നിലനില്‍പ്പിനായുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ ചന്ദ്രബാബു നായിഡു: അമരാവതിയുടെ ഭരണം ആര്‍ക്ക്

പറഞ്ഞ വാക്ക് പാലിക്കാന്‍ പറ്റാതായതോടെ നിലനില്‍പ്പിനായി ജീവന്‍ കളഞ്ഞുള്ള രാഷ്ട്രീയ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് നായിഡു.
PTI2_11_2019_000055B
PTI2_11_2019_000055B



ന്ദ്രലോകമായ അമരാവതിയില്‍ ആര്‍ക്കും മരണമില്ല. ആന്ധ്രയുടെ പുതിയ തലസ്ഥാനത്തിന്റേ പേരും അമരാവതിയെന്നാണ്. നാലു വര്‍ഷം മുന്‍പ് വിജയദശമി നാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തലസ്ഥാനനഗരിക്ക് തറക്കല്ലിട്ടത്. ഭാവിയില്‍ സിംഗപ്പൂരിനേക്കാള്‍ മികച്ച നഗരം. ഹൈദരാബാദിനേക്കാള്‍ നൂറുമടങ്ങ് മികച്ചത്. ലോകത്തെ ഏറ്റവും മികച്ച അഞ്ചു നഗരങ്ങളിലൊന്ന്. ഇതായിരുന്നു മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡു നല്‍കിയ വാക്ക്. എന്നാല്‍, മുഖ്യമന്ത്രി വിചാരിച്ചത്ര വേഗത്തില്‍ നഗരി ഒരുങ്ങിയില്ല. അമരാവതി സിംഗപ്പൂരായില്ല. പറഞ്ഞ വാക്ക് പാലിക്കാന്‍ പറ്റാതായതോടെ നിലനില്‍പ്പിനായി ജീവന്‍ കളഞ്ഞുള്ള രാഷ്ട്രീയ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് നായിഡു. ആന്ധ്രാപ്രദേശില്‍ 25 ലോക്സഭ സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.ഡി.പിക്ക് 15 സീറ്റുകളും ബി.ജെ.പിക്ക് രണ്ടു സീറ്റുമാണ് സംസ്ഥാനത്തുനിന്ന് ലഭിച്ചത്.

തീപാറുന്ന പോരാട്ടം നടക്കുന്ന ആന്ധ്രയില്‍ ഇത്തവണ മാറ്റുരയ്ക്കുന്നത് നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി(ടി.ഡി.പി), ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.പി, കോണ്‍ഗ്രസ്, ചലച്ചിത്രതാരം പവന്‍ കല്യാണിന്റെ ജനസേന തുടങ്ങിയ പാര്‍ട്ടികളാണ്. ഇതില്‍ നിലവില്‍ സഖ്യസാധ്യതകളൊന്നുമില്ല. എല്ലാവരും മത്സരിക്കുന്നത് തനിച്ച്. തെരഞ്ഞെടുപ്പിനു ശേഷമാകും സഖ്യസാധ്യതകളുടെ തീര്‍പ്പുകള്‍. വൈ.എസ്.ആര്‍. കോണ്‍ഗ്രസുമായി സഖ്യത്തിന് ബി.ജെ.പി ഒരുക്കമാണ്. കോണ്‍ഗ്രസുമായുള്ള ധാരണയ്ക്ക് ടി.ഡി.പിയും തയ്യാറാണ്. കോണ്‍ഗ്രസുമായുള്ള ധാരണയ്ക്ക് ടി.ഡി.പിയും തയ്യാറാണ്. ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ച നിലപാട്. എന്നാല്‍ ഈ നിലപാടില്‍ വിട്ടുവീഴ്ചയാകാമെന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് ആലോചനയുണ്ട്. അതിന്റെ പ്രത്യക്ഷ സൂചനകളാണ് ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു നടത്തിയ സമരത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള യാതൊരു സാധ്യതയും നിലവില്‍ കോണ്‍ഗ്രസിനില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ വലിയ പരാജയമാവും കോണ്‍ഗ്രസ് നേരിടുക. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ബി.ജെ.പിയുടെ കടുത്ത ശത്രുവായ നായിഡുവിന്റെ ടി.ഡി.പിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസ് മൗനസമ്മതം നല്‍കുന്നത്. 

