ജിഗ്‌നേഷ് മെവാനിയും ചന്ദ്രശേഖര്‍ ആസാദ് രാവണും നയിക്കുന്ന രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ വെല്ലുവിളിക്കുന്നതെങ്ങനെ?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ചില വേറിട്ട രാഷ്ട്രീയധാരകളും അതുയര്‍ത്തിയ നേതാക്കളും ചരിത്രത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
ജിഗ്‌നേഷ് മെവാനിയും ചന്ദ്രശേഖര്‍ ആസാദ് രാവണും നയിക്കുന്ന രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ വെല്ലുവിളിക്കുന്നതെങ്ങനെ?

ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ചില വേറിട്ട രാഷ്ട്രീയധാരകളും അതുയര്‍ത്തിയ നേതാക്കളും ചരിത്രത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. പൂനെയ്ക്കടുത്ത ഭീമ കോറഗാവില്‍ ദളിത് യുദ്ധവിജയത്തിന്റെ വാര്‍ഷികാഘോഷം മഹരാഷ്ട്രയില്‍ മാത്രമല്ല ദളിത് ഏകീകരണ സാഹചര്യമൊരുക്കിയത്. മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ അരികു പറ്റി മാത്രം നിന്നിരുന്ന ദളിത് രാഷ്ട്രീയം ഏകോപനത്തിലൂടെ രാജ്യമെമ്പാടും പുതിയ സ്വത്വബോധം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ അതോടെ കണ്ടുതുടങ്ങി. ആവേശനിര്‍ഭരവും സംഭവബഹുലവുമായ രാഷ്ട്രീയനീക്കങ്ങളിലൂടെ അവരും അവര്‍ നയിക്കുന്ന പ്രസ്ഥാനങ്ങളും ഇന്ത്യന്‍ രാഷ്ട്രീയഭൂമികയില്‍ പുതിയ ചരിതമെഴുതി. ജിഗ്‌നേഷ് മെവാനിയും ചന്ദ്രശേഖര്‍ ആസാദുമൊക്കെ അതിലൂടെ ഉയര്‍ന്നുവന്ന നേതാക്കളാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളല്ല തങ്ങളുടെ ലക്ഷ്യമെന്നും സ്വതന്ത്ര രാഷ്ട്രീയ മുന്നേറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്നും ഈ നേതാക്കള്‍ പറയുന്നു.

ജാതിരാഷ്ട്രീയം വാഴുന്ന ഗുജറാത്തില്‍ നിന്നുതന്നെയായിരുന്നു വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് ഭീഷണിയുയര്‍ത്തിയ  മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിനിടയില്‍ രാജ്യം നിരവധി ദളിത് മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാല്‍, ഉനയെ വ്യത്യസ്തമാക്കുന്ന മറ്റുചിലതുണ്ട്. ഉന സംഭവത്തിനു ശേഷം ജിഗ്‌നേഷ് മെവാനി നയിച്ച മുന്നേറ്റത്തിന് ഗുജറാത്തിലെ പ്രതിപക്ഷസ്വരമാകാന്‍ കഴിഞ്ഞു. സംപൂജ്യരായി നിശബ്ദമായിരുന്ന പ്രതിപക്ഷം ഏതാണ് വിജയത്തോട് അടുത്തെത്തുക വരെ ചെയ്തു. ചലോ ഉനയും ദളിത് അസ്മിതയുമൊക്കെ ദളിത് സമൂഹത്തിന്റെ പ്രതീക്ഷയുടെയും അവകാശങ്ങളുടെയും സഞ്ചാരവഴികളായിരുന്നു. ചെറുത്തുനില്‍പ്പാണ് ദളിത് രാഷ്ട്രീയത്തിന്റെ പ്രസക്തിയെന്ന തിരിച്ചറിവ് നേതാക്കള്‍ക്കുണ്ടായി. സകലമേഖലകളിലും നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയ്ക്കും ജാതീയതയും അനീതിക്കുമെതിരേ അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടമായിരുന്നു അത്. രോഹിത് വെമുലയുടെ കൊലപാതകമെന്ന് വിളിക്കാവുന്ന ആത്മഹത്യയ്ക്കു ശേഷം കേന്ദ്രസര്‍ക്കാരിനെ ഏറ്റവുമധികം സമ്മര്‍ദത്തിലാക്കിയ സമൂഹമായി ദളിതുകള്‍ മാറുകയും ചെയ്തു. 

