാഴ്ച കഴിഞ്ഞു അവിടെവന്നു വിവരം പറയാം'' എന്ന് യാത്രയാക്കിയപ്പോള്‍ വൈദ്യര്‍ പറഞ്ഞുവത്രെ! ''പക്ഷേ, എന്നെ കാണില്ല.''
ആ വാക്കുകളില്‍ ഒളിപ്പിച്ച കറുത്ത നിഴലിനെ പിന്നീടാണ് പിടികിട്ടിയത് എന്നുമാത്രം. വൈദ്യര്‍ പറഞ്ഞ ദിവസം തന്നെ എ.ആറിന്റെ അളിയന്‍ മരിച്ചു. ആ വിവരം അറിയിക്കാന്‍ ചെന്നപ്പോഴാണ് മനസ്സിലാവുന്നത്, തലേന്നു വൈദ്യരുടെ മരണവും സംഭവിച്ചു കഴിഞ്ഞിരുന്നു!
മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പുവരേയും വൈദ്യര്‍ വീട്ടില്‍ വരുന്ന എല്ലാ രോഗികളേയും പരിശോധിച്ചിരുന്നു. തന്റെ ലെറ്റര്‍പാഡില്‍നിന്നു കീറിയെടുത്ത് രോഗികളേയോ ബന്ധുക്കളേയോ കൊണ്ട് അതില്‍ ചികിത്സ എഴുതിക്കുകയായിരുന്നു. കൈ വിറയല്‍ തുടങ്ങിയതിനാല്‍ സ്വയം എഴുതാന്‍ പ്രയാസം എന്ന പന്തികേടു മാത്രമേ അപ്പോള്‍ വൈദ്യര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.
മരിക്കുന്നതിന്റെ തലേന്നു രാവിലെ വൈദ്യര്‍ സാധാരണപോലെ എഴുന്നേറ്റു പുറത്തു വന്നില്ല. കാണാനെത്തിയ രോഗികളെ ബന്ധുക്കള്‍ മടക്കിയയച്ചു.
ശ്വാസംമുട്ടും ചുമയും കൂടിക്കൂടി വന്നപ്പോള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ മക്കള്‍ നിര്‍ബ്ബന്ധിച്ചു. ''ഈ ചൊവ്വാഴ്ച കഴിഞ്ഞിട്ടു മതി'' എന്നു പറഞ്ഞു ദീനക്കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനോ കാറില്‍ കയറാനോ കൂട്ടാക്കിയില്ല. ഒടുവില്‍ മകന്‍ വൈദ്യരുടെ സുഹൃത്തായ അലോപ്പതി ഡോക്ടറെ പോയിക്കണ്ടു. വൈദ്യരുടെ ചികിത്സാ കൈപ്പുണ്യത്തെ ബഹുമാനിക്കുന്ന ഡോ. വേലായുധന്‍ എടപ്പാളില്‍നിന്നെത്തി കൂടെ വരാനാവശ്യപ്പെട്ടു.

ഏറെ പ്രയാസപ്പെട്ടു നിര്‍ത്തി നിര്‍ത്തി വൈദ്യര്‍ ചോദിച്ചുവത്രെ: ''എന്നെ രക്ഷിക്കാന്‍ അശ്വനീദേവകളെ ആശുപത്രിയില്‍ കുടിയിരുത്തിയിട്ടുണ്ടോ?'' ഡോക്ടര്‍ അതുകേട്ടു ചിരിച്ചു.
താങ്ങിയെടുത്തു കാറില്‍ കയറ്റുമ്പോള്‍ വൈദ്യര്‍ സുഹൃത്തിനോടു ഒരു കാര്യം കൂടി ആവശ്യപ്പെട്ടു: ''തറവാട്ടു കാവിനു മുന്‍പില്‍ ഒന്ന് നിര്‍ത്തണം.'' അവിടെ ഇറക്കി കണ്ണടച്ചു യാത്ര പറയുമ്പോഴേയ്ക്ക് വൈദ്യരുടെ ബോധം കെട്ടിരുന്നു.
പിറ്റേന്ന് (ചൊവ്വ) അര്‍ദ്ധരാത്രിയില്‍ വൈദ്യര്‍ പ്രവചിച്ച സമയത്തുതന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു. താന്‍ ഉപാസിച്ചുപോന്ന മൃത്യുവിന്റെ സമക്ഷം കര്‍മ്മനിരതമായ ഒരു ജീവിതത്തിന്റെ സമര്‍പ്പണം. കുലപരമ്പരയുടെ അവസാന കണ്ണിയും കാലമാകുന്ന മഹാവൈദ്യന്റെ കൈക്കുടന്നയിലേയ്ക്ക് ഊര്‍ന്നുവീഴല്‍. ഏതു യുക്തികൊണ്ടു വിശകലനം ചെയ്താലും സംഭവിച്ച കഥകള്‍ കെട്ടുകഥകളേക്കാള്‍ ജീവത്തായി അനുഭവപ്പെടുന്ന നിമിഷങ്ങള്‍.
സംസ്‌കൃതവും ആയുര്‍വ്വേദവും പഠിക്കുകയും അഷ്ടാംഗഹൃദയത്തിന് വ്യാഖ്യാനമെഴുതുകയും ചെയ്ത പഴയ മറ്റൊരായുര്‍വ്വേദ വൈദ്യന്‍ കുടുംബത്തിന്റെ വിശപ്പുമാറ്റാന്‍ തന്റെ ശാസ്ത്രഗ്രന്ഥം അരച്ചാക്കുനെല്ലിനു നാട്ടിലെ വൈദ്യശാലയ്ക്കു വിറ്റുവത്രെ. നാലു തലമുറയ്ക്കു മുന്‍പു ഇരമ്പിളിയത്ത് (മലപ്പുറം ജില്ല) നടന്നതാണ് ഈ കഥ. ''ആ വൈദ്യന്‍ എന്റെ മുതുമുത്തച്ഛനായിരുന്നു'' എന്ന് അഭിമാനിക്കുന്ന എമ്പ്രാന്തിരി സുഹൃത്ത് തനിക്കുണ്ടെന്ന് എന്റെ ചങ്ങാതി സുനില്‍കുമാര്‍ (പള്ളിപ്പുറം) ഈയിടെ എന്നോടു പറഞ്ഞു. മറവിയിലേയ്ക്കു തള്ളിയിടപ്പെട്ട ഇത്തരം ഏകാന്ത പ്രതിഭകളെയോര്‍ത്ത് നാം ചിരിക്കുകയോ കരയുകയോ വേണ്ടത്?
(സ്‌നേഹിതനായ രാഘവന്‍ വൈദ്യരെക്കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ നൂറുനാവായിരുന്നു എ.ആര്‍. എന്ന രാവുണ്ണിനായര്‍ മാസ്റ്റര്‍ക്ക്. അദ്ദേഹവും ഇപ്പോള്‍ ജീവിച്ചിരുപ്പില്ല. ഈയിടെ ചേകന്നൂര്‍ പരിസരത്തിലേയ്ക്കു വീണ്ടും എന്നെ കൂട്ടിക്കൊണ്ടു പോയത് ഞങ്ങളുടെ സുഹൃത്തും ശിഷ്യനുമായ വി. ബാലന്‍ മാസ്റ്ററാണ്. ഈ കുറിപ്പിന് ഇരുവരോടും കടപ്പെട്ടിരിക്കുന്നു).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com