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടി.ഡി.പി നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വേദി പങ്കിടുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ടി.ഡി.പി- ബി.ജെ.പി സഖ്യസാധ്യതയ്ക്ക് സാധ്യത കുറവാണ്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിലുള്ള അമര്‍ഷമാണ് എന്‍.ഡി.എ മുന്നണി വിടാന്‍ നായിഡുവിനെ പ്രേരിപ്പിച്ചത്. ലോക്സഭയില്‍ പതിനാറും രാജ്യസഭയില്‍ ആറും എം.പിമാരാണ് ടി.ഡി.പിക്ക് ഉള്ളത്. മുന്നണി വിട്ട അന്നു തന്നെ ടി.ഡി.പിയെ യു.പി.എയിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലി സ്വാഗതം ചെയ്തിരുന്നു. എന്‍.ഡി.എ മുന്നണിബന്ധം ഉപേക്ഷിച്ചതിനു ശേഷം കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ചന്ദ്രബാബു നായിഡു നടത്തിയത്. ബി.ജെ.പിയുമായി ഇനി പെട്ടെന്ന് ടി.ഡി.പിയുമായി ഒരു സഖ്യമുണ്ടാക്കില്ലെന്ന തോന്നലാണ് ആ പാര്‍ട്ടിയുമായി സഹകരിക്കുന്നതിന് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. 

പദയാത്രക്കൊടുവില്‍ ജഗന്‍മോഹന്‍ റെഡ്ഡി പാര്‍ട്ടി അണികളുടെ നടുവില്‍
പദയാത്രക്കൊടുവില്‍ ജഗന്‍മോഹന്‍ റെഡ്ഡി പാര്‍ട്ടി അണികളുടെ നടുവില്‍

ഒരു ദേശം സൃഷ്ടിച്ച 
പ്രതിബന്ധങ്ങള്‍

തെലങ്കാന വിഭജനത്തോടെ  രാഷ്ട്രീയ സാഹചര്യം മുഴുവന്‍ മാറിയ സംസ്ഥാനത്ത് 19 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിനു ഇപ്പോള്‍ ഒരു സീറ്റുപോലുമില്ല. 15 സീറ്റ് നേടിയ ടി.ഡി.പിയാകട്ടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. പ്രത്യേകസംസ്ഥാന പദവി നേടിയെടുക്കാത്തതും തലസ്ഥാനമായ അമരാവതിക്ക് അടിത്തറ കെട്ടിപ്പടുക്കാനാകാത്തതും കര്‍ഷകരോഷവുമാണ് ടി.ഡി.പിക്ക് തിരിച്ചടിയാകുന്നത്. ആന്ധ്രാപ്രദേശ് വിഭജിച്ച നിയമം (2014) നോക്കിയാല്‍, 2024വരെ ഹൈദരാബാദ് ആന്ധ്രയുടെകൂടി തലസ്ഥാനമാണ്. എങ്കിലും ഏറ്റവും വേഗം ആന്ധ്രയ്ക്കുള്ളിലിരുന്നു ഭരിക്കാന്‍ കാട്ടിയ തിടുക്കമാണ് നായിഡുവിനെ ഇപ്പോഴത്തെ പ്രതിസന്ധിയിലെത്തിച്ചത്.  നിയമപ്രകാരം ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ചുകൊടുക്കേണ്ടതാണ്. സ്ഥലം നോക്കാന്‍ കേന്ദ്രം ശിവരാമകൃഷ്ണന്‍സമിതിയെ നിയോഗിക്കുകയും ചെയ്തു. ഒരു സൂപ്പര്‍ സിറ്റി നിര്‍മിക്കുന്നതിനുപകരം വികേന്ദ്രീകൃത സംവിധാനമാണ് സമിതി ശുപാര്‍ശചെയ്തത്. എന്നാലിത് നായിഡു തള്ളിക്കളഞ്ഞു. സംസ്ഥാനമധ്യത്ത്, ഗുണ്ടൂര്‍ ജില്ലയില്‍ കൃഷ്ണാനദിക്കരയിലാണ് അമരാവതിയെന്ന് ഉറപ്പിച്ചു.   