 ഉന നയിച്ച
പ്രക്ഷോഭവഴി

പശുവിനെ കൊന്നുവെന്ന് ആരോപിച്ച് 2016 ജൂലൈ പതിനൊന്നിനാണ് ദളിതരായ സര്‍വയ്യ ബാലുബായിയെയും അദ്ദേഹത്തിന്റെയും സഹോദരന്റെയും മക്കളെ ജനക്കൂട്ടം തല്ലിച്ചതയ്ക്കുകയും വാഹനത്തില്‍ കെട്ടിയിട്ട് ഉന പട്ടണത്തിലൂടെ പൊലീസ് സ്റ്റേഷന്‍ വരെ അടിച്ചു നടത്തിയത്. പശുവിന്റെ തോലുരിച്ചതിനായിരുന്നു 'ഗോരക്ഷ സമിതി'ക്കാരുടെ പരസ്യമര്‍ദനം. ഇതോടെ ചത്തപശുക്കളുടെ അവശിഷ്ടങ്ങള്‍ മറവു ചെയ്യുന്നത് ദളിതര്‍ നിര്‍ത്തി. അവശിഷ്ടങ്ങള്‍ കളക്ടറേറ്റുകള്‍ക്കു മുന്നില്‍ കൊണ്ടിട്ടു. റോഡുകള്‍ ഉപരോധിക്കപ്പെട്ടു. പ്രതിഷേധം പ്രകടനങ്ങളില്‍ കത്തിയെരിഞ്ഞു. അഹമ്മദാബാദില്‍ നടന്ന മഹാസമ്മേളനത്തില്‍ ദളിത് അത്യാചാര്‍ ലഡത് സമിതിക്ക് രൂപം നല്‍കിയ ദളിതര്‍ ഒരു പ്രഖ്യാപനം കൂടി നടത്തി ഇനി മേലാല്‍ കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ മറവു ചെയ്യില്ലെന്നും തോട്ടിപ്പണി ചെയ്യില്ലെന്നും.

ചന്ദ്രശേഖര്‍ ആസാദ് രാവണന്‍
ചന്ദ്രശേഖര്‍ ആസാദ് രാവണന്‍

അഹമ്മദാബാദില്‍ നിന്ന് ഉനയിലേക്കുള്ള ദളിത് അസ്മിത യാത്ര നയിച്ചത് മെവാനിയും പ്രദീക് സിന്‍ഹയുമായിരുന്നു. 400 കിലോമീറ്റര്‍ സഞ്ചരിച്ച യാത്രയ്ക്ക് പുരോഗമന സമൂഹം പൂര്‍ണ പിന്തുണ നല്‍കി. വാഴ്ത്തപ്പെട്ട ഗുജറാത്ത് മോഡലല്ല, യഥാര്‍ത്ഥ ചിത്രമായിരുന്നു ഉന സംഭവം കാണിച്ചുതന്നത്. 2001 മുതല്‍ സംസ്ഥാനം ഭരിച്ചത് ബി.ജെ.പിയായിരുന്നു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവുമധികം നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. മോദി പ്രധാനമന്ത്രിയായതിനു ശേഷം 20 ശതമാനത്തോളം അത് വര്‍ധിക്കുകയും ചെയ്തു. ഇവിടെയാണ് മേവാനി പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ക്ക് തുല്യനീതിയും അവസരവും ഉറപ്പാക്കുന്നതിനു പകരം ഗുജറാത്തിനെ അദാനിക്കും അംബാനിക്കും എസാറിനും വീതം വച്ചു നല്‍കിയതാണ് മോദി ചെയ്തതെന്ന് മേവാനി പറയുന്നു. അതായിരുന്നു വാസ്തവവും. ദളിത് മുന്നേറ്റമുണ്ടായപ്പോഴും എതിര്‍വശത്ത് സവര്‍ണധ്രുവീകരണം ശക്തമായിരുന്നു. 