33,000 ഏക്കര്‍ കണ്ണായ കൃഷിഭൂമിയാണ്  അമരാവതി കെട്ടിപ്പടുക്കാന്‍ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇവര്‍ക്ക് നല്‍കാമെന്നേറ്റ നഷ്ടപരിഹാരവും നല്‍കിയില്ല. വിട്ടുകൊടുത്ത ഓരോ ഏക്കറിനും പകരം പുതിയ നഗരത്തില്‍ ആയിരം ചതുരശ്ര അടി വാസസ്ഥലവും 300-400 ച. അടി കച്ചവടസ്ഥലവും വര്‍ഷം അമ്പതിനായിരം രൂപ നിരക്കില്‍ പത്തുകൊല്ലം പെന്‍ഷനുമാണ് കര്‍ഷകര്‍ക്കു കിട്ടുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍,   ഇത് പല കര്‍ഷകര്‍ക്കും നഷ്ടമാണ്. ചിലര്‍ ഭൂമി വിട്ടുകൊടുത്തില്ല. എണ്ണായിരത്തോളം ഏക്കര്‍ ഓര്‍ഡിനന്‍സ്‌കൊണ്ടു പിടിച്ചെടുക്കുമെന്നായപ്പോള്‍ ചിലര്‍ കേസിനും പോയി. നിയമസഭയ്ക്കും സെക്രട്ടേറിയറ്റിനും ഹൈക്കോടതിക്കും മറ്റു പൊതു ആവശ്യങ്ങള്‍ക്കുമുള്ള കെട്ടിടങ്ങള്‍ കൂടാതെ ജനങ്ങളുടെ വീടുകള്‍ വരെ നിര്‍മിക്കാന്‍ സാര്‍ക്കാര്‍ ഒരുങ്ങി. അത്തരമൊരു നഗരത്തിന് വമ്പന്‍ കോടികള്‍ ചെലവഴിക്കണമായിരുന്നു. വിഭജനംതൊട്ടേ കമ്മിയിലോടുകയാണ് ആന്ധ്രാസര്‍ക്കാരിന്റെ കൈയിലെവിടെ കാശ്? സാക്ഷാല്‍ സെക്രട്ടേറിയറ്റ്-നിയമസഭാസമുച്ചയം പണിയാന്‍ പണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നെട്ടോട്ടമോടി. 
 