അതുകൊണ്ടു തന്നെ, 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആറാം തവണയും അധികാരം നിലനിര്‍ത്തിയെങ്കിലും അതൊട്ടും ആശ്വാസ്യകരമായിരുന്നില്ല. മൂന്നക്കം കടക്കാതിരുന്ന ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടുകയും ചെയ്തു. ഒരു വര്‍ഷം പിന്നിട്ടിട്ടും ഗുജറാത്തിലെ ദളിതരുടെ പ്രതിഷേധം അവസാനിച്ചിട്ടില്ലെന്ന വേണം കരുതാന്. ആം ആദ്മിയും കോണ്‍ഗ്രസും പിന്തുണച്ചതോടെ വദ്ഗാമില്‍ നിന്ന് എം.എല്‍.എയായി മേവാനി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേവാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരോക്ഷ പിന്തുണ കോണ്‍ഗ്രസിനാണെന്നുറപ്പ്. മെവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് സംസ്ഥാനത്തെ ഓരോ ദളിത് കുടുംബത്തിലും സ്വാധീനമുള്ള പ്രസ്ഥാനമായി രൂപപ്പെടുന്നുണ്ട്. ഭൂമിയാണ് അധികാരമെന്നും ഓരോ ദളിത് കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ചിതറിക്കിടക്കുന്ന ദളിത് പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. പട്ടേല്‍ സമരത്തിന്റെ പരാജയപാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു നീങ്ങുകയാണ് മേവാനിയും കൂട്ടരും. 

ചന്ദ്രഹാസം 
വീശുന്ന രാവണന്‍

ഭീം ആര്‍മിയുടെ ജനനം ഒരു കുടിവെള്ള പൈപ്പില്‍ നിന്നാണ്. ചുട്മല്‍പൂര്‍ ഗാന്ധി ആശ്രമത്തിനടുത്താണ് ഐഎച്ച്പി ഇന്റര്‍ കോളേജ്. ഇവിടുത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ഒരുകൂട്ടം ദളിത് യുവാക്കള്‍ വെള്ളമെടുത്തു. ഭീഷണികള്‍ അവഗണിച്ച് ശുദ്ധജലം പോലും നിഷേധിക്കപ്പെടുന്ന വ്യവസ്ഥയോട് കലഹിച്ചു. ഇങ്ങനെ ദളിത് ആത്മവീര്യമുയര്‍ത്തി ചെറിയസംഭവങ്ങളിലൂടെ ഭീം ആര്‍മിയും ചന്ദ്രശേഖര്‍ ആസാദ് എന്ന നേതാവും വളരുകയായിരുന്നു. ദളിത് വോട്ടുബാങ്കിന്റെ സംരക്ഷണിയില്‍ ഉത്തര്‍പ്രദേശില്‍ പലതവണ അധികാരമേറിയ ദളിത് നേതാവ് മായാവതിക്കു മുന്നില്‍ ദളിതരുടെ ആശയാഭിലാഷങ്ങളെല്ലാം രാവണ്‍ എന്ന വിളിപ്പേരുള്ള ചന്ദ്രശേഖര്‍ ആസാദ് പ്രതിനിധീകരിക്കുകയായിരുന്നു. ബെഹന്‍ജിയെ നേതാവായി കണ്ടവര്‍ ഇന്ന് ഭയ്യയെ നേതാവായി കാണുന്നു. 2017 ജൂണ്‍ മുതല്‍ ഭീം ആര്‍മി നേതാവ് ജയിലിലാണ്. 2015ലാണ് സതീഷ് കുമാറും വിനയ് രത്നസിങ് എന്നിവരുമായി ചേര്‍ന്ന് ഭീം ആര്‍മി രൂപീകരിക്കുന്നത്. മേല്‍ജാതിക്കാരായ തക്കൂര്‍മാര്‍ നടത്തുന്ന ക്രൂരതകള്‍ തടയുകയായിരുന്നു ലക്ഷ്യം. ഷഹരണ്‍പുരിലെ ദളിത് റാലി രജപുത്രര്‍ തടഞ്ഞതിന ചന്ദ്രശേഖര്‍ നേരിട്ടത് ദളിത് മഹാപഞ്ചായത്ത് വിളിച്ചാണ്. സാധാരണ മേല്‍ജാതിക്കാരാണ് മഹാപഞ്ചായത്ത് വിളിച്ചുചേര്‍ക്കുക. അവിടെ വച്ച് ദളിതര്‍ക്ക് തീട്ടൂരം കല്‍പ്പിക്കും. പിന്നെ പലായനമല്ലാതെ നിവൃത്തിയില്ല. ഇത്തവണ രജപുത്രരെ എങ്ങനെ നേരിടണമെന്ന് ആലോചിക്കാന്‍ ദളിത് മഹാപഞ്ചായത്ത് ചേര്‍ന്നു. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ദളിത് സമൂഹം അത് ഏറ്റെടുത്തു. യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാരിനോടുള്ള വെല്ലുവിളിയായിരുന്നു ജന്തര്‍മന്തറില്‍ നടന്ന മഹാ റാലി. ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഇപ്പോള്‍ ഭീം ആര്‍മിക്ക് സ്വാധീനമുള്ളത്. രാജസ്ഥാനിലും ഹരിയാനയിലും ഡല്‍ഹിയിലും ഭീം ആര്‍മിയുടെ സ്വാധീനമേറിയിട്ടുണ്ട്. സ്‌കൂളുകളും ദളിത് സഹായസംഘങ്ങളും തൊഴില്‍ സംരംഭങ്ങളുമായി സാമൂഹ്യക്ഷേമരംഗത്ത് ഭീം ആര്‍മി വ്യക്തിത്വമുണ്ടാക്കുന്നു.