ഭൂമി ഏറ്റെടുത്ത രീതിയില്‍ കര്‍ഷകര്‍ തീര്‍ത്തും അസംതൃപ്തരായി. സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നു എന്നാരോപിച്ച് അവര്‍ കോടതിയെ സമീപിച്ചു. തെലുഗുദേശം കക്ഷിയില്‍പ്പെട്ട നിയമസഭാംഗങ്ങള്‍ കര്‍ഷകരുടെ ഫലഭൂയിഷ്ഠമായ ഭൂമി വില്‍പ്പിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്ന ഇടനിലക്കാരും ഭൂമി കച്ചവടക്കാരും ആയി മാറിയെന്നും ആരോപണമുയര്‍ന്നു. നിയമാനുസൃതമായി നിര്‍ബന്ധമായും ലഭിക്കേണ്ട പാരിസ്ഥിതികാനുമതി ലഭിക്കാതെ പുതിയ നഗര നിര്‍മ്മാണവുമായി മുന്നോട്ടുപോകരുതെന്ന ഒക്ടോബര്‍ 10-ലെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ലംഘിച്ചു. കടത്തില്‍ മുങ്ങിയിരിക്കുന്ന സര്‍ക്കാര്‍ (ആന്ധ്ര പ്രദേശിന്റെ ധനക്കമ്മി 18,000 കോടി രൂപയ്ക്ക് മുകളിലാണ്) തലസ്ഥാന നഗര പദ്ധതിക്കായി റായലസീമയും സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയും അടക്കമുള്ള പിന്നോക്ക പ്രദേശങ്ങളുടെ വികസനത്തിനായി നീക്കിവെച്ച പണമാണ് എടുത്തുപയോഗിക്കുക എന്ന് കുറ്റപ്പെടുത്തലുണ്ട്. ഇത് പ്രാദേശിക അസന്തുലിതാവസ്ഥ വളര്‍ത്തുമെന്നും ക്ഷേമപദ്ധതികള്‍ക്കുള്ള പണലഭ്യത ചുരുക്കുമെന്നും വിദഗ്ധര്‍ നിരീക്ഷിച്ചിരുന്നു. ഒടുവില്‍, വാഗ്ദാനങ്ങളെല്ലാം അതായി തന്നെ നില്‍ക്കുമെന്ന നില വന്നപ്പോഴാണ് പതിനെട്ടാമത്തെ അടവ് ചന്ദ്രബാബു നായിഡു പയറ്റിയത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉറപ്പാക്കിയ നായിഡു  ഒരു മുഴം മുന്‍പേയെറിഞ്ഞു. മുഴുവന്‍ കുറ്റവും കേന്ദ്രത്തില്‍ചാരി എന്‍ഡിഎ വിട്ടു. 

തെലങ്കാന രാഷ്ട്രീയ സമിതി വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് കെടിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും
തെലങ്കാന രാഷ്ട്രീയ സമിതി വര്‍ക്കിങ് കമ്മിറ്റി പ്രസിഡന്റ് കെടിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും

ആന്ധ്രപിടിക്കാന്‍
വൈ.എസ്.ആര്‍

കഴിഞ്ഞ ലോക്‌സഭയില്‍ എട്ടുസീറ്റ് നേടി അടിത്തറയിട്ട വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഇത്തവണ ആന്ധ്ര സ്വന്തമാക്കുമെന്നാണ് നീരീക്ഷണം. ടി.ഡി.പിയ്ക്കായി ഇനി വാതില്‍ തുറക്കില്ലെന്ന് അടിവരയിട്ടുപറഞ്ഞ അമിത് ഷായുടെ പ്രസ്താവന  ജയസാധ്യതയുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ പ്രീതിപ്പെടുത്താന്‍ തന്നെയാണെന്ന് മിക്കവരും കരുതുന്നു. ഈ വര്‍ഷം തന്നെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ആന്ധ്ര പിടിക്കാമെന്നാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനാണ് തെലങ്കാനരാഷ്ട്രസമിതിയുടെ പിന്തുണ. തെലങ്കാന നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേര്‍ന്ന് ടി.ആര്‍.എസിനെ എതിര്‍ത്ത തെലുഗുദേശം പാര്‍ട്ടിക്ക് തിരിച്ചടിയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ ഈ തീരുമാനം. തെലങ്കാന നിയമസഭാതിരഞ്ഞെടുപ്പില്‍ ആന്ധ്രക്കാര്‍ വലിയതോതിലുള്ള ഹൈദരാബാദ് നഗരത്തിലെ മേഖലകളില്‍ ചന്ദ്രബാബുനായിഡുവും രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വന്‍തോതില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, അവിടെയെല്ലാം ടി.ആര്‍.എസ്. നല്ലവിജയം നേടിയിരുന്നു. ഇത് ആന്ധ്രാ വോട്ടര്‍മാരുടെകൂടി പിന്തുണകൊണ്ടാണെന്ന് അവര്‍ക്ക് വ്യക്തമായറിയാം. ഈസാഹചര്യത്തിലാണ് ആന്ധ്രയില്‍ പ്രധാന പ്രതിപക്ഷമായ ജഗന്റെ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് ചന്ദ്രശേഖര്‍ റാവു തീരുമാനിച്ചത്. ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയ 3648 കിലോമീറ്റര്‍ വരുന്ന പ്രജാസങ്കല്‍പ്പ പദയാത്ര പൂര്‍ത്തിയായതിന്റെ അടുത്ത ദിവസം കെടി രാമറാവു സന്ദര്‍ശിക്കാനെത്തിയിരുന്നു. അതേസമയം, ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ ഒറ്റ കുടക്കീഴില്‍ അണിനിരത്തുക എന്ന ആശയം കൂടി ടി.ആര്‍.എസ് ഉയര്‍ത്തുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, ജെഡിഎസ്, ഡിഎംകെ, എസ്.പി, എന്നിവരെ ഉള്‍പ്പെടുത്തി ഫെഡറല്‍ മുന്നണിയുണ്ടാക്കാനാണ് ടി.ആര്‍.എസ് ശ്രമം. 
ഒറ്റയ്ക്ക് പോരാടാന്‍ കോണ്‍ഗ്രസ്

ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാന്‍ ആഹ്വാനം ചെയ്യുമ്പോഴും തെരഞ്ഞെടുപ്പില്‍ സഖ്യത്തിനൊപ്പം ചേരാതെ തനിച്ചു മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. യുപിയിലേതു പോലെ എസ്.പി-ബി.എസ്.പി സഖ്യത്തില്‍ പങ്കു ചേരാതെ എല്ലാ സീറ്റിലും തനിച്ചു മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ കോണ്‍ഗ്രസ് ആന്ധ്രപ്രദേശിലും പോരാട്ടം തനിച്ചു തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയാണ് ടി.ഡി.പിയുമായി സഖ്യത്തിലില്ലെന്നറിയിച്ചത്. നേരത്തെ ടി.ഡി.പി നേതാവ് ചന്ദ്ര ബാബു നായിഡു സഖ്യത്തിനായി പ്രതിപക്ഷ കക്ഷികളെ കാണുകയും അവരെ ഉള്‍പ്പെടുത്തി യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ചുവടുവയ്പ്പിന് ജനസേന
തെന്നിന്ത്യന്‍ സിനിമാതാരം ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ് പവന്‍കല്യാണ്‍. ചിരഞ്ജീവി തുടങ്ങിയ 'പ്രജാരാജ്യം' പാര്‍ട്ടിയുടെ മുഖ്യപ്രചാരകന്‍കൂടിയായിരുന്നു ഇദ്ദേഹം. എന്നാല്‍, പ്രജാരാജ്യം കോണ്‍ഗ്രസില്‍ ലയിപ്പിച്ചതിനെ പവന്‍ ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസിന്റെ സഹായത്തോടെ സംസ്ഥാനവിഭജനം കൂടിയായപ്പോള്‍ പാര്‍ട്ടിയുടെ നിശിതവിമര്‍ശകനായി മാറി. ഇതേത്തുടര്‍ന്നാണ് പുതിയ പാര്‍ട്ടി തുടങ്ങിയത്. പൊതുയോഗങ്ങളില്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പവന്‍ കല്യാണിന് സാധിക്കുന്നുണ്ട്. പ്രധാന വോട്ടുബാങ്കായ കാപു സമുദായാംഗമാണ് പവന്‍ കല്യാണ്‍.

എന്നാല്‍ കാപു സമുദാംഗയങ്ങള്‍ കൂടുതലയുള്ള ഗോദാവരി പ്രദേശത്ത് പാര്‍ട്ടിക്ക് സ്വാധീനമില്ല. എങ്കിലും ആരാധന വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ വലയി മുന്നേറ്റം നടത്താന്‍ ജനസേനയ്ക്ക് കഴിയുമെന്നാണു വിലയിരുത്തല്‍. രാജമുണ്ഡ്രിയില്‍ നിന്നുള്ള ബി.ജെ.പി. എംഎല്‍എ അകുല സത്യനാരായണ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ജനസേനയില്‍ ചേര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com