ദേശീയ സുരക്ഷാനിയമം അനുസരിച്ച് യുപി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖറിനെ 16 മാസത്തിനു ശേഷമാണ് ജാമ്യത്തില്‍ വിട്ടത്. രാവണിന്റെ അസാന്നിദ്ധ്യം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, മറിച്ചാണ് സംഭവിച്ചത്. 16 മാസത്തിനു ശേഷം ജയില്‍മോചിതനായ ആസാദിനു പിന്തുണയേറുകയായിരുന്നു. ആസാദ് മുന്നോട്ടു വച്ച രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടാവണം കോണ്‍ഗ്രസ് ഒരു മുഴം മുന്‍പേയെറിഞ്ഞത്. ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി വധേരയെയും ജ്യോതിരാധിത്യ സിന്ധ്യയെയും മീററ്റിലെ ആ ചെറിയ ആശുപത്രി മുറിയിലെത്തിക്കാന്‍ ആ രാഷ്ട്രീയത്തിനു കഴിഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് ഭീം ആര്‍മി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വാരണാസിയില്‍ മോദിക്കെതിരേ പോരാടാനാണ് ആസാദിന്റെ തീരുമാനം. കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് ഭീം ആര്‍മി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വാരണാസിയില്‍ മോദിക്കെതിരേ പോരാടാനാണ് ആസാദിന്റെ തീരുമാനം. സ്മൃതി ഇറാനിക്കെതിരേയും ഭീം ആര്‍മി ഇത്തവണ മത്സരിക്കുന്നുണ്ട്. ദളിത് ജനസംഖ്യ കൂടുതലുള്ള പഞ്ചാബിലും ഇത്തവണ ശക്തി തെളിയിക്കാനാണ് ഭീം ആര്‍മിയുടെ തീരുമാനം. ലോക്സഭയില്‍ 13 സീറ്റുകളാണ് പഞ്ചാബിലുള്ളത്. 

കോണ്‍ഗ്രസും ബി.ജെ.പിയുമടക്കം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭിന്നിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ദളിത് ഗ്രൂപ്പുകളുടെ ഏകോപനം സാധ്യമായാല്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിനു പുതിയൊരു ദിശാബോധം തന്നെ നല്‍കിയേക്കും. സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷം പിന്നിട്ടിട്ടും ദളിതരുടെ സാമൂഹ്യ സാമ്പത്തികാവസ്ഥ ഇപ്പോഴും ദയനീയമായി തുടരുകയാണ്. ദാരിദ്ര്യത്തിന്റെയും വിവേചനത്തിന്റെയും നടുക്കടലിലാണ് അവരിപ്പോഴും. അയിത്തവും അനീതിയും അവരുടെ അരക്ഷിതാവസ്ഥയുടെയും അസമത്വത്തിന്റെയും വേദന കൂട്ടുന്നു. ഈ വേദന വിമോചനത്തിനു വഴിയൊരുക്കിയാല്‍ ദളിതുകള്‍ നയിക്കുന്ന പുതിയ സാമൂഹിക രാഷ്ട്രീയ വിപ്ലവത്തിന് നാന്ദികുറിച്ചേക്കാം.   


ജിഗ്‌നേഷ് മെവാനി 
ജനനം 1982 ഡിസംബര്‍ 11ന് ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയില്‍. സ്വാസ്തിക വിദ്യാലയത്തിലും വിശ്വവിദ്യാലയ മാധ്യമിക് ശാലയിലുമായി വിദ്യാഭ്യാസം. 2003ല്‍ എച്ച്.കെ. ആര്‍ട്സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2004 മുതല്‍ 2007 വരെ അഭിയാന്‍ എന്ന ഗുജറാത്തി മാസികയുടെ റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുണ്ട്. 2013ല്‍ അഹമ്മദാബാദിലെ ഡിടി ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ഗുജറാത്തിലെ അംബേദ്കര്‍ പ്രസ്ഥാനങ്ങളെ ഇന്നു നയിക്കുന്നത് മെവാനിയാണ്. ജനസംഖ്യയില്‍ ഏഴു ശതമാനംവരുന്ന ദളിതരുടെ നവരാഷ്ട്രീയ പ്രതീക്ഷയാണ് മെവാനി.

രാവണ്‍( ചന്ദ്രശേഖര്‍ ആസാദ്) 
സഹറന്‍പൂരിനു സമീപമുള്ള ചത്മാല്‍പൂരിലാണ് രാവണ്‍ എന്നറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ ജനനം. നിയമബിരുദധാരിയായ രാവണ്‍ വിനയ് രത്തന്‍ സിങ്ങുമായി ചേര്‍ന്നാണ് 2014ല്‍ ഭീം ആര്‍മി ഭാരത് ഏകതാ മിഷന്‍ എന്ന സംഘടനയ്ക്ക് തുടക്കമിട്ടത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനമായിരുന്നു ലക്ഷ്യം. ഏഴു സംസ്ഥാനങ്ങളിലായി ഭീം ആര്‍മിക്ക് ഇപ്പോള്‍ നാല്‍പ്പതിനായിരത്തിലധികം സജീവ അംഗങ്ങളുണ്ട്. മൂന്നൂറ് സ്‌കൂളുകള്‍ സംഘടന നടത്തുന്നുണ്ട്. ജാത്വാ വിഭാഗത്തില്‍പ്പെട്ടവരാണ് ഭീം ആര്‍മിയിലെ ഭൂരിഭാഗം അംഗങ്ങളും. പഠിച്ചത് ഡെറാഡൂണിലെ സ്‌കൂളുകളിലും കോളേജിലും. പിതാവ് അധ്യാപകനായിരുന്നു. ക്യാന്‍സര്‍ ബാധിതനായി അച്ഛന്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിഞ്ഞ നാളുകളിലാണ് ദളിത് രാഷ്ട്രീയത്തിന്റെ ആവശ്യകത രാവണ്‍ തിരിച്ചറിയുